26/04/2026

പാർവതി പരിണയം : ഭാഗം 25

രചന – മൈഥിലി മിത്ര

“ഡീ പാറു, അടി വേണോ നിനക്ക് “…

തേങ്ങ ചിരണ്ടിക്കൊണ്ടിരിക്കുകയാണ് സീത.. അതിനിടയിലാണ് പാറൂ വന്നു പ്ലേറ്റിൽ നിന്നും ചിരവിയ തേങ്ങ വാരിക്കൊണ്ട് പോയി തിന്നുന്നത്…

“ദേ ഒരു പിടി കൂടി അമ്മേ “..

വീണ്ടും പാത്രത്തിലേക്കു കൈ നീട്ടികൊണ്ട് വന്നവളെ സീത കണ്ണുരുട്ടി പേടിപ്പിച്ചു….

“ഇച്ചിരി തേങ്ങ തിന്നതിനാണോ അമ്മയിങ്ങനെ കണ്ണുരുട്ടി പേടിപ്പിക്കുന്നത് “…

ചുണ്ടു കൂർപ്പിച്ചു, കൈകൾ ഏണിന്മേൽ കുത്തിയാണ് അവളുടെ ചോദ്യം..

“ഇച്ചിരിയോ, ഞാനിവിടെ ചിരവി വെച്ചതിന്റെ പകുതിയും നീയല്ലെടി തിന്നു തീർത്തത് “…

അതിനു മറുപടിയായി പാറു ഒരു വളിച്ച ചിരി പാസ്സാക്കി.. എന്നിട്ട് ചാടി തുള്ളിക്കൊണ്ട് ഉണ്ണിയുടെ മുറിയിലേക്ക് ഓടി കയറി…

“ഉണ്ണിയേട്ടാ “…

അവന്റെ തോളിൽ കുലുക്കി വിളിച്ചു.. എവിടെ, ആള് ഒന്നനങ്ങുന്നു പോലുമില്ല…

“ഉണ്ണ്യേട്ടോ.. ഒന്നെണീറ്റെ.. സമയം ഒൻപതര ആയി ട്ടോ “…

ഉണ്ണിയെ കുലുക്കി എഴുന്നേൽപ്പിക്കാനുള്ള ശ്രമത്തിലായിരുന്നവൾ.. കമഴ്ന്നു കിടന്നവൻ ഒന്ന് മൂളിക്കൊണ്ട് തിരിഞ്ഞു നിവർന്നു കിടന്നു.. എന്നിട്ട് കൈയ്യെടുത്തു കണ്ണിനു മുകളിലായി വെച്ചു…

“ദേ, ഒന്നെണിക്കുന്നുണ്ടോ “…

“പാറു ഇത്തിരി നേരം കൂടെയെടി.. പ്ലീസ് “…

പറഞ്ഞു കൊണ്ടവൻ വീണ്ടും പുതപ്പെടുത്തു തലവഴിമൂടി… അവളതു പിന്നെയും താഴെക്ക് വലിച്ചു മാറ്റി.. ..

“ഡീ പാറു “…

ഉണ്ണിക്കു ചെറുതായിട്ട് ദേഷ്യം വന്നു തുടങ്ങിയിരുന്നു….

“ന്തേ “..

അവളും അതേ ടോണിൽ വിളി കേട്ടു…

“എന്റെ പൊന്നുമോളല്ലേ, ഇന്നലെ വൈകിയാടി വന്നത്.. ഇച്ചിരി നേരം കൂടെ ഉറങ്ങിക്കോട്ടെ.. നീയൊന്നു ശല്യം ചെയ്യാതെ പോയേ പാറു “…

അവൻ വീണ്ടും പഴയപോലെ കിടന്നു…

“അതിനു ഏട്ടനിന്നലെ എവിടെ തെണ്ടാൻ പോയതാ.”…

പാറുവിന്റെ പരിഭവത്തോടെയുള്ള സംസാരം.. അവൻ വീണ്ടും കണ്ണുകൾ തുറന്നു.. മുഖം ഒരു കൊട്ടക്ക് കേറ്റി വെച്ചിട്ടുണ്ട് പെണ്ണ്.. ചുണ്ടുകളാണെങ്കിൽ പിണക്കം കൊണ്ട് പുറത്തേക്കുന്തി നിൽപ്പുണ്ട്.. അവനൊരു നിമിഷം അവളുടെ മുഖത്തേക്ക് നോക്കി കൊണ്ടു അങ്ങനെത്തന്നെ കിടന്നു…

“എന്തേയിങ്ങനെ നോക്കുന്നെ “…

കണ്ണുകൾ കൂർപ്പിച്ചുകൊണ്ട് പാറു ചോദിച്ചു..

“മ്ച്ചും “…

അവനൊരു കണ്ണിറുക്കി കാട്ടി ആഗ്യം കാണിച്ചു..

“ന്ത് മ്ച്ചും ഉണ്ണ്യേട്ട “…

പെണ്ണ് വിടാനുള്ള ഭാവമില്ല…

“അതേ, ന്റെ പെണ്ണ് എന്ത് സുന്ദരിയാണെന്ന് നോക്കിയതാ “…

“എന്നിട്ട് നോക്കി കണ്ടുപിടിച്ചോ “..

“ആ പിടിച്ചു “..

“ന്തു പിടിച്ചു “…

“എന്ത് പിടിക്കണം “…

അവന്റെ സംസ്കാരത്തിന്റെ ടോൺ മാറിയതവൾ ശ്രദ്ധിച്ചു…
പെട്ടെന്നുണ്ടായ എന്തോ വികാരത്തിൽ ഉണ്ണിയുടെ മുഖത്ത് നിന്നും കണ്ണുകൾ മാറ്റി എങ്ങോട്ടേക്കൊ നോട്ടം പായിച്ചവൾ .

“പറ പെണ്ണേ, എന്താ പിടിക്കേണ്ടത് “…

അവന്റെ വലം കൈ, കട്ടിലിൽ വെച്ചിരിക്കുന്ന പാറുവിന്റെ കൈക്ക് മുകളിൽകൂടി ഇഴഞ്ഞു നടന്നു.. വിരൽത്തുമ്പുകളിൽ നിന്നും എന്തോ തരിപ്പ് അവളിലേക്ക് പടർന്നു കയറി.. കണ്ണുകൾ ഇറുക്കിയടച്ചു, വിരലുകൾ കൈക്കുള്ളിലേക്ക് ആക്കി ചുരുട്ടി പിടിച്ചവൾ..

“പാറൂട്ടിയെ, ഇങ്ങോട്ട് നോക്കിയേ “..

തന്നെ നോക്കാതെ എങ്ങോ മുഖം തിരിച്ചു വെച്ചവളെ കണ്ടവന് ചിരി പൊട്ടി..

“എന്നെ വിളിക്കേണ്ടാ “…

“അതെന്താ ഞാൻ വിളിച്ചാല് “..

“ഏട്ടൻ വിളിച്ചാലും ഞാൻ വിളികേൾക്കൂല്ല “..

“അയെന്താ നീ കേട്ടാല് “..

അതിനു രൂക്ഷമായ നോട്ടമായിരുന്നു അവളുടെ മറുപടി..

“എന്തെടി നോക്കിപേടിപ്പിക്കുന്നെ “…

ഒരു പുരികം മുകളിലേക്ക് പൊക്കി വെച്ചുകൊണ്ട് കളിയായി ഉണ്ണി ചോദിച്ചു.

“ഏട്ടനിന്നലെ എന്തിനാ താമസിച്ചതെന്നു ചോദിച്ചിട്ടെന്താ പറയാഞ്ഞേ “…

കുഞ്ഞിക്കുട്ടികൾ മുഖം വീർപ്പിച്ചു വെച്ചപോലെ ഇരിക്കുന്ന പാറുവിനോട് അവനു വാത്സല്യം തോന്നി.. അനന്തേട്ടന്റെ കാര്യം അവളറിഞ്ഞുകഴിയുമ്പോളുള്ള അവസ്ഥയോർത്തു ഭയവും ഉണ്ടായി…

“ഇന്നലെ കുറച്ചു എമർജൻസി സർജറി കേസുകൾ ഉണ്ടായിരുന്നു.. അത് കഴിഞ്ഞിറങ്ങിയപ്പോൾ നേരം
വൈകിയെടി “…

വായിൽ വന്ന ഒരു കള്ളം പറഞ്ഞൊപ്പിച്ചു.. അവളുടെ മുഖത്തേക്ക് നോക്കി പറയാൻ ഉണ്ണിക്കു സാധിച്ചില്ല..

അമർത്തിയൊന്നു മൂളിക്കൊണ്ട് എഴുന്നേറ്റവൾ..

“ഏട്ടനെ പ്രാതല് കഴിക്കാൻ വിളിക്കുന്നുണ്ടവിടെ
വേഗം ഫ്രഷ് ആയിട്ട് വാ “…

പറഞ്ഞുകൊണ്ട് മുറിക്കു പുറത്തേക്കിറങ്ങുന്നവളെ നോക്കികിടന്നവൻ….
അപ്പോഴേക്കും ഉണ്ണിയുടെ ഫോണിൽ ഒരു കാൾ വന്നു..

“ജിതിൻ സർ കാളിങ് “..

വേഗം കാൾ അറ്റൻഡ് ചെയ്തു ചെവിയോട് ചേർത്തു വെച്ചു…

“ഓക്കേ സർ.. ഞാൻ ശ്രമിക്കാം.. കാര്യങ്ങളൊക്കെ ഞാനവരെ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട്.. എന്തേലും ആവശ്യമുണ്ടെങ്കിൽ അവര് സഹായിക്കുമെന്ന പറയുന്നത് “…

പിന്നെയും എന്തൊക്കെയോ അവര് സംസാരിച്ചുകൊണ്ടിരുന്നു.. ചോദിച്ച ചോദ്യങ്ങൾക്കെല്ലാം അവൻ മറുപടി പറഞ്ഞു.. ശേഷം കാൾ കട്ട് ചെയ്തു ബെഡിലേക്കിട്ടിട്ടു തലയണയിൽ മുഖമമർത്തി കമഴ്ന്നു കിടന്നവൻ..

മനസ്സിൽ ഏട്ടന്റെ മുഖം മാത്രമായിരുന്നു… ഇല്ല, ഒന്നും സംഭവിക്കില്ല.. ഏട്ടനോട് സംസാരിക്കണം ഇതിനെക്കുറിച്ച്.. ഇനിയുമിതു മറച്ചു വെച്ചിട്ട് കാര്യമില്ല.. പോലീസുകാരു തെളിവുകൾ ഉണ്ടാക്കട്ടെ.. എന്റേയേട്ടനെ എനിക്ക് വേണം പഴയതുപോലെ.. ഒന്നിനുവേണ്ടിയും എനിക്ക് വിട്ടുകൊടുക്കാനാവില്ല…

💞💞💞💞💞

രാവിലത്തെ ഭക്ഷണം കഴിഞ്ഞശേഷം കുളപ്പടവിലിരുന്നുകൊണ്ട് ഹരിസാറിനോട്(adv) ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു ഉണ്ണി.. മാധവന്റെ വീട്ടുകാരെക്കുറിച്ചും, അയാൾ തട്ടികൊണ്ട് പോകാൻ ശ്രമിച്ച പെൺകുട്ടികളുടെ കുടുംബത്തേക്കുറിച്ചുമായിരുന്നു വിഷയം…

“എടൊ താൻ വിഷമിക്കേണ്ട ഉണ്ണി.. ഇതൊരു കേസ് അന്വേഷണം അല്ലേ.. അല്ലാതെ തന്റെ ഏട്ടന്റെ മേല് കുറ്റാരോപണം ഒന്നും ചാർത്തിയില്ലല്ലോ “…

“അതല്ല സർ, എനിക്കെന്തോ പേടി തോന്നുന്നു.. കേട്ടത്ര വെച്ചു, ആ acp ആള് പുലിയാണ്.. ”

“സാരമില്ലെടോ, എല്ലാം ശരിയാവും.. എന്നാൽ വെക്കട്ടെ “..

അവൻ ഒന്ന് ചിരിച്ചിട്ട് കാൾ കട്ട് ചെയ്തു.. വെറുതെ കുളത്തിലേക്കു കണ്ണും നട്ടിരുന്നു.. കുറെ നേരം എന്തൊക്കെയോ ആലോചിച്ചു കൂട്ടീ..

“ഉണ്ണീ “..

വിളികേട്ട് അവൻ മുഖമുയർത്തി നോക്കി.. അടുത്ത് അനന്തൻ വന്നിരിക്കുന്നു…

“എന്തായേട്ടാ “….

ഉണ്ണിയൊന്നു നേരെയിരുന്നു..

“എന്താ നിന്റെ സങ്കടം “..

മറുപടി ഒന്നും കിട്ടാഞ്ഞിട്ട് വീണ്ടും അനന്തൻ ഉണ്ണിയെ നോക്കി..

“എന്താ ഉണ്ണീ, എന്താണെങ്കിലും പറഞ്ഞോ “…

അവനു പറയാതിരിക്കാനായില്ല.. ജിതിൻ വീട്ടിൽ വന്നത് തൊട്ടു, മാധവന്റെ ഗ്രാമത്തിൽ പോയത് വരെയുള്ള കാര്യങ്ങൾ ഒന്നൊഴിയാതെ അനന്തനോട് പറഞ്ഞു.. ഒരു മൂളൽ അല്ലാതെ ഏട്ടനിൽ നിന്നും മറുപടി ഒന്നുമുണ്ടായില്ലെന്നവൻ ശ്രദ്ധിച്ചു…

“ഏട്ടാ.. “..

“മ്മ് “…

“ഏട്ടനെന്താ ആലോചിക്കുന്നെ “…

“ഇതിലെന്ത് ആലോചിക്കാനാ ഉണ്ണീ “…

അനന്തനവനെ ഒട്ടൊരു ആലോചനയോടെ നോക്കി..

“അല്ലേട്ടാ, കേസ് അന്വേഷണം ഉണ്ടായാൽ”…

പകുതിയിൽ പറയാൻ വന്നത് നിർത്തി ഉണ്ണീ ഏട്ടനെ നോക്കി…

“അന്വേഷണം ഉണ്ടാവട്ടെ, അതിനെന്താ “…

“ഏട്ടാ, അത് പിന്നെ.. ആ ACP ആള് ശരിയല്ലെന്ന കേൾവി.. ഡിപ്പാർട്മെന്റിലെ ഡോൺ ആണയാൾ “…

വല്ലാത്തൊരു പിരിമുറുക്കം ഉണ്ണിയുടെ വാക്കുകളിൽ ഉണ്ടായിരുന്നു…

“ആയിക്കോട്ടെ, അതിനെന്താ ഉണ്ണീ “…

“അപ്പോൾ, ഏട്ടനെതിരെ അയാൾ തെളിവുകൾ നിരത്തിയാൽ”…

ഉണ്ണിയുടെ മുഖം വേദനയിൽ കോടിയിരുന്നു.. അതിന്റെ പ്രതിഫലണമെന്നോണം കണ്ണുകൾ ചുവന്നു തുടങ്ങി…

“ഉണ്ണീ “…

അവൻ ഏട്ടനെ നോക്കാതെ കുനിഞ്ഞു തന്നെയിരുന്നു…

“ഉണ്ണീ, ഇങ്ങോട്ട് നോക്കെടാ “…

അനന്തന്റെ നേർക്കു അവന്റെ നോട്ടം വീണു…

“തെറ്റ് ചെയ്തവർ ആരായാലും ശിക്ഷ അനുഭവിക്കും.. ഇന്നല്ലെങ്കിൽ നാളെ.. ദൈവത്തിന്റെ മുന്നിൽ അവരെന്നും കുറ്റക്കാർ ആയിരിക്കും ഉണ്ണീ “..

അവൻ അനന്തന്റെ മുഖത്തേക്ക് നോക്കി.. അവിടെ ഇനിയും എന്തൊക്കെയോ നിഗൂഡ്ഢതകൾ ഒളിഞ്ഞിരിക്കുന്നോയെന്നു ഉണ്ണിക്കു തോന്നിപ്പോയി …

💞💞💞💞💞

രാവിലെ ഒൻപതു ആയപ്പോഴാണ് രേവതി എണീറ്റത്.. കുറച്ചു നേരം കട്ടിലിൽ തന്നെ വെറുതെയിരുന്നു.. ലോങ്ങ്‌ ലീവ് ക്യാൻസൽ ആക്കിയിരുന്നു.. ഇന്നും കൂടി പോണില്ല സ്കൂളിലേക്ക്.. രാത്രി എത്തിയപ്പോഴേക്കും വൈകി.. വന്നു കുളി കഴിഞ്ഞു കിടന്നിട്ടു ഇപ്പോഴാണ് ഉറക്കം തെളിഞ്ഞത് തന്നെ…

പതിയെ എണിറ്റു ഫ്രഷ് ആയി അടുക്കളയിലേക്ക് കയറി.. ഒന്നും കഴിക്കാൻ തോന്നുന്നില്ല.. വിശപ്പും ദാഹവും ഒക്കെ കെട്ടിട്ട് കുറച്ചു ദിവസങ്ങൾ ആയി.. എത്രയൊക്കെ മറക്കാൻ ശ്രമിച്ചാലും അനന്തേട്ടൻ തനിക്കു എല്ലാമാണെന്ന് പിന്നെയും പിന്നെയും കാലം തെളിയിച്ചുകൊണ്ടിരിക്കുന്നു.. തനിക്കു കിട്ടിയില്ലെങ്കിലും സാരമില്ല, കണ്മുൻപിലിങ്ങനെ
സന്തോഷായിട്ട് പണ്ടത്തെപ്പോലെ ഉണ്ടായാൽ മതി..

നല്ല തലവേദനയുണ്ട്.. ഒരു കട്ടൻ ഉണ്ടാക്കി അതുമായിട്ട് ഉമ്മറത്തേക്ക് വന്നിരുന്നു.. വീണ്ടും എന്തൊക്കെയോ ആലോചനകൾ മനസ്സിനെ വലിഞ്ഞുമുറുക്കുന്നു.. കാപ്പി കുടിക്കാതെ അവളതു ഉമ്മറപ്പടിയിലേക്ക് തന്നെ വെച്ചു… തല കൈകളിൽ താങ്ങി കുനിഞ്ഞിരുന്നു…

“രേവതി “…

അത്രമേൽ പരിചയമുള്ള ശബ്ദം.. അവളുടെ മനസൊന്ന് വെമ്പി.. ആരാണെന്നറിയാൻ മുഖമുയർത്തി നോക്കേണ്ട ആവശ്യമില്ല.. ഹൃദയം ശക്തമായി ഇടിക്കുന്നുണ്ട്.. അവൾ പടിയിൽ നിന്നും പിടഞ്ഞെഴുന്നേറ്റ് മുഖം കുനിച്ചു തന്നെ സൈഡിലേക്ക് മാറി നിന്നു…

“രേവതി എനിക്ക് നിന്നോട് കുറച്ചു സംസാരിക്കണം “…

അവൾ അപ്പോഴും മൗനമായിരുന്നു.. കണ്ണുകൾ മാത്രം പെയ്യാൻ പാകത്തിൽ നിറഞ്ഞു നിന്നു..

ചെരിപ്പ് മുറ്റത്തേക്ക് ഊരിയിട്ടിട്ട്, അനന്തൻ അകത്തേക്ക് കയറി.. ഉമ്മറത്തിട്ടിരിക്കുന്ന കസേരകളിലൊന്നിൽ പോയി ഇരുന്നു..

“രേവതി “…

ഈ പ്രാവശ്യം കുറച്ചു ഉച്ചതിലായിരുന്നു അനന്തൻ വിളിച്ചത്..

“എന്തോ “…

അറിയാതെ തന്നെയവൾ അനന്തന്റെ വിളി കേട്ടു…

“എന്താ രേവതി ഇതിന്റെയൊക്കെ
അർത്ഥം “…

കാര്യം മനസ്സിലാവാതെയവൾ കണ്ണു മിഴിച്ചു …

“എന്താ അനന്തേട്ടാ “…

രേവതിയുടെ വാക്കുകളിൽ ഒരു പിടച്ചിലുണ്ടായിരുന്നു…

“എന്താണെന്ന് നിനക്കറിയില്ലേ രേവതി “…

ദേഷ്യത്തോടെയുള്ള സംസാരം.. അവളൊന്നു വിറച്ചു.. അറിയില്ലെന്നവൾ തലയാട്ടികൊണ്ട് ആംഗ്യം കാണിച്ചു…

“എങ്കിൽ ഞാൻ പറഞ്ഞു തരാം നിനക്ക് “…

ദേഷ്യത്തോടെ അനന്തൻ കസേരയിൽ നിന്നുമെണിറ്റു അവളുടെ മുന്നിൽ ചെന്നു നിന്നു.

“എന്തിനെന്റെ കാര്യത്തിൽ നീയിടപെടുന്നു”…

കണ്ണുകൾ കൂർപ്പിച്ചു, തീഷ്ണമായ അവന്റെ നോട്ടത്തെ താങ്ങാനാവാതെ അവൾ ഉമ്മറ തൂണിൽ താങ്ങിനായി ചാരിനിന്നു.. മറുപടി എന്ത് പറയണമെന്ന് അവൾക്കറിയില്ലായിരുന്നു.
പ്രാണൻ ആയതുകൊണ്ടെന്നോ, അതോ തന്റെ പ്രണയമെന്നോ.. എന്താണ് മറുപടി കൊടുക്കേണ്ടത്..

“രേവതി, നിന്നോടാണ്.. നീയെന്തിനാ ഉണ്ണിയുടെ കൂടെ പോയത് “…

അനന്തേട്ടൻ അപ്പോൾ എല്ലാ കാര്യങ്ങളും അറിഞ്ഞുവോ.. ആര് പറഞ്ഞു.. പലവിധ ആലോചനകളാൽ അവൾ പുകഞ്ഞു..

“അത്, അതുപിന്നെ “…

എന്ത് പറയും ദൈവമേ.. പേടികൊണ്ട് രേവതിയുടെ കൈകൾ വിറച്ചു.. അത് അനന്തന് മനസ്സിലാവാതിരിക്കാൻ വേണ്ടി ഉടുത്തിരുന്ന സാരിത്തുമ്പിൽ മുറുക്കെപ്പിടിച്ചു…

“കാര്യങ്ങളെല്ലാം ഞാനറിഞ്ഞു.. എനിക്കൊന്നേ അറിയേണ്ടു, ഇതിൽ നീയെന്തിനാ ഇടപെടുന്നത്.. അതിനുള്ള എന്ത് ബന്ധമാണ് നമ്മൾ തമ്മിലുള്ളത്.. “…

ചെവി കൊട്ടിയടച്ചതുപോലെ.. തനിക്കും അനന്തേട്ടനും ഒരു ബന്ധവുമില്ലെന്നു.. താൻ ഏട്ടന് ആരുമല്ലെന്നു.. നെഞ്ചിൽ മുള്ളു കുത്തിയിറങ്ങുന്ന വേദന അനുഭവപ്പെട്ടവൾക്ക്.
കണ്ണുകൾ പെയ്തിറങ്ങി.. കവിളിലൂടെയുഴുകുന്ന കണ്ണീരിനെ തുടക്കാൻ പോലും മറന്നവൾ അങ്ങനെതന്നെ അനന്തന്റെ മുഖത്തേക്ക് ഇമവെട്ടാതെ നോക്കി നിന്നുപോയി…

“രേവതി “…

മുൻപിൽ നിന്നു കരയുന്നവളെ കണ്ടു അവന്റെ നെഞ്ചിലൊരു പിടച്ചിലുണ്ടായി.. വിളിച്ചിട്ടും സ്ഥലകാല ബോധമില്ലാതെ നിശ്ചലമായി നിൽക്കുന്നവൾ അനന്തനിൽ പേടി നിറച്ചു…

“രേവതി “…

അവളെ അനന്തൻ തട്ടി വിളിച്ചു.. ഞെട്ടലോടെ രേവതി അവനെ നോക്കി.. ഒരു പൊട്ടിക്കരച്ചിലോടെ അനന്തന്റെ നെഞ്ചിൽ മുഖമമർത്തി, അവന്റെ ഷർട്ടിൽ കൊരുത്തുപിടിച്ചു..

ഒരു നിമിഷം അനന്തൻ ഞെട്ടി തരിച്ചു നിന്നുപോയി .. നെഞ്ചോട് ചേർന്നു നിന്നു പൊട്ടി കരയുന്നവളെ ചേർത്തുപിടിക്കാനാവാതെ, പിടിച്ചുമാറ്റാനാവാതെ അവന്റെ മനസ്സൊന്നുഴറി.
തനിക്കും വേദനിക്കുന്നുണ്ട്, അവളുടെ കണ്ണീര് പൊള്ളിക്കുന്നുണ്ട് തന്റെ ഹൃദയത്തെ.. പക്ഷെ അത് പ്രണയമാണോ, അല്ല… സഹതാപമല്ലേ..
സഹിക്ക വയ്യാതെയവൻ തലയൊന്നു കുടഞ്ഞു..

“രേവതി, എന്തിനാ കരയണേ “..

തന്റെ നെഞ്ചിൽ നിന്നും പിടിച്ചു മാറ്റാൻ ശ്രമിച്ചിട്ടും, പറ്റിച്ചേർന്നു നിന്നു കരയുന്നവളെ കണ്ടു അവനു അലിവ് തോന്നി..

“രേവതി, കരയാതെ “…

പിടിച്ചു മാറ്റാൻ ഒരു ശ്രമം വീണ്ടും നടത്തിയവൻ.

“ആരെങ്കിലും കണ്ടാൽ മോശമാണ് “…

വീടിനു താഴെ, പാടത്തിന്റെ വഴിയാണ്.. ആരെങ്കിലും കണ്ടോയെന്നു അവൻ റോഡിലേക്ക് കണ്ണോടിച്ചു…

അപ്പോഴാണ് താൻ എന്താണ് ഇത്രയും നേരം ചെയ്തതെന്നുള്ള ബോധമവളിൽ ഉണ്ടായത്.. അവനിൽ നിന്നും അടർന്നു മാറി പിന്നിലേക്ക് ഒരടി വെച്ചു .. ആ മുഖത്തേക്ക് നോക്കാൻ ആവാതില്ലാതെ താഴോട്ടു നോക്കി നിന്നു.. അപ്പോഴുള്ള വേദനയിൽ ചെയ്തുപോയതാണ്.. അനന്തേട്ടൻ എന്ത് വിചാരിച്ചു കാണും.. തന്നെ ഒരു ചീത്ത പെണ്ണായിട്ട് കണ്ടു കാണുമോ.. ഈശ്വര, താൻ എന്താണ് ചെയ്തത്..

“രേവതി, നീ എന്തറിഞ്ഞിട്ടാണ് ഇങ്ങനെയൊക്കെ എന്നോട്
പെരുമാറുന്നത് “…

“എനിക്കിഷ്ടാ, അത് പറഞ്ഞു തരാൻ എനിക്കറിയില്ല “…

എങ്ങനെയോ അറിയാതെ പറഞ്ഞുപോയവൾ..
വിതുമ്പി കരയുന്ന രേവതിയെ അനന്തൻ നോക്കി നിന്നു..

“നിനക്ക് പറഞ്ഞാലെന്താ മനസ്സിലാവാത്തത്.. എനിക്ക് നിന്നോടങ്ങനൊരു ഇഷ്ട “…

പറയുന്നതിന് മുൻപേ അവന്റെ ചുണ്ടിന് മുകളിൽ അവളുടെ കൈവെള്ള പതിഞ്ഞു.. ഇനിയും പറയേണ്ട എന്ന രീതിയിലവൾ ആഗ്യം കാട്ടി..

“ഭാമ ഇനിയും ആ മനസ്സിലുള്ളത് കൊണ്ടാണോ “..

അവന്റെ ചുണ്ടുകളിൽ നിന്നും കയ്യെടുത്തുകൊണ്ടവൾ ചോദിച്ചു..

“മ്മ്.. “…

അവനൊന്നു മൂളി..

“എന്നേലും… എപ്പോഴെങ്കിലും എനിക്കാ മനസ്സിൽ ഇടം കിട്ടിയാലോ.. ഞാൻ കാത്തിരുന്നോട്ടെ “…

മറു ചോദ്യം രേവതിയിൽ നിന്നുയർന്നു.. അനന്തനവളെ മനസ്സിലാവുന്നുണ്ടായിരുന്നില്ല..
ഇങ്ങനെയും ഭ്രാന്തമായ ഇഷ്ടമോ…

“ഞാനൊരു കൊലപാതകിയാണ് രേവതി “..

കണ്ണു മുറുക്കെയടച്ചു കൊണ്ടാണവനത് പറഞ്ഞത്..

“അനന്തേട്ടന് ഒന്നും സംഭവിക്കില്ല “..

അവളുടെ വാക്കുകളും ഉറച്ചതായിരുന്നു…

“എന്തെങ്കിലുമെനിക്ക് സംഭവിച്ചാലോ. ഇനിയുള്ള കാലം മുഴുവൻ ജയിലഴിക്കുള്ളിലാണെന്റെ
ജീവിതമെങ്കിലോ “…

അവസാന ശ്രമം എന്ന നിലയിൽ, അനന്തനവളെ പിന്തിരിപ്പിക്കാൻ നോക്കി..

“അങ്ങനെ സംഭവിച്ചാൽ, പോകുന്നതിനു മുൻപ് ആ കൈകൊണ്ട്, ഈ കഴുത്തിലൊരു താലി കെട്ടിയിട്ട് പോവ്വോ “…

നിറഞ്ഞ കണ്ണുകളോടെ മുന്നിൽ തന്റെ താലിക്കായി ഭിക്ഷ യാചിക്കുന്നവളെ കണ്ടു
അനന്തനിലൊരു വിറയലുണ്ടായി.. അറിയാതെ തന്നെ ഒരടി പുറകിലേക്ക് വേച്ചുകൊണ്ട് കാലുകൾ നീക്കിയവൻ.. ഇനിയും അവളുടെ വാക്കുകളിൽ കുരുങ്ങിക്കിടക്കുകയായിരുന്നവന്റെ മനസ്സ്..
ഒന്നും പറയാതെ, ഏതോ ലോകത്തെന്നവണം അനന്തൻ പുറത്തേക്കിറങ്ങി, നടന്നകന്നു…

തൂണിലേക്ക് ചാരി, ഊർന്നിറങ്ങി നിലത്തേക്ക് കുത്തിയിരുന്നു രേവതി.. കരയാനിനി കണ്ണീരവളിൽ ഉണ്ടായിരുന്നില്ല..

“വേദനിക്കുന്നു അനന്തേട്ടാ എനിക്ക്.. ഒരുപാട് വേദനിക്കുന്നു.. “….

മനസ്സിൽ കുഴിച്ചു മൂടിയ പ്രണയം, അതിന്റെ എല്ലാ ഭാവത്തിലും അവളിൽ വേരുകളാഴ്ത്തി പടർന്നു പന്തലിക്കുകയായിരുന്നപ്പോൾ…

അനന്തൻ എന്ന പേര് മാത്രം അവളുടെ ചുണ്ടുകളിൽ നിന്നും പുറത്തേക്കു വന്നു.. പെട്ടെന്ന് കൺ ഗോളങ്ങൾ മുകളിലേക്ക് മറിഞ്ഞു, ശരീരമാകെ തണുപ്പ് വന്നവളെ പൊതിഞ്ഞു.. ഒടുവിൽ ബോധശൂന്യയായി അവൾ നിലത്തേക്ക് പതിച്ചു…

(തുടരും)