24/04/2026

നിനക്കായി മാത്രം : ഭാഗം 03

രചന – റോസാ തോമസ്

ആനി മുറിയിലേക്ക് നടന്നു. നേരെ പോയി കട്ടിലിലേക്ക് വീഴാൻ ആണ് തോന്നുന്നത്.. എന്നാലും വേണ്ട ഫ്രഷ് ആയിട്ട് മതി. വയ്യെങ്കിലും അടുക്കും ചിട്ടയും ഒക്കെ നിർബന്ധമാണ്.കുളി കഴിഞ്ഞ് ബെഡിലേക്ക് ചാഞ്ഞു അവൾ… ഫോൺ എടുത്ത് സമയം നോക്കി. ഉച്ച ആകുന്നതേയുള്ളൂ.. ഇന്ന് നേരത്തെ ആണ്… ജോലിക്കാരി ഉണ്ട്. അവൾ ഭക്ഷണം റെഡിയാക്കി വെക്കും. ഭദ്രൻ പോയി കഴിച്ചോളും. ഒരുമിച്ചുള്ള ഭക്ഷണം കഴിപ്പ് ഒക്കെ വല്ലപ്പോഴുമേ ഉള്ളൂ .. ജോലിക്കാരി പോകുന്നതിനു മുൻപ് കുറച്ച് കൊച്ചുവർത്തമാനം ഒക്കെ ഭദ്രന്റെ ഭാഗത്ത് നിന്ന് ഉണ്ടെന്ന് എനിക്കറിയാം.. പഴയ ഭദ്രനിൽ നിന്ന് ഒരുപാട് മാറി എങ്കിലും ചെറിയ ചുറ്റി കളികൾ ഒക്കെ ഇപ്പോഴും ഉണ്ട്. അവളുടെ ഓർമ്മകൾ വീണ്ടും പുറകിലോട്ട് സഞ്ചരിച്ചു.പഠനം കഴിഞ്ഞ് ജോലി ചെയ്യാനൊന്നും സമ്മതിച്ചില്ലെങ്കിലും ധാരാളം പൊന്നും പണവും കൊടുത്തു നല്ല രീതിയിൽ തന്നെ കെട്ടിച്ചു വിടാൻ അപ്പൻ തീരുമാനിച്ചു. അങ്ങനെ ടോമിച്ചന്റെ ഭാര്യയായി പുത്തൻപുരയ്ക്കൽ തറവാട്ടിൽ ജീവിതം ആരംഭിച്ചു.ടോമിച്ചന്റെ കൂട്ടുകെട്ടും ധൂർത്തടിയും മദ്യപാനവും ഒക്കെ തന്നെ ആദ്യമേതന്നെ വിഷമിപ്പിച്ചിരുന്നു… ഇടയ്ക്ക് പള്ളിയിലോ പുറത്ത് എവിടെയെങ്കിലും ഒക്കെ പോകുമ്പോഴും ഒക്കെ ഉള്ള ആൾക്കാരുടെ കൂർത്ത നോട്ടവും കളിയാക്കി ചിരിയുമൊക്കെ അന്നേ അസ്വസ്ഥപ്പെടുത്തിയിരുന്നു.

അതിനു പുറകിലെ സത്യം അന്വേഷിച്ച് ചെന്നപ്പോഴാണ്,ആ നാട്ടിലെ തന്നെ റീന എന്ന പെൺകുട്ടിയും ടോമിച്ചനും തമ്മിൽ സ്നേഹത്തിലായിരുന്നുവെന്നും പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയെ വിവാഹം കഴിക്കാൻ സമ്മതിക്കാത്തത് കൊണ്ടാണ് താനുമായുള്ള വിവാഹം നടന്നതെന്നും അതിനുശേഷം ആ പെൺകുട്ടി ദൂരെയെവിടെയോ നാടുവിട്ടു പോയെന്ന് അറിയാൻ കഴിഞ്ഞു. എല്ലാം അറിഞ്ഞെങ്കിലുംഒന്നുമറിയാത്തതുപോലെ എല്ലാം സഹിച്ചു നിന്നു.വിവാഹത്തിന്റെ ആദ്യനാളുകളിൽ ഉള്ള സ്നേഹം പോകപ്പോകെ കുറയുകയും മദ്യപാനവും കൂട്ടുകെട്ടുകളും കൂടി വരികയും അത് ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ തനിക്ക് റീനയെ ഇഷ്ടമായിരുന്നു എന്നും തങ്ങൾ തമ്മിൽ കടുത്ത പ്രണയത്തിലായിരുന്നു എന്നും വീട്ടിൽ സമ്മതിക്കാത്തത് കൊണ്ട് ആണ് നിന്നെ കാണാൻ വന്നത് എന്നും കണ്ടപ്പോൾ നിന്റെ സൗന്ദര്യം കണ്ടു വിവാഹത്തിനു സമ്മതിച്ചത് ആണെന്നും ടോമിച്ചൻ വെട്ടി തുറന്നു പറഞ്ഞു. പക്ഷേ അപ്പോഴേക്കും തന്റെ വയറ്റിൽ ഒരു കുഞ്ഞു ജീവൻ വളരാൻ തുടങ്ങിയിരുന്നു.പ്രസവം കഴിഞ്ഞ് തിരിച്ചു വന്നപ്പോൾ മുതൽ ടോമിച്ചന്റെ സ്വഭാവം പഴയതിലും ഒരുപാട് മാറിപ്പോയിരുന്നു… അത് തന്നെ ഒരുപാട് ഞെട്ടിച്ചുകളഞ്ഞു… എനിക്ക് റീനയെ തിരിച്ചു വേണം… നീ ഒഴിവാകണം എന്ന് പറഞ്ഞു തുടങ്ങിയപ്പോൾ തനിക്ക് അതൊരു കനത്ത തിരിച്ചടി ആയിരുന്നു എങ്കിലും ടോമിച്ചന്റെ അമ്മച്ചി തനിക്കൊപ്പം ഉണ്ടായിരുന്നു.വഴിവിട്ട മദ്യപാനവും കൂട്ടുകാരെ സൽക്കരിക്കുകയും സഹിക്കാൻ പറ്റാത്തതായിരുന്നു എങ്കിലും കുഞ്ഞിനുവേണ്ടി പിടിച്ചു നിൽക്കാൻ ശ്രമിച്ചു… രാത്രികളിൽ മദ്യപിച്ചു വരുന്ന ടോമിച്ചന്റെ കൂടെ അയാളുടെ കൂട്ടുകാരും തന്റെ ഉറക്കം നഷ്ടപ്പെടുത്തുന്ന വേദനയായി മാറി… അതിൽ ഏറ്റവും മുഖ്യൻ ആയിരുന്നു ആലത്തറ ഭദ്രൻ…വലിയ തറവാട്ടു വീട്ടിലെ താന്തോന്നി.

ആ നാട്ടിലെ ഹോസ്പിറ്റൽ ആയ മെഡിക്കൽ ട്രസ്റ്റ്ന്റെ മൂന്ന് ഷെയർ ഹോൾഡേഴ്സൽ രണ്ടുപേരാണ് ടോമിച്ചനും ഭദ്രനും. മറ്റൊന്ന് ജോസഫ് മാളിയേക്കൽ. ജോസേട്ടൻ ഒരു മാന്യനാണ്. ഹോസ്പിറ്റൽ നല്ല നഷ്ടത്തിലായിരുന്നു. ഭദ്രൻ, മുതലാളി ആണെങ്കിലും വീട്ടിൽ കയറ്റാൻ പോലും കൊള്ളാത്തവൻ ആണ്. നാട്ടിലെ പെണ്ണുങ്ങൾ മുഖത്ത് നോക്കാൻ പോലും മടിക്കുന്നവൻ.അങ്ങനെ ഒരു ദിവസമാണ് ആ സംഭവം നടന്നത്. കുറച്ചുദിവസങ്ങളായി ആൾ കാണിച്ച സ്നേഹം അതിനായിരുന്നു എന്ന് മനസ്സിൽ ആയപ്പോഴേക്കും എല്ലാം തകർന്നിരുന്നു.
ഭദ്രന് തന്നെ കീഴ്പ്പെടുത്താൻ സാധിച്ചില്ല എന്ന നിരാശ ഉണ്ടായിരുന്നെങ്കിലും പേരുദോഷം ഉണ്ടായതുകൊണ്ട് ടോമിച്ചൻ തൃപ്തിപ്പെട്ടു. ആ കാരണം പറഞ്ഞയാൾ തന്നെയും കുഞ്ഞിനോടൊപ്പം ഇറക്കിവിട്ടു. ടോമിച്ചന്റെ വീട്ടുകാർ അത് വിശ്വസിച്ചു. തന്റെ കുഞ്ഞിന്റെ പിതൃത്വം പോലും അയാൾ തന്റെ അപ്പന്റെ മുഖത്തുനോക്കി തള്ളിപ്പറഞ്ഞപ്പോൾ സ്വന്തം അപ്പന്റെ മുന്നിൽ താനൊരു മോശപ്പെട്ട പെണ്ണായി മാറി.ഒരു വർഷത്തിനുള്ളിൽ ടോമിച്ചൻ വിവാഹമോചനം നിഷ്പ്രയാസം നേടി.. അന്ന് താൻ ഒരു കാര്യം മാത്രമേ ആവശ്യപ്പെട്ടുള്ളൂ…തന്റെ മകളുടെ പേരിനൊപ്പം അവളുടെ പിതാവിന്റെ പേര്.. നീ എന്ത് പേര് ഇട്ടാലും എനിക്ക് ഒരു ചുക്കും ഇല്ല എന്ന് പറഞ്ഞു അയാൾ പോയി. എങ്കിലും അയാൾ വീണ്ടും വന്നു.പേരുദോഷം മാറണമെങ്കിൽ അതിനു കാരണക്കാരനായവൻ തന്നെ കെട്ടണമെന്ന്.. എങ്കിലേ പേരുദോഷം മാറു എന്ന്. അതിനുപിന്നിൽ മകളുടെ പേരിനൊപ്പം തന്റെ പേര് ചേർക്കണം എന്ന് പറഞ്ഞതിന് പ്രതികാരം ആണെന്ന് എനിക്കറിയാമായിരുന്നു. ചിലപ്പോൾ റീനയുടെ ബുദ്ധി ആയിരിക്കും.
രണ്ടു കുടുംബങ്ങളും ഒരു നാട്ടിൽ ആയതുകൊണ്ട് അപ്പനും സമ്മതിക്കാതെ ഇരിക്കാൻ പറ്റിയില്ല.. രണ്ടു മതങ്ങൾ ആയിരുന്നതുകൊണ്ട് അപ്പനും നല്ല ബുദ്ധിമുട്ടുണ്ടായിരുന്നു.. അപ്പന്റെ സമ്മതം മേടിച്ച് കഴിഞ്ഞ് ടോമിച്ചൻ അന്ന് വിജയ ഭാവത്തോടെ തന്നെ നോക്കി കൊണ്ടുപോയത് നിറകണ്ണുകളോടെ താൻ നോക്കിനിന്നു . ഒഴിഞ്ഞു പോയിട്ടും പക പോകുന്നത് എന്തിനാണ് എന്നായിരുന്നു തന്റെ വിഷമം.

എവിടെയെങ്കിലും പോയി ജീവിച്ചോളാം കുഞ്ഞിനേയും കൊണ്ട്….ആർക്കും ഒരു ഉപദ്രവവും ഉണ്ടാകില്ല… എന്നൊക്കെ പറഞ്ഞ് കാലുപിടിച്ച് കരഞ്ഞിട്ടും ആരും സമ്മതിച്ചില്ല.. തന്റെ അമ്മച്ചിയും അപ്പന് പുറകിൽ മൗനമായി നിന്നതേയുള്ളൂ.ജീവിതത്തിൽ ഒരാൾക്കു മുൻപിലെ കഴുത്തു നീട്ടു എന്ന് വിചാരിച്ചതാണ്.. ആ താൻ ഒരു പെണ്ണ് പിടിന്റെ കൂടെ…. ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ലല്ലോ.. ചങ്കു പൊട്ടി കരയാൻ മാത്രമേ അവൾക്ക് സാധിച്ചുള്ളൂ…പട്ടിണികിടന്ന് കുഞ്ഞിനെ നേരാംവണ്ണം നോക്കാൻ പോലും പറ്റിയില്ല… ആ സമയത്ത് അമ്മച്ചിയാണ് കുഞ്ഞിനെ നോക്കിയത്.അവസാനം പരാജയം സമ്മതിച്ചു വേറെ വഴിയൊന്നും മുൻപിൽകാണാത്തതുകൊണ്ട്.കുഞ്ഞിനെയുംകൊണ്ട് രാത്രി ഒളിച്ചോടാൻ പോലും സമ്മതിക്കാതെ രാത്രിയിൽ ആങ്ങളമാർ കാവലിരുന്നു. അങ്ങനെ കരഞ്ഞ ദിവസങ്ങളിൽ, പരാജയം ഏറ്റുവാങ്ങിയ ദിവസങ്ങളിൽ ആണ് കുഞ്ഞിന്റെ കാര്യം ഇനിയെന്ത് എന്ന് ചിന്തിച്ചു തുടങ്ങിയത്.

മോൾക്ക് രണ്ടു വയസ്സ് ആയുള്ളൂ… കുഞ്ഞിന്റെ കാര്യം എന്തെങ്കിലും ചെയ്യണം…പെണ്ണുപിടിയൻ ആയ ഭദ്രന്റെ കൂടെ പെൺകുഞ്ഞിനെ കൊണ്ടു പോകാനുള്ള ചങ്കുറപ്പ് ഇല്ല. വീട്ടിൽ നിർത്തിയിട്ടും കാര്യമില്ല. കുറച്ചുനാൾ അമ്മച്ചിയും അപ്പനും നോക്കും ആയിരിക്കും..അതിനു ശേഷം അവൾ അവിടെ കറിവേപ്പില ആകും. മാത്രമല്ല വീട്ടിൽ നിന്നാലും ടോമിച്ചൻറെയും ഭദ്രന്റെയും മുൻപിൽ തന്നെ ആയിരിക്കും വളരുന്നത്..അത് അപകടമാണ്.പലതും ചിന്തിച്ചു കൂട്ടിയും അവസാനം അവളെ പിരിയാൻ തന്നെ തീരുമാനിച്ചു.ആരുമറിയാതെ ബർത്ത് സർട്ടിഫിക്കറ്റിൽ പേര് മാറ്റുകയായിരുന്നു ആദ്യം ചെയ്തത്.. ടോമിച്ചനോ ഭദ്ര നോ അന്വേഷിച്ച് ഇറങ്ങിയാലും പെട്ടെന്ന് കണ്ടുപിടിക്കാൻ ഇടയാവരുത് പേരുവെച്ച്.. സെറാ ടോം എന്നായിരുന്നു ആദ്യം അവളുടെ പേര്… അത് കുറച്ചു കഷ്ടപ്പെട്ട് ആണെങ്കിലും വീട്ടുകാരറിയാതെ മാറ്റി. അങ്ങനെ പലതും ആലോചിച്ച് ഉറപ്പിച്ച് മകളെ മാറ്റാൻ തന്നെ ഉറപ്പിച്ചു. ആദ്യം വ്യക്തമായ ഒരു പ്ലാൻ ഉണ്ടാക്കി.അപ്പനോട് ഇവിടുന്ന് കുറച്ചകലെയുള്ള ഒരു കന്യാസ്ത്രീ മഠത്തിലേക്ക് മോളെ മാറ്റണമെന്ന് പറഞ്ഞു. തനിക്ക് അറിയാവുന്ന മദർ ആണ്… മദർ സേഫ് ആയിട്ട് കൊച്ചിനെ ആരെയെങ്കിലും ഏൽപ്പിച്ച കൊള്ളും എന്ന് പറഞ്ഞപ്പോൾ അപ്പൻ ആദ്യമേ ഒന്നും സമ്മതിച്ചില്ലെങ്കിലും താൻ പതിയെ സമ്മതിപ്പിച്ചു. ഇതു സമ്മതിച്ചാൽ ഏ വിവാഹത്തിനു സമ്മതിക്കൂ എന്ന് ശാഠ്യം പിടിച്ചു..അവസാനം അപ്പൻ സമ്മതിച്ചപ്പോൾ പെട്ടെന്ന് തന്നെ കൊണ്ട് പോണം എന്ന് പറഞ്ഞു… വീട്ടിൽ മറ്റെല്ലാവരും മാറിയ സമയത്തായിരുന്നു താൻ ആവശ്യപ്പെട്ടത്. അപ്പൻ അതിന് സമ്മതിച്ചതും നേരെ മഠത്തിലേക്ക് അപ്പനോടൊപ്പം യാത്ര പുറപ്പെട്ടു. തങ്ങൾ തിരിച്ചുവന്നപ്പോൾ കാര്യങ്ങളെല്ലാം വീട്ടുകാരോട് പറഞ്ഞതും ആങ്ങളമാർക്ക്കുഴപ്പമൊന്നുമില്ലായിരുന്നു എന്നത് തന്നെ അതിശയപ്പെടുത്തി… അമ്മച്ചിക്ക് ചെറിയ വിഷമം ഉണ്ടായിരുന്നു..അത് സാരമില്ല.

തനിക്ക് വളരെ അറിയാവുന്ന ഒരു മദർ ആയിരുന്നു…. മദർ എത്രയും പെട്ടെന്ന് തന്നെ വേറൊരു മഠത്തിലേക്കു..അവിടെനിന്ന് തന്റെ ഒരു ഫ്രണ്ടിന്റെ അടുത്തേക്കും..അവിടെ നിന്ന് തന്നെ ഒരു പ്രിയപ്പെട്ട കൂട്ടുകാരി ഷീലയുടെ കൈകളിലേക്കും.അങ്ങനെ വിവാഹം നടന്നു. ഒരു രജിസ്റ്റർ ഓഫീസിൽ വച്ച് വിവാഹം നടന്നപ്പോൾ മനസ്സുകൊണ്ട് താൻ മരിച്ചത് പോലെ തോന്നി.ഭദ്രൻ ഒരു സമ്പന്ന തറവാട്ടിലെ ആയിരുന്നു. പക്ഷേ വളർന്നുവന്നപ്പോൾ തികഞ്ഞ മദ്യപാനിയും, തെമ്മാടിയും, ആരെയും കൂസാതവനുമായി വളർന്നു വന്നതുകൊണ്ട് കുടുംബത്തിൽ ആർക്കും ഇഷ്ടമില്ലായിരുന്നു. രണ്ടു മക്കളായിരുന്നു ഭദ്രന്റെ അച്ഛന്. ഒരു മകനും മകളും. മകൾ വിവാഹം കഴിഞ്ഞ് കുട്ടികളുമായി വിദേശത്താണ്. ഒറ്റമകൻ ആയതുകൊണ്ട് ലാളിച്ചു വളർത്തിയ ദോഷം മാറിക്കിട്ടാൻ അയാളെ വീട്ടുകാർ ഇറക്കിവിട്ടു. ഭദ്രൻ സ്വഭാവദൂഷ്യം കൊണ്ട് മനസ്സു നൊന്താണ് ഭദ്രന്റെ അച്ഛൻ മരിച്ചത്. ഭദ്രൻ അമ്മയെ തിരിഞ്ഞുനോക്കാതെ വന്നപ്പോൾ അമ്മയെ മകൾ വന്ന് വിദേശത്തേക്ക് കൂട്ടിക്കൊണ്ടു പോയിരുന്നു. അത് അയാളുടെ ജീവിതം കൂടുതൽ വഷളാക്കി. കാലക്രമേണ ഭദ്രൻ സ്വത്തുക്കൾ ഓരോന്നായി വിറ്റു തുടങ്ങി. ഏക്കറുകണക്കിന് ഉണ്ടായിരുന്ന റബ്ബർ തോട്ടങ്ങൾ കടം കേറി ലേലത്തിൽ പോയി. അമ്മയുടെ പേരിൽ ആയിരുന്നു വീട് അതുകൊണ്ട് അത് മാത്രം അവിടെ കിടന്നു. പിന്നെ ഉള്ളത് ഹോസ്പിറ്റൽ ആയിരുന്നു ഹോസ്പിറ്റലിലെ ഒരു ഷെയർ ഹോൾഡർ മാത്രമായിരുന്നു ഭദ്രൻ.വിവാഹത്തിന് പേരിനുമാത്രം ഭദ്രൻ റെ അമ്മയും സഹോദരിയും എത്തിയെങ്കിലും പിറ്റേന്ന് തന്നെ അവർ തിരിച്ചു പോയി.കുഞ്ഞിനെ കുറിച്ച് മാത്രമായിരുന്നു തന്റെ ചിന്ത. കുഞ്ഞിനെ പിരിയേണ്ടി വന്ന ഒരു അമ്മയുടെ അവസ്ഥ. കുഞ്ഞിനെ തന്റെ ഒപ്പം കൂട്ടാൻ എന്നെങ്കിലും സാധിക്കുമെന്ന ഒരു പ്രതീക്ഷയിൽ ആയിരുന്നു തന്റെ ജീവിതത്തിന്റെ രണ്ടാമധ്യായം തുടങ്ങിയത്. ആ പ്രതീക്ഷയായിരുന്നു തന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത്. അതായിരുന്നു പ്രതിസന്ധികളെ നേരിടാൻ ഉണ്ടായിരുന്ന ആകെയുള്ള ഒരു തിരിവെട്ടം.

മകൾക്കുവേണ്ടി ജീവിച്ചേ പറ്റൂ എന്നായപ്പോൾ ധൈര്യം തനിയെ വന്നു. ഭദ്രനെ കൂസാതെ ഒരു മുറിയിൽ അടച്ചിരുന്നുരാത്രികളിൽ….ടോമിച്ചന്റെയും റീനയുടെയും വിവാഹമായിരുന്നു ഒരാഴ്ചയ്ക്കുള്ളിൽ കേട്ട വിശേഷം. നാടുവിട്ടുപോയ റീന തിരിച്ചുവന്നപ്പോൾ കൂടെ ഒരു പെൺകുഞ്ഞ് ഉണ്ടായിരുന്നു എന്നും അത് ടോമിചന്റെ തന്നെയാണെന്നും നാട്ടുകാർ വഴി കേട്ടറിഞ്ഞത് ആയിരുന്നു.അങ്ങനെ ആനി മകൾക്കുവേണ്ടി ജീവിച്ചു തുടങ്ങി. ഏതാണ്ട് ഒരു മാസം ആയപ്പോൾ ആനി ഒരിക്കലും തനിക്ക് വഴങ്ങില്ല എന്ന ഭദ്രനു മനസ്സിലായി. പിന്നീട് ഭീഷണികളും ബലപ്രയോഗവും ദേഹോപദ്രവം ഒക്കെ നടന്നു. പക്ഷേ ആനി പിടിച്ചുനിന്നു.വീട്ടിലെ അയാളുടെ ചീത്ത വിളികളും തെറികളും നാട്ടുകാർ കേൾക്കെ ആയിത്തുടങ്ങി.അങ്ങനെ പോകപ്പോകെ മകൾ നിരപരാധി ആയിരുന്നു എന്ന സത്യം ആനിയുടെ അപ്പൻ മനസ്സിലാക്കി. റീനയും മകളും തിരിച്ചു വന്നപ്പോൾ അത് എല്ലാവർക്കും മനസ്സിലായി തുടങ്ങി. പിന്നീട് മരിക്കാൻ നേരവും ആനിയുടെ കൈകൾ പിടിച്ച് മാപ്പ് പറഞ്ഞാണ് അപ്പൻ മരിച്ചത്. പക്ഷേ കൂടെപ്പിറപ്പുകൾ അവളോട് ഒരു അനുകമ്പയും കാണിച്ചില്ല. സഹതാപം കാണിച്ചാൽ വീണ്ടും അവൾ ഇറങ്ങി വരുമെന്ന ഭയം. മക്കൾ പറയുന്നതിന് മറുവാക്ക് പറയാനാവാതെ അമ്മച്ചിയും. ആനിക്ക് രണ്ടു സഹോദരങ്ങൾ ആണുള്ളത്.. റോയിയും സാബുവും. റോയി തറവാട്ടിലും സാബു വേറെയും.വേറെ ഒരു വഴിയും ഇല്ലാത്തതിനാൽ ആനി അവിടെത്തന്നെ നിന്നു… ഭദ്രന്റെ വീട്ടിൽ.
തന്റെ പ്രിയ സുഹൃത്ത് ഷീല വഴി മകളെ ചെറിയ ക്ലാസിൽ ചേർത്തു. ഷീലയുടെ വിവാഹം കഴിഞ്ഞതിനാൽ അവൾക്ക് ഒരു ബുദ്ധിമുട്ട് വരാതിരിക്കാൻ വേണ്ടി മോളെ ചെറിയ പ്രായം മുതൽ ബോർഡിങ്ങിൽ നിർത്തി പഠിപ്പിച്ചു. അതിനുള്ള ചിലവ് ആയിരുന്നു പ്രശ്നം. ഷീല അതെല്ലാം ഏറ്റെടുത്തു എങ്കിലും ആനി അതെല്ലാം കടമായി തന്നെ കൂട്ടി.. ഷീലയ്ക്ക് ഞാനും അവളും കാരണം ഒരു ബുദ്ധിമുട്ടുണ്ടാകരുത.
ആനി വീട്ടിലെ ജോലികളെല്ലാം ചെയ്യും.. വീടിന് ഒരു അടുക്കും ചിട്ടയും എല്ലാം വന്നു.. പക്ഷേ ഭദ്രന് ദേഷ്യം കൂടി കൂടി വന്നു…എങ്കിലും ദാമ്പത്യജീവിതം മാത്രം അയാൾക്ക് അന്യമായി.

മകളെ പഠിപ്പിക്കാനുള്ള സമ്പാദ്യം ഉണ്ടാക്കിയ പറ്റൂ എന്ന ചിന്തയാണ് ആനിയുടെ വഴിത്തിരിവായത്. പണ്ട് അപ്പം ഉണ്ടാക്കി വിൽക്കാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ കളിയാക്കിയ വീട്ടുകാരെ ഓർമ്മവന്നു. അതുതന്നെ ചെയ്യാൻ തീരുമാനിച്ചു.അങ്ങനെ അപ്പം വിറ്റ് കടകളിലും വീടുകളിലും കൊടുത്തുതുടങ്ങി…അതായിരുന്നു തുടക്കം. അത് വിജയം കണ്ടപ്പോൾ പലഹാരങ്ങൾലേക്ക് കൈവച്ചു.രാത്രിയിൽ ഭദ്രൻ റെ ശല്യം ഉണ്ടാകുന്നതിനാൽ അതിരാവിലെ എണീറ്റ് ജോലി ചെയ്തു.അങ്ങനെ മകളെ ഇംഗ്ലീഷ് മീഡിയത്തിൽ തന്നെ പഠിപ്പിക്കാൻ സാധിച്ചു. ഷീലയുടെ വിവാഹം കഴിഞ്ഞു എങ്കിലും മോളുമായി ഇപ്പോഴും കോൺടാക്ട് ഉണ്ട്. ബോർഡിംഗ് ലും, ഹോസ്റ്റലും ഒക്കെ അടച്ചിടാൻ നിർബന്ധം വരുന്ന വെക്കേഷനിൽ മാത്രം ഷീലയുടെ വീട്ടിൽ വരും. വളരെ ചുരുങ്ങിയ അവസരങ്ങളിൽ മാത്രം.പതിയെ പതിയെ കച്ചവടം വിജയമായി തുടങ്ങി. ചെറിയ ഒരു കട തുടങ്ങി. പിന്നെ രണ്ട്,മൂന്ന് അങ്ങനെ ഇപ്പോൾ പതിനെട്ട് ആയി. ലാഭം വന്നപ്പോൾ ആദ്യം ഒരു തുണിക്കട തുടങ്ങി.. വളരെ ചെറിയ ഒരു കട.. പിന്നീട് അത് നാല് നിലയിലുള്ള ടെക്സ്റ്റൈൽസ്ലേക്ക് മാറി. ഫാഷൻ ഡിസൈനിങ് പഠിച്ചതിനാൽ അതിൽ ഒരു ബുദ്ധിമുട്ടില്ല.
ഇതിനിടയിൽ ഭദ്രന്റെ അമ്മ മരിച്ചു. പിന്നെ ബന്ധുക്കളെന്ന് പറയാൻ ഒരു സഹോദരി ഉണ്ട്. അവർ ഇപ്പോൾ ഇടയ്ക്കൊക്കെ വിളിക്കാറുണ്ട്…എങ്കിലും അവർ കുടുംബം ആയിട്ട് വിദേശത്താണ്. രാത്രിയിൽ പല കൂട്ടുകാരും കൂടി ഭദ്രൻ വരുമെങ്കിലും അവളുടെ അടുത്ത് ഭദ്രൻ തികഞ്ഞ പരാജയമായിരുന്നു. അയാളെ എതിർത്ത് വിജയിച്ച അവൾക്ക്, കൂട്ടുകാരെ എതിർക്കാൻ നിഷ്പ്രയാസം കഴിഞ്ഞു.

ഒരിക്കൽ അയാളുടെ കൂടെ വന്ന കൂട്ടുകാരനെ കണ്ടു ആനി ഞെട്ടി “ടോമിച്ചൻ.” അന്നാണ് അവൾ മനസ്സിലാക്കിയത് ടോമിച്ചൻ ഇന്നും തന്നെ ഒരു ശത്രുവായി ആണ് കണക്കാക്കിയിരിക്കുന്നത്.. മാത്രമല്ല തന്റെ വിജയം അയാളിൽ അസൂയയും മറ്റു പലതും ഉളവാക്കി എന്നും. അയാളെ ആട്ടി ഇറക്കിവിട്ടു എങ്കിലും അയാൾ വന്നത് അവളുടെ മനസ്സിൽ ഒരു കനലായി കിടന്നു.ആനിയുടെ ഉയർച്ച ടോമിചന് ഒരിക്കലും ഉൾക്കൊള്ളാനായില്ല. പിന്നെ അവളുടെ സ്റ്റാറ്റസും രീതികളും എല്ലാം മാറിയപ്പോൾ വിട്ടു കളഞ്ഞല്ലോ എന്ന നഷ്ടബോധം അയാൾക്ക് തോന്നി തുടങ്ങി….വെറും കുശുമ്പും അസൂയയും മാത്രം കൈമുതലുള്ള റീന ടോമിച്ചന്റെ കുടുംബക്കാരെ മുഴുവൻ വെറുപ്പിച്ചു കളഞ്ഞു.നാൾക്കുനാൾ കൂടി വരുന്ന ആനിയുടെ സൗന്ദര്യവും പ്രൗഢിയും ടോമിച്ചനെ ഉലച്ചുകളഞ്ഞു. അപ്പോഴേക്കും ആനി ഒരു വൻ വൃക്ഷമായി മാറിയിരുന്നു.ടോമിച്ചൻയുമായുള്ള വൈരാഗ്യം ഹോസ്പിറ്റലിൽ കൈവയ്ക്കാൻ ആനിയെ പ്രേരിപ്പിച്ചു. ഭദ്രന്റെ ഷെയർ അതിലുണ്ട്.ഹോസ്പിറ്റൽ തകർന്നുകൊണ്ടിരിക്കുകയാണ്.. തന്റെ എല്ലാ ബിസിനസിനെയും ആദായം എടുത്ത് ആനി ഒരു തുക ഉണ്ടാക്കി. അത് കൊടുത്ത് ഭദ്രന്റെ കയ്യിൽ നിന്ന് ഭദ്രൻ റെ ഷെയർ വാങ്ങി തന്റെ പേരിൽ ആക്കി. ആനി അങ്ങനെ ഹോസ്പിറ്റൽന്റെ ഒരു ഷെയർ ഹോൾഡർ ആയി.
അമ്മയുടെ കാലശേഷം തന്റെ പേരിൽ ആയ തറവാട്ട് വീടിന്റെ ആധാരം പണയം വെച്ച് കടത്തിൽ മുങ്ങിയ ഭദ്രൻ റെ മുൻപിൽ വേറെ വഴിയില്ലായിരുന്നു. അയാൾ ആ പൈസ കൊടുത്ത് വീടിന്റെ കടം തീർത്തു അപ്പോഴേക്കും അയാൾ ഒരുപാട് മാറി തുടങ്ങിയിരുന്നു. ഷുഗറും പ്രഷറും എല്ലാം അയാളുടെ തകർച്ചയ്ക്ക് ആക്കം കൂട്ടി.. വർഷങ്ങളായുള്ള മദ്യപാനം അയാളെ ഒരു കരളിനെ ബാധിക്കുന്ന സിറോസിസ് രോഗബാധിതനക്കി. പതിയെ പതിയെ അയാൾ ഒതുങ്ങാൻ തുടങ്ങി. പെണ്ണുകെട്ടി മദ്യപാനം ഒക്കെ വിടേണ്ടിവന്നു. ഇപ്പോൾ അസുഖം ചികിത്സിച്ചു ഭേദമാക്കാൻ തുടങ്ങിയപ്പോൾ മദ്യപാനം, ആനി അറിയാതെ ചെറുതായിട്ട് ഒക്കെയുണ്ട്. ഇതിനിടയിൽ താൻ പേരിനു മാത്രമായി ഒരു ഭർത്താവാണെന്നു ഒരിക്കലും ആനി യുമായി ഒരു ദാമ്പത്യ ജീവിതം ഉണ്ടാവുകയില്ലെന്നും ഉള്ള സത്യം അയാളെ തളർത്തി.

ഹോസ്പിറ്റൽ ന്റെ ഷെയർ വാങ്ങിയിട്ട് ഇപ്പോൾ അഞ്ചു കൊല്ലമായി. ഹോസ്പിറ്റൽ ആനിക്ക് വലിയൊരു പരീക്ഷണമായിരുന്നു. ടോമിച്ചൻ നേർക്കുനേർ കാണേണ്ടിവരും. പിന്നെയുള്ളത് ജോസേട്ടൻ ആണ്. സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നെങ്കിലും അയാൾ നല്ല ഒരു മനുഷ്യനായിരുന്നു. അയാൾക്ക് നല്ലൊരു കുടുംബവും.മെഡിക്കൽ പഠനം കഴിഞ്ഞുവന്ന ജോസിനെ മകൻ എബിൻ ജോസഫിന്റെ കഴിവുകൾ മനസ്സിലാക്കി യുകെയിൽ തുടർപഠനത്തിന് പോകാൻ നിർബന്ധിച്ച് വിട്ടത് ആണ് ആനി ആദ്യം ചെയ്തത്. അതിനുള്ള പണം വെറുതെ വാങ്ങാൻ ബുദ്ധിമുട്ടായിരുന്നു ജോസേട്ടന്.കടമായി തന്നെ ആനി അത് നൽകിയപ്പോൾ അവർക്ക് വാങ്ങാതിരിക്കാൻ കഴിഞ്ഞില്ല.പഠനം കഴിഞ്ഞുവന്ന എബിൻ ജോസഫിന് ഹോസ്പിറ്റൽ ഉത്തരവാദിത്വം വിട്ടുകൊടുത്തു.മെഡിക്കൽ പ്രൊഫഷൻ അറിയാവുന്ന ആൾ മാത്രം ഹോസ്പിറ്റൽ നന്നായിട്ട് കൊണ്ടു പോകാൻ പറ്റൂ.ജോസഫിന്റെ മകൻ ആയതുകൊണ്ട് ടോമിച്ചൻ ഉം എതിരഭിപ്രായം ഇല്ലായിരുന്നു.അങ്ങനെ മൂന്നു വർഷം കൊണ്ട് എബിയും ആനിയും കൂടി ഹോസ്പിറ്റലിലെ പ്രശസ്തിയുടെ നെറുകയിൽഎത്തിച്ചു. ടോമിച്ചൻ കാര്യമായി ഒന്നും ചെയ്തില്ലെങ്കിലും ഷെയർ ഹോൾഡർ എന്ന പേരിൽ ഉള്ള അവകാശം വെച്ച് അയാൾ ആളു കളിച്ചു. അങ്ങനെ എബിന് ആനയുടെ ഗുഡ് സർട്ടിഫിക്കറ്റിൽ കയറി. ആനിക്ക് എബിൻ മകനെപ്പോലെയായിരുന്നു. മറ്റു എല്ലാവരോടും കാർക്കശ്യ സ്വഭാവം കാണിക്കുമെങ്കില, എബിക്ക് ആനി ആന്റി യോട് വലിയ കാര്യം ആയിരുന്നു.താഴെനിന്നുള്ള സംസാരം ആനിയെ ചിന്തകളിൽ നിന്നു ഉണർത്തി. അവൾ താഴേക്ക് ചെന്നു.

“” എന്താ അവിടെ ഒരു സംസാരം “എന്ന ആനിയുടെ ഗാംഭീര്യം നിറഞ്ഞ ശബ്ദം കേട്ടതും ജോലിക്കാരി ഓടി.. ഭദ്രൻ തലതാഴ്ത്തി നിന്നു. പതിയെ തലയുയർത്തി നോക്കിയപ്പോൾ ആനി തിരിഞ്ഞു നടക്കുന്നത് കണ്ടു ആൾ വിളിച്ചു.” ആനി… ഞാൻ രണ്ടുദിവസത്തേക്ക് കാണില്ല… മൂകാംബിക വരെ ഒന്ന് പോയിട്ട് വരാം… “”അയാൾ പതിയെ പറഞ്ഞു.”പോകുന്നത് ഒക്കെ കൊള്ളാം.. മദ്യപിച്ച് വണ്ടി ഓടിക്കാൻ പാടില്ല.. കേട്ടതും അയാൾ ഹാളിലേക്ക് തിരിച്ച് പോയി. ആനയെ വീണ്ടും കിടക്കാൻ തുടങ്ങി.ഭദ്ര നോട് അന്നും ഇന്നും ആവശ്യം ഉള്ളൂ വാക്കുകൾ മാത്രമേ സംസാരിക്കൂ.. ഇരുപത്തിമൂന്നു വർഷത്തെ അനുഭവങ്ങൾ ഇയാളെ കുറച്ചൊക്കെ മാറ്റിയിട്ടുണ്ട്. എങ്കിലും വിശ്വസിക്കാൻ പറ്റില്ല… എങ്ങനെയൊക്കെ ആയാലും അയാളുടെ ഉള്ളിൽ അയാൾ പഴയ ആൾ തന്നെ ആയിരിക്കും. വിശ്വസിച്ച തന്റെ മകളെ കൊണ്ടുവരാൻ പറ്റില്ല.ബിസിനസ് ഒക്കെ നല്ല നിലയിൽ ആയതിനുശേഷം ഇടയ്ക്കിടെ മാത്രം രഹസ്യമായി അവളെ സന്ദർശിക്കും. നേരിട്ട് ഫോൺ വിളി പോലും അപൂർവം.. മകളുടെ കാര്യത്തിൽ ഇപ്പോഴും ഭയമാണ്.ദൈവം എല്ലാവിധ അനുഗ്രഹങ്ങളും തന്നു. ഇനിയുള്ളത് തന്റെ മകൾ തന്റെ അടുക്കലേക്ക് വരാനുള്ള കാത്തിരിപ്പാണ്…….മോളെ നിനക്ക് വേണ്ടിയാണ് ഈ അമ്മ ഓരോ നിമിഷവും ജീവിക്കുന്നത്……”നിനക്കായി മാത്രം”.

🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋

” ഡി എന്തൊരു തീറ്റ അടി…നീ വീട്ടിൽ നിന്നു തന്നെയല്ലേ വന്നത്… ശ്രുതി ജീനയുടെ ചോദിച്ചു…”മിണ്ടാതിരിക്കു… കോൺസെൻട്രേഷൻ കളയാതെ”…. കഴിക്കുന്ന ഭക്ഷണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു ജീനയിരുന്നു.വീട്ടിൽ നിന്ന് കൊണ്ടുവന്ന ഭക്ഷണം കഴിച്ച് തീർക്കാൻ ശ്രമിക്കുകയാണ് നാൽവർസംഘം.” ഡീ സന്ധ്യേ എങ്ങനെയുണ്ടായിരുന്നു നിന്റെ കോൺഫറൻസ്…” ഏതോ ലോകത്തിൽ ഇരുന്ന സന്ധ്യയോടെ അന്നചോദിച്ചു.” കണ്ടെടി കണ്ടു…. മഞ്ഞ മലയെ ഞാൻ വീണ്ടും കണ്ടു “.. ഡോക്ടർസ് മീറ്റ് കഴിഞ്ഞപ്പോൾ അവളുടെ ഉള്ള ബോധം കൂടി പോയി…” ശ്രുതി പറഞ്ഞു.” മഞ്ഞ മലയോ അതാരാ ഡി വല്ല ചെക്കന്മാരും ആണോ”… ജീന സജീവമായി.അതേടി ഒരു ചെക്കൻ…എന്താ സൗന്ദര്യം.. എന്ത തലയെടുപ്പ്.. എന്തു ഭംഗിയാടി ആ കണ്ണുകൾക്ക്…അപ്പോൾ വിനു… ശ്രുതി ചോദിച്ചു.”” വിനു തന്നെ മതി ഡി… ഇത് നമുക്ക് ഒന്നും കിട്ടില്ല.. അത്രയ്ക്ക് അഡാർ ഐറ്റം ആണ്.” സന്ധ്യ സങ്കടത്തോടെ പറഞ്ഞു.” ഒന്നു വിശദമായി പറയെടീ..ആരാണ് അവൻ.. അന്ന ചോദിച്ചു.അവൾ പറഞ്ഞു തുടങ്ങി.. പേര് “ഡോക്ടർ എബിൻ ജോസഫ് മാളിയേക്കൽ “…..തുടരും…