രചന – മൈഥിലി മിത്ര
ഉണ്ണ്യേട്ടാ.. ഇതെന്തു പറ്റി “…
നേരം ഇരുട്ടിയിട്ടും മുറിയിൽ ലൈറ്റ് ഇടാതെ എന്തോ ആലോചിച്ചിരിക്കുകയായിരുന്നു ഉണ്ണി.. കസേരയിലിരുന്നിട്ട് മേശമേൽ തല വെച്ചു കിടക്കുകയാണ്… പാറുവിന്റെ ഒച്ച കേട്ടിട്ടും തല ഉയർത്തി നോക്കുന്നുണ്ടായിരുന്നില്ല…
“എന്തേയിങ്ങനെ കിടക്കുന്നെ.. വയ്യാഴികാ വല്ലതും ഉണ്ടോ ഏട്ടാ “…
അടുത്ത് ചെന്നു, അവന്റെ നെറ്റിയിലും കഴുത്തിലും തൊട്ടു നോക്കി…
” ചൂട് ഒന്നുമില്ലല്ലോ പിന്നെന്തു പറ്റി “…
ഉണ്ണി നിവർന്നിരുന്ന് മുഖം ഒന്നമർത്തി തുടച്ചു.. അവന്റെ കണ്ണുകൾ ചുവന്നിരുന്നു.. ആധിയോടെ അടുത്ത് വന്നു നിൽക്കുന്ന പെണ്ണിനെ നോക്കി കണ്ണു ചിമ്മി ചിരിച്ചു കാട്ടി..
” ഒന്നൂല്യ എന്റെ പാറൂട്ടിയെ”….
“ഒന്നൂല്യഞ്ഞിട്ടാണോ ഏട്ടന്റെ മുഖമൊക്കെ വല്ലാണ്ട് ഇരിക്കണെ “…
നിറയാൻ പാകത്തിലുള്ള അവളുടെ കണ്ണുകൾ കണ്ടു, ഉണ്ണിക്കു സങ്കടം തോന്നി.. അവളെ മടിയിലേക്ക് പിടിച്ചിരുത്തിയവൻ…
“ഇതിങ്ങനെ നിറക്കാൻ പാകത്തിനു ഇവിടിപ്പോ എന്താ ഉണ്ടായേ പെണ്ണേ “…
പാറുവിന്റെ മുഖം കയ്യിലെടുത്ത്, കണ്ണുകൾക്ക് മുകളിൽ ചുണ്ട് ചേർത്തവൻ..
“ഈ കണ്ണുകൾ ഇങ്ങനെ നിറക്കല്ലേ പാറൂട്ടിയെ.. എനിക്കത് ഒട്ടും ഇഷ്ടല്ലന്നു നിനക്കറിഞ്ഞൂടെ “…
ഒരു നിശ്വാസത്തിനപ്പുറമുള്ള അവന്റെ മുഖം…കണ്ണുകൾ ഒന്നു പിടഞ്ഞുവോ പെണ്ണിന്റെ..
” എങ്കിൽ പറ, ഏട്ടനെന്തിനായിങ്ങനെ ഇരിക്കുന്നത്”…
കണ്ണിൽ വേദനയും പരിഭവവും എല്ലാം കൂട്ടിക്കുഴച്ച ഒരു ഭാവം..
“അതൊരു ചെറിയ തലവേദന പെണ്ണെ
വേറൊന്നും ഇല്ലാന്നേ “…
കൂർപ്പിച്ചയവളുടെ ചുണ്ടിനു മുകളിൽ തള്ള വിരലാലൊന്നുഴിഞ്ഞവൻ… നാണം വിടർന്ന കണ്ണുകൾ കൂമ്പിയടഞ്ഞു… കൈവിരലുകളവന്റെ ഷർട്ടിന്റെ കോളറിൽ മുറുകി…
“പാറുട്ടിയെ “..
അവളുടെ അടഞ്ഞ കൺപോളകൾക്ക് മുകളിലേക്ക് ചെറുതായൊന്നൂതി.. ഒരു തരിപ്പ് ഇരച്ചുകയറി… കണ്ണുകൾ മുറുക്കിയടച്ചു അവന്റെ നെഞ്ചിലെ ചൂടിലേക്ക് പതുങ്ങിയിരുന്നു പെണ്ണ്…
പ്രാണനിലലിഞ്ഞവളെ
പൊത്തിപിടിച്ചവനും…
“തലവേദന കുറവുണ്ടോയേട്ടാ “…
പൊടുന്നനെ വേഗത്തിൽ മുഖമുയർത്തി ചോദിച്ചയവളെ കണ്ടു, അവനിൽ ചിരി പൊട്ടി…
“കുറഞ്ഞെടി പെണ്ണേ “…
ഉണ്ണിയുടെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു, അവനിലേക്ക് വീണ്ടും കുറുകിയിരുന്നവൾ… പാറുവിനെ ചേർത്തു പിടിചിരിക്കുമ്പോഴും അവന്റെ മനസ്സ് കലുഷിതമായിരുന്നു.
ഇല്ല, ഒന്നും നടക്കില്ല.. ഞാൻ ജീവിച്ചിരിക്കുമ്പോൾ ആർക്കും ഒന്നും സംഭവിക്കില്ല.. അവന്റെ മനസ്സിൽ കണക്കു കൂട്ടലുകൾ നടക്കുകയായിരുന്നു, തന്റെ കുടുംബത്തെ ഭദ്രമാക്കാൻ വേണ്ടി…
💞💞💞💞💞
രാവിലെ അടുക്കളയിൽ കണ്ടുപിടിച്ച പണിയിലായിരുന്നു സീതയും ശാരദയും… സീത ദോശ ചുട്ടെടുക്കുന്നു, ശാരദയാണെങ്കിൽ സാമ്പാർ വെക്കാനുള്ള തിടുക്കത്തിലാണ്.. പാറു ഇതൊന്നും കാര്യമാക്കാതെ കയ്യിലിരിക്കുന്ന പാത്രത്തിലെ കായ വറുത്തത് എങ്ങനെ പെട്ടെന്ന് പെട്ടെന്ന് തിന്നു തീർക്കാം എന്നുള്ള ഗവേഷണത്തിലാണ്…
“കല്യാണത്തിന് ഇനി പത്തു ദിവസം കൂടെ ഇല്ല.. ഇനിയെങ്കിലും വല്ലതും വച്ചുണ്ടാക്കാൻ പഠിച്ചു കൂടെ പാറു നിനക്ക് “…
സീതയുടെ പുലമ്പൽ കേട്ടില്ലെന്ന് നടിച്ച്, അവളുടെ പണിയവൾ തുടർന്നു…
” നീ എന്തിനാ സീതേ അവളെ വഴക്ക് പറയുന്നത്… കല്യാണം കഴിഞ്ഞാൽ ഇങ്ങോട്ട് തന്നെയല്ലേ അവൾ വരുന്നത്.. ”
സീത പറഞ്ഞത് ശാരദക്ക് പിടിച്ചില്ല.. അല്ലെങ്കിലും, പാറുവിനെ ആരെന്ത് പറഞ്ഞാലും ശാരദയാണ് ആദ്യം പ്രതികരിക്കുക..
“ഏട്ടത്തിയാണ് അവളെ ഇങ്ങനെ വഷളാക്കുന്നത് “..
പറഞ്ഞുകൊണ്ട് സീത അവരുടെ പണികളിലേക്ക് തിരിഞ്ഞു… വീണ്ടുമെന്തോ പറയാനായി തിരിഞ്ഞ സീത കാണുന്നത് പാറുവിന് ദോശ ചട്ണിയിൽ മുക്കി വായിൽ കൊടുക്കുന്ന ഏട്ടത്തിയെയാണ്.. തലയിൽ കൈ വെച്ചു പോയവർ.. ഇങ്ങനെയൊരു അമ്മായീo മരുമോളും, മനസ്സിലോർത്തു സീത …
“ഏട്ടത്തി, കല്യാണത്തിന് ഒരു വീട്ടിൽ നിന്നും ചെറുക്കനും പെണ്ണും ഇറങ്ങുന്നത് നല്ലതല്ലല്ലോ.. ഞങ്ങളിനി വീട്ടിലേക്കു പോകുന്നതല്ലേ നല്ലത് “…
ശാരദയവരെ ഇരുത്തിയൊന്നു നോക്കി.. എന്നിട്ട് ചെയ്യുന്ന പണി തുടർന്നുകൊണ്ടേയിരുന്നു..
“ഈ ആചാരങ്ങൾ ഒക്കെ ആരാ സീതേ ഉണ്ടാക്കിയേ.. നമ്മൾ തന്നെയല്ലേ.. ഇനി അങ്ങനെ തന്നെ വേണം ന്നു വെച്ചാൽ കല്യാണത്തിന് ഒന്നോ രണ്ടോ ദിവസം മുന്നേ അങ്ങോട്ടേക്ക് പോയാൽ പോരെ.. നമ്മളെന്നുമവിടെ പോയി വീട് തൂത്തു വൃത്തിയാക്കിയിടുന്നതല്ലേ “….
അന്തിമ തീരുമാനമെന്നവണ്ണം അവർ പറഞ്ഞു.. കഴിച്ചുകൊണ്ടിരുന്ന പാറു ശാരദയെ കെട്ടിപ്പിടിച്ചൊരുമ്മ കൊടുത്തു…
“എന്റെ അമ്മായി സൂപ്പറല്ലേ.. “..
അവരുടെ കവിളിൽ പിടിച്ചവൾ വലിച്ചു..
“ശ്ശൊ.. വേദനിക്കുന്നെടി പാറൂട്ടിയെ “…
പാറുവിന്റെ ചിരി അടുക്കളയിൽ മുഴങ്ങിക്കേട്ടു..അതു കണ്ടു നിന്ന ശാരദയുടെയും സീതയുടെയും കണ്ണുകളിൽ നീർ പൊടിഞ്ഞു… ആനന്ദകണ്ണീർ……
“ആ പിന്നെ ഒരു കാര്യംകൂടി നേരത്തെ പറഞ്ഞേക്കാം.. കല്യാണം കഴിഞ്ഞും സീത ഇവിടെ തന്നെ താമസിക്കും.. ഇതിനൊരു മാറ്റവുമില്ല “….
സീതയറിയുകയായിരുന്നു അവർക്കു തന്നോടുള്ള സ്നേഹം.. പാറുവും കൂടെയിങ്ങോട്ട് വന്നാൽ, താനവിടെ തനിച്ചായിപ്പോകുമെന്ന് ഏട്ടത്തിക്കറിയാം… അതിനാണീ മുൻകരുതൽ.. അവരുടെ മനസ്സ് നിറഞ്ഞു.. ഇങ്ങനെയൊരു ഏട്ടത്തിയെ കിട്ടിയതിനവരീശ്വരനോട് നന്ദി പറഞ്ഞു…
“എന്തായമ്മേ ഇത്രയ്ക്കു ആലോചന “…
പാറു അടുത്ത് വന്നു തട്ടിവിളിച്ചപ്പോഴാണ് താൻ ഇത്രയും നേരം എന്തോ ആലോചനയിലാണെന്ന് അവരും ഓർത്തത്..
നോക്കുമ്പോൾ ശാരദയും അടുക്കളയിൽ ഇല്ലായിരുന്നു..
“ഒന്നൂല്യ മോളെ, ഞാൻ വെറുതെ
ഓരോന്ന് “…
പാതി മുറിഞ്ഞ വാക്കുകൾ.. പാറുവിനെ ചേർത്തു പിടിച്ചവർ..
“അമ്മായി ഒരിക്കലും അമ്മയെ ഒറ്റയ്ക്ക് നമ്മുടെ വീട്ടിൽ താമസിക്കാൻ വിടില്ല.. ഇനിയിപ്പോ അതും ആലോചിച്ചുകൊണ്ട് മനസ്സ് പുണ്ണാക്കേണ്ട “…
പറഞ്ഞുകൊണ്ടവൾ അവരുടെ കവിളിൽ ചുണ്ടുകൾ ചേർത്തു..
“പിന്നെ അമ്മായിക്കെന്നല്ല, ഇവിടെയാർക്കും അമ്മയെവിടെപ്പോയി ഒറ്റയ്ക്ക് താമസിക്കുന്നതിഷ്ടല്ല… എനിക്കും “….
ഉച്ചത്തിലാണ് പറഞ്ഞുതുടങ്ങിയെങ്കിലും, ഒടുവിലവളുടെ ശബ്ദം നേർത്തുപോയിരുന്നു…
💞💞💞💞💞
“എടാ കുറച്ചൂടെ കഴിക്കെടാ മോനെ.. ഇതെന്നാ നീയിങ്ങനെ കിള്ളിപ്പെറുക്കിയിരിക്കണേ”…
പ്ലേറ്റിലേക്കു കുറച്ചൂടെ ചോറ് വിളമ്പാനായി ചെന്നപ്പോൾ അനന്തൻ തടഞ്ഞു..
“മതിയായിട്ടാ അമ്മേ.. “…
“അതിനു നീ കുറച്ചല്ലേ കഴിച്ചുള്ളോടാ.. “…
“വിശപ്പില്ലമ്മേ “….
അനന്തൻ ഊണ് മതിയാക്കി കൈകഴുകി വന്നു, ശാരദയുടെ സാരിത്തുമ്പിൽ കയ്യും മുഖവും തുടച്ചു.. ബാക്കി വന്ന ഭക്ഷണം ടേബിളിൽ നിന്നും അടുക്കളയിലേക്ക് എടുത്തുവെക്കാൻ പോയ ശാരദയെ അവൻ പിടിച്ചു അവിടെക്കിടന്ന ഒരു കസേരയിലായി ഇരുത്തി..
“എനിക്കൊരു കാര്യം അറിയാനുണ്ടമ്മേ “…
അനന്തൻ അവരുടെ കാലിനോട് ചേർന്നു ചമ്രം പടഞ്ഞിരുന്നു.. ശാരദയവനെ സംശയത്തോടെ നോക്കി…
“അതിനു നീയെന്തിനാ അനന്തു നിലത്തിരിക്കുന്നെ.. എണിറ്റു കസേരയിൽ കയറി ഇരിക്കെടാ “…
അവനെ രൂക്ഷമായിട്ട് നോക്കിയവർ..
“എന്റെ പൊന്നു ശരദേ, നോക്കി
പേടിപ്പിക്കാതെ “..
ശാരദയുടെ മടിയിലേക്ക് തല വെച്ചു, അവരുടെ കൈകളെടുത്തു മുടിയുടെ മുകളിലേക്ക് വെച്ചവൻ..
“എന്താടാ.. എന്താ ഒരു വിഷമം.”…
സാധാരണ സങ്കടം വരുമ്പോഴാണവൻ ഇങ്ങനെ ചെയ്യാറ്.. അവന്റെ മുടിയിഴകളിൽ പതിയെ കൊതിക്കൊണ്ടിരുന്നു…
“ഞാൻ കല്യാണം കഴിക്കാത്തത്തിൽ അമ്മക്ക് വിഷമം ഉണ്ടല്ലേ “…
ശാരദ അങ്ങനെയൊരു ചോദ്യം അവനിൽ നിന്നും പ്രതീക്ഷിച്ചിരുന്നില്ല.. എന്തുത്തരം നൽകണമെന്നറിയാതെ അവർ മൗനമായിട്ടിരുന്നു…
“എന്താ അമ്മേ, ഒന്നും മിണ്ടാത്തത് “…
ഇതുവരെയും അവനോടിക്കാര്യം താനായിട്ട് ചോദിച്ചിട്ടില്ല.. ഒരിക്കൽ അച്ചൂതേട്ടൻ കല്യാണക്കാര്യം ചോദിച്ചപ്പോൾ, അനന്തന് കല്യാണം വേണ്ട എന്ന നിലപാടാണ് പറഞ്ഞതെന്നു അറിയാൻ കഴിഞ്ഞു…
മക്കളുടെ ആഗ്രഹങ്ങളെ എതിർത്തു സംസാരിക്കാൻ എനിക്കോ അദ്ദേഹത്തിനോ കഴിയില്ല.. അതിന്റെ പേരിൽ ഒരുപാടു സങ്കടം ഉള്ളിൽ സൂക്ഷിക്കുന്നുണ്ടെങ്കിലും ഇതുവരെയും അവനെ അറിയിക്കാൻ ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം…
“അതിപ്പോ ഞാൻ എന്ത് പറയാനാ മോനെ.. നിനക്കിഷ്ടമില്ലാത്ത ഒരു കാര്യം ഞാനെങ്ങനെയാടാ നിർബന്ധിപ്പിച്ചു ചെയ്യിക്കണേ.. “…
മുടിയിഴകളെ തഴുകുന്ന വിരലുകൾ ഒരുനിമിഷം നിശ്ചലമായി..
“ഞാനെന്തൊരു പാപിയ അല്ലേയമ്മേ “…
മടിയിൽനിന്നും തലയുയർത്തി ശാരദയെ ദീനമായി നോക്കിയവൻ…
“എന്തിനാ മോനെ നീയങ്ങനൊക്കെ പറയണേ.. അമ്മക്ക് വിഷമം ഉണ്ടായിരുന്നു.. എന്നെ അമ്മേയെന്നു വിളിക്കാൻ, പാറുവിന് ചേച്ചിയാവാൻ ഒരു പെൺകുട്ടി നിന്റെ ഭാര്യയായി ഈ വീട്ടിൽ കയറി വരണമെന്ന് ഒത്തിരി ആഗ്രഹിച്ചിരുന്നു.. പക്ഷെ “….
പകുതിയിൽ നിർത്തിയവർ… തന്റെ മുഖത്തേക്ക് നോക്കിയിരിക്കുന്ന അനന്തനെ ശാരദ ചേർത്തു പിടിച്ചു..
“ദേഷ്യം തോന്നുന്നില്ലെയമ്മേ എന്നോട് “…
ചോദിക്കുമ്പോളവന്റെ ശബ്ദം ഇടറിയിരുന്നു..
“എനിക്ക് പറ്റാഞ്ഞിട്ടാ അമ്മേ.. ഒരു കുട്ടിയുണ്ടായിരുന്നു.. എന്റെ ഭാര്യയായിട്ട്, അമ്മക്കൊരു നല്ല മോളായിട്ട്, എന്റെ പാറൂന്റെ ചേച്ചിയായി, ഉണ്ണിക്കു ഏട്ടത്തിയായി.. ഒരുപാട് ഇഷ്ടായിരുന്നു എനിക്കവളെ.. അവൾക്കെന്നോടും.. പക്ഷെ ഈശ്വരന് ഞങ്ങളൊരുമിക്കുന്നത് അത്രക്കിഷ്ടായില്ല… കൊണ്ടുപോയി അവളെ, അങ്ങ് ദൂരേക്ക്…
പ്രണയിച്ചു കൊതി തീരാതെ, ജീവിച്ചു കൊതി തീരാതെ, അവളങ്ങു എന്നെയൊറ്റക്കാക്കി പോയി.. ഒരിക്കലും തിരിച്ചു വരാനാവാത്ത അത്രേം ദൂരത്തേക്ക് “…
ഇടറിയ വാക്കുകൾ മുഴുമിപ്പിക്കാനാവാതെ പറഞ്ഞു നിർത്തിയവൻ… അനന്തന്റെ കണ്ണുകളിലെ ചുവപ്പുരാശി, അവൻ കരയുകയാണെന്ന് ശാരദക്ക് മനസ്സിലായി.. അവർ തളർന്നുപോയിരുന്നു.. ഇത്രയും സങ്കടങ്ങളുള്ളിലിട്ടോണ്ടാണോ ദൈവമേ എന്റെ മോൻ നടന്നിരുന്നത്.. നെഞ്ചിൽ കൈവെച്ചു പോയവർ.. കണ്ണുകളിലൂരുണ്ട് കൂടിയ ഒരു തുള്ളി കണ്ണീർ അവന്റെ നെറുകയിൽ വീണു ചിതറി…
“മോനെ.. അനന്താ… അമ്മയൊന്നും അറിഞ്ഞില്ലല്ലോടാ ഇതൊന്നും “…
അനന്തനെ ചേർത്തു പിടിച്ചവർ പൊട്ടികരഞ്ഞു.
“സാരല്യമ്മേ, പോട്ടെ.. അവൾക്കു ഭാഗ്യമില്ലായിരിക്കും എന്റെയമ്മേടെ സ്നേഹം അനുഭവിക്കാൻ “…
അവനവരുടെ കണ്ണീർ തുടച്ചുകൊടുത്തു… അവനോടെന്തു പറയണമെന്നറിയില്ലായിരുന്നു ശാരദക്ക് … മകന്റെ ആർത്തലച്ചു കരയുന്ന നെഞ്ചകം അവർക്കു കേൾക്കാമായിരുന്നു.. അവനെ മടിയിലേക്ക് കിടത്തി, വീണ്ടും തലയിൽ കൂടി തടവിക്കൊണ്ടേയിരുന്നവർ…
അടുക്കളയിൽ എന്തോ എടുക്കാൻ വേണ്ടി വന്ന സീത ഇതെല്ലാം കേട്ടുകൊണ്ട് കണ്ണീർ തൂവി നിന്നു…
💞💞💞💞
വൈകിട്ട് പാടത്തേക്കിറങ്ങിയ അനന്തൻ, പണിക്കാരോട് എന്തോ പറഞ്ഞുകൊണ്ട് നിൽക്കുകയായിരുന്നു.. സമയം അഞ്ചോടടുത്തിരുന്നു.. ആ സമയത്താണ് ഉണ്ണി യുടെ ബൈക്ക് വരുന്നതവൻ കണ്ടത്.. വീട്ടിലേക്കു പൊയ്ക്കൊണ്ടിരുന്ന ഉണ്ണി, അനന്തനെ കണ്ടു സൈഡിലേക്ക് വണ്ടി നിർത്തി…
“ഏട്ടാ, ടൗണിലെ ഹോസ്പിറ്റലിലെ ഇന്റർവ്യു കഴിഞ്ഞു കെട്ടോ.. ജോബ് ഓക്കേ ആയിട്ടുണ്ട്..നാളെ തൊട്ട് ഡ്യൂട്ടിക്ക് പോണം “..
ഉണ്ണിയെ നോക്കി മനസ്സ് നിറഞ്ഞു പുഞ്ചിരിച്ചവൻ…
“എടാ കല്യാണമിങ്ങു അടുത്തില്ലേ.. അപ്പൊ ലീവിന്റെ കാര്യോ “…
ആശങ്കയോടെ ചോദിക്കുന്നയേട്ടന്റെ തോളിൽ തട്ടി സമാധാനിപ്പിച്ചവൻ…
“എന്റേയേട്ടാ, ഞാൻ അതു മാനേജ്മെന്റിനോട് സൂചിപ്പിച്ചിട്ടുണ്ട്.. അവര് ലീവ് സാങ്ക്ഷൻ ചെയ്യാമെന്ന് ഏറ്റിട്ടുണ്ട് “…
ചിരിയോടെ പറയുന്നവനെ നോക്കി അനന്തനൊന്നു നെടുവീർപ്പെട്ടു…
“എങ്കിൽ ശരി, വീട്ടിലേക്കു പൊക്കോ.. എനിക്കിവിടെ ഇത്തിരി പണി കൂടെയുണ്ട് “…
സമ്മതത്താൽ തലയാട്ടി ബൈക്ക് ഓടിച്ചുകൊണ്ട് പോകുന്നവനെ കുറച്ചുനേരം നോക്കി നിന്നവൻ.. പിന്നെ തിരിഞ്ഞു റോഡിൽ നിന്നും പാടത്തേക്കിറങ്ങി…
ബസ്സിൽ നിന്നും രേവതിയിറങ്ങി, പാടത്തിന്റെ വഴിയിലേക്കിറങ്ങുന്നത് അനന്തൻ കണ്ടിരുന്നു.. അകലെ നിന്നും നടന്നുവരുന്നയവളെ ഒരുനിമിഷം നോക്കിനിന്നവൻ.. സാധാരണ സാരിയാണ് വേഷം.. കയ്യിലൊരു സാമാന്യം വലുപ്പമുള്ള ബാഗുണ്ട് . വീട്ടിൽ നിന്നുള്ള വരവായിരിക്കുമെന്ന് അവനൂഹിച്ചു..
ദൂരെ നിന്നെയവൾ കണ്ടു, തന്നെ നോക്കി നിൽക്കുന്ന അനന്തനെ.. വേഗം മുഖം കുനിച്ചു വീട്ടിലേക്കുള്ള വഴിയേ വേഗത്തിൽ നടന്നു രേവതി…
(തുടരും )

by