22/04/2026

നീ മാത്രം : ഭാഗം 34

രചന – വൈദേഹി ദേഹി

പിറ്റേന്ന് അലാറം അടിച്ചതും ദേവി ചാടി എണീറ്റു…ഇന്നലെ നടന്നതെല്ലാം ഒരു സ്വപ്നം പോലെ അവൾക്ക് തോന്നി…അവൾ തല ഒന്ന് കുടഞ്ഞു…

എന്നാലും നവിയേട്ടന് ഇതെന്താ പറ്റിയെ… വർഷങ്ങൾക്കു ശേഷമുള്ള ആ വിളി…

ആ വിളി മനസ്സിലേക്ക് വന്നതും അവളറിയാതെ തന്നെ അവളുടെ കണ്ണുകളിൽ കണ്ണുനീർ പൊടിഞ്ഞു…എല്ലാവർക്കും താൻ ദേവുവും ദേവൂട്ടിയും ഒക്കെ ആരുന്നപ്പോ നവിയേട്ടന് മാത്രമാരുന്നു താൻ ദേവ ആയത്… മറ്റാരേക്കാളും നവിയേട്ടന്റെ ദേവ എന്നുള്ള വിളി ആരുന്നു തനിക്ക് ഏറ്റവും പ്രീയപ്പെട്ടത്…

ആ ഓർമയിൽ അവളൊന്നു ചിരിച്ചു…

രാവിലെ കയ്യിൽ ചായയും മറ്റേ കയ്യിൽ ഫോണുമായി ബാൽക്കണിയിലോട്ട് പോണ വഴിക്ക് വിനു ചുമ്മാ അവളുടെ റൂമിന്റെ വാതിൽ തുറന്നൊന്നു നോക്കിയതും കണ്ടു തനിയെ എന്തോ ഓർത്തിരുന്നു ചിരിക്കുന്ന ദേവിയെ…

ദൈവമേ… ഇവളെന്താ തന്നെ ഇരുന്നൊക്കെ ചിരിക്കുന്നേ…

ഡീ…

അവന്റെ വിളി കേട്ടതും ദേവി ഞെട്ടി അവനെ നോക്കി…അവളെ അടിമുടി സംശയത്തിൽ നോക്കുന്ന അവനെ കണ്ടതും അവളൊന്നു പതറി പോയി… അവൾ ചുറ്റും ഒന്ന് നോക്കി എന്നിട്ട് അവനെ നോക്കി എന്താണെന്നുള്ള മട്ടിൽ പുരികം പൊക്കി…

നീയെന്താ പതിവില്ലാതെ നേരത്തേ എണീറ്റിരുന്നു ചിരിക്കുന്നെ?

ച്… ചിരിക്കുന്നോ… ഞാനോ… പിന്നെ നിനക്ക് തോന്നിയതാവും…

പിന്നെ നീ ചിരിക്കുന്ന പോലെയൊക്കെ തോന്നാൻ എനിക്കെന്താ വട്ടുണ്ടോ…

ഉണ്ടോ എന്ന് ചോദിച്ച് ബുദ്ധിമുട്ടണ്ട കാര്യം ഒന്നും ഇല്ലല്ലോ…

അവനെ നോക്കി പുച്ഛിച്ചോണ്ട് അതും പറഞ്ഞവൾ കട്ടിലേന്ന് എണീറ്റു ബാത്‌റൂമിലേക്ക് നടന്നു…

അവളുടെ പോക്ക് നോക്കികൊണ്ട് നിന്ന വിനു സംശയത്തിൽ താടി ഒന്നുഴിഞ്ഞു…

ഇവിടെ ഞാൻ അറിയാതെ എന്തൊക്കെയോ നടക്കുന്നുണ്ട്… ഹ്മ്മ്… വരട്ടെ… കയ്യോടെ പൊക്കാം എല്ലാം…

അതും പറഞ്ഞോണ്ട് അവൻ ബാൽക്കണിയിലേക്ക് നടന്നു…

പതിയെ ബാത്‌റൂമിന്റെ വാതിൽ തുറന്ന് അവൾ തല വെളിയിലേക്ക് ഇട്ടു… അവൻ പോയെന്നു കണ്ടതും അവൾ ശ്വാസം വിട്ട് ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചു…

•••••••••••••••••••••••••••••••••••••••••••

രാവിലെ കോളേജിലേക്ക് പോകാൻ റെഡി ആവുകയാരുന്നു നന്ദു… അപ്പോഴാണ് ഇന്നലെ അവളുടെ വാച്ച് ദേവിയുടെ റൂമിൽ വെച്ചിട്ടാണ് വന്നതെന്ന് അവൾ ഓർത്തത്…

ശേ… ഇറങ്ങാൻ നേരം എടുക്കാൻ ഓർക്കണോന്നു കരുതീതാ… അതെങ്ങനാ ആ കാട്ടുപോത്തിന്റെ കൂടെ വരുന്ന വെപ്രാളത്തിന് അത് മറന്നു…

അതും പറഞ്ഞോണ്ട് അവൾ ഫോൺ എടുത്ത് ദേവിയെ വിളിച്ചു…

പവർ ബാങ്ക് എടുക്കാനായി ദേവിയുടെ റൂമിൽ വന്നതാരുന്നു വരുൺ…അവൾ കുളിച്ചിട്ട് ഇറങ്ങീട്ടില്ലാരുന്നു…

ഡീ… നിന്റെ പവർ ബാങ്ക് എവിടാ ഇരിക്കുന്നെ…

ബാത്‌റൂമിന്റെ ഡോറിന്റെ അവിടെ നിന്നോണ്ട് വരുൺ ചോദിച്ചു…

അത് ദാ ആ ഷെൽഫിൽ ഇരിപ്പുണ്ട് ഏട്ടാ…

അവൾ അകത്തുനിന്ന് മറുപടി പറഞ്ഞു…

ആഹ്…

അവൻ അതെടുക്കാനായി ഷെൽഫിൽ തപ്പി കൊണ്ടിരുന്നപ്പോഴാണ് അവളുടെ ഫോൺ അടിച്ചത്…

“NANDU CALLING”

അവന്റെ മുഖത്തൊരു ചിരി തെളിഞ്ഞു…അവൻ ബാത്‌റൂമിലേക്ക് ഒന്ന് നോക്കി… ദേവി ഉടനെ ഇറങ്ങുന്ന ലക്ഷണമൊന്നും ഇല്ലെന്നു അവനു മനസ്സിലായി… അപ്പൊ തോന്നിയ ഒരു കുസൃതിയിൽ അവനാ ഫോൺ കയ്യിൽ എടുത്തു അറ്റൻഡ് ചെയ്തു…

ഡീ… എന്റെ വാച്ച് നിന്റെ റൂമിൽ ആ മേശപ്പുറത്തു ഇരിപ്പുണ്ട്… ഇന്നലെ രാവിലെ വന്നപ്പോ ഞാൻ ഊരി വെച്ചതാരുന്നു… പോകാൻ നേരം എടുക്കാല്ലോന്ന് കരുതി… പക്ഷെ പിന്നെ ആ കാട്ടുപോത്തിന്റെ കൂടെ പോകുന്ന ടെൻഷനിൽ അത് മറന്നു… നീ അതൊന്നു എടുത്തേക്കണേ… ഞാൻ ഒരുങ്ങുവാ… നീ വേഗം വന്നേക്കേ…

അതും പറഞ്ഞവൾ ഫോൺ കട്ട്‌ ആക്കി… വരുൺ ഒരു കള്ളചിരിയോടെ മീശ ഒന്ന് പിരിച്ചു…പെട്ടന്ന് അവന്റെ ഫോൺ റിങ് ചെയ്തു…അവൻ അതെടുത്തു നോക്കി… സ്‌ക്രീനിൽ തെളിഞ്ഞ പേര് കണ്ടതും അവന്റെ മുഖത്തെ ചിരി മാഞ്ഞു ഗൗരവം നിറഞ്ഞു… അവൻ ദേവിയുടെ ഫോൺ മേശപ്പുറത്തേക്ക് തന്നെ വെച്ചു വേഗം പുറത്തേക്ക് പോയി…

അവൻ മുറീന്ന് ഇറങ്ങിയതിന്റെ പിറകെ ദേവി കുളിച്ചിട്ട് ബാത്‌റൂമിന്ന് ഇറങ്ങി…തല തോർത്തീട്ട് ടവൽ ഹാങ്ങറിൽ ഇട്ട് മിററിൽ നോക്കി മുടി ഒന്ന് ഉടക്ക് കളഞ്ഞു വിടർത്തിയിട്ടു… അപ്പോഴാണ് ഫോൺ ചാർജ് ചെയ്യാൻ ഇട്ടില്ലല്ലോന്ന് അവൾ ഓർത്തത്… മേശപ്പുറത്തിരിക്കുന്ന ഫോൺ കുത്തിയിടാനായി ചാർജറിൽ കുത്തിയപ്പോഴാണ് നന്ദുവിന്റെ കാൾ എൻഡഡ് എന്ന നോട്ടിഫിക്കേഷൻ സ്‌ക്രീനിൽ തെളിഞ്ഞു കിടക്കുന്നതവൾ കണ്ടത്…

ഏഹ്…കാൾ എൻഡഡ് ഓ… അതിനവൾ ഇന്ന് വിളിച്ചില്ലാരുന്നല്ലോ… പിന്നെ ഇതെങ്ങനാ…

അതും പറഞ്ഞോണ്ട് അവൾ നന്ദുനെ അങ്ങോട്ട് വിളിച്ചു…

എല്ലാരുടെ ബ്രേക്ഫാസ്റ് കഴിച്ചോണ്ടിരുന്നപ്പോഴാണ് നന്ദുവിന്റെ ഫോൺ റിങ് ചെയ്തത്…

“DEVI CALLING”

ദേവിയാണല്ലോ… ഇവളെന്താ വിളിക്കുന്നെ…

അതും പറഞ്ഞോണ്ട് അവൾ കാൾ അറ്റൻഡ് ചെയ്തു കൊണ്ടു കൈ കഴുകാനായി എണീറ്റു… ദേവിയുടെ പേര് കേട്ടതും നവിയുടെ മുഖത്ത് ഒരു കള്ളച്ചിരി വിരിഞ്ഞു… മറ്റാരും അത് കണ്ടില്ലെങ്കിലും ഗോപികക്ക് അത് മനസ്സിലായി… അവർ ഒരു ചിരിയോടെ കഴിപ്പ് തുടർന്നു…

ഹലോ…

” ഡി… നീ എന്നെ കുറച്ചു മുന്നേ വിളിച്ചോ…കാൾ എൻഡഡ് എന്ന് പറഞ്ഞു കിടക്കുന്നല്ലോ… ”

വിളിച്ചോന്നോ… പിന്നെ ഞാൻ വിളിച്ചപ്പോ നീയല്ലേ ഫോൺ എടുത്തേ…

“ഏഹ്… ഞാനോ… ഫോൺ അടിച്ചത് ഞാൻ കേട്ട് പോലുമില്ലല്ലോ… ഞാൻ കുളിക്കുവാരുന്നു…”

പെട്ടന്ന് നന്ദു കൈകഴുകി കൊണ്ടിരിക്കുന്നത് ഒന്ന് നിർത്തി…അവൾ മിററിൽ കൂടി കാണുന്ന അവളുടെ പ്രതിബിംബത്തിലേക്ക് നോക്കി…

പ്… പിന്നെ?ഞാൻ വിളിച്ചപ്പോ കാൾ അറ്റൻഡ് ആയിരുന്നല്ലോ… ഞാൻ എന്റെ വാച്ച് നിന്റെ മുറിയിലിരിക്കുന്നത് എടുക്കാൻ പറയാൻ ആരുന്നു വിളിച്ചേ…

“അറ്റൻഡ് ആയെന്നോ… എന്നിട്ട് ഒന്നും പറഞ്ഞില്ലേ…”

ഇല്ല… ഞാൻ ഒരുങ്ങിക്കൊണ്ടിരിക്കുന്ന തിരക്കിൽ ഇങ്ങോട്ട് ഒന്നും പറയാൻ ടൈം കൊടുത്തില്ല… പെട്ടന്ന് പറഞ്ഞിട്ട് അങ്ങ് ഫോൺ വെച്ചു…

“നൈസ്… എന്നാ നീ പേടിക്കണ്ട കേട്ടോ… ഞാനല്ല മിക്കവാറും വരുണേട്ടനാകും ഫോൺ എടുത്തത്…”

നന്ദു ഞെട്ടിപ്പോയി…

വ… വരുണേട്ടനോ…

“ആഹ് വരുണേട്ടൻ…ഞാൻ കുളിച്ചോണ്ട് നിന്നപ്പോ ഏട്ടൻ പവർബാങ്കും ചോദിച്ചോണ്ട് റൂമിൽ വന്നാരുന്നു… മിക്കവാറും അപ്പോഴാരിക്കും നീ വിളിച്ചേ…”

ഈശ്വരാ… അപ്പൊ ഞാൻ കാട്ടുപോത്തെന്ന് വിളിച്ചത്…?

നന്ദു ഇടത്തെ കയ്യിലെ നഖം കടിച്ചോണ്ട് ഫോൺ താഴ്ത്തി…

“ഹലോ…ഹലോ… ഡി നീ കേൾക്കുന്നുണ്ടോ ”

അപ്പോഴാണ് താഴേന്നു ഒന്ന് കരച്ചിലും ബഹളോം ദേവി കേട്ടത്… അവൾ പെട്ടന്ന് ഫോൺ വെച്ചിട്ട് താഴേക്ക് ഓടി…

•••••••••••••••••••••••••••••••••••••••••••

കൈ കഴുകാനായി വാഷ്ബേസിന്റെ അടുത്തേക്ക് വന്നപ്പോഴാണ് അവിടെ മിററിൽ നോക്കി കൈകടിച്ചോണ്ട് നിൽക്കുന്ന നന്ദുനെ മാലതി കണ്ടത്…

ഇവളിതെന്താ ഇങ്ങനെ നിൽക്കുന്നെ…

മാലതി ഓർത്തു…

ഡീ…

നന്ദു ഞെട്ടികൊണ്ട് അവരെ നോക്കി…

എന്താ…

നീയിതെന്താ കൈകഴുക്കാൻ വന്നിട്ട് കഴുകാതെ കണ്ണാടിയിൽ നോക്കി നില്കുന്നെ…

ഞാനെ… എന്റെ സൗന്ദര്യം ഒന്ന് ആസ്വദിച്ചു നിന്ന് പോയതാ…എന്താ വല്ല കുഴപ്പോം ഉണ്ടോ… ഹ്മ്മ്…മനുഷ്യനെവിടെയും ഒന്ന് നിൽക്കാനും പറ്റില്ലേ വന്നു വന്നു…ഇതെന്താ വെള്ളരിക്കാപട്ടണമോ…

നന്ദു ദേഷ്യപ്പെട്ടോണ്ട് അതും പറഞ്ഞവിടുന്ന് പോയി… കൊച്ചിന് കുറച്ചു സങ്കടമുണ്ടേ…

ശെടാ… ഇവളിതെന്തിനാ എന്നോട് ചാടുന്നെ… ആഹ് സൗന്ദര്യം ആസ്വദിക്കാനെന്നും പറഞ്ഞു ആ മോന്ത അല്ലെ നോക്കികൊണ്ട് നിന്നേ… അതിന്റെ ആകും…അല്ല പിന്നെ…

അതും പറഞ്ഞോണ്ട് അവർ കൈകഴുകാൻ തുടങ്ങി…

•••••••••••••••••••••••••••••••••••••••••••

കരച്ചിൽ കേട്ട് താഴേക്ക് ഓടി വന്ന ദേവിയും വിനും കണ്ടത് അച്ഛമ്മയുടെ അടുത്തിരുന്ന് കരഞ്ഞു പതം പറയുന്ന സാവിത്രിയപ്പച്ചിയെ ആണ്… അവർ പരസ്പരം ഒന്ന് നോക്കി…കൃഷ്ണനും അപ്പുറത്തിരിപ്പുണ്ട്… ഗായത്രി ആണേ ഇതെല്ലാം കണ്ടോണ്ട് അവിടെ ചിരിച്ചോണ്ട് മാറി നിൽപ്പുണ്ട്…

എന്നാലും വല്യമ്മക്ക് എന്നോട് ഇത്രേം സ്നേഹമേ ഉള്ളെന്ന് ഞാൻ അറിഞ്ഞില്ല…

അവർ കരഞ്ഞോണ്ട് മൂക്ക് പിഴിഞ്ഞു…

ഓഹ്… വൃത്തികെട്ട തള്ള… ഇനി അതെല്ലാം അവിടെ തേച്ചു വെക്കും…

ദേവി മുഖം ചുളിച്ചുകൊണ്ട് പറഞ്ഞു…

അതേ…

വിനു പറഞ്ഞു…

നീ രാവിലെ എന്റെ സ്നേഹം അളക്കാനാണോ സാവിത്രി ഇങ്ങോട്ട് വന്നേ…

അച്ഛമ്മ ചോദിച്ചു…

എന്നാലും ഇത്രേം വല്യ പൂജ നടക്കുന്നുണ്ടെന്ന് എന്നോട് നേരത്തെ പറഞ്ഞില്ലല്ലോ…

അവർ പറഞ്ഞു…

എന്റെ പൊന്നു സാവിത്രി… നീ ഇങ്ങനെ കിടന്ന് കരയാതെ… പൂജ നേരത്തേ തീരുമാനിച്ചതൊന്നും അല്ല… നിന്നോട് എത്ര വട്ടം പറയണം… വരുണും വിനും വന്നപ്പോ അങ്ങ് തീരുമാനിച്ചു… അത്രേ ഉള്ളൂ…

കൃഷ്ണൻ പറഞ്ഞു…

ഹ്മ്മ്…എനിക്കറിയാം… ഇപ്പൊ പണ്ടത്തെ പോലെ ഒന്നും ആർക്കും എന്നോട് ഒരു സ്നേഹം ഇല്ല…

അതിപ്പോഴാണോ അപ്പച്ചിക്ക് മനസ്സിലായത്…

വിനു ദേവിയുടെ ചെവിയിൽ പറഞ്ഞു…

അല്ല… എന്റെ വരുൺ മോനെന്തേ…

അവർ ചുറ്റും നോക്കികൊണ്ട് ചോദിച്ചു…

ഇവരെന്താ മുന്നിൽ നിൽക്കുന്ന എന്നെ കണ്ടില്ലേ… ആ വരുണിനെ തന്നെ തിരക്കാൻ…

ആഹ്… വരുൺ മുകളിൽ നിന്ന് ഫോൺ ചെയ്യുന്ന കണ്ടു… നീ ദാ വിനു നിൽക്കുന്ന കണ്ടില്ലേ…

കൃഷ്ണൻ പറഞ്ഞു…

ഇയ്യോ… എന്റെ മോൻ ഇവിടെ നിൽപ്പുണ്ടാരുന്നോ… അപ്പച്ചി കണ്ടേ ഇല്ല…

അതും പറഞ്ഞു അവർ അവന്റെ അടുത്തേക്ക് വന്നു…

മ്മ്മ്… പ്രായമായി വരുവല്ലേ അപ്പച്ചി… അതിന്റെയാ… കാഴ്ചശക്തി ഒക്കെ കുറയും…

വിനു പറഞ്ഞു… ദേവി അത് കേട്ട് ചിരിച്ചു…

പോടാ…എനിക്കൊരു കാഴ്ച കുറവും ഇല്ല…കളിയാക്കുന്നോ മനുഷ്യനെ…

അതും പറഞ്ഞവർ അവന്റെ കയ്യിൽ ഒരു അടി വെച്ചുകൊടുത്തിട്ട് ദേവിയെ നോക്കി…

ഈ തള്ള…

അവൻ അടികിട്ടിയ ഭാഗം തുടച്ചുകൊണ്ട് അവരെ നോക്കി പല്ലു കടിച്ചു…

അപ്പച്ചിടെ മോളങ്ങു സുന്ദരി ആയല്ലോ… കേട്ടോ നാത്തൂനെ… ഇവൾ ഇന്നാളിൽ കണ്ടതിനേക്കാളും നിറോം വെച്ചു മുടിം വളർന്നു…

അവളുടെ തലയിൽ തലോടി മുടി പിടിച്ചു നോക്കികൊണ്ട് അവർ ഗായത്രിയോട് പറഞ്ഞു…അവർ ചിരിച്ചു… ദേവി ആണേ ഷോക്ക് അടിച്ച പോലെ നിൽക്കുവാരുന്നു…

നീ ചെല്ല് സാവിത്രി…ചെന്നു വല്ലതും കഴിക്കാൻ നോക്ക്… ഞങ്ങളും കഴിക്കാൻ പോകുവാ…

അതും പറഞ്ഞു ലക്ഷ്മിയമ്മയും കൃഷ്ണനും ഗായത്രിയും കൂടെ ഡൈനിംഗ് ഹാളിലേക്ക് നടന്നു… പിറകിനു സാവിത്രിയും…

തീർന്നെടി തീർന്നു… നിന്റെ മുടീടെ കാര്യത്തിൽ തീരുമാനം ആയി… നാളെ ഒരെണ്ണമെങ്കിലും തലയിൽ ഉണ്ടായാൽ ഭാഗ്യം…

വിനു ദേവിയോട് പറഞ്ഞു… അവൾ അവനെ ഒന്ന് നോക്കികൊണ്ട് അവളുടെ മുടി കയ്യിലേക്കെടുത്തു അതിലേക്ക് നോക്കി നിന്നു…

എന്റെ മുടി…

പിള്ളേരെ… വന്നേ… വന്നു കഴിക്ക്…

ഗായത്രി അവരെ വിളിച്ചു…

ഹ്മ്മ്… ബാ…

വിനു അതും പറഞ്ഞോണ്ട് അങ്ങോട്ടേക്ക് നടന്നു…അവർ രണ്ടൂടെ അവിടോട്ട് ചെന്നതും കണ്ടു പാത്രത്തീന്ന് വാരി വലിച്ചു കഴിക്കുന്ന സാവിത്രിയെ…

ഹോ… ഈ തള്ള അവിടെ പട്ടിണി ആരുന്നോ… ആഹാരം കണ്ടിട്ടില്ലാത്ത പോലെ കഴിക്കാൻ…

വിനു മനസ്സിൽ പറഞ്ഞോണ്ട് അവരെ നോക്കി ചിരിച്ചു… എന്നിട്ട് അവിടോട്ടിരുന്നു കഴിക്കാൻ തുടങ്ങി…അപ്പോഴാണ് വരുൺ അങ്ങോട്ട് വന്നത്… അവന്റെ മുഖത്ത് വല്ലാത്തൊരു ഗൗരവം നിറഞ്ഞിരുന്നു…

വരുൺമോനേ…

ആഹ്… അപ്പച്ചി ഇതെപ്പോ വന്നു…

വരുൺ അവരെ നോക്കി ഒരു ചിരി വരുത്തികൊണ്ട് ചോദിച്ചു…

അപ്പച്ചി വന്നിട്ട് കുറച്ചു നേരമായി… ഞാൻ വന്നപ്പോഴേ മോനെ തിരക്കിയാരുന്നു…ബാ വന്നു കഴിക്ക്…

ദേവിയും വിനും പരസ്പരം ഒന്ന് നോക്കി… വരുൺ അവരുടെ പിറകിലായിട്ട് നിൽക്കുന്നത് കൊണ്ടു അവർക്ക് അവനെ കാണാൻ പറ്റുന്നുണ്ടാരുന്നില്ല…

ആഹ്… ഞാൻ കുറച്ചു ബിസി ആയിപോയി… അപ്പച്ചി കഴിക്ക്… ഞാനിവിടെ തന്നെ ഉണ്ടല്ലോ…

അതെന്താ വരുൺ…നീ കഴിക്കുന്നില്ലേ…

കൃഷ്ണൻ ചോദിച്ചു…

ഇല്ല ചെറിയച്ചാ… എനിക്കിപ്പോ വേണ്ട…വന്നിട്ട് കഴിക്കാം…

നീ ഇത് എവിടെ പോവാ…

ലക്ഷ്മിയമ്മ ചോദിച്ചു…

ഞാൻ ഇവളെ കോളേജിലോട്ട് വിടാൻ…

കഴിച്ചോണ്ടിരുന്ന ദേവി പെട്ടന്ന് അത് നിർത്തി തിരിഞ്ഞവനെ നോക്കി…

വേണ്ട ഏട്ടാ… ഞാൻ സ്കൂട്ടറിനു പൊയ്ക്കോളാം…നന്ദും ഉണ്ടല്ലോ…

വേണ്ട… നീ പറയുന്നത് അങ്ങ് കേട്ടാൽ മതി…ഞാൻ കൊണ്ടു വിടാം നിന്നേ…

പതിവില്ലാതെ വരുൺ തന്നോട് ഗൗരവത്തിൽ പറയുന്നത് കേട്ടതും ദേവി പിന്നൊന്നും പറഞ്ഞില്ല… അവന്റെ സംസാരത്തിൽ വ്യത്യാസം ശ്രെദ്ധിച്ച വിനുവും അവനെ സംശയത്തിൽ ഒന്ന് തിരിഞ്ഞു നോക്കി…

ഹാ…മോൻ പറയുന്നത് കേട്ടൂടെ ദേവു… വെറുതെ എന്തിനാ ആ പെണ്ണിന്റെ കൂടെ എപ്പോഴും ഈ നടക്കുന്നെ…

സാവിത്രി പറഞ്ഞു… അത് കേട്ടു ദേവി ദേഷ്യപ്പെട്ടു എന്തോ പറയാൻ വന്നതും ഗായത്രി അവളെ നോക്കി വേണ്ടാന്നുള്ള രീതിയിൽ കണ്ണടച്ചു കാണിച്ചു…പിന്നവൾ ഒന്നും മിണ്ടിയില്ല…

നീ വേഗം കഴിച്ചിട്ട് വാ… നന്ദുനേം വിളിച്ചു പറഞ്ഞേക്ക് അവിടെ റെഡി ആയി നിൽക്കാൻ…

മ്മ്മ്…

അവസാനത്തെ ഡയലോഗ് സാവിത്രിയെ നോക്കി ഒന്ന് പറഞ്ഞിട്ട് വരുൺ കാറെടുക്കാൻ ആയിട്ട് ഇറങ്ങി…ദേവി വിനുനെ നോക്കി എന്താന്നു കണ്ണുകാണിച്ചു…അവൻ അറിയില്ലെന്ന് അത് പോലെ തന്നെ മറുപടി കൊടുത്തു…അവൾ പെട്ടന്ന് കഴിച്ചിട്ട് എണീറ്റു ബാഗും എടുത്ത് കാറിനടുത്തേക്ക് നടന്നു… അപ്പോഴും വിനുന്റെ മനസ്സു മുഴുവൻ വരുണിന്റെ മുഖത്തെ പതിവില്ലാത്ത ഗൗരവം തന്നെയാരുന്നു…

………… തുടരും……