24/04/2026

പാർവ്വതി പരിണയം : ഭാഗം 36

രചന – മഴ

കോളേജിലെ ക്രിസ്മസ് ആഘോഷം ഒക്കെ കഴിഞ്ഞ് ഏഴ് പേരും കൂടി കാൻറീനിൽ ഇരിക്കുകയാണ്. “അപ്പോ നാളത്തെ കാര്യം ഒക്കെ സെറ്റ് അല്ലേ…? ” കുട്ടൻ ചോദിച്ചു.” കുട്ടേട്ടാ… എനിക്ക് നല്ല പേടിയുണ്ട്.. വീട്ടിൽ എങ്ങാനും അറിഞ്ഞാൽ പിന്നെ…….” മീര പരിഭവിച്ചു. എൻറെ മീരാമ്മേ… നീ ദേവികൊപ്പം ഒരു ദിവസം കഴിഞ്ഞിട്ടേ വരൂ എന്ന് പറഞ്ഞില്ലേ.. അവൾ എൻറെ അമ്മായി അപ്പനോട് സംസാരിക്കുകയും ചെയ്തു.. പിന്നെ എന്തിനാ ഈ ടെൻഷൻ…? ”
ജോഷി മീരയെ ചേർത്തുപിടിച്ചുകൊണ്ട് ചോദിച്ചു.”ഡാ.. കൈയ്യെടുക്കടാ… ഇതേ കോളേജ് ആണ്.. അവൻ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കാൻ നടക്കുന്നു…” പ്രിയ ജോഷിയെ കൂർപ്പിച്ച് നോക്കിക്കൊണ്ട് പറഞ്ഞു.”നീ പോടി നാറി…. ” ജോഷിയും വിട്ടുകൊടുത്തില്ല.” മതി.. മതി.. പിന്നെ അടി ഇടാം.. ആദ്യം പ്ലാൻ പറ…” ദേവി ഇടയിൽ കയറി പറഞ്ഞു.മഹി ദേവിയെ സംശയ രൂപേണ നോക്കി. അവൾ അവനെ നോക്കി ഇളിച്ചു കാണിച്ചു.

വേദനയോടെ അക്കു ദേവിയെയും മഹിയെയും നോക്കുന്നത് കുട്ടൻ കണ്ടിരുന്നു.”നാളെ രാവിലെ ഏഴു മണി ആകുമ്പോഴേക്കും നിങ്ങളൊക്കെ തമ്പാനൂരിൽ എത്തണം. ഞാനും മഹിയും കുട്ടനും വണ്ടിയുമായി വന്നു നിങ്ങളെ പിക് ചെയ്യുന്നു പിന്നെ നേരെ പൊന്മുടിക്ക്.. വൈകിട്ടത്തേക്ക് നമുക്ക് തിരിച്ചെത്തണം അതുകൊണ്ട് നേരത്തെ തന്നെ എല്ലാവരും എത്തണം.. ഓക്കേ..? “”ഓക്കേ…. ” ബാക്കി എല്ലാവരും ഒരുമിച്ച് പറഞ്ഞു.ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടാണ് മഹി ഉണർന്നത്. ബെഡ് ലാംബ് ഓൺ ചെയ്ത് സമയം നോക്കിയപ്പോൾ മൂന്നു മണി. ഡിസ്പ്ലേയിൽ ദേവി കോളിംഗ് എന്ന് കാണിച്ചപ്പോൾ അവൻ പല്ലു കൊണ്ട് ഫോൺ എടുത്തു.”എന്താടി കുരുപ്പേ നിനക്ക്..? ഉറങ്ങാൻ സമ്മതിക്കില്ലേ…? പന്ത്രണ്ടു മണി വരെ നിന്നോട് തന്നെ അല്ലേ ഞാൻ സംസാരിച്ചത്…”” മഹിയേട്ടാ… പ്ലീസ് ഒരു കാര്യം പറയാനാ വിളിച്ചത്..”” നിനക്ക് നാളെ പറഞ്ഞാൽ പോരേ എന്റെ ദേവി… “” ഇല്ല.. ഇപ്പോൾ വേണം…”” എന്നാൽ പറ എന്താണെന്ന് വെച്ചാൽ..” “മഹിയേട്ടൻ വേഗം റെഡിയായി വാ.. നമുക്ക് ഒരിടത്ത് പോണം..”

” ഇപ്പോഴോ….? മഹി ഒന്ന് ഞെട്ടി.”മ്മ്മ്… ഇപ്പോൾ.. എന്നാലേ രാവിലെ 7 മണിക്ക് തിരിച്ചെത്താൻ പറ്റൂ..””എവിടെ പോകാൻ.. നിനക്ക് ഭ്രാന്താണോ…? “” മഹിയേട്ടാ… പ്ലീസ്.. ഞാൻ അവിടെ ചെന്നിട്ട് പറയാം.. പ്ലീസ്..””മ്മ്മ്മ്… വരാം… “ആഹ്.. പിന്നെ.. അവരോട് ഇപ്പോൾ പറയണ്ട.. അവർ ഉറങ്ങിക്കോട്ടെ…” ഓഹോ.. അപ്പോൾ എൻറെ ഉറക്കം പോയിക്കോട്ടെ എന്ന്..”” എൻറെ മഹിയേട്ട… പ്ലീസ്… “”ശരി.. ശരി.. ഞാൻ വരാം…” അവൻ ഫോൺ കട്ട് ചെയ്തു. എൻറെ ദേവി.. ഇത് എങ്ങോട്ടാ പോകുന്നേ….? ” ദേവി പറഞ്ഞ വഴിയിലൂടെ ബൈക്ക് ഓടിച്ചു കൊണ്ട് പോവുകയാണ് മഹി. അവളാണെങ്കിൽ അവനെയും ചുറ്റിപ്പിടിച്ച് ചുമലിൽ തലചായ്ച്ച് ഇരിക്കുകയാണ്.” അതൊക്കെ പറയാം…”അവൻ ഒരു ചിരിയോടെ മൂളി.. കുറെ കഴിഞ്ഞ് അവർ ഒരു വലിയ പാറക്കെട്ടിന് അടുത്ത് എത്തി. ഇവിടെ നിർത്ത് മഹിയേട്.. ഇനി അവിടേക്ക് വണ്ടി പോവില്ല.. നടക്കണം.. “ദേവി പറഞ്ഞു.” ഇനി ഇതിൻറെ മുകളിൽ എങ്ങാനും വലിഞ്ഞു കയറണം എന്ന് പറയുമോ…? ” മഹി വണ്ടി ഒതുക്കി കൊണ്ട് അവളോട് ചോദിച്ചു.” വലിഞ്ഞു കയറണ്ട… അവിടെ വഴിയുണ്ട്.. നമുക്ക് നടക്കാം..”” എൻറെ ഈശ്വരാ.. ഈ വെളുപ്പാൻ കാലത്ത് മലകയറാൻ കൊണ്ടുവന്നതാണോ ഇവളെന്നെ…” മഹി മുകളിലേക്ക് നോക്കി ദയനീയ ഭാവത്തിൽ പറഞ്ഞു.ദേവി ചിരിച്ചുകൊണ്ട് അവൻറെ കയ്യിൽ കൈകോർത്തു.

” ഒരു 15 മിനിറ്റ്.. നമ്മൾ അവിടെ ചെല്ലും…” അവൾ അവനെ നോക്കി പറഞ്ഞപ്പോൾ അവളുടെ കണ്ണുകളിൽ പ്രണയം നിറഞ്ഞിരുന്നു. അവൻ ഒരു ചിരിയോടെ അവളെ ചേർത്തു പിടിച്ചു കൊണ്ട് നടന്നു. മുകളിൽ ചെന്നപ്പോൾ മഹി ശരിക്കും അത്ഭുതപ്പെട്ടു പോയി..ഒരു ചെറിയ ദേവിക്ഷേത്രം. അതിനടുത്തായി ഒരു ചെറിയ ആൽമരം. അതിൽ നിറയെ മണികളും താലിയും തൊട്ടിലും ഒക്കെ കെട്ടിയിട്ടുണ്ട് ആയിരുന്നകാറ്റിൽ ഇളകിയാടുന്ന മണികളുടെ ശബ്ദം അവിടം ഭക്തി മുഖരിതമാക്കി. അധികമാളുകളും ഇല്ല. മഹി നിറഞ്ഞ പുഞ്ചിരിയോടെ അവളെ തിരിഞ്ഞു നോക്കി. അവൾ അവനെയും നോക്കി ചിരിച്ചു.”തൊഴാം…? ” അവൾ ചോദിച്ചു.”മ്മ്മ്മ്… വാ… “അവർ ശ്രീകോവിലിന് അടുത്തേക്ക് പോയി. മഹി പ്രാർത്ഥിച്ച കണ്ണുകൾ തുറന്നപ്പോഴേക്കും ദേവി തിരുമേനിയോട് എന്തോ പറഞ്ഞ് അവൻറെ അടുത്തേക്ക് വരുന്നതാണ് കണ്ടത്. “എന്താ…” അവൻ ചോദിച്ചു.” അർച്ചനയ്ക്ക് പേരും നാളും പറഞ്ഞു കൊടുത്തതാണ്…”അവർ വലംവെച്ചു വന്നപ്പോഴേക്കും തിരുമേനി അവരുടെ പേരും നാളും വിളിച്ചു.

ദേവി അങ്ങോട്ടേക്ക് നടന്നു മഹി അവിടെ തന്നെ നിൽക്കുകയായിരുന്നു. അത് കണ്ടപ്പോൾ തിരുമേനി ഇരുവരെയും മാറി മാറി നോക്കി. അവൾ തിരിഞ്ഞു നോക്കി അവനോടൊപ്പം വരാൻ ആംഗ്യം കാണിച്ചു.ഇരുവരും ചേർന്ന് കൈ നീട്ടിയപ്പോൾ തിരുമേനി അവരുടെ കൈകളിലേക്ക് ഇല ചീന്ത് കൊടുത്തു. ഒരിക്കൽ കൂടി ദേവിയെ നോക്കി പ്രാർത്ഥിച്ച ശേഷം ഇലചീന്തിൽനിന്നും ചന്ദനം തൊടാൻ നോക്കുമ്പോഴാണ് ചന്ദനത്തിനും സിന്ദൂരത്തിനും പൂക്കൾക്കും ഇടയിൽ മഞ്ഞച്ചരടിൽ കോർത്ത ഒരു താലി അവൻ കണ്ടത്. അവൻ ഞെട്ടി അവളെ നോക്കി. അവൾ ചിരിച്ചു കൊണ്ട് അവനെ നോക്കി നിൽക്കുകയായിരുന്നു.” പെൺകുട്ടികൾ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന പുരുഷനെ മനസ്സിൽ ധ്യാനിച്ച്.. സൂര്യോദയത്തിൽ ഇവിടുത്തെ ആൽമരത്തിൽ താലികെട്ടിയാൽ അവർ ആഗ്രഹിക്കുന്ന പുരുഷനെ തന്നെ ഭർത്താവായി കിട്ടും എന്നാണ് വിശ്വാസം…” ദേവി പറഞ്ഞു.”എന്താ നിനക്ക് എന്നിൽ വിശ്വാസം ഇല്ലാത്തതുകൊണ്ടാണോ..? ” മഹി അവളെ കൂർപ്പിച്ചു നോക്കികൊണ്ട് ചോദിച്ചു.” ഒന്ന് പോയേ.. മഹിയേട്ട..ഞാൻ എൻറെ ആഗ്രഹം കൊണ്ട് വന്നതല്ലേ…? അവൾ അതും പറഞ്ഞ് ഒരിക്കൽകൂടി തൊഴുതിട്ട് പുറത്തേക്കിറങ്ങി. പിറകെ ഒരു ചിരിയോടെ അവനും.

പുറത്തുവന്ന അവർ പരസ്പരം ചന്ദനം ചാർത്തി കൊടുത്തു. അവൾ അപ്പോഴും മുഖം വീർപ്പിച്ചു നിൽക്കുകയായിരുന്നു.” ഹാ.. ഞാൻ ചുമ്മാ പറഞ്ഞതാ ടീ പെണ്ണേ..”അവൻ അവളുടെ തലയിൽ ചെറുതായി ഒന്നു കൊട്ടി.” എനിക്ക് ഒരിക്കലും മഹി ഏട്ടനെ നഷ്ടപ്പെടാൻ വയ്യ.. മഹി ഏട്ടൻ ചാർത്തി തരുന്ന താലിയും സിന്ദൂരവും അതാണ് എൻറെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം.. എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ്…”അവൾ കരഞ്ഞുകൊണ്ട് അവൻറെ നെഞ്ചിലേക്ക് ചാഞ്ഞു. അവൻ പുഞ്ചിരിയോടെ അവളെ ചേർത്തു പിടിച്ചു.അപ്പോഴേക്കും കിഴക്ക് വെള്ള കീറി തുടങ്ങിയിരുന്നു.” സൂര്യോദയത്തിന് അല്ലേ താലികെട്ടണ്ടത്..? ” മഹി ചോദിച്ചു.” അതെ..”അവൾ പറഞ്ഞു കൊണ്ട് അവൻറെ നെഞ്ചിൽ നിന്നും അടർന്നുമാറി. ഉദിച്ചുയരുന്ന സൂര്യനെ നോക്കി കൈകൂപ്പി അവൾ കണ്ണുകളടച്ചു പ്രാർത്ഥിച്ചു. കഴുത്തിൽ സ്പർശനം അറിഞ്ഞു കണ്ണുകൾ തുറന്നപ്പോഴേക്കും മാഹി അവളുടെ കഴുത്തിൽ ചാർത്തിയ താലിയുടെ മൂന്നാമത്തെ കെട്ടും മുറുക്കിയിരുന്നു. തൻറെ കഴുത്തിൽ കിടക്കുന്ന താലിയിലേക്കും അവൻറെ മുഖത്തേക്കും അവൾ അത്ഭുതത്തോടെ നോക്കി. അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവളുടെ സീമന്തരേഖയിൽ അവൻ സിന്ദൂരം ചാർത്തി. അവൾ വിശ്വസിക്കാനാവാതെ അവനെ നോക്കി.” ഉദയ സൂര്യനെ സാക്ഷിയാക്കി കൈലാസത്തിൽ മഹാദേവൻ ഈ നിൽക്കുന്ന ശ്രീദേവിയെ താലിചാർത്തി സ്വന്തമാക്കിയിരിക്കുന്നു…”

അവൻ അവൾക്കായി നെറുകയിൽ ആദ്യ ചുംബനം നൽകിക്കൊണ്ട് പറഞ്ഞു. എന്നിട്ട് അവളെ നെഞ്ചോട് ചേർത്തുപിടിച്ചു. മനസ്സു നിറഞ്ഞ സന്തോഷത്താൽ ഏറെനേരം അവർക്കിടയിൽ മൗനമാണ് സംസാരിച്ചത്.
അല്പം കഴിഞ്ഞ് അവർ അടുത്തുള്ള പാറയുടെ മുകളിലേക്ക് ഇരുന്നു. ഉദയ സൂര്യൻറെ കിരണങ്ങൾ ഭൂമിയെ ചുംബിക്കുന്ന കാഴ്ച കണ്ടു കൊണ്ട് അവൾ അവൻറെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു. വലം കയ്യാൽ അവൻ അവളെ പൊതിഞ്ഞു പിടിച്ചു. വീണ്ടും അൽപനേരത്തെ മൗനത്തിനു ശേഷം ദേവി സംസാരിച്ചുതുടങ്ങി.” പത്താം ക്ലാസ്സിലെ അവസാന പരീക്ഷയും കഴിഞ്ഞ് സന്തോഷത്തോടെ വീട്ടിലേക്ക് കയറിയപ്പോഴാണ് അടുക്കളയിൽ അടുത്ത വീട്ടിലെ മാളു ചേച്ചി അമ്മയോട് കോളേജിലെ വിശേഷങ്ങൾ പറയുന്നത് കേട്ടത്. പിറ്റേന്നത്തെ കോളേജ് ഡേ യുടെ കാര്യമായിരുന്നു പറഞ്ഞത്. പറഞ്ഞു കേട്ടപ്പോൾ എനിക്കും പോകണം എന്ന് തോന്നി. അതുമാത്രമല്ല ചേച്ചിയും ഞാനും നല്ല കൂട്ടാണ് കോളേജിലെ എല്ലാ വിശേഷങ്ങളും എന്നോടു പറയാറുണ്ട്. ഇതുകൂടി കേട്ടപ്പോൾ പോകണമെന്ന ആഗ്രഹം ഇരട്ടിച്ചു. വീട്ടിൽ പറഞ്ഞപ്പോൾ ആരും സമ്മതിച്ചില്ല. പക്ഷേ എന്തോ പോകണമെന്ന് വല്ലാത്ത ആഗ്രഹം ആയിരുന്നു എനിക്ക്.

അന്നു രാത്രിയിലെ നിരാഹാരസമരം നേരം വെളുത്തപ്പോഴേക്കും വിജയം കണ്ടിരുന്നു. എല്ലാവരുടെയും സമ്മതം വാങ്ങി ഉത്സാഹത്തോടെ ഒരുങ്ങി ചേച്ചിയുടെ അടുത്തേക്ക് പോയി. ചേച്ചി അന്ന് മൂന്നാം വർഷ വിദ്യാർഥിനിയാണ് സാരിയുടുത്ത് മുല്ലപ്പൂക്കൾ വെച്ച് ചേച്ചി ഒരുങ്ങി വന്നു. കരിം പച്ചയും ഇളം പച്ചയും നിറത്തിലുള്ള ദാവണിയുടുത്ത് ഞാനും പോയി.ആദ്യമായി കോളേജിൽ ചെല്ലുന്നതിന്റെ ഒരു പരിഭ്രമം ഉണ്ട്. പിന്നെ മാളു ചേച്ചി കൂടെയുള്ളതിനാലും അക്കുവേട്ടൻ പഠിക്കുന്ന കോളേജ് ആയതിനാലും ഞാൻ ധൈര്യം സംഭരിച്ച് ചെന്നു. ഓഡിറ്റോറിയത്തിന് അടുത്ത് എത്തിയപ്പോഴേക്കും ഒരു പാട്ടു കേട്ടു. “ആ…..ആ…. ആ… ദേവി…. ആത്മരാഗമേകാം.. കന്യാവനിയിൽ…സുഖദം… കളഗാനം… പകരാനണയൂ… ഗന്ധർവ്വ വീണയാകൂ…. ദേവി…”ആ ശബ്ദം എൻറെ ഹൃദയത്തിലാണ് പതിച്ചത്. ഞാൻ ചേച്ചിയെ വലിച്ചുകൊണ്ട് അങ്ങോട്ടേക്ക് നടന്നു. ജനലഴികളിൽ പിടിച്ചു ഞാൻ സ്റ്റേജിലേക്ക് നോക്കി. കരിം പച്ച നിറത്തിലെ ഷർട്ടും അതേ നിറത്തിലെ കരയുള്ള മുണ്ടും ഉടുത്ത ഒരാൾ ആണ് പാടുന്നത്.

“സാഗരങ്ങൾ മീട്ടും സോപാനഗീതമായ് നിറയും നിൻ ശ്രുതിയിൽ
എൻ ഗാനാലാപം…ഗ.. മ.. രി.. രി.. മ… പ.. നി.. ധ.. നി… മ..പ.. നി.. സ.. നി..സ..രി.. പ..നി..പ..മ.. പ..മ.. രി.. സ.. നി..സ.. രി.. മ.. പ….സാഗരങ്ങൾ മീട്ടും സോപാനഗീതമായി
നിറയും നിൻ ശ്രുതിയിൽ..
എൻ ഗാനാലാപം…മദന യാമിനീ.. ഹൃദയ സൗരഭം.. തരളമാം… ശലഭങ്ങളായ് നുകരാൻ നീ വരൂ… മന്ദം..പാർവണങ്ങൾ തേടും വന ചന്ദ്രകാന്തിയിൽ…സോമം പോൽ പടരും നിൻ രാഗോന്മാദം…. ( പാർവണങ്ങൾ) മഞ്ഞണിഞ്ഞൊരീ.. ഗന്ധമാദനം.. തളിരിടും മനമാകുവാൻ മഴവിൽ തേരിറങ്ങി ഞാൻ
ദേവീ…… “ആ ശബ്ദത്തിൽ ഞാൻ ശരിക്കും അലിഞ്ഞു പോയിരുന്നു. പാട്ടു കഴിഞ്ഞപ്പോൾ നിറഞ്ഞ കൈയടി ആയിരുന്നു. പുഞ്ചിരിയോടെ എല്ലാവരെയും നോക്കി അയാൾ സ്റ്റേജിൽ നിന്നും പോയി.

പിന്നീട് പല പ്രോഗ്രാം നടന്നെങ്കിലും എൻറെ മനസ്സിൽ മനോഹരമായ ആ പാട്ടും അത് പാടിയ ആ വ്യക്തിയും ആയിരുന്നു…കുറച്ചു കഴിഞ്ഞപ്പോൾ എൻറെ മുടിയിൽ ആരോ പിടിക്കുന്നതായി തോന്നി. നോക്കിയപ്പോൾ കുറച്ചു ചെക്കന്മാർ ആണ്. കുറച്ചുനേരം ശ്രദ്ധിക്കാതെ നിന്നപ്പോൾ പതിയെ ദാവണി തുമ്പിലായി പിടുത്തം. ഞാൻ ചേച്ചിയെ വിളിച്ചു കാര്യം പറഞ്ഞു. ചേച്ചി അവരോട് ദേഷ്യപ്പെട്ടു. എന്നിട്ടും അവർ അതു തുടർന്നു. ചേച്ചി എന്നെയും വിളിച്ചു റെസ്റ്റ് റൂമിലേക്ക് നടന്നു. പിന്നാലെ അവന്മാരും കൂടി. ലൈബ്രറിയുടെ അടുത്ത് എത്തിയപ്പോൾ അതിലൊരുത്തൻ എൻറെ ദാവണിയിൽ പിടിച്ചു. ഞാൻ പേടിച്ചു മുന്നോട്ട് ആഞ്ഞതും അതിൻറെ പിൻ പൊട്ടി. ദാവണി ഊർന്നു വീഴും മുന്നേ ഞാൻ നെഞ്ചോട് ചേർത്തു പിടിച്ചിരുന്നു. പടക്കം പൊട്ടുന്ന പോലെയുള്ള ഒരു ശബ്ദം കേട്ട് തിരിഞ്ഞു നോക്കി. ഒരു രൂപം തിരിഞ്ഞു നിൽക്കുന്നു. എൻറെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. മാളു ചേച്ചി എന്നെ ചേർത്തുപിടിച്ചു. എൻറെ ദാവണിയിൽ പിടിച്ചുവലിച്ചവൻ നിലത്തു വീണു കിടക്കുന്നു. ആ രൂപം അവൻറെ നെഞ്ചിൽ ചവിട്ടി. കോളറിൽ പിടിച്ചു പൊക്കി ഇരുകവിളിലും ആഞ്ഞടിച്ചു. എന്നിട്ട് എൻറെ നേരെ നിർത്തി.” മാപ്പ് പറയെടാ….” ഒരു അലർച്ചയായിരുന്നു.ഞാൻ ആ മുഖത്തേക്ക് നോക്കി. കുറച്ചു മുന്നേ സ്റ്റേജിൽ പാട്ടു പാടിയ അതേ ആൾ. അപ്പോൾ കണ്ട സൗമ്യഭാവം അല്ല ഇപ്പോൾ രൗദ്രഭാവം ആയിരുന്നു. ഞാൻ ആ മുഖത്തേക്ക് തന്നെ ഉറ്റു നോക്കി.പക്ഷേ അയാൾ എൻറെ മുഖത്ത് നോക്കുന്നുണ്ടായിരുന്നില്ല. മറ്റവനെ തല്ലി മാപ്പ് പറയിക്കുകയായിരുന്നു. തല്ലു സഹിക്കാൻ വയ്യാതെ അവൻ എന്നോട് മാപ്പ് പറഞ്ഞു. അപ്പോഴും എൻറെ കണ്ണുകൾ രൗദ്രഭാവം പൂണ്ട അയാളിൽ ആയിരുന്നു.

” മാളവിക… അവളെയും കൊണ്ട് പൊയ്ക്കോ…” എന്നുപറഞ്ഞ് മറ്റവനെ കോളറിൽ പിടിച്ചു വലിച്ചു കൊണ്ട് അയാൾ പോയി.മാളു ചേച്ചി എന്നെ റസ്റ്റ് റൂമിൽ കൊണ്ടു വന്നുഞാൻ പേടിച്ചിരുന്നു എങ്കിലും അയാളെ കണ്ടപ്പോൾ മുതൽ ഒരു സുരക്ഷിതത്വം അനുഭവിക്കാൻ തുടങ്ങി. കുറച്ചുനേരം അവിടെ ഇരുന്നിട്ട് ഞങ്ങൾ വീട്ടിലേക്ക് തിരികെ വന്നു. വീട്ടിൽ ആരോടും ഈ കാര്യം ഞങ്ങൾ പറഞ്ഞിരുന്നില്ല.പിറ്റേന്ന് ഞാൻ വീണ്ടും മാളു ചേച്ചിയുടെ അടുത്ത് പോയി. അയാളെപ്പറ്റി ചോദിക്കാൻ. അങ്ങനെ ചേച്ചി പറഞ്ഞാണ് ഞാൻ അറിഞ്ഞത് അയാളുടെ പേര് മഹാദേവൻ എന്നാണെന്നും അക്കുവേട്ടന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ ആണെന്നും പാണ്ഡവ സംഘത്തിലെ ഭീമസേനൻ എന്നാണ് അറിയപ്പെടുന്നതെന്നും ഒക്കെ. പിന്നീട് ഓരോ രാത്രിയും അയാൾ എൻറെ ഉറക്കം കെടുത്തി. പതിയെ പതിയെ ഞാനും അറിഞ്ഞു അയാളോടുള്ള എൻറെ ആരാധന പ്രണയമായി മാറി എന്ന്..ചേച്ചി കോളേജിൽ നിന്നും ഇറങ്ങിയപ്പോൾ പിന്നെ അയാളെ കുറിച്ച് ഒരു വിവരവും കിട്ടാതെയായി. എന്നിട്ടും അയാൾ എൻറെ മനസ്സിൽ നിന്നും അയാൾ മാഞ്ഞില്ല. ഇന്നും അതേ തീവ്രതയോടെ അല്ലെങ്കിൽ അതിനേക്കാൾ എൻറെ ഉള്ളിൽ ഉണ്ട്….” ദേവി പറഞ്ഞു നിർത്തി മഹിയെ നോക്കി.കേട്ടതൊന്നും വിശ്വസിക്കാനാവാതെ ഇരിക്കുകയാണ് അവൻ. “അന്ന്.. ശരിയാ… ആ സംഭവം ഞാൻ ഓർക്കുന്നു.. പക്ഷേ നീ…. നീ ആണെന്ന് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല…. പിന്നെ ഞാൻ മാളവികയോട് തിരക്കിയിരുന്നു. അപ്പോൾ അവൾ പറഞ്ഞത് അവളുടെ ഫ്രണ്ടിന്റെ അനിയത്തി ആയിരുന്നു എന്നാണ്…എന്നോട് ചേച്ചി പറഞ്ഞിരുന്നു.. മഹി ഏട്ടൻ തിരക്കിയ വിവരം…””അതിൽ പിന്നെ നീ കോളേജിൽ വന്നിട്ടാണോ എന്നെ കാണുന്നത്…? ”

” അല്ല.. വെക്കേഷന് അക്കുവേട്ടന്റെ വീട്ടിൽ ചെന്ന് നിന്നപ്പോഴാണ് വീണ്ടും കണ്ടത്…” ഞാൻ അവിടെ വന്നപ്പോൾ നിന്നെ കണ്ടതായി ഓർക്കുന്നില്ല…” അന്ന് എന്തോ…. മുന്നിൽ വരാൻ ഉള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല.. തന്നെയുമല്ല മഹി ഏട്ടൻ എന്നെ തിരിച്ചറിഞ്ഞാൽ അക്കുവേട്ടനോട് പറയില്ലേ.. പിന്നെ വീട്ടിൽ അറിഞ്ഞാൽ പ്രശ്നമാകും എന്നു തോന്നി.. എന്നിട്ടും സംഭവമറിഞ്ഞ അക്കുവേട്ടൻ മാളു ചേച്ചിയോട് ചോദിച്ചിരുന്നു. ചേച്ചിയുടെ ഒരു ഫ്രണ്ടിനെ അനിയത്തി ആയിരുന്നു എന്ന് തന്നെ ആണ് ചേച്ചിയും പറഞ്ഞത്. എന്തോ ഭാഗ്യത്തിന് വീട്ടിൽ ഞാൻ ചെന്ന കാര്യം ഒന്നും സംസാരിച്ചിരുന്നില്ല…. “മഹി ഒന്ന് ദീർഘമായി നിശ്വസിച്ചു.” അന്ന് മനസ്സിൽ കയറിയതാ ഈ മുഖം.. ഇതിൻറെ സ്ഥാനത്ത് മറ്റൊരാളെ വയ്യ മഹിയേട്ടാ… എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ്….”നിറകണ്ണുകളോടെ അവൾ പറഞ്ഞു.”ഈ താലി എന്റെ ജീവൻ ആണ്.. ഇത് നീ ഉപേക്ഷിക്കും വരെ ഞാൻ നിനക്കൊപ്പം ഉണ്ടായിരിക്കും.. “അവൻ അവളെ ചേർത്തു പിടിച്ച് നെറ്റിയിൽ ഒരു ചുംബനം നൽകി.തിരികെയുള്ള യാത്രയിൽ അവർ ഒരുപാട് സന്തോഷത്തിലായിരുന്നു. രണ്ടു രീതിയിൽ ആയിരുന്നു എന്നു മാത്രം.. തന്നെ ഒരുപാട് സ്നേഹിക്കുന്ന ഒരു പെണ്ണിനെ സ്വന്തമാക്കിയതിൽ മഹിയും വർഷങ്ങളായി താൻ സ്നേഹിച്ച പുരുഷൻ തന്റെ കഴുത്തിൽ താലിചാർത്തി സന്തോഷത്തിൽ ദേവിയും.

കൃത്യം ഏഴു മണി ആയപ്പോൾ എല്ലാവരും തമ്പാനൂരിൽ എത്തി. താലിയും സിന്ദൂരവും അണിഞ്ഞു മഹിക്ക് ഒപ്പമെത്തിയ ദേവിയെ കണ്ട് എല്ലാവരും അമ്പരന്നു.മഹി അവളെ ചേർത്തു പിടിച്ച് ഉണ്ടായ സംഭവം പറഞ്ഞു. എല്ലാവരുടെ ഉള്ളിലും സന്തോഷം ഉണ്ടായപ്പോൾ അക്കു വിൻറെ കണ്ണിൽ നിന്നും പൊടിഞ്ഞ നീർമുത്തുകൾ കുട്ടൻ മാത്രമേ കണ്ടിരുന്നുള്ളൂ.” എന്നാലും നീ ഞങ്ങളെ അറിയിക്കാതെ….” ജോഷി കപട ദേഷ്യത്തോടെ മഹിയുടെ ചുമലിൽ അടിച്ചതും ദേവി ഇടയ്ക്കുകയറി. ഇച്ചായാ.. അമ്പലത്തിൽ പോകുന്ന കാര്യം ഞാൻ ഇറങ്ങുന്നതിനു തൊട്ടു മുന്നേ ആണ് വിളിച്ചു പറഞ്ഞത്.. പിന്നെ ഇങ്ങനെ ഒന്നും……”അവളുടെ കണ്ണുകൾ ഈറനണിഞ്ഞ അപ്പോൾ ജോഷി അവളെ ചേർത്തു പിടിച്ചു. “തമാശയ്ക്ക് പറഞ്ഞതല്ലേ ഡി…” ” ഇവിടെ അധികം നിൽക്കണ്ട പോവാം…. പ്രിയ പറഞ്ഞു. എല്ലാവരും വേഗം വണ്ടിയിൽ കയറി യാത്ര തിരിച്ചു…..തുടരും