25/04/2026

മൊഹബത് : ഭാഗം 09

രചന – ഗ്രീഷ്മ വിപിൻ

“എന്ത് ചളിയാടി നിന്റെ ഇക്ക…. ” ശിവ ഷാനുവിനെ നോക്കി ചോദിച്ചു……

“അമ്മ കുറെ നേരമായോ വന്നിട്ട്….. ” ഷാനു നിർമ്മലയുടെ അടുത്ത് ചെന്നിരുന്നു ചോദിച്ചു…

“ഇല്ലെടാ…. ഇപ്പൊ വന്നേയുള്ളു ….. എന്റെ കുട്ടിക്ക് സുഖല്ലേ….. മോനെ പോലും ഈ അമ്മയ്ക്ക് മനസിലാക്കാൻ പറ്റിയില്ല…. ക്ഷമിക്കില്ലേ എന്നോട് …. ” നിർമ്മല ഷാനുന്റെ തലയിൽ തലോടി പറഞ്ഞു…

“എന്താ അമ്മേ…… ഉമ്മ അമ്മയ്ക്ക് കഴിക്കാൻ എന്തെങ്കിലും കൊടുത്തോ…. ” ഷാനു നിർമ്മലയുടെ കൈയിൽ പിടിച്ചു ചോദിച്ചു…

ഇതൊക്കെ കണ്ട് മൂന്ന് പേരും വായും പൊളിച്ചു നിൽപ്പുണ്ടായിരുന്നു…

“എന്ത് പ്രഹസനം ആണെടി…. ” ശിവ വേണിയെ നോക്കി ചോദിച്ചു….

“അത് ഞങ്ങളെയും കൂടി ഒന്ന് പരിഗണിക്കാം….” വേണി ഷാനുവിനോട് പറഞ്ഞു….

“നീയൊക്കെ പിന്നെ തിന്നാനായിട്ട് ജനിച്ചതാണല്ലോ…… വേണെങ്കിൽ പോയി എടുത്ത് കഴിക്കെടി… ” ഷാനുവായിരുന്നു…

“ഉമ്മ ഞങ്ങൾ ഉപ്പയെ കാണാൻ വന്നതാ…… ” ശിവ അതും പറഞ്ഞു വേണിയുടെ കൈയും പിടിച്ചു സലീമിന്റെ മുറിയിലേക്ക് പോയി

സലീം ബെഡിൽ കിടക്കുവായിരുന്നു…. ശിവ കട്ടിലിന്റെ അടുത്തേക്ക് ചെന്നു…

“ഉപ്പാ….. ”
ശിവയുടെ കരസ്പർശം അറിഞ്ഞിട്ടു അയാൾ പതുകെ കണ്ണുകൾ തുറന്നു…. ശിവയെ കണ്ടതും അയാളുടെ കണ്ണിൽ തിളക്കം ഉണ്ടായി..

“ശിവ മോളെ…… ” അയാളുടെ ചുണ്ടുകൾ ചലിച്ചു

“ഉപ്പാ…….. ” ശിവ അയാളുടെ കൈ മുറകെ പിടിച്ചു കരഞ്ഞു… രണ്ടുപേരും കുറെ നേരം എന്തൊക്കെയോ സംസാരിച്ചിരുന്നു…

സലിം ഉറങ്ങിയതിന് ശേഷം ശിവ മുറിയ്ക്ക് പുറത്തേക്ക് വന്നു…. വേണി അടുക്കളയിൽ തട്ടിന്റെ മുകളിലിരുന്ന് എന്തോ കഴിക്കുന്നുണ്ട്… ഷഹന അവളുടെ അടുത്ത് തന്നെ ഉണ്ട്.. നിർമ്മലയും ഷാനുവും കാര്യമായിട്ട് എന്തോ സംസാരിക്കുന്നുണ്ട്….. ശിവ അവരെ ചുറ്റി പറ്റി നിന്നു… ഷാനു ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലായതും അവൾ അവിടെ നിന്ന് മാറി നിന്നു…

“വേണി…… നീ വരുന്നുണ്ടോ ഞാൻ പോകുവാ….. ” പപ്സ് കഴിക്കുവായിരുന്ന വേണിയെ നോക്കി ശിവ പറഞ്ഞു…

“അല്ല മോൾക്ക് ഒന്നും വേണ്ടേ…. ” ആയിഷ അവളുടെ അടുത്ത് വന്ന് ചോദിച്ചു….

“എനിക്ക് ഒന്നും വേണ്ടാ…. ഉമ്മ ഉമ്മാന്റെ മോന്റെ വായിൽ കുത്തി കയറ്റി കൊടുക്ക്….
ഡീ ഞാൻ പോകുവാ നീ വരുന്നുണ്ടെങ്കിൽ വാ…. ” അതും പറഞ്ഞു സോഫയിലുണ്ടായിരുന്ന ബാഗും എടുത്ത് പുറത്തേക്ക് നടന്നു… അവൾ പോകുന്നതും നോക്കി ഷാനു ചിരിച്ചു…

” ശിവ നിൽക്ക് ഞാനും വരുന്നു….
ഡാ അപ്പൊ നാളെ കാണാം….. ഉപ്പാ ഞാൻ പോകുവാ…. അമ്മായി വരുന്നുണ്ടോ… ”

“ഇല്ല മോൾ പോയിക്കോ…. എന്നെ ഇവൻ കൊണ്ട് വിടും…. ” നിർമ്മല അവളെ നോക്കി പറഞ്ഞു…

വേണി ശിവയുടെ അടുത്തേക്ക് ഓടി എത്തിയിരുന്നു..

“ഡാ…. ഇത് എന്തൊക്കെയാ ഇവിടെ നടക്കുന്നെ….. ” വേണി ചോദിച്ചു…

“ആ എനിക്ക് അറിയില്ല…. ഒരിക്കൽ അച്ഛൻ പറഞ്ഞിരുന്നു അമ്മയും ഉമ്മയും ഒരുമിച്ച പഠിച്ചതെന്ന്…… പക്ഷേ അവര് തമ്മിൽ ഇത്രയും കാലം മിണ്ടാതിരിക്കണമെങ്കിൽ എന്തെങ്കിലും കാരണം ഉണ്ടാവും…. അതിപ്പം ആരോടാ ചോദിക്കുവാ…. ”

“അതിനൊക്കെ നമ്മുക്ക് വഴി ഉണ്ട്…. നമ്മുക്ക് ഉമ്മയോട് തന്നെ ചോദിച്ചല്ലോ…. ”

“അത് വേണ്ടെടാ…. ”

“അന്റെ ഷാനുന് ഇപ്പൊ ഒരു ഇളക്കം ഇല്ലേ എന്നൊരു ഡൌട്ട്….. ”

“മ്മ്….. ഇനി ഞാൻ അവന്റെ പുറകെ ഇഷ്ടവും പറഞ്ഞു പോകില്ല….. ടാ കണ്ണേട്ടൻ വന്നോ…. ഫോൺ വിളിച്ചിട്ട് കിട്ടുന്നില്ല…. ”

“ഏട്ടൻ നാളെ എത്തും…. എന്താ കാര്യം…. ”

“ഒന്നുല്ല…. വന്നാൽ വീട്ടിലേക്ക് വരാൻ പറയണം…. ”

ശിവ വീട്ടിലെത്തി കുളി കഴിഞ്ഞു ചായ കുടിക്കുമ്പോളാണ് നിർമ്മല വന്നത്…. ഷാനുവു കൂടെ ഉണ്ടായിരുന്നു… ശിവ ഇടകണ്ണിട്ട് അവനെ നോക്കി…. ഷാനു അവളെ നോക്കുന്നു പോലും ഇല്ലായിരുന്നു….

“ശിവ മോന് ചായ എടുത്ത് കൊടുക്ക്…. ഞാൻ ഒന്ന് കുളിച്ചിട്ട് വരാം…. വിളിക്ക് വെക്കാനുള്ളതല്ലേ… ”

“എനിക്ക് എങ്ങും വയ്യാ….. അമ്മ തന്നെ കൊടുത്തോ….. ”

“ശിവാ….. പറഞ്ഞത് കേൾക്ക് ”

“ഹോ…… ഈ അമ്മയെ കൊണ്ട്….. ” അവൾ ചവിട്ടി തുള്ളി അകത്തേക്ക് പോയി…. ശിവ വരുന്നത് കണ്ടതും ഷാനു ഫോണിൽ നോക്കി ഇരുന്നു.. അവൾ അവന്റെ അടുത്ത് ചെന്ന് ചായ കപ്പും നീട്ടി പിടിച്ചു…. ഷാനു അവളെ ശ്രദ്ധിക്കാതെ ഫോണിൽ തന്നെ നോക്കിയിരുന്നു…

“ചായ…… ” ഷാനു ഒന്നും കേൾക്കാത്തത് പോലെ ഇരിന്നു…

“ഷാനു നിനക്ക് എന്താ ചെവി കേൾക്കില്ലേ… ചായ ഇന്നാ… ” ചായ അവന്റെ കൈയിൽ കൊടുത്തിട്ട് അവൾ അകത്തേക്ക് പോയി…

ബൈക്ക് സ്റ്റാർട്ട്‌ ചെയ്യുന്ന ശബ്ദം കേട്ടാണ് അവൾ ജനലിലൂടെ പുറത്തേക്ക് നോക്കിയത്…. ഷാനുവും തിരിഞ്ഞു നോക്കി ഒരു നിമിഷത്തേക്ക് കണ്ണുകൾ പരസ്പരം ഇടഞ്ഞു… രണ്ടുപേരുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു….. പെട്ടെന്ന് എന്തോ ഓർത്തത് പോലെ ശിവ അവിടെന്ന് മാറി നിന്നു…. ഷാനു പോയതിന് ശേഷമാണ് അവൾ പുറത്തേക്ക് ഇറങ്ങിയത്…

രാത്രിയിൽ അത്തായം കഴിച്ചു കഴിഞ്ഞ് നിർമ്മല തന്റെ മുറിയിൽ കിടക്കവിരിക്കുമ്പോളാണ് ശിവ അവിടേക്ക് വന്നത്… ” നിർമ്മല അവളെ നോക്കി ഒന്ന് ചിരിച്ചു..

ശിവ നിർമ്മലയെ തന്നെ നോക്കിയിരുന്നു…

“എന്താടി ഇതുവരെ കാണാത്തത് പോലെ നോക്കുന്നെ…. ” നിർമ്മല ശിവയെ നോക്കി ചോദിച്ചു….

“ഒന്നുല്ല…… ”

” എന്തോ എന്നോട് ചോദിക്കാനുണ്ടല്ലോ….. മ്മ്… ” ശിവയെ പിടിച്ചു തന്റെ അടുത്തിരുത്തി ചോദിച്ചു…

“അത് അമ്മേ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ…. ”

“എന്നോട് എന്തെങ്കിലും ചോദിക്കാൻ എന്തിനാ മുഖാവര….. നീ ചോദിച്ചോ…. ”

“അല്ലെങ്കിൽ വേണ്ടാ പിന്നെ ഒരിക്കൽ ചോദിക്കാം…. ”

“നിനക്ക് അറിയാനുള്ളത് എന്താ എന്ന് എനിക്ക് മനസിലായി…. എന്നാലും നീ ചോദിക്ക് ”

“അത് അമ്മേ…… അമ്മയും ഉമ്മയും ഒന്നിച്ചു പഠിച്ചേ ആണോ….. ”

“അതേല്ലോ….. എന്തേ….. ”

“അല്ല….. എന്നിട്ട് എന്തേ….. ”

“ബാക്കി ഞാൻ പറയാം….. എന്നിട്ട് ഇത്രയും നാൾ ഞാൻ എന്താ അവളോട് മിണ്ടാത്തത് എന്ന് അല്ലെ….. അത് എന്റെ ഉള്ളിലെ കോംപ്ലക്സ് കാരണമാണ്….. അല്ലതെ എനിക്ക് അവളോട് ഒരു ദേഷ്യവുമില്ല…. പിന്നെ നിന്നെയും ഷാനുവിനെയും ഓർത്തിട്ടും…. നിങ്ങൾ ഒരിക്കലും മറ്റൊരു നിർമ്മലയും ഷാജഹാനും ആവാതിരിക്കാൻ…”

“അമ്മ എന്തൊക്കെയാ പറയുന്നേ….. എനിക്കും ഒന്നും മനസിലാക്കുന്നില്ല…. ” അവൾ നിർമ്മലയെ സംശയത്തോടെ നോക്കി

“നിനക്ക് ഷാജഹാൻ ആരാ എന്ന് അറിയോ…. ”

“ആ….. ഷാനുന്റെ ഉമ്മാന്റെ മരിച്ചു പോയാ സഹോദരൻ അല്ലെ…. ”

“മ്മ്മ്….. അത് മാത്രമല്ല…. നിന്റെ അച്ഛനെ വിവാഹം കഴിക്കുന്നതിന് മുന്നേ എനിക്ക് ഒരാളുമായി അടുപ്പം ഉണ്ടായിരുന്നു…..
ഷാജഹാനും ആയിട്ട്…. ഞങ്ങൾക്ക് എല്ലാത്തിനും കൂട്ട് നിന്നത് നിന്റെ അച്ഛനും ഷാനുന്റെ ഉപ്പയും ആയിഷയുമായിരുന്നു….
പണ്ട് ഞാൻ നിന്നെ പോലെ തന്നെ ആയിരുന്നു… തെറ്റ് എവിടെ കണ്ടാലും എതിർക്കുന്ന സ്വഭാവം…. അങ്ങനെ എന്റെയും അവന്റെയും പ്രണയം ആരും അറിയാതെ മുന്നോട്ട് പോയി…

പിന്നീട് എങ്ങനെയോ വീട്ടിൽ അറിഞ്ഞു…. അന്നത്തെ കാലത്ത് ഒരു നായർ കുട്ടി മുസ്ലിം ചെക്കനും തമ്മിൽ ഇഷ്ടമാണെന്ന് അറിഞ്ഞാൽ പിന്നെ പറയണ്ടല്ലോ…. ഇന്നും വലിയ മാറ്റം ഒന്നുമില്ല… എന്റെ വീട്ടിൽ അത് വലിയ പ്രശ്നമായി…. ഞങ്ങൾ ഒന്നിച്ചു ജീവിക്കാൻ തന്നെ തീരുമാനിച്ചു….. പിറ്റേന്ന് ഷാജഹാന്റെ ശരീരം റെയിൽവേ ട്രാക്കിൽ നിന്ന് കിട്ടി… അച്ഛനും ഏട്ടനും കൂടി ചെയ്തതായിരുന്നു…. അവസാനം ഞാനും അവന്റെ കൂടെ പോകാൻ തീരുമാനിച്ചു….. പക്ഷേ വിധി അനുവദിച്ചില്ല… പിന്നീടാണ് നിന്റെ അച്ഛൻ എന്നെ വിവാഹം കഴിക്കുന്നത്… ആദ്യമൊക്കെ പൊരുത്ത പെട്ട് പോകാൻ ഞാൻ ഒരുപാട് ബുദ്ധിമുട്ടി…. പിന്നീട് നിന്റെ അച്ഛന്റെ സ്നേഹത്തിന് മുന്നിൽ എന്റെ മനസ്സും കിഴടങ്ങി….

എന്നെ പോലെ എന്റെ കുട്ടിയ്ക്കും ഉണ്ടാവാൻ പാടില്ല…. നിന്റെ അച്ഛൻ ഉണ്ടായിരുന്നെങ്കിൽ നിന്നെ ഷാനുന്റെ കൈയിൽ തന്നെ ഏല്പിച്ചെന്നെ… പക്ഷേ ഈ അമ്മയ്ക്ക് പേടിയാ… ഷാജഹാന്റെ വിധി തന്നെ എന്റെ കുട്ടിയ്ക്ക്…. അത് ആയിഷയ്ക്ക് ഒരിക്കലും സഹിക്കാൻ പറ്റില്ല……..
എന്റെ മോളുടെ മനസ്സ് അമ്മയ്ക്ക് അറിയാം….. പക്ഷേ…. ” നിർമ്മല ഒരു വിതുമ്പലോടെ പറഞ്ഞു നിർത്തി…

ശിവ അവരെ ചേർത്ത് പിടിച്ചു….

തുടരും..