രചന – നന്ദ നന്ദിത
അഭിഷേക്…” ഗൗരി അറിയാതെ തന്നേ അവളുടെ നാവ്… ആ പേര് ഉരുവിട്ടു…അവൾ ബാലന്റെ കയ്യിലേക്ക് മുറുകെ പിടിച്ചു.. അപ്പോഴേക്കും… അഭിഷേകിനെ മറികടന്നു, സാജൻ ബാലനടുത്തേക്ക് വന്നു. ചെറു ചിരിയോടെ… എല്ലാം പ്രതീക്ഷിച്ചിരുന്നത് പോലെ… ബാലൻ സാജൻ നോക്കി പുഞ്ചിരിച്ചു. “ഈ നിൽക്കുന്ന അഭിഷേക് എന്ന ആളേ ഗൗരി അറിയുമോ…??”സാജൻ ഗൗരിയോടായി ചോദിച്ചു. അവൾ ഒന്നും മിണ്ടാതെ, തല താഴ്ത്തി നിന്നു. “പറ ഗൗരി… അറിയുവോ…??” “മ്മ്…” പതിയെ മൂളിക്കൊണ്ടവൾ ബാലനെ നോക്കി.. പേടിക്കേണ്ട എന്ന അർത്ഥത്തിൽ അവൻ കണ്ണുകളടച്ചു. “തന്റെ മരിച്ചുപോയ ജേഷ്ഠൻ, അനന്തപദ്മനാഭന്റെ ഭാര്യ ഗൗരി എന്ന, തന്റെ ഏട്ടത്തിയേ കാണാനില്ല എന്ന… ഒരു പരാതി.. Mr. അഭിഷേക് പദ്മനാഭൻ ഒരു കംപ്ലൈന്റ് കൊടുത്തിരുന്നു…അതിന്റെ അടിസ്ഥാനത്തിൽ ഗൗരിയെ കൂട്ടികൊണ്ട് പോകാൻ ആണ്… അഭിഷേക് വന്നത്… പക്ഷെ…!!”സാജൻ ഗൗരിയോടായി പറഞ്ഞു കൊണ്ട് അഭിഷേകിനെ നോക്കി.
അവൻ എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുകയായിരുന്നു ആ നിമിഷം… പ്രതീക്ഷിച്ചത് നടക്കാതെ വന്നതിന്റെ ദേഷ്യം അവന്റെ മനസ്സിൽ അലയടിച്ചു.എങ്കിലും പുറമെ ശാന്തൻ ആവാൻ അവൻ പ്രത്യേകം ശ്രദ്ധിച്ചു. “സോറി മിസ്റ്റർ അഭിഷേക്… ഈ സാഹചര്യത്തിൽ ഗൗരിയെ കണ്ടതിയെങ്കിലും, താങ്കൾക്ക് ഹാൻഡ്ഓവർ ചെയ്യാൻ ഞങ്ങൾക്ക് സാധിക്കില്ല… അവർ ഇന്ന് മറ്റൊരാളുടെ ഭാര്യ ആണ്… മുൻഭർത്താവായ അനന്തപദ്മനാഭൻ മരണപെട്ടിട്ടുള്ളതിനാൽ…ഇത് അവരുടെ പുനർവിവാഹം ആണ്… അത് കൊണ്ട്… സോറി… ഓക്കേ…mr. ബാലചന്ദ്രൻ…”ബാലന് കൈകൊടുത്തു കൊണ്ട് സാജൻ തിരികെ നടന്നു…അഭിഷേകിന്റെ അടുത്തു ചെന്നു ഒരു ഷേക്ക്‌ഹാൻഡ് കൊടുത്തു… സാജൻ വണ്ടിയിലേക്ക് കയറി… പോലീസ് വണ്ടി പോകുന്നത് നോക്കി എല്ലാവരും നിന്നു.
എന്താണെന്ന് അറിയാതെ പകച്ചു നിന്ന എല്ലാവരുടെയും മുഖത്ത് ആശ്വാസത്തിന്റെ വെളിച്ചം വീണു. ഗൗരിയിൽ മാത്രം അതുണ്ടായില്ല… “താൻ വാ…”ബാലൻ അവളെ വിളിച്ചു കൊണ്ട് കാറിൽ കയറാൻ മുന്നോട്ട് നീങ്ങി.അവൾ കാറിലേക്ക് കയറാൻ തുടങ്ങിയതും ഏട്ടത്തി എന്ന വിളി കേട്ട് തിരിഞ്ഞു നോക്കി. അപ്പോഴേക്കും അഭിഷേക് അവളുടെ അടുത്തക്ക് വന്നിരുന്നു. “എനിക്ക് ഏട്ടത്തിയോടെ കുറച്ചു സംസാരിക്കാൻ ഉണ്ടായിരുന്നു…” “നിക്ക്…. നിക്ക് ഒന്നും സംസാരിക്കാൻ ഇല്യ അഭി…!!”ഗൗരിയുടെ ശബ്ദം കടുത്തത് അവനു മനസ്സിലായി. “എന്നോട്… ഷമിക്കണം… ഒരിക്കലും ചെയ്യാൻ പാടില്ലാത്ത തെറ്റാ ഞാൻ ചെയ്തത്… ഏട്ടത്തി എന്നോട് ക്ഷമിക്കണം…” “ഒരിക്കലും ക്ഷമിക്കാനാവാത്ത തെറ്റാ നീ ന്നോട് പറഞ്ഞത്… പക്ഷെ അനന്ദേട്ടന്റെ അനിയൻ എന്ന പരിഗണനയിൽ നിന്നോട് ഞാൻ ക്ഷമിക്കുന്നു…
ഇനി ഒരിക്കൽ പോലും അഭി ന്റെ മുന്നിൽ വരരുത്… എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചാണ് ഞാൻ അവിടെന്ന് പോന്നത്… ഇനി ന്നെ തേടി വരണ്ട…!!അതും പറഞു ഗൗരി മുന്നോട്ട് നടന്നു. “ശരിയാ… നടക്കാൻ പാടില്ലാത്ത കാര്യ നടന്നേ… അതിനു ന്നോട് ക്ഷമിക്കണ്ട… അനന്തൻ എന്ന എന്റെ ഏട്ടൻ മരിച്ചു… ഇനി ആ ബന്ധവും ഏട്ടത്തിക്ക് ആവിശ്യം ഇല്ല… പക്ഷെ… ഒന്നും അറിയാത്ത ഒരാളുണ്ട് ആ വീട്ടില്… ഏട്ടത്തി ഓർക്കാതിരുന്ന ഒരാള്… നമ്മുടെ അമ്മ….!!” അത് പറഞ്ഞതും ഒരു നിമിഷം ഗൗരി നിന്നു. പെട്ടന്നു അവൾ തിരിഞ്ഞു നോക്കി. “ഏട്ടന്റെ മരണത്തോടെ തകർന്ന് പോയ അമ്മ… ഏട്ടത്തി അവിടെന്ന് പോന്നതോടെ തീർത്തും തളർന്നു… തീരെ കിടപ്പിലായി… ഇപ്പൊ ആരോടും മിണ്ടില്യ… ഏട്ടത്തിയെ കാണാതെ ഒന്നും കഴിക്കില്യാന്ന് വാശി പിടിച്ചു ഒടുവിൽ… തീർത്തും അവശതയായി… അമ്മേടെ അവസ്ഥകണ്ടു… ഇനിയും ഏട്ടത്തിയെ അമ്മയുടെ മുന്നിൽ കൊണ്ട് നിർത്തിയില്ലെങ്കിൽ… ന്റെ അമ്മേ നിക്ക് നഷ്ടപെടുന്ന തോന്നിയപ്പോഴാ…ഞാൻ മിസ്സിംഗ് കേസ് കൊടുത്തത്… സോറി… സോറി ഏട്ടത്തി… ഞാൻ വരാൻ പാടില്ലായിരുന്നു…
നിങ്ങളുടെ നല്ല ദിവസം ഞാൻ സ്പോയിൽ ചെയ്തു… സോറി…ഏട്ടത്തി എല്ലാം മറന്നു പുതിയ ലൈഫ് സ്റ്റാർട്ട് ചെയ്തോളു.. ന്റെ ഏട്ടനേം, അമ്മയെയും ഒക്കെ ഏട്ടത്തിക്ക് മറക്കാം… പക്ഷെ… പക്ഷെ എന്റെ അമ്മ… അമ്മേ മറക്കാൻ, ഉപേക്ഷിക്കാൻ എനിക്ക് പറ്റില്ലല്ലോ…??”അഭിഷേകിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.. ഗൗരി എന്ത് ചെയ്യണം എന്നറിയാതെ ഒരു നിമിഷം പകച്ചു നിന്നു. “ബാലേട്ടാ… നിക്ക്… നിക്ക് അമ്മേടെ അടുത്ത പോകണം…!!” ഗൗരിയുടെ വാക്കുകൾ കേട്ട് ഒരു നിമിഷം എല്ലാവരും ഞെട്ടി.. “മോളെ… എന്താ മോളെ നീ പറയണേ..?? പോകാനോ…?? വേണ്ടാ… സമ്മതിക്കില്യ ഞാൻ…”അംബികമ്മ അവളുടെ കയ്യിൽ മുറുകെ പിടിച്ചു. “ന്നോട്… ന്നോട് ക്ഷമിക്ക് അമ്മേ… നിക്ക് പോണം… അമ്മേ കാണണം… നന്ദികേട് കാട്ടാൻ നിക്ക് കഴിയില്യ… ന്നെ സ്വന്തം മോളെ പോലെ സ്നേഹിച്ച ആ അമ്മേ മരണത്തിലേക്ക് തള്ളി വിടാൻ നിക്ക് കഴിയില്യ… എന്നെ പോകാൻ അനുവദിക്കണം…”ഗൗരിയുടെ വാക്കുകൾ കേട്ട് ബാലൻ ഉൾപ്പടെ എല്ലാർക്കും ഒരു ഞെട്ടൽ ആണ് ഉണ്ടായത്.
“ബാലേട്ടാ…നിക്ക് പോണം… പ്ലീസ് ബാലേട്ടാ…”അവൾ ബാലന്റെ മുന്നിൽ ഇരു കയ്യും കൂപ്പി, കരഞ്ഞു. ബാലൻ എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നു… തന്റെ ഗൗരി…അവൾക്ക് തന്നേ വിട്ട് പോകാൻ കഴിയില്ലെന്നായിരുന്നു… കരുതിയിരുന്നത്… പക്ഷെ,ശരിയാണ്.. അവളെ അത്രേം സ്നേഹിച്ച ഒരമ്മക്ക് വേണ്ടി ആണ്, അവൾ തന്റെ മുന്നിൽ അപേക്ഷിക്കുന്നത്.. പക്ഷെ… എങ്ങിനെ ഞാൻ അതിനു അനുവാദം കൊടുക്കാ…??” ബാലന്റെ ഭാഗത്തു നിന്നു മറുപടി ഒന്നും ഇല്ലെന്ന് കണ്ടു അവൾ ആകെ തളർന്നു… പെട്ടന്നവൾ അംബികമ്മയുടെ കാലുകളിലേക്ക് വീണു. “ചെയ്യണത് ശരിയോ…തെറ്റോ…നിക്ക് നിശ്ചയില്യ… പക്ഷെ… അമ്മേടെ അവസ്ഥ അറിഞ്ഞു കൊണ്ട് എങ്ങിനാ ഞാൻ ഇവിടെ… ഒന്നും അറിയാത്ത പോലെ കഴിയാ… ഒന്നില്ലെങ്കിലും ന്റെ കഷ്ടപ്പാടുകളിൽ സഹായിച്ചതല്ലേ ആ അമ്മ…?? ന്നെ സ്വന്തം മോളായി സ്നേഹിച്ചതല്ലേ…?? ഞാൻ പൊക്കോട്ടേ അമ്മേ…?? കുറച്ചീസം… ആ അമ്മേടെ കൂടെ രണ്ട് ദിവസം നിന്നിട്ട് ഞാൻ വരാം… പതിയെ അമ്മേ ഞാൻ കാര്യങ്ങൾ ഒക്കെ പറഞ്ഞു മനസ്സിലാക്കി…
അമ്മേടെ അനുഗ്രഹത്തോടെ തന്നേ ഞാൻ ഇങ്ങട് വരും…ഞാൻ പോക്കോട്ടെ…”തന്റെ കാലിൽ വീണപേഷിക്കുന്ന ഗൗരിയെ കണ്ടതും അംബിക അവളെ എഴുന്നേൽപ്പിച്ചു. “നിന്നെ കണ്ടിട്ട്… കുറച്ചു നാളെ ആയുള്ളൂ എങ്കിലും നിന്നെ പിരിയാൻ ഞങ്ങൾക്ക് ആർക്കും പറ്റില്ല കുട്ട്യേ… അപ്പൊ നിന്നെ വര്ഷങ്ങളോളം മകളായി സ്നേഹിച്ച ആ അമ്മക്ക് നിന്നെ പിരിഞ്ഞാൽ എങ്ങനാ സഹിക്യ…?? അവരുടെ മനസ്സ് ഈ അമ്മക്ക് മനസ്സിലാവും… ന്റെ മോളെടേം… ന്റെ കുട്ടി പോയിട്ട് വേഗം വാ… ഇവിടെ ന്റെ മോൾക്കായി ല്ലാരും കാത്തിരിക്കും…!!”അംബികമ്മേടെ വാക്കുകൾ കേട്ട് ഗൗരി നന്ദിയോടെ കൈകൾ കൂപ്പി. ബാലൻ ഒന്നും മിണ്ടാതെ കേട്ട് നിന്നതേ ഒള്ളൂ. “പക്ഷെ… ഒരു കാര്യോണ്ട്… ഈ വേഷത്തിൽ ന്റെ മോള് അങ്ങട് അല്ല പോണ്ടേ… തറവാട്ടിൽ വിളക്ക് എടുത്ത് ന്റെ മോന്റെ ഭാര്യയായി സ്വീകരിച്ചിട്ടേ വീടു ഞാൻ നിന്നെ… ആ കുട്ട്യോടെ പറ തറവാട്ടിലേക്ക് വരാൻ…” അംബികമ്മേടെ വാക്കുകൾ കേട്ട് ഗൗരി ബാലന്റെ കൂടെ കാറിൽ കയറി…
അഭിഷേകും, അവരുടെ കൂടെ തറവാട്ടിലേക്ക് പോയി. * “വലത് കാല് വെച്ചച്ചു കേറിക്കോളൂകുട്ട്യേ…”അംബികമ്മയുടെ കയ്യിൽ നിന്ന് വിളക്ക് വാങ്ങി പടികൾ കയറുമ്പോൾ… എല്ലാവരുടെയും കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.. ഗൗരി വിളക്ക് കൊണ്ട് പൂജമുറിയിൽ വെച്ചു പ്രാർത്ഥിച്ചു തിരികെ വന്നപ്പോൾ ബാലനെ കണ്ടില്യ… അഭിഷേക് ഉമ്മറത്തു ഇരുന്ന് അച്ഛനോടും അമ്മാവന്മാരോടും കാര്യം പറയുന്നതവൾ ശ്രദ്ധിച്ചു. “ന്റെ മോള് പോയി… ഈ വേഷം ഒക്കെ മാറ്…” അംബിക ഗൗരിയോട് പറഞ്ഞു. “വാ ഏട്ടത്തി…” ഗൗരിയെ വിളിച്ചു കൊണ്ട് ദേവു മുറിയിലേക്ക് പോയി. ചുറ്റും കണ്ണോടിച്ചു… എല്ലാവരിലും മൗനം തളം കെട്ടിയിരിക്കുന്നു… വസുന്ദര അപ്പച്ചി അംബികമ്മയെ ആശ്വസിപ്പിക്കുന്നുണ്ട്…ദേവുവും, ഉണ്ണിയും അമ്മായി മാരൊക്കെ നിറഞ്ഞ കണ്ണുകൾ തുടച്ചു തന്റെ മുന്നിൽ നിൽക്കുന്നത് കണ്ടു സങ്കടം വന്നു… ഗൗരിക്ക്… ഉമ്മറത്തു… അഭിയോട് സംസാരിക്കുന്നുണ്ടെങ്കിലും മാഷിന്റെ ഉള്ളിലെ നീറ്റൽ അവൾക്ക് കാണമായിരുന്നു.
ബാലേട്ടൻ…!!ബാലേട്ടനെ മാത്രം അവിടെ എവിടെയും കണ്ടില്യ…!! അവൾ വേഗം ഗോവണിപ്പടികൾ കയറി മുറിയിലേക്ക് ചെന്ന പാടെ കണ്ടു…ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുന്ന ബാലനെ.. “ബാലേട്ടാ…”അവളുടെ വിളികേട്ട് ബാലൻ പതിയെ തിരിഞ്ഞു നിന്നു. എന്ത് പറയും എന്ന് അറിയാതെ, ഗൗരി തല താഴ്ത്തി നിന്നു. “ആഹാ… വേഷോക്കേ മാറ്റി… പോവാൻ ഇറങ്ങിയോ…??”നെഞ്ചിന്റെ പിടച്ചില് ഗൗരി അറിയാതിരിക്കൻ പതിയെ ചിരിക്കാൻ ശ്രമിച്ചു കൊണ്ട് ബാലൻ ചോദിച്ചു. മറുപടി ആയി അവൾ പതിയെ തലയാട്ടി… “മ്മ്…ഒക്കെ വെറുതെ ആയി അല്ലേ ഗൗരി…?? ഞാനും ന്റെ താലിയും തനിക്ക് ഇപ്പൊ ഒരു ഭാരം പോലെ തോന്നണുണ്ടാവുംല്ലേ…?? അതില്ലായിരുന്നേ തനിക്ക് ഒരു വിഷമോം ഇല്യാതെ പോവരുന്നുലോ…ന്നോട് ക്ഷമിക്ക് ഗൗരി…ക്ഷമിക്ക്…” അതും പറഞ്ഞു ബാലൻ വേഗം തിരിഞ്ഞു നിന്നു.
“ബാലേട്ടാ… ന്തൊക്കെയാ ഈ പറയണേ…?? നിക്ക് അങ്ങിനെ ഒകെ… അങ്ങിനെ ഒക്കെ പറ്റുവോ ചിന്തിക്കാൻ…??” “ഞൻ കാരണവാ… ഞൻ കാരണവ… ന്റെ സ്വാർത്ഥത കൊണ്ടാ… അല്ലെങ്കിൽ അവൻ എന്നെ നിന്നെ തേടി ഇവിടെ വന്നേനെ…?? അന്ന്… കോളേജ് വിട്ട് ഇറങ്ങിയ ദിവസം സാജൻ എന്നെ വിളിച്ചത് ഇത് പറയാനാ… നിന്റെ ഫോട്ടോ കണ്ടപ്പോ… സംശയം തോന്നി വിളിച്ചതാ ന്നെ…മിസ്സിംഗ് കേസിനെ പറ്റിയും… നിന്നെ പോലീസ് തിരയുന്നുണ്ടെന്നും അന്നേ ഞാൻ അറിഞ്ഞു…ഞാൻ പറഞ്ഞിട്ടാ… ഞാൻ പറഞ്ഞിട്ടാ…സാജൻ ഇത്രേം ദിവസം കാത്തത്… നീ ന്റെ സ്വന്തം ആയാൽ… നിന്നെ വിട്ടുകൊടുക്കേണ്ടി വരില്ലല്ലോ എന്നോർത്തു ഞാൻ സന്തോഷിച്ചു.. ഇന്ന് ന്നോട് പറഞ്ഞിട്ട വിവാഹം കഴിഞ്ഞു സാജൻ വന്നത്… വന്നത് പോലെ മടങ്ങി പോകുന്ന അഭിഷേകിനെ പ്രതീക്ഷിച്ച ഞാൻ…തോറ്റു പോയി… ഈ ബാലൻ തോറ്റു… ന്റെ ഗൗരി തന്നേ ന്നെ തോൽപ്പിച്ചു…” “ബാലേട്ടാ…”അവൾ അവനോട് ചേർന്നു നിന്നു… പതിയെ തോളിൽ കൈവെച്ചു.
“ബാലേട്ടാ… ഞാൻ… ഞാൻ ന്താ ചെയ്യാ…??” അവളുടെ ചോദ്യം കേട്ട്, ബാലൻ വേഗം അവൾക്ക് അഭിമുഖമായി നിന്നു… അവളെ തന്നിലേക്ക് ചേർത്ത് നിർത്തി…. “പോവണ്ടടാ…!!”നിസ്സഹാനായി നിൽക്കുന്ന ബാലനെ അവൾ മുറുകെ കെട്ടിപിടിച്ചു കൊണ്ട് പൊട്ടി കരഞ്ഞു… “ഗൗരി…” “മ്മ്…” “നിന്നെ അവിടേക്ക് വിടാൻ നിക്ക് പേടിയാടാ…അമ്മേ കാണണോങ്കിൽ നമുക്ക് പോകാം.. ഒരുമിച്ച്… ഞാനും വരാം…നമുക്ക് കണ്ടിട്ട് മടങ്ങി വരാം… അത് പോരെ…??” “വേണ്ടാ…!!വേണ്ടാ ബാലേട്ടാ… എന്തൊക്കെ പറഞ്ഞാലും ആ അമ്മയുടെ മകന്റെ ഭാര്യ ആയിരുന്നില്ലേ ഞാൻ…അനന്ദേട്ടൻ മരിച്ചിട്ട് മാസങ്ങൾ കഴിഞ്ഞേ ഒള്ളൂ… അപ്പൊ ഞാൻ മാറ്റൊരു താലിടെ അവകാശി ആയിന്നു എങ്ങിനാ പറയാ ഞൻ…??” അവളുടെ വാക്കുകൾ കേട്ടതും… പെട്ടന്ന് അവളുടെ ശരീരത്തിൽ നിന്ന് തന്റെ കയ്യ്പിൻവലിച്ചു ബാലൻ… “ഞാൻ… ഞാൻ വേഗം വരും…ന്റെ ബാലേട്ടനെ ഗൗരിക്ക് മറക്കാൻ പറ്റോ…??ന്നോട് ക്ഷമിക്ക് ബാലേട്ടാ… ധിക്കരിക്യ അല്ല… ന്നോട് പൊറുക്കണം…”അതും പറഞ്ഞു കൊണ്ടവൾ ബാലന്റെ കാലിലേക്ക് വീണു…
പെട്ടന്നയാൾ അവളെ പിടിച്ചെഴുന്നേൽപ്പിച്ചു… രണ്ട് കൈകൊണ്ടും അവളുടെ മുഖം കോരി എടുത്തു… തന്റെ സിന്ദൂരം അണിഞ്ഞ സീമന്ത രേഖയിൽ ചുണ്ടുകൾ പതിഞ്ഞു… എത്ര അടക്കി നിർത്തിയിട്ടും അനുസരണയില്ലാതെ മിഴിനീർ അവളുടെ നെറ്റിയിലേക്ക് ഉതിർന്നു വീണു. വേഗം തന്നേ നിറഞ്ഞ കണ്ണുകൾ കാണാതിരിക്കാൻ, ബാലൻ മറ്റൊരിടത്തേക്ക് ദൃഷ്ടി പായിച്ചു. “ഞാൻ… ഞാൻ ഇറങ്ങട്ടെ ബാലേട്ടാ…?” അവളുടെ ചോദ്യതിനു മറുപടി പറയാതെ നിന്ന ബാലനെ ഒരിക്കൽ കൂടെ നോക്കി… ഗൗരി മുറിവിട്ടും പുറത്തിറങ്ങി… ഗോവണിപടികൾ ഇറങ്ങി… അമ്മയുടെ അടുത്തേക്ക് അവൾ നടന്നു. “അമ്മേ… ഞാൻ… ഞാൻ ഇറങ്ങാ…”അവൾ ആ കാലിൽ തോട്ട് അനുഗ്രഹം വാങ്ങി. “വേഗം… വാ ന്റെ കുട്ടി… എല്ലാരും കാത്തിരിക്കും ന്റെ മോളെ…” അവർ അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു. എല്ലാവരോടും യാത്ര പറഞ്ഞു… ഗൗരി അഭിഷേകിന്റെ കാറിൽ കയറി… വണ്ടി നീങ്ങി തുടങ്ങിയതും അവളുടെ കണ്ണുകൾ പാഞ്ഞത് ബാലനെ തേടിയാണ്…മുകളിലെ മുറിയുടെ ജനാല ശൂന്യമായിരുന്നു…വണ്ടി പടിപ്പുര കടക്കുന്നത് വരെ അവൾ മുകളിലേക്ക് നോക്കിയിരുന്നു…
ഒടുവിൽ പരാചിതയായി അവൾ പൊട്ടിക്കരഞ്ഞു. * കാറിൽ നിന്നിറങ്ങി ഗൗരി നിറ കണ്ണുകളോടെ വാതിൽ കടന്ന് ഉമ്മറത്തേക്ക് കയറി. ഭിത്തിയിൽ പുതുതായി വന്ന ചിത്രത്തിൽ അറിയാതെ അവളുടെ കണ്ണുടക്കി. “അനന്തപത്മനാഭൻ…!!! “അനന്തേട്ടൻ…!! അവൾ തെല്ലൊരു നിമിഷം ആ ചിത്രത്തിലേക്ക് നോക്കി നിന്നു. ചുവന്നു തുടുത്ത കവിളിലൂടെ ഒഴുകി വന്ന കണ്ണുനീർ തുടച്ചുകൊണ്ട് അവൾ മുറിക്കുള്ളിലേക്ക് കയറി…. ഇരുണ്ടടഞ്ഞ മുറിക്കുള്ളിൽ ദുർഗന്ധം നിറഞ്ഞിരുന്നു. ഓടിച്ചെന്നവൾ കട്ടിലിന്റെ കൈവരിയിലേക്ക് പിടിച്ചു. നേരിയ മയക്കത്തിലായിരുന്നു സുഭദ്ര. “അമ്മേ…”” നെറ്റിക്ക് മുകളിലൂടെ ചിലന്ന, നരവീണ മുടിയിലൂടെ അവൾ വിരലോടിച്ചു മെല്ലെ വിളിച്ചു. ചുളു വീണ കൺപോളകൾ മെല്ലെ ചലിച്ചു. വാർദ്ധക്യത്തിനേക്കാൾ അവശത ആ മുഖത്ത് ഉണ്ടായിരുന്നു…. കണ്ണുകൾ തുറന്ന് ഗൗരിയുടെ മുഖം കണ്ടപാടേ ആ മുഖം തിളങ്ങുന്ന പോലെ ഗൗരിക്ക് തോന്നി… നാവുയർത്തി മോളെ ന്ന് വിളിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പുറത്തേക്ക് വരാത്ത ശബ്ദം ഗൗരിയെ കൂടുതൽ വിഷമിപ്പിച്ചു…..
“എന്നോട് ക്ഷമിക്കമ്മേ…! അമ്മേ തനിച്ചാക്കി ഞാൻ പോകാൻ പാടില്ലായിരുന്നു.. പക്ഷെ ജീവിക്കാൻ വേണ്ടിയല്ല ഞാൻ പോയത്… മടുത്തോപോയ ഈ ജീവിതം അവസാനിപ്പിക്കാൻ വേണ്ടിയാ…. പക്ഷെ എന്നെ അവിടുന്നും ദൈവം കൈപിടിച്ചുയർത്തി…. ഗൗരി അവരുടെ കൈകളിലേക്ക് മുറുകെ പിടിച്ചു… ഈറനണിഞ്ഞ മിഴികൾ നിറഞ്ഞുകൊണ്ടേയിരുന്നു… മെല്ലെ തലയിണ ചാരി വച്ചുകൊണ്ട് അവൾ മെല്ലെ അവരെ പിടിച്ചു ചാരിയിരുത്തി. “അമ്മേ…. എന്നോട് എന്തെങ്കിലും ഒരു വാക്ക് പറയമ്മേ…!! അവരുടെ ചുണ്ടുകൾ ചലിക്കുന്നതല്ലാതെ മറ്റൊന്നും കേൾക്കുവാൻ കഴിയാതെ ഗൗരി ആകെ വിഷമിതയായി… “അമ്മേ തനിച്ചാക്കി ഇനിയെങ്ങും പോകില്ല ഞാൻ…” ഗൗരി എഴുന്നേറ്റ് ജനാലക്കരികിലേക്ക് നടന്നു. അടഞ്ഞുകിടന്ന ജനല വാതിലുകൾ തള്ളിത്തുറന്നു… മുറിക്കുള്ളിലേക്ക് സൂര്യ കിരങ്ങൾ വന്നു. നിമിഷനേരംകൊണ്ടെല്ലാം മറന്നവൾ ആ മുറിക്കുള്ളിൽ നിറഞ്ഞ പൊടിപടലങ്ങളും മാറാലകളും അടിച്ചു വാരി…. തനിക്ക് സുപരിചിതമായ അടുക്കളയിലേക്ക് നടക്കവേ ആനന്ദന്റെ മുറിയിലേക്കവളുടെ കണ്ണുകൾ പാളിപ്പോയി…
ജനാലക്കരികിലായ് പുറത്തേക്ക് നോക്കി യിരിക്കുന്നപോലെ അനന്തേട്ടന്റെ വീൽ ചെയർ അവളുടെ ശ്രദ്ധയിൽ പെട്ടു… പുറത്തേക്ക് നോക്കി വെറുതെ ഇരിക്കുന്നതും അനന്തേട്ടന്റെ നിത്യ വിനോദമായിരുന്നു…. അനന്തേട്ടൻ ഈ വീട് വിട്ട് മറ്റെവിടെയും പോയിട്ടില്ലെന്ന് ഗൗരിക്ക് തോന്നി… തന്നെ ഒരു നോട്ടം കൊണ്ടോ ഒരു വാക്ക് കൊണ്ടോ ആ മനുഷ്യൻ നോവിച്ചിരുന്നില്ല. പക്ഷെ അദ്ദേഹത്തെ പോലെ ആവില്ലല്ലോ ബാക്കിയുള്ളവർ…. മനസിന്റെ ഏതോ കോണിൽ, സ്നേഹവലയത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടെന്ന് അവൾക്ക് മനസിലായി…. പുറത്ത് അഭിഷേകിന്റെ കാർ സ്റ്റാർട്ട് ആകുന്ന ശബ്ദം കേട്ട് അവൾ ഉമ്മറത്തേക്ക് തിരികെ നടന്നു. ഉമ്മറത്തേക്കിറങ്ങിയപ്പോഴുക്കും ഗൈറ്റ് താണ്ടി വണ്ടി പോയ് മറഞ്ഞു. മുറ്റത്ത് പരിചിതമായ ആ പഴയ കാര്യസ്ഥനെ കാണാൻ ഗൗരിക്ക് കഴിഞ്ഞു…. “ഗൗരികുഞ്ഞെ…” അയാൾ ഗൗരിയെ കണ്ടപാടെ അവളുടെ അടുത്തേക്ക് വേഗം നടന്നുവന്നു… “എവിടാരുന്ന് കുട്ട്യേ നീ….?? അന്യഷിക്കാനിനി ഒരിടം ബക്കിയില്ല….!! നരച്ച കുറ്റിരോമമുള്ള നാരായണമ്മാവനെ അവൾ അതിശയത്തോടെ നോക്കി… കാര്യസ്ഥനാണെങ്കിലും അമ്മാവനെന്നാണ് ഗൗരി മുൻപും വിളിച്ചിരുന്നത്.
അദ്ദേഹത്തെ നോക്കി ഗൗരി ചിരിയോടെ നിന്നു. “അമ്മയുടെ കാര്യങ്ങളൊക്കെ നോക്കുന്നതാരാമ്മാവ…??” “അത് കുറച്ചകലെയുള്ളൊരു കുട്ട്യ.. അത് വരികേം പോകേം ഒക്കെ കണക്കാ…. അതല്ലേ സുഭദ്രമ്മ ഇത്രയും വയ്യായ്മയിലേക്ക്…” “അവരോടിനി ഈ മുറ്റത്ത് വന്നു പോകരുതെന്ന് പറഞ്ഞുളൂട്ടൊ…!! ന്തേലും കൊടുക്കാനുണ്ടേൽ കൊടുത്തു തീർത്തേക്ക്….” “അമ്മേടെ കിടപ്പ് കണ്ടിട്ട് നിക്ക് സഹിക്ക്യണില്ല…!!” “അഭിഷേക് എങ്ങിടാ പ്പൊ പോയെ…??” “നിക്ക് നിശ്ചയല്ല കുട്ട്യേ… “ന്നോട് ഒന്നും പറയാറില്ല ..!! വല്ലപ്പോഴും കാശിനാവശ്യം വരുമ്പോ ഇങ്ങട് എത്തും. ന്തേലും വിറ്റ് പെറുക്കി അപ്പൊ തന്നെ പോകും….!! ഒക്കെ കേട്ട് കൊണ്ട് ഗൗരി പടിപ്പുരയിൽ ഇരുന്നു. “അമ്മാവാനിരിക്കുട്ടൊ… ഞാൻ ചായ എടുത്തു വരാം…” ഗൗരി എഴുന്നേറ്റു അടുക്കളയിലേക്ക് നടന്നു. * “അമ്മക്ക് വിശക്കുന്നുണ്ടോ…?? കുറച്ച് കഞ്ഞി എടുത്തിട്ട് വന്ന കുടിക്കുവോ…? അനുസരണയോടെ തലയാട്ടുന്ന സുഭദ്രയെ നോക്കി ഗൗരി ചിരിയോടെ അടുക്കളയിലേക്ക് പോയ്. കഞ്ഞിയുമായി അവർക്കരികിലേക്കിരുന്നു. ചെറിയ ചൂടോടെ ഊതിയൂതി തണുപ്പിച്ചുകൊണ്ട് ഗൗരി സുഭദ്രക്ക് കഞ്ഞി കൊടുത്തു.
“ഇന്നാവും ആ വയറൊന്ന് നിവരുന്നത്…മുഖത്തെ മന്ദഹാസം കണ്ടാലറിയാം…”” ആ ചുണ്ടും വായുമൊക്കെ കഴുകി ഗൗരി പാത്രവുമായി വീണ്ടും അടുക്കളയിലേക്ക്. പോയ് വന്നപ്പോഴേക്കും ഭിത്തിയിലേക്ക് ചാരിയിരുന്നു സുഭദ്ര മയക്കത്തിലേക്കാണ്ടിരുന്നു… ബെഡ്ഷീറ്റും കിടക്കയൊക്കെ ഒരുക്കിയത് കൊണ്ട് ഇന്ന് സുഖയിട്ട് കിടന്നുറങ്ങാൻ പറ്റുമായിരിക്കും… അവൾ സ്വയം ഓർത്തുകൊണ്ട് കുറേ നേരം അമ്മയെ നോക്കിയിരുന്നു. “ഗൗരിക്കുഞ്ഞെ….” പുറത്ത് നാരായണന്റെ വിളി കേട്ട് ഗൗരി ഉമ്മറത്തേക്ക് വന്നു. “ന്താ അമ്മാവാ …?” “നേരമിരുട്ടുന്നു ഞാനങ്ങട് ഇറങ്ങുവാ കുഞ്ഞേ… നേരം വെളുക്കുമ്പോ ഇങ്ങ് എത്തിയേക്കാം…!!” “ആ ശരി അമ്മാവൻ പോയ് വാ…” ഗൗരിയും മറുപടി പറഞ്ഞു… “ന്തേലും ഇണ്ടേച്ച ന്നെ വിളിക്ക് നീയ്…” “ഉം ഞാൻ വിളിക്കാം നേരമിരുട്ടുന്നു… അമ്മാവൻ വീട്ടിലേക്ക് പൊയ്ക്കോളൂ…ഞാനിവിടെ ഒറ്റക്കെ ഉള്ളുവെന്ന് മറക്കാണ്ടാട്ടോ…!!” ഗൗരി ചിരിച്ചുകൊണ്ട് അകത്തേക്ക് നടന്നു…. * നേരമിരുട്ടി ആ വലിയ വീട്ടിൽ കുറേ നാളുകൾക്ക് ശേഷം ഉമ്മറത്ത് ദീപം തെളിഞ്ഞു. ചന്ദനതിരിയുടെ സുഗന്ധം അവിടമാകെ പരന്നു…
നിശബ്ദമായ ഇടനാഴിയിലൂടെ ആനന്ദന്റെ റൂമിനടുത്തേക്ക് ഗൗരി നടന്നു. വാതിൽ തള്ളിത്തുറന്നു അകത്തേക്ക് കയറി…. ഇരുട്ട് നിറഞ്ഞ മുറിക്കുള്ളിൽ ലൈറ്റ് തെളിയിച്ചു. വീണ്ടും കണ്ണുകൾ വീൽ ചെയറിലേക്കാണ് എത്തിയത്. “മുഴുവനും മാറാല പിടിച്ചിരിക്കണു…. ഞാൻ പോയപ്പോ കിടന്ന പോലെ തന്നെ…!” മുറിക്കുള്ളിലൂടെ അവളുടെ കണ്ണുകൾ എന്തോ തിരഞ്ഞെത്തിയത് മേശക്ക് മുകളിലിരുന്ന ആ ചിത്രത്തിലേക്ക് ആയിരുന്നു…. “അനന്തേട്ടന്റെ താലിയണിഞ്ഞപ്പോഴെടുത്ത ചിത്രം …!! അവൾ വേഗം അത് കയ്യിലെടുത്തു. പൊടി പിടിച്ച ചിത്രം കയ്യിലിരുന്ന തുണി കൊണ്ട് തുടച്ചു. “ന്നോട് ദേഷ്യയോണ്ടോ അനന്ദേട്ടന്…?? അമ്മേ ഒറ്റക്കാക്കി പോയതിനു…?? ഞാൻ… മനപ്പൂർവം ഒന്നും. ചെയ്തിട്ടില്യാന്ന് അറിയില്ലേ ഏട്ടന്…?? അന്ന് അഭി ന്റെ അടുത്തു അങ്ങിനെ പറഞ്ഞപ്പോ തളർന്നു പോയി ഞാൻ… അവന്റെ ഇഷ്ടത്തിന് വഴങ്ങാത്തതു കൊണ്ട് ന്നെ ഇവിടുന്ന് അവൻ ഇറക്കി വിട്ടു… ഒടുവിൽ ന്റെ അനിയനും… ജോലി ആയി… കുടുംബം ആയപ്പോ… ചേച്ചിയെ അവനു വേണ്ടന്നായി…വിധവയായ ചേച്ചിയെ നോക്കാൻ അവനു പറ്റില്യാന്ന്…
പിന്നെ ഒന്നും നോകീല്യ… ഇറങ്ങി അവിടുന്നും… ജീവിക്കാൻ ആയിരുന്നില്യ… മരിക്കാൻ…!! പക്ഷെ… അവിടേം ഗൗരി തോറ്റു പൊയി… പക്ഷെ, “അനന്തേട്ടാ…. ജീവിതം മടുത്തെന്ന് തോന്നിയപ്പോ മരണത്തിലേക്കുള്ള യാത്രയിൽ എന്റെ കൈ പിടിച്ചു കയറ്റിയ എനിക്കഭയം തന്ന ദൈവത്തിന് തുല്യമായ ഒരു മനുഷ്യന്റെ ഭാര്യയാണ് ഞാനിന്ന്…. രണ്ടാം ജന്മമെന്നോണം എനിക്ക് കിട്ടാതെ പോയ സ്നേഹത്തിനും സംരക്ഷണത്തിനൊക്കെ അവസാനമെന്നോണം എന്നിലേക്ക് ഞാൻ പോലുമറിയാതെ വന്ന ബാലേട്ടൻ…!! ചെറു പ്രായത്തിലെ അമ്മയെ നഷ്ടപ്പെട്ട എനിക്ക് ഈ ജന്മത്തിൽ അമ്മയേക്കാൾ സ്നേഹനിധിയായ ബാലേട്ടന്റെ അമ്മയും അച്ഛനും…. ഗൗരിയെ ഒരു നിമിഷം കാണാതിരിക്കാൻ കഴിയാത്ത, എന്നെ സ്നേഹം കൊണ്ട് കീഴടക്കിയ അവർക്ക് മുന്നിൽ ഞാൻ എന്നെ തന്നെ നൽകി…. ഇന്നെന്റെ ബാലേട്ടന്റെ വാക്ക് കേൾക്കാതെ ഇറങ്ങി പുറപ്പെട്ടവളാണ് ഞാൻ. ആ മനസ് എനിക്ക് അറിയാം. ഒത്തിരി വേദനിപ്പിച്ച ഇങ്ങോട്ട് ഇറങ്ങിയത്…. ഇനി കുറച്ചു ദിവസം ഇവിടെ ഞാൻ ഉണ്ടാക്കും. എന്നെ മരണത്തിന്റ വക്കിൽ നിന്ന് രക്ഷിച്ച രണ്ടുപേരാണ് നിങ്ങൾ ഇരുവരും.
ഞാൻ എന്നും അനന്തേട്ടനോട് കടപ്പെട്ടിരിക്കും… ഗൗരി ആ ചിത്രം മേശക്ക് മുകളിൽ വച്ചു. തിരികെ മുറിക്ക് വെളിയിലേക്ക് നടന്നു… അമ്മേ വന്നു ഒന്നുടെ നോക്കി… നല്ല ഉറക്കം ആണ്… അഭിഷേക് ഇതുവരെ വന്നിട്ടില്ല… അവൾ ഉമ്മറത്തേക്ക് നടന്നു… ഫ്രണ്ട് ഡോർ അടച്ചു കുറ്റിയിട്ട്…അകത്തു മുറിയിൽ വന്നു ഇരുന്നു… പതിയെ ബാഗ് തുറന്നു, ഫോൺ എടുത്ത് നോക്കി…52 misscall ബാലേട്ടന്റെ…. അവളുടെ ഉള്ളിൽ ഒരു മിന്നൽ പിണറപ്പ് അനുഭവപെട്ടു… വേഗം ഫോൺ എടുത്തു ചെവിയിലേക്ക് ചേർത്തു വെച്ചു. റിങ് ചെയ്തതും കാൾ അറ്റൻഡ് ആയി… തന്റെ ഫോൺ വിളി പ്രതീക്ഷിരിക്കുകയായിരുന്നു എന്ന് അവൾക്ക് അപ്പോഴേ മനസ്സിലായി. “ഹലോ… ബാലേട്ടാ…” അവളുടെ നേർത്ത നാദം, കേട്ടതും ബാലന്റെ ഹൃദയം പൊട്ടും പോലെ തോന്നി.
“ബാലേട്ടാ… കേൾക്കണില്ലേ…??ഹലോ…??” “കേൾ… കേൾക്കുന്നുണ്ട് ഗൗരി…അവിടെ എത്തിയപ്പോഴേ ന്നെ മറന്നുവോ…?? “ബാലേട്ടാ…. ഞാൻ…” “താൻ അവിടെ എത്തിയോ… ഇല്ലെയോ എന്നൊക്കെ അറിയാണ്ട്… എത്ര വിഷമിച്ചൂന്ന് അറിയുവോ…?ഫോൺ വിളിച്ചിട്ട് എടുക്കണില്ല… തിരികെ ഒന്ന് വിളിക്കണില്യ… എന്ത് സമാധാനത്തോടെയാ ഇവിടെ ഇരിക്യാ…?? ” “ബാലേട്ടാ… അത്… ഞാൻ… ഇവിടെ വന്നപ്പോ അമ്മേ…!!ന്നോട്…ന്നോട് ക്ഷമിക്ക് ബാലേട്ടാ… സോറി…” “മ്മ്… സാരില്യ…ഞാൻ ന്റെ കാര്യേ ഓർത്തുള്ളു…അല്ലങ്കിലും ഞാൻ… ഞാൻ എന്ത് മണ്ടനാ… ഇവിടുത്തെക്കാൾ…പരിചയവും സ്വന്തവും ആ വീട് അല്ലേ…?? അപ്പൊ പിന്നെ ഞാൻ… ഞാൻ എന്തിനാ വെറുതെ ടെൻഷൻ ആവുന്നേ അല്ലേ…?? സോറി ഗൗരി ബുദ്ധിമുട്ടിച്ചതിൽ…” “ബാലേട്ടാ… അങ്ങിനെ ഒന്നും… അങ്ങിനെ ഒന്നും പറയല്ലേ… തെറ്റ് ന്റേതാ… ഇവിടെ വന്നപ്പോ അമ്മേ കണ്ടപ്പോ… മറ്റൊന്നും ഞൻ ഓർത്തില്യ… അത് പക്ഷെ… ഞാൻ…. ഹലോ… ഹലോ.. ബാലേട്ടാ.. ഞാൻ വെക്കുവാട്ടോ.. അമ്മായിടെ മുറിയിൽ നിന്ന് ന്തോ ശബ്ദം കേൾക്കണ്…” മറുത്തെന്തെങ്കിലും പറയും മുന്നേ ഫോൺ കട്ട് ആയിരുന്നു.
ബാലൻ പിന്നെയും കുറെ നേരം ഫോണിൽ നോക്കി ഇരിന്നു… എത്ര പെട്ടന്നാ അവൾ മാറിയത്…?? ഈ ഗൗരിയെ തനിക്ക് സുപരിചിതം അല്ലാത്തത് പോലെ തോന്നി ബാലന്…തന്റെ വാക്ക് ധിക്കരിച്ചു അവൾ പോവില്ലെന്ന് കരുതി… പക്ഷെ…അവൾ പോയി…!! തന്റെ ഗൗരി എവിടെ പോയാലും തന്നേ മറക്കില്ലെന്ന് കരുതി… അതും…?? അവൾ പോയേപ്പിന്നെ ഈ വീട്ടിൽ ആരും ജലപാനം കഴിച്ചിട്ടില്ല…അമ്മ… അപ്പൊ കേറി കിടന്ന കിടപ്പാ…ന്നിട്ട്… ഒരു വാക്ക് പോലും… ചോദിച്ചില്യ…” ബാലൻ ഫോൺ മേശപ്പുറത്തേക്ക് വെച്ച്, കട്ടിലിലേക്ക് കിടന്നു…
(തുടരും )

by