23/04/2026

ഒരു വിവാഹബന്ധം വേർപെടുത്താൻ വേണ്ട പ്രശ്നങ്ങൾ സത്യത്തിൽ നിങ്ങൾ തമ്മിൽ ഇല്ല രാഹുൽ.. വീണയോടും കൂടിയാണ് ഞാൻ പറയുന്നത്.

രചന – പ്രദീപ് കുമാർ

കല്യാണ സൗഗന്ധികം.
( കഥ )

ഒരു വിവാഹബന്ധം വേർപെടുത്താൻ വേണ്ട പ്രശ്നങ്ങൾ സത്യത്തിൽ നിങ്ങൾ തമ്മിൽ ഇല്ല രാഹുൽ.. വീണയോടും കൂടിയാണ് ഞാൻ പറയുന്നത്.
കുടുംബകോടതി ജഡ്ജി അത് പറഞ്ഞപ്പോൾ നിർവികാരത ആയിരുന്നു അവരുടെ രണ്ടു പേരുടെയും മുഖത്ത്.
ഇനിയൊരു കൗൺസിലിങ് നിങ്ങൾക്ക് ഈ കോടതി വഴി എന്തായാലും ഇല്ല..
എങ്കിലും കല്യാണം കഴിഞ്ഞു ഒരു വർഷം തികയും മുന്നേ വേർപെടുത്തുക എന്നത് ഞങ്ങൾക്കും വിഷമമുള്ള കാര്യമാണ്.
അതുകൊണ്ട് അടുത്ത പത്തു ദിവസങ്ങളിൽ നിങ്ങളുടെ കുടുംബങ്ങൾ ചേർന്ന് ഒരു ഒത്തു തീർപ്പ് ആയില്ല എങ്കിൽ മാത്രമേ ഈ കോടതി ഇതിൽ വിധി പറയുകയുള്ളൂ.
വീണയും രാഹുലും എഴുന്നേറ്റ് അവരുടെ കുടുംബത്തോടൊപ്പം ചേർന്നു, പിന്നീട് പുറത്തേക്ക് പോയി, പോകുമ്പോൾ രണ്ടുപേരുടെയും കണ്ണുകൾ ഒരുനിമിഷം കൂട്ടിമുട്ടിയിരുന്നു. എന്തുകൊണ്ടോ അവർ രണ്ടു പേരും ദുഖിതർ ആയി കാണപ്പെട്ടു.

എട്ടു മാസം മുന്നേ അർഭാടമായി നടന്ന വിവാഹമാണ് ഇപ്പോൾ കോടതിക്ക് മുന്നിൽ വേർപിരിയലിൽ എത്തി നിൽക്കുന്നത്.
കല്യാണ ദിനം മുതൽ രണ്ടു വീട്ടുകാരും തമ്മി ലുണ്ടായ നിസ്സാര കാര്യങ്ങളെ ചൊല്ലിയുണ്ടായ തർക്കങ്ങൾ പിന്നീട് വളർത്തി വലുതാക്കി ഇവിടെ വരെ കൊണ്ടെത്തിച്ചു എന്നു വേണമെങ്കിൽ പറയാം.
ആരുടെ ഭാഗത്താണ് തെറ്റ് എന്നുള്ളത് ഇപ്പോഴും വ്യക്തമല്ല, എങ്കിലും അവരുടെ കുടുംബങ്ങൾ ശത്രുക്കളെ പോലെയായി.
അവർ രണ്ടുപേരും വളരെ അകന്നു പോയിരിക്കുന്നു, അറിഞ്ഞോ അറിയാതെയോ.
വിവാഹപന്തലിൽ വച്ച് സദ്യയുടെ പേരിലുണ്ടായ ചെറിയ പിണക്കങ്ങളാണ് പിന്നീട് രണ്ട് വീടുകളിലേക്ക് എത്തപ്പെട്ടത്. സുഹൃത്തുക്കളുടെ ആത്മാർത്ഥത ബന്ധുക്കളിൽ ഇല്ലാതെ പോയത് കാര്യങ്ങൾ കൂടുതൽ വഷളാക്കി.
വീണയുടെയും രാഹുലിന്റെയും വിവാഹം അറേയ്ഞ്ച്ഡ് മാര്യേജ് ആയിരുന്നു.
എങ്കിലും എല്ലാ കാര്യങ്ങളും പരസ്പരം സംസാരിച്ച് രണ്ടുപേരും വളരെ ഇഷ്ടപ്പെട്ടു തന്നെയായിരുന്നു വിവാഹം നടന്നത്.
അവർ രണ്ടുപേരും തമ്മിൽ പറയത്തക്ക യാതൊരുവിധ പ്രശ്നങ്ങളും ഒരിക്കലും ഉണ്ടായിട്ടില്ല, എങ്കിലും വീട്ടുകാരുടെ ഭാഗത്തേക്ക്‌ രണ്ടുപേരും ഇപ്പോൾ മാറി എന്നതാണ് യാഥാർഥ്യം.

വീണയുടെയും രാഹുലിന്റെയും കുടുംബങ്ങൾ
വിദ്യാസമ്പന്നരും ധനികരുമാണ് .
വിവാഹത്തിനുശേഷം മൂന്നോ നാലോ പ്രാവശ്യം എങ്കിലും വീണ രാഹുലിന്റെ വീടുമായി പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയി താമസിച്ചു, അവിടെയും അവളുടെ വീട്ടുകാരുടെ വാശിക്ക് അവൾ വഴങ്ങുകയായിരുന്നു.
രാഹുലും വീണയും തമ്മിലുള്ള പ്രശ്നങ്ങളേക്കാൾ കൂടുതൽ രണ്ടു വീട്ടുകാരും തമ്മിലുള്ള പ്രശ്നങ്ങളായി ഇപ്പോൾ കാര്യങ്ങൾ മാറി.

കോടതി അനുവദിച്ച പത്ത് ദിവസങ്ങൾ കൂടി കഴിഞ്ഞിട്ടും കുടുംബങ്ങൾ തമ്മിൽ ഒരു ഒത്തുതീർപ്പിൽ എത്തിയില്ല, അങ്ങനെ കോടതി രണ്ടുപേർക്കും വിവാഹമോചനം അനുവദിച്ചു. രണ്ടുപേരെയും വിവാഹ ഉടമ്പടിയിൽ നിന്നും കോടതി വേർപ്പെടുത്തി..വിധി അവരെ മോചിതരാക്കി.. അന്യരാക്കി.

വീണയുടെയും രാഹുലിന്റെയും യഥാർത്ഥ പ്രശ്നങ്ങൾ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ ഈ വിവാഹമോചനത്തോടെ.
രണ്ടുപേരും പരസ്പരം എത്ര സ്നേഹിച്ചിരുന്നു എന്ന് അവർക്ക് മനസ്സിലായി തുടങ്ങിയത് ഈ വിവാഹമോചനം കഴിഞ്ഞതിനുശേഷമാ ണ്.
പക്ഷേ എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു, അവർ ഇപ്പോൾ ആരുമില്ലാതെ ആയി തീർന്നിരിക്കുന്നു.
മാസങ്ങൾ മുന്നോട്ടു പോയപ്പോൾ വീട്ടുകാർ രണ്ടുപേരോടും മറ്റൊരു വിവാഹം കഴിക്കാൻ നിർബന്ധിച്ചു കൊണ്ടിരുന്നു.
എന്നാൽ രണ്ടുപേരും മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നത് പോലുമില്ലായിരുന്നു.

ദിനങ്ങൾ വീണ്ടും മുന്നോട്ടു നീങ്ങി, ഇതിനിടയിൽ ഒരിക്കൽ പോലും അവർ പരസ്പരം കണ്ടിട്ടേയില്ല.
എങ്കിലും ചില സുഹൃത്തുക്കൾ വഴി രണ്ടുപേരും പരസ്പരം കാര്യങ്ങൾ മനസ്സിലാക്കുന്നുണ്ടായിരുന്നു.
താൻ രാഹുലിന്റെ വീട്ടിൽ നട്ട കല്യാണസൗഗന്ധികം ചെടി വളർന്നു മൊട്ടിട്ടു പൂ പിടിച്ചോ എന്ന് പോലും അവൾ ഇടയ്ക്ക് ആലോചിച്ചു.
അത് അവൾക്ക് രാഹുൽ സമ്മാനിച്ച ചെടിയായിരുന്നു, രാത്രിയിൽ വിരിഞ്ഞു പരിമളം പരത്തുന്ന ഈ വെള്ളപൂക്കൾ ഒരിക്കൽ ഭീമസേനൻ പാഞ്ചാലിക്ക് പ്രണയോപഹാരമായി സമ്മാനിച്ചത് ആണെന്നും അന്ന് രാഹുൽ അവളെ ഓർമ്മപ്പെടുത്തിയിരുന്നു.
എല്ലാം ഓർക്കുമ്പോൾ വല്ലാത്തൊരു വീർപ്പുമുട്ടൽ ആണിപ്പോൾ വീണയ്ക്ക് .
തങ്ങൾ ഒരിക്കലും പിരിയേണ്ടവരല്ലെന്നും സ്നേഹിച്ച് ജീവിതകാലം മുഴുവൻ കഴിയേണ്ടവരായിരുന്നു എന്നും അവർക്ക് രണ്ടുപേർക്കും മനസ്സിലായി തുടങ്ങി.
ഇനി എന്ത് ചെയ്യാനാണ്..
ഇപ്പോൾ രണ്ടുപേരും വിവാഹമോചിതരാണ് അന്യരാണ്..
പരസ്പരം യാതൊരു ബന്ധവുമില്ലാത്തവരായി രണ്ടിടത്തു ജീവിക്കുന്നു.
ഇനി എങ്ങനെ ജീവിതം മുന്നോട്ടുപോകും എന്നുള്ള വീർപ്പുമുട്ടലിൽ ദിനങ്ങൾ ആഴ്ചകൾ മാസങ്ങൾ വീണ്ടും കൊഴിഞ്ഞു പോയ്കൊണ്ടേയിരുന്നു.
ഏകദേശം ആറു മാസങ്ങൾക്ക് ശേഷം രണ്ടുപേർക്കും സൗഹൃദമുള്ള ഒരു സുഹൃത്തിന്റെ വിവാഹത്തിൽ അവർ യാദൃശ്ചികമായി കണ്ടുമുട്ടി.
അവർ സുഖവിവരങ്ങൾ പരസ്പരം അന്വേഷിച്ചു..യാ ന്ത്രികമായി സന്തോഷം പ്രകടിപ്പിച്ചു.
മറ്റൊരു വിവാഹത്തിന് ശ്രമിക്കുന്നില്ലേ എന്ന് രണ്ടുപേരും പരസ്പരം ചോദിച്ചപ്പോൾ അവർക്കിടയിൽ മൗനം ആയിരുന്നു മറുപടി.
ആ കൂടിക്കാഴ്ചയിൽ, ആ നിശബ്ദതയിൽ, ആ നോട്ടത്തിൽ അവർ പരസ്പരം മനസ്സിലാക്കിയ ഒരു കാര്യം അവർ ഇപ്പോഴും സ്നേഹിക്കുന്നുണ്ട്, അവർ ഒരിക്കലും പിരിയേണ്ടവരല്ലായിരുന്നു എന്ന സത്യമായിരുന്നു.

പിന്നീട് എല്ലാം വളരെ പെട്ടെന്ന് തന്നെ നടന്നു. അവർ പരസ്പരം ഫോൺ ചെയ്യാൻ ആരംഭിച്ചു,
അവർ ചാറ്റ് ചെയ്യാൻ ആരംഭിച്ചു,
അവർ അവരുടെ മനസ്സു വീണ്ടും പഴയപോലെ തുറക്കാൻ ശ്രമിച്ചു.
ആരാദ്യം പറയും എന്നുള്ള ചിന്തയിൽ കാര്യങ്ങൾ മുന്നോട്ടു പോയപ്പോൾ രണ്ടുപേരും ഒരേ ദിവസം തന്നെ നമ്മൾ ഒരിക്കലും പിരിയേണ്ടവർ അല്ലായിരുന്നു എന്നും നമ്മുടെ വീട്ടുകാരുടെ പിടിവാശിക്ക് മുന്നിൽ പെട്ടുപോയ ഇരകൾ മാത്രമാണ് നമ്മൾ എന്ന യാഥാർഥ്യം പരസ്പരം രണ്ടുപേരും അംഗീകരിച്ചു.

വീണേ.. നിനക്ക് സമ്മതമാണെങ്കിൽ ഇനിയും നമുക്ക് ഒരുമിച്ച് തന്നെ ജീവിതത്തിൽ മുന്നോട്ടു പോകാം..
വീട്ടുകാരുടെ ഈഗോ യുടെ പരിണിതഫലമാണ് നമ്മുടെ ഈ വിധി.
നമുക്ക് വീണ്ടും വിവാഹം കഴിച്ചാലോ.. എന്നുള്ള പ്രൊപ്പോസൽ രാഹുൽ ആദ്യം മുന്നോട്ടുവച്ചു.
അത് വീണക്കും സ്വീകാര്യമായി തന്നെ തോന്നി.
എങ്കിലും വീണ മറ്റൊരു സത്യം പറഞ്ഞു..
ഇനി ഒരു വിവാഹം നമുക്ക് വേണ്ട.
താലിയും മാലയും ഒന്നുമല്ല.. പരസ്പരമുള്ള വിശ്വാസവും, സഹകരണവും സ്നേഹവുമാണ് ജീവിതത്തിന്റെ അടിത്തറ, അതുണ്ടെങ്കിൽ മറ്റൊന്നിന്റെയും ആവശ്യമില്ല,
മറ്റെല്ലാം വെറും ആചാരങ്ങൾ മാത്രം. രാഹുലിനും അത് സത്യമെന്നു തോന്നി.

അവർ രണ്ടുപേരുംകൂടി ഒരു വീട് വാടകയ്ക്ക് എടുത്ത് വീണ്ടും താമസം ആരംഭിച്ചു.
അവരുടെ സുഹൃത്തുക്കളും അവരെ ഇഷ്ടപ്പെടുന്ന ഏറെ ബന്ധുക്കളും അവർക്ക് ഒരുപാട് കാലം ഒരുമിച്ച് ജീവിക്കാനുള്ള അനുഗ്രഹം നേർന്നു.
വീട്ടുകാർ ക്ഷണിച്ചത് അനുസരിച്ചു രാഹുലിന്റെ വീട്ടിൽ ഒരുദിനം അവരെത്തി.
താൻ നട്ട കല്യാണ സൗഗന്ധികം ചെടി നിറയെ പൂക്കൾ വിരിഞ്ഞു മണം പേറി അവരെ സ്വീകരിക്കാൻ എന്നപോലെ തലയാട്ടി നിൽക്കുന്നത് വീണ രാഹുലിനെ കാണിച്ചു കൊടുത്തു.
രാഹുൽ ഒരു പൂവിറുത്ത് അവളുടെ മുടിയിൽ തിരുകി കൊടുത്തു.
ഒരു സ്നേഹോപഹാരം പോലെ.
ശുഭം.