19/04/2026

പാർവതി പരിണയം : ഭാഗം 12

രചന – മിത്ര

ടീച്ചർ എന്തിനാ കരയുന്നെ, അവൾക്കൊന്നും സംഭവിക്കില്ലെന്നേ “… യാത്രക്കിടയിലും അവളുടെ കണ്ണുകൾ പെയ്തുകൊണ്ടിരുന്നു.. ഉണ്ണി ഇടയ്ക്കിടയ്ക്ക് അവളെ നോക്കുന്നുണ്ട്… “ഞാൻ ഒന്നൂടെ ശ്രദ്ധിച്ചിരുന്നെങ്കിൽ, അവൾക്കിങ്ങനെ ഒന്നും വരില്ലായിരുന്നു “… പതെ പതെ പതം പറഞ്ഞു കരയുന്നവളോട് ഉണ്ണിക്കു അലിവ് തോന്നി… അപ്പുവിനെ ഒന്ന് നോക്കിയവൻ .. കണ്ണുകൾ ഒക്കെ ചുവന്നിരിപ്പുണ്ട്.. കരയുന്നില്ലെന്നേ ഉളളൂ.. അവൻ വണ്ടിയുടെ സ്പീഡ് കൂട്ടീ… കുറെ മുന്നോട്ട് പോയപ്പോൾ വഴി കാണാനില്ലായിരുന്നു… റോഡിൽ നിന്നും ഏതാണ് രണ്ടു കിലോമീറ്റർ അകത്തേക്ക് വണ്ടി ഓടിയിട്ടുണ്ട്.. അകത്തേക്ക് കയറിയാൽ കാടാണ് .. അങ്ങോട്ടേക്ക് നടന്നു തന്നെ പോകണം.. അവൻ ഫോൺ എടുത്തു നോക്കി… അവിടെ നിന്നും 15 മിനുട്സ് നടന്നു പോകാനുള്ള ദൂരമാണ് ജിപിസ് കാണിക്കുന്നത്.. വണ്ടിയിൽ നിന്നും ഇറങ്ങി റൂട്ട് മാപ്പ് നോക്കി മുന്നോട്ടേക്ക് നടന്നവർ…

“എടാ, ഇത്‌ നമ്മൾ എങ്ങോട്ടാടാ… പാറുവിന് എന്ത് പറ്റി.. അനന്തേട്ടൻ, എന്തിയെ “.. പല ചോദ്യങ്ങളും അപ്പുവിൽ നിന്നും പുറത്ത് വന്നു.. രേവതിക്കും ഇതേ സംശയം തന്നെ ഉണ്ടായിരുന്നു.. “ഒരു 15 മിനുട്ട് കൂടി കാത്തിരിക്കൂ.. നിങ്ങൾ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം ഉള്ള മറുപടി തരാം “.. പറഞ്ഞു കൊണ്ടു ഫോണും നോക്കി ഊട് വഴിയിലൂടെ നടന്നവൻ .. പുറകെ തന്നെ അപ്പുവും രേവതിയും…. കുറെ നടന്നപ്പോൾ അകലെ നിന്നും ഒരു ബംഗ്ലാവ് കാണാനായി.. ഫോണിലെ ലൊക്കേഷൻ നോക്കിയപ്പോൾ അതു തന്നെയാവം സ്ഥലമെന്നവൻ ഊഹിച്ചു.. വേഗം അങ്ങോട്ടേക്ക് ഓടിചെല്ലാൻ അവന്റെ ഉള്ളം തുടിച്ചു.. കാലുകൾക്ക് വേഗതയേറി …. അവന്റെയൊപ്പം എത്താൻ രേവതിയും അപ്പുവും ഇത്തിരി വിഷമിച്ചു… ആ വഴി അവസാനിച്ചത് ഒരു പൊട്ടി പൊളിഞ്ഞ പടിപ്പുരക്ക് മുന്നിലാണ്… അകത്തേക്ക് കടന്നപ്പോൾ വിശാലമായ ഒരു വലിയ മുറ്റവും, ആൾപാർപ്പില്ലെന്നു കണ്ടാലറിയാം.. കൊട്ടാരം പോലെ തോന്നിക്കുന്ന പഴയ ഒരു ബംഗ്ലാവായിരുന്നു.. പതിയെ അവർ പൂമുഖത്തേക്ക് കയറി..

അവിടെ നിന്നും വാതിലിന്റെ അടുത്തേക്ക് ചെന്നു അകത്തേക്ക് ഒന്ന് തലയിട്ട് എത്തിനോക്കിയവൻ.. ഒന്നും കാണാനായില്ലെങ്കിലും, ആരുടെയൊക്കെയോ സംസാരം അകത്തു നിന്നും കേൾക്കാനായി… സംസാരിക്കാതെ വരൂ എന്ന് ആംഗ്യം കാട്ടി, ഉണ്ണി അകത്തെ ഹാളിലേക്ക് കാലെടുത്തു വെച്ചു… ഭീമാകാരമായ ഒരു വലിയ മുറി… അതിന്റെ ഒരു സൈഡിൽ കുറെ ഗുണ്ടകൾ നിൽപ്പുണ്ടായിരുന്നു… ഏകദേശം പതിനഞ്ചോളo പേരുണ്ട്.. ഉണ്ണി കണ്ണുകൊണ്ടത് അപ്പുവിനെ കാണിച്ചു.. അവർ പതിയെ അങ്ങോട്ടേക്ക് ചെന്നു അനന്തന്റെ അടുത്തായി നിന്നു .. ഗുണ്ടകൾക്ക് നടുവിൽ കസേരയിട്ട് ഇരുന്നു പൊട്ടിച്ചിരിക്കുന്ന അനന്തനെ കണ്ടു അവരവിടെ തന്നെ നിന്നുപോയി.. കറുത്ത ഒരു ജീൻസ്‌ പാന്റ് ആണ് വേഷം, കൂടെ കറുത്ത ഷർട്ടും ഇട്ടിട്ടുണ്ട്.. കാലിന്മേൽ കാലു കയറ്റിയാണ് ഇരുപ്പു.. കൈകൾ രണ്ടും തലയ്ക്കു പിന്നിലേക്ക് വളച്ചു വെച്ചിട്ടുണ്ട്… രേവതിയുടെ കണ്ണിൽ പകയെരിഞ്ഞു..

അവൾ കോപം കൊണ്ടു വിറച്ചു.. “ദുഷ്ടൻ “… അറിയാതെ തന്നെ അവളുടെ വായിൽ നിന്നും പുറത്തേക്കു വന്നു.. അതു കൃത്യമായി അനന്തൻ കേട്ടു.. ഉണ്ണിയും അപ്പുവും കാര്യമറിയാതെ അവളെ ഉറ്റു നോക്കി… “അപ്പൊ എങ്ങനെയാ അലക്സ് മാത്യു ചമ്പന്നൂർ… നീയിങ്ങോട്ടൊരു പാലം ഇട്ടാൽ അങ്ങോട്ടും വേണ്ടെ ഒരെണ്ണം.. അതല്ലേ അതിന്റെ ഒരു ശരി “…. അനന്തന്റെ മുന്നിലിരിക്കുന്ന ചെറുപ്പക്കാരനെ അപ്പോഴാണ് രേവതി കണ്ടത്.. നല്ല ഒത്ത വണ്ണവും ഉയരവും ഉള്ള ചെറുപ്പക്കാരൻ.. ഏകദേശം 30 വയസ്സ് തോന്നിക്കും… വെളുത്ത നിറമാണ്.. ഒരു നീല നിറമുള്ള കോട്ടും സ്യൂട്ടും ആണ് വേഷം.. മൊത്തത്തിൽ എക്സിക്യൂട്ടീവ് ലുക്ക്‌.. ശരിക്കും അവിടെ എന്താണ് നടക്കുന്നതെന്നു അവൾക്കും മനസ്സിലായില്ല.. അവൾ പേടിയോടെ അപ്പുവിന്റെ പുറകിലൊളിച്ചു.. “അതു പിന്നേ അങ്ങനെ വേണ്ടെ അനന്ത പദ്മനാഭ.. നീയെന്താ വിചാരിച്ചേ എന്നെക്കുറിച്ചു.. മ്മ് “… ഊറിചിരിച്ചുകൊണ്ട് ഒരു സിഗറേറ്റിന് തീ പിടിപ്പിച്ചയാൾ… എന്നിട്ട് അനന്തന്റെ പുറകിൽ മുഷ്ടി ചുരുട്ടി പിടിച്ചു കൊണ്ടു നിൽക്കുന്ന ഉണ്ണിയെ നോക്കി ഉറക്കെ ചിരിച്ചു.. “അപ്പൊ ഹീറോയും എത്തി..

ഇനി കാര്യത്തിലേക്കു കടക്കാം.. മിസ്റ്റർ ഉണ്ണി, താങ്കൾ കൊടുത്ത ആ കേസ് പിൻവലിക്കണം.. എന്നിട്ട് ആ ഡോക്യൂമെന്റസ് എല്ലാം വളരെ പെട്ടെന്ന് തന്നെ എന്റെ കയ്യിൽ കിട്ടണം “… ഉണ്ണിയോടായിട്ട് അലക്സ് മുരണ്ടു.. “അങ്ങനെ തരാൻ ആയിട്ടായിരുന്നെങ്കിൽ ഞാൻ എന്തിനാടോ ഇത്രയും കഷ്ടപ്പെട്ടത്.. നീ കണ്ണീര് കുടുപ്പിച്ച ഒരുപാട് കുടുംബങ്ങൾ ഉണ്ടെടാ ഇതിന്റെ പിന്നിൽ….” ഉണ്ണിയുടെ കണ്ണുകൾ ദേഷ്യത്താൽ ചുവന്നു.. “സീ ഉണ്ണി, താങ്കളുമായിട്ട് എനിക്ക് ഒരു തരത്തിലും ഉള്ള ശത്രുതയില്ല.. എനിക്ക് വേണ്ടത് ആ ഡോക്യൂമെന്റസ് ആണ്.. പല പ്രാവശ്യം ഞാൻ വാൺ ചെയ്തതും ആണ് നിന്നോട്.. അപ്പോൾ നിനക്ക് ചോരത്തിളപ്പ്.. അതൊന്നു കുറക്കാൻ വേണ്ടിയാണ് അന്ന് ആ ആക്സിഡന്റ് ഉണ്ടാക്കിയത് തന്നെ.. പക്ഷെ നീ അങ്ങ് വിഗഗ്ധമായിട്ട് രക്ഷപ്പെട്ടു.. ഞാൻ ആണ് അതിനു പിന്നിലെന്നു നിനക്കറിയാമായിരുന്നു.. എന്നിട്ടും നീ എന്നെ അനുസരിച്ചില്ല.. പിന്നേ ഞാനെന്താ ചെയ്യുക.. നിന്റെ പെണ്ണിനെ ഞാൻ അങ്ങ് പൊക്കി.. എനിക്കറിയാം അവളെ തൊട്ടാൽ നിനക്ക് പൊള്ളുമെന്നു “… പറഞ്ഞു കൊണ്ടു ചെകുത്താനെപ്പോലെ അലക്സ് ചിരിച്ചു..

“എന്നിട്ട് നീ എന്ത് നേടി അലക്സേ.. അവളുടെ ഒരു മുടി നാരു പോലും പിഴുതേറിയാൻ നിന്നെ കൊണ്ടായോ.. ഹേ “.. കണ്ണുകൾ കുറുക്കി, ഉണ്ണി ചോദിച്ചു.. “ഓ, അങ്ങനെ നീ വല്യ ആളാവല്ലേ മോനെ ഉണ്ണി.. അവൾ ഇപ്പോഴും എന്റെ കസ്റ്റഡിയിൽ തന്നെയാണ്.. നിന്റെ ഏട്ടനെന്റെ പുറകെ കുറെ നാളായി അന്വേഷണം നടത്തുന്നുണ്ടെന്ന കാര്യം അറിയാതിരിക്കാനുള്ള മണ്ടൻ ഒന്നും അല്ല ഞാൻ.. എനിക്ക് വേണ്ടത് ആ ഡോക്യൂമെന്റസ് ആണ്.. അത്‌ കിട്ടിയാൽ അവളെ വെറുതെ വിടാം.. അല്ലെങ്കിൽ അകത്തെ മുറിയിൽ അവൾക്കു കാവലു നിൽക്കുന്ന എന്റെ പിള്ളേര് കേറി അവളെ പണിയും.. അതു വേണോ ഉണ്ണി ഡോക്ടറെ “… “ഡാ, നിന്നെ ഞാൻ “… രോഷത്തോടെ അവന്റെ നേരെക്ക് അലറി കൊണ്ടു കുതിച്ച ഉണ്ണിയെ അനന്തുവും അപ്പുവും കൂടി തടഞ്ഞു.. അവിടെങ്ങളിലായി നിന്ന ഗുണ്ടകൾ ഉണ്ണിയുടെ നേരെ തിരിഞ്ഞെങ്കിലും, അലക്സിന്റെ ഒരു നോട്ടത്തിൽ അനുസരണയുള്ള നായ്ക്കളെ പോലെ നിന്നിടത്തു തന്നെ നിന്നു..

രേവതിക്കു ചെവി കൊട്ടിയടക്കുന്നത് പോലെ തോന്നി.. അവൾ നിറ കണ്ണുകളോടെ അനന്തനെ നോക്കി.. മുന്നിൽ നടക്കുന്ന നാടകം ഒരു പുഞ്ചിരിയോടെ കാണുകയാണ്.. അപ്പൊ അനന്തേട്ടനല്ല അതു ചെയ്തത്.. താൻ വല്ലാതെ തെറ്റിദ്ധരിച്ചു.. ദൈവമേ, ഞാൻ എന്തൊരു പാപിയാണ്.. കണ്ണുകൾ നിറഞ്ഞൊഴുകി അവളുടെ.. “അപ്പൊ, തരുവല്ലേ ഡോക്യൂമെന്റസ് “.. പുച്ഛചിരിയോടെ സോഫയിൽ നിന്നും അലക്സ് എഴുന്നേറ്റു. ഊരിയിട്ടിരുന്ന കോട്ടിന്റെ ബട്ടൻ വീണ്ടും മുറുക്കിയിട്ടു.. “വേഗം തന്നോളൂ, നിങ്ങളെപ്പോലെയല്ല, എനിക്ക് പോയിട്ട് ഒരുപാട് കാര്യങ്ങൾ ഉള്ളതാണ് “… വീണ്ടും പുച്ഛം.. ഉണ്ണിക്കു കണ്ടു നിൽക്കാനായില്ല.. അനന്തന് കണ്ണുകൾ കൊണ്ട് അവൻ എന്തോ സിഗ്നൽ നൽകി.. കൂടെ അപ്പുവിനും.. മൂന്നു പേരും മൂന്നു സൈഡിലേക്ക് നീങ്ങി.. അലക്സിനു കാര്യം മനസ്സിലാകും മുൻപേ തന്നെ, ഉണ്ണി അവനെ അടിച്ചു താഴെയിട്ട് കഴിഞ്ഞിരുന്നു.. ആദ്യമൊന്നു പകച്ചുവെങ്കിലും, രണ്ടു കാലുകൾ സപ്പോർട്ട് ചെയ്തു അഭ്യസിയെപ്പോലെ അവൻ എഴുന്നേറ്റു നിന്നു…

“ആഹാ, അതു കൊള്ളാം.. അപ്പൊ ചേട്ടനും അനിയനും കരുതി കൂട്ടീ ആയിരുന്നല്ലേ “… “അതേടാ, നിന്നെപ്പോലെയുള്ള തേർഡ് റേറ്റഡ് ക്രിമിനലിനെ ഒക്കെ പേടിച്ചു ജീവിക്കാൻ അലക്സ് അല്ല ഞാൻ.. ഉണ്ണിയാണ് “… പറഞ്ഞു കൊണ്ടു അലക്സിനെ വീണ്ടും അടിച്ചവൻ.. തന്റെ പെണ്ണിന്റെ കണ്ണീരിന് കാരണമായവനെ, തലങ്ങും വിലങ്ങും ചവിട്ടി .. കൈകൾ രണ്ടും പിന്നിലേക്ക് മടക്കി ഒടിച്ചു.. സർവസംഹാരിയായ വീരഭദ്രന്റെ ഭാവമായിരുന്നു അവനു.. മുന്നിലുള്ള അലക്സിനെ ചുട്ടു ചാമ്പലാക്കാനുള്ള തീയായിരുന്നു അവന്റെ കണ്ണുകളിൽ .. അടികൊണ്ട് തളർന്നു താഴെ വീണവന്റെ കാലുകൾ വീണ്ടും ചവിട്ടി കൂട്ടീ.. ഒടുവിൽ നട്ടെല്ലിന് പിന്നിലായി ഒരു ചവിട്ടും കൂടി കൊടുത്തു.. കൊഴുത്ത ചോര തുപ്പി പുറം തിരിഞ്ഞു കിടന്നവനെ കാലു കൊണ്ടു ചവിട്ടി തിരിച്ചിട്ടു…

“പറയെടാ, മോനെ.. ഇനിയും വേണോടാ നിന്റെ ഡോക്യൂമെന്റസ് “… കണ്ണുകൾ മിഴിച്ചു, പേരിനു മാത്രം ശ്വാസമെടുക്കുന്ന അലക്സിനെക്കണ്ടു, ഉണ്ണിയിൽ പുച്ഛച്ചിരി വിടർന്നു.. ഇത് കണ്ടു ഉണ്ണിയുടെ അടുത്തേക്ക് പാഞ്ഞു വന്ന രണ്ടു ഗുണ്ടകളെയും അവൻ കേറിയങ്ങു മേഞ്ഞു…. അതേസമയം, അനന്തനും അപ്പുവും കൂടി, അവിടെ നിന്ന ബാക്കി ഗുണ്ടകളെയെല്ലാം പഞ്ഞിക്കിടുകയായിരുന്നു.. എല്ലാത്തിനെയും കൂടി തൂത്തു വാരി ഒരു മൂലയിലേക്കിട്ട്.. കയ്യും കാലും ഒടിഞ്ഞു അനങ്ങാതെ കിടക്കുന്ന അവരെ കണ്ടു ആ സമയത്തും രേവതിക്കു ചിരി പൊട്ടി.. തടി മാടന്മാരാണെങ്കിലും അനന്തേട്ടന്റെയും അപ്പുമാഷിന്റെയും മുന്നിൽ വെറും പൂച്ചക്കുട്ടികൾ ആയി മാറിയിരുന്നവർ… “ഡീ, പൊയി പാറുവിനെ തപ്പെടി.. നീയെന്തിനാടി ഇങ്ങോട്ട് കെട്ടിയെടുത്തെ “.. അനന്തന്റെ ആക്രോശത്തിൽ അവളിലെ ചിരി ആവിയായിപ്പോയി.. വിറച്ചു കൊണ്ടു പതിയെ അപ്പുവിന്റെ പുറകിലേക്ക് മാറി നിന്നു.. “അതു പിന്നേ ഏട്ടാ, പാറുവിനെ കാണാഞ്ഞിട്ട് ഭയങ്കര കരച്ചിലായിരുന്നു.. വന്നോട്ടെയെന്നു ചോദിച്ചപ്പോൾ, ഞാനാ പറഞ്ഞത് വന്നോളാൻ “.. അവളെ കവർ ചെയ്യാൻ വേണ്ടി അപ്പുവാണ് അതു പറഞ്ഞത്..

“ഏട്ടാ, പാറു അവളെവിടെ.. അവളെ ഇവര് എവിടെയാ ഒളിപ്പിച്ചിരിക്കുന്നത്.. ഇവിടുത്തെ ഓരോ മുറിയും തപ്പുകയെന്നാൽ “… ഉണ്ണി പകുതിക്കു വെച്ചു നിർത്തി.. ശരിയാണ്, അഞ്ചോളം നിലയുണ്ട് ഈ ബംഗ്ലാവിന്.. ഒരു നിലയിലും കാണും പത്തോളം മുറികൾ.. തപ്പികൊണ്ട് നടന്നാൽ ഇനിയും വൈകും.. “ഡാ, എവിടെയാടാ പാറുവിനെ ഒളിപ്പിച്ചു വെച്ചേക്കുന്നത് “… അവിടെ കിടന്ന ഒരുത്തന്റെ ഒടിഞ്ഞ കാലിൽ തന്റെ ബൂട്ടിട്ട് ഞെരുക്കിക്കൊണ്ട് അനന്തൻ ചോദിച്ചു.. വേദനകൊണ്ടയാൾ അലറി വിളിച്ചു.. “ഒന്നാം നിലയിലെ, സ്റ്റൈറിനടുത്തുള്ള വലതുവശത്തെ ആദ്യത്തെ മുറിയിലാ സാറേ “… ദീനമായി വിളിച്ചു കൂവിയവനെ രൂക്ഷമായി ഒന്ന് നോക്കിയിട്ട്, അവൻ കാലെടുത്തു മാറ്റി .. 💞💞💞💞💞 കയ്യും കാലും കെട്ടിയ അവസ്ഥയിലാരുന്നു പാറു.. ചുവരിന്റെ ഒരു മൂലയ്ക്കു പേടിച്ചു വിറച്ചു ഇരിക്കുകയാണ്.. കരയാൻ പോലും ആവാതില്ലാതെ, തളർന്നിരിക്കുന്നയവളെ കണ്ടു, കൂടി നിന്ന ഗുണ്ടകൾ പൊട്ടിച്ചിരിച്ചു… മൊത്തം മൂന്നു പേരുണ്ട്.. ഓടി രക്ഷപെടാൻ ശ്രമിച്ചപ്പോൾ, കാലും കയ്യും കെട്ടി അവളെ മുറിയിൽ കൊണ്ട് തള്ളിയതാണ്.. “അയ്യോ, എന്റെ കൊച്ചു പേടിക്കണ്ട കെട്ടോ.. സാർ പാവമാണ്.. നിന്റെ ആങ്ങള അല്ലേ താഴെ വന്നിരിക്കുന്നത്…

അവനിട്ടുള്ള കൊട്ടേഷൻ ഇപ്പോ കഴിഞ്ഞിട്ടുണ്ടാവും.. അവന്റെയൊരു ധൈര്യവേ, അല്ലെങ്കിൽ ഞങ്ങടെ സാറിന്റെ മുന്നിൽ ഒറ്റക്കിങ്ങനെ വരുവോ “… പാറുവിന്റെ കണ്ണുകൾ നിറഞ്ഞു തൂവി.. തന്റെ അനന്തേട്ടന് എന്തേലും പറ്റിയിട്ടുണ്ടാവുമോ.. താൻ ഇവിടെ എത്തിയ കാര്യം ഏട്ടൻ എങ്ങനെ അറിഞ്ഞു… തന്നെ എന്തിനാണ് അവരിങ്ങോട്ട് കൊണ്ടു വന്നിരിക്കുന്നത്.. പല ആലോചനകളാൽ അവൾ ഭയന്നു വിറച്ചു… “എന്റെ ഏട്ടനെ ഒന്നും ചെയ്യരുതെന്നു പറയാവോ.. എന്റെ ഏട്ടൻ പാവാ.. നിങ്ങടെ കാലു പിടിക്കാം ഞാൻ.. ഏട്ടനെ വെറുതെ വിടോ “.. നിരങ്ങി നിരങ്ങി തറയിൽ കൂടി ഉരുണ്ട് അവരുടെ കാൽക്കലേക്കു ചെന്നിരുന്നു.. കയ്യിലെയും കാലിലെയും കെട്ടുകൾ കാരണം അവൾക്കു എഴുന്നേൽക്കാൻ പറ്റുന്നുണ്ടായിരുന്നില്ല… കൂട്ടീ കെട്ടിയ കൈകൾ ഉയർത്തി കൈകൂപ്പുന്ന രീതിയിൽ അവൾ കാണിച്ചു… എന്നിട്ടും ക്രൂരമായി ചിരിക്കുന്നവരെ കണ്ടു ദൈന്യമായ നോക്കി.. തല കുനിച്ചു, അവരിലൊരാളുടെ കാലിലേക്ക് വെച്ചു.. കാലിൽ കൂടെ കണ്ണീര് ഒഴുകുന്നതറിഞ്ഞിട്ടും ആ ദുഷ്ടൻ അവളെ ആയത്തിൽ ദൂരേക്ക് തൊഴിച്ചെറിഞ്ഞു.. നടുവു ചുവരിലേക്ക് ഇടിച്ചു അവൾ തെറിച്ചു വീണു.. തല തറയിൽ ഇടിച്ചു നെറ്റി പൊട്ടി ചോര വാർന്നിറങ്ങി കണ്പോളകൾക്ക് മുകളിലേക്ക് ഒഴുകിയിറങ്ങി .. ബോധം മറഞ്ഞു കണ്ണുകൾ അടഞ്ഞപ്പോൾ അവൾ കണ്ടു വാതിൽ പൊളിച്ചു കൊണ്ടു അകത്തേക്ക് വരുന്ന തന്റെ ഉണ്ണിയേട്ടനെ.. ഒരു കുഞ്ഞു പുഞ്ചിരി അവളുടെ ചുണ്ടിൽ വിടർന്നു…

“ന്റെ ഉണ്ണിയേട്ടൻ “… പറഞ്ഞു കൊണ്ടു ബോധരഹിതയായവൾ.. പിന്നീട് അവിടെ നടന്ന താണ്ഡവം , അവളറിഞ്ഞില്ല.. അപ്പുവും ഉണ്ണിയും അനന്തനും കൂടെ അവിടെ നിന്ന ഗുണ്ടകളെ അടിച്ചു നിലം പരിശാക്കിയിരുന്നു. ആ സമയം രേവതി ഓടിച്ചെന്നു പാറുവിന്റെ കയ്കാലുകളിലെ കെട്ടുകൾ അഴിച്ചെറിഞ്ഞു. പാറുവിന്റെ തല മടിയിലേക്ക് എടുത്തു വെച്ചു… ചുരിദാറിന്റെ ഷാൾ എടുത്തു അവളുടെ നെറ്റിയിലെ മുറിവിൽ മുറുക്കി കെട്ടി.. മുറിയിലെ മേശമേൽ ഇരുന്ന വെള്ളം എടുത്തു പാറുവിന്റെ മുഖത്തേക്കൊന്നു കുടഞ്ഞു… “പാറൂ.. മോളേ പാറൂ “… മുഖത്ത് തട്ടി വിളിച്ചിട്ടും അവൾ വിളികേട്ടില്ല.. രേവതി കരച്ചിലിന്റെ വക്കിലെത്തിയിരുന്നു.. “ഉണ്ണി, ദേ പാറൂ കണ്ണു തുറക്കുന്നില്ല.. “… രേവതിയുടെ കരച്ചിൽ കേട്ടു ഉണ്ണിയും അപ്പുവും അനന്തനും പാറുവിന്റെ അടുത്തേക്ക് ചെന്നു… “മോളേ, എടി പാറൂട്ടി.. ഉണ്ണിയേട്ടനാടി.. കണ്ണു തുറക്കെടി “… അലറികരയുന്ന ഉണ്ണിയെ കണ്ടു, കണ്ടു നിന്ന അവരും കരഞ്ഞു പൊയി.. അനന്തന്റെ നെഞ്ചു പിടഞ്ഞു.. ഉണ്ണിയെ, അലക്സ് വല്ലതും ചെയ്യുവോന്നോർത്തു കൂടെ കാവലായി നിന്നു.. തന്റെ കുഞ്ഞിപ്പെങ്ങള്ക്ക് ഈ ഗതി വരൂവെന്നു താനോർത്തില്ലല്ലോ ദൈവമേ.. നിറഞ്ഞു വന്ന കണ്ണീരിനെ അടക്കി നിർത്തി.. കുനിഞ്ഞു തറയിലിരുന്നു, അവളുടെ നെറുകയിൽ തലോടി അവിടെ ചുണ്ടുകൾ ചേർത്തു..

“ഡാ, അവൾക്കു ബോധം പോയതാ.. നീ ടെൻഷൻ അടിക്കല്ലേ.. നമ്മുക്കിപ്പോ ഹോസ്പിറ്റലിൽ പോകാo”… അനന്തന്റെ വാക്കുകൾ കേട്ടിട്ടും ഉണ്ണിയിൽ മാറ്റം ഒന്നുമുണ്ടായില്ല.. പാറുവിനെ കയ്യിലെന്തി അവൻ മുറിക്കു പുറത്തേക്കു ഓടിയിറങ്ങി.. “ഡാ അപ്പു, നീയും രേവതിയും അവന്റെ കൂടെ ചെല്ല്.. എനിക്കിവിടെ ഇത്തിരി കൂടെ പണിയുണ്ട് “.. ഉണ്ണിയുടെ കൂടെ പായുന്ന അപ്പുവിനെ നോക്കി അവൻ വിളിച്ചു പറഞ്ഞു… “ഏട്ടാ, ഇനിയെന്താ.. ഞാനും കൂടെ ഇവിടെ “… അപ്പുവിന്റെ സംശയത്തോടെയുള്ള ചോദ്യത്തിന്, കണ്ണുരുട്ടിയാണ് മറുപടി അവൻ പറഞ്ഞത്.. “വേഗം പോടാ,,.. ഉണ്ണിയുടെ കൂടെ നീയും അവിടെയുണ്ടാവണം “… സമ്മതപൂർവ്വം തലയാട്ടി ഉണ്ണിയുടെ പുറകെ അവനും ബംഗ്ലാവിന് പുറത്തേക്കൊടി.. അപ്പുവിന്റെ കൂടെ ഇറങ്ങിയ രേവതിയെ രൂക്ഷമായിട്ട് നോക്കിയവൻ .. അവളുടെ തല കുറ്റബോധത്താൽ കുനിഞ്ഞു… അവർ പോയിക്കഴിഞ്ഞപ്പോൾ അനന്തൻ ഫോൺ എടുത്തു ആർക്കോ കാൾ ചെയ്തു…. 💞💞💞💞💞 ഹോസ്പിറ്റലിലെ കാഷ്വാലിറ്റിക്കു മുന്നിൽ നിൽക്കുകയായിരുന്നു ഉണ്ണിയും അപ്പുവും.. രേവതിയാണെങ്കിൽ തലയിൽ കൈ വെച്ചു കൊണ്ടു അവിടെ വിസിറ്റർസിനായിട്ട് ഇട്ടിരിക്കുന്ന ചെയറിൽ ഇരിക്കുന്നു… പാറുവിനെ അകത്തേക്ക് കേറ്റിയിട്ട് അരമണിക്കൂറോളമായി.. എന്തായെന്നറിയാതെ മൂന്നു പേരും ടെൻഷൻ അടിച്ചിരിക്കുവാണ്… കുറച്ചു കഴിഞ്ഞപ്പോഴേക്കും ഡോക്ടർ പുറത്തേക്കിറങ്ങി വന്നു..

“ഡോക്ടർ, പാർവതിക്കു എങ്ങനെയുണ്ട് “.. ആധിയോടെ ഉണ്ണി ചോദിച്ചു… “ആ കുട്ടിക്ക് കുഴപ്പം ഒന്നുമില്ലെടോ.. ബിപി ലോ ആയതാ.. പിന്നേ തലയിൽ ഉള്ള മുറിവിൽ സ്റ്റിച് ഇട്ടിട്ടുണ്ട്.. കുറച്ചു കഴിയുമ്പോൾ കയറി കണ്ടോളൂ “… പറഞ്ഞു കൊണ്ട് ഉണ്ണിയുടെ തോളിൽ തട്ടി അയാൾ.. നന്ദിയോടെ അവൻ ഡോക്ടറെ നോക്കി.. കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി താൻ അനുഭവിച്ച ടെൻഷൻ, അവനൊന്നു നെടുവീർപ്പെട്ടു… പൊയി രേവതിയുടെ അടുത്തുള്ള ചെയറിൽ ഇരുന്നു.. അവളുടെ മുഖത്തെ പുഞ്ചിരി തന്നെ മതിയായിരുന്നു മനസ്സിലുള്ള കാര്മേഘം പെയ്തൊഴിഞ്ഞെന്നു മനസ്സിലാക്കാൻ.. അപ്പോഴാണ് വിസിറ്റർസ് റൂമിലുള്ള ടീവിയിൽ വന്ന ന്യൂസ്‌ അവർ ശ്രദ്ധിച്ചത് .. “സിറ്റിയിലെ പ്രമുഖ ഹോസ്പിറ്റലിൽ അവയവ കള്ളക്കടത്തു..

ഹോസ്പിറ്റൽ ഓണർ അലക്സ് മാത്യു ചമ്പന്നൂർ പോലീസ് കസ്റ്റഡിയിൽ.. വർഷങ്ങളായി നടന്നുവരുന്ന ഈ മാഫിയ പുറം ലോകത്തെ അറിയിച്ചു, ആ ഹോസ്പിറ്റലിൽ തന്നെ ജോലി ചെയ്തുകൊണ്ടിരുന്ന ഡോക്ടർ ഉണ്ണി കൃഷ്ണ മാതൃകയായി.. ” കൂടെ അലക്സിനെയും ഗുണ്ടകളെയും പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്ന വീഡിയോയും ലൈവ് ആയിട്ട് സ്ക്രോൾ ചെയ്യുന്നുണ്ടായിരുന്നു… നടക്കാൻ വയ്യാത്ത അവരെ പോലീസുകാർ താങ്ങിയാണ് കൊണ്ടുപോകുന്നത്.. രേവതിയുടെയും അപ്പുവിന്റെയും കണ്ണുകൾ ഉണ്ണിയുടെ മുഖത്തായിരുന്നു.. അവന്റെ കണ്ണുകളിൽ ഒരു പുഞ്ചിരിയുണ്ടായിരുന്നപ്പോൾ…. “”””ഏറ്റെടുത്ത പണി പൂർത്തിയാക്കിയതിനു.. അകാലത്തിൽ പൊലിഞ്ഞ കുറച്ചു ജീവിതങ്ങളുടെ ആത്മാവിന് ശാന്തി കിട്ടിയതോർത്തു, അവരുടെ കുടുംബങ്ങൾക്ക് കുറച്ചെങ്കിലും ആശ്വാസമാകാൻ കഴിഞ്ഞതോർത്തു….”””” (തുടരും )