രചന – നന്ദിത ദാസ്
എത്രയൊക്കെ ശ്രമിച്ചിട്ടും എന്നെ തോളിൽ എടുത്ത ആളുടെ മുഖം ശരിക്കൊന്ന് കാണാൻ സാധിച്ചില്ല…
ഞെട്ടിയുണർന്നപ്പോളാണ് വെറും സ്വപ്നം മാത്രമാണ് അതെന്ന് മനസ്സിലായത്…
“എന്റെ ഈശ്വരാ ഉറക്കത്തിൽ പോലും ഒരു സമാധാനവും കിട്ടുന്നില്ലാലോ… ”
ഫോൺ എടുത്തു സമയം നോക്കിയപ്പോൾ നാലുമണി കഴിഞ്ഞിരിക്കുന്നു…
“അയ്യോ… ഇത്ര പെട്ടെന്ന് നേരം വെളുത്തോ…
ന്റെ കൃഷ്ണാ വെളുപ്പാൻ കാലത്ത് കാണുന്ന സ്വപ്നം ഫലിക്കുമെന്നാണല്ലോ… ”
ഉണ്ടായിരുന്ന സമാധാനം കൂടി പോയിക്കിട്ടിന്നു പറഞ്ഞാൽ മതിയല്ലോ…
പിന്നെ കിടന്നിട്ടും ഉറക്കം വന്നില്ല…
എന്തായാലും ഇത്രയും നേരെത്തെ ഉണർന്നതല്ലേ ഇന്ന് എന്തായാലും അമ്പലത്തിൽ വരെ ഒന്ന് പോയേക്കാം…
ഭഗവാന് ഒരു തുളസിമാലയും ചാർത്തണം…
കൈക്കൂലി ഒന്നും അല്ല കേട്ടോ…
ഭഗവാൻ കൃഷ്ണൻകുട്ടി എന്റെ ഇഷ്ട ദേവനാ…
പുള്ളിക്കാരനാണ് എല്ലാ കാര്യത്തിനും എനിക്ക് സപ്പോർട്ട്…
കുളിച്ചു റെഡി ആയി മാലയും കെട്ടി അമ്പലത്തിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ അമ്മ കണ്ണും തിരുമ്മി മുന്നിൽ നിൽക്കുന്നു…
“സൂക്ഷിച്ചു നോക്കണ്ട ശാരദാമ്മേ… ഇത് ഞാൻ തന്നെയാ… ”
“അയ്യോടാ… ഇതെന്താ എന്റെ കുട്ടി നന്നാവാൻ തീരുമാനിച്ചോ? സാധാരണ ഏഴ് മണി ആകാതെ കിടക്കയിൽ നിന്നും എഴുന്നേൽക്കാത്ത പെണ്ണാ… ”
“ഇതിനുള്ള മറുപടി ഞാൻ കൃഷ്ണൻകുട്ടിയെ വന്നിട്ട് തന്നോളാം കേട്ടോ ”
മുഖം നന്നായി ഒന്ന് വെട്ടിതിരിച്ചു ചാടിത്തുള്ളി ഞാൻ പുറത്തേക്കിറങ്ങി…
നേരം പരപരാ വെളുക്കുന്നതേ ഉള്ളു… നല്ല തണുപ്പും…
മെയിൻ റോഡ് കഴിഞ്ഞു വലത്തോട്ട് ഒരു ഇരുന്നൂറു മീറ്റർ നടന്നാൽ അമ്പലം എത്തി…
ഞങ്ങളുടെ കുടുംബക്ഷേത്രം ആണ്…
വഴിയിൽ അങ്ങും ഇങ്ങും കുറേ ആളുകളെ കാണാം…
വെളുപ്പിനേ ജോഗിങ്ങിനു പോകുന്നവർ…
അമ്പലത്തിനോട് ചേർന്ന സ്ഥലത്തു തന്നെ ഒരു കാവ് ഉണ്ട്…
കാവിന്റെ ഇടതുവശം മാറി വലിയ ഒരു ഗ്രൗണ്ട് ആണ്…
ഞാൻ ആദ്യമായി സൈക്കിൾ ചവിട്ടാൻ പഠിച്ചത് ആ ഗ്രൗണ്ടിലാണ്…
വൈകുന്നേരം ആയാൽ ഇവിടെ നിറയെ ആൺപിള്ളേരാണ്…
ക്രിക്കറ്റും ഫുട്ബോളും എന്ന് വേണ്ട എല്ലാം കളിക്കുന്നത് ഇവിടെ ആണ്…
ഒരിക്കൽ ദീപാരാധന തൊഴാൻ പോയ എന്നെ പന്തടിപ്പിച്ചു താഴെയിട്ട കൂട്ടങ്ങളാണ് എല്ലാം…
വൈകുന്നേരം ആയാൽ ആകെ കൂവലും ബഹളവും തന്നെ…
കളിയുടെ ആവേശത്തിൽ കൂവി പോകുന്നതാണ്…
പക്ഷേ തൊട്ടടുത്തു ക്ഷേത്രം ഉള്ളതുകൊണ്ട് മുതിർന്നവർ അവരെ വിലക്കാറുണ്ട്…
അവന്മാര് അതൊക്കെ എവിടെ കാര്യമാക്കാൻ…
“ആഹാ… ഇന്ദുമോള് ഇന്ന് രാവിലെ തന്നെ ഇങ്ങു പോരുന്നോ? ”
“ഉവ്വ് തിരുമേനി…
ഇന്ന് നേരത്തെ ഉറക്കം ഉണർന്നു…
അപ്പോൾ തോന്നി എന്റെ കണ്ണനെ വന്നു തൊഴുതേക്കാമെന്നു…
ദാ മാല… ”
“കണ്ണനെ കണി കണ്ട് ഉണരുന്നിടത്തോളം മറ്റൊരു പുണ്യം ഇല്ല എന്റെ കുട്ടി…
നന്നായി പ്രാർത്ഥിച്ചോളു കേട്ടോ…
വിവാഹം പെട്ടെന്ന് നടക്കട്ടെ… ”
എന്റെ കൈയിൽ നിന്നും തുളസിമാലയും വാങ്ങി തിരുമേനി ശ്രീകോവിലിനുള്ളിലേക്കു കയറി…
കൈകൾ രണ്ടും കൂപ്പി ഞാൻ അകത്തേക്ക് നോക്കി…
മഞ്ഞപ്പട്ടിൽ പൊതിഞ്ഞു കൂടുതൽ സുന്ദരനായി എന്റെ ഉണ്ണിക്കണ്ണൻ…
മനസ്സും ശരീരവും ഒരുപോലെ കുളിർമ കൊണ്ടു…
ആ തിരുമുഖം ദർശിക്കുമ്പോൾ സ്വയം മറന്നു അങ്ങനെ നിന്നുപോകാറാണ് പതിവ്…
“എന്റെ കണ്ണാ…. എന്റെ എല്ലാകാര്യവും ഞാൻ നിന്നോടല്ലേ ആദ്യം തന്നെ വന്നു പറയുന്നത്…
മറ്റാരേക്കാളും നന്നായി എന്റെ മനസ്സ് അറിഞ്ഞവനല്ലേ കണ്ണാ നീ…
ദോഷമായിട്ടൊന്നും വരുത്തല്ലേ ഭഗവാനേ…
എന്നെ മനസ്സിലാക്കുന്ന ഒരാളുടെ കൂടെ തന്നെ ദീർഘസുമംഗലിയായി ജീവിക്കാൻ എന്നെ അനുഗ്രഹിക്കണേ…… ”
തൊഴുതു പ്രസാദവും വാങ്ങി ഇറങ്ങുമ്പോൾ മനസ്സിന് ഒരു ആശ്വാസം കിട്ടിയിരുന്നു…
പതിയെ നടന്നു അമ്പലകുളത്തിന്റെ ഭാഗത്തേക്ക് ചെന്നു…
പടിക്കെട്ട് ഇറങ്ങി വെള്ളത്തിലേക്ക് കാലിട്ടു കുറേനേരം അങ്ങനെ ഇരുന്നു…
ഈ അമ്പലവും കുളവും ആൽത്തറയൊക്കെ എനിക്ക് എന്നും ഏറ്റവും പ്രിയപ്പെട്ടവയാണ്…
കുഞ്ഞുങ്ങൾ ഇല്ലാതിരുന്ന അച്ഛനും അമ്മയ്ക്കും എട്ട് വർഷങ്ങൾക്കു ശേഷം മകളായി എന്നെ നൽകിയത് ഈ ഭഗവാൻ ആണെന്ന് അമ്മയും അച്ഛനും എപ്പോളും പറയും…
അവരുടെ വിശ്വാസം ആണ് എന്റെ വിശ്വാസത്തിന്റെയും അടിത്തറ…
കുറേനേരം കൂടി അവിടെ ഇരുന്നിട്ടാണ് വീട്ടിലേക്കു മടങ്ങിയത്…
“ആഹ് വന്നോ… മോളെ കാണാത്തതു കൊണ്ടു അച്ഛൻ അമ്പലത്തിലേക്ക് തിരക്കി വരാൻ ഇറങ്ങുവായിരുന്നു… ”
“അതെന്തിനാ അച്ഛാ… എനിക്ക് അറിയാത്ത സ്ഥലം ഒന്നും അല്ലാലോ അത്… ”
“അമ്മ പറഞ്ഞു മോള് പോയിട്ട് കുറേനേരം ആയെന്ന്…
ചെക്കന്റെ വീട്ടിൽ നിന്നും അവരൊക്കെ രാവിലെ എത്തില്ലേ… ”
“ഓഹ്… അല്ലാതെ എന്നോടുള്ള ഇഷ്ടം കൊണ്ടൊന്നും അല്ല അല്ലേ?? ”
“ഇന്നലെ അച്ഛൻ ഒരു കാര്യം മോളോട് പറഞ്ഞില്ലേ…
അച്ഛൻ ഒന്നിനും നിർബന്ധിക്കില്ല…
മോളുടെ ഇഷ്ടം… ”
“ആഹ്… ആ ഒരു ധൈര്യത്തിലാണ് ഞാൻ നിൽക്കുന്നത് തന്നെ…
എന്തായാലും അവര് വന്നോട്ടെ…
ആരുടേയും മുന്നിൽ എന്റെ അച്ചായി തല താഴ്ത്തണ്ട കേട്ടോ…
പിന്നേ… ആ ചെക്കനെ ഞാൻ കണ്ടം വഴി ഓടിക്കും… നോക്കിക്കോ… പിന്നെ മേലിൽ ഈ പ്രദേശത്തോട്ട് അയാൾ പെണ്ണാലോചിച്ചു വരില്ല…. ”
“കുറുമ്പൊന്നും കാട്ടല്ലേ പൊന്നേ…
എല്ലാരും അച്ഛനെപ്പോലെ അതൊന്നും സമ്മതിച്ചു തരില്ല കേട്ടോ… ”
“അതാണ് ഞാൻ പറയുന്നത് എന്റെ പൊട്ടത്തരങ്ങളൊക്കെ മനസിലാക്കി കൂടെ നിൽക്കുന്ന ഒരു ചെക്കൻ മതീന്ന്…
മിലിട്ടറിക്കാരന്റെ നിയമങ്ങളൊക്കെ ഈ പാവം എനിക്ക് ദഹിക്കുമോ? ”
“മോള് അകത്തോട്ടു ചെല്ല് എന്നിട്ട് സുന്ദരിക്കുട്ടിയായി ഒരുങ്ങി നില്ക്കു… ”
“മ്മ് ”
“അമ്മേ… വിശക്കുന്നു… ”
” ഇഡ്ഡലി ടേബിളിൽ വെച്ചിട്ടുണ്ട് എടുത്തു കഴിക്കു…
ഞാൻ അമ്മായിയെ ഒന്ന് വിളിക്കട്ടെ രാവിലെ ഇങ്ങു എത്താമെന്ന് പറഞ്ഞതാ… ”
“ഹായ് അമ്മായി വരുന്നുണ്ടോ? ആഹാ അപ്പോൾ ഉണ്ണിയേട്ടനും കാണുമോ കൂടെ? ”
“ഉണ്ണിക്കു കോളജിൽ പോകണ്ടേ… അമ്മാവനും അമ്മായിയും വരും… ”
“ഹോ… ”
ഉണ്ണിയേട്ടൻ എന്റെ അമ്മാവന്റെ മകനാണ്…
കോളേജ് ലെക്ചർ ആണ്..
എന്റെ ഒരേ ഒരു കൂടപ്പിറപ്പു… എന്റെ ബെസ്റ്റ് ഫ്രണ്ട്… അങ്ങനെ എല്ലാം എല്ലാം ആണ്…
അച്ഛന്റെ കുടുംബത്തിൽ അച്ഛൻ ഒറ്റ മോനാണ്… വേറെ സഹോദരങ്ങൾ ആരും ഇല്ല…
അമ്മയ്ക്ക് കൂടെപ്പിറപ്പായി ആകെ ഒരു ആങ്ങള മാത്രം…
ചുരുക്കി പറഞ്ഞാൽ ഞങ്ങളുടെ കുടുംബത്തിൽ അംഗസംഖ്യ വളരെ ചെറുതാണ്…
എന്നാലും എല്ലാരും കൂടുമ്പോൾ നല്ല ഹാപ്പിയാണ് കേട്ടോ…
“നീ ഇത് എന്തോർത്തു നിൽക്കുവാ ഇന്ദു…
കഴിച്ചിട്ട് പോയി ഡ്രസ്സ് മാറിയേ…
സാരി ഉടുത്താൽ മതി… ”
“പിന്നേ… ഒരു സാരി… അമ്മ ഒന്ന് പോയേ…
എന്നെ ഈ വേഷത്തിൽ കാണുന്നവർ കണ്ടാൽ മതി… ”
“വന്നു വന്നു തീരെ അനുസരണ ഇല്ല പെണ്ണിന്…
എന്താണെന്നു വെച്ചാൽ ചെയ്യൂ… ”
അല്ല എന്തിനാ ഇപ്പോൾ സാരി…
ചുമ്മാ കെട്ടിയൊരുങ്ങി വല്ല കോന്തന്റെയും മുന്നിൽ ഇളിച്ചോണ്ടു നിൽക്കാൻ ഞാൻ എന്താ വല്ല ബ്ലാക് ആൻഡ് വൈറ്റ് സിനിമയിലെയും നായിക ആണോ…
ഹഹ ഈ അമ്മ ഇപ്പോളും പഴഞ്ചൻ തന്നെ…
എന്തായാലും എന്റെ അച്ഛനെ ഒന്ന് സമ്മതിച്ചു കൊടുക്കണം…
റൂമിലേക്ക് ചെന്നപ്പോൾ സാരിയും മുല്ലപ്പൂവുമൊക്കെ ബെഡിൽ എടുത്തു വെച്ചിട്ടുണ്ട്…
ഈ അമ്മയുടെ ഒരു കാര്യം…
മ്മ് പാവം അല്ലേ… ആഗ്രഹിച്ചതല്ലേ എന്തായാലും ഉടുത്തേക്കാം…
എന്നെ നന്നായി സാരി ഉടുപ്പിക്കാൻ പഠിപ്പിച്ചത് അമ്മായി ആണ്… ഒരു ചുളിവ് പോലും ഇല്ലാതെ നീറ്റ് ആൻഡ് ക്ലീൻ ആയി ഞാനും ഉടുക്കും…
ഫുൾ ക്രെഡിറ്റ് അമ്മായിക്കാണ് കേട്ടോ…
സാരി ഉടുത്തു ഇറങ്ങിയപ്പോളേക്കും അമ്മായിയും അമ്മാവനും എത്തിയിരുന്നു…
പിന്നെ വിശേഷങ്ങൾ പറച്ചിലായി… കളിയായി… ചിരിയായി…
സമയം പോയതറിഞ്ഞില്ല…
“ശാരദേ…. അവര് എത്തി കേട്ടോ… ”
അകത്തേക്ക് നോക്കി അച്ഛൻ വിളിച്ചു പറഞ്ഞപ്പോൾ അതുവരെ ഇല്ലാത്തൊരു വെപ്രാളം എന്നിൽ കുടിയേറി…
ചങ്ക് പട പടാന്നു ഇടിക്കുന്നു…
ഒന്ന് പതുക്കെ ഇടിച്ചു കൂടെ എന്റെ ഹൃദയമേ…
കൂൾ ഇന്ദു കൂൾ…
ഞാൻ സ്വയം ആശ്വസിപ്പിക്കാൻ ശ്രമിച്ചു…
കുറെ നേരം കിച്ചണിൽ ചുറ്റി പറ്റി നിന്നു…
ചായ അവിടെ നിന്നും ആണല്ലോ ‘ഉത്ഭവിക്കുന്നത്’…
അതും കൊണ്ടു വേണമെല്ലോ എനിക്ക് അവരുടെ മുന്നിലേക്ക് ചെല്ലാൻ…
ഹോ വല്ലാത്തൊരു ചടങ്ങ് തന്നെ…
ഇതൊക്കെ ആരു കണ്ടുപിടിച്ചോ ആവോ…
അമ്മ ചായ നിറച്ച ട്രേ എടുത്തു എന്റെ കൈയിലേക്ക് തന്നു…
പലഹാരവുമായി അമ്മായി മുന്നിൽ നടന്നു…
ഇതെന്താ എനിക്ക് വിറയല് പിടിച്ചോ…
“എന്റെ കൃഷ്ണൻകുട്ടി… എല്ലാം പൊട്ടിച്ചു കൈയിൽ തരണേ… കട്ടക്ക് കൂടെ നിന്നോളണേ… ”
ഞാൻ ചായയുമായി സ്വീകരണമുറിയിലേക്ക് ചെന്നു…
തല ഉയർത്തി നോക്കണമെന്നുണ്ട് പക്ഷേ നിവരുന്നില്ല…
ഒരു അറ്റത്തുനിന്നും ചായ കൊടുത്തു തുടങ്ങി…
ഒരു വളിച്ച പുഞ്ചിരി മുഖത്ത് ഫിക്സ് ആക്കിയിരുന്നു…
ഒടുവിൽ അവസാന ആളിന്റെ ഊഴം എത്തി…
കുറേ നേരം ട്രേയും പിടിച്ചു അയാളുടെ മുന്നിൽ നിന്നെങ്കിലും അയാൾ ചായ എടുത്തില്ല…
എനിക്കാണെങ്കിൽ ദേഷ്യം പെട്ടെന്ന് വരുന്ന കൂട്ടത്തിലാണ്…
ഇങ്ങേർക്ക് എന്താ കാണാൻ വയ്യേ ഞാൻ മുന്നിൽ നിൽക്കുന്നത്…
“ചായ.. ”
അതും പറഞ്ഞു ഞാൻ പതിയെ മുഖമുയർത്തി ആ മഹാന്റെ തിരുമുഖത്തേക്കു ഒന്ന് നോക്കി…
“എന്റെ കൃഷ്ണാ…. ”
ഞാൻ അറിയാതെ വിളിച്ചു പോയി…
“എന്താ മോളെ… ”
“ഒന്നുല്ല അച്ഛാ… ”
അയാൾ ചായ എടുത്തിട്ട് ഒന്നുകൂടി എന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു…
കൃഷ്ണാ… വീണ്ടും സ്പാർക്കിങ്…
ഞാൻ വേഗം റൂമിലേക്ക് പോയി…
അയാളു നോക്കിയപ്പോൾ കണ്ണിൽ നിന്നും തീപ്പൊരി പറന്നതുപോലെ ഒരു ഫീലിംഗ്…
എവിടെയോ കണ്ടു മറന്ന മുഖം പോലെ…
ആ കണ്ണുകൾ… അത്… അത് എവിടെയോ കണ്ടിട്ടുള്ളതുപോലെ…
ഹേയ്… തോന്നുന്നതാകും…
എന്തായാലും അയാളോട് ഇഷ്ടം അല്ലെന്നു തുറന്നു പറയണം…
“മോന് കുട്ടിയോട് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ അകത്തേക്ക് ചെന്നോളു കേട്ടോ… ”
അമ്മാവൻ അത് പറഞ്ഞപ്പോൾ ഞാൻ ഒന്നുകൂടി തയ്യാറായി റൂമിൽ നിന്നു…
ഇടക്കിടക്ക് വാതിൽക്കലേക്കു എത്തിനോക്കി…
അയാൾ റൂമിലേക്ക് കയറിയതും ഞാൻ പോയി റൂമിന്റെ ഡോർ ലോക്ക് ചെയ്തു…
ആള് അമ്പരന്നു എന്നെ നോക്കുന്നുണ്ട്…
പിന്നെ ചിരിച്ചുകൊണ്ട് എന്റെ ബെഡിലേക്കു ഇരുന്നു…
“തനിക്കു ഈ വേഷം നന്നായി ചേരുന്നുണ്ട്… പക്ഷേ തന്റെ ഈ പെരുമാറ്റ രീതി ഒട്ടും ചേരുന്നില്ല കേട്ടോ…
തനിക്കു ആ പഴയ ക്യാരക്റ്റർ തന്നെയാണ് ബെസ്റ്റ്… എനിക്ക് അതാണ് ഇഷ്ടം… ”
എന്റെ കിളിയെല്ലാം പോയിന്നു പറഞ്ഞാൽ മതിയല്ലോ…
ഞാൻ കണ്ണും മിഴിച്ചു ആളെ തന്നെ നോക്കി നിന്നു …
ഇല്ല എനിക്ക് ഒരു പിടിയും കിട്ടുന്നില്ല… പക്ഷേ…
“ഇങ്ങനെ മിഴിച്ചു നോക്കണ്ട കേട്ടോ… എനിക്ക് മുൻപേ തന്നേ അറിയാം…
നമ്മൾ തമ്മിൽ കണ്ടിട്ടും ഉണ്ട്… ”
അതും പറഞ്ഞു അയാൾ എന്റെ കൈയിൽ പിടിച്ചു ബെഡിലേക്കു ഇരുത്തി…
അതുവരെ ഉണ്ടായിരുന്ന ശ്വാസം മുട്ടലൊക്കെ ഒന്ന് അയഞ്ഞതുപോലെ…
ഞാൻ അയാളുടെ മുഖത്തേക്കും കണ്ണും നട്ടിരുന്നു….
(തുടരും )

by