രചന – നന്ദിത ദാസ്
“എനിക്ക് ഒട്ടും ഓർമ കിട്ടുന്നില്ലാലോ??
എന്നെ എങ്ങെനെയാ പരിചയം? ”
“ദൃതി വെക്കല്ലേ…
ആദ്യം ഞാൻ എന്നെ ചെറുതായി ഒന്ന് പരിചയപ്പെടുത്താം ”
“ആഹ്… മ്മ് ”
“ഞാൻ വിഷ്ണു പ്രസാദ്…
ഇന്ത്യൻ ആർമിയിൽ സേവനം ചെയ്യുന്നു…
വീട്ടിൽ… ”
“ഓഹ് അതൊക്കെ എനിക്ക് അറിയാം…
വീട്ടിൽ അച്ഛനും അമ്മയും ഒരു പെങ്ങളും…
പെങ്ങളുടെ വിവാഹം കഴിഞ്ഞു ഒരു കുട്ടിയും ഉണ്ട്…
ഇതൊക്കെ അല്ലേ പറയാൻ വരുന്നത്? ”
“മ്മ്… അപ്പോൾ താൻ എല്ലാം മനസ്സിലാക്കി വെച്ചിട്ടുണ്ട് അല്ലേ… ”
“അമ്മയും അച്ഛനും പറഞ്ഞിട്ടുണ്ടായിരുന്നു…
അതൊക്കെ പോട്ടെ എന്നെ എങ്ങനെ അറിയാമെന്നു പറഞ്ഞില്ലല്ലോ.. ”
“മ്മ്… ഒക്കെ പറയാം…
ഒരുപാട് ആഗ്രഹിച്ചു നേടിയ ജോലിയാണ് ഈ പട്ടാളവേഷം…
അത് നേടാൻ വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്…
ഒരുപാട് പ്രാർത്ഥനകൾക്കും നേർച്ചകൾക്കും ഫലം കണ്ടത് ഞാൻ ഡിഗ്രി സെക്കന്റ് ഇയർ പഠിക്കുമ്പോളാണ്…
ഡിഗ്രി പഠനം അവിടെ വെച്ചു നിർത്തി നേരെ ആർമിയിൽ ജോയിൻ ചെയ്തു…
ട്രെയ്നിങ് കാലം ഒരിക്കലും മറക്കാൻ പറ്റില്ല…
വളരെ റിസ്ക് നിറഞ്ഞതായിരുന്നു…
അതൊക്കെ തന്നോട് കല്യാണ ശേഷം പറഞ്ഞു തരാം കേട്ടോ…
ഇപ്പോൾ തന്റെ ചോദ്യത്തിനുള്ള ഉത്തരം അല്ലേ പ്രധാനം….
ഡിഗ്രി പഠനം ഇടക്ക് വെച്ചു നിർത്തിയെങ്കിലും എക്സാം എഴുതാനുള്ള അനുമതി കോളജുകാർ നൽകിയിരുന്നു…
എനിക്ക് ഉയർന്ന പോസ്റ്റിലേക്ക് പ്രൊമോഷൻ കിട്ടാൻ അടിസ്ഥാന യോഗ്യത ഡിഗ്രി എങ്കിലും ഉള്ളത് നല്ലതാണെന്നു തോന്നിയത് കൊണ്ടു എക്സാം ടൈം ആകുമ്പോൾ പറ്റുന്ന രീതിയിൽ ലീവ് എടുത്തു സബ്ജെക്ട് എഴുതിയെടുക്കാറുണ്ടായിരുന്നു…
അങ്ങനെ എന്തായാലും മൂന്നു വർഷത്തെ ഡിഗ്രി എക്സാം ഞാൻ അഞ്ചു വർഷം കൊണ്ടു എഴുതി പാസ്സായി…
സർട്ടിഫിക്കറ്റിനു അപേക്ഷിച്ചെങ്കിലും അത് കിട്ടാൻ ഒരുപാട് ടൈം എടുത്തു…
ഒടുവിൽ യൂണിവേഴ്സിറ്റിയിൽ നേരിട്ട് പോയി അന്വേഷിക്കാമെന്നു തീരുമാനിച്ചു…
അങ്ങനെയാണ് ഒരിക്കൽ അവധിക്കു നാട്ടിൽ എത്തിയപ്പോൾ കോട്ടയത്തു എം ജി യൂണിവേഴ്സിറ്റിയിലേക്ക് പോകുന്നത്….
ബസിലൊക്കെ യാത്ര ചെയ്തിട്ടു ഒരുപാട് നാളായതുകൊണ്ടു യൂണിവേഴ്സിറ്റിയിലേക്കുള്ള യാത്രയ്ക്ക് ഞാൻ തിരഞ്ഞെടുത്ത വാഹനം ബസ് തന്നെയായിരുന്നു…
എന്റെ കഷ്ടകാലമെന്നു പറയട്ടെ ഞാൻ കയറിയ ബസിൽ നിന്നു തിരിയാൻ സ്ഥലം ഇല്ലായിരുന്നു….
എങ്ങനെയൊക്കെയോ അതിൽ കയറിപ്പറ്റി…
ഒന്ന് ശ്വാസം വിടാൻ പോലും പറ്റാത്ത അവസ്ഥ…
ആകെ വീർപ്പുമുട്ടി നിൽക്കുമ്പോളാണ് മൂന്നാലു പെൺകുട്ടികൾ തിക്കി തിരക്കി ഞാൻ നിൽക്കുന്നതിനു മുന്നിലായി വന്നു സ്ഥാനം പിടിച്ചത്…
ബസിലെ തിരക്കോ സീറ്റ് കിട്ടാത്തതിൽ ഉള്ള പരിഭവമോ ഒന്നും അവരുടെ മുഖത്ത് കാണാൻ ഇല്ലായിരുന്നു…
ഇതൊക്കെ എത്ര കണ്ടതാ എന്ന ഭാവം…
എല്ലാരും കൂടി എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട്…
കൂട്ടത്തിൽ ഒരു പെൺകുട്ടി വാ തോരാതെ കല പില സംസാരിച്ചുകൊണ്ടേ ഇരിക്കുന്നു… ബാക്കി കണ്ണുകൾ എല്ലാം അവളുടെ മുഖത്തേക്കാണ്…
ബസിലെ നിശബ്ദതയിൽ ഇപ്പോൾ അവളുടെ സൗണ്ട് മാത്രം ആണ് ഉയർന്നു കേൾക്കുന്നത്…
കൂട്ടുകാരുടെ ചോദ്യങ്ങൾക്കുള്ള അവളുടെ മറുപടി കേട്ടിട്ട് ഇടക്കൊക്കെ എന്റെ ചുണ്ടിലും പുഞ്ചിരി വിടർന്നു…
ബസിലുള്ള മിക്ക ആളുകളും അവളുടെ വാചക കസർത്തു കേട്ടു രസം പിടിച്ചു ഇരിക്കുവാണെന്നു അവരുടെ ചുണ്ടിൽ വിടർന്ന പുഞ്ചിരി തെളിയിക്കുന്നുണ്ടായിരുന്നു…
തിരിഞ്ഞു നില്ക്കുന്നത് കൊണ്ട് എനിക്ക് അവളുടെ മുഖം കാണാൻ സാധിച്ചില്ല…
എന്തായാലും അവൾ ഉള്ളതുകൊണ്ട് മുൻപുണ്ടായിരുന്ന ആ വീർപ്പുമുട്ടലൊക്കെ ഒന്ന് മാറി കിട്ടി…
അവരുടെ സംസാരത്തിൽ നിന്നും അവരും യൂണിവേഴ്സിറ്റിയിലേക്കാണെന്നു എനിക്ക് മനസ്സിലായി…
എന്തെന്നില്ലാത്ത ഒരു മനസുഖം തോന്നി അപ്പോൾ…
ഏറെ നേരം കഴിഞ്ഞു ബസിലെ തിരക്കൊക്കെ ഒരു പരുതിവരെ കുറഞ്ഞു…
അവര് നിന്ന സീറ്റിനു അടുത്തു നിന്നും മൂന്നുപേർ എഴുന്നേറ്റതോടെ അവളുമാർക്കു ഇരിക്കാൻ സീറ്റും കിട്ടി…
സീറ്റ് കിട്ടിയ പാടെ അവരെല്ലാം ചാടിക്കയറി അവിടെ ഇരിപ്പുറപ്പിച്ചു…
അവൾക്കൊഴിച്ചു ബാക്കി എല്ലാർക്കും സീറ്റ് കിട്ടി…
സത്യത്തിൽ അപ്പോളാണ് ഞാൻ അവളുടെ മുഖം ശരിക്കൊന്നു കാണുന്നത്…
എന്റെ പെണ്ണേ… ഈ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു…
അവളുടെ മുഖം കണ്ടപ്പോൾ ഞാൻ ശരിക്കും ആ ഒരു അവസ്ഥയിൽ ആയിപ്പോയി…
ഷീ ഈസ് വെരി വെരി ബ്യൂട്ടിഫുൾ…
ആ കണ്ണുകൾ നമ്മെ വല്ലാതെ കൊത്തി വലിക്കുന്നതുപോലെ തോന്നും…
പറയത്തക്ക ഒരു മേക്കപ്പും ഇല്ല…
എന്നിട്ടും എന്താ ഭംഗി അവളെ കാണാൻ…
ചിരിക്കുമ്പോൾ രണ്ടു സൈഡിലായി വിടരുന്ന ആ നുണക്കുഴി ഉണ്ടല്ലോ… ഹോ… സഹിക്കാൻ പറ്റില്ലടോ…
ആർക്കായാലും ഓടിച്ചെന്നു കെട്ടിപ്പിടിച്ചു ഒരു ഉമ്മ കൊടുക്കാൻ തോന്നി പോകും…
അവളെ തന്നെ നോക്കി അണ്ണാന്റെ കൂട്ടു വായും പൊളിച്ചു ആ ഒരു നിൽപ്പ് ഞാൻ എത്ര നേരം നിന്നെന്നു അറിയില്ല…
കൂട്ടുകാരികളിൽ ആരോ ഒരാൾ അവളെപിടിച്ചു മടിയിലേക്കു വലിച്ചിരുത്തി…
ഇപ്പോൾ അവളുടെ തല മാത്രമേ കാണാൻ സാധിക്കുന്നുള്ളൂ…
വല്ലാത്തൊരു നഷ്ടബോധം തോന്നി കേട്ടോ…
പിന്നെ കുറേനേരത്തേക്കു ആകെ മൊത്തം ശോകം സീൻ…
ബസ് കോട്ടയം ട്രാൻസ്പോർട്ട് സ്റ്റാൻഡിൽ എത്തുന്നതുവരെ ഏതാണ്ട് ശോകം അവസ്ഥ തന്നെ…
അവരുടെ പുറകേ തന്നെ ഞാനും കൂടി…
പെണ്ണ് ശരിക്കും ഒരു കാന്താരി തന്നെയാണ് കേട്ടോ…
ഇവളെ കെട്ടുന്നത് ആരാണെങ്കിലും അവനു അവാർഡ് കൊടുക്കണമെന്ന് വരെ തോന്നിപ്പോയി…
പ്രൈവറ്റ് സ്റ്റാൻഡിൽ പോയി അതിരുമ്പുഴ ബസിൽ കയറി…
അതാകുമ്പോൾ യൂണിവേഴ്സിറ്റിക്കു മുന്നിൽ ഇറങ്ങുകയും ചെയ്യാം…
കോട്ടയം സ്റ്റാൻഡിൽ നിന്നും യൂണിവേഴ്സിറ്റി വരെ പന്ത്രണ്ട് രൂപ…
എന്റെ കൈയിൽ ആണെങ്കിൽ ചില്ലറയും ഇല്ല…
ഒടുവിൽ അവളുമാരുടെ ബാലൻസ് കൂടി ചേർത്ത് കണ്ടക്ടർ ക്യാഷ് എന്റെ കൈയിൽ തന്നു…
എങ്ങനെ ആണെന്ന് വെച്ചാൽ ചില്ലറ മാറി എടുത്തോളാൻ ഒരു വാണിംഗും…
എന്റെ മനസ്സിൽ വീണ്ടും ഒരു അഞ്ചാറു ലഡു ഒരുമിച്ച് പൊട്ടി…
എന്റെ മനസ്സിൽ ഒരു കോഴി ഉറങ്ങി കിടപ്പുണ്ടായിരുന്നോ എന്ന സംശയവും ഉണരാതിരുന്നില്ല…
എന്തായാലും ചില്ലറയൊക്കെ മാറി ഗമയിൽ ഞാൻ അവളെ ഏല്പിച്ചു…
എവിടെ… ഒരു നോട്ടം പോലും തന്നില്ല പിശാശ്…
നേരെ പരീക്ഷഭവനിലേക്കാണ് പോയത്…
അവിടെ ചെന്ന് റെക്കോർഡിൽ ഒപ്പിട്ടു വിവരം തിരക്കാനായി നിന്നു…
കുറെയധികം ആളുകൾ ഉള്ളതുകൊണ്ട് ഒരു ചെറിയ ക്യൂ ക്രമീകരിച്ചിരുന്നു… ഞാനും അവിടെ സ്ഥാനം പിടിച്ചു…
കുറേ കഴിഞ്ഞപ്പോൾ നമ്മുടെ കഥാനായികയും പരിവാരങ്ങളും കലപില സംസാരിച്ചുകൊണ്ടു കയറി വന്നു…
വന്ന ഉടനെ എന്റെ പിറകിലായി അവരും നിന്നും…
“ഇതെന്താടി “തപ്പലോ ” ഇവിടെ എന്താ തപ്പുവാണോ? ”
റൂമിനു മുന്നിലെ ബോർഡ് കണ്ടിട്ടുള്ള നമ്മുടെ കഥാനായികയുടെ ചോദ്യമാണ്…
കൂടെ ഉണ്ടായിരുന്ന മന്ദബുദ്ധികൾ അത് കേട്ട് ആർത്തു ചിരിക്കുന്നുണ്ട്…
“എന്റെ പൊന്നു മക്കളേ…
‘തപ്പൽ ‘ അല്ല ‘തപാൽ’ ആണ്…
സ്പെല്ലിങ് നോക്കൂ.. “TAPPAL ” ”
ഞാൻ അത് പറഞ്ഞപ്പോൾ പിന്നെയും ആ മണ്ടൂസുകൾ ചിരിയോ ചിരി…
ഒടുവിൽ ഞാൻ അകത്തേക്ക് കയറി…
കുറെ കഴിഞ്ഞപ്പോൾ അവരും…
“ആഹാ അപ്പോൾ നിങ്ങളായിരുന്നോ ആ മിടുക്കികൾ…
എല്ലാരും ഇങ്ങോട്ട് മാറി നിന്നേ… ”
ഒരു മാഡം അത് പറയുന്നത് കേട്ടാണ് ഞാൻ വീണ്ടും അവരെ ശ്രദ്ധിക്കുന്നത്…
“ഫീസ് അടച്ച റെസിപ്റ്റ് ഇല്ലാതെ എങ്ങനെയാ എക്സാം എഴുതിപ്പിക്കുന്നത് മക്കളേ…
ചെല്ലാൻ നമ്പർ വെച്ചാലും റെസിപ്റ്റ് ന്റെ ക്യു ആർ കോഡ് ഇവിടെ സ്കാൻ ചെയ്യേണ്ടതല്ലേ… ”
“സോറി മാഡം…
എന്ത് ചെയ്യാനാ ഞങ്ങൾക്കൊരു സർ ഉണ്ട്…
പറഞ്ഞു തരുന്നത് മുഴുവൻ തെറ്റാ…
ഞങ്ങൾ പിന്നെ സാറിന്റെ അരുമ ശിഷ്യകൾ ആയതുകൊണ്ട് അതൊക്കെ അതേപടി അങ്ങ് അനുസരിച്ചു…
അങ്ങനെ പറ്റിപോയതാ…
ഇനി ജീവിതത്തിൽ ഇങ്ങനെ ചെയ്യില്ല…
റെസിപ്റ്റ് ഞങ്ങൾ കൊണ്ടുവന്നിട്ടുണ്ട് ഹാൾടിക്കറ്റ് തരണം…
എക്സാം എഴുതിപ്പിക്കണം… ”
“മ്മ്… എന്തായാലും നിങ്ങൾ ഈ റെസിപ്റ്റ് പതിനൊന്നാം നമ്പർ റൂമിൽ കൊണ്ടു കൊടുക്കു കേട്ടോ… ”
“താങ്ക്സ് മാഡം… ”
ഓഹോ അപ്പോൾ ഇവളുമാര് ശരിക്കും മണ്ടൂസുകൾ തന്നെ…
വേണ്ട പേപ്പേഴ്സ് എല്ലാം റെഡി ആക്കി കൊടുത്തു…
ഒരാഴ്ചക്കുള്ളിൽ സർട്ടിഫിക്കറ്റ് പോസ്റ്റ് വഴി വീട്ടിൽ എത്തുമെന്ന് അറിയിച്ചതോടെ ഞാൻ അവിടെ നിന്നും ഇറങ്ങി…
പിന്നെ എത്രയൊക്കെ മഷിയിട്ടു നോക്കിയിട്ടും അവരെ അവിടൊന്നും കണ്ടില്ല…
ആ പെൺകുട്ടി താനായിരുന്നു…
ഞാൻ ഈ പറഞ്ഞതൊക്കെ ഓർക്കുന്നുണ്ടോ ഇന്ദു? ”
“സംഭവമൊക്കെ ഓർമ ഉണ്ട്…
അതാണ് എനിക്ക് ഏട്ടനെ എവിടെയോ കണ്ടതുപോലെ തോന്നി…
അന്ന് ചില്ലറ വാങ്ങാൻ നേരം ഞാൻ ശ്രദ്ധിച്ചിരുന്നില്ല പക്ഷേ “തപ്പലിന്റെ ”
കാര്യം പറഞ്ഞില്ലേ തപാൽ ആണെന്ന് അപ്പോൾ ഞാൻ ശ്രദ്ധിച്ചിരുന്നു…. ”
“ഹഹ… എന്തായാലും താനും കൊള്ളാം തന്റെ ഫ്രണ്ട്സും കൊള്ളാം… ”
“ശ്ശോ… നാട്ടുകാര് മുഴുവൻ അപ്പോൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു അല്ലേ…
അല്ലെങ്കിലും കൂട്ടുകാരെ കിട്ടിയാൽ ഞാൻ പരിസരബോധം മറന്നു സംസാരിച്ചു പോകും… ”
“മിണ്ടാപ്പൂച്ചകളെപോലെ ഇരുന്നു കലം ഉടക്കുന്നതിനേക്കാൾ ഭേദം തന്നെപോലെ ഉള്ള കാന്താരികൾ തന്നെയാണ്… അങ്ങനെ ഉള്ളവരുടെ മനസ്സ് ശുദ്ധം ആയിരിക്കും..
”
“ആഹ്… എന്നിട്ട് ബാക്കി കഥ പറ… എനിക്ക് ഇന്ററസ്റ്റ് ആയി… ”
“ആഹ് പിന്നെ
വീട്ടിൽ എത്തിയിട്ടും എന്റെ ആലോചന അവളെക്കുറിച്ചായിരുന്നു…
വീണ്ടും കാണണമെന്ന് തോന്നി…
പേര് പോലും അറിയില്ല…
വീട് അറിയില്ല…
നാട് അറിയില്ല…
അവളെക്കുറിച്ചു ഒന്നും അറിയില്ല…
പിന്നെ എങ്ങനെ കണ്ടു പിടിക്കും…
ഉള്ള ലീവും തീർന്നു ഞാൻ വീണ്ടും ജോലി സ്ഥലത്തേക്ക് തിരിച്ചു…
കുറേ ദിവസം കഴിഞ്ഞപ്പോൾ അവളെയും ഞാൻ മറന്നു…
ജോലിയും കാര്യങ്ങളുമായി വീണ്ടും ജീവിതം മുന്നോട്ടു പോയി…
വീട്ടിൽ കല്യാണം ആലോചിച്ചു തുടങ്ങിയപ്പോളാണ് ഓർമ്മയിൽ എപ്പോളോ വീണ്ടും അവൾ നിറയുന്നത്…
നാട്ടിൽ വന്നു കുറേ പെണ്ണ് കണ്ടെങ്കിലും ഒന്നും എനിക്കങ്ങോട്ട് ബോധിച്ചില്ല…
അമ്മ പിണങ്ങി… പെങ്ങളും പിണങ്ങി… ഒടുവിൽ നാളുകൾ തമ്മിൽ ചേർന്നു വരുന്ന പെണ്ണിനെ കണ്ടുപിടിച്ചോളാൻ പെങ്ങൾക്ക് അനുവാദവും കൊടുത്തു…
അങ്ങനെ ജാതകപൊരുത്തമുള്ള കുറേ പെൺകുട്ടികളുടെ ഫോട്ടോ പെങ്ങൾ അയച്ചു തന്നു…
തികച്ചും യാദൃശികമായി എന്റെ മനസ്സറിഞ്ഞതുപോലെ അതിലൊന്ന് നിന്റെ ഫോട്ടോ ആയിരുന്നു…
ഒരു നൂറു തവണ മനസ്സിൽ പതിഞ്ഞ മുഖം ആയതുകൊണ്ട് അത് നീ തന്നെയാണെന്ന് എനിക്ക് ഉറപ്പായിരുന്നു…
ഈ കുട്ടിയെ ആലോചിച്ചോളൂ എന്ന് പെങ്ങൾക്കു മെസ്സേജും ചെയ്തു…
അവൾക്കും നിന്നെയാണ് ഇഷ്ടമായതെന്നു പറഞ്ഞപ്പോൾ ശരിക്കും സന്തോഷം കൊണ്ടു തുള്ളിച്ചാടാനാണ് തോന്നിയത്…
പിന്നെ എത്രയും പെട്ടെന്ന് തന്നെ വന്നു കാണാൻ തിടുക്കം ആയിരുന്നു…
പേരും നാളും സകല ഡീറ്റെയിൽസും ഞാൻ അറിഞ്ഞു…
പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം….
കിട്ടിയ ലീവും വാങ്ങി ഇന്നലെ നാട്ടിൽ എത്തി…
ഇപ്പോൾ തന്റെ മുന്നിലും…
എനിക്ക് ഉറപ്പുണ്ട് ഇത് ശരിക്കും ഈശ്വര നിശ്ചയം ആണ്…
അല്ലെങ്കിൽ എന്റെ മനസ്സറിഞ്ഞത് പോലെ തന്നെ ഇങ്ങനെയൊക്കെ സംഭവിക്കുമോ…
താൻ പറ… തനിക്കു എന്താ തോന്നുന്നത്? ”
“എനിക്ക് ഈ കല്യാണത്തിന് ഇഷ്ടം അല്ലെന്നു പറഞ്ഞാൽ എന്തായിരിക്കും ഏട്ടന്റെ മാനസികാവസ്ഥ? ”
(തുടരും )

by