18/04/2026

നീലിമ : അവസാന ഭാഗം

രചന – നന്ദ നന്ദിത

നിനക്ക് ഒരല്പം പോലും മനസ്സാക്ഷി ഇല്ലേ ഹരി…?? ” ഉണ്ണി ദയനീമായി ഹരിയോടെ ചോദിച്ചു. “എന്തിന്…?? അവൾക്ക് ബുദ്ധി ഇല്ലെന്ന് ആരാ പറഞ്ഞെ… ബുദ്ധി ഇല്ലാഞ്ഞിട്ടാണോ അവള് നിന്റെ കല്യാണം മുടക്കിത്…?? അമ്മയും അമ്മുവും നിൽക്കുന്നു അല്ലെങ്കിൽ…!!” “അല്ലെങ്കിൽ…?? അല്ലെങ്കിൽ നീ എന്താടാ പറയാൻ വന്നേ…??” ഉണ്ണിയുടെ ശബദം ഉയർന്നു.. “ആർക്കോ കിടന്ന് കൊടുത്തു കൊച്ചിനെ ഉണ്ടക്കിട്ട്… ഇനിയും അവള് അങ്ങിനെ ചെയ്യില്ലെന്ന് എന്താടാ ഉറപ്പ്…??” ഹരി പറഞ്ഞു മുഴുവിപ്പിക്കും മുന്നേ ഉണ്ണിയുടെ കൈകൾ അവന്റെ കവിളിൽ പതിഞ്ഞിരുന്നു.. “എന്താടാ നീ പറഞ്ഞത്…?? ആർക്കോ കിടന്നു കൊടുത്തു കുഞ്ഞിനെ ഉണ്ടാക്കിന്ന്…!!ആണോടാ…?? ആണോന്ന്…?? ഉണ്ണി കോപം കൊണ്ട് വിറച്ചു…. “എന്താ നീ പറഞ്ഞെ… ആ കുഞ്ഞ് പോയത് നന്നായിന്ന്….അല്ലേ…?? ശല്യം ഒഴിഞുന്ന് അല്ലേ…?? അതേടാ അത് നന്നായി…. നിന്നെപ്പോലൊരുത്തന്റെ കുഞ്ഞിനെ അവൾ പ്രസവിക്കണ്ട…!!! ഉണ്ണി അത് പറഞ്ഞതും,അച്ഛന്റേം, അമ്മയുടെയും, അമ്മുവിന്റെയും മുഖത്ത് വന്ന ഞെട്ടൽ അവൻ ശ്രദ്ധിച്ചു..

“ആരും ഞെട്ടണ്ട…!! നീലിമയെ ഗർഭിണി ആക്കിയത്…. അതെന്റെ പേരിൽ ആക്കിയതൊക്കെ ഇവനാണ്…എന്നിട്ട് എല്ലാം കഴിഞ്ഞപ്പോൾ… അവൾ ഇവനൊരു തമാശ ആണ് പോലും…!! എടാ… ഒന്ന് കുളിച്ചാൽ പോകുന്ന അശുദ്ധിയെ അവളുടെ ശരീരത്തിനുള്ളു… പക്ഷെ നിന്റെ മനസ്സ്‌…അതിനേക്കാൾ പരിശുദ്ധി അഴുക്കുചാലിനുണ്ടാവും….!! നീ ചെയ്ത കൊടുംപാപത്തിന് അറിയാതെ ആണെങ്കിലും ഞാനും കാരണക്കാരൻ ആണ്… എന്നോടുള്ള അവളുടെ ഇഷ്ടത്തെ ആണ് നീ മുതലെടുത്തത്…. അതിനുള്ള പരിഹാരം കൂടിയാണ് ഇനി അങ്ങോട്ടുള്ള ന്റെ ജീവിതം… അത് പക്ഷെ, അവളോടുള്ള സഹതാപം അല്ല… ശരിക്കും ഇഷ്ടായിട്ട് തന്നേ ആണ്… പക്ഷെ, ഇനി ഒരിക്കലും നിങ്ങളുടെ ആരുടേയും നിഴലുപോലും ന്റെ നീലുവിന്റെ മേൽ വീഴാൻ പാടില്ല…!!! ഉണ്ണി കൈചൂണ്ടി ഹരിയോടും, വാസുദേവനൊടുമായി പറഞ്ഞു… “അമ്മേ… ഞാൻ ഇറങ്ങുവാണ്.. അമ്മയ്ക്കും അമ്മുവിനും എപ്പോ വേണേലും…അങ്ങോട്ടേക്ക് വരാം… ഇനി ഒരിക്കലും ഞാനും നീലുവും ഈ പടി കേറില്ല…!! ഇന്ന് മുതൽ അമ്മേടെ ഉണ്ണി എല്ലാം മറന്നു പുതിയൊരു ജീവിതം തുങ്ങുവാണ്‌… എന്നേ അനുഗ്രഹിക്കണം…!!” ഊർമിളയുടെ കാലുകളിൽ തൊട്ട്, അനുഗ്രഹം വാങ്ങി, ഉണ്ണി പുറത്തേക്ക് ഇറങ്ങി.

ഉണ്ണി വീട്ടിലേക്ക് ചെല്ലുമ്പോൾ ദേവകി വിളക്ക്, വെക്കുകയായിരുന്നു… “നീലു… എണീറ്റില്ലേ അപ്പച്ചി…??” “ഇല്ല കുട്ട്യേ… ആ കിടപ്പ് കിടക്കുവാ ന്റെ കുഞ്ഞ്…” “മ്മ്..”ഉണ്ണി ഒന്ന് മൂളുക മാത്രം ചെയ്ത്, മുറിയിലേക്ക് നടന്നു ഉണ്ണി ചെല്ലുമ്പോൾ ഉറങ്ങുകയായിരുന്നു നീലു അവൻ പതിയെ അവളുടെ അരികിലായി ഇരുന്നു.. “മോളെ… ടാ… നീലു…” ഉണ്ണിയുടെ വിളി കേട്ടതും അവൾ പതിയെ കണ്ണു തുറന്നു. “എഴുന്നേൽക്ക് മോളെ… എന്ത് ഉറക്കാ ഇത്..?? ദേ സന്ധ്യ ആയി… അപ്പച്ചി വിളക്ക് വെക്കുവാ…ഈ സമയത്തെ കിടന്ന് ഉറങ്ങാൻ പാടില്ല…” അതും പറഞ്ഞു അവൻ പതിയെ അവളെ പൊക്കി കട്ടിലിൽ ചാരി ഇരുത്തി… “നീലു… പോയി കുളിച്ചേ… അപ്പൊ ഈ ക്ഷീണം ഒക്കെ പോകും…!!” ഉണ്ണി പറയുന്നത് കേട്ട്… പതിയെ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് നീലു കുളിക്കാൻ ആയി പോയി.

അത്താഴത്തിനു അവൾക്ക് ഇഷ്ടപ്പെട്ടതൊക്കെ ദേവകിഅമ്മ ഒരുക്കി ഇരുന്നു… അതൊക്കെ കണ്ടപ്പോൾ അവളുടെ ക്ഷീണം ഒക്കേ എവിടെയോ പോയി… വീണ്ടും ആ പഴയ ചിരിയും കുസൃതിയും ഒക്കെ തിരികെ വന്നതായി തോന്നി ഉണ്ണിക്ക്… ഭക്ഷണം കഴിച്ചു…ഉണ്ണി മുറിയിലേക്ക് പോയി… അലപ സമയത്തിന് ശേഷം… നീലുവും മുറിയിലേക്ക് വന്നു. “ഉണ്ണിയേട്ടാ… ഉണ്ണിയേട്ടാ…” “എന്താടാ…?” “ഇപ്പൊ നീലുന്റെ ഉവ്വാവൊക്കെ പോയോ…??” “പോയല്ലോ…” ഉണ്ണി ചെറു ചിരിയോടെ പറഞ്ഞു. “ആണോ… അപ്പൊ ഇനി എപ്പോഴാ ഉണ്ണിയേട്ടാ… കുഞ്ഞ് വാവ വരണേ…?” അവളുടെ ചോദ്യം കേട്ടതും ഉണ്ണിയുടെ നെഞ്ചോന്ന് പിടഞ്ഞു. “നീലു മോളെ… ഉണ്ണിയേട്ടൻ ഒരു കാര്യം പറഞ്ഞാൽ മോളെ ബഹളം വെക്കുവോ…?സങ്കടപ്പെടുവോ…?” അവൻ അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് കിടത്തി… പതിയെ അവളുടെ മുടിയിഴകളിലൂടെ വിരലുകൾ ഓടിച്ചു. “ഇല്ല… ഉണ്ണിയേട്ടാ… നീലു സങ്കടപെടുലാ…” “നീലുന്റെ വയറ്റിൽ ഉണ്ടായിരുന്ന വാവേ… ഇനി വരില്ല…!!” “അതെന്താ… അതെന്താ വരാതെ…?? എനിക്ക് വേണം… എനിക്ക് വേണം വാവനെ…” അവൾ കരഞ്ഞു കൊണ്ട് ബഹളം വെച്ചു

“മോളെ… നീലു… നീലു… ഉണ്ണിയേട്ടൻ പറയുന്ന കേൾക്ക്… ആ വാവേ കൊള്ളില്ലായിരുന്നു.. ന്റെ നീലുന് പുതിയ വാവ വരുലോ…” അത് കേട്ടതും അവൾ ഒന്ന് സമാധാനപ്പെട്ടു. “ആണോ…?? ആണോ ഉണ്ണിയേട്ടാ… വേറെ വാവ വരുവോ…??” “വരുലോ… നീലുവിന്റേം ഉണ്ണിയേട്ടന്റേം സുന്ദരി കുഞ്ഞുവാവ… വരുട്ടോ…” “ഹായ്‌… അപ്പൊ എനിക്ക് എടുക്കാലോ… വേറെ കുഞ്ഞുവാവ എപ്പോഴാ വരാ…?? കാണാൻ കൊതിയാവുന്നു…” “വരുട്ടോ…” ഒരു നിമിഷം ഉണ്ണിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…ഒരേ സമയം അവളുടെ ഭാഗ്യവും ഹതഭാഗ്യവും ഓർത്തു… പുറത്ത് ആകാശത്തു കൊള്ളിയാൻ മിന്നി… കൂടെ മഴയും…. നീലു പേടിച്ചു എഴുന്നേറ്റു. “എന്താടാ…?” “എനിക്ക് പേടിയ… ഉണ്ണിയേട്ടാ….എനിക്ക് പേടിയാ…” അവൾ കണ്ണുകൾ ഇറുക്കി അടച്ചു…ചെവി രണ്ട് കൈയോണ്ടും പൊത്തി പിടിച്ചു. “ന്റെ നീലു പേടിക്കണ്ടാട്ടോ… ഉണ്ണിയേട്ടൻ ഇല്ലേ കൂടെ…” ഉണ്ണി അവളെ ചേർത്തു പിടിച്ചു… അവന്റെ അരികിലേക്ക് ചേർന്നു അവളും കിടന്നു… ഇടി വെട്ടുമ്പോൾ അവളുടെ വിരലുകൾ ഉണ്ണിയുടെ മേൽ പിടുത്തം മുറുക്കി… ഇരുട്ടിൽ, അവളുടെ ശ്വാസം ഉണ്ണിയുടെ മുഖത്ത് പതിച്ചു… പതിയെ അവളുടെ അദരങ്ങളെ അവൻ കവർന്നു. അവളുടെ ശ്വാസത്തിന്റെ വേഗത കൂടുന്നതവന് അറിയാൻ സാധിക്കുമായിരുന്നു… ആ നാലു ചുമരുകൾക്കുള്ളിൽ…അഴിഞ്ഞുവീണ ഉടയാടകൾക്ക് മേൽ ഉയർന്നു താണ ശ്വാസത്തിൽ അവരുടെ പ്രണയത്തിന്റെ ശീൽകാരവും അലയടിച്ചു.

ദിവസങ്ങൾ കടന്നു പോയി…. ഉണ്ണിയുടെ സ്നേഹം… നീലുവും… അവളുടെ സ്നേഹം ഉണ്ണിയും ആവോളം അനുഭവിച്ച ദിവസങ്ങൾ ആയിരുന്നു പിന്നീട്…. അവരുടേത് മാത്രമായ ലോകത്തേക്ക്, ഒരു കുഞ്ഞൂടെ വരുന്നു എന്നറിഞ്ഞ നിമിഷം… ലോകം കീഴടക്കിയ സന്തോഷമായിരുന്നു ഉണ്ണിക്ക്… “ഉണ്ണിയേട്ടാ… ഉണ്ണിയേട്ടാ…”നീലു വിളിക്കുന്ന കേട്ടാണ് ഉണ്ണി ഉറക്കമുണർന്നത്. “ഉണ്ണിയേട്ടൻ എണീക്കണില്ലേ…??” കട്ടിലിൽ അവനോട് ചേർന്ന് കിടന്നോണ്ട് അവൾ കൊഞ്ചലോടെ ചോദിച്ചു. “ഇത്തിരി നേരം കൂടെ കഴിയട്ടെ… ന്റെ കാ‍ന്താരി ഇങ്ങോട്ട് വാ അവളെ ചുറ്റിപ്പിടിച്ചു നെഞ്ചോട് ചേർത്തു.. “ഉണ്ണിയേട്ടാ… ഉണ്ണിയേട്ടാ… ഇന്നലെ ഞാനും അമ്മേം കൂടെ ഉമ്മറത്തു ഇരുക്കുമ്പോഴേ.. ന്റെ വയറ് അനങ്ങി… അപ്പൊ അമ്മ പറയുവാ… നമ്മുടെ വാവ ആണെന്ന്… ആണോ ഉണ്ണിയേട്ടാ വാവ ആണോ…?? അത് കേട്ടതും ഉണ്ണിയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു… “എന്നിട്ടിപ്പോഴാണോ ന്റെ നീലു നീ എന്നോട് പറയണേ…?? “ദേ… ദേ ഉണ്ണിയേട്ടാ… ദേ.. നോക്കിയേ അനങ്ങുന്നു…” നീലു സന്തോഷത്തോടെ വയറിലേക്ക് കൈവെച്ചു… ഉണ്ണിയും വേഗം കൈ അവളുടെ കയ്യോട് ചേർത്ത് വെച്ചു… കുഞ്ഞിന്റെ അനക്കം കയ്യിൽ അറിഞ്ഞതും സന്തോഷം കൊണ്ട് ഉണ്ണി.. നീലുവിന്റെ വയറ്റിൽ മുഖം ചേർത്തു…

“നമുക്ക് എന്ത് വാവ ആയിരിക്കും ഉണ്ണിയേട്ടാ…??അപ്പുറത്തെ ആതിരക്ക് ഒരാണ് വാവ വന്നുലോ.. അപ്പോ എല്ലാരും പറയുവാ… അച്ഛനെ പോലെയാ വാവ എന്ന്…. എനിക്കും ആണു വാവനെ മതി… അപ്പൊ എല്ലാരും പറയുലോ…ന്റെ ഉണ്ണിയേട്ടനെ പോലെ ആണെന്ന്… ” അവളുടെ വാക്കുകൾ കേട്ടപ്പോൾ, അറിയാതെ ഉണ്ണിയുടെ കണ്ണുകൾ നിറഞ്ഞു. “ഒത്തിരി ഇഷ്ടാണോ… ഉണ്ണിയേട്ടനെ… ന്റെ നീലുന്…?? അവളുടെ താടി വിരലുകൾ കൊണ്ട് ഉയർത്തി ഉണ്ണി ചോദിച്ചു. “ഒത്തിരി ഒത്തിരി ഇഷ്ടാ.. എനിക്ക് ഉണ്ണിയേട്ടനെ… ” “അതെന്താ അത്ര ഇഷ്ടം…??” “അത്… അത്… അതെനിക്ക് അറിയൂലാ…” അതും പറഞ്ഞു ചിരിച്ചു കൊണ്ടവൾ, കട്ടിലിൽ നിന്ന് എഴുന്നേറ്റ് ഓടി… “ടീ… ടീ… പെണ്ണേ… ഓടാതെ… നീ…” ഉണ്ണിയും അവൾക്ക് പിന്നാലെ പോയി… പിന്നീടുള്ള ഉണ്ണിയുടെ ദിവസങ്ങൾ അവൾക്ക് വേണ്ടി ആയിരുന്നു… അവൾക്ക് വേണ്ടതെല്ലാം ഒരുക്കി… അവളുടെ ഇഷ്ടങ്ങൾ സാധിച്ചു കൊടുത്തു… അവളുടെ കൊച്ചു കൊച്ചു കുറുമ്പുകൾക്ക് കൂട്ട് നിന്നും സന്തോഷത്തോടെ ദിവസങ്ങൾ കടന്നു പോയ്‌… ഇടക്കിടെ ഊർമിളയും… പ്രിയയും ഒക്കെ അവളെ കാണാൻ വരുമായിരുന്നു… വീർത്തു വരുന്ന വയറു കൗതുകത്തോടെ നീലു നോക്കിയിരുന്നു…. അവളുടെ വയറിൽ മുഖം ചേർത്ത് പല രാവുകളും കടന്നു പോകുമ്പോൾ… ഉണ്ണിയും സന്തോഷത്തിന്റെ കൊടുമുടിയിൽ ആയിരുന്നു…

കുഞ്ഞിനെ കുറിച്ചുള്ള, ചിന്തകളും… ഉണ്ണിയുടെ സ്നേഹവും ഒക്കെ നീലുവിൽ ചെറിയ ചെറിയ മാറ്റങ്ങളിൽ എത്തിച്ചു… അവളും കുട്ടിക്കളികൾ മാറ്റിവെച്ചു… ഒരമ്മയുടെയും, ഭാര്യയുടെയും ഉത്തരവാദിത്വങ്ങൾ ചെറിയ രീതിയിൽ കണ്ട് തുടങ്ങിയതും… എല്ലാവർക്കും ഇരട്ടി മധുരമായിരുന്നു… അങ്ങിനെ ഇരുക്കുമ്പോഴായിരുന്നു ഹോസ്പിറ്റലിൽ നിന്ന് ഉണ്ണിക്ക് കോൾ വന്നത്. “ഉണ്ണി..നെക്സ്റ്റ് വീക്ക്‌ ഡൽഹിയിൽ വെച്ചു ICCSHD, Cardiac Surgery and Heart Disorders കോൺഫറൻസ് നടത്തുന്നുണ്ട്… ഇന്ത്യയിൽ തന്നേ എല്ലാ പ്രഗത്ഭരായ കാർഡിയോളജിസ്റ്റുകളും പങ്കെടുക്കുന്നുണ്ട്… So,ഉണ്ണി അതിനു പോയെ പറ്റു…” “ബട്ട്‌… Maa’m… ഞാൻ ഇപ്പൊ അതിനു പോകാൻ പറ്റിയൊരു സാഹചര്യത്തിൽ അല്ല… So… പ്ലീസ്… എന്നേ ഒഴിവാക്കി തരണം…അറിയാലോ… നീലുവിന്റെ കാര്യം…അവളുടെ ഡേറ്റിനു ഇനി ഒരാഴ്ച യുള്ളൂ..അവൾക്ക് വേണ്ടിയാ… ലീവ് പോലും എടുത്ത് ഞാൻ ഇവിടെ നിൽക്കുന്നത്…ഈ സമയത്തു…3 ദിവസം എനിക്ക് മാറി നില്ക്കാൻ പറ്റില്ല…” “എനിക്കറിയാം ഉണ്ണി…ബട്ട്‌…i am helpless…താൻ പോയെ പറ്റു…” മറുപടി പറയുന്നതിന് മുന്നേ കാൾ കട്ടായിരുന്നു… പോകാതിരിക്കാൻ പറ്റാത്തത് കൊണ്ട് മനസ്സില്ല മനസ്സോടെ പോകാൻ ഉണ്ണി തീരുമാനിച്ചു. “ന്റെ നീലു… വിഷമിക്കണ്ടാട്ടോ… ഉണ്ണിയേട്ടൻ വേഗം വരൂലേ…” നിറഞ്ഞ കണ്ണുകൾ തുടച്ചു…

അവളുടെ വയറിൽ മുഖം ചേർത്തു ഉമ്മ വെച്ചു.. ഉണ്ണി കാറിലേക്ക് കയറി. “അതേ പയ്യെ പോയാൽ മതീട്ടോ…” ഡ്രൈവറോട് ഉണ്ണി പറഞ്ഞു. “ഫ്ലൈറ്റ് ന് ഇനിയും സമയമുണ്ട്.” “സാറെന്തിനാ ടെൻഷൻ ആവണെ…? ” “അതൊന്നും പറഞ്ഞാൽ തനിക്ക് മനസിലാവില്ല… താൻ നേരെ നോക്കി വണ്ടിയോടിക്ക്…” ആ രാത്രി യാത്രയിൽ, പകുതിക്ക് വെച്ചു ചാറ്റൽ മഴ പെയ്തു തുടങ്ങി… കാറിന്റെ ഗ്ലാസ്സിൽ തുള്ളിത്തുള്ളികളായി അവ ഇറ്റുവീണു…. വൈപ്പർ അങ്ങോട്ടുമിങ്ങോട്ടും ചലിച്ചുകൊണ്ടേയിരുന്നു. ഇരു ഭാഗങ്ങളിലും വാഹനവ്യൂഹം, വണ്ടിയുടെ സ്പീഡ് കൂടുന്ന കണ്ടപ്പോൾ ഉണ്ണി പിന്നെയും സ്പീഡ് കുറക്കാൻ ആവശ്യപ്പെട്ടു. “ന്റെ സാറേ ഈ വളയം പിടിക്കാൻ തുടങ്ങീട്ട് പത്തു മുപ്പത് വർഷമായി ന്റെ കൂടെ വരുന്ന യാത്രക്കാർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കീട്ടില്ല. അവരെ സുരക്ഷിതമായി എത്തേണ്ടിടത്ത് എത്തിച്ചിട്ടുണ്ട്… ഇതിപ്പോ സാറിനെന്തോ ടെൻഷൻ കൂടിട്ടുണ്ട് അതിന് ഇങ്ങനെ വെപ്രാളം കാട്ടാണ..? സാറിനെ എയർപോർട്ടിൽ വിട്ടിട്ട് എനിക്ക് വേറൊരു ഓട്ടം കൂടി ഉണ്ട് എന്റെ വീട് കഴിഞ്ഞ് പോകണമെങ്കിൽ നോൺസ്റ്റോപ്പ് ആയി ഇങ്ങനെ ഓടിക്കൊണ്ടേയിരിക്കണം..” “അതൊന്നും പറഞ്ഞ സാറിന് മനസിലാവില്ല…” പിന്നീട് ഉണ്ണിയൊന്നും പറയാൻ പോയില്ല… മഴയുടെ ശക്തി കൂടി…കൂടി വന്നു…

ഉണ്ണി സഞ്ചാരിച്ചിരുന്ന കാറിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകേറിയ ബസ് എടുത്തത്… ഒരു പാവം പെണ്ണിന്റെയും അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞോമനയുടെയും ആകെ ഉള്ളൊരു പ്രേതീക്ഷയായിരുന്നു…!! ഉണ്ണിയെ കാത്തിരുന്ന അവളുടെ മുന്നിലേക്ക് വെള്ളത്തുണിയിൽ പൊതിഞ്ഞ അവന്റെ ചലനമറ്റ ശരീരം കണ്ടവൾ പകച്ചു നിന്നു. ഉണ്ണിയുടെ ശരീരത്തിനരികെ ഇരിക്കുമ്പോൾ… നീലു കരഞ്ഞില്ല… ഒരു മരവിപ്പ് മാത്രമായിരുന്നു അവൾക്ക്… വന്നവരെല്ലാം അവളെ ഓർത്തു സഹതപിച്ചു… “മോളെ…നീലു… ഉണ്ണി… ഉണ്ണിയെ കൊണ്ടാവാ…” അവൾ ദേവകിയമ്മയുടെ വാക്കുകൾ കേട്ട്… ചുറ്റും പകച്ചു നോക്കി…പതിയെ ഉണ്ണിയുടെ അരികിലേക്ക് അവൾ ചേർന്നിരുന്നു. “ഉണ്ണിയേട്ടാ… ഉണ്ണിയേട്ടാ…എന്തിനാ ഉണ്ണിയേട്ടാ ഇങ്ങനെ ഉറങ്ങണ പോലെ കിടക്കണേ…. എണീക്ക്… ദേ എല്ലാരും വന്നേക്കുന്നു…ദേ അമ്മയും, അപ്പച്ചിയും അമ്മുവും ഒക്കെ കരയുന്നു… ഉണ്ണിയേട്ടാ…എണീക്ക്… നമ്മുടെ വാവേ കാണണ്ടേ… എണീക്ക് ഉണ്ണിയേട്ടാ… എനിക്ക് ഉണ്ണിയേട്ടൻ അല്ലാതെ ആരൂല… ഒന്ന് നോക്ക് ഉണ്ണിയേട്ടാ…” ഉണ്ണിയുടെ ശരീരം ദഹിപ്പിക്കാനായി കൊണ്ടുപോകുമ്പോൾ ഭ്രാന്തിയെ പോലെ അവൾ അലറിവിളിച്ചു… ഒടുവിൽ കരഞ്ഞു കരഞ്ഞവൾ തളർന്നു വീണു.

“ഹരി അച്ഛാ…” “ഉണ്ണിടെ അച്ഛനും അമ്മയും എപ്പഴാ എന്നേ കാണാൻ വരണേ…??” നീലുവിന്റെയും,ഉണ്ണിയുടെയും ഫോട്ടോ നോക്കി… ആ അഞ്ചുവയസ്സുകാരൻ നിഷകളങ്കമായി ചോദിക്കുമ്പോൾ… ഹരി അവനെ നെഞ്ചോടു ചേർത്തു… “എന്റെ ഉണ്ണിമോനെ കാണാൻ അവര് വേഗം വരുട്ടോ…” എന്ന് പറഞ്ഞു അവനെ ചേർത്ത്പിടിച്ചു ചുംബിക്കുമ്പോൾ… അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. (അവസാനിച്ചു)