23/04/2026

അവസാനത്തെ തുണിയും മടക്കി അവൾ ബാഗിൽ വെച്ചു. അത്യാവശ്യം ഉണ്ടായിരുന്ന സ്വർണ്ണം ചെറിയ പേഴ്സിലാക്കി തുണികൾക്കിടയിൽ തിരുകി .

രചന – സുനൈന

അവസാനത്തെ തുണിയും മടക്കി അവൾ ബാഗിൽ വെച്ചു. അത്യാവശ്യം ഉണ്ടായിരുന്ന സ്വർണ്ണം ചെറിയ പേഴ്സിലാക്കി തുണികൾക്കിടയിൽ തിരുകി . ഹെയർപിന്നും കുപ്പിവളകളും കല്ലുമാലകളും പുറത്തെ അറയിൽ വെച്ചു .
ബാത്ത് റൂമിൽ കയറി ബ്രഷും പേസ്റ്റും വരെ ബാഗിലാക്കി .
ആദ്യത്തെ ഒളിച്ചോട്ടമായതുകൊണ്ടുള്ള പരിചയക്കുറവാണ് .
അതു മാത്രല്ല മിഥുന്റെ കയ്യിൽ കാര്യമായി ഒന്നും കാണില്ല. പെട്ടന്നുണ്ടായ ഒളിച്ചോട്ടം അല്ലെ.. അപ്പോൾ ഒരു കാര്യവും പറഞ്ഞു അവനെ ബുദ്ധിമുട്ടിക്കരുത് .ജോലി കിട്ടും വരെ കുറച്ച് സഹിച്ചേ പറ്റൂ .

പുലർച്ചെ നാല് മണിക്ക് കാറും കൊണ്ട് വരുന്നാ പറഞ്ഞത് . നേരം വെളുക്കും മുമ്പ് എത്ര ദൂരം പോകാൻ പറ്റുമെന്നറിയില്ല .
പോവാൻ നേരത്തിനി കത്തെഴുതിവെക്കാൻ സമയം കിട്ടീന്നു വരില്ല .. അതും കൂടി തീർത്തിട്ട് ഉറങ്ങാം ..

“പ്രിയപ്പെട്ട അച്ഛനും അമ്മയ്ക്കും ജിത്തുനും…..

(നിങ്ങളെനിക്ക് എന്നും പ്രിയപെട്ടവർ തന്നെയാണ് ) ഞാൻ പോവുന്നു ..
എന്നോട് പൊറുക്കണം എന്ന് പറയുന്നില്ല. കാരണം പൊറുക്കാൻ കഴിയാത്ത തെറ്റാണ് ഞാൻ ചെയ്യാൻ പോകുന്നത് എന്ന് എനിക്കറിയാം…
എനിക്കിതു ചെയ്തെ പറ്റു… അച്ചൻ കണ്ടു പിടിച്ച ആ ഡോക്ടർ അതു വേണ്ടനിക്ക്….

എനിക്കു ഞാനായി തന്നെ ജീവിക്കണം..സന്തോഷങ്ങളിൽ
പൊട്ടിചിരിക്കണം.. സങ്കടങ്ങളിൽ പൊട്ടിക്കരയണം മഴ നനഞ്ഞു ഐസ്ക്രീം കഴിക്കണം.. നിലാവിൽ എനിക്കു യാത്രകൾ പോകണം.. ഇതൊക്കെ വളരെ ചെറിയ കാര്യങ്ങളാണ് എന്റെ വലിയ മോഹങ്ങളും.. എന്റെയീ കുറുമ്പ്കൾക്ക് ഒരു കൂട്ടാണ് എനിക്കു വേണ്ടത്…

ആ ഡോക്ടറെ കല്യണം കഴിച്ചാൽ ഞാൻ ഞാനല്ലതായി മാറും.. മരണം വരെ അഭിനയിക്കേണ്ടി വരും.. സ്റ്റാറ്റസ് നോക്കി ശ്വാസം വിടുന്ന ഒരാളല്ല എന്റെ ശ്വാസമായി മാറാൻ കഴിയുന്ന ഒരാളെയാണ് വേണ്ടത്… മിഥുൻ അവനു അതിനു കഴിയുമെന്നു ഉറപ്പുണ്ടെനിക്ക്…
അച്ഛനെ ധിക്കരിക്കുകയല്ല എന്റെ ആഗ്രഹം ആദ്യം പറഞ്ഞത് അച്ഛനോടല്ലേ ..
അത് സമ്മതിച്ചതുമാണ് ഡോക്ടർ പെണ്ണ് ചോദിച്ചു വന്നപ്പോൾ സൗകര്യപൂർവ്വം എല്ലാം അച്ഛൻ മറന്നു . എനിക്ക് മറക്കാൻ കഴിയില്ല ..
എന്റെ ‘അച്ഛൻ പഠിപ്പിച്ച വലിയ പാഠമുണ്ട് വാക്ക് കൊടുത്തു ആരെം പറ്റിക്കരുതെന്നു…
ഒരുപാട് മോഹിപ്പിച്ചില്ലെ ആ പാവത്തിനെ..
വേദനിപ്പിക്കാൻ വയ്യ അച്ഛാ .. എനിക്ക് രണ്ടാളേം വേണം . ഭർത്താവിന് വേണ്ടി അച്ഛനേം അച്ഛന് വേണ്ടി ഭർത്താവിനേം ഉപേക്ഷിക്കാൻ വയ്യ .

അതെ അച്ഛാ മിഥുൻ എന്റെ കഴുത്തിൽ താലി കെട്ടി ….!
അച്ഛനെ തോൽപ്പിക്കാനല്ല ജീവിതത്തിൽ ഞങ്ങൾ തോൽക്കാതിരിക്കാനാണ് .
ഞാൻ പോവാണ് .
ഞാൻ വരും അച്ഛനെ കാണാൻ .
രണ്ടു കയ്യും നീട്ടി ഞങ്ങളെ സ്വീകരിക്കുമെന്ന വിശ്വാസം ഉള്ളപ്പോൾ ……..

അച്ഛന്റെ അനുഗ്രഹം ഇപ്പൊ അത് ഉള്ളിലെ ഒരു മോഹമാണ് അർഹതയില്ലെങ്കിലും …….
നിഷ…

എത്ര തടുത്തിട്ടും കണ്ണീർ പിടുത്തം വിട്ടു പുറത്തേക്ക് ഒഴുകി .
താലികെട്ടിയ സ്തിഥിക്ക്
ഈ ഒളിച്ചോട്ടം വേണ്ടായിരുന്നു പക്ഷെ അച്ഛന്റെ സ്വാധീനം വെച്ച് മിഥുനെ അപായപ്പെടുത്താൻ തന്നെ ശ്രമിച്ചെന്ന് വരും .
ജീവനും കയ്യിൽ പിടിച്ച് ജീവിക്കാൻ വേണ്ടിയുള്ള ഒരു നെട്ടോട്ടമാണിത് …

കത്ത് മേശമേൽ കാണാം പറ്റുന്ന തരത്തിൽ വെച്ചു.
ബാഗ് കടലിനടിയിലേക്ക് നീക്കി .

തിരിഞ്ഞും മറിഞ്ഞും കിടന്നതല്ലാതെ ഉറക്കം വരുന്നില്ല .
ചെയ്യുന്നത് ശരിയോ തെറ്റോ ….? ഹൃദയം രണ്ടു ഭാഗമയി നിന്ന് തർക്കിക്കുന്നു .
വാദപ്രതിവാദങ്ങൾക്കൊടുവിൽ അച്ഛനെ പിന്തുണച്ചു കൊണ്ട് ഹൃദയം നിന്നു കിതച്ചു .
മിഥുന്റെ ദയനീയ മുഖം …. അവൾ കണ്ണുകൾ ഇറുക്കിയടച്ചു.

ഈശ്വരാ എത്രയായി സമയം ?
വല്ലാതെ ഉറങ്ങിപ്പോയല്ലോ .ആരൊക്കെയോ നടക്കുന്ന ശബ്ദം .. അല്ല കരയുന്നുമുണ്ട്..
ആരാണെന്റെ കൈയ്യും കാലും കട്ടിലിൽ കെട്ടിയിട്ടത്.അനങ്ങാൻ കൂടി പറ്റുന്നില്ലല്ലോ

വല്ലാത്ത ഭാരമുണ്ട് ശരീരത്തിന് .
സമയം എന്തായിക്കാണും .
നേരെ മുന്നിലെ വാച്ചിൽ 6 മണി !!
ഈശ്വരാ എന്റെ ഒളിച്ചോട്ടം എന്റെ മിഥുൻ . അവൻ വന്നുവോ … എന്നെ കാണാതെ വിഷമിച്ചു കാണും . നശിച്ച ഉറക്കം ആണ് പ്രശ്നമായത് ….

അയ്യോ അതിലും വലിയ പ്രശ്നo മേശമേലുണ്ടല്ലോ … അതാരേലും കണ്ടു കാണുമോ ?
കത്തെഴുതി വെച്ച് ഒളിച്ചോടും ചെയ്തില്ല .
ഛെ ഇതിലും വലിയ നാണക്കേട് …

പെട്ടെന്ന് അമ്മ ഓടി വന്ന് എന്റെ നെഞ്ചത്തോട്ട് വീണു…
ഹെന്റെമ്മേ ….. ഇപ്പോ ചത്തേനേ .
ഈ അമ്മക്ക് വട്ടുണ്ടോ …..?
കൊല്ലാൻ നോക്കുവാണോ
അത്ര സ്നേഹമുണ്ടേൽ ഈ കയ്യിലേം കാലിലേം കെട്ടൊക്കെ അഴിക്കല്ലേ ചെയ്യ …

“എന്റെ മോളേ നീ ഞങ്ങളെ വിട്ട് പോയല്ലോ … ദേവീ എനിക്കിതു സഹിക്കാൻ വയ്യേ …..”

ഹെ ഹെ എന്താ അമ്മ പറഞ്ഞത് ഞാനല്ലേ ഈ കെടക്കണേ. പോവാൻ പോയല്ലേ ഉള്ളൂ അപ്പോഴേക്കും അപവാദം പറഞ്ഞുണ്ടാക്കല്ലേമ്മേ….

കരച്ചിൽ കണ്ടാൽ സഹിക്കാൻ വയ്യ ..

‘എനിക്കൊന്നുമില്ലമ്മേ ……
ഇതെന്താ ശബ്ദം പുറത്തേക്ക് വരുന്നില്ലല്ലോ. തലപൊക്കാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല .

തമാശയൊക്കെ പതുക്കെ മാഞ്ഞു .കാര്യം
സീരിയസ്സാണ് ന്ന് മനസ്സിലായി .
ഞാൻ മരിച്ചോ …..?

ഏയ് എനിക്ക് അനങ്ങാൻ പറ്റുന്നില്ലന്നേയുള്ളൂ കാണാനും കേൾക്കാനും പറ്റുന്നുണ്ടല്ലോ
പിന്നങ്ങനെ ഞാൻ മരിക്കും …

അമ്മയുടെ കരച്ചിൽകണ്ട് വിങ്ങിപ്പൊട്ടി ജിത്തു മുറിയിലേക്ക് വന്നു .
എന്റെ മുഖത്തേക്ക് നോക്കി അവനങ്ങനെ നിന്നു .
എത്ര തല്ലുകൂടി എത്ര സ്നേഹിച്ചു .അവനില്ലാതെ ഞാനില്ല ഞാനില്ലാതെ അവനുമില്ല ഉള്ളിലത്ര സ്നേഹമുണ്ട് ഞങ്ങൾക്ക് . മരണം എന്ന യാഥാർത്ഥ്യം മനസിലാക്കാൻ പ്രായം ആയോ ആറാം ക്ലാസുകാരന് .
ചേച്ചിക്കെന്തോ പറ്റി കുറച്ച് കഴിഞ്ഞാ വരും തല്ലുകൂടാനെന്ന് ചിന്തിക്കുന്നുണ്ടാവും അവൻ ….

ദൈവമേ എനിക്ക് ജീവിച്ചു മതിയായില്ലല്ലോ .ഇവരെ വിട്ടു പോവാൻ എനിക്ക് എങ്ങനെ തോന്നി .

തകർന്ന അച്ഛന്റെ രൂപം വാതിൽക്കൽ … അച്ഛാ എനിക്ക് മാപ്പു തരൂ . കഴിയുമായിരുന്നെങ്കിൻ എന്റെ കണ്ണീരുകൊണ്ടാ പാദം ഞാൻ കഴുകിയേനെ …

കട്ടിലിനടുത്തേക്ക് ആടിയാടിവന്ന അച്ഛൻ എന്തോ തടഞ്ഞ പോലെ നിന്നു .പിന്നെ കുനിഞ്ഞ് കട്ടിലിനടിയിലേക്ക് നോക്കി ..

എന്റെ ബാഗ്….. !!
പെട്ടെന്നച്ഛൻ ധൃതിയിൽ മുറിയിൽ തിരയാൻ തുടങ്ങി .

……………………………..
അമ്മയുടെ കരച്ചിൽ കേട്ട് അയൽക്കാരും വിവരം അറിഞ്ഞ് ബന്ധുക്കളും വന്ന് മുറി നിറഞ്ഞു .ശ്വാസം മുട്ടുന്നു ചത്തവർക്കെന്താ ശുദ്ധവായു തരണമെന്നറിയാത്തവരാണോ ഇവർ ഛെ…

ഡോക്ടർ വന്നു …. കുറെ പേര് പുറത്തെറങ്ങി നിന്നു …ആശ്വാസം .

കണ്ണു തുറന്നു നോക്കുന്നു പൾസ് നോക്കുന്നു.. പരിശോധിക്കുന്നു …
MBBS പഠിക്കാത്ത എന്റെ അമ്മയ്ക്ക് വരെ മനസ്സിലായി ഞാൻ മരിച്ചെന്ന് ..

അച്ഛാ പൈസ കുറെ വാങ്ങാനാ ട്ടോ ഡോക്ടരുടെ ഈ ശുഷ്കാന്തി കൊടുക്കല്ലേ ട്ടോ … ശബ്ദമില്ലാതെ ഞാൻ വിളിച്ചുകൂവി.

” കാർഡിയാക്ക് അറസ്റ്റ് ആണ് മരണം നടന്നിട്ട് 4 മണിക്കൂറായി … ” I

ദൈവമേ നാല് മണിക്കൂറോ .
ഉറക്കത്തിൽ പെട്ടോണ്ട് ഞാനൊന്നുമറിഞ്ഞില്ല .

അമ്മയുടെ നിലവിളി ഉച്ചത്തിലായി . അച്ഛൻ ഡോക്ടറേം കൂട്ടി പുറത്തേക്ക് പോയി …

തിങ്ങി നിറഞ്ഞ ആൾക്കൂട്ടത്തിൽ ഞാനെന്റെ മിഥുനെ തിരഞ്ഞു.
ഇവരെല്ലാരേക്കാളും എന്നിലെ അവകാശം അവനാണ് എന്റെ ഭർത്താവിന് …

ആളുകളെ മാറ്റി രണ്ടു പേരുടെ തോളിൽ കയ്യിട്ട് വേച്ചു വേച്ചു വരുന്ന ആ രൂപം ..
കാണണ്ട എനിക്കത് .. കടലിനടുത്ത് വന്ന് അവൻ താഴേക്ക് ഊർന്നു വീണു .അവന്റെ തേങ്ങൽ മുറിയിൽ മുഴങ്ങി .
മുറിയിൽ പിറുപിറുപ്പ് ആരംഭിച്ചു ..

താലികെട്ടിയെങ്കിലും ഭാര്യയുടെ കടമകൾ നിർവ്വഹിക്കാത്തവളാണ് ഞാൻ .
ഭാര്യയായെങ്കിലും കന്യകയായി തന്നെയിരിക്കുന്നവൾ …
എനിക്ക് വേണ്ടി ഈ ഒഴുകുന്ന കണ്ണീര് മതി

“സ്നേഹം ശരീരത്തിന്റെ ഉത്പന്നമല്ല അത് മനസ്സ് പ്രസവിക്കുന്നതാണെന്ന് തിരിച്ചറിയാൻ … ”

ചടങ്ങുകൾ കഴിഞ്ഞു .ഞാൻ പോവാണ് .

ഒരു തരത്തിൽ പറഞ്ഞാൽ ഇതും ഒരു ഒളിച്ചോട്ടമാണ് .
ആദ്യത്തേത് ജീവിക്കാൻ വേണ്ടിയായിരുന്നെങ്കിൽ ഇത് ജീവിതത്തിൽ നിന്ന് തന്നെയുള്ള ഒളിച്ചോട്ടം ……..

കണ്ണീരിൽ കുതിർന്ന മൂന്ന് പിടി മണ്ണ് വാരിയിടുമ്പോൾ മിഥുൻ കണ്ണുകൾ അടച്ചുപിടിച്ചിരുന്നു …….

നോക്കൂ മിഥുൻ എന്നെ ഒന്നു നോക്ക് . ഈ ജൻമത്തിലെ നിന്റെ കണ്ണുകളുടെ അവസാന കാഴ്ചയാണ് . നിന്റെ ഹൃദയം എന്നും എന്നെ കാണുമെന്നറിയാമെങ്കിലും ……

അച്ഛൻ രണ്ട് പിടി മണ്ണ് വാരിയിട്ടു .
മൂന്നാമത്തെ പിടി മണ്ണിൽ ആ കത്തുമുണ്ടായിരുന്നു …

“പുറത്ത് കണ്ടാൽ എന്റെ കുട്ടിക്ക് ചീത്തപ്പേര് വരുത്തും ഈ കത്ത് … കളങ്കമില്ലാത്തവളായി തന്നെ ഇനിയും നീ ജീവിക്കണം എന്റേയും ഈ നാട്ടുകാരുടേയും ഓർമ്മകളിൽ ….
ഇതൊളിപ്പിച്ചു വെക്കാൻ ഇതിലും ഉറപ്പേറിയ ഒരു സ്ഥലം അച്ഛനറിയില്ല മോളേ………”

അപ്പോൾ മാത്രം ഞാൻ എന്റെ മരണത്തിൽ സന്തോഷിച്ചു …

മരിച്ചിട്ടു കൂടി ഞാൻ പുഞ്ചിരിച്ചു…….