25/04/2026

പാർവതി പരിണയം : ഭാഗം 24

രചന – മൈഥിലി മിത്ര

എടാ, പോയ കാര്യം എന്തായി.. അവർ എന്ത് പറഞ്ഞു “…

വൈകിട്ട് സ്കൂൾ വിട്ടുകഴിഞ്ഞു വീട്ടിലെത്തി, വന്ന ഉടനെ തന്നെ ഉണ്ണിയെ ഫോൺ ചെയ്തു വിവരങ്ങൾ അറിയുകയായിരുന്നു അപ്പു… ഹാളിലെ കസേരയിൽ ആണ് ഇരിപ്പു… അനന്തനെക്കുറിച്ചുള്ള കാര്യങ്ങളെല്ലാം തന്നെ അപ്പുവിനോടവൻ പറഞ്ഞിട്ടുണ്ടായിരുന്നു….

“രമണിയോട് സംസാരിച്ചെട, ഒരുപാവം സ്ത്രീയാണ്.. ഏട്ടന്റെ കാര്യത്തിൽ അവർക്കും സങ്കടമുണ്ട്… അവരുടെ വീട്ടിലെ അവസ്ഥ വല്ലാത്തതാ “….

“ഇനിയിപ്പോ എന്ത് ചെയ്യാനാ നിന്റെ തീരുമാനം”..

“ഞങ്ങളിപ്പോ മാധവന്റെ വീട്ടിൽ നിന്നിറങ്ങി, ആ കോളനിയിലേക്ക് പോകുവാ..
ആ പെൺകുട്ടികളുടെ വീട്ടുകാർ എന്താ പറയുന്നതെന്നു കേൾക്കണം.. പറ്റുവെങ്കിൽ ഇവരുടെയെല്ലാം ഡീറ്റെയിൽസ് ഹരി സർന് (അഡ്വക്കേറ്റ് ) അയച്ചു കൊടുക്കണം.. അവരെ കൊണ്ടു എല്ലാത്തിനും സമ്മതിപ്പിക്കണം.. എങ്കിലേ എന്റെ അനന്തേട്ടൻ……..”…

ഉണ്ണിയുടെ സംസാരം അപ്പുവിൽ വേദന ഉളവാക്കി.. അനന്തേട്ടന് ഒന്നും സംഭവിക്കില്ല.. അല്ലെങ്കിൽ തന്നെ എന്ത് നടക്കാനാണ് …ഏട്ടനാണ് അയാളെ കൊന്നതെന്നു തെളിവൊന്നും ഇല്ലാലോ…

“ജിതിൻ സാറും വിളിച്ചിരുന്നു അപ്പൂ .. എന്റെ ഫ്രണ്ടിന്റെ ഏട്ടനായതുകൊണ്ടാ, ഇത്രയും നാൾ നീട്ടികൊണ്ട് പോകുന്നത്.. സാറിനും അവരുടെ സീനിയർസിൽ നിന്നും പ്രഷർ ഉണ്ട്‌.. പുതിയ ഒരു acp ആണ് കേസ് അന്വേഷിക്കുന്നത്.. തെളിയിക്കാതെ കിടന്ന കേസുകൾ ഒക്കെ അയാൾ കുത്തിപ്പൊക്കുകയാണ് “….

അപ്പുവിന് കേട്ടുനിൽക്കാനാവുന്നുണ്ടായിരുന്നില്ല…

“ശരി, നിങ്ങളെങ്കിൽ സൂക്ഷിച്ചു പോയിട്ട് വാ.. ഇടയ്ക്കു വിളിക്കണം കെട്ടോ ഉണ്ണി നീയ് “…

“എടാ, ഒരു കാര്യം പറയാൻ മറന്നു “..

“എന്തെടാ ഉണ്ണി “…

“ഹരി സാറിന്റെ ഒരു മെസ്സേജ് ഉണ്ടായിരുന്നു ഇപ്പോൾ.. ഏട്ടൻ അവിടെ അന്വേഷിച്ചു ചെന്നിരുന്നുവെന്ന്.. “..

“എന്നിട്ട് “…

അപ്പുവിൽ ഒരു വിറയൽ ഉണ്ടായി.. കഴിഞ്ഞ ദിവസം ടൗണിൽ പോയപ്പോൾ ഉണ്ണിയെ അനന്തേട്ടന് കാണിച്ചുകൊടുത്തത് താനാണ്.. അതുകഴിഞ്ഞാണ് യഥാർത്ഥ സംഭവം ഉണ്ണിയിൽ നിന്നും താനും രേവതിയും അറിയുന്നത് തന്നെ.. അനന്തെട്ടനറിഞ്ഞാൽ
ആ മനസ്സ് വേദനിക്കില്ലേ… അല്ലെങ്കിൽ തന്നെ എത്ര നാൾ മറച്ചു വെക്കാനാവും.. അവന്റെ തല പുകഞ്ഞു…

“എന്നിട്ടെന്താ.. ഹരി സാർ ഒന്നും വിട്ട് പറഞ്ഞിട്ടില്ല.. പക്ഷെ ഏട്ടന് എന്തൊക്കെയോ സംശയമുണ്ട് അപ്പു “…

അപ്പു അമർത്തിയൊന്നു മൂളി.. പല ആലോചനകളാൽ കലുഷിതമായിരുന്നു അവന്റെ മനസ്സ്…

“ആരും ഒന്നും അറിയില്ല.. ഒന്നും സംഭവിക്കുകയുമില്ല.. നീ വെറുതെ ടെൻഷൻ ആവേണ്ട അപ്പു “…

“ശരിയെടാ.. രേവതി ഓക്കേ ആണോ”…

ചോദിക്കാതിരിക്കാനായില്ല അപ്പുവിന്.. കാരണം അനന്തനോടുള്ള അവളുടെ പ്രണയം താൻ കണ്ടതാണ്.. ഏട്ടന്റെ കാര്യം അറിഞ്ഞപ്പോൾ, ഊണും ഉറക്കവുമില്ലാതെ അലമുറയിട്ട് കരഞ്ഞുകൊണ്ടിരുന്നവളാണ്.. ഒരാളെ ഇത്രയും ആത്മാർത്ഥമായിട്ട് പ്രണയിക്കാൻ പറ്റുവോ..

“അവൾ ഓക്കേ അല്ലെടാ.. നിനക്കറിയാമല്ലോ കാര്യങ്ങൾ.. നിർബന്ധിച്ചാണ് കഴിപ്പിക്കുന്നത് തന്നെ… “..

“എങ്കിൽ ശരി ഉണ്ണി, നീ കാര്യങ്ങളൊക്കെ കഴിഞ്ഞു എന്നെ വിളിക്കണം കെട്ടോ.. എല്ലാം ഒക്കെയാവുമെടാ.. വെക്കട്ടെ “..

അപ്പുറത്തു നിന്നും ബീപ് സൗണ്ട് കേട്ടയുടനെ അപ്പു കാൾ കട്ട് ചെയ്തു.. ഫോൺ അടുത്ത് കിടന്ന ടീപ്പോയിലേക്കിട്ടിട്ടു, അവൻ തലയ്ക്കു കൈകൊടുത്തിരുന്നു.. നിമിഷങ്ങൾ കടന്നുപോയി.. കടുത്ത മനസമ്മർദ്ദം അനുഭവിക്കുന്നത് പോലെ തലയൊന്നു കുടഞ്ഞു…

ആരോ ഹാളിലേക്ക് വരുന്ന ശബ്ദം കേട്ടപ്പോഴാണ് അവൻ തലയുയർത്തി നോക്കിയത് .. അകത്തേക്ക് വന്നയാളെ കണ്ടു അപ്പു ഞെട്ടിപ്പോയി.. തൊണ്ടയിലെ ഉമിനീര് പോലും വറ്റിയിപ്പോയിരുന്നു…

“അനന്തേട്ടൻ “…

അറിയാതെ അവന്റെ ചുണ്ടുകളിൽ നിന്നു ആ പേര് പുറത്തേക്കു വന്നു.. നെഞ്ചിനു കുറുകെ ഇരു കൈകളും കെട്ടിവെച്ചു, കണ്ണുകൾ കുറുക്കി തന്നെ ഉറ്റുനോക്കുന്ന അനന്തനെ കണ്ടു അവനൊന്നു ഭയന്നു.. ഫോണിൽ കൂടി ഉണ്ണിയോട് സംസാരിച്ച കാര്യങ്ങൾ ഏട്ടൻ കേട്ടുവെന്ന് ഇതിനോടകം അവൻ മനസ്സിലാക്കി..

“ഇനി പറഞ്ഞോ.. ആദ്യം തൊട്ട്, ഒന്ന് പോലും വിടാതെ “…

ഉറച്ച വാക്കുകൾ, തീഷിന്തയുള്ള നോട്ടം.. അവനെ കേൾക്കാനെന്ന വണ്ണം എതിർവശത്തു കിടന്ന കസേരയിൽ കാലിന്മേൽ കാലു കയറ്റി വെച്ചുകൊണ്ട് അനന്തനിരുന്നു…

തന്റെ അശ്രദ്ധ… അപ്പുവിന് ദേഹം വീട്ടിവിറക്കുന്നപോലെ തോന്നി… എന്താണ് പറയേണ്ടത്, എങ്ങനെയാണ് പറയേണ്ടത്.. മറച്ചുപിടിക്കാൻ തനിക്കാവില്ല, ആ കണ്ണുകളിലെ തീഷ്ണത നേരിടാനാവാതെ അവൻ തല കുനിച്ചിരുന്നു…

“അപ്പു നിന്നോടാ ചോദിച്ചേ.. എന്താണ് നിങ്ങളെന്നിൽ നിന്നും മറച്ചു പിടിക്കുന്നത് “….

ഈ പ്രാവശ്യം ദേഷ്യത്തോടെയായിരുന്നു ചോദിച്ചത്.. അപ്പൂവൊന്നു ഞെട്ടി.. പണ്ടും അങ്ങനെയാണ് അനന്തേട്ടന്റെ ദേഷ്യത്തിന് മുന്നിൽ താനെന്നും കൊച്ചുകുട്ടിയാണ്.. താൻ മാത്രമല്ല, ഉണ്ണിയും..

“അത് പിന്നെ.. ഏട്ടാ.. ‘…

അനന്തൻ നെറ്റിച്ചുളിച്ചവനെ സംശയത്തോടെ നോക്കി.. കാര്യം ഗൗരവമുള്ളതെന്നു ഇതിനോടകം അവൻ മനസ്സിലാക്കിയിരുന്നു…

“ഏട്ടാ, മാധവന്റെ കൊല കേസ് വീണ്ടും കുത്തിപ്പൊക്കിയിരിക്കുന്നു “…

കണ്ണുമടച്ചു, വിറച്ചുകൊണ്ട് അപ്പു പറഞ്ഞു തീർത്തു.. അനന്തൻ ഞെട്ടിത്തരിച്ചിരുന്നു… കണ്ണുകളൊന്നു കുറുക്കി താടിയിലൂടെ കൈ വിരലുകളോടിച്ചവൻ…

“ആര് പറഞ്ഞു നിന്നോടിത് “…

“ഉണ്ണി “…

“അവനെങ്ങനെയറിഞ്ഞു “…

“പോലീസ് ഇൻസ്‌പെക്ടർ ജിതിൻ വീട്ടിൽ വന്നിരുന്നു”…

“എന്ന് വന്നു “…

“മൂന്നു നാല് ദിവസമായി ഏട്ടാ “…

“എന്നിട്ട് നിങ്ങളെന്തുകൊണ്ട് എന്നോട് മറച്ചുവെച്ചിത് “…

ദേഷ്യംകൊണ്ട് വിറക്കുകയായിരുന്നു അനന്തൻ …

“ഞാൻ ഇന്നലെയാ ഏട്ടാ അറിഞ്ഞത്.. “..

പറയുമ്പോൾ അപ്പുവിന്റെ ശബ്ദത്തിൽ വിറയൽ പടർന്നിരുന്നു…

“ഉണ്ണിയിപ്പോ എവിടെയുണ്ട് “..

“അവര് മാധവന്റെ നാട്ടിൽ പോയിരിക്കയാണ്‌ ഏട്ടാ “..

“അവരോ.. ആരൊക്കെ “…

അപ്പു തലയിൽ കൈ വെച്ചുപോയി.. നാവു പിഴച്ചിരുന്നു.. ബുദ്ധി ശൂന്യതയോർത്തു അവനവനോട് തന്നെ പുച്ഛം തോന്നി…

“അത് പിന്നെ ഏട്ടാ, ഉണ്ണിയുടെ കൂടെ രേവതിയും “..

പകുതിയിൽ നിർത്തി, അപ്പു അനന്തന്റെ മുഖത്തേക്ക് പേടിയോടെ നോക്കി…

“എന്തിനു രേവതി പോയി “…

അലറുകയായിരുന്നു അനന്തൻ.. എഴുന്നേറ്റു നിന്നു അവിടെകിടന്നിരുന്ന കസേര ചവിട്ടി താഴെയിട്ടു.. അപ്പു പേടിച്ചു പോയിരുന്നു.. അനന്തന്റെ രൗദ്രരൂപം അവനാദ്യമായിട്ട് കാണുകയായിരുന്നു.. കണ്ണുകളൊക്കെ ചുവന്നു, കൈ മുഷ്ടി ചുരുട്ടി പിടിച്ചിരുന്നു.. എന്തിനും എപ്പോഴും ഒരു പുഞ്ചിരിയോടു കൂടെ സ്നേഹത്തോടെ സംസാരിക്കുന്ന തന്റെ ഏട്ടൻ തന്നെയാണോ ഇതെന്ന് അപ്പു ഒരുനിമിഷം ആലോചിച്ചുപോയി…

“അത് പിന്നെ ഏട്ടാ..”

പറയാൻ അപ്പുവിന് പേടി തോന്നി…

“നിന്നോടാ അപ്പു ചോദിച്ചത് “…

അനന്തൻ വീണ്ടും ആക്രോശിച്ചു..

“ഏട്ടന്റെ കാര്യം ഉണ്ണിയിൽ നിന്നറിഞ്ഞ ശേഷം രേവതി ഭയങ്കര കരച്ചിലായിരുന്നു.. ഊണും ഉറക്കവുമില്ലാതെ, ഞാൻ കണ്ടതാ ഏട്ടാ അവളുടെ വിഷമം.. കണ്ടു നിൽക്കാൻ വയ്യായിരുന്നു.. “..

“അതുകൊണ്ട്, അവളെന്തിനു പോകണം “…

അപ്പുവിന് ചെവി കൊട്ടിയടക്കുന്ന പോലെ തോന്നി.. പേടിയോടെയവൻ ഏട്ടനെ നോക്കി…

“അന്ന് ഏട്ടൻ മാധവനിൽ നിന്നും രക്ഷിച്ച പതിനഞ്ചു കുട്ടികളിൽ, ആറുപേര് രേവതിയുടെ
ബാച്ച് മേറ്റ് അല്ലായിരുന്നോ “…

“അതിനു “…

അനന്തൻ സംശയത്തോടെ ചോദിച്ചു…

“ഉണ്ണിയും ഞാനും പോകാനാണ് ആദ്യം തീരുമാനിച്ചത്.. ആ കുട്ടികളോട് ഞങ്ങൾ സംസാരിക്കുന്നതിലും നല്ലത്, അവരെ മുൻപരിചയം ഉള്ള രേവതി ഇടപെടുന്നതാണ് നല്ലതെന്നു വിചാരിച്ചു…കാര്യങ്ങളൊക്കെ അവരിൽ നിന്നും അറിഞ്ഞു, അവരെ നമ്മുടെ കൂടെ കൂട്ടുകയാണെങ്കിൽ അനന്തേട്ടന്റെ കേസിന് അതുപകാരപ്പെടുമെന്ന് ഹരി സർ ഉണ്ണിയോട് പറഞ്ഞിരുന്നു “…

അനന്തന് കാര്യങ്ങൾ ഏകദേശം മനസ്സിലായിതുടങ്ങിയിരുന്നു.. ഒരാളെ കൊന്നാൽ മരണശിക്ഷയാണ്… അത് ആരാണെങ്കിലും.. ഉണ്ണി മൂന്നുനാല് ദിവസം കൊണ്ടു ടെൻഷനടിച്ചു, ജോലിക്ക് പോലും പോകാതെ നടക്കുന്നതിന്റെ കാരണം അപ്പോളിതാണല്ലേ.. അനന്തന്റെ മനസ്സിൽ ഉണ്ണിയോട് ദേഷ്യത്തോടൊപ്പം വാത്സല്യം നിറഞ്ഞു.. തന്റെ അനിയൻ, അവനിത്രയ്ക്ക് വലുതായിപ്പോയിരുന്നോ.. എല്ലാ സങ്കടങ്ങളും ഒറ്റയ്ക്ക് അനുഭവിക്കാൻ പാകത്തിനു….

“അനന്തേട്ട “…

വേദനയോടെ അപ്പു വിളിച്ചു… അവന്റെ നിറഞ്ഞ കണ്ണുകൾ അനന്തനിൽ നൊമ്പരമുണർത്തി.. അത്രയും നേരം ഉണ്ടായിരുന്ന ദേഷ്യം ആവിയായിപ്പോയപോലെ തോന്നിയവന്..

“എന്താടാ അപ്പൂ “…

ഈ പ്രാവശ്യം സംസാരത്തിനു അത്രയും ദൃഢത ഉണ്ടായിരുന്നില്ല…

“ഏട്ടാ, ഞങ്ങളോട് ദേഷ്യം തോന്നരുതേ “…

“ഇല്ലെടാ,… ഒരിക്കലും ഇല്ല “…

അടുത്തേക്ക് ചെന്നു അപ്പുവിനെ ചേർത്തുപിടിച്ചവൻ.. തന്നേക്കാട്ടിലും മൂന്നോ നാലോ വയസ്സിനു ഇളപ്പമേ ഉളളൂവെങ്കിലും അപ്പുവും ഉണ്ണിയും തനിക്കു മക്കൾക്ക് തുല്യമാണ്…

“സാരല്യടാ.. പോട്ടേ.. ഒന്നും സംഭവിക്കില്ല “…

എന്തൊക്കെയോ ചിന്തിച്ചുറപ്പിച്ചു അനന്തൻ.. അപ്പോഴും അവന്റെ വലം കൈ അപ്പുവിന്റെ തോളിൽ വാത്സല്യത്തോടെ തലോടിക്കൊണ്ടിരുന്നു…

💞💞💞💞💞

“ഉണ്ണി, ആ കുട്ടികളുടെ കരച്ചിൽ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല “….

കോളനിയിൽ പോയി ആ പെൺകുട്ടികളെ കണ്ടു സംസാരിച്ചിട്ട് നാട്ടിലേക്കു തിരിച്ചു വരികയായിരുന്നു ഉണ്ണിയും രേവതിയും.. രേവതിയെ മുൻപരിചയം ഉള്ള പെൺകുട്ടികളിൽ ചിലർ, അന്ന് സംഭവിച്ച കാര്യങ്ങൾ വേദനയോടെ തുറന്നു പറഞ്ഞിരുന്നു.. അന്ന് തങ്ങളെ രക്ഷിച്ച ദൈവതുല്യനായ അനന്തന് നേരെ കേസ് അന്വേഷണം ഉണ്ടായതറിഞ്ഞു ആ കുടുംബം ഞെട്ടിപ്പോയിരുന്നു… തങ്ങളെക്കൊണ്ടാവുന്നതുപോലെ സഹായം ചെയ്യാൻ എവിടെവരെയെങ്കിലും എത്താമെന്നു ആ കുടുംബങ്ങൾ ഉണ്ണിയോട് വാഗ്ദാനം ചെയ്തു…

“ആ വൃത്തികെട്ട പിശാച് ചത്തു മണ്ണടിഞ്ഞു.. ഈ acp എന്തിനാണോ ഇതൊക്കെ കുത്തിപ്പൊക്കികൊണ്ട് വരുന്നത് എന്തോ “…

ഉണ്ണിയുടെ ടെൻഷൻ അവന്റെ വാക്കുകളിൽ പ്രതിഫലിച്ചിരുന്നു…

“പക്ഷെ ഉണ്ണി, എനിക്കൊരു സംശയം..”…

“എന്താ രേവതി അത് “…

“അത്…. അനന്തേട്ടനാണ് ആ കൊല ചെയ്തതെന്നു, നമ്മുക്കും ഏട്ടനും അല്ലാതെ ആർക്കും അറിയില്ലല്ലോ.. ഏട്ടന് അയാളോട് ദേഷ്യം ഉണ്ടായിരുന്നുവെന്ന് പോലീസുകാർക്ക് തെളിയിക്കാൻ കഴിഞ്ഞാലും, കൊന്നത് ഏട്ടനാണെന്ന് അവരെങ്ങനെ തെളിയിക്കും “….

ഉണ്ണിയൊന്നു ചിരിച്ചു… ആ ചിരിയുടെ അർത്ഥം രേവതിക്കു മനസ്സിലായില്ല.. അവളവനെ മനസ്സിലാക്കാത്തതുപോലെ നോക്കി…

“എന്താ ഉണ്ണി ചിരിക്കൂന്നേ “..

“നിനക്ക് തോന്നുന്നുണ്ടോ രേവതി, നാളെയൊരു അന്വേഷണം ഏട്ടന് നേരെ ഉണ്ടായാൽ, ഏട്ടൻ കള്ളം പറയുമെന്ന് “…..

രേവതിയിൽ ഒരു കൊള്ളിയാൻ മിന്നി.. അതേ, ഉണ്ണി പറഞ്ഞത് സത്യമാണ്.. ചോദ്യം ചെയ്‌താൽ അനന്തൻ കുറ്റം സമ്മതിച്ചാൽ…

“അപ്പോൾ, അപ്പോളെന്തു ചെയ്യും
നമ്മളിനി “……

കണ്ണുകൾ പെയ്തിരുന്നവളുടെ, ഇനിയെന്ത് എന്ന ആലോചനയിൽ ഉമീതീയിലെരിയുന്നപോലെ ഉഴറി രേവതി.. നെഞ്ചുപൊട്ടുന്ന വേദന… അനന്തേട്ടന് എന്തെങ്കിലും സംഭവിച്ചാൽ…. ഇല്ല.. ഒന്നുമുണ്ടാവില്ല…. സകല ഈശ്വരന്മാരോടും മനസ്സാൽ കെഞ്ചിയവൾ…

ഈ സമയം ഉണ്ണി തന്ത്ര ങ്ങൾ മെനയുകയായിരുന്നു.. തന്റെ ഏട്ടനെ രക്ഷിക്കാനുള്ളത്..

(തുടരും )