25/04/2026

വീടിന്റെ ഉമ്മറത്തിരുന്ന് തകൃതിയായ വായനയിൽ മുഴുകിയിരുന്ന ലക്ഷ്മിയെ കണ്ടിട്ട്, ഇടവഴി നടന്നുപോവുകയായിരുന്ന,

രചന – മീര സഗീഷ്

തസ്തിക
* * * * * *
വനജയുടെ കാലിൽ ക്ഷയം : അതൊരു കോഡ് ആണ്
ലോക വന ദിനം- മാർച്ച് 21
ലോകജലദിനം- മാർച്ച് 22
ലോക കാലാവസ്ഥ ദിനം – മാർച്ച് 23
ലോക ക്ഷയ ദിനം – മാർച്ച് 24
” വനജയുടെ കാലിലെ ക്ഷയ”ത്തിൽ ഇതൊക്കെ അടങ്ങിയിരിക്കുന്നു. 😊

ഒന്നരമാസം കഴിഞ്ഞ് വരാനിരിക്കുന്ന എൽഡിസി തസ്തിക നിയമന പരീക്ഷയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു ലക്ഷ്മി,
തന്റെ ഒരു കൂട്ടുകാരി നിഷയുടെ വിവാഹ ദിനമായ ഡിസംബർ 10നാണ് മനുഷ്യാവകാശ ദിനം, ചന്ദ്രോത്ത് വായനശാല ഉദ്ഘാടന ദിനമായ ജൂൺ 19നാണ് വായനാദിനം..ഏപ്രിൽ 23നാണ് ലോക പുസ്തകദിനം. രണ്ടും രണ്ടാണ്..
പ്രശസ്ത ഹോക്കി താരമായ ധ്യാൻചന്ദിനെ ജന്മദിനമായ ഓഗസ്റ്റ് 29, ദേശീയ കായിക ദിനം ആണ് എന്നാണ് തന്റെ ഒരു സഹോദരന്റെ ജന്മദിനവും….

അങ്ങനെ ഓരോ പ്രധാനപ്പെട്ട ദിനങ്ങളും ചരിത്രസംഭവങ്ങളും മറ്റു പൊതുവിജ്ഞാനത്തിൽ വരുന്ന ചോദ്യങ്ങൾക്കെല്ലാം ഉത്തരം കണ്ടെത്തുന്നത് ഇത്തരം കോഡുകൾ മനസ്സിലുറപ്പിച്ചു വെച്ചിട്ടാണ്..

വീടിന്റെ ഉമ്മറത്തിരുന്ന് തകൃതിയായ വായനയിൽ മുഴുകിയിരുന്ന ലക്ഷ്മിയെ കണ്ടിട്ട്, ഇടവഴി നടന്നുപോവുകയായിരുന്ന,

അവളുടെ അമ്മയുടെ കൂട്ടുകാരി വല്ലിയേച്ചി , കോണി കേറി വീടിന്റെ മുറ്റത്ത് വന്നു.

മധ്യവയസ്ക, ആയിരുന്നെങ്കിലും അവർ സുന്ദരിയായിരുന്നു, കടുംനീല നിറത്തിൽ ചെറിയ വട്ടപ്പൊട്ടുകൾ വിതറി വീണ പോലെയുള്ള സാരി, അവർക്ക് കൂടുതൽ ഇണങ്ങുന്നതായി തോന്നി, ചിരിക്കുമ്പോൾ വെളുത്ത വട്ട മുഖത്ത് നുണക്കുഴികൾ തെളിഞ്ഞു കാണാമായിരുന്നു,.

” എന്തെല്ലാ ലക്ഷ്മി, പഠിക്കാണോ ”
വല്ലിയെ ച്ചി അവളെ നോക്കി ലോഹ്യം പറഞ്ഞു..
” ഭാസ്കര ഏട്ടാ നിങ്ങൾ അവളെ നന്നായി പഠിപ്പിക്കണം, അവൾ ഇപ്പോൾ ഡിഗ്രി നല്ല മാർക്ക് പാസായത് അല്ലേ , ഇനിയും കൂടുതൽ, കോച്ചിങ്ങിന് ഒക്കെ പോയി പഠിച്ചുകഴിഞ്ഞാൽ അവൾക് നല്ല ഒരു സർക്കാർ ജോലി തന്നെ കിട്ടും.. പിന്നെ അവൾക്ക് പൂ പോലെയുള്ള കല്യാണാലോചനകൾ വരും..” വടക്കുഭാഗത്തെ കിണറിനെ കുളിമുറിയിൽ നിന്ന് വെള്ളം വലിച്ചു കുളിക്കുകയായിരുന്ന അച്ഛന്റെ കൈകൾ നോക്കി വല്ലി യേച്ചി പറഞ്ഞു. വല്ലിയേച്ചിയ്ക്ക് തന്റെ മേലുള്ള കരുതൽ കണ്ടു ലക്ഷ്മിയുടെ മനം കുളിർത്തു…അച്ഛൻ അവിടെ നിന്ന് എത്തി നോക്കി.

“ഹും, നിനക്കെന്താ വല്ലി ഞാൻ അവളെ എങ്ങും പഠിപ്പിക്കാൻ ഒന്നും പോകുന്നില്ല, പെമ്പിള്ളേർ ഒക്കെ അത്ര പഠിച്ച മതി. ഇതിനെയൊക്കെ പഠിപ്പിച്ച കാശു കളയാൻ എന്റെ തലയിൽ ഓളം ഒന്നുമില്ല. അവളെ ഞാൻ ആരുടെ കൂടെ വേണമെങ്കിലും കെട്ടിച്ച് അയയ്ക്കും ആരായാലും കുഴപ്പമില്ല, വാർക്ക പണിക്കാരൻ ഓ മണ്ണിന്റെ പണിക്കാരനോ,റോഡ് പണി കാരനോ എന്ന് വേണ്ട ആരുടെ കൂടെ വേണമെങ്കിലും അയയ്ക്കും നിങ്ങളെല്ലാവരും അവളുടെ കല്യാണം കൂടാൻ ഒരുങ്ങിക്കോളൂ, അല്ലാതെ പെൺപിള്ളേർക്ക് വലിയ പഠിത്തം ഓ ജോലിയുടെയോ ഒന്നും ഒരു ആവശ്യവുമില്ല,”

വല്ലിയേച്ചി സ്തബ്ധയായി, വിദ്യാസമ്പന്നനും കേന്ദ്ര ഗവൺമെന്റ് ഉദ്യോഗസ്ഥനുമായ ആ മനുഷ്യനിൽ നിന്ന് അവർ അങ്ങനെ ഒരു മറുപടി തീരെ പ്രതീക്ഷിച്ചിരുന്നില്ല.. മ്ലാന വദനയായി അവർ തിരിച്ച് പോയി . ലക്ഷ്മി പുസ്തകം അടച്ചുവെച്ചു. അച്ഛൻ വെള്ളം കോരി കുളിച്ചു കൊണ്ടിരുന്നു..

പിറ്റേദിവസം അച്ഛൻ ജോലിസ്ഥലത്തേക്ക് തിരിച്ചുപോയി, കുറേ ദിവസങ്ങൾക്കുശേഷം അച്ഛന്റെ ഒരു ഫോൺ കോൾ, ലക്ഷ്മിക്ക് ഒരു കല്യാണ ആലോചന വന്നിട്ടുണ്ട് കുറച്ച് അകലെ നിന്നാണ്… ” തന്നെ ഇവിടുന്ന് പടിയിറക്കാൻ ഉള്ള തത്രപ്പാടാണ്, ”
ലക്ഷ്മി മനസ്സിലോർത്തു..

രണ്ടുദിവസം കഴിഞ്ഞ് അച്ഛൻ വീട്ടിലേക്ക് വന്നതിനു ശേഷം, ഒരു തടിച്ച കുറുതായ മനുഷ്യൻ വീട്ടിൽ വന്നു, അത് പയ്യന്റെ അച്ഛനാണ്,
” മോളുടെ പേരെന്താ ഏതുവരെ പഠിച്ചു എന്നൊക്കെ ചിരിച്ചു കൊണ്ട് ചോദിച്ചു “. ലക്ഷ്മി അതിനൊക്ക മറുപടി പറഞ്ഞു.. അങ്ങേരുടെ കൂടെ കരിമന്തി മണി യും ഉണ്ട്, അവനാണ് കല്യാണ ബ്രോക്കർ( അവനെ ഒന്നും കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല, വരാനിരിക്കുന്ന ദുരന്തങ്ങൾ ഒന്നും വഴിയിൽ തങ്ങില്ലല്ലോ ) അവർ അവളുടെ ജാതകവും മേടിച്ചോണ്ട് പോയി, പയ്യന്റെ ജാതകവുമായി നല്ല പ്പൊരുത്തം ഉണ്ട് എന്ന് വൈകുന്നേരം തന്നെ വിളിച്ചു പറഞ്ഞു..

അത് കേട്ടപ്പോൾ തന്നെ ലക്ഷ്മിയുടെ അച്ഛൻ ആഹ്ലാദ ഭരിതനായി, പിന്നീട് അങ്ങോട്ട് തകൃതിയായ ഒരുക്കം ആയിരുന്നു, ” ഒരു വലിയ ഭാരം ഇറക്കി വെയ്ക്കുക ആണല്ലോ ” അച്ഛന് വല്ലാത്ത ആശ്വാസം തോന്നി,
ലക്ഷ്മിയുടെ എതിർപ്പുകളും അഭ്യർത്ഥനയും കണ്ണീരും എല്ലാം വെള്ളില പുറത്ത് വെള്ളത്തുള്ളികൾ വീണത് പോലെയായി,

പിന്നെ പെണ്ണുകാണാൻ ചടങ്ങായിരുന്നു, മധുരക്കിഴങ്ങ് തൊലി പൊളിച്ച് പോലത്തെ ഒരുത്തൻ,
ആ ചടങ്ങിന് ഭാഗമായുള്ള “പെണ്ണിനും ചെറുക്കനും തമ്മിൽ എന്തെങ്കിലും സംസാരിക്കലിൽ”., ഒരു കാര്യം അവൾക്ക് വ്യക്തമായി, സഹോദരങ്ങൾ എല്ലാം ഡോക്ടേഴ്സ് എൻജിനീയേഴ്സ് ഒക്കെ ആണെങ്കിലും പയ്യൻ പത്താംക്ലാസ് ആണ്,. ശരാശരി ബുദ്ധി ഒരല്പം കുറവാണെന്ന് മനസ്സിലായി, സംസാരിക്കുമ്പോൾ കിളിനാദം…..( വെറുതെയല്ല വിദ്യാസമ്പന്നർ മാത്രമുള്ള കുടുംബത്തിൽനിന്നും വെറുമൊരു ഡിഗ്രി മാത്രമുള്ള തന്നേ, ഇത്ര താല്പര്യത്തോടെ ആലോചിക്കുന്നത്)
എത്രാം ക്ലാസ് വരെ പഠിച്ചു എന്നൊന്നും ലക്ഷ്മിക്ക് ഒരു വിഷയമായിരുന്നില്ലപയ്യന് സ്വന്തമായി എന്തെങ്കിലുമൊരു ജോലി വേണമെന്നെ അവൾക്ക് ആഗ്രഹമുണ്ടായിരുന്നുള്ളൂ.. കോളേജിന്റെ പടി പോലും കാണാതിരുന്ന ആ പാവം മനുഷ്യനെ ആണ് സോഫ്റ്റ്‌വെയർ എൻജിനീയർ ആണ് എന്നൊക്കെ പറഞ്ഞു അച്ഛൻ തള്ളിയത്,.. എനിക്ക് നിങ്ങളുമായുള്ള കല്യാണത്തിന് തീരെ താല്പര്യമില്ല എന്ന് അവൾക്ക് തുറന്നുപറയണം എന്നുണ്ടായിരുന്നെങ്കിലും അച്ഛൻ എങ്ങാനും അറിഞ്ഞാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് ഓർത്ത് മിണ്ടാതിരുന്നു.

” എടീ മോളെ അവൻ കമ്പ്യൂട്ടർ കോഴ്സ് ഒക്കെ കഴിഞ്ഞ ആൾ ആണ്, കമ്പ്യൂട്ടർ കോഴ്സ് കഴിഞ്ഞാൽ പിന്നെ കമ്പ്യൂട്ടർ എൻജിനീയർ അല്ലേ “..
ഇവിടെ എത്രയോ ആയിരക്കണക്കിന് കമ്പ്യൂട്ടർ കോഴ്സുകൾ ഉണ്ട്, അതൊന്നും പാസായ അവരൊന്നും സോഫ്റ്റ്‌വെയർ എൻജിനീയർമാർ അല്ല എന്ന് എല്ലാവരെയും പോലെ അച്ഛനും തന്നെ നല്ല നിശ്ചയമുണ്ടായിരുന്നു..

ഉറങ്ങിക്കിടക്കുന്ന വരെയല്ലേ വിളിച്ചുണർത്താൻ പറ്റു, ഉറക്കം നടിക്കുന്നവരെ ഒന്നും ചെയ്യാൻ കഴിയില്ലല്ലോ…

പയ്യന് പെണ്ണിനെ കണ്ടു ഇഷ്ടയെന്ന് കരിമന്തി മണി വിളിച്ചുപറഞ്ഞു..
ലക്ഷ്മിയുടെ അനിഷ്ടങ്ങൾ ഒന്നും വിലപ്പോയില്ല..
പി എസ് സി പരീക്ഷകളും, ഗവൺമെന്റ് ജോലി എന്ന സ്വപ്നവും ഒക്കെ ജലരേഖകൾ പോലെയാവുക ആണെന്ന് അവൾക്ക് തോന്നി..

അടുത്ത ഊഴം പയ്യന്റെ അമ്മയുടെയും സഹോദരങ്ങളുടെയും ആയിരുന്നു. വീട്ടിലെ പുതിയ തസ്തികയിലേക്ക് നിയമനം ആകാൻ പോകുന്ന ആളെ വീട്ടിൽ എല്ലാവർക്കും കണ്ടു ബോധ്യപ്പെടണം അല്ലോ.
പയ്യന്റെ അമ്മയും ബന്ധുമിത്രാദികളും അടക്കം അഞ്ചാറു പേർ ഒരു ദിവസം അവളെ കാണാൻ വന്നു.
അമ്മയെ കണ്ടാലറിയാം ആൾ കുറച്ച് ‘കടുപ്പം’ആണെന്ന്. നല്ല കഴിവും കാര്യപ്രാപ്തിയും ഉള്ള സമർഥയായ അവരുടെ കണ്ണുകളിൽ വല്ലാത്തൊരു ശൗര്യം തെളിഞ്ഞുനിന്നു.. കടുംനീല കരയിൽ സ്വർണ കസവ് കൂടിയ കടും ചുവപ്പു നിറത്തിൽ നീലപൂക്കൾ വിതറിയിട്ട് പോലെയുള്ള പട്ടുസാരി അവർ വളരെ വൃത്തിയായും,ഭംഗിയായും ധരിച്ചിരുന്നു. അപ്പുറത്തെ വീട്ടിലെ യെമുന്നേടത്തി അവരെ സാകൂതം വീക്ഷിച്ചു, അത്രയും മനോഹരമായി സാരി ധരിച്ചിരുന്ന സ്ത്രീകൾ ഒന്നും നാട്ടിൻപുറത്ത് ഉണ്ടായിരുന്നില്ല, കൈനിറയെ ചെറിയ സ്വർണ്ണവളകൾ, കഴുത്തിൽ ഒന്ന് രണ്ടു മാറ്റുള്ള ചെറിയ മാലകൾ, ഒക്കെ ധരിച്ചിരുന്ന അവരെ കണ്ടാൽ ഏതോ ആഢ്യത്വം ഉള്ള തറവാട്ടിലെ സ്ത്രീയാണെന്ന് തോന്നി.
പവർഫുൾ ലേഡിയാണെന്ന്, ദീർഘവീക്ഷണമുള്ള കസിൻ ചേച്ചി അവളുടെ കാതിൽ പറഞ്ഞു.. അവരെല്ലാവരും ഡ്രോയിംഗ് റൂമിലെ സോഫകളിൽ ഇരുന്നു. ലക്ഷ്മി അവർക്ക് ഹോർലിക്സും, സ്നാക്സും കൊണ്ട് കൊടുത്തു.. പയ്യന്റെ വീട്ടുകാരുടെ മുൻപിൽ ദുർമുഖം കാണിച്ച് നിൽക്കരുതെന്ന് നേരത്തെ തന്നെ അവൾക്ക് കർശന നിർദ്ദേശം നൽകിയിരുന്നു.അച്ഛനെതനിക്കു മരണ പേടിയാണ്.. അതുകൊണ്ട് ഉള്ളിൽ നീറുമ്പോഴും എല്ലാവരുടെയും ചിരിച്ചു സംസാരിക്കാൻ ശ്രമിച്ചു.

” ലക്ഷ്മിക്ക് പാചകവും, മറ്റു വീട്ടുജോലികളുമൊക്കെ അറിയാമല്ലോ അല്ലേ “? അവരുടെ ആദ്യത്തെ സംശയം അതായിരുന്നു.
” അയ്യോ ലീലേടത്തി അവൾക്ക് എല്ലാ വീട്ടുജോലികളും അറിയും ഈ വീട്ടിൽ എല്ലാ ജോലികളുംഅവളാണ് ചെയ്യുന്നത്. രാവിലെ എണീച്ച് വെള്ളം കോരി അലക്കും, പാത്രങ്ങളൊക്കെ കഴുകി വെക്കും, മുറ്റമടിച്ചുവാരും, എന്ന് വേണ്ട ഒരു വീട്ടിലെ സകലമാന ജോലികളും അവൾ തന്നെയാണ് ചെയ്യുന്നത്..”
അച്ഛൻ വിനയത്തോടെ പറഞ്ഞു.
ആദ്യത്തെ ഗോൾ ലക്ഷ്യം കണ്ടതുകൊണ്ട് രണ്ടാമത് ഒന്നുകൂടി അടിക്കാൻ അവർ തീരുമാനിച്ചു.
“ലക്ഷ്മി യ്ക്ക് മീനൊന്നും കൊടുത്തു ഇനി ശീലിപ്പിക്കരുത്, കാരണം, ഞങ്ങൾ മീനൊന്നും, അധികം വാങ്ങുകയോ, കഴിക്കുകയോ ചെയ്യാറില്ല, അവിടെ എത്തിയിട്ട് മീനില്ലാതെ ചോറുണ്ണാൻ പറ്റില്ല എന്നൊന്നും പറഞ്ഞേക്കരുത്..”

” അയ്യോ ലീലേടത്തി അവൾക്ക് അങ്ങനെയൊന്നുമില്ല,എന്റെ മക്കൾ എങ്ങനെ വേണമെങ്കിലും അഡ്ജസ്റ്റ് ചെയ്തു കൊള്ളും, വേണമെങ്കിൽ കഞ്ഞി വെള്ളം കുടിച്ചിട്ടും ജീവിക്കും അങ്ങനെയാണ് ഞാൻ അവരെയൊക്കെ വളർത്തുന്നത്, “”.
അച്ഛൻ അഭിമാനത്തോടെ പറഞ്ഞു.

” ചേരേന തിന്നുന്ന നാട്ടിൽ ചെന്നാൽ അതിന്റെ നടുക്കണ്ടംമുറിച്ചു തിന്നണം” .. അതെന്നെ.
പയ്യന്റെ അമ്മയുടെ ചളി കോമഡി കേട്ടു എല്ലാരും പൊട്ടിച്ചിരിച്ചു..
മീനില്ലാതെ ഒരു വറ്റ് ഇറക്കാൻ കഴിയാത്ത അവൾക് അതിന്റെ നർമം ആസ്വദിക്കാൻ ആയില്ല..

ഇവിടെ ലൈബ്രറി യും പുസ്തക വായനയും,പരീക്ഷ യും, പഠനവുമൊക്കെയായി, വീട്ടിലെ എല്ലാ ജോലികളും ചെയ്തു, ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ ജീവിക്കുന്ന തന്നെഎന്തിനാണ് ഇത്ര കഷ്ടപ്പെട്ട്, ചേരയുടെ നടുക്കണ്ടം തീറ്റുന്നതെന്ന്,അവൾക് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. അച്ഛന്റെ ഉത്സാഹം കണ്ടപ്പോൾ അവൾക്ക് പറയാൻ ഉണ്ടായിരുന്നതെല്ലാം മനസ്സിൽ അടക്കി. ഓർമ്മ വെച്ച നാൾ തൊട്ട് ഇന്നുവരെ അച്ഛനെ എതിർത്തു സംസാരിച്ചിട്ടില്ല അങ്ങനെ എന്തെങ്കിലും ചെയ്‌താൽ, പിന്നെ മോളെ മുത്തേ എന്ന് വിളിക്കുന്ന അച്ഛന്റെ ഭീകരമുഖം കാണേണ്ടിവരും. ഇന്നുവരെ അവളുടെ ഇഷ്ടത്തിന് ഒരുഡ്രസ്സ്‌ പോലും വാങ്ങി തന്നിട്ടില്ല.. ” എന്റെ പൈസക്ക് ഞാൻ എന്തെങ്കിലും വാങ്ങുമ്പോൾ അത് ഞാൻ എന്റെ ഇഷ്ടത്തിന് വാങ്ങും നിങ്ങൾ അത് ഇഷ്ടപ്പെട്ടോളുക “. അതാണ് അച്ഛന്റെ നിയമം. ഇതിപ്പോ ചെരുപ്പിന്റെ അളവിനനുസരിച്ച് കാലു മുറിക്കേണ്ട ഗതികേടാണ് വന്നിരിക്കുന്നത്..

അവർ അടുത്ത നിർദ്ദേശവും മുന്നോട്ട് വെച്ചു.. “ഇവിടെ നിന്ന് കുറച്ചു ദൂരം ഉള്ളതുകൊണ്ട് പെട്ടെന്ന് വരണം പോണം എന്നൊന്നും പറഞ്ഞ് അത് നടക്കുന്ന കാര്യമല്ല.. അതിനൊക്കെ തയ്യാറായിട്ടും വേണം പെണ്ണിനെ അയക്കാൻ., മാത്രവുമല്ല ഞങ്ങൾക്ക് വീട്ടിലേക്ക് ഒരു ആളെയാണ് ആവശ്യം ” പെണ്ണ് വീടിന് ഒരു ഭാരം ആണെന്ന് അവർ കൃത്യമായി മനസ്സിലാക്കി കഴിഞ്ഞു അതിന്റെ ധൈര്യംശബ്ദത്തിൽ ഉണ്ട്..

അതൊന്നും ഒരു വിഷയമേ അല്ല എന്നും നിങ്ങൾ അവളെ ഇങ്ങോട്ടേക്ക് വിടുകയേ വേണ്ടെന്നും, ഇനി എപ്പോഴെങ്കിലും ഞങ്ങൾക്ക് കാണണം തോന്നുകയാണെങ്കിൽ ഞങ്ങൾ അങ്ങോട്ട് വരും എന്നും അവൾക്ക് ഇങ്ങോട്ട് വരണം എന്ന് തോന്നുകയാണെങ്കിൽ ഞങ്ങൾ തന്നെ കൂട്ടിക്കൊണ്ടു വന്നോളാം കൊണ്ടാക്കി കൊള്ളാം, അതിനെ കുറിച്ച് ആലോചിച്ച് ടെൻഷൻ അടിക്കുകയേ വേണ്ടെന്നും അച്ഛൻ വിനയാന്വിതനായി പറഞ്ഞു..

സത്യം പറഞ്ഞാൽ ആ അമ്മ അമ്പരന്ന് പോവുകയാണ് ചെയ്തത്. സാധാരണഗതിയിൽ, എല്ലാ അച്ഛനമ്മമാർക്കും മിടുക്കികളായ പെൺകുട്ടികളെ വലിയ വീര്യം ആയിരിക്കും, മകളെ ദൂരംവഴി അയക്കണമെങ്കിൽ 100 ഡിമാൻഡുകൾ തങ്ങളോട് ഇങ്ങോട്ട് വെയ്ക്കും, ഇതിപ്പോ തങ്ങളുടെ ഡിമാൻഡുകൾ മുഴുവൻ അംഗീകരിക്കപ്പെടുക യാണ് ചെയ്യുന്നത്..,
പെൺകുട്ടി, ഇനി സ്വഭാവദൂഷ്യം ഉള്ള ചീത്തപ്പേര് കേൾപ്പിച്ചവൾ വല്ലതും ആയിരിക്കുമോ.?അങ്ങനെയൊരു സംശയം തീപ്പൊരി പോലെ അവരുടെ ഉള്ളിൽ വീണു.

കച്ചവടത്തിൽ ഇരുകൂട്ടരും തങ്ങളുടെ ലാഭം തേടിക്കൊണ്ടിരുന്നു.
ഒരു കൂട്ടർ വലിയൊരു ഭാരം ഇറക്കി വയ്ക്കുന്നു,മറുകൂട്ടർക്ക് വീട്ടിലേക്ക് ഫ്രീയായി ഒരു ജോലിക്കാരി വരാൻ പോകുന്നു ഒപ്പം ദ്രവ്യങ്ങളും…
മനുഷ്യരൊക്കെ എത്ര സ്വാർത്ഥരാണ്.. മറ്റുള്ളവരുടെ ഇഷ്ടങ്ങൾ എല്ലാം കൊന്നു കളഞ്ഞിട്ട് ആണെങ്കിലും സ്വാർത്ഥ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടണം!!!

” അച്ഛാ എനിക്ക് ഈ വിവാഹത്തിന് സമ്മതമല്ല, ആ അമ്മയെ കണ്ടിട്ട് വല്ലാത്ത ഭയം തോന്നുന്നു, മാത്രവുമല്ല പയ്യന് പറയത്തക്ക ജോലി ഒന്നുമില്ല. ഒരു വലിയ വീട്ടിൽ കാര്യമായ ജോലി ഒന്നുമില്ലാത്ത ഒരു ഒരാളുടെ ഭാര്യയ്ക്കു കിട്ടാൻ പോകുന്ന പദവി എന്താണെന്ന് ഊഹിക്കാൻ കഴിയും എനിക്ക് താല്പര്യമില്ല ഞാൻ എന്തെങ്കിലും പിഎസ്‌സി ടെസ്റ്റോ മറ്റോ എഴുതി ഒരു ജോലി സമ്പാദിച്ചോളാം. ”
അവർ എല്ലാവരും പോയതിനുശേഷം ലക്ഷ്മി ഒരു വിധം ധൈര്യം സംഭരിച്ച് അച്ഛന്റെ മുഖത്തുനോക്കി പറഞ്ഞു.
അത് കേട്ടപ്പോൾ അത് വരെ ചിരിച്ചു കൊണ്ടിരുന്ന അച്ഛന്റെ മുഖം ഇരുണ്ടു.. ” ഞാനൊരു കാര്യം പറഞ്ഞേക്കാം, ഈ വീടിന്റെ കുടുംബനാഥൻ ഞാനാണ്,ഇവിടെ ഞാൻ പറയുന്നതേ നടക്കു, ഈ കല്യാണം ഞാൻ തീരുമാനിച്ചുറപ്പിച്ചതാണ് നിനക്ക് അഥവാ അതിനു താല്പര്യമില്ല എങ്കിൽ പിന്നെ നിന്റെ ഒരു കാര്യവും ഞാൻ നോക്കാൻ പോകുന്നില്ല, എന്റെ വീട്ടിൽ നിന്ന് നീ ഇറങ്ങുകയും വേണം.

അച്ഛന്റെ ഭീഷണി കേട്ട് ആ 20 വയസ്സുകാരി ഭയന്നുവിറച്ചു.
കൃത്യം എൽഡിസി തസ്തിക നിയമന പരീക്ഷയുടെ അന്ന് തന്നെ വിവാഹത്തീയതി കുറിക്കപ്പെട്ടു..
പരീക്ഷയ്ക്ക് പോകേണ്ടതുകൊണ്ട് കല്യാണത്തിന് വരാൻ പറ്റില്ല എന്ന് റീഷ വന്നു പറഞ്ഞു..
പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ വേണ്ടി ശേഖരിച്ചു വച്ചിരുന്ന കുറിപ്പുകളും ആനുകാലികങ്ങളും നോട്ട്കെട്ടുകളുമെല്ലാം, റിഷ യ്ക്ക് സമ്മാനിച്ചു, അവൾക്ക് എങ്കിലും ഉപകാരപ്പെടട്ടെ…..

സുമംഗലിയായി ഭർത്താവിനൊപ്പം ഭർത്തൃഗൃഹത്തിലേക്ക് പോകുന്ന മകളെ അച്ഛൻ ആശ്ലേഷിച്ചു ശിരസ് മുകർന്ന് അശ്രുക്കൾ പൊഴിച്ചു…
മകളെ ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ വയ്യാത്ത ഒരു അച്ഛൻ, അങ്ങനെയേ കാണുന്നവർക്ക് തോന്നു..

സ്വപ്നങ്ങളും പ്രതീക്ഷകളും മോഹങ്ങളും എല്ലാം കരിഞ്ഞുണങ്ങി, പുതിയ വീട്ടിലെ പുതിയ തസ്തികയിൽ നിയമിതയായ അവളുടെ ജീവിതം കണ്ണീരും കരിയും പുകയും നിറഞ്ഞതായിമാറി.
പി എസ് സിതസ്തികകളെ കുറിച്ച് അവൾ മറന്നു തുടങ്ങി..

( വിവാഹ കച്ചവടത്തിൽ, സ്വയം എരിഞ്ഞ്, സ്വപ്നങ്ങളും പ്രതീക്ഷകളും എല്ലാം തച്ചുടയ്ക്ക പ്പെട്ട എത്രയോ പെൺകുട്ടികൾ ഇഹ ലോകവാസം വെടിഞ്ഞ് കഴിഞ്ഞു.
പെൺകുട്ടികളെ ഇനിയെങ്കിലും അച്ഛനമ്മമാർ ആത്മാഭിമാനത്തോടെയും, അന്തസ്സോടെയും സ്വന്തം കാലിൽ ജീവിക്കാൻ പ്രേരിപ്പിക്കട്ടെ…🙏🏼)