19/04/2026

പാർവതി പരിണയം : ഭാഗം 21

രചന – മൈഥിലി മിത്ര

“പാറൂ.. മോളെ പാറൂട്ടിയെ “… തൊടിയിലെ മൂവാണ്ടന്മാവിൽ കെട്ടിയ ആ വലിയ ഊഞ്ഞാലിലിരുന്നു ആടുകയായിരുന്നു പാറൂ.. പെണ്ണെന്തോ ആലോചിച്ചുകൊണ്ട് തല പുകക്കുന്നുണ്ട്.. അതിനോടൊപ്പം തന്നെ പതിയെ ഊഞ്ഞാലാട്ടവും നടക്കുന്നുണ്ട്… വൈകിട്ടവളെ ചായ കുടിക്കാൻ കാണാഞ്ഞിട്ട്, അന്വേഷിച്ചിറങ്ങിയതാണ് അനന്തൻ… “എടി മോളെ “… വീണ്ടും ഒന്നുംകൂടെ ഉച്ചത്തിൽ വിളിച്ചു.. അപ്പോഴാണ് പാറു അവൻ വിളിച്ചത് കേട്ടത്.. “എന്താ നന്ദേട്ടാ “… നിഷ്കളങ്കമായിട്ടവൾ ചോദിച്ചു… “നീയെന്തായിത്രയ്ക്ക് ആലോചിക്കുന്നേ.. ഞാൻ വിളിച്ചിട്ടുപോലും നോക്കുന്നില്ലലോ.. ഈ ലോകത്തൊന്നും അല്ലേ “… പാറുവിന്റെ മുഖം ചുളിഞ്ഞത് അനന്തൻ ശ്രദ്ധിച്ചു.. അവൻ പോയി അവളുടെയടുത്തു ഊഞ്ഞാലിൽ ചെന്നിരുന്നു.. “നന്ദേട്ടാ.. അതുണ്ടല്ലോ “… “പറ മോളെ “… “ഉണ്ണിയേട്ടനെന്തോ പറ്റിയിട്ടുണ്ട് “.. “അവനെന്തു പറ്റി “… “ഏട്ടൻ രണ്ട് ദിവസമായിട്ടു വല്യ മിണ്ടാട്ടമില്ല “…. പാറുവിന്റെ സങ്കടം മുഖത്ത് നിഴലിച്ചിരുന്നു..

“അവനെന്തു പറ്റാനാ പാറുട്ടിയെ.. നിനക്ക് തോന്നുന്നതായിരിക്കും “… മനസ്സിലുള്ള ആശങ്കകൾ മറച്ചു വെച്ചു അനന്തനവളെ ആശ്വസിപ്പിച്ചു.. ഉണ്ണിയെന്തൊക്കെയോ എല്ലാവരിൽ നിന്നും ഒളിപ്പിച്ചു വെക്കുന്നതായിട്ട് അവനും തോന്നിത്തുടങ്ങിയിരുന്നു…. “അല്ല നന്ദേട്ടാ, ഉണ്ണ്യേട്ടന് എന്തോ വിഷമമുണ്ട്.. എപ്പഴും എന്തൊക്കെയോ ആലോചിച്ചുകൊണ്ട് ഇരിക്കുന്നത് കാണാം.. അതെങ്ങനെയാ, ചോദിക്കുമ്പോൾ വാ തുറന്നു പറഞ്ഞാലല്ലേ അറിയാൻ പറ്റൂ.. ഗണിച്ചറിയാൻ ജ്യോതിഷം എനിക്ക് വശോണ്ടോ.. “.. പാറുവിന്റെ സങ്കടം ദേഷ്യത്തിലേക്കു വഴിമാറി…. “കല്യാണം ഒക്കെ അടുത്ത് വരുന്നില്ലേ മോളെ… ഇപ്പോ തന്നെ പുതിയ ഹോസ്പിറ്റലിൽ ജോലിക്കും പോണുണ്ട്.. അതിന്റെയൊക്കെ ടെൻഷനിലാരിക്കുമവൻ… അതിന് നീയിങ്ങനെ സെഡ് അടിച്ചിരുന്നാലെങ്ങനാ”.. അങ്ങനായിരിക്കുമോ എന്നയർത്ഥത്തിൽ അനന്തന്റെ മുഖത്തേക്ക് ഒട്ടൊരു സംശയത്തോടെയവൾ നോക്കി…

“ആയിരിക്കുമോ നന്ദേട്ടാ “… “ആയിരിക്കുമെന്നല്ല, ആണെടി പാറൂട്ടിയെ “… വീണ്ടും വീണ്ടും ആ കുഞ്ഞിതല പുകക്കുന്നവളുടെ തലക്കിട്ടവനൊരു കൊട്ടുകൊടുത്തു… “ആ, എന്റെ തല “… തലയിൽ തിരുമ്മിക്കൊണ്ട്, അനന്തനെ കൂർപ്പിച്ചു നോക്കിയവൾ .. “പോട്ടെടി മോളെ, സോറി “… പറഞ്ഞുകൊണ്ട് അവളുടെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തനന്തൻ.. അപ്പോഴുമവന്റെ മനസ്സ് പുകയുകയായിരുന്നു, ഉണ്ണിയേയോർത്തു.. എന്തൊക്കെയോ പ്രശ്നങ്ങളുണ്ട്, എല്ലാം കണ്ടുപിടിക്കണം… ഉള്ളിലെന്തെക്കെയോ ആലോചിച്ചുറപ്പിച്ചവൻ… 💞💞💞 സമയം രാത്രി പതിനൊന്നു കഴിഞ്ഞിരുന്നു.. എല്ലാവരും ഉറക്കം പിടിച്ചു .. ഉണ്ണിയിതുവരെയും വീട്ടിലെത്തിയിട്ടില്ല.. പുറത്ത് മഴ ധകൃതിയായി പെയ്യുന്നു.. അനന്തന് മാത്രം ഉറക്കം വന്നില്ല.. അവൻ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി.. പുറം വാതിൽ തുറന്നു, ഉമ്മറത്തെ ചാരുകസേരയിൽ പോയി കിടന്നു.. തണുപ്പ് അരിച്ചിറങ്ങിയിട്ടും, മനസ്സ് ചൂടുപിടിച്ചിരുന്നു.. കുറച്ചു നേരം ആ മഴയിലേക്ക് കണ്ണും നട്ടിരുന്നവൻ… ഭാമയെന്ന ഓർമ്മപ്പെയ്ത്തിൽ നെഞ്ചോന്നുലഞ്ഞു…

പതിയെ കണ്ണുകളടച്ചവൻ.. പ്രണയത്തിന്റെ മാസ്മരികത തന്നിൽ ദ്യുതിപ്പിച്ചവൾ, അടങ്ങാത്ത അഭിനിവേശത്തിന്റെ കുത്തൊഴുക്കിൽ താനിന്നും നിലക്കാതെ ഒഴുകിക്കൊണ്ടേയിരിക്കുകയാണ്…. ബൈക്കിന്റെ സൗണ്ട് കേട്ടാണ് അവൻ ഓർമകളിൽ നിന്നും യാഥാർഥ്യത്തിലേക്കു തിരിച്ചു വന്നത്… ഉണ്ണിയാണ്… അവൻ ഉമ്മറത്തുള്ള ക്ലോക്കിലേക്ക് നോക്കി, സമയം 12 കഴിഞ്ഞു… അനന്തൻ പതിയെ കസേരയിൽ നിന്നും എണിറ്റു… ബൈക്ക് ഓഫ്‌ ചെയ്തു ഉണ്ണിയത് സ്റ്റാൻഡിലിട്ടു.. മഴയായതു കാരണം റയിൻ കോട്ട് ഇട്ടിട്ടുണ്ടായിരുന്നവൻ.. പടികൾ ഓടിക്കയറി, ഉമ്മറത്തേക്ക് വന്നു നിന്ന്, റെയിൻ കോട്ടും ഹെൽമെറ്റും ഊരിയെടുത്തു ഇരിക്കാനായിട്ട് പണിഞ്ഞിട്ടിരിക്കുന്ന ചാരു പടിയിലേക്കിട്ടു …. ഇട്ടിരിക്കുന്ന ഷൂവും സോക്‌സും അഴിച്ചു റാക്കിലേക്ക് വെച്ചു.. “എവിടെയായിരുന്നു നീയിത്രയും നേരം.. “… തലമുടിയൊന്നു കൊതിക്കൊണ്ട്, മുന്നോട്ടേക്ക് കാലുകൾ വെച്ചപ്പോഴാണ് വാതിൽ പടിക്കു മുന്നിൽ കയ്യും കെട്ടി നിൽക്കുന്ന ഏട്ടനെയവൻ കണ്ടത്… മറുപടി എന്ത് പറയണമെന്നറിയാതെയവൻ വിളറി…

“നീയെന്താ ഇത്രേം ലേറ്റായത്.. പതിവില്ലാത്തതാണല്ലോയിങ്ങനെ “… വീണ്ടും ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങൾ… “അത്, ഞാനെന്റെ ഫ്രണ്ടിന്റെ വീട്ടിൽ പോയതാ ഏട്ടാ.. അവിടെ ഭയങ്കര മഴയായിരുന്നു, അതുകൊണ്ട് ഇറങ്ങിയപ്പോൾ താമസിച്ചു പോയി “…. വായിൽ വന്നൊരു കള്ളമവൻ പറഞ്ഞൊപ്പിച്ചു.. ആദ്യമായിട്ടാണ് ഏട്ടനോട് കള്ളം പറയേണ്ടി വരുന്നത്.. മനസ്സുകൊണ്ടവൻ അനന്തനോട് ആയിരം വട്ടം മാപ്പു ചോദിച്ചിരുന്നു… “മ്മ്.. പോയി വേഗം തലതോർത്താൻ നോക്ക്.. ജലദോഷം വരുത്തിവെക്കേണ്ട… അകത്തേക്ക് വേഗം പൊയ്ക്കോ “… തലയാട്ടി, മുഖം കുനിച്ചുകൊണ്ട് ഉണ്ണി വീടിനുള്ളിലേക്ക് കടന്നു.. പുറകെ അനന്തനും… “നീയെന്തെങ്കിലും കഴിച്ചിരുന്നുവോ “… പുറത്തേക്കുള്ള വാതിൽ അടച്ചുകൊണ്ട് അനന്തൻ ചോദിച്ചു… “കഴിച്ചിട്ടാ ഏട്ടാ വന്നത് “… സ്വന്തം മുറിയിലേക്ക് കടക്കും മുൻപ്, തിരിഞ്ഞു നിന്നുകൊണ്ട് ഉണ്ണി മറുപടി കൊടുത്തു.. “എങ്കിൽ പോയി കിടന്നോളൂ, നാളെ നിനക്ക് ഡ്യൂട്ടിയുള്ളതല്ലേ”… ഉണ്ണിയൊന്നു വിറച്ചു.. വീണ്ടും കള്ളങ്ങളുടെ മേൽ, കള്ളം പറയേണ്ടി വരുന്നയവസ്ഥ.. അവനവനോടുതന്നെ പുച്ഛം തോന്നി….

തികട്ടി വന്ന സങ്കടം തൊണ്ടക്കുഴിയിലൊളിപ്പിച്ചു, ഏട്ടനെയൊന്നു നോക്കി.. പിന്നെ മുറിലേക്ക് കയറി, വാതിലടച്ചു കുറ്റിയിട്ടു.. ഡ്രസ്സ്‌ പോലും മാറാൻ നിൽക്കാതെ അതേ പടിയവൻ കട്ടിലിലേക്ക് വീണു.. ഇരു കണ്ണുകളിൽ നിന്നും കണ്ണീർ ചാലിട്ടൊഴുകി…. 💞💞💞💞 “ഉണ്ണിയേട്ടനിന്നലെ എപ്പഴാ വന്നേ “… രാവിലെ ഡ്യൂട്ടിക്കെന്നും പറഞ്ഞു പോകാനൊരുങ്ങുന്ന ഉണ്ണിയുടെ പുറകെയാണ് പെണ്ണ്… “നിന്നോടിപ്പൊത്തന്നെ എത്രവട്ടം പറഞ്ഞെടി ഞാൻ പന്ത്രണ്ട് ആയപ്പോഴാ വന്നെന്ന് “.. മുടി ചീവിക്കൊണ്ടിരിക്കുന്നതിനിടയിൽ, പുറകിൽ നിന്നു ഗോഷ്ടി കാണിക്കുന്ന പാറുവിനെയവൻ കണ്ണുരുട്ടി പേടിപ്പിച്ചു… “വോ… അല്ലേലും ഏട്ടന് എന്നോടിപ്പോ ദേഷ്യല്ലേ.. എന്ത് ചോദിച്ചാലും ചാടിത്തുള്ളി കടിക്കാൻ വരും.. ഹും “… ചീപ്പ് ഡ്രെസ്സിങ് ടേബിളിൽ വെച്ചിട്ട് അവൻ സ്വയം മൊത്തത്തിലൊന്ന് നോക്കി.. ശേഷം തിരിഞ്ഞു പാറുവിന്റെയരികിലെത്തി, വീർപ്പിച്ചു വെച്ചിരിക്കുന്ന ആ കുഞ്ഞുമുഖത്തെ കവിളിൽ ഒരു കുത്തുകൊടുത്തു … “എന്റെ പെണ്ണേ, നീയിങ്ങനെയെന്റെ തല തിന്നാതെ.. ഒന്നാമതെ തിരക്കാണ്.. അതിന്റെയിടയിൽ നീയൂടെ ഇങ്ങനെയായാൽ ഞാൻ എന്താടി ചെയ്യ”… ഇടുപ്പിലൂടെ കയ്യിട്ടു നെഞ്ചോട്‌ ചേർത്തു പെണ്ണിനെ.. ഇടത്തെ കയ്യിൽ കിടന്നു കുതറുന്നവളെ ഇറുക്കെപ്പിടിച്ചു നിർത്തി..

“കൂടുതലു സ്നേഹിക്കാൻ ഇങ്ങോട്ട് വരണ്ടാ മോൻ “.. “കണ്ണുരുട്ടി പേടിപ്പിക്കുന്നോടി നങ്ങേലി”… അവളുടെ കവിളിൽ ആഞ്ഞൊരു കടികൊടുത്തവൻ… “ആ “… പെണ്ണിന്റെ കാറിച്ച ഉച്ചതിലായപ്പോൾ, വലത്തെ കൈവെള്ളകൊണ്ടവളുടെ വായ പൊത്തിപിടിച്ചു… “പതിയെ… ശബ്ദം ഉണ്ടാക്കാതെ കാറടി പ്ലീസ്.. നല്ല മോളല്ലേ “.. കൈയ്യെടുക്കാൻ കണ്ണുകൾക്കൊണ്ടവളു ആക്ഷൻ കാട്ടി.. “നീ കാറുവോയിനി “… പേടിയോടെ ഉണ്ണി വീണ്ടും ചോദിച്ചു.. ഈ കുരുപ്പിനെ വിശ്വസിക്കാൻ പറ്റില്ല.. എപ്പോ പണി തന്നെന്നു ചോദിച്ചാൽ മതി.. വീണ്ടും ഇല്ലായെന്നു ദയനീയമായി പറഞ്ഞവളെ വിശ്വസിച്ചവൻ കയ്യെടുത്തു… ‘എന്റെ കവിള് കടിച്ചെടുത്തല്ലോ ഉണ്ണ്യേട്ട.. റ്റി റ്റി എടുക്കേണ്ടി വരുമെന്ന തോന്നുന്നേ “.. കവിളു കൈകൊണ്ട് തഴുകി പരിഭവം പറഞ്ഞവൾ… “അങ്ങനെയെങ്കിൽ കെട്ടു കഴിഞ്ഞു നിനക്കെത്ര റ്റി റ്റി എടുക്കേണ്ടി വരുമെന്റെ കെട്ട്യോളെ “.. നാണം കൊണ്ടു പൂത്തുലഞ്ഞവളെ ആഞ്ഞുപുണർന്നവൻ…ഉണ്ണിയുടെ നെഞ്ചിലേക്ക് കണ്ണുകളടച്ചു പതുങ്ങി നിന്നു പെണ്ണവൾ… അവന്റെ ഗന്ധം ആഞ്ഞുവലിച്ചു…

തന്റെ പ്രണയം സ്വന്തമാകാൻ ഇനി ദിവസങ്ങൾ മാത്രം.. ആ താലി നെഞ്ചോട് ചേർത്തുവെക്കാൻ , അവളുടെ മനസ്സ് മിടിച്ചുകൊണ്ടിരുന്നു… “പോട്ടേടി, ഇനിയും നിന്നാൽ ലേറ്റാവും പെണ്ണേ “. ഒന്നുകൂടി അവളുടെ നെറ്റിയിൽ ആഞ്ഞു മുത്തി.. നിമിഷനേരം കൊണ്ട്,പാറുവിന്റെ മുഖത്ത് നാണം മാറി പരിഭവം നിറഞ്ഞു… “വേഗം വരാടി.. “… അവളിൽ നിന്നടർന്നു മാറി, കാറിന്റെ കീയെടുത്തുകൊണ്ടവളെ നോക്കി… ഇപ്പോ ഒരു കുഞ്ഞിചിരിയൊക്കെ വരുന്നുണ്ട് പെണ്ണിന്.. “പോട്ടേഡീ “… ഒരു ഷോൾഡർ ബാഗ് കയ്യിലെടുത്തു മുറിക്കു പുറത്തേക്കിറങ്ങി… അവന്റെ പുറകെ നിഴലു പോലെ പാറുവുo… “അമ്മേ, ഞാനിറങ്ങുവാ ട്ടോ “…. അടുക്കളയിലേക്ക് നോക്കിയവൻ വിളിച്ചു കൂവി.. “ടാ, കഴിച്ചിട്ട് പോടാ മോനെ.. “… “വേണ്ടമ്മേ ഞാൻ പുറത്തൂന്ന് കഴിച്ചോളാം … ഇപ്പൊത്തന്നെ താമസിച്ചു “… കീ വിരലിലിട്ട് കറക്കികൊണ്ടു , ഉണ്ണി മുറ്റത്തേക്കിറങ്ങി… “ഇച്ചിരിയെങ്കിലും കഴിക്കരുതോ ഏട്ടാ നിനക്ക് “.. പുറകെ നടന്നു പരിഭവം പറയുന്നവളെ നോക്കികൊണ്ട്, ഡോർ തുറന്നു ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നവൻ… “അതേ, ഞാൻ കഴിച്ചില്ലായെന്നും കരുതി, നീ ഉപവാസമിരിക്കേണ്ട.. പോയി തിന്നെടി “… മുഖത്ത് ദേഷ്യം വരുത്തി, വണ്ടി സ്റ്റാർട്ടാക്കി മുന്നോട്ടേക്കെടുത്തു..

കോക്രി കാട്ടി തുള്ളിക്കൊണ്ടകത്തേക്ക് പോകുന്നവളെ സൈഡ് മിററിലൂടെയവൻ കണ്ടു.. അത്രയും നേരം ചുണ്ടിൽ വിരിഞ്ഞു നിന്ന പുഞ്ചിരി, ക്ഷണ നേരം കൊണ്ടു മാറിയവിടെ ഗൗരവം നിറഞ്ഞു.. പാടവും കഴിഞ്ഞു, മെയിൻ റോഡിലേക്ക് വണ്ടി കയറി.. കുറച്ചു മുന്നോട്ടേക്ക് ചെന്നപ്പോൾ കണ്ടു, വഴിയരികിൽ തനിക്കായി കാത്തു നിൽക്കുന്ന രേവതിയെ.. അവളുടെ അടുത്തായി ഉണ്ണി വണ്ടി നിർത്തി… രേവതി ഉള്ളിലേക്ക് കയറിയിരുന്നിട്ട് ഫ്രന്റ് ഡോർ ലോക്ക് ചെയ്തു.. അവളെയൊന്നു നോക്കി, വണ്ടി മുന്നോട്ടേക്കെടുത്തവൻ… പായുകയായിരുന്നു കാർ ഹൈവേയിലൂടെ… കൈവെള്ളയിൽ നിന്നും ഊർന്നുപോകാൻ വെമ്പുന്ന സന്തോഷത്തെ, തിരിച്ചു പിടിക്കുവാനായിട്ട് ഒരു ശ്രമം … (തുടരും)