.
ഭദ്രയുടെ മകൻ
💖♡♡ ♡♡♡♡💖
വളപ്പിൽ നിറയെ തെങ്ങിൽപട്ട കുമിഞ്ഞു കൂടിക്കിടക്കുകയാണ്. മഴക്കാലമാണ് വരുവാൻ പോകുന്നത്.
അപ്പുറത്തെ മാളുവിനെ വിളിച്ച് നീ ഓലയും, മടലും, പട്ടയുമെല്ലാം വെട്ടിവെപ്പിക്കണമെന്ന് ഇന്നലെ വിളിച്ചപ്പഴും ഹരിയേട്ടൻ ഓർമ്മപ്പെടുത്തിയതാണ്.
അവിടവിടെയായി കിടന്നിരുന്ന അഞ്ചാറ് നാളികേരവും പെറുക്കിയെടുത്ത് വീട്ടിലേക്ക് നടക്കവെ എന്തെന്നില്ലാത്ത വല്ലായ്മ തോന്നി ഭദ്രക്ക്. ഒറ്റക്ക് ജീവിച്ച് മടുത്തു. കൊല്ലത്തിൽ പത്ത് പതിനഞ്ച് ദിവസമാണ് ഹരിയേട്ടനെയൊന്ന് കാണുവാൻ പറ്റുന്നത്.
അപ്പുവിനെയാണെങ്കിൽ ഇത്തവണ ലീവു കഴിഞ്ഞുപോകുന്നതിന് മുൻപ് പട്ടണത്തിലെ ലോ കോളേജിൽ ചേർത്താണ് ഹരിയേട്ടൻ മടങ്ങിയത്.
ആറുമാസമായി അവനെയൊന്ന് കണ്ടിട്ട്. ഭദ്രയുടെ ഇടനെഞ്ച് വിങ്ങി. മകനെ കാണാൻ ഉൽക്കടമായി മനസ്സിലാശയുദിച്ചു. കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.
അവനുള്ളപ്പോൾ തന്റെ പിറകിൽ നിന്ന് മാറില്ല. ഇത്ര വലിയ കുട്ടിയായിട്ടും തന്റരികിലേ അവൻ കിടക്കുമായിരുന്നുള്ളൂ. അവന്റച്ഛനതൊന്നും ഇഷ്ടമായിരുന്നില്ല. ഇവനെന്നും തനിക്ക് കുഞ്ഞാണ്. താനൂണു കഴിക്കുന്ന നേരത്ത് അരികിൽ വന്നവൻ വാതുറന്ന് കാട്ടും, രണ്ടുരുള അവനുള്ളതാണ്. ഒരുപാട് പ്രാർത്ഥനക്കൊടുവിൽ കിട്ടിയ മോനായതുകൊണ്ടാകാം ഒരുപക്ഷേ ഇങ്ങിനെയൊക്കെ.
അന്ന് ലീവ് അവസാനിക്കുന്നതിന് രണ്ടു ദിവസം മുൻപത്തെ രാത്രിയിൽ ഹരിയേട്ടൻ പറഞ്ഞതോർമ്മ വന്നു.
താനവനെ പട്ടണത്തിലെ ലോ കോളേജിൽ ചേർക്കുകയാണെന്ന്.
അവനതിഷ്ടമല്ല, അവന് നാട്ടിലെ കോളേജിൽ ,വീട്ടിൽ നിന്നുകൊണ്ട് പഠിക്കാനാണിഷ്ടം എന്ന തന്റെ വാക്കുകൾ ആൾ മുഖവിലക്കെടുത്തതേയില്ല.
എന്നാലിനിയത് വേണ്ട. ഞാൻ കൂടി ഇവിടെയില്ലാത്ത സ്ഥിതിക്ക് നിങ്ങൾ രണ്ടാളും തനിച്ചിങ്ങനെ കഴിയേണ്ടി വരുന്നതെനിക്കിഷ്ടമില്ല.
അവനിള്ളക്കുഞ്ഞൊന്നുമല്ല താരാട്ടുപാടിയൊപ്പം കിടത്താൻ. ഒരുപ്രായം കഴിഞ്ഞാൽ പിള്ളാരെ മാറ്റിക്കിടത്താൻ പഠിക്കണം. അതിനെങ്ങനെ……. വല്ല ബോധോം വേണ്ടേ ജന്തുവിന്.
കാലം നന്നല്ല ഭദ്രാ…..
താനക്ഷരാർത്ഥത്തിൽ നടുങ്ങിപ്പോയിപ്പോയിരുന്നു. അന്നാദ്യമായി പൊട്ടിത്തെറിച്ചു.
ഇക്കാലത്തെ കാലത്തിനെന്തു കുഴപ്പം, അതിന് യാതൊരു കുഴപ്പവുമില്ല. കുഴപ്പം മുഴുവൻ നിങ്ങൾക്കാ. നിങ്ങൾക്ക് ഭ്രാന്താ. എത്ര നേരം കരഞ്ഞുവെന്ന് തിട്ടമില്ല. ശരിക്കും ജീവിതം വെറുത്തു പോയ നിമിഷങ്ങളായിരുന്നു അന്നൊക്കെ.
എന്നിട്ടും പോകുന്നതിന് മുൻപ് ഹരിയേട്ടനപ്പുവിനെ കൊണ്ടുപോയാക്കുക തന്നെ ചെയ്തു. പോകാൻ നേരം അവനെന്നെ നോക്കി വിഷണ്ണനായി നിന്നു. എന്നിട്ട് പറഞ്ഞു.
അമ്മാ…… എപ്പോഴും ഞാൻ കൂടെയുണ്ടെന്ന് കരുതിക്കോണം. അപ്പുറത്തെ അമ്മൂമ്മയെ കൂടെ നിറുത്തണം. ഞാനെന്നും വിളിക്കാം. എന്റെ നെറ്റിയിലൊരുമ്മ തന്ന് അവൻ പെട്ടന്ന് തിരിഞ്ഞു നടന്നു.
കഷ്ടം അവനെന്തൊക്കെയോ മനസ്സിലായെന്ന് തോന്നുന്നു. ഉള്ളു കത്തി.
പിന്നീടെന്തോ പഴയ ആ സ്നേഹവും, അടുപ്പവുമെനിക്ക് ഹരിയേട്ടനോടില്ലാതായി. നെഞ്ചിലെപ്പോഴുമൊരു മാതൃത്വം കിടന്ന് മുറവിളി കൂട്ടി.
ഹരിയേട്ടൻ പോയി. പിന്നീടങ്ങോട്ട് മൂടിപ്പിടിച്ച ദിനങ്ങൾ തള്ളി നീക്കുന്ന തത്രപ്പാടായിരുന്നു. വിരഹത്തിന്റെ ഭയാനകമായ നിമിഷങ്ങളിലൂടെ ഒരു നിമിഷമെങ്കിലും കടന്നുപോയവർക്കേ അതിന്റെ ഭീകരത മനസ്സിലാവൂ.
ഹരിയേട്ടൻ പോയിട്ടിപ്പോ ആറുമാസമായിക്കഴിഞ്ഞു. അന്നു കൊണ്ടു വിട്ടശേഷം മിക്കവാറും വിളിക്കുമെന്നല്ലാതെ അപ്പു ഇതുവരെ വീട്ടിലേക്ക് വന്നിട്ടില്ല. അന്നാ യാത്രയിൽ അച്ഛനവനോട് മുറിപ്പെടുത്തുന്ന എന്തെങ്കിലും പറഞ്ഞിരുന്നോ ആവോ.
അന്നു രാത്രി ഹരിയേട്ടൻ വിളിച്ചപ്പോ താൻ
പറഞ്ഞു.
ഹരിയേട്ടൻ …ഒന്നിവിടെവരെ വരണം. ഒരാഴ്ചത്തെ ലീവിനെങ്കിൽ അതിന്. അപ്പുവിനെ കാണാതെ ഇനിയെനിക്ക് ഒരു നിമിഷം ജീവിക്കാനൊക്കില്ല. ഇന്നുവരെ ഒറ്റക്കൊരിടത്തും ഞാൻ പോയിട്ടില്ല. അങ്ങനെ കഴിയുമായിരുന്നുവെങ്കിൽ ഞാനപ്പുവിനെപ്പോയി കാണുമായിരുന്നു. ഇനിയും നിങ്ങളെന്റെ ക്ഷമയെ പരീക്ഷിക്കരുത്.
മറുവശത്തെ മൗനം എന്നെ ചൊടിപ്പിക്കുന്നുണ്ടായിരുന്നു. ദേഷ്യത്തോടെ താനപ്പോൾ ഫോൺവെച്ചു.
പക്ഷേ ആ ആഴ്ച അവസാനം ഹരിയേട്ടനെത്തി. കൂടെ അപ്പുവുമുണ്ടായിരുന്നു. ആൾ എയർപോർട്ടിൽ നിന്ന് നേരിട്ട് പോയവനെ കൊണ്ടു വരികയായിരുന്നു.
അവനെന്നെക്കണ്ട് ഓടിവന്ന് കെട്ടിപ്പിടിച്ചു. താനും കരയുകയായിരുന്നു.
പക്ഷേ ഹരിയേട്ടന്റെ മുഖത്തേക്ക് എത്ര ശ്രമിച്ചിട്ടും നോക്കാനെനിക്ക് തോന്നിയില്ല.
എന്തൊരു കോലമാ ഭദ്രായിത്. നീയൊന്നും കഴിക്കാറില്ലേ…? ഹരിയേട്ടൻ ചോദിച്ചപ്പോഴും ഒന്നും മിണ്ടാനാകാതെ നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളു.
അമ്മാ അച്ഛനൊന്നും കഴിച്ചിട്ടില്ല, ഞാനും. എന്തെങ്കിലും കഴിക്കാനെടുത്തു വെക്കൂ. ഒടുവിൽ അപ്പു പറഞ്ഞു.
രാത്രി കിടപ്പറയിൽ ഇരു ധ്രുവങ്ങളിലായകന്ന് കിടക്കവേ ഹരിയേട്ടൻ തീർത്തും മൗനിയായിരുന്നു. വല്ലാത്ത സംഘർഷം ആൾ അനുഭവിക്കുന്നുണ്ടെന്ന് മനസ്സിലായി.
ഭദ്രാ തനിക്കെന്താ പറ്റിയത്…….? ഹരിയേട്ടന്റെ വാക്കുകളിൽ ദുഃഖമായിരുന്നു.
ഞാൻ പറഞ്ഞു.
എന്തോ, എനിക്കിപ്പോ നിങ്ങളെ വിശ്വാസമില്ല. നിങ്ങളുമവിടെ തനിച്ചാണ്. നിങ്ങളെവിടെപ്പോകുന്നു,ജോലിക്കു പോകുന്നോ അതോ ആരോടൊത്തെങ്കിലും ജീവിക്കുകയായിരുന്നോ എന്നൊന്നും എനിക്കുമറിയില്ല.
ഇരുട്ടിൽ കണ്ണടച്ചെന്ന പോലെക്കിടക്കുന്ന എന്നെ നോക്കി ഹരിയേട്ടൻ ചിന്തിച്ചു കിടന്നു.
രാവിലെ അമ്പലത്തിലേക്ക് വിളിച്ചെങ്കിലും താൻ കൂടെപ്പോയില്ല. അച്ഛനും മകനും പോയി തൊഴുതു വന്നു.
ഹരിയേട്ടൻ ഉച്ചമയക്കത്തിലായപ്പോഴാണ് അപ്പുവിനെയൊന്ന് ഫ്രീയായിക്കിട്ടിയത്. അവന്റടുത്തിരുന്ന് ആ നെറ്റിയിലെ അളകങ്ങൾ മാടിയൊതുക്കവെ അതുവരെ ഒതുക്കിവെച്ച സങ്കടമെല്ലാം പുറത്തു വന്നു.
കരച്ചിൽ നിർത്താൻ കഴിയുന്നില്ലായിരുന്നു.
അപ്പുവും തന്നെ തടഞ്ഞില്ല. അവനറിയാമായിരുന്നു തന്റെയുള്ളിലെ വേദനയുടെ ആഴം.
രാവിലെ അമ്പലത്തിലേക്കുള്ള യാത്രയിൽ അച്ഛനെല്ലാം പറഞ്ഞിരുന്നു.
വർഷങ്ങൾ നീണ്ട പ്രവാസത്തിന്റെ പ്രയാസങ്ങൾ. കടം വീട്ടാനുള്ള തത്രപ്പാടിൽ യൗവനം മുഴുവൻ ഹോമിക്കേണ്ടി വന്നത്. ഹൃദയം ഉരുക്കാക്കിക്കൊണ്ടുള്ള ജീവിതത്തിനിടയിലെ ഏക ആശ്വാസം, ഫെയ്സ്ബുക്കും, വാട്സാപ്പും.
നല്ലതിനേക്കാൾ വേഗത്തിൽ പടരുന്ന ചീത്തയായ പലതിലേക്കും മിഴികളെത്തിയപ്പോൾ നഷ്ടമായത് വിശ്വാസം തന്നെയായിരുന്നു.
പ്രവാസിയായ ഭർത്താവിനെ ഉപേക്ഷിച്ച് ഒളിച്ചോടിയ ഭാര്യ,
അമ്മയെ ഉറക്കഗുളിക നൽകി ഉറക്കിക്കിടത്തി ഗർഭിണിയാക്കിയ മകൻ,
അമ്മയുടെ നഗ്നത ഒളിച്ചു നിന്ന് നോക്കുന്ന മകന്റെ മറ്റൊരു വാർത്ത.
അങ്ങനെ നിരവധി
സംഭവങ്ങളിലൂടെ ഉറക്കം നഷ്ടമായ നാളുകൾ. മാനസീകമായി ഒത്തിരി സംഘഷർഷമനുഭവിച്ചു അന്നൊക്കെയച്ഛൻ.
അതിനിടയിൽ നാട്ടിലെത്തിയപ്പോൾ കാണുന്നത് ഇപ്പോഴും അമ്മയോടൊപ്പം കിടന്നുറങ്ങുന്ന പ്രായപൂർത്തിയായ മകനേയും.
ഒരു നിമിഷത്തെ തോന്നലുകൾ. അങ്ങനെ സംഭവിച്ചതാണിതെല്ലാം.
അന്ന് തിരികെ ഗൾഫിലെത്തിയ ഉടനെ ആദ്യം പോയത് നല്ലൊരു സൈക്കാട്രിസ്റ്റിനരികിൽ. അദ്ദേഹമാണ് ഈ ലോകത്തിന്റെ തെറ്റും, ശരികളേയും മനസ്സിലാക്കിക്കൊടുത്തത്.
അതെല്ലാമോർത്ത് അച്ഛനിന്ന് വല്ലാതെ വേദനിക്കുന്നുണ്ടമ്മെ. എല്ലാം പറഞ്ഞു കഴിഞ്ഞ് അച്ഛനെന്നോട് മാപ്പുചോദിച്ചു.
അമ്മയീ അകൽച്ച മാറ്റണം. അച്ഛന്റെ ജീവിതം ആ മരുഭൂമിയിൽ ഹോമിക്കുന്നത്
നമുക്കു കൂടി വേണ്ടിയല്ലേ. എല്ലാം മനസ്സിന്റെ ചില നേരത്തെ വൈകല്യമാണമ്മെ. നമ്മളല്ലാതെ ആരാണ് അച്ഛനുള്ളത്.
കണ്ണീരിനിടയിലൂടെ ഞാനപ്പുവിനെ അൽഭുതത്തോടും, അഭിമാനത്തോടുംകൂടി നോക്കി. അവൻ എത്രയോ വളർന്നിരിക്കുന്നു.
അവനെ ചേർത്തു പിടിച്ച് ഹരിയേട്ടനരികിലേക്ക് നടക്കുമ്പോൾ എല്ലാം പൊറുക്കാൻ തന്നെ താൻ മനസ്സുകൊണ്ട് തീരുമാനമെടുത്തിരുന്നു. ജീവിതം ശരി തെറ്റുകളുടെ ആകത്തുകയാണല്ലോ..
ആ തിരിച്ചറിവോടെ ഭദ്ര തന്റെ ജീവിതത്തോണി മുന്നോട്ടു തുഴഞ്ഞു.

by