രചന – രുദ്ര വീണ
ഹരിയേട്ടന്റെ ചോദ്യം കേട്ടതും മറുപടി പറയാനാകാതെ ഞാനൊന്ന് കിതച്ചു.എന്തോ അത്യാവശ്യ കാര്യം പറയാനുണ്ടെന്ന് ഹരിയേട്ടൻ പറഞ്ഞപ്പോൾ അത് എന്റെ ജീവിതത്തെ തന്നെ പ്രതിസന്ധിയിലാക്കുന്ന കാര്യമായിരിക്കുമെന്ന് കരുതിയില്ല.എന്താ ചന്തു നീ മറുപടി ഒന്നും പറയാത്തത്?നീണ്ട നിശബ്ദതയ്ക്ക് ശേഷമുള്ള ഹരിയേട്ടന്റെ ചോദ്യത്തിനു മുൻപിൽ ഞാൻ പകച്ചു നിന്നു.അല്ല ഹരിയേട്ടാ…. രണ്ടാം വിവാഹം എന്നൊക്കെ പറഞ്ഞാൽ?? അതും ഞാനുമായുള്ള ബന്ധം നിലനിൽക്കെത്തന്നെ…. ഞാൻ തരുന്ന സ്നേഹം കുറഞ്ഞു പോയത് കൊണ്ടാണോ? അതോ അത്രയ്ക്ക് വേണ്ടാതായി തുടങ്ങിയോ ഹരിയേട്ടന് എന്നെ??കൺ കോണിൽ ഒളിപ്പിച്ചു വച്ചിരുന്ന കണ്ണുനീർത്തുള്ളികൾ ഞാൻ പോലും അറിയാതെയാണ് ആ നിമിഷം തേങ്ങലായി പുറത്തേക്ക് വന്നത്.
നീ എന്താ ചന്തു ഇത്ര സില്ലിയായി സംസാരിക്കുന്നത്? എന്ത് കാര്യം ഉണ്ടെങ്കിലും ഞാൻ നിന്നോടല്ലേ ആദ്യം തുറന്നു പറയുന്നത്. സഞ്ജന എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്. അത് നിനക്കും അറിയാലോ? ഫ്രണ്ട്ഷിപ്പിനുമപ്പുറം ഒരിഷ്ടം എനിക്ക് അവളോട് തോന്നിത്തുടങ്ങിയത് കൊണ്ടാണ് അവളെ കൂടി എന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചാലോ എന്ന് ഞാൻ ചിന്തിച്ചത്. അതിൽ അവൾക്കും എതിരഭിപ്രായം ഒന്നും ഇല്ല. ഇനി ചന്തുവിന്റെ സമ്മതം കൂടിയേ എനിക്ക് ആവശ്യമുള്ളൂ… നീയും പ്രാക്ടിക്കൽ ആയൊരു മറുപടി പറയും എന്ന് തന്നെയാണ് ഞാൻ കരുതുന്നത്.എന്റെ കൃഷ്ണാ…. എന്നും മുടങ്ങാതെ നിന്നെ വണങ്ങുന്ന എന്നോട് തന്നെ ഈ പരീക്ഷണം വേണമായിരുന്നോ ???? ഭർത്താവിന്റെ രണ്ടാം വിവാഹത്തിന് അനുമതി മൂളേണ്ടി വരുന്ന ഒരു ഭാര്യയുടെ അവസ്ഥ. അതും ഞാൻ കൂടെയുള്ളപ്പോൾ തന്നെ. എന്ത് തെറ്റ് ചെയ്തിട്ടാണ് ഭഗവാനെ എന്നോട് ഈ ചതി…ഇത്ര വിഷമിക്കാൻ എന്താ ചന്തു…. രണ്ടാം വിവാഹം ഇതിപ്പോ ലോകത്ത് ആദ്യമായി ഒന്നുമല്ലല്ലോ നടക്കുന്നത്? പിന്നെ സഞ്ജു എന്റെ ജീവിതത്തിലേക്ക് വന്നാലും നിനക്ക് എന്റെ ജീവിതത്തിൽ ഉള്ള പ്രാധാന്യം കുറയും എന്ന് തോന്നുന്നുണ്ടോ??ഒരു കൂസലുമില്ലാതെ ഹരിയേട്ടന് ഇത് എങ്ങനെ എന്റെ മുഖത്ത് നോക്കി പറയാൻ കഴിയുന്നു എന്നോർത്താണ് എന്റെ മനസ്സ് ഏറെ വേദനിച്ചതും . ഹരിയേട്ടൻ പറഞ്ഞത് ശരിയാണ് ഇതൊന്നും ലോകത്തിൽ ആദ്യമായി നടക്കുന്ന സംഭവമല്ല. പക്ഷേ എന്തൊക്കെ പറഞ്ഞാലും സ്നേഹമുള്ള ഒരു ഭാര്യക്കും തന്റെ ഭർത്താവിന്റെ സ്നേഹം മറ്റൊരാൾ പങ്കുവയ്ക്കുന്നത് നോക്കി നിൽക്കാൻ കഴിയില്ല.
നിറഞ്ഞൊഴുകിയ കണ്ണുനീർ തുള്ളികൾ ഒപ്പി എടുക്കാതെ തന്നെ സർവ്വ ഭാരവും ഉള്ളിലൊതുക്കി ഹരിയേട്ടന് ഒരു പുഞ്ചിരി മാത്രം സമ്മാനിച്ച് കൊണ്ട് ഞാൻ റൂമിലേക്ക് ഓടി.സർവ്വ നിയന്ത്രണവും വിട്ട് കരയുന്ന എന്റെ മനസ്സിനെ ശാന്തമാക്കാൻ ഹരിയേട്ടന്റെ ആശ്വാസവാക്കുകൾ ഒന്നും തികഞ്ഞിരുന്നില്ല.ചന്തുവിന് ഇഷ്ടമല്ലെങ്കിൽ വേണ്ട. നീ എന്നെ മനസ്സിലാക്കും എന്ന് ഞാൻ കരുതി. മറ്റൊരാൾ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നാൽ നിന്റെ സ്ഥാനം ഇല്ലാതാകുമെന്ന് നീ ഭയക്കുന്നു. സഞ്ജുവിനോട് ഞാൻ പറഞ്ഞോളാം നീ വിഷമിക്കാതെ….ഹരിയേട്ടൻ എന്നെ സമാധാനിപ്പിക്കുമ്പോഴും അങ്ങനെയൊരു ചിന്ത ഹരിയേട്ടന്റെ ഉള്ളിൽ വന്നല്ലോ എന്നോർത്ത് എന്റെ നെഞ്ച് പിടഞ്ഞുകൊണ്ടിരുന്നു.
രാത്രി ഹരിയേട്ടന്റെ നെഞ്ചിൽ തലചായ്ച്ചു കിടക്കുമ്പോഴും ഇനി ഈ ഒരു അവകാശം മാത്രം എനിക്ക് തന്നൂടെ എന്ന് കേണപേക്ഷിക്കണമെന്ന് ഉണ്ടായിരുന്നു. ലണ്ടനിൽ പഠിച്ച ഹരി ഏട്ടന് ഒരുപക്ഷേ ഇതിന്റെയൊന്നും മൂല്യം മനസ്സിലായി കാണണമെന്നില്ല. ഹരിയേട്ടന്റെ കൂടെ പഠിച്ചതാണ് സഞ്ജനയും അവർ നല്ല സുഹൃത്തുക്കൾ ആയിരുന്നു എന്ന് തനിക്കറിയാമായിരുന്നു. പക്ഷേ…..ഓർക്കും തോറും എന്റെ ഉള്ളിൽ ഒരു വലിയ കടലിരമ്പം തന്നെ രൂപപ്പെട്ടു. ഇല്ല…. ഞാനായിട്ട് ഹരിയേട്ടന്റെ ഒരു ഇഷ്ടത്തിനും എതിര് നിൽക്കുന്നില്ല. അതുതന്നെ നടക്കട്ടെ. ഒരൊറ്റ ചോദ്യം മാത്രമേ ഇനി എന്റെ മുൻപിൽ അവശേഷിക്കുന്നുള്ളൂ…. ഒരു കരടായി ഇനി ഹരിയേട്ടനെ ജീവിതത്തിൽ കടിച്ചുതൂങ്ങി നിൽക്കണോ എന്ന്??പക്ഷേ….. എങ്ങനെയാണ് ഹരിയേട്ടൻ കൂടെ ഇല്ലാതെ ഞാൻ…. ഒരുദിവസം പോയിട്ട് ഒരു നിമിഷം പോലും ഹരിയേട്ടനെ വിട്ടു നിൽക്കാൻ കഴിയാത്ത ഞാൻ എങ്ങനെയാണ് ഒരായുഷ്ക്കാലം മുഴുവൻ ഹരിയേട്ടൻ ഇല്ലാതെ ജീവിക്കുന്നത്?? ഇല്ല…. എനിക്കതിന് കഴിയില്ല.പിടിച്ചുനിർത്താൻ ശ്രമിക്കുംതോറും അതിനേക്കാൾ ഇരട്ടി വേഗത്തിൽ കണ്ണുനീർതുള്ളികൾ ഹരിയേട്ടന്റെ രോമാവൃതമായ നെഞ്ചിലേക്ക് ഇറ്റിറ്റു വീണു കൊണ്ടിരുന്നു. എന്റെ ഉറക്കം പോയാലും ഹരിയേട്ടന്റെ ഉറക്കം നഷ്ടപ്പെടരുതെന്ന് കരുതി ഞാൻ തലയിലേക്ക് മുഖമമർത്തി കിടന്നു. ഒരു പക്ഷേ അതിനു ജീവൻ ഉണ്ടായിരുന്നെങ്കിൽ ഹരിയേട്ടന് പറഞ്ഞു കൊടുത്തേനെ എനിക്ക് ഹരിയേട്ടനെ എത്രമാത്രം ജീവൻ ആണെന്ന്.പിറ്റേന്ന് എന്റെ സാമീപ്യത്തിൽ തന്നെ ഹരിയേട്ടൻ ഈ കാര്യം അമ്മയോട് പറഞ്ഞപ്പോൾ ഒരു പൊട്ടിത്തെറിയാണ് ഞാൻ പ്രതീക്ഷിച്ചത്. എന്നാൽ എല്ലാം കേട്ടു നിന്നിട്ടും മൗനം സമ്മതം എന്ന മട്ടിലുള്ള അമ്മയുടെ നിൽപ്പ് എന്നെ വീണ്ടും തളർത്തി കളഞ്ഞു. പുറമേ സന്തോഷം അഭിനയിക്കുമ്പോഴും ഉള്ളിൽ പൊട്ടിക്കരഞ്ഞുകൊണ്ട് ഞാൻ പ്രാർത്ഥിച്ചിരുന്നു അമ്മ എങ്കിലും ഒന്ന് എതിർത്തിരുന്നുവെങ്കിലെന്ന്.
ഒടുക്കം പേടിച്ചു പേടിച്ചു സ്വന്തം വീട്ടിൽ കാര്യങ്ങൾ അവതരിപ്പിച്ചപ്പോൾ പ്രതീക്ഷിച്ചതു പോലെ തന്നെ സംഭവിച്ചു. അച്ഛനേക്കാളും അമ്മയെക്കാളും രോഷം കൊണ്ടത് അനിയൻ അശ്വിൻ ആണ്.നീ അടങ്ങ് അച്ചു….സകല നിയന്ത്രണവും വിട്ട് ഇറങ്ങി പുറപ്പെടാൻ മുതിർന്ന അവനെ പിടിച്ചു നിർത്താൻ ഞങ്ങൾ നന്നേ പാടുപെട്ടു. എങ്കിലും എനിക്ക് തുണയായി എന്റെ കൂടെപ്പിറപ്പ് ഉണ്ടല്ലോ എന്നോർത്ത് ആ നിമിഷം ഞാൻ ആശ്വാസിച്ചിരുന്നു.ആദ്യഭാര്യ എന്ന പട്ടം കെട്ടി ഇരിക്കാൻ ആണോ ചേച്ചിയെ അയാൾക്ക് കെട്ടിച്ചു കൊടുത്തത്? അയാൾക്ക് ആ പെണ്ണിനെ ഇഷ്ടം ആയിരുന്നെങ്കിൽ പിന്നെ ചേച്ചിയെ കല്യാണം കഴിക്കണം ആയിരുന്നോ? എവിടെ അയാൾ ഇന്ന് എനിക്ക് രണ്ടിലൊന്ന് അറിയണം.ഇതിന്റെ പേരിൽ നീ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയാൽ ഈ ചേച്ചിയെ പിന്നെ ജീവനോടെ കാണില്ല.അവനെ പിടിച്ചു നിർത്താനുള്ള എന്റെ വാക്കുകൾക്ക് മുമ്പിൽ പുറത്തേക്കിരമ്പിയ സകല കോപവും അവന് അടിയറവു പറയേണ്ടി വന്നു.
വിവാഹത്തീയതി അടുത്തുവരുന്തോറും എന്റെ ഹൃദയമിടിപ്പിന്റെ ഗതി വർധിച്ചു കൊണ്ടിരുന്നു. ഓരോ ദിവസം കഴിയും തോറും ഹരിയേട്ടനിൽ നിന്ന് എനിക്കുള്ള അകലം കൂടി കൂടി വരുന്നത് പോലെ….വേണ്ടപ്പെട്ടവരെ മാത്രമേ വിവാഹത്തിന് ക്ഷണിച്ചിട്ടുള്ളുവെന്നും കുടുംബ ക്ഷേത്രത്തിൽ വച്ചാണ് താലികെട്ടും എന്നുമൊക്കെ മരവിച്ച മനസ്സുമായി ഞാൻ കേട്ടു നിന്നു.കല്യാണത്തിന്റെ അന്ന് വെളുപ്പിന് തന്നെ ഉണർന്നിരുന്നു. അല്ലെങ്കിലും ഉറങ്ങിയാൽ അല്ലേ ഉണരേണ്ടത് ഉള്ളു…. സമാധാനത്തോടെ ഉറങ്ങിയിട്ട് തന്നെ നാളുകൾ എത്ര കഴിഞ്ഞിരിക്കുന്നു .കട്ടിലിൽ നിന്ന് ഇറങ്ങി അലമാരയിൽ നിന്നും എനിക്കായി ഹരിയേട്ടൻ വാങ്ങിത്തന്ന ചുവന്ന പട്ടുസാരി ഞാൻ കയ്യിലെടുത്തു പിടിച്ചു. ഭർത്താവിന്റെ കല്യാണം കൂടാൻ തനിക്ക് കിട്ടിയ പുടവ. ഒരിറ്റ് കണ്ണീർ പുടവയിലേക്ക് ഊർന്നു വീണതും അടുത്തതിന് ഇടം കൊടുക്കാതെ ഞാൻ കണ്ണുതുടച്ചു സാരി തിരികെവെച്ചു.
ഒരു വർഷം മുന്നേ ഇങ്ങനെയൊരു രാത്രി താൻ ഒരുപാട് സന്തോഷിച്ചതാണ് . ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായി ഹരിയേട്ടന്റെ കൈപിടിക്കാൻ നിമിഷങ്ങൾ എണ്ണി കാത്തിരുന്ന രാത്രി. ഇന്നിപ്പോ ഓരോ നിമിഷവും കടന്നു പോകുമ്പോഴും നെഞ്ചിൽ തീ ആളിക്കത്തുകയാണ്. ആരോടും പറയാതെ എങ്ങോട്ടെങ്കിലും ഓടി പോകാനാണ് തോന്നിയത്.രാവിലെ വിവാഹ വേഷത്തിൽ ഹരിയേട്ടൻ മുന്നിൽ വന്ന് നിന്നപ്പോൾ ഒരു നോക്ക് മാത്രമേ നോക്കിയുള്ളൂ…. വാങ്ങിത്തന്ന പട്ടുസാരി ഉടുത്തതും ആഭരണങ്ങൾ അണിഞ്ഞതും മുല്ലപ്പൂ ചൂടിയതുമെല്ലാം ഹരിയേട്ടന്റെ നിർബന്ധപ്രകാരം ആയിരുന്നു.അച്ഛനും അമ്മയും ഒക്കെ നേരത്തെ തന്നെ എത്തിയിട്ടുണ്ട്. എങ്കിലും അച്ചുവിനെ മാത്രം ആ പരിസരത്ത് എങ്ങും കണ്ടില്ല. പാവം എന്നെപ്പോലെ തന്നെ അവനും ഈ മുഹൂർത്തം കണ്ടുനിൽക്കാൻ കഴിയുന്നുണ്ടാവില്ല. വന്നവർക്കെല്ലാം ഒരു പുഞ്ചിരി മാത്രം സമ്മാനിച്ച് ഞാൻ ഭഗവാനെ നോക്കി നിന്നു. എനിക്ക് പറയാനുള്ളതെല്ലാം അറിഞ്ഞിട്ടും എന്തേ കണ്ണാ നീ….?അപ്പോഴേക്കും സഞ്ജു വേളി പെണ്ണായി അങ്ങോട്ടേക്ക് വന്നു.
ഞാൻ ഉടുത്ത അതേ കളർ സാരി തന്നെ. സർവ്വാഭരണ വിഭൂഷിതയായി…. അവളുടെ മുഖത്ത് തെളിഞ്ഞ പുഞ്ചിരി ഉണ്ട് എന്നത് മാത്രമാണ് എന്നെയും അവളെയും വേർതിരിക്കുന്ന ഘടകം.ഇനിമുതൽ എന്റെ ഹരിയേട്ടൻ സഞ്ജുവിന് കൂടി സ്വന്തമാണ്. ചടങ്ങിനു വന്നവരെല്ലാം പുച്ഛത്തോടെ എന്ന് നോക്കുന്നത് പോലെ എനിക്ക് തോന്നി. ഒരുവട്ടം കൂടി നിസ്സഹായയായി ഭഗവാനെ നോക്കി ഞാൻ മുഖം കുനിച്ചു നിന്നു.എന്റെ കണ്ണാ… ഞാൻ വീണു പോകാതെ നീ കാത്തോണേ….അലങ്കരിച്ച മണ്ഡപത്തിൽ ഒരുവശത്തായി എല്ലാവരുടെയും അനുഗ്രഹം വാങ്ങി സഞ്ജു ഇരുന്നു. പിന്നാലെ ഹരിയേട്ടൻ കയറിയതും ഇരുകണ്ണുകളും മുറുകെ അടച്ചുപിടിച്ച് ഞാൻ നിന്നു.എനിക്ക് കാണണ്ട എന്റെ കണ്ണാ..ഇനി ചന്ദന ഹരിശങ്കർ ഇങ്ങോട്ട് ഇരുന്നോളൂ..
തിരുമേനിയുടെ ഉച്ചത്തിലുള്ള വിളി കേട്ടാണ് കണ്ണ് തുറന്നത്. സഞ്ജുവും ഹരിയേട്ടനും അടുത്തടുത്തു ഇരിക്കുന്നുണ്ട്. എന്തിനാണ് ഭഗവാനേ ഒരു പരിഹാസ കഥാപാത്രമായി എന്നെ അങ്ങോട്ടേക്ക് വലിച്ചിഴക്കുന്നത് .?തിരുമേനിയുടെ നിർദ്ദേശപ്രകാരം മനസ്സില്ലാമനസ്സോടെ ഞാൻ ഹരിയേട്ടന്റെ ഇടതുഭാഗത്തായി ഇരുന്നു. പഞ്ചവാദ്യം മുഴങ്ങിയതും വീണ്ടും ഞാൻ കണ്ണുകൾ അടച്ചിരുന്നു. ദേഹത്തേക്ക് വീഴുന്ന പുഷ്പാർച്ചനയുടെ ഇടയിലും എന്റെ നെറുകയിൽ ഒരു വിരൽ പാട് വീഴുന്നത് ഞാനറിഞ്ഞിരുന്നു. ഞെട്ടി കൊണ്ട് വീണ്ടും കണ്ണുതുറന്ന എന്റെ മുന്നിൽ ഒന്നും സംഭവിക്കാത്ത മട്ടിൽ ഹരിയേട്ടൻ!. എന്റെ നെറുകയിൽ സിന്ദൂരം ചാർത്തി കഴിഞ്ഞതും ഹരിയേട്ടൻ ഒന്നു ചിരിച്ചു.എല്ലാവരുടെ മുഖത്തും സന്തോഷത്തിരയിളക്കം. എന്താ സംഭവിക്കുന്നത് എന്ന് തിരിച്ചറിയാതെ ഇരുന്നുകൊണ്ട് തന്നെ ഞാൻ ഹരിയേട്ടന്റെ വലതുഭാഗത്തേക്ക് എത്തി നോക്കി.സഞ്ജുവിനെ കഴുത്തിൽ താലി കെട്ടുന്ന എന്റെ അച്ചു!!
അവനും ഒന്നും സംഭവിക്കാത്ത മട്ടിൽ എന്നെ നോക്കി ചിരിക്കുന്നുണ്ട്.എങ്ങനെയുണ്ട് ചന്തു ഞങ്ങളുടെ നാടകം. നീ എപ്പോഴും പറയാറില്ലേ ഒരുവട്ടംകൂടി ഭഗവാന്റെ നടയിൽ വെച്ച് കൊട്ടും കുരവയും വാദ്യമേളങ്ങളോടെയും എന്റെ നെറുകയിൽ സിന്ദൂരം ചാർത്തി തരണമെന്ന് . അതിന് ഇന്നോളം നല്ലൊരു ദിവസം ഇല്ലെന്നു തോന്നി. ടെൻഷൻ കാരണം എന്റെ മോള് മറന്നു പോയല്ലേ … ഒരു വർഷം മുൻപ് ഇന്നേ ദിവസമാണ് ഈ കള്ള കണ്ണനെ സാക്ഷിയാക്കി നീ എന്റെ കൈ പിടിക്കുന്നത്. നിനക്കൊരു ഗംഭീര സർപ്രൈസ് തരണമെന്ന് തലപുകഞ്ഞ് ചിന്തിച്ചപ്പോഴാണ് അച്ചു സഞ്ജുവിനോടുള്ള ഇഷ്ടം എന്നോട് പറഞ്ഞത്. സംസാരിച്ചപ്പോൾ എല്ലാവർക്കും സമ്മതം. എങ്കിൽ ഇന്ന് തന്നെ ആയിക്കോട്ടെ എന്ന് ഞങ്ങൾ അങ്ങ് തീരുമാനിച്ചു. എത്രയൊക്കെ പ്രാക്ടിക്കൽ ആണെന്ന് പറഞ്ഞാലും നിന്റെ സ്ഥാനം ഞാൻ മറ്റാർക്കെങ്കിലും വിട്ടുകൊടുക്കുമോടി പൊട്ടി പെണ്ണേ..
ആ ഒരു നിമിഷം നഷ്ടപ്പെട്ട ജീവൻ തിരികെ കിട്ടിയ പോലെയാണ് തോന്നിയത്. ചിരിക്കണോ അതോ കരയണോ എന്ന് പറയാൻ കഴിയാത്ത അവസ്ഥ. നിറകണ്ണുകളോടെ ഹരിയേട്ടൻ നെഞ്ചിലേക്ക് ചാഞ്ഞു കൊണ്ട് ഞാൻ വീണ്ടും ഭഗവാനെ നോക്കി.കണ്ണാ എങ്ങനെയാണ് നന്ദി പറയേണ്ടത് …രണ്ടാം വിവാഹത്തിലൂടെ എനിക്ക് രണ്ടാം ജന്മം തിരികെ തന്നതിന്…… .അപ്പോഴും കള്ളക്കണ്ണൻ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ടിരുന്നു. എല്ലാം ഞാൻ അറിയുന്നു എന്ന മട്ടിൽ.

by