16/04/2026

നീയറിയാതെ : ഭാഗം 26

രചന – അയിഷ അക്ബർ

കുറച്ചു ദിവസമായി അവളുടെ മനസ്സിലും കുരുങ്ങി കിടന്ന സംശയമായിരുന്നു സംശയത്തിന്റെ ലാഞ്ചന പോലുമില്ലാതെ അത്രയേറെ സന്തോഷത്തോടെ അവൻ പറഞ്ഞത്…. ഇത് ഞാൻ അങ്ങോട്ട് പറയേണ്ട കാര്യമല്ലേ സിദ്ധുവേട്ടാ …. അവളല്പം പരിഭവത്തോടെയാണത് ചോദിച്ചത്…. അതിനു ആദ്യം അറിഞ്ഞത് ഞാനല്ലേ…. അവൻ പുഞ്ചിരിച്ചു…. അവളവനെ തന്നെ നോക്കി നിന്നു… അന്ന് നീ കോണിപ്പടിയിൽ നിന്ന് വീണ അന്ന് തന്നെ ഡോക്ടർ പറഞ്ഞു ഞങ്ങളെല്ലാവരും അറിഞ്ഞിരുന്നു…. അത് നിന്നോട് പറയാൻ അത്രയേറെ ഉത്സാഹത്തോടെ വന്നപ്പോഴേക്കും നീയെന്നോടെന്തൊക്കെയോ പറഞ്ഞു ദേഷ്യപ്പെട്ടു… എന്തിനാണെന്ന് പോലും എനിക്കറിയില്ലായിരുന്നു… നിനക്കൊരു സർപ്രൈസ് തരാൻ വേണ്ടിയാണ് ഇപ്പൊ അവളോടൊന്നും പറയേണ്ടെന്ന് അച്ഛനോടും അമ്മയോടും പറഞ്ഞത് ഞാനായിരുന്നു…

ആ ദേഷ്യത്തിൽ പറഞ്ഞാൽ നീയെങ്ങനെ പ്രതികരിക്കുമെന്നെനിക്കറിയില്ലായിരുന്നു…. അവനൊരു ദീർഘ നിശ്വാസത്തോടെ പറഞ്ഞു നിർത്തി….. അവൾ തെറ്റ് ചെയ്തവളെ പോലെ അവനിലേക്ക് നോക്കി….. ഈ അവസ്ഥയിൽ ഒത്തിരി ദൂരം യാത്ര ചെയ്യണ്ടെന്ന് പറഞ്ഞു അച്ഛനും അമ്മയും ഒത്തിരി വിലക്കിയതാ…. പിന്നേ…. നീ പറഞ്ഞത് കൊണ്ട് മാത്രമല്ല….. നിന്റെ സന്തോഷങ്ങൾ ആദ്യം പങ്കു വെക്കേണ്ട ആൾ ഇവിടെയാണെന്നെനിക്ക് തോന്നി….. അതും പറഞ്ഞവനവളുടെ കൈകൾ പിടിച്ചു നടന്നു.. നിനക്ക് വേണ്ടി സ്വന്തമായി ജീവിക്കാൻ പോലും മറന്ന ആളിവിടെയല്ലേ ഉള്ളത് …. അമ്മച്ചിയുടെ കല്ലറ ചൂണ്ടി അവനത് പറയുമ്പോൾ അവളുടെ മിഴികൾ എന്തിനോ നിറഞ്ഞൊഴുകിയിരുന്നു….. അവൾ കണ്ണുകളടച്ചു മൗനമായി പ്രാർത്ഥിച്ചു….

ഒപ്പം അവനും…. എല്ലാം അമ്മച്ചിയോടു പറഞ്ഞോ….. കണ്ണുകൾ അവൾ പതിയെ തുറന്നപ്പോഴാണ് അവനത് ചോദിച്ചത്….. അവൾ പതിയെ പുഞ്ചിരിച്ചു…. സിദ്ധുവേട്ടനെന്താ അമ്മച്ചിയോടു പറഞ്ഞത്…. ഇവളെ ഞാൻ നിനക്ക് തരട്ടെ യെന്ന പണ്ടത്തെ ആ ചോദ്യത്തിന് മറുപടി കൊടുക്കാൻ വേണ്ടി വന്നതാ ഞാൻ… പൂർണ മനസ്സോടെ ഇവളെ ഞാൻ എന്റേതാക്കിയിട്ടുണ്ടെന്ന് പറയാൻ….. അവൻ അവളുടെ കൈകളിൽ ചേർത്ത് പിടിച്ചത് പറയുമ്പോൾ അവളവനിലേക്ക് ചേർന്നു നിന്നിരുന്നു…. വികാരിയച്ചനെ കണ്ട് അൽപ നേരം സംസാരിച്ചിരുന്നു…. ഞങ്ങളിന്ന് തിരിച്ചു പോവും എന്നവൻ അച്ഛനോട് പറഞ്ഞത് അവളിൽ വല്ലാത്തൊരു സന്തോഷത്തിനിടം കൊടുത്തിരുന്നു…. പള്ളി മുറ്റത്തു കൂടെ അവന്റെ കൈ പിടിച് നടന്നു കാറിൽ കയറുന്ന അവളെ പലരും അസൂയയോടെ നോക്കുന്നുണ്ടായിരുന്നു….

പോകും വഴി ബീന ചേച്ചിയുടെ വീട്ടിലും കയറി… വല്ലാത്ത ഉത്സാഹത്തോടെയാണ് ബീന ചേച്ചി ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചത്… മനസ്സിന്റെ വിങ്ങലിൽ അന്ന് പാതി വെച്ചിറങ്ങിയ കാപ്പി മുഴുവൻ കുടിച്ചിട്ടാണ് ഇന്നവളിറങ്ങിയത്….. അവളുടെ ഹൃദയം നോവിനെ പാടെ മറന്നിരുന്നു….. ജോസ്‌ഫെട്ടന്റെ വീടിന്റെ മുമ്പിൽ കാറ് നിർത്തിയപ്പോഴേക്കും എല്ലാവരും പുറത്ത് തന്നെ നിന്നിരുന്നു…. സസ്പെൻസ് ഒക്കെ പൊട്ടിച്ചോ സാറേ….. ലീന കുസൃതി ചിരിയോടെ ചോദിക്കുമ്പോൾ സിദ്ധു ചിരിച്ചു കൊണ്ടവൾക്ക് നേറെ കണ്ണിറുക്കി കാണിച്ചു കൊടുത്തു…. അവൾ അത്ഭുതത്തോടെ സിദ്ധുവിന്റെ മുഖത്തേക്ക് നോക്കി…. ഞങ്ങൾക്കെല്ലാവർക്കും അറിയായിരുന്നു മോളേ… ജോസഫ്വേട്ടന്റെ ഭാര്യ മേരി ചേച്ചിയത് പറയുമ്പോൾ അവൾ അവരെ നോക്കി…

ഗർഭിണിയായ നിന്നെ പൊന്നു പോലെ നോക്കാൻ ഏൽപ്പിച്ചിട്ട് തന്നെയാ അവൻ പോയത്….. ഒരു കുടം അവൾ കയ്യിലെടുത്തപ്പോഴേക്കും വേഗം വന്നത് വാങ്ങിയ മേരി ചേച്ചിയെയും വീട് വൃത്തിയാക്കാൻ പോയ സമയത്ത് ഉയരത്തിൽ കയറാൻ നിന്ന അവളെ തടഞ്ഞു കൊണ്ട് കയറിയ ലീനയും ഒക്കെ അവളുടെ മനസ്സിൽ തെളിഞ്ഞു വന്നിരുന്നു…. അവൾ മുഖം കൂർപ്പിച്ചു കൊണ്ട് സിദ്ധുവിനെ നോക്കി….. അവൻ പുഞ്ചിരിച്ചു കൊണ്ട് അവളെ ചേർത്ത് പിടിച്ചു…. ഭക്ഷണം കഴിച്ചെല്ലാവരോടും യാത്ര പറഞ്ഞിറങ്ങുമ്പോഴെന്തോ അവളുടെ കണ്ണുകൾ നിറഞ്ഞതിനോടൊപ്പം അത്രയും ദിവസം ഒരമ്മയെ പോലെ ചേർത്ത് പിടിച്ച മേരി ചേച്ചിയുടെ മിഴികളും നിറഞ്ഞിരുന്നു…. അവളെ ചേർത്ത് പിടിച് കവിളിലൊരുമ്മ കൊടുത്ത് ലീനയും യാത്രയാക്കി….

എല്ലാവരും കൂടി ഒരു ദിവസം തീർച്ചയായും അങ്ങോട്ട് വരണമെന്ന് പറഞ്ഞു ക്ഷണിച്ചവിടെ നിന്നിറങ്ങുമ്പോൾ അവർ പുതിയൊരു ജീവിതത്തിലേക്കുള്ള യാത്രയിലായിരുന്നു…. ഒരു കൈ കൊണ്ട് സ്റ്റേയറിങ്ങിൽ അവൻ പിടിച്ചപ്പോഴും മറു കയ്കൊണ്ട് അവളുടെ കൈകളെയവൻ കവർന്നിരുന്നു….. അവളുടെ മിഴികൾ നാണത്താൽ കൂമ്പിയടഞ്ഞിരുന്നു…… വരുമ്പോൾ ഒരുമിച്ചിരുന്നു ചായ കുടിച്ച അതേ കടക്കരികിലായി അവൻ വണ്ടിയൊതുക്കി…. അവനിറങ്ങുന്നതിനു മുന്പേ അവളിറങ്ങിയിരുന്നു…. അവനു ചിരി വന്നു…. ചൂട് കാപ്പിയുടെ കൂടെ മൊരിഞ്ഞ ഉള്ളിവട കൂട്ടി കഴിക്കുമ്പോൾ വല്ലാത്തൊരു സുഖം തോന്നിയിരുന്നു…. അവൻ അവളിലേക്ക് നോക്കി…. അവളുടെ മുഖം പ്രസന്നമായിരുന്നു…. അവളുടെ നോട്ടങ്ങളും അങ്ങേയറ്റം പ്രണയർദ്രമായിരുന്നു…. അവളുടെ വിരലുകളിൽ അവൻ വിരൽ കോർത്തപ്പോൾ പ്രപഞ്ചമാകെ അവൾക്ക് കീഴിലാണെന്ന് തോന്നിപ്പോയിരുന്നവൾക്ക്…. അത്ര മേൽ സ്നേഹത്തോടെ അവന്റെ ചുമരിലേക്കവൾ ചാരിയിരുന്നു……

രാത്രി ഒത്തിരി വൈകിയാണ് വീട്ടിലേക്കെത്തിയത്….. അന്നാ…. അന്നാ…. അവൻ കുലുക്കി വിളിച്ചു…. അവൾ നല്ല ഉറക്കമായിരുന്നു….. കണ്ണുകൾ തുറന്നവൾ നോക്കിയപ്പോൾ അവളുടെ ഹൃദയത്തിലൂടെയെന്തോ തണുപ്പിറങ്ങുന്നത് പോലെ തോന്നിയവൾക്ക്…. ആ വീട് കണ്ടപ്പോഴേക്കും അവളുടെ മുഖം വിടർന്നു…. നഷ്ടപ്പെട്ട കളിപ്പാട്ടം തിരിച്ചു കിട്ടിയകുട്ടിയെ പോലെ അവളുടെ ചൊടികളിൽ പുഞ്ചിരി വിരിഞ്ഞു…. അവൾ മുറ്റം മുഴുവനൊന്ന് നോക്കി…. ഇനി നാളെ നോക്കിയാൽ പോരെ…. ചിരിച്ചു കൊണ്ടത് ചോദിക്കുന്നതിനൊപ്പം അവൻ ബെല്ലടിച്ചിരുന്നു….. സീത വാതിൽ തുറന്നതും അന്ന അവരെ കെട്ടിപ്പിടിച്ചു…. ഉറക്ക ചടവുകൾ രണ്ട് പേരുടെ മുഖത്ത് പ്രകടമായിരുന്നെങ്കിലും അതിലേറെ അവരുടെ മുഖത്തെ സന്തോഷം തെളിഞ്ഞു കാണപ്പെട്ടു…. മക്കള് ഭക്ഷണം കഴിച്ചുവോ…. ആ അമ്മേ…. ഞങ്ങൾ കഴിച്ചു….

എങ്കി പോയി കിടന്നോളു…. ഒരുപാട് യാത്ര ചെയ്തതല്ലേ… അമ്മ പറഞ്ഞപ്പോഴേക്കും അവർ മുറിയിലേക്ക് പോയിരുന്നു…. സിദ്ധു കുളിച് വന്നപ്പോഴേക്കും അവൾ ബെഡിൽ കിടന്നുറങ്ങുന്നുണ്ടായിരുന്നു….. നീ കുളിക്കുന്നില്ലേ…. സിദ്ധു അവളെ കുലുക്കി വിളിച്ചാണ് ചോദിച്ചത്…. വയ്യ സിദ്ധുവേട്ടാ…. ഒരു കൊച്ചു കുഞ്ഞിനെ പോലെ അവൾ ചിണുങ്ങി…. ലൈറ്റ് ഓഫാക്കി അവൾക്കരികിലായി കിടക്കുമ്പോഴും അവനവളെ ചേർത്ത് പിടിച്ചിരുന്നു…. അത്ര മേലിഷ്ടത്തോടെ…. മോളേഴുന്നേറ്റോ…… സീത അവളുടെ കൈകളിൽ പിടിച്ചു… നീ പോയതിനു ശേഷം ഈ വീടാകെ ഉറങ്ങിപ്പോയിരുന്നു…. ഇത്ര ദിവസമൊന്നും നീയവിടെ നിൽക്കുമെന്ന് ഞങ്ങളും കരുതിയിരുന്നില്ലല്ലോ….. അന്നായൊന്ന് പുഞ്ചിരിച്ചു…. എന്തൊക്കെയോ…..എവിടെയൊക്കെയോ ഉണ്ടെന്ന് പറയുന്നത് കേട്ടല്ലോ…. നേരാണോ അന്നക്കൊച്ചേ….. ചുണ്ടിൽ കുസൃതി ചിരിയോടെ അവളുടെ വയറിൽ പിടിച് കൊണ്ട് ബിന്ദുവത് പറഞ്ഞപ്പോൾ അവളാകെ വല്ലാതായി….

കണ്ണുകളിൽ പ്രകാശം പരന്നു…. നാണം കൊണ്ടവൾക്കവരുടെ മുഖത്ത് നോക്കാൻ പോലും കഴിഞ്ഞില്ല….. സീതയുടെ മുഖത്തും വല്ലാത്തൊരു തിളക്കമുണ്ടായിരുന്നു….. ഞങ്ങൾ അന്നേ അറിഞ്ഞതാ മോളേ… ഈ സിദ്ധു പറഞ്ഞിട്ടാ…. നിന്നോടൊന്നും പറയാതിരുന്നത്…..മോൾക് അസ്വസ്ഥത വല്ലതും തുടങ്ങിയോ…. അന്നയെ ചേർത്ത് പിടിച് ഒത്തിരി വാത്സല്യത്തോടെയാണ് സീതയത് ചോദിച്ചത്…… തല ചുറ്റലുണ്ടമ്മേ….. അന്ന് കോണിപ്പടികളിറങ്ങുമ്പോഴും തലക്കെന്തോ ഭാരം തോന്നിയിട്ടാ വീണത്….. ഞാനും സംശയത്തിലായിരുന്നു…. അപ്പോഴാണ് സിദ്ധുവേട്ടൻ ……. മുഴുവനാക്കാതെ അവൾ നാണം കൊണ്ട് തല കുനിച്ചിരുന്നു…. ഇനിയെന്തായാലും ഡോക്ടറെ കാണിക്കാൻ പോവണം…. ബിന്ദു പറയുന്നതിനെ സീതയും ശെരി വെച്ചു…… ജീവിതം തനിക്കു നേറെ വെച്ചു നീട്ടിയ പുതിയ സ്ഥാനത്തെ കുറിച്ചുള്ള ആഹ്ലാദത്തിലായിരുന്നു അന്നയപ്പോൾ..

(തുടരും )