24/04/2026

നിന്നോരം : അവസാന ഭാഗം

രചന – ആതിര

രണ്ടുമാസങ്ങൾക്കിപ്പുറം ഇന്ന് ഭാഗിയുടെയും യദുവിന്റെയും വിവാഹമാണ്..

അന്നത്തെ ദിവസത്തിന് ശേഷം ചാരു സന്തോഷത്തോടെയാണ് ഗൗരിമോളെയും കൊണ്ട് തിരിച്ചു ചന്ദനക്കാവിന് പോയത്.. അവളോടൊപ്പം ശ്രീരാഗും ചെന്നിരുന്നു..അവളുടെ പുതിയ തീരുമാനം ആദ്യം അറിയിക്കേണ്ടത് അവളുടെ അമ്മയോട് ആയിരുന്നു. അത് പറയുമ്പോൾ ശ്രീരാഗും കൂടെ വേണമെന്ന് ചാരുവിന് നിർബന്ധം ഉണ്ടായിരുന്നു..

എല്ലാം മറന്ന് കുഞ്ഞിന് വേണ്ടി ശ്രീരാഗിന്റെ ഭാര്യയാവൻ, അവനുമൊത്തൊരു കുടുംബജീവിതം നയിക്കാൻ മനസ്സുകൊണ്ട് ചാരു തീരുമാനിച്ചത് സന്തോഷത്തോടെയാണാ ദൈവത്തിന്റെ മാലാഖ കേട്ടത്…

രണ്ടുപേരുടെയും തലയിൽ കൈവെച്ചനുഗ്രഹിച്ചു ആ അമ്മ..

അവിടുത്തെ അന്തേവാസികൾക്കും കുഞ്ഞുങ്ങൾക്കും തങ്ങളാലാവും വിധം വസ്ത്രങ്ങളും കുഞ്ഞുകുട്ടികൾക്ക് മധുരപലഹാരങ്ങളും ശ്രീരാഗും ചാരുവും വാങ്ങിയിരുന്നു.. അവർക്ക് ഭക്ഷണത്തിനായി നല്ലൊരു തുകയും ശ്രീരാഗ് നൽകാൻ മറന്നില്ല.. തന്റെ വിശപ്പടക്കിയ മനസ്സുകൾ വിശന്നിരിക്കരുതെന്ന് അവന്റെ വാശിയായിരുന്നു..

അവനും സ്കൂളിൽ പോകണ്ടത് കൊണ്ട് ചാരുവിനെയും കുഞ്ഞിനേയും താത്കാലികമായെങ്കിലും വിട്ടുനിൽക്കേണ്ടി വന്നു..
കുഞ്ഞിപ്പെണ്ണ് അച്ഛൻ തിരുച്ചു പോകുന്നെന്ന് മനസ്സിലാക്കി കരച്ചിൽ ആരംഭിച്ചിരുന്നു.. ഇനിയും തനിച്ചാക്കിപ്പോകുമെന്ന് ആ കുഞ്ഞുമനസിന് തോന്നിക്കാണും.. കരയുന്ന ഗൗരിമോളെ കയ്യിലെടുത്ത് അവൾ ഉറങ്ങുന്നത് വരെ ശ്രീരാഗ് കാത്തിരുന്നു.. കുഞ്ഞിനെ ഉറക്കി കിടത്തിയിട്ടാണ് അവൻ പോകാൻ ഇറങ്ങിയത്.. അവനും മോളെ പിരിയാൻ മനസ്സുണ്ടായിരുന്നില്ല.. എങ്കിലും ശ്രീരാഗിൽ എല്ലാം ആഴ്ചയും ഇങ്ങോട്ട് ഓടി വരാമല്ലോ എന്ന ആശ്വാസമുണ്ടായിരുന്നു..

“പോയിട്ട് വരാം..”

ഇറങ്ങാൻ നേരം ചാരുവിന്റെ കൈകവർന്നുകൊണ്ട് ശ്രീരാഗ് പറഞ്ഞു..

‘ഹ്മ്മ്… ”

ഒരു മൂളലിൽ ചാരു മറുപടി ഒതുക്കി..

ചാരുവിനോട് യാത്ര പറഞ്ഞത് ഇറങ്ങും നേരം അവനൊപ്പം വാതിൽപടി വരെ ചാരുവും പോയി.. അവൻ കണ്ണിൽ നിന്ന് മായും വരെ അവളവിടെ നിന്നു..

കണ്ണ് നിറച്ച് തന്നെ യാത്രയാക്കുന്ന ചാരു അവന്റെ മനസ്സിലെ പ്രണയഭാവങ്ങൾക്ക് മാറ്റേകി..
എന്നാൽ ചാരുവിന് അവൻ കാഴ്ചയിൽ നിന്നും മറഞ്ഞപ്പോൾപെട്ടന്നൊരു ശൂന്യത അവളെ പൊതിഞ്ഞപോലെ തോന്നി.. ഇഷ്ടപെട്ടത് താൽകാലികമായെങ്കിലും അകന്നുപോകുമ്പോഴുള്ളൊരു കുഞ്ഞ് വലിയ സങ്കടം..ഒരു വേള അവൻ പോകണ്ടായിരുന്നെന്ന് മനസ്സ് പരിഭവപ്പെട്ടു.. തന്നിൽ ഉടലെടുത്ത വികാരങ്ങളെ എന്ത് പേരിട്ട് വിളിക്കണമെന്ന് ചാരുവിന് അറിയില്ലായിരുന്നു…

🌺🌺🌺🌺🌺

ചാരുവിനെയും കുഞ്ഞിനേയും ശ്രീരാഗ് രണ്ടാഴ്ച്ച മുൻപേ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നു..മദറിന്റെ അനുവാദത്തോടെ ആശീർവാടത്തോടെ ഓർഫനേജിനോടും അവിടുള്ള ഓരോ അന്തേവാസികളോടും സിസ്റ്റർമാരോടും അങ്ങനെ അവളുടെ പ്രിയപ്പെട്ട ചന്ദനക്കാവിനോടും വിടപറയുമ്പോൾ ചാരുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.. ആരോരുമില്ലാതിരുന്ന അവളെയും വരുണിനേയും ചേർത്ത് പിടിച്ചവരാണ്.. പ്രസിക്കാതെ അമ്മമാരായ ദൈവത്തിന്റെ മാലാഖമാർ വിളബിയതൊക്കെയും സ്നേഹമായിരുന്നു…

ചാരു അവിടുത്തെ ജോലിയും അവസാനിപ്പിച്ചാണ് മടങ്ങുന്നത്.. ശ്രീരാഗിനൊപ്പം നാട്ടിൽ തന്നെ കൂടാനാണ് അവളുടെ തീരുമാനം.. ഭാഗി ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ചാരുവിനും ജോലി അവൾ ശരിയാക്കിയിട്ടുണ്ട്… ശ്രീരാഗ് കോളേജിൽ വീണ്ടും പഠിപ്പിക്കാൻ പോകാൻ തുടങ്ങി..

ശ്രീരാഗിനും കുഞ്ഞിനുമൊപ്പം നടന്ന് നീങ്ങുന്ന ചാരുവിനെ സന്തോഷത്തോടെ അവളുടെ അമ്മ നോക്കി നിന്നു.. കൈകൾ ജപമാലയിൽ മുറുക്കി ആ ചുണ്ടുകൾ അവൾക്ക് വേണ്ടി “നന്മ നിറഞ്ഞ മറിയത്തെ” വാഴ്ത്തി…

🌺🌺🌺

ശ്രീരാഗ് ചാരുവിനെയും കുഞ്ഞിനേയുംകൊണ്ട് അകത്തേയ്ക്ക് കയറും മുൻപ് രാധിക അങ്ങോട്ടേക്ക് വന്നു… അവരെ വെളിയിൽ നിർത്തിയിട്ട് ആരതി ഉഴിയാനുള്ള തട്ടവുമായി വന്നു..

“ചടങ്ങൊന്നും നടന്നില്ലന്ന് അറിയാം..
ഇനി ഒരു കണ്ണ് ദോഷവും എന്റെ കുഞ്ഞുങ്ങൾക്ക് ഉണ്ടാകരുത്.. എല്ലാം മംഗളമായി നടക്കട്ടെ…”

കർപ്പൂരം കത്തിച്ച് മൂന്നുവട്ടം ആരതി ഉഴിഞ്ഞുകൊണ്ട് രാധിക പറഞ്ഞു..മാലിനി അപ്പോഴേക്കും നിലവിളക്കുമായി എത്തി..

“ഒരുപാട് കയറിയിട്ടുണ്ടെങ്കിലും ഇന്ന് ചടങ്ങിന് വേണ്ടിയെങ്കിലും മോളിത് വാങ്ങി വലത് കാൽ വെച്ച് കയറണം..എന്റെ ഭാഗി തന്നെയാ നീയും..”

മുരളിയും വിനയനും നിറഞ്ഞ പുഞ്ചിരിയോടെ മൂവരെയും നോക്കി..

മാലിനി നീട്ടിയ നിലവിളക്ക് ചാരു സന്തോഷത്തോടെ വാങ്ങി..
ചാരുവിന്റെ ള്ളിൽ ഇപ്പോൾ പറയാനാവാത്ത സന്തോഷമാണ്..അനാഥയായിരുന്ന തനിക്കിപ്പോൾ സ്നേഹത്തോടെ ചേർത്ത് പിടിക്കാൻ അമ്മമാർ രണ്ടാണ്.. അച്ഛന്മാരും.. ശ്രീരാഗിനോട് മനസ്സുകൊണ്ട് ഇപ്പോൾ ക്ഷമിച്ചെങ്കിലും ആ പ്രണയത്തെ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു..
മനസ്സിലേക്ക് കുടിയിരുത്തേണ്ടതായുണ്ട്..

വലതുകാൽ വെച്ചവൾ ആ വീട്ടിലേക്ക് ശ്രീരാഗിന്റെ ഭാര്യയായി കയറി..

“ചാരൂ.. ഇപ്പോഴാ മോളെ യദുവേട്ടന് സമാധാനമായത്.. ശ്രീയേട്ടൻ നിന്നെ പൊന്ന് പോലെ നോക്കും.. ഇത് നിന്റെ യദുവേട്ടന്റെ ഉറപ്പാണ്..ഇത് കണ്ട് വരുൺ ഇപ്പൊ സന്തോഷിക്കുന്നുണ്ടാവും.. ”

വരുണിനെക്കുറിച്ച് കേൾക്കെ ചാരുവിന്റെ കണ്ണുനിറഞ്ഞു.. അത് കണ്ടതും യദു ചാരുവിനെ തന്നിലേയ്ക്ക് ചേർത്ത് തോളിൽ തട്ടി കൊടുത്തു..

“ചെല്ല്… പോയി ഫ്രഷ് ആയിട്ട് വാ.. ഇനി വേണം എനിക്കെന്റെ പെണ്ണിന്റെ കൈപിടിച്ചു ജീവിതത്തിലേക്ക് കൂട്ടാൻ… ”

അടുത്ത് നിന്ന ഭാഗിയുടെ കൈ പിടിച്ചുകൊണ്ടവൻ പറഞ്ഞു..
എല്ലാരും അടുത്ത് തന്നെ നിൽക്കുന്നതിനാൽ ഭാഗി ചമ്മലോടെ മുഖം കുനിച്ചു…

“ഇപ്പഴേ കൈ പിടിക്കണ്ടടാ മോനെ.. കുറച്ചു ദിവസം കൂടി കഴിയുമ്പോൾ ഞങ്ങൾ തന്നെ ഇവളെ നിന്റെ കയ്യിൽ തന്നേക്കാം.. അതുവരെ മോനോന്ന് ക്ഷമിക്ക്…”

മുരളി തമാശ രൂപേണ പറഞ്ഞതും എല്ലാവരും ചിരിച്ചു..

ചിരിക്കുന്ന ചാരുവിനെ ശ്രീരാഗ് നോക്കി നിന്നു പോയി.. അവൾ മതി മറന്നു ചിരിക്കുന്നത് ആദ്യമായാണവൻ കാണുന്നത്.. ചിരിക്കുമ്പോൾ വിരിയുന്ന നുണക്കുഴികൾ ആ ചിരിക്ക് മാറ്റേകി.. തന്നെ പോലെ തന്നെയവൾക്കും നുണക്കുഴികൾ ഉണ്ടെന്നവൻ കൗതുകത്തോടെ ഓർത്തു.. തന്നെ നോക്കി നിൽക്കുന്ന ശ്രീരാഗിന്റെ കണ്ണുകളുമായി ചാരുവിന്റെ കണ്ണുകൾ കോർത്തു.. അതിൽ വിരിഞ്ഞ ഭാവങ്ങളെ നേരിടാൻ ചാരുവിന് കഴിയുമായിരുന്നില്ല.. നോട്ടം തെറ്റിച്ചവളുടെ കൃഷ്ണമണികൾ പായുന്നത് ശ്രീരാഗ് ചിരിയോടെ നോക്കി നിന്നു..

കുഞ്ഞിനേയും ചാരുവിനെയും കൊണ്ട് ശ്രീരാഗ് അവന്റെ റൂമിലേയ്ക്കാണ് ചെന്നത്..
റൂമിലേയ്ക്ക് കയറിയതും ചാരൂ അത്ഭുതപ്പെട്ടുപോയി.. ചുവരിൽ നിറയെ ചാരുവും ഗൗരിമോളുമൊത്തുള്ള ഫോട്ടോസാണ്..മുറിയിൽ കയറി മോളെ കട്ടിലിൽ കിടത്തി
ചാരു അതിശയത്തോടെ ശ്രീരാഗിനെ നോക്കി..

“നീ അറിയാതെ പലപ്പോഴായി എടുത്തതാണ്.. ഈ മുറിയാണ് ഇപ്പോൾ എന്റെ ലോകം.. ഇവിടെയെത്തുമ്പോൾ നീയും നമ്മുടെ മോളും എന്റൊപ്പം ഉള്ളപോലെ തോന്നും..
പ്രണയിച്ചുപോയി ചാരു നിന്നെ ഞാൻ.. ഇനി എന്നിൽ നിന്നൊരു മടക്കം നിനക്കുണ്ടാവില്ല.. അനുവദിക്കില്ല ഞാൻ.. ഒരുപാട് ഒരുപാട് സ്നേഹിക്കണമെനിക്ക്…”

ചാരുവിന്റെ കൈകൾ നെഞ്ചോട് ചേർത്തവൻ പറഞ്ഞു.. പതിയെ ചാരുവും ആ നെഞ്ചിലേയ്ക്ക് ചാഞ്ഞു..ചിലപ്പോഴൊക്കെ മറവി ദൈവം മനുഷ്യന് നൽകുന്ന വരദാനമാണ്..
വേദനയുടെ കൈപ്പുനീർ തന്ന ഓർമകളെ മറവിയുടെ പുസ്‌തകത്താളിലേയേക്ക് എന്നെന്നേക്കുമായി എഴുതി ചേർക്കുമ്പോൾ ജീവിതം തിരിച്ചു തരുന്നത് അത്രമേൽ ഓർത്തുവെയ്ക്കാൻ പോകുന്ന മധുരങ്ങളെയാണ്..

🌺🌺🌺🌺

അമ്പലനടയിൽ നിന്ന് യദുവിന്റെ താലി സ്വീകരിക്കുമ്പോൾ ഭാഗിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു..
പെങ്ങളുടെ സ്ഥാനം അലങ്കരിച്ചത് ചാരുവായിരുന്നു..എല്ലാ പരീക്ഷങ്ങളിൽ നിന്നും തങ്ങളുടെ കുടുംബത്തെ രക്ഷിച്ച് സമാധാനം നൽകിയതിന് അവൾ ഭാഗവാനോട് നന്ദി പറഞ്ഞു..ഒരുപാട് കാലം പരസ്പരം താങ്ങും തണലുമായി ജീവിക്കാൻ നെടുമാംഗല്യം തരണമെന്ന ഭാഗിയുടെ പ്രാർത്ഥനയോടെപ്പം യദുവിന്റെ വിരലുകൾ അവളുടെ സീമന്തരേഖയെ ചുവപ്പിച്ചു..

മകളെ സുരക്ഷിതമായ കൈകളിൽ ഏൽപ്പിക്കുന്ന ദിനം..അച്ഛനും അമ്മയും ഏറ്റവും അധികം സന്തോഷിക്കുന്ന നിമിഷം..
മാലിനിയും വിനയനും സന്തോഷത്താൽ നിറഞ്ഞ കണ്ണുകളോടെ സുമംഗലിയായി നിൽക്കുന്ന തങ്ങളുടെ മകളെ നോക്കി..

രാധിക നീട്ടിയ വിളക്കേന്തി ഇളയമരുമകളായി ഭാഗി ആ വീട്ടിലേക്ക് വലതുകാൽ വെച്ച് കയറി..മധുരം കൊടുക്കൽ ചടങ്ങ് കണ്ടതും കുഞ്ഞിപ്പെണ്ണ് ചാരുവിന്റെ കയ്യിൽ നിന്നും അവളുടെ ചിറ്റയുടെ (ഭാഗി )മടിയിലേയ്ക്ക് ചാടി.. പാലും പഴവും യദുവിനും ഭാഗിയ്ക്കും കൊടുക്കുന്നതിനൊപ്പം എല്ലാവരും കുഞ്ഞിപ്പെണ്ണിനും കൊടുത്തു..

വൈകിട്ട് മണിയറയിലേക്ക് ചാരുവാണ് അവളെ കൊണ്ടുവിട്ടത്.. അത്രനേരം തോന്നാത്ത എന്തോ ഒരു ഭയം തന്നെ കൂടുന്നത് പോലെ ഭാഗിയ്ക്ക് തോന്നി..
മുറിയിലെ അലങ്കാരങ്ങളും ബെഡിൽ വിതയിട്ടിരിക്കുന്ന മുല്ലപ്പൂവും നോക്കി നിൽക്കവേ പിന്നിൽ വാതിലടയുന്ന ശബ്ദം കേട്ടാണ് ഭാഗി തിരിഞ്ഞു നോക്കിയത്.. യദുവാണ്..കതക് ലോക്ക് ചെയ്ത് തന്റെ നേർക്ക് നടന്ന് വരുന്ന യദുവിനെ നോക്കാൻ ഭാഗിയ്ക്ക് ആദ്യമായി നാണം തോന്നി..അവളുടെ നാണം യദുവിന്റെ ചുണ്ടുകളിൽ വിരിയിച്ചത് അന്നോളം കണ്ടിട്ടില്ലാത്ത പുഞ്ചിരിയായിരുന്നു..

തന്നെ നോക്കാതെ താഴേക്ക് മുഖം കുനിച്ചു നിൽക്കുന്ന ഭാഗിയുടെ മുഖം കൈകളാൽ കോരിയെടുത്തവൻ തനിക്ക് നേരെ പിടിച്ചു.. പരൽമീനുകളെ പോലെ ഓടിനടക്കുന്ന കണ്ണിലെ കൃഷ്ണമണികൾ അവനിൽ ചിരിയുണർത്തി..
അത് കണ്ടതും ഭാഗി നാണത്തോടെ അവനെ ചുറ്റിവരിഞ്ഞ് നെഞ്ചിൽ തലചായ്ച്ചു നിന്നു..

“ഭാഗി…”

“ഹ്മ്മ്..”

“എത്രനാൾ സ്വപ്നം കണ്ടതാ ഈ നിമിഷം.. എന്തൊക്കെ പ്രേശ്നങ്ങൾ വന്നു..ഇപ്പൊ എല്ലാവരും ഹാപ്പി.. വർഷങ്ങളായുള്ള നമ്മുടെ പ്രണയം സഫലമായി.. എന്റെ താലിയും സിന്ദൂരവും അണിഞ്ഞെന്റെ പെണ്ണ്.. ഭാഗ്യശ്രീ വിനയൻ അങ്ങനെ ഭാഗ്യശ്രീ യദുകൃഷ്ണൻ ആയി..
നിറഞ്ഞ പ്രണയത്തോടെ യദു അവളുടെ നെറുകയിലെ കുങ്കുമചുവപ്പിൽ ചുണ്ടുചേർത്തു..

🌺🌺🌺🌺

“അമ്മേ മോള്..??”

ഭാഗിയെ യദുവിന്റെ റൂമിലേയ്ക്ക് കൊണ്ട് വിട്ടിട്ട് മോളെ എടുത്ത് കൊണ്ട് പോകാൻ രാധികയുടെ മുറിയിലേയ്ക്ക് വന്നതാണ് ചാരു..

“കുഞ്ഞുറങ്ങിയല്ലോ.. ഇന്നവൾ അച്ഛമ്മേടേം അപ്പൂപ്പന്റേം കൂടെ കിടന്നോട്ടെ.. മോള് പൊയ്ക്കോ..”

ചാരുവിനെ പറഞ്ഞുവിടുമ്പോൾ രാധികയുടെയും മുരളിയുടെയും ചുണ്ടിൽ ഒരു പുഞ്ചിരി ഒളിഞ്ഞിരുപ്പുണ്ടായിരുന്നു..

കുഞ്ഞില്ലാതെ ശ്രീരാഗിനൊപ്പം മുറിയിൽ കിടക്കാൻ ചാരുവിന് എന്തോപോലെ തോന്നി..

“മോളെവിടെ…??”

“അമ്മയുടെ കൂടെ കിടന്നുറങ്ങി.. അവളവിടെ കിടന്നോട്ടെയെന്ന് അമ്മ പറഞ്ഞു..”

ശ്രീരാഗിന്റെ ചോദ്യത്തിന് ചാരു മറുപടി കൊടുത്തു..
മനസ്സുകൊണ്ട് അംഗീകരിച്ചു തുടങ്ങിയെങ്കിലും ഇപ്പോഴും തന്നെ എന്തോ ശ്രീരാഗിൽ നിന്നും ചാരുവിനെ പുറകോട്ട് വലിയ്ക്കുന്നുണ്ട് ..

“നീയെന്താ അവിടെ തന്നെ നിൽക്കുന്നത്.. കിടക്കുന്നില്ലേ..?? ”

കട്ടിലിനൊരറ്റത്ത് കിടക്കുന്ന ശ്രീരാഗ് ഇപ്പോഴും നിന്നിടത് ആലോചനയോടെ നിൽക്കുന്ന ചാരുവിനോട് ചോദിച്ചു..

ലൈറ്റണച്ച് കട്ടിലിന്റെ മറുവശത്തു കിടക്കുമ്പോൾ ഹൃദയം വല്ലാതെ തുടികൊട്ടുന്നത് ചാരുവറിഞ്ഞു.
അവന്റെ സാമിപ്യം അവൾക്ക് ഉറക്കത്തെ ഒരു വിദൂര സ്വപ്നമാക്കി തീർത്തു…താലിയിൽ മുറുകെ പിടിച്ചു വെറുതെ കണ്ണുകൾ അടച്ചു കിടന്നു.. എപ്പോഴോ തന്റെ ദേഹത്തെ ചുറ്റിവരിയുന്ന ശ്രീരാഗിന്റെ കൈകളെ ചാരു തടഞ്ഞില്ല..ഇരുവരുടെയും ഉള്ളിൽ ഒരു പ്രണയസാഗരം അലതല്ലി.. അവന്റെ ചൂടിൽ ഒതുങ്ങികൂടാൻ ചാരുവും തയ്യാറായി കഴിഞ്ഞിരുന്നു.. പ്രണയത്തിന്റെ പുതിയൊരു ശ്രീരാഗം അപ്പോഴാ സാരംഗിയിൽ ഉണരുകയായിരുന്നു..

ഇതേസമയം ഉടലും ഉയിരുമൊന്നായി പ്രണയാലസ്യത്തോടെ പരസ്പരം പുണർന്നുറങ്ങുകയായിരുന്നു യദുവും ഭാഗിയും..

🌺🌺🌺🌺🌺

വസന്തവും ശിശിരവും ഹേമന്തവും വർഷവും വേനലും മാറിമാറി വന്നു..മൂന്ന് വർഷങ്ങൾക്ക് ശേഷമുള്ളൊരു പകൽ…

“ടീച്ചർ.. നിഹാരിക…”

കുഞ്ഞിഗൗരിയിപ്പോൾ എൽ. കെ.ജിയിലാണ്.. അവളെ വിളിച്ചുകൊണ്ടുപോകാൻ വന്നതാണ് ശ്രീരാഗ്..

ടീച്ചർ അവനെയും കൊണ്ട് കുട്ടികൾ കളിക്കുന്ന ഗ്രൗണ്ടിലെത്തി..

“നിഹാരിക… ”

ടീച്ചർ വിളിച്ചതും ഗൗരി തിരിഞ്ഞുനോക്കി.. ശ്രീരാഗിനെ കണ്ടതും സന്തോഷത്തോടെ രണ്ടു സൈഡിലും കൊമ്പ് കെട്ടി യൂണിഫോമുമിട്ട ആ കുഞ്ഞിസുന്ദരി ഓടിയെത്തി..
ഓടുമ്പോൾ നിറയെ മുത്തുള്ള ആ കൊലുസ്സിന്റെ ശബ്ദം അവിടെമാകെ ഉയർന്നു കേട്ടു..

“അച്ഛേ…”

“അച്ഛേടെ പൊന്നേ…”

“വന്നേ നമുക്ക് ചിറ്റേ കാണാൻ പോണ്ടേ..”

“വാവ വന്നോ ച്ഛാ..”

“പിന്നില്ലേ.. മോൾടെയല്ലേ വാവ.. മോളെ കാണാതെ കരയുവാരിക്കും..”

“ആന്നോ…”
അതിശയത്തോടെ കുഞ്ഞിമിഴികൾ വിടർന്നു..

അവളുടെ അടുത്തേക്ക് കൂടെ കളിച്ച ഒരു കുഞ്ഞിച്ചെക്കൻ വന്നു..

“നീയാരിക പോവാണോ..??”

സങ്കടത്തോടെ അവൻ ചോദിക്കുന്നത് ശ്രീരാഗ് കൗതുകത്തോടെ നോക്കി..

“മോന്റെ പേരെന്താ .??”

ശ്രീരാഗ് കുഞ്ഞിന്റെ കവിളിൽ തലോടി ചോദിച്ചു..

“വിചുത് “(വിദ്യുത് )

“ആഹാ.. നിഹാരിക രണ്ടു ദിവസം കഴിയുമ്പോൾ വരും കേട്ടോ..”(ശ്രീരാഗ് )

നമ്മുടെ കുഞ്ഞിപ്പെണ്ണും കുഞ്ഞിചെക്കനും കെട്ടിപ്പിടിച്ച് ഉമ്മ വെച്ചു..

റ്റാറ്റാ പറഞ്ഞ് അച്ഛനൊപ്പം പോകുന്നവളെ വാടിയമുഖത്തോടെ നോക്കി നിൽക്കുന്നവനെ കണ്ടതും ശ്രീരാഗിൽ പുഞ്ചിരി വിരിഞ്ഞു..

🌺🌺🌺🌺

“ചിറ്റേ…”

ഹോസ്‌പിറ്റൽ മുറിയുടെ വാതിൽ തുറന്ന് ഓടി വരുന്ന ഗൗരിയെ കണ്ടതും ഭാഗി ചിരിച്ചു..ഭാഗിയുടെ കട്ടിലിനോട് ചേർന്ന് ഒരു കസേരയിൽ യദു ഇരിപ്പുണ്ട്..
ഗൗരിമോൾക്ക് പുറകെ ചാരുവും ശ്രീരാഗും അങ്ങോട്ടെത്തി..

മാലിനിയും രാധികയും മുറിയിൽ ഉണ്ട്..വിനയനും മുരളിയും കാന്റീനിലേയ്ക്ക് പോയതാണ്..

യദുവിന്റെ മടിയിൽ കയറി ഇരുന്ന ഗൗരി ഭാഗിയുടെ അടുത്ത് ടർക്കിയിൽ പൊതിഞ്ഞു കിടത്തിയിരിക്കുന്ന കുഞ്ഞിച്ചെക്കനെ തന്നെ നോക്കിയിരിപ്പാണ്..

മൂന്നുവർഷത്തെ കാത്തിരിപ്പിന് ശേഷം യദുവിനും ഭാഗിയ്ക്കും ഉണ്ടായ കുഞ്ഞിനെക്കാണാനാണ് ഗൗരിമോളെയും കൊണ്ട് വന്നത്.. ആൺകുട്ടിയാണ്..

യദുവിന്റെ മടിയിൽ ഇരുന്ന് കുഞ്ഞിന്റെ നെറ്റിയിലും കവിളത്തും ഒക്കെ തൊട്ട് നോക്കി എല്ലാവരെയും നോക്കി ഓരോന്ന് ചോദിക്കുന്നുണ്ട് ഗൗരി.. കുഞ്ഞിന്റെ കയ്യിൽ ഉമ്മവെച്ചതും കുഞ്ഞോന്നു ചിണുങ്ങി.. അത് കണ്ടതും ഗൗരി പേടിച്ച് യദുവിനെ കെട്ടിപ്പിടിച്ചു..

“ഒന്നുമില്ലടാ.. വാവേ.. ദേ നോക്കിയേ ചേച്ചിപ്പെണ്ണ് കാണാൻ വന്നതാ..”
ഭാഗി ഗൗരിമോളെ നോക്കിക്കൊണ്ട് കുഞ്ഞിനോട് പറഞ്ഞു

ഭാഗി ഗൗരി മോളെ അടുത്തേക്ക് വിളിച്ചു.. ഗൗരിയെ കട്ടിലിൽ കയറ്റി ഇരുത്തി കുഞ്ഞിനെ അവളുടെ മടിയിൽ വെച്ചു കൊടുത്തു.. ചാരുവും സപ്പോർട്ടിന് കുഞ്ഞിനെ പിടിച്ചിട്ടുണ്ട്…കുഞ്ഞിചെക്കൻ ചേച്ചിപ്പെണ്ണിന്റെ വിരലിൽ പിടിച്ചു..

ഗൗരിയുടെ മുഖത്തെ സന്തോഷം തന്നെ നോക്കി നിൽക്കുവാണ് എല്ലാവരും..

കുഞ്ഞിന് പാലുകൊടുക്കാനായി എല്ലാവരും മുറിയിൽ നിന്നും വെളിയിലേയ്ക്ക് ഇറങ്ങി.. യദുവും കുഞ്ഞും ഭാഗിയും മാത്രമായി റൂമിൽ..

“അമ്മേ മോൾക്ക് വാവേനേ കാണണം..”ഗൗരി മോള് വാശിപിടിച്ചു..

“വാവയ്ക്ക് ചിറ്റ പാലുകൊടുക്കുവാ.. അത് കഴിയുമ്പോൾ കാണാം..”

ചാരു ഗൗരിയെ എടുത്തുകൊണ്ടു പറഞ്ഞു..

“അച്ഛന്റെ മോക്ക് മുട്ടായി വാങ്ങിച്ചു തരണേ..സ്കൂളിൽ എല്ലാർക്കും കൊടുക്കണം.. വിച്ചുതിനും കൊടുക്കണം..”

“നീ ഇടക്കിടക്ക് പറയുന്നുണ്ടോ ഈ വിച്ചുത്.. ഇതുവരെ നേരിൽ കാണാൻ പറ്റിയിട്ടില്ലല്ലോ..”
(ചാരു )

” വിദ്യുത്..മോനെ ഇന്ന് ഞാൻ കണ്ടു.. മോൾക്ക് ഉമ്മയൊക്കെ കൊടുത്താ പറഞ്ഞു വിട്ടത്.. രണ്ടും കൂടി എന്തോ ഡിങ്ങോൾഫി ഉണ്ട് ചാരൂ… ”

“ഒന്ന് പോയെ ശ്രീയേട്ടാ.. കുഞ്ഞിനെക്കുറിച്ച് ഇങ്ങനെയൊക്കെയാണോ പറയുന്നത്…”

“അച്ഛേ.. ഇനി എനിക്കെന്നാ വാവ വരുന്നേ.. ചിറ്റയ്ക്ക് വന്നപോലെ ചാരുമ്മയ്ക്ക് വാവ വരില്ലേ..”

“അച്ഛന് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല.. നിന്റെമ്മ സമ്മതിക്കണ്ടേ..ചാരുവേ എന്റെ മോള് വരെ ചോദിച്ചു..
നമ്മുക്കും ഒരു കൈ നോക്കിയാലോ..”

ശ്രീരാഗ് ചിരിയോടെ ചാരുവിനെ നോക്കി..ചാരു നാണത്തോടെ തല താഴ്ത്തി…

“ഗൗരി മോൾടെ വാവ തന്നാട്ടോ അത്..ഭാഗി ചിറ്റ മോൾക്ക് ചാരുമ്മയെപ്പോലെ തന്നെയല്ലേ..”

ഗൗരി മനസ്സിലായ പോലെ തലയാട്ടി..

🌺🌺🌺🌺

കുഞ്ഞിന് പാലുകൊടുത്ത് കഴിഞ്ഞതും ഭാഗി കുഞ്ഞിനെ തട്ടിയുറക്കി കുഞ്ഞിന്റെ ബെഡിൽ കിടത്തി..

കുഞ്ഞിനെ കിടത്തിയതും യദു ഭാഗിയ്ക്ക് അടുത്തേക്ക് വന്നു..
അവളുടെ മുഖം കയ്യിലെടുത്തു നെറ്റിൽ ഉമ്മവെച്ചു..

“ഒത്തിരി വേദനിച്ചാരുന്നോടി..”

അവളുടെ വാടി തളർന്ന മുഖമായിരുന്നു യദുവിന്റെ മനസ്സിലപ്പോൾ..

അവൾ പുഞ്ചിരിയോടെ യദുവിനെ നോക്കി കൺചിമ്മി..
യദുവിന്റെ നെഞ്ചിൽ ചാരി ഭാഗി ഇരുന്നു..

“യദുവേട്ടാ..”

“എന്താ ഭാഗി… ”

അവളുടെ മുടിയിൽ തലോടി യദു ചോദിച്ചു..

“ദൈവം നമ്മളെ ഒത്തിരി പരീക്ഷിച്ചു അല്ലേ.. മൂന്ന് വർഷം കഴിഞ്ഞല്ലേ ഇവനെ നമുക്ക് തന്നത്.. അതിന് മുൻപ് തന്നെ എന്തൊക്കെ പരീക്ഷണങ്ങൾ… ചാരു.. ശ്രീയേട്ടൻ.. ഗൗരി മോള്..”

“ഇപ്പൊ ഹാപ്പിയായില്ലേ എന്റെ പെണ്ണേ..”

“സത്യം പറഞ്ഞാൽ നമ്മളായിരുന്നില്ലേ നമ്മുടെ കഥയിലെ നായകനും നായികയും.. ഇടയ്ക്കീപ്പോഴോ അത് ചാരുവും ശ്രീയേട്ടനുമായി.. നമ്മൾ സൈഡ് ക്യാരക്റ്റർ റോളിലേയ്ക്കും മാറി..”

“നിനക്ക് തീരെ കുശുമ്പില്ല..നമ്മൾ തന്നാ നായകനും നായികയും..
നമ്മളിലൂടെ അല്ലേ ചാരുവും ശ്രീയേട്ടനും കണ്ടുമുട്ടിയതും ഇപ്പോൾ ഒന്നിച്ചിങ്ങനെ ജീവിക്കുന്നതും.. യദുവും ഭാഗിയും ഇല്ലെങ്കിൽ പിന്നെങ്ങനെ ചാരുവും ഗൗരിമോളും ശ്രീയേട്ടന്റെ ജീവിതത്തിന്റെ ഭാഗമായേനെ..”

“ആണല്ലേ..”

ഭാഗി വിടർന്ന കണ്ണുകളോടെ അവനെ നോക്കി..

“ആണല്ലോ.. ഭാഗിയില്ലാതെ യദുവിനൊരു ജീവിതമുണ്ടോ…”

“യദുവേട്ടൻ ഇല്ലാതെ ഈ ഭാഗിയ്ക്കും ഒരു ജീവിതമില്ല..”

കുഞ്ഞിനെ മടിയിൽ കിടത്തി യദുവിന്റെ കൈയ്യിൽ ഭാഗി അവളുടെ കൈചേർത്ത് അതിലേക്ക് കുഞ്ഞിന്റെ കൈയും ചേർത്തുപിടിച്ചു..

എല്ലാവരും അപ്പോഴേക്കും വാതിൽ തുറന്ന് എത്തിയിരുന്നു.. കുഞ്ഞിപ്പെണ്ണ് ഓടി വാവയ്ക്ക് അരികിൽ ഇരുന്നു.. എല്ലാവരും സന്തോഷത്തിൽ ആയിരുന്നു..
ശ്രീരാഗ് ആരും കാണാതെ ചാരുവിനെ തോണ്ടുന്നുണ്ട്.. കുഞ്ഞിപെണ്ണിന് കൂട്ടിനൊരു വാവ വേണമെന്ന് പറഞ്ഞത് മുതൽ ശ്രീരാഗ് ചാരുവിനെ ഇടം വലം തിരിയാൻ സമ്മതിക്കാതെ അടുത്ത് നിന്ന് കുറുമ്പ് കാട്ടുന്നുണ്ട്.. അതിനൊക്കെ ചാരു കണ്ണുമിഴിച്ചവനെ നോക്കി പേടിപ്പിക്കുന്നുമുണ്ട്..

“ശ്രീ.. നീ ചാരുവിനെയും മോളെയും കൂട്ടി വീട്ടിൽ പൊക്കോ.. നാളെ ഡിസ്ചാർജ് സമയത്ത് വന്നാൽ മതി..ഇവിടിപ്പോ ഞങ്ങൾ ഉണ്ടല്ലോ..”

ഗൗരിമോളെയും ചാരുവിനെയും ശ്രീരാഗിനൊപ്പം വീട്ടിലേക്ക് രാധിക പറഞ്ഞത് വിട്ടത് ചാരുവിന് നേർക്ക് മകന്റെ കണ്ണാലുള്ള കഥകളി അറിഞ്ഞുകൊണ്ട് തന്നെ..

ചുണ്ടിലൊളുപ്പിച്ച പുഞ്ചിരിയുമായി അവർ നടന്ന് പോകുന്നത് രാധിക നോക്കി.. അച്ഛമ്മയും അമ്മമ്മയും അപ്പൂപ്പന്മാരും കുഞ്ഞിച്ചെക്കെനെയും കൊണ്ട് തൊട്ടിലിൽ കിടത്തി പായാരം പറച്ചിലാണ്..

“യദുവേട്ടാ…”

ഭാഗി പതിയെ യദുവിനെ വിളിച്ചു..

“യദുവേട്ടന് ഏറ്റവും എന്നോട് ഇഷ്ടം തോന്നിയത് എപ്പോഴാ..?”

” ‘നിന്നോരം ‘ ചേർന്നിരിക്കുന്ന സമയമെല്ലാം ഈ യദുവിന് അത്രമേൽ പ്രിയപ്പെട്ട നിമിഷങ്ങളാണ്… ”

അവളുടെ നെറ്റിയിൽ ചുണ്ടുചേർത്തുകൊണ്ട് യദു പറഞ്ഞു..പ്രണയത്തോടെ ഭാഗി യദുവിനെ ചേർന്നിരുന്നു..ഒരിക്കലും പിരിയില്ലെന്നപോൽ..

കാലം അവർക്കായി നൽകിയ പരീക്ഷണങ്ങൾക്കെല്ലാം ഒടുവിൽ ഇനി നൽകാനിരിക്കുന്നത് നിറമുള്ള സ്വപ്‌നങ്ങൾ മാത്രമാണ്.. പ്രായത്തിൽ ചാലിച്ച സുന്ദരമിനിഷങ്ങൾ യദുവിനും ഭാഗിയ്ക്കുമായി കാലം എഴുതി തുടങ്ങിയിരിക്കുന്നു..

(ശുഭം )

നിന്നോരം ഇവിടെ അവസാനിക്കുകയാണ്… ഇതിൽ കൂടുതൽ വലിച്ചു നീട്ടി എഴുതിയാൽ ശരിയാകില്ല.. ഇതുവരെ കൂടെ നിന്ന എല്ലാം വായനക്കാനോടും നന്ദി.. നിറയെ സ്നേഹം..