19/04/2026

ഗൗരി : ഭാഗം 10&11

രചന – നന്ദ നന്ദിത

” ഇനി ഒരിക്കലും ഗൗരി ഒരു ശല്യവില്ല… ഈ ഒരു രാത്രീ… അത് വരെ ഞാൻ ഇവിടെ… നാളെ… നാളെ അതിരാവിലെ ഞാൻ പൊക്കോളാം…” നിറഞ്ഞൊഴുകിയ കണ്ണുനീർ തുടച്ചു…വാ പൊത്തിപിടിച്ചു കൊണ്ട്, പുറത്തേക്ക് വന്ന ഗദ്ഗതം ബാലൻ കേൾക്കാതിരിക്കാൻ ഗൗരി പാടുപെട്ടു. “രാവിലെ പുറപ്പെടേണ്ടതല്ലേ…?? നീ കിടന്നോ…” അതും പറഞ്ഞു ബാലൻ പുറത്തേക്ക് പോയി. ഗൗരി കരഞ്ഞു കൊണ്ട് നിലത്തേക്ക് ഇരുന്നു… “അത്രേം വെറുപ്പായി പോയോ ബാലേട്ടാ എന്നോട്…?? ഞൻ പറയണത് ഒന്ന് കേൾക്കാൻ പോലും കൂട്ടാക്കാതെ…ന്നേ എന്തിനാ ബാലേട്ടാ ഉപേക്ഷിച്ചത്…?? ഓരോന്ന് ആലോചിച്ചു, എപ്പോഴോ അവൾ മയങ്ങി…പിന്നീട് കണ്ണ് തുറക്കുമ്പോൾ… ബാലൻ കട്ടിലിൽ കിടന്ന് ഉറങ്ങുന്നുണ്ട്, അമ്പലത്തിൽ സുപ്രാഭാതം കേൾക്കാം..ഗൗരി പതിയെ എഴുന്നേറ്റ് ബാലനെ നോക്കി… അവളുടെ കണ്ണുകളിൽ പെയ്യാൻ നിന്ന നീർതുള്ളികൾ അടർന്നു താഴേക്ക് വീണു… ശബ്ദമുണ്ടാക്കാതെ കരഞ്ഞു കൊണ്ട് ബാലനെ നോക്കി ഗൗരി നിന്നു. “ബാലേട്ടാ… ബാലേട്ടൻ ന്നെ സ്നേഹിക്കുന്നു എന്ന് ഇന്നലെ പറയണതിനു മുൻപേ എനിക്ക് മനസിലായിട്ടുണ്ടായിരുന്നു…

തിരിച്ചു ബാലേട്ടനെയും എന്റെ പ്രാണനെ പോലെ ഞൻ സ്നേഹിച്ചു. ഞാൻ ആരാണെന്നോ.. എന്താണെന്നോ പൂർണമായും ഞൻ പറഞ്ഞിരുന്നില്ല… ശരിയാണ്… കണ്ടുമുട്ടിയ നിമിഷം പറയാൻ പറ്റുന്ന സാഹചര്യം ആയിരുന്നില്ലല്ലോ…?? ആശുപത്രിയിൽ നിന്ന് ഇറങ്ങുമ്പോൾ, ന്നോട് എന്താ ബാലേട്ടാ പറഞ്ഞെ…?? എനിക്ക് പോകാൻ ഒരിടം ഇല്ല… എനിക്ക് ആരും ഇല്ലെന്ന് പറഞ്ഞപ്പോൾ എന്താ പറഞ്ഞെ…?? “ഇനി കഴിഞ്ഞതൊന്നും ഓർത്തു വിഷമിക്കണ്ട…തല്ക്കാലം കുറച്ചു ദിവസത്തേക്ക് ന്റെ കൂടെ വരണം…ന്റെ ദേവൂന്റെ കല്യാണം കഴിയണ വരെ.. അത് കഴിഞ്ഞു ഏതേലും ഹോസ്റ്റലിൽ ആക്കാം… എന്തേലും ജോലി ശരിയാക്കി തരാം എന്നൊക്കെ അല്ലേ…?? അതൊക്കെ വിശ്വസിച്ചു, ബാലേട്ടന്റെ കൂടെ ഞാൻ വന്നു… ഞാൻ ഒരാളുടെ ഭാര്യ ആയിരുന്നു എന്ന് പറയാൻ ഉള്ള അവസരം എനിക്ക് കിട്ടിലാ…ബാലേട്ടന് എന്നോട് ഇഷ്ടാണെന്ന് മനസ്സിലാക്കി തുടങ്ങിയപ്പോൾ പറയണം എന്ന് കരുതിതാ…പക്ഷെ അതിനു മുൻപേ…” ന്നോട് ഒന്ന് ക്ഷമിച്ചൂടെ ബാലേട്ടാ… അവൾ ബാലനെ നോക്കി…

നല്ല ഉറക്കത്തിൽ ആണ്….. പതിയെ ഗോവണി പടികൾ ഇറങ്ങുമ്പോൾ ഒന്ന് മാത്രേ ഗൗരിയുടെ മനസ്സിൽ ഉണ്ടായിരുന്നുള്ളു… അടുക്കളയിലേക്ക് ചെല്ലുമ്പോൾ അംബികമ്മ ഉണ്ടായിരുന്നു അവിടെ. “അമ്മേ…” അവൾ ഓടിപോയി അംബികമ്മയുടെ കാലുകളിലേക്ക് വീണു.. “അമ്മ ന്നോട് ക്ഷമിക്കണം… നിക്ക് അമ്മേടെ അടുത്ത് കാര്യം പറയാനുണ്ട്… കേട്ട് കഴിഞ്ഞു അമ്മ ന്നേ ശപിക്കരുത്…!!ബാലേട്ടനോടെ എന്നെങ്കിലും അമ്മ എല്ലാം പറയണം… വേറെ ഒന്നിനും അല്ല… ആ മനസ്സിൽ എന്നും ഞൻ ഒരു നന്ദികെട്ടവൾ ആവാതിരിക്കാൻ… കള്ളി ആവാതിരിക്കൻ…!! “ന്താ…മോളെ… ന്തൊക്കെയാ നീ ഈ പറയണേ..?? ” “ന്റെ കുട്ടി എണീറ്റെ…ന്താ ഇണ്ടായേ മോളെ… ബാലൻ പിണങ്ങിയോ ന്റെ കുട്ടിയോട്…??എവിടെ അവൻ… നല്ല വഴക്കു പറയണണ്ട് ഞാൻ…” “അമ്മേ…” “എന്താ കുട്ട്യേ… എന്താണേലും ഈ അമ്മയോട് പറയ്..” “ഞാൻ…. ഞാൻ… ബാലേട്ടന്റെ ഭാര്യ അല്ല അമ്മേ…!!” “എന്താ… ന്താ നീ പറഞ്ഞെ…??” “അതെ അമ്മേ ഞാൻ ബാലേട്ടന്റെ ഭാര്യ അല്ല…!!ദേവൂന്റെ കല്യാണം വേഗം നടക്കാൻ വേണ്ടി ദേവൂന്റെ മുന്നിൽ ന്നേ ഭാര്യ ആക്കിയതാ ബാലേട്ടൻ…” “ന്റെ ദേവി… ന്തൊക്കെയാ ഞാൻ ഈ കേൾക്കണേ…?? അംബികമ്മ നെഞ്ചിൽ കൈവെച്ചു കസേരയിലേക്ക് ഇരുന്നു…

“ആരാ… നീ..ശെരിക്കും… സത്യം പറയ്… ന്റെ മോളെ പോലെ അല്ലേ ഞാനും മാഷും നിന്നെ സ്നേഹിച്ചേ… ന്നിട്ട് എല്ലാരും കൂടെ പറ്റിക്കുവായിരുന്നോ…?? “അമ്മേ…!!” “വിളിക്കണ്ട… അങ്ങിനെ…!!” “ഇല്ലമ്മേ… ഇനി ആരുടേം കൺവെട്ടത് ഞൻ വരില്യ…കൈപിടിച്ച ആള് തന്നെ ന്നേ ഉപേക്ഷിച്ചു… ഇനി ഞൻ എന്തിനാ ഇവിടെ… പോവാ ഞാൻ… പോവാ ഇവിടെന്ന്… പക്ഷെ.. അതിനു മുന്നേ അമ്മ എല്ലാം അറിയണം… അല്ലെങ്കിൽ നിങ്ങൾ എല്ലാരും ജീവിതാവസാനം വരെ ന്നെ വെറുക്കും… അതെനിക്ക് സഹിക്കാൻ പറ്റില്ലമ്മേ…” “മോളെ…” ഗൗരിയുടെ കയ്യിൽ അംബികമ്മ മുറുകെ പിടിച്ചു… “ശെരിക്കും ആരാ നീ…?? എങ്ങിനെ ബാലന്റെ അരികിൽ എത്തി…??” “പറയാമ്മേ….എല്ലാം പറയാം ഞാൻ…!!” പാലക്കാട് അടുത്ത് ഒരു കൊച്ചു ഗ്രാമത്തിൽ ആയിരുന്നു ഞാൻ ജനിച്ചത്.. അച്ഛൻ അശോകൻ… ഗ്രാമത്തിലെ പോസ്റ്റ്‌ മാൻ ആയിരുന്നു…. അമ്മ ദേവി, പട്ടത്തി കുട്ടിയായിരുന്നു അമ്മ… വീടും വീട്ടുകാരേം ഉപേക്ഷിച്ചാണ് അമ്മ അച്ഛന്റെ കൂടെ ഇറങ്ങി പോന്നത്… അച്ഛനും അന്യ ജാതിയിൽ പെട്ട പെണ്ണിനെ കെട്ടിയതിനു സ്വന്തം വീട്ടിലും വിലക്കായി… പക്ഷെ, എല്ലാ പ്രതിബന്ധങ്ങളെയും മറികടന്നു അവർ ജീവിച്ചു… അവരുടെ ജീവിതത്തിലേക്ക് ഞാനും ന്റെ അനിയൻ അപ്പു എന്നാ അർജുനും വന്നു…

ഒരിക്കെ സ്കൂൾ വിട്ട് ഞാനും അപ്പുവും വരുമ്പോൾ… അമ്മയുടെ കയ്യിൽ നിറയെ മിഠായികൾ ഉണ്ടായിരുന്നു… അന്ന് അമ്മ ഞങ്ങളെ ചേർത്ത് പിടിച്ചു പറഞ്ഞു.. ഞങ്ങൾക്കു കൂട്ടായി ഒരാൾ കൂടെ വരുന്നുന്നു പറഞ്ഞു…. പിന്നീടുള്ള ദിവസങ്ങൾ പുതിയ അഥിതിക്കായുള്ള കാത്തിരുപ്പിൽ ആയിരുന്നു ഞങ്ങൾ… ഒടുവിൽ കാത്തിരിപ്പുകൾക്ക് വിരാമമിട്ട്… ഞങ്ങളുടെ അച്ചുനെ, ന്റെ കുഞ്ഞനിയത്തിയേ സിസ്റ്റർ കൊണ്ട് കാണിക്കുമ്പോൾ… ആ പുഞ്ചിരിൽ ഞങൾ അറിഞ്ഞത്… ഞങളുടെ നാലുപേരുടെ അരികിലേക്ക് ഒരു മടക്കം അമ്മക്ക് ഇനി സാധിക്കില്ലെന്ന് ആയിരുന്നു. അമ്മയുടെ മരണം ശേഷം അച്ഛന് അവിടെ നില്ക്കാൻ കഴിയില്ലായിരുന്നു… ഞങ്ങളെ മൂന്നു പേരെയും നെഞ്ചോട് ചേർത്ത് ഉള്ള വീട് വിറ്റ്… മറ്റൊരു സ്ഥലത്തേക്ക് ഞങൾ താമസം മാറി… കാലങ്ങൾ കടന്നു പോയി… അപ്പുനും അച്ചൂനും ഒരമ്മയുടെ സ്നേഹവും കരുതലും കൊടുത്തു… ഞാൻ അവർക്ക് ഇച്ചേച്ചി ആയി… ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ്… അച്ഛന് വയ്യാണ്ടാവണത്…എന്നും വരുന്ന തലവേദന ബ്രെയിൻ ട്യൂമർ ആണെന്ന് ഡോക്ടർ പറഞ്ഞപ്പോൾ… ഞങൾ തളർന്നു പോയി. അച്ഛന്റെ ചികിത്സ, അപ്പൂന്റേം അച്ചുന്റേം പഠനം, ഭക്ഷണം ഒക്കെ ചോദ്യചിഹ്നം ആയപ്പോ… ഞൻ പഠനം നിർത്തി…

അടുത്തുള്ളൊരു തുണികടയിൽ salesgirl ഗേൾ ആയി പോയി തുടങ്ങി. അതിനിടയിൽ അപ്പൂന് മെഡിസിന് അഡ്മിഷൻ കിട്ടി… അവന്റെ അഡ്മിഷനും, അച്ഛന്റെ ചിലവിനും ഒക്കെയായി ഉണ്ടായിരുന്ന വീടും സ്ഥലവും വിറ്റു. എന്നിട്ടും തികയില്ലായിരുന്നു…!! ഓരോദിവസം കൂടുംതോറും അച്ഛന്റെ വയ്യായ്ക കൂടി വന്നു… മരണത്തോട് അടുക്കുമ്പോൾ അനാഥരാകുന്ന മക്കളും, അവരുടെ തലയിലുള്ള ലക്ഷങ്ങളുടെ ബാധ്യതയും അച്ഛനെ വല്ലാതെ അലട്ടി കൊണ്ടിരുന്നു… ഒടുവിൽ….അച്ഛൻ അതിനൊരു പരിഹാരം കണ്ടു. ന്റെ കല്യാണം…!!!ന്നെ ഒരാളുടെ കയ്യിൽ ഏൽപ്പിച്ചാൽ… ഒറ്റക്കായി പോവില്ലല്ലോ ഞങ്ങൾ… പക്ഷെ, തകർന്നടിഞ്ഞൊരു കുടുംബത്തിലേക്ക് ആരാ വര്യ…?? വന്നു കണ്ടവർ ഒക്കെ വേണ്ടെന്ന് പറഞ്ഞു, പടിയിറങ്ങുമ്പോൾ… കണ്ണീരോടെ മൗനമായി അച്ഛൻ ഇരുന്നു… ഒടുവിൽ ഒരു വൈകുന്നേരം, ബ്രോക്കർ നാരായണേട്ടന്റെ കൂടെ ഒരമ്മ എന്നേ കാണാൻ വന്നു. ചലനശേഷി ഇല്ലാത്ത… തന്റെ മകന്റെ ജീവിതത്തിലേക്ക് ഭാര്യയായി വരുമോ എന്ന് അപേക്ഷിക്കാൻ ആ അമ്മ മടങ്ങുമ്പോൾ…അച്ഛന്റെ കയ്യിലേക്ക് വെച്ചു കൊടുത്ത ബാഗിൽ തന്റെ ജീവിതത്തിന്റെ വിലയായിരുന്നു..

അനിയന്റെയും അനിയത്തിയുടെയും നല്ല ജീവിതത്തിനു… അച്ഛന്റെ കണ്ണുനീരിനും മറുപടി ആയി ഒന്ന് പുഞ്ചിരിച്ചു കൊണ്ട്… അനന്തപദ്മനാഭൻ എന്ന അനന്തേട്ടന്റെ ജീവിത്തിലേക്ക് ഞാൻ കടന്നു ചെന്നത്… പിന്നീട് എല്ലാം പെട്ടന്നായിരുന്നു… അടുത്തുള്ള ക്ഷേത്രത്തിൽ വെച്ചു അനന്ദേട്ടൻ എന്റെ കഴുത്തിൽ താലി ചാർത്തി വിവാഹ ശേഷം അനന്തേട്ടന്റെ വീടെനിക്ക് പുതിയൊരു അനുഭവം ആയിരുന്നു… സ്നേഹിക്കാൻ മാത്രം അറിയാവുന്നൊരു അമ്മ, അപ്പുവിനെ പോലൊരു അനിയൻ, പിന്നെ അനന്ദേട്ടൻ. കോടിശ്വരപുത്രൻ… വലിയൊരു ബിസിനസ്‌ സാമ്രാജ്യത്തിന്റെ ഉടമ… അപ്രതീക്ഷിതമായി കടന്നു വന്ന ഒരു കാർ ആക്‌സിഡന്റിൽ അനന്തേട്ടന് നഷ്ടയത് ഗർഭിണി ആയ ഭാര്യയെയും,രണ്ട് കാലുകളുടെയും ചലന ശേഷി കൂടി ആയിരുന്നു.. പിന്നീടുള്ള ജീവിതമത്രയും ഒരു വീൽചെയറിൽ അദ്ദേഹം തള്ളി നീക്കി… ചുരുണ്ട മുടിയും താടിയും ഒതുക്കി വെട്ടി… കണ്ണാടി വെച്ച, ചുണ്ടിൽ മായാതെ തങ്ങി നിൽക്കുന്ന പുഞ്ചിരിയുള്ള, സൗമ്യനായ ഒരു പാവം മനുഷ്യൻ… കയ്യിൽ എപ്പോഴും ഒരു പുസ്തകമുണ്ടാകും വിവാഹാശേഷം… ആ അമ്മക്ക് ഞാൻ നല്ലൊരു മകൾ ആയി, അനിയന് ഏട്ടത്തിയായി…

നല്ലൊരു ഭാര്യ ആവാൻ മാത്രം എനിക്ക് ആയില്ല…!! അനന്തേട്ടൻ അതിനു സമ്മതിച്ചില്യ എന്നു വേണം പറയാൻ… “താൻ നല്ല കുട്ടിയാ… ഒരു പാട് നല്ല കുട്ടി… നല്ലൊരു ജീവിതം ഇനിയും ഉണ്ട് തനിക്ക്…എന്നേ പോലൊരാൾക്ക് വേണ്ടിയും തന്റെ വീട്ടുകാർക്ക് വേണ്ടിയും ഇങ്ങനെ ഹോമിച്ച് കളയാൻ ഉള്ളതല്ല തന്റെ ലൈഫ്…ന്റെ അമ്മ വിലക്ക് വാങ്ങിയ കളിപ്പാട്ടം മാത്രം അല്ല നീ….!!” അനന്തേട്ടൻ ചിരിയോടെ എപ്പോഴും പറയുമായിരുന്നു എന്നോട്. അപ്പോഴൊക്കെ മൗനമായി ഞാൻ പുഞ്ചിരിക്കുക മാത്രം ചെയ്തു… അനന്ദേട്ടന്റെ സഹായം കൊണ്ട് ഒരു വീട് വാങ്ങി, അപ്പു മെഡിസിൻ പഠനം നല്ല രീതിയിൽ മുന്നോട്ട് പോയി…. അച്ചു ഹയർ സ്റ്റഡീസ് ന് ഡൽഹിക്ക് പോയി… ജീവിതം മുഴുവൻ മാറി മറിഞ്ഞു… നിക്ക് മാത്രം സ്ഥാനകയറ്റം ഉണ്ടായില്ല…താലിമാലാ കഴുത്തിൽ ഇട്ടു എന്നല്ലാതെ… ഒരിക്കൽ പോലും ഭാര്യ ആയി ന്നേ കണ്ടില്ല… എന്നോട് ഒത്തിരി സ്നേഹം ആയിരുന്നു… “എന്തിനാടോ മറ്റുള്ളവർക്ക് വേണ്ടി ഇങ്ങനെ…?”എന്ന് ചോദിക്കുമ്പോൾ ആ മിഴികൾ ഈറനണിയുന്നത് എനിക്ക് കാണാമായിരുന്നു…

പെട്ടന്നായിരുന്നു അച്ഛന്റെ മരണം… ന്നെ തളർത്തിയതും അതായിരുന്നു പിന്നീടുള്ള ദിവസങ്ങളിൽ ഒരച്ഛന്റെ സ്നേഹവും കരുതലും നൽകി… ന്നെ താങ്ങി നിർത്തി അനന്തേട്ടൻ. അച്ചുവിന്റെ വിവാഹം ഒരേട്ടന്റെ സ്ഥാനത്തു നിന്ന് അനന്ദേട്ടൻ നടത്തി കൊടുത്തു.. ഒടുവിൽ…!!ഒരു നാൾ… എന്നത്തേയും പോലെ എന്നോട് ഒത്തിരി സംസാരിച്ചു ഉറങ്ങാൻ കിടന്ന അനന്തേട്ടൻ പിന്നീട് ഉണർന്നില്ല… സൈലന്റ് അറ്റാക്ക് ആയിരുന്നു… ഉറക്കത്തിൽ ആയിരുന്നത് കൊണ്ട് അറിഞ്ഞില്ല… ഞൻ ആരുമില്ലാത്തവൾ ആയെന്ന് തിരിച്ചറിഞ്ഞു തുടങ്ങിയ ദിവസങ്ങൾ ആയിരുന്നു പിന്നീട്. അനന്തേട്ടന്റെ മരണത്തോടെ അമ്മയും തളർന്നു… ഒടുവിൽ അനിയനായി കണ്ടവൻ ഏട്ടത്തിയുടെ സങ്കടം തീർക്കാൻ കിടക്കയിലേക്ക് ക്ഷണിച്ചപ്പോൾ തകർന്നു പോയി ഞാൻ…!! എതിർത്തപ്പോൾ…എന്നേക്കുമായി ആ വീടിന്റെ പടികൾ നിക്ക് മുന്നിൽ കൊട്ടിയടക്കപ്പെട്ടു സ്വന്തം വീട്ടിലും താനൊരു അധികപറ്റാണെന്ന് തിരിച്ചറിയാൻ അതികം സമയം വേണ്ടി വന്നില്ല. പിന്നീട് അവിടെ നില്ക്കാൻ തോന്നിയില്ല…കുറച്ചു ദിവസം ഒരു കൂട്ടുകാരീടെ വീട്ടിൽ നിന്നു…

അവളുടെ സഹായത്തോടെ ഒരു ചെറിയ ജോലി കണ്ടെത്തി… അവൾക്കും സഹായിക്കണേനു പരിധികൾ ഇല്ലേ…ഒടുവിൽ അവിടെന്നും ഇറങ്ങി… ഇനി എന്ത് എന്നുള്ള ചോദ്യത്തിന് മരണം എന്നുള്ള ഉത്തരം മാത്രേ നിക്ക് കിട്ടിയുള്ളൂ… ഇനിയും എന്തിന്…?? എന്ന് ആലോചിച്ചപ്പോൾ എതിരെ വന്ന വണ്ടിക്ക് മുന്നിലേക്ക് ചാടി… പക്ഷെ വിധി വീണ്ടും ബാലേട്ടന്റെ രൂപത്തിൽ വന്നു രക്ഷിച്ചു നടു റോഡിൽ രക്തത്തിൽ കുളിച്ചു കിടന്ന എന്നേ…. ബാലേട്ടൻ ഹോസ്പിറ്റലിൽ കൊണ്ടു പോയി നിക്ക് വേണ്ടതൊക്കെ ചെയ്ത് തന്നു. ഒടുവിൽ… ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആകുന്ന അന്ന്… എവിടേക്കാ പോകേണ്ടെന്ന് വെച്ചാൽ ഞൻ ആക്കിത്തരാം എന്ന് പറയുമ്പോൾ കണ്ണുനീര് മാത്രേ ഉണ്ടായിരുന്നുള്ളു മറുപടി ആയിട്ട്…. കുട്ടിക്ക് വിരോധം ഇല്ലാച്ചാൽ ന്റെ കൂടെ വന്നോളൂ… കുറച്ചു ദിവസത്തേക്ക് ന്റെ വീട്ടിൽ ന്റെ ഭാര്യ ആയി കഴിയാൻ സാധിക്കുവോ തനിക്ക്..?? ന്റെ ദേവൂന്റെ കല്യാണം കഴിയണ വരെ..?? അത് കഴിഞ്ഞു ഒരു ഹോസ്റ്റലോ… ജോലിയോ എന്താന്ന് വെച്ചാൽ ഞാൻ റെഡി ആക്കിത്തരാം ന്ന് ബാലേട്ടൻ പറഞ്ഞപ്പോൾ… ബാലേട്ടന്റെ കൂടെ ഈ വീട്ടിലേക്ക് വന്നു ഇതുവരെ കാണാത്തൊരാൾ…!!ഒരു വീട്…!! ഈ വീടിന്റെ പടിപ്പുര കടക്കുമ്പോൾ പേടി ന്നെ മൂടിയിരുന്നു…

പക്ഷെ ഇതെന്റെ ഭാര്യ ആണെന്ന് പറഞ്ഞു ബാലേട്ടൻ ന്റെ കൈ പിടിച്ചതും… നിറഞ്ഞ മനസ്സോടെ എല്ലാരും എന്നെ സ്വീകരിച്ചു….!! സ്നേഹിച്ചു….!! ആദ്യമായി മനസ്സ്‌ തുറന്ന് ഒന്ന് സന്തോഷിച്ചത് ഇവിടെ വന്നപ്പോഴാണ്. എവിടെയോ മറന്നു വെച്ച കളിയും ചിരിയും കുസൃതിയും ഒക്കെ എന്നേ തേടിയെത്തിയതും ഇവിടെ വന്നപ്പോഴാണ്… പക്ഷെ ആ താലി… ന്റെ കഴുത്തിലെ താലി ബാലേട്ടന്റെ എന്ന് എല്ലാവരും തെറ്റ് ധരിച്ചപ്പോൾ… ബാലേട്ടന്റെ മനസ്സിൽ നിന്ന് ന്നെ എന്നന്നേക്കുമായി പടിയിറക്കി വിട്ടു ന്നെ ഒന്ന് കേൾക്കാൻ പോലും ബാലേട്ടൻ….!! ഞൻ പോവാമ്മേ…!! എന്നെങ്കിലും ബാലേട്ടനോടെ അമ്മ പറയണം… മനപ്പൂർവം ഞാൻ ചതിചിട്ടില്ലെന്ന്… ” ഗൗരി കരഞ്ഞു കൊണ്ട് കൈകൂപ്പി… “ഇരുട്ടി വെളുക്കണ വരേയ.. നിക്ക് ഇവിടെ നില്ക്കാൻ…!!! അതിനു മുൻപേ അമ്മേ കാണണം ന്ന് തോന്നി… വേറെ ആരോടും യാത്ര പറയണില്ല ഞാൻ… ബാലേട്ടനെ ഒന്ന് കാണണം… ഇപ്പോൾ ഉറക്കം എണീറ്റിട്ടിണ്ടാവും… എല്ലാത്തിനും മാപ്പ് ചോദിക്കണം… ന്നിട്ട് ഞാൻ ഇറങ്ങുട്ടോ…!!” ഗൗരി അത്രയും പറഞ്ഞു… ബാലന്റെ മുറിയിലേക്ക് പോയി… അവൾ മുറിയിലേക്ക് ചെല്ലുമ്പോൾ… ബാലൻ ജനലഴികളിൽ പിടിച്ചു പുറത്തേക്ക് നോക്കി നിൽക്കുകയായായിരുന്നു “സാർ…!!” അവളുടെ വിളികേട്ട് ബാലൻ തിരിഞ്ഞു നോക്കി.

“ഞാൻ… ഞാൻ ഇറങ്ങാ…ഇനിയും നിന്ന് ബുദ്ധിമുട്ടിക്കണില്ല…എല്ലാത്തിനും നന്ദിയുണ്ട്…!!” കരഞ്ഞു കൊണ്ട് ഗൗരി മുറിയിൽ നിന്ന് വെളിയിലേക്ക് ഇറങ്ങി.. ഗോവണിപടികൾ കടന്ന് ഉമ്മറത്തു വരുമ്പോൾ…അംബികമ്മ നിൽക്കുന്നുണ്ടായിരുന്നു അവിടെ. ഗൗരി അംബികമ്മയെ നോക്കാതെ പടികൾ ഇറങ്ങിയതും… “ഗൗരി…!!” എന്നാ വിളികേട്ട് അവൾ തിരിഞ്ഞു നോക്കി… (തുടരും) “ഞാൻ… ഞാൻ ഇറങ്ങാ…ഇനിയും നിന്ന് ബുദ്ധിമുട്ടിക്കണില്ല…എല്ലാത്തിനും നന്ദിയുണ്ട്…!!” കരഞ്ഞു കൊണ്ട് ഗൗരി മുറിയിൽ നിന്ന് വെളിയിലേക്ക് ഇറങ്ങി.. ഗോവണിപടികൾ കടന്ന് ഉമ്മറത്തു വരുമ്പോൾ…അംബികമ്മ നിൽക്കുന്നുണ്ടായിരുന്നു അവിടെ. ഗൗരി അംബികമ്മയെ നോക്കാതെ പടികൾ ഇറങ്ങിയതും… “ഗൗരി…!!” എന്നാ വിളികേട്ട് അവൾ തിരിഞ്ഞു നോക്കി… തൊട്ട് പിറകിലായി അമ്മയും ബാലേട്ടനും… അമ്മ ബാലാനേ രൂക്ഷമായി ഒന്ന് നോക്കി എന്നിട്ട് പതിയെ ഗൗരിയുടെ അരികിലേക്ക് ചെന്നു… “നീ ഇനി എങ്ങടും പോണ്ട മോളെ… ഇതാ നിന്റെ വീട്…” “അമ്മേ ഞാൻ…!!” “വേണ്ട ഇനി ഒന്നും പറയണ്ട കുട്ട്യേ… നീ ഈ വീട്ടിലേക്ക് വന്നത് ഇവന്റെ ഭാര്യയായാണ്… അന്ന് തൊട്ട്… നിന്നെ മരുമകളായി ഈ വീട്ടിൽ ഉള്ളവർ ല്ലാരും അംഗീകരിച്ചു…

ഇപ്പോ അവനു നിന്നെ വേണ്ടന്നാണെങ്കില്…അവൻ വേണ്ടെന്നു വെച്ചോട്ടെ… നിന്നെ മരുമകൾ ആയല്ല… ന്റെ സ്വന്തം മോളായ നിന്നെ ഞാൻ സ്നേഹിച്ചേ… ഇനി നിനക്ക് ഇവിടെ ന്റേം മാഷിന്റേം മോളായി ഇവിടെ കഴിയാം….” “അമ്മേ… അത്…” “നീ ഇങ്ങട് വാ… കുട്ട്യേ…” അംബികമ്മ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് അകത്തേക്ക് കയറിയതും ബാലൻ അവരെ തടഞ്ഞു “അമ്മ ഇതെന്തറിഞ്ഞിട്ട…??പോകേണ്ടവൾ… പോകട്ടെ…!!” “ഇവൾ ഇപ്പൊ ന്റെ മോളാ… നിന്റെ ഭാര്യ സ്ഥാനത്തുന്ന് നീ പറഞ്ഞു വിട്ടില്യേ ഇവളെ… ഇനി നിനക്ക് ഇവളിൽ ഒരവകാശവും ഇല്യ…!! പിന്നെ…എവിടെ നിന്നോ ഒരു പെണ്ണിനെ കൊണ്ടു വന്നു… നീ ഞങ്ങളോടെ ചെയ്ത കള്ളത്തരത്തിനൊപ്പം വരില്യ.. ഈ കുട്ടി ചെയ്തത്… അതോണ്ട്… നീ ഇനി ഒന്നും പറയണ്ടാ…!!” അംബികമ്മയുടെ മറുപടി കേട്ട് ബാലൻ പകപ്പോടെ ഗൗരിയെ നോക്കി… പിന്നീട് ഒന്നും മിണ്ടിയിട്ട് കാര്യം ഇല്ലെന്ന് അറിഞ്ഞു… അകത്തേക്ക് കേറി പോയി. ഗൗരിയെ കൂട്ടി അംബികമ്മ അകത്തേക്ക് നടന്നു… ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ “അമ്മേ കഴിക്കാൻ ഒന്നുല്യേ…?? ബാലൻ കഴിക്കാനായി ഊണ് മേശക്കരികിൽ വന്നിരുന്നു…അകത്തേക്ക് നോക്കി വിളിച്ചു, “ആ ദാ വരുന്നു കുട്ട്യേ…” അംബിക അവനോട് പറഞ്ഞു.

“മോളെ… ദോശ ചുട്ടത് മതി… നീയിതു ബാലന് കൊണ്ട് കൊടുക്കു മോളെ…” “അമ്മേ ഞാൻ… ബാലേട്ടനിനി….!!” “നീ അതൊന്നും ഓർക്കണ്ട മോളെ… ന്റെ കുട്ടി ചെല്ല്…” പാത്രത്തിലേക്ക് ദോശയും ചട്നിയും എടുത്ത് ബാലന്റെ അരികിലേക്ക് ഗൗരി നടന്നു. ബാലന്റെ മുന്നിലേക്ക് പ്ലേറ്റ് വെച്ചിട്ട്… മെല്ലെ അവനെ നോക്കി… ദേഷ്യം വന്നു ചുവന്നു തുടുത്തിരുന്നു ബാലന്റെ മുഖം… തിരികെ നടക്കാൻ തുടങ്ങിയപ്പോഴേക്കും പാത്രം നിലത്തേക്ക് വീഴുന്ന ശബ്ദം കേട്ട് അവൾ വേഗം തിരിഞ്ഞു. കസേരയിൽ നിന്നെഴുന്നേറ്റ് നടക്കുന്ന ബാലാനെയാണ് അവൾ കണ്ടത്. താളം കെട്ടി നിന്ന കണ്ണുനീർ പീലികൾക്കിടയിലൂടെ കവിളിലേക്ക് ഒഴുകി ഇറങ്ങി. “ന്താ മോളെ…?” ശബ്ദം കേട്ട് അംബിക അങ്ങോട്ടേക്ക് വന്നപ്പോഴേക്കും ബാലനെ അവിടെ കണ്ടില്ല. തറയിൽ നിന്ന് പാത്രവും ദോശയുമെടുത്ത് കരഞ്ഞുകൊണ്ട് അവൾ അടുക്കളയിലേക്ക് വന്നു.. “ന്ത് പറ്റി മോളെ… അവൻ എന്താ ചെയ്തേ…?? ന്റെ കുട്ടി കരയാതെ…” “ബാലേട്ടൻ…. ബാലേട്ടനിഷ്ടല്ലെങ്കിൽ ഞാനിവിടെ നിൽക്കുന്നില്ല അമ്മേ….” അവൾ കരഞ്ഞുകൊണ്ട് അംബികയുടെ മുന്നിൽ നിന്നു… “സാരില്യാട്ടോ…മോള് വിഷമിക്കാതെ…” അവളുടെ കയ്യിലിരുന്ന പാത്രം വാങ്ങികൊണ്ട് അംബിക പറഞ്ഞു. “ഏട്ടത്തി ന്തിനാ ഇങ്ങനെ കരയണെ…?” ദേവു അവളുടെ കയ്യിൽ പിടിച്ചു.

“അപ്പച്ചി ന്തിനാ ഇപ്പൊ ഏട്ടത്തിയെ പറഞ്ഞ് ഇപ്പൊ ബാലേട്ടന്റെ അടുത്തേക്ക് വിട്ടേ…??” “ഗൗരി ഏട്ടത്തി വിഷമിക്കണ്ടാട്ടോ… ഏട്ടന്റെ ദേഷ്യം ഒക്കെ പോകുട്ടോ…അപ്പൊ പഴേ പോലെ ന്റെ ഏട്ടത്തിയെ സ്നേഹിക്കും…!!” അവളുടെ കണ്ണുനീർ തുടച്ചു കൊണ്ട് ദേവൂ പറഞ്ഞു… ന്താ വേണ്ടതെന്നു നിക്ക് അറിയാം… ദേവൂ മനസ്സിൽ ഓർത്തു കൊണ്ട് ബാലനെ നോക്കി പാടത്തേക്ക് ഓടി…. “ബാലേട്ടാ…” ദേവൂ ബാലനെ കണ്ടതും.. മാടത്തിലേക്ക് ഓടി കിതച്ചു കൊണ്ട് അങ്ങോട്ടേക്ക് ചെന്നു… “എന്താ ദേവൂ… ന്തിനാ നീ ഈ വെയിലത്തു ഇത്രെടം വരെ ഓടിയെ…??” “ബാലേട്ടൻ… ബാലേട്ടൻ ന്തിനാ ഗൗരിയേട്ടത്തിയോട് പിണങ്ങിയെ… പിണക്കം മാറിലെ നിങ്ങടെ…??” “അതൊന്നും നീ അറിയണ്ട… അവളുടെ വക്കാലത്തും കൊണ്ട് നീ ന്റെ അരികിൽ വരണ്ട ദേവൂ…!!” ബാലൻ ദേഷ്യത്തോടെ ദേവൂനോടായി പറഞ്ഞു. “ഞാൻ ആരുടേം വക്കാലത്തു കൊണ്ട് വന്നതൊന്നും അല്ല…!!പക്ഷെ… ന്തിനാ ഏട്ടത്തിനെ വിഷമിപ്പിക്കണേ…?? അതൊരു പാവ ഏട്ടാ… ഏട്ടനെ ജീവനാ അതിനു…” “ഹും…!!ജീവൻ…!!നീ ഒന്ന് പോണുണ്ടോ ദേവൂ… നിക്ക് ദേഷ്യം വരണ്‌ണ്ട്… നിനക്ക് എന്തറിയാം അവളെ പറ്റി…??” “ഏട്ടനെന്തറിയാം… ഗൗരിയെ പറ്റി…??” ദേവുവിന്റെ മറുചോദ്യം കേട്ടതും ബാലൻ ഒരു നിമിഷം പകച്ചു…

“എനിക്ക് അറിയാം… ഏട്ടന് ഒന്നും അറിയില്യാന്ന്… ന്റെ മനസ്സിന്നു ബാലേട്ടനെ പറിച്ചെറിയാൻ… ഞൻ വെറുക്കാൻ കണ്ടെത്തിയ മാർഗ്ഗല്ലേ ഗൗരിയേട്ടത്തി…??” “ദേവൂ… നീ ന്തൊക്കെയാ പറയണേ..?” “സത്യങ്ങൾ…!!ബാലേട്ടൻ ഗൗരിയേട്ടത്തിയെ വിവാഹം ചെയ്തില്യാന്ന് നിക്ക് അറിയാം…ല്ലാരുടേം മുന്നിൽ അങ്ങിനെ അഭിനയിക്കാൻ കൊണ്ടുവന്നല്ലേ… ഏട്ടത്തിയെ…??” ദേവൂന്റെ ചോദ്യത്തിന് മുന്നിൽ എന്ത് പറയണം എന്ന് അറിയാതെ ബാലൻ പകച്ചു… “ദേവൂ… മോളെ… നീ ന്തൊക്കെയാ പറയണേ…?? ഗൗരി… ഗൗരി ന്റെ ഭാര്യ ആണ്…” “മതി ഏട്ടാ… കള്ളം പറഞ്ഞത്… എനിക്ക് അറിയാം സത്യം മുഴുവൻ…!!ഗൗരിയേട്ടത്തിയെ ബാലേട്ടന് വഴിയിൽ ആക്‌സിഡന്റ് ആയി കിട്ടിയതാണെന്നും… ഭാര്യ എന്ന് കള്ളം പറഞ്ഞു കൂട്ടി കൊണ്ടു വന്നതാണെന്നും…. ഒടുവിൽ ഏട്ടത്തിടെ കഴുത്തിലെ താലി കണ്ടപ്പോ…ഏട്ടത്തിക്ക് പറയാനുള്ളത് കേൾക്കാൻ പോലും കൂട്ടാക്കാതെ…എന്നേക്കുമായി ഉപേക്ഷിക്കുവാണെന്നും നിക്ക് അറിയാം…!!” “മോളെ… അത്… അത് ഞാൻ അവളെ…” “അറിയാം ഏട്ടാ… ഏട്ടന് ഏട്ടത്തിയെ ശെരിക്കും ഇഷ്ടാണെന്ന് നിക്ക് അറിയാം…!! “അതെ ദേവൂ… നീ എന്നേ വെറുക്കാൻ വേണ്ടിയാ അവളെ കൂട്ടുകൊണ്ടുവന്നെ… പക്ഷെ.. എപ്പോഴോ ഞാൻ അവളെ സ്നേഹിച്ചു പോയി… ഒടുവിൽ… അവളെന്നെ.. അവളെന്നെ ചതിക്കുവായിരുന്നു എന്നറിഞ്ഞപ്പോൾ തകർന്ന് പോയി ഞാൻ…!!”

“ഏട്ടത്തി… മനപ്പൂർവം ഏട്ടനെ പറ്റിച്ചിട്ടില്യ… പറയാനുള്ള സാഹചര്യം ആ പാവത്തിന് കിട്ടിയില്യ.. അതോണ്ട് ആ… ശെരിക്കും അതൊരു പാവ ഏട്ടാ… ഒത്തിരി വിഷമങ്ങൾ അതാനുഭവുച്ചിട്ടുണ്ട്… ഇനി ന്റെ ഏട്ടൻ കൂടെ അതിനെ സങ്കടപ്പെടുത്തല്ലേ… ആ പാപം ന്റെ ഏട്ടന്റെ തലയിൽ വീഴരുത്… അതോണ്ടാ…. ഞാൻ ഏട്ടനെ കാണാൻ ഓടി വന്നേ…” “ന്തൊക്കെയാ ദേവൂ നീയ് പറയണേ…??” ബാലൻ സംശയത്തോടെ നെറ്റി ചുളിച്ചു “പറയാം… ഏട്ടാ… ഏട്ടനറിയാത്തൊരു ഗൗരിയെ…!! എന്നിലൂടെ ഏട്ടൻ അത് അറിയാണോന്നാവും… അതല്ലേ, എന്നും വൈകി എണീക്കണ ഞാൻ… ഇന്ന് നേരത്തെ എണീക്കാനും… അപ്പച്ചിയോട് ഗൗരി പറയണ കാര്യങ്ങൾ ഒക്കെ കേൾക്കാനും ഇടയായത്…” ഗൗരി അംബികമ്മയോടെ പറഞ്ഞത് മുഴുവൻ ദേവൂ ബാലനോട് പറഞ്ഞു… ഒക്കെ കേട്ട് കഴിഞ്ഞതും… ബാലൻ ഷോക്ക് ആയതു പോലെ നിന്നു “അതൊരു പാവ ഏട്ടാ.. ആരൂല്യ അതിനു… ഇനിയും വിഷമിപ്പിക്കരുത് ആ പാവത്തിനെ… താലി കെട്ടിന്നെ ഒള്ളൂ… ഇതുവരെ നല്ലൊരു ജീവിതം അതിനു കിട്ടിട്ടില്യ… ഒടുവിൽ ഭർത്താവ് മരിച്ചു, അവിടെന്ന് ഇറങ്ങിപ്പോ… ആർക്ക് വേണ്ടിയാണോ സ്വന്തം ജീവിതം ഇങ്ങനെ ആക്കിയേ… ആ അനിയനും അനിയത്തിക്കും… അതൊരു ഭാരം ആയി… ഇനി ഏട്ടനുടെ കൈവിട്ടാൽ… ചിലപ്പോൾ ഒന്നുടെ മരണത്തെപ്പറ്റി ഗൗരി ഏട്ടത്തി ചിന്തിച്ചാലോ…?? വേണ്ട… ഏട്ടാ… വേണ്ട… അതിനെ ഏട്ടൻ കൈവെടിയരുത്… ഈ അനിയത്തീടെ അപേക്ഷയാണ്… ” ദേവൂ അതും പറഞ്ഞു തിരികെ നടന്നു ബാലൻ ഒരക്ഷരം മിണ്ടാതെ കുറെ നേരം ആ നിൽപ്പ് നിന്നു.

പാവം… അവളെ ഞാനും ഒരുപാട് വേദനിപ്പിച്ചു… ന്റെ കാലുപിടിച്ചിട്ടും ഒന്നും കേൾക്കാൻ കൂട്ടായില്യ ഞാൻ…!! അമ്മയോട് പറയാതെ അവൾ പോയിരുന്നെങ്കിൽ..?? ഈശ്വരാ ഓർക്കാൻ കൂടെ വയ്യ എനിക്ക്…!! ഇനി ഞാൻ ആയിട്ട് അവളെ വേദനിപ്പിക്കില്യ… എനിക്ക്.. എനിക്ക് ഇപ്പോൾ തന്നേ അവളെ കാണണം… ഒക്കത്തിനും ക്ഷേമചോദിക്കണം… വിഷമിക്കരുതെന്ന് പറയണം… കൂടെ എന്നും ഞാൻ ഉണ്ടാകുമെന്ന് വാക്ക് കൊടുക്കണം… ന്റെ പെണ്ണാണ് നീ എന്ന് പറഞ്ഞു അവളെ ചേർത്ത് പിടിക്കണം…!!! ശരിക്കും ദേഷ്യമായിരുന്നില്ലല്ലോ… അവളോട് എനിക്ക്…!! മറ്റൊരാളുടെ താലി ആ കഴുത്തിൽ കണ്ടതും… നെഞ്ച് പൊട്ടിപോയത് പോലെ ആയിരുന്നു… അവൾക്ക്… അവൾക്ക് മറ്റൊരാവകാശി… അതെനിക്ക് സഹികുന്നതിലും അപ്പുറമായിരുന്നു… അവളോട് ദേഷ്യം കാട്ടുമ്പോൾ… അവളെ അവഗണിച്ചപ്പോൾ അവളെക്കാൾ വേദനിച്ചത് ഞൻ അല്ലെ..?? പക്ഷെ… ഒരു നിമിഷം അവളെ കേൾക്കാൻ ഞൻ കൂട്ടാക്കിയിരുന്നെങ്കിൽ…!!പാവം… ന്റെ കാലുകളിൽ വീണു മാപ്പ് ചോദിച്ചിട്ടുപോലും…!! എല്ലാത്തിനും അവളോട് ക്ഷമ ചോദിക്കണം… ഞാൻ ചെയ്തത് ശെരിക്കും ഏറ്റവും വലിയ തെറ്റായിരുന്നു…!! അവളുടെ മുന്നിൽ വെച്ചു സാന്ദ്രയോട് പോലും ഞാൻ…!! അതിനെല്ലാത്തിനും അവളോട് മാപ്പ് ചോദിക്കണം… ഈ ബാലചന്ദ്രന്റെ ഉള്ളിൽ ഗൗരി മാത്രം ഉള്ളുവെന്ന് പറയണം…!! ഓരോന്ന് മനസ്സിൽ ഓർത്തു കൊണ്ട് വീട്ടിലേക്ക് ബാലൻ നടന്നു…

കാലുകളെക്കാൾ വേഗത്തിൽ മനസ്സ്‌ അവളുടെ അരികിൽ എത്താൻ കൊതിച്ചു… അവളെ ഒന്ന് കാണാൻ മനസ്സ്‌ വെമ്പൽ കൊണ്ടു. ബാലൻ പടിപ്പുര കടന്നു… ഉമ്മറത്തേക്ക് കയറുമ്പോൾ… മാഷ് ഇരിക്കുന്നുണ്ടായിരുന്നു.. ചാരുകസേരയിൽ. “നീ ഇത് എങ്ങോട്ടാ..? വാലിനു തീ പിടിച്ചപോലെ വെപ്രാളം പിടിച്ച് ..??” ചിരിയോടെ മാഷ് ബാലനെ നോക്കി.. “എന്താ… ഏയ്യ്…. ഒന്നൂല്യ അച്ഛാ…” വെപ്രാളപ്പെട്ട് എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു… ബാലൻ അകത്തേക്ക് പോയി. വേഗം മുറിലേക്ക് ചെന്നു നോക്കി.. അവിടെ ഒന്നും കാണാതെ വന്നപ്പോൾ വേഗം താഴേക്ക് വന്നു… വീട് മുഴുവൻ നോക്കിയിട്ടും അവളെ കാണാൻ സാധിച്ചില്ല… ഒടുവിൽ അടുക്കളയിലേക്ക് പതിയെ ചെന്നു… അമ്മയുണ്ടോന്ന് ആദ്യം കണ്ണോടിച്ചു… ഇല്ലെന്ന് ഉറപ്പ് വരുത്തി.. അകത്തേക്ക് ചെന്നു… ദേവൂ കറിക്കരിയുന്നുണ്ട്… വസുന്ധരാമ്മ മാഷിനുള്ള സംഭാരം കലക്കുവായിരുന്നു “ദേവൂ…” ബാലൻ പതിയെ വിളിച്ചു “ന്താ ബാലേട്ടാ…??” ദേവൂ വിളികേട്ട് കൊണ്ട് ബാലനെ നോക്കി.. “ഗൗരി… ഗൗരി എന്തേ മോളെ..?” “ഉം… ന്തിനാ നീ ഇപ്പൊ അവളെ കാണാണെ…??” പുറകിൽ നിന്നുള്ള ചോദ്യം കേട്ട് ബാലൻ വേഗം തിരിഞ്ഞു നോക്കി…

പുറകിൽ നിൽക്കുന്ന അമ്മേ കണ്ടതും… എന്ത് പറയണം എന്ന് അറിയാതെ ബാലൻ കുഴഞ്ഞു.. “അവളിപ്പോ ന്റെ മോളാ… നിനക്ക് അവളിൽ ഇനി ഒരാവകാശവും ഇല്യ… നീ കാണണ്ടെന്ന് പറഞ്ഞു.. ഇറക്കി വിട്ടതല്ലേ…?? നിനക്ക് അവളെ വെറുപ്പാണെന്ന് അല്ലെ അവളോട് പറഞ്ഞത്…?? ആ നീ ഇനി അവളെ തിരക്കണ്ട…!!” “അമ്മേ ഞാൻ…!!” “നീ ഇനി ഇങ്ങട് ഒന്നും പറയണ്ട… അവളിപ്പോ ന്റേം മാഷിന്റേം മാത്രം മോളാ… അവളെ കാണണോ… വേണ്ടയോന്നൊക്കെ ഞാൻ ആ ഇനി തീരുമാനിക്യ…” അമ്മയുടെ വാക്കുകൾ കേട്ടതും ബാലൻ ഒന്നും മിണ്ടാത്തെ മുറിയിലേക്ക് പോയി. “ന്തിനാ അമ്മേ… അങ്ങിനെ പറഞ്ഞെ ബാലേട്ടനോട് … പാവം മുഖം ഒക്കെ മാറി… വിഷമായിന്നു തോന്ന്ണു…” ഗൗരി കയ്യിലെ ഉപ്പുമാങ്ങ ഭരണി അംബികമ്മേടെ കയ്യിലേക്ക് കൊടുത്തു കൊണ്ട് ചോദിച്ചു… “കരഞ്ഞു കാലുപിടിച്ചു പുറകെ നടന്നിട്ടും… നിന്നെ ആട്ടി ഓടിച്ചതല്ലേ…?? അവൻ… നിഷ്കരണം നിന്നെ ചവുട്ടി എറിഞ്ഞതല്ലേ…??അപ്പൊ ന്റെ മോൻ ഇച്ചിരി വിഷമിക്കട്ടെ…!! അംബികമ്മ ചിരിയോടെ പറഞ്ഞു. “ആ അത് ശേരിയാ… അങ്ങിനെ വിട്ട് കൊടുക്കേണ്ട ഏട്ടത്തി… കുറച്ചു ദിവസം കഷ്ടപ്പെടട്ടെ…ഏട്ടത്തിനെ ഓർത്തു… ഓർത്തു… ന്റെ ബാലേട്ടൻ ഇച്ചിരി ദിവസോം നിരാശ കാമുകനായി നടക്കട്ടെ…” ദേവൂ ചിരിയോടെ ഗൗരിടെ കവിളിൽ നുള്ളി. മുറിയിൽ ചെന്നിട്ടും ബാലന് ഒരു സമാധാനവും ഉണ്ടായിരുന്നില്ല… അവളെ ഒന്ന് കാണാൻ… അവളോടുന്നു മിണ്ടാൻ ആ ഉള്ള് പിടഞ്ഞു കൊണ്ടിരുന്നു.

“ബാലേട്ടാ… ഊണായിരിക്കണുട്ടോ…കഴിക്കാൻ വാ…” ദേവൂ മുറിയുടെ വാതിലിൽ വന്നു വിളിച്ചിട്ട് തിരികെ ഓടി… “താഴേക്ക് ചെല്ലാം… ഇപ്പൊ ന്തായാലും അവളെ കാണാതിരിക്കില്യ…” ബാലൻ വേഗം താഴേക്ക് ചെന്നു, കൈകഴുകി കഴിക്കാൻ ഇരുന്നു… “നിനക്ക് ന്തേലും പറ്റിയോ ബാലാ…??” മാഷിന്റെ ചോദ്യം കേട്ട് അവൻ അച്ഛനെ നോക്കി… “ന്താ അച്ഛാ…??” “അല്ല…നേരത്തെ വന്നപ്പോൾ മുതൽ തുടങ്ങിയതാണല്ലോ… ആകെ ഒരു… നിനക്ക് ന്തേലും പ്രശ്നം ഉണ്ടോ… ഊണ് കഴിക്കാൻ ഇങ്ങനെ ഓടി വരേണ്ട ആവിശ്യം ഇല്യാലോ…??” “അത് പിന്നെ… അത് പിന്നെ അച്ഛാ…വിശന്നൊണ്ട്…” ബാലൻ പറ്റിയ അബദ്ധം ഓർത്തു ചമ്മലോടെ തലതാഴ്ത്തി… “അംബികേ… വേഗം ഊണ് എടുത്തോളൂ… അല്ലെങ്കിൽ ചിലപ്പോ ഇവിടൊരാൾ ന്നെ ബാക്കിവെക്കില്യാട്ടോ… ” മാഷിന്റെ സംസാരം കേട്ട്.. ഒരു വിളറിയ ചിരി ചിരിച്ചു ബാലൻ. അംബികയും, ദേവുവും കൂടി ചോറും കറികളുംകൊണ്ടു വന്നു..രണ്ടുപേർക്കും വിളമ്പി… അപ്പോഴും ബാലന്റെ കണ്ണുകൾ ഗൗരിക്കായി തിരഞ്ഞു നടന്നു… “ആനേ തിന്നാൻ ഉള്ള വിശപ്പ് കാട്ടിട്ട്… നീ ന്താ ബാല ഇങ്ങനെ ഇരിക്കണേ…??” അംബികമ്മയുടെ ചോദ്യം കേട്ട്… ബാലൻ വേഗം കഴിച്ചെന്നു വരുത്തി എണീറ്റു…

“ശേ… ഇതുവരെ അവളെ ഒന്ന് കാണാൻ കൂടി പറ്റില്യാലോ…?? എല്ലാരും കൂടെ അവളെ ന്നിൽ നിന്ന് മാറ്റി നിർത്തുവാ…സാരില്യ… എത്ര നേരം മാറ്റി നിർത്തും… രാത്രി ഈ മുറിയിലേക്ക് തന്നേ അല്ലേ അവള് വരണത്… അപ്പൊ കാണാം… സംസാരിക്കാം…വേഗം രാത്രി ആയിരുന്നെങ്കിൽ…!!” അവൻ ഓരോന്ന് ഓർത്തു വെറുതെ മുറിയിൽ ഇരുന്നു… അപ്പോഴാണ്… ഫോൺ ബെൽ അടിക്കുന്നത് കേട്ടത്… പരിചയമില്ലാത്ത നമ്പർ കണ്ട്, ഒരു നിമിഷം ബാലൻ സംശയിച്ചു നിന്നു.. തുടരെ തുടരെ ഉള്ള വിളികേട്ട് ബാലൻ കാൾ അറ്റൻഡ് ചെയ്തു “ഹെലോ…സർ ഞാനാ സാന്ദ്ര..” മറുതലക്കൽ നിന്നുള്ള സംസാരം കേട്ടതും… ബാലൻ വല്ലാതെ ആസ്വസ്ഥനായി… “മ്മ്.. ന്താ സാന്ദ്ര…??” “അത്… എനിക്ക്…സർന്റെ സൗണ്ട് ഒന്ന് കേൾക്കണം എന്ന് തോന്നി… എനിക്ക് വല്ലാതെ മിസ്സ്‌ ചെയ്യുന്നു സാർനെ…” സാന്ദ്രയുടെ സംസാരം കേട്ടതും ബാലന് ദേഷ്യം വന്നു… അവൻ ഒന്നും മിണ്ടാതെ ഫോൺ കട്ട്‌ ചെയ്തു. പിന്നെയും കാൾ വന്നെങ്കിലും… അവൻ ഫോൺ സൈലന്റ് ആക്കി.. തോർത്തും എടുത്ത് പാടത്തേക്ക് നടന്നു. (തുടരും )