24/04/2026

സ്നേഹാംബരം : ഭാഗം 25

രചന – ശ്രീതു ശ്രീ

മുറിയിലേക്ക് പ്രവേശിക്കുമ്പോൾ മരുന്നുകളുടെ ഗന്ധമാണ് ജോണിയെ വരവേറ്റത്…. ഏതോ ആശുപത്രിക്കുള്ളിലെ മുറിയിൽ എത്തിപ്പെട്ടതുപോലെ അവനു തോന്നി….. മാത്യുവും എലിസബത്തും കൂടെയുള്ള മറ്റൊരു യുവതിയും ചേർന്ന് തറയിൽ കിടക്കുന്ന യുവാവിനെ പിടിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നു….. എന്റെ മുന്നിൽ കിടക്കുന്ന റോഷനെ തിരിച്ചറിയാൻ ജോണിക്ക് കഴിഞ്ഞിരുന്നില്ല…. അവന്റെയൊരു ഫോട്ടോ പോലും അവൻ മുൻപൊന്നും കണ്ടിട്ടില്ല….. ” ഞങ്ങൾ സഹായിക്കാം ഇങ്ങു മാറിയാട്ടെ…. ജോണിയും ബിജിനും ചേർന്നു റോഷനെ പിടിച്ചെഴുന്നേൽപ്പിച്ചു…. അവർ തന്നെ എടുത്ത് കട്ടിലിൽ കിടത്തുകയും ചെയ്തു…. അപ്പോഴൊന്നും ജോണി അവന്റെ മുഖം കൂടി ശ്രദ്ധിച്ചില്ല…. ശ്രദ്ധിച്ചിരുന്നെങ്കിൽ റോഹന്റെ ഛായ എവിടെയെങ്കിലും തോന്നുമായിരുന്നിരിക്കണം….. പക്ഷേ അതൊന്നും ഉണ്ടായില്ല……. എന്തുപറ്റിയതാണ് എന്ന് പോലും ചോദിക്കാതെ അവൻ മുറിവിട്ടിറങ്ങി….

അങ്ങനെ പെട്ടെന്ന് ഇറങ്ങി ഇല്ലായിരുന്നുവെങ്കിൽ , കുറച്ചുസമയം കൂടി അവിടെനിന്ന് സംസാരം തുടർന്നുവെങ്കിൽ , മറ്റൊന്നുകൂടി സംഭവിക്കുമായിരുന്നു…… മേശ പുറത്തിരിക്കുന്ന ഫ്രെയിം ചെയ്ത നേഹയുടെ ഫോട്ടോ അവന്റെ കണ്ണിൽ പെട്ടേനെ…. അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ എന്തായിരിക്കും എന്ന് നിശ്ചയിക്കാൻ കഴിയില്ലല്ലോ…… ഹാളിലേക്ക് നടക്കുന്നതിനിടയിൽ മാത്യു പറഞ്ഞു…. ” എന്റെ മോനാ ജോണി….. ഒരു ആക്സിഡന്റ് പറ്റിയതാ…. കുറെ വർഷങ്ങളായി… അന്ന് സ്‌പൈനൽ കോഡിന് ക്ഷതമേറ്റിരുന്നു…. നട്ടെല്ലിന്റെ ഭാഗത്തായിട്ടാണ് അത് പറ്റിയത്…. ആ ഭാഗത്തിന് താഴോട്ട് പക്ഷാഘാതം വന്നിരിക്കുകയാണ്…. കാലുകൾ ഒന്നും ചലിപ്പിക്കാൻ കഴിയില്ലെങ്കിലും കൈകൾക്കൊന്നും ഒരു കുഴപ്പവുമില്ല….. അതിന്റെ കൂട്ടത്തിൽ ശ്വാസ സംബന്ധമായ പ്രശ്നങ്ങളും ഉണ്ട്…. പിന്നെ ഹൃദയത്തിനും ചെറിയതോതിൽ കുഴപ്പമുണ്ടെന്ന് തന്നെ പറയാം…..

ചുരുക്കിപ്പറഞ്ഞാൽ ഒരു സർവ്വത്ര രോഗി….. ഇന്നുള്ള രോഗങ്ങൾ തന്നെ ആകണം നാളെ എന്നൊന്നുമില്ല….. മിക്കവാറും എല്ലാം കൂടുന്നതല്ലാതെ കുറയുന്നില്ല…..തന്റെ പ്രായമേ കാണുള്ളു…. പക്ഷേ എന്തു പറയാൻ…. എല്ലാം വിധി… കർത്താവിനോട് പ്രാർത്ഥിക്കാം എന്നല്ലാതെ ഇപ്പൊ മറ്റൊന്നുമില്ല…… മാത്യു ഓരോ പറയുന്ന വാക്കുകളും ജോണി ശ്രദ്ധയോടെ കേട്ടു….. അവന് മറിച്ചൊന്നും പറയാനില്ലായിരുന്നു….. അവന്റെ കേട്ടറിവിൽ അസാധാരണമായ ഒരു അവസ്ഥയായിരുന്നു റോഷന്റേത്….. അതുകൊണ്ടുതന്നെ ആശ്വാസവാക്കുകൾക്കായ് ഉള്ളാകെ പരതിയെങ്കിലും ആ സമയത്തൊന്നും കിട്ടിയില്ല…..ഒപ്പം പല സംശയങ്ങളും മനസ്സിൽ ഉദിച്ചെങ്കിലും അവനതൊന്നും അയാളോട് ചോദിക്കാനും ധൈര്യം പോരായിരുന്നു…..

കുറച്ച് സമയങ്ങൾക്കകം തന്നെ ജോണിയുടെ മനസ്സിൽ റോഷൻ ഒരു നോവായി തറഞ്ഞിരുന്നു…. അവൻ പിറ്റേന്ന് പണിക്ക്‌ വേണ്ട സാധനങ്ങൾ വാങ്ങുന്നതിനുള്ള പൈസയും വാങ്ങി അവിടെ നിന്നും ബിജിനൊപ്പം യാത്ര തിരിച്ചു…… 🌹🌹🌹🌹 മുറ്റത്ത് ബൈക്കിന്റെ ശബ്ദം കേട്ടതും റോഹനും ജനിയും വീടിന് വെളിയിലേക്ക് ഓടിയിറങ്ങി….. “”പപ്പാ……”” വീട്ടിലേക്ക് വന്നുകയറിയതും റോഹനും ജനിയും ഓടിവന്ന് ജോണിയുടെ കയ്യിൽ തൂങ്ങി…… ജോണി രണ്ടുപേർക്കും ഓരോ മിൽക്കീബാർ എടുത്തുകൊടുത്തു….. ജോണി പുറത്തെവിടെ പോയിട്ടു വന്നാലും അവർക്കായി എന്തെങ്കിലും അവന്റെ കയ്യിൽ കാണും…. അതെന്നും പതിവാണ്…..അത് പാടില്ലെന്ന് ഇടയ്ക്കൊക്കെ നേഹ പറയാറുണ്ടെങ്കിലും അവനതൊന്നും ചെവികൊള്ളാറില്ല….. അവർ ജോണിയുടെ കയ്യിൽ നിന്നും പിടിവിടാതെ മുറിവരെ എത്തിച്ചു…….

അവൻ ഹെൽമെറ്റ്‌ പോലും ഊരിയിരുന്നില്ല…..ഇനി തങ്ങളുടെ പരാതികെട്ടുകൾ ജോണിയെ ഏൽപ്പിച്ചിട്ട് മാത്രമെ അവർ പോവുള്ളു…… നേഹയോട് പറയും മുൻപെ അവർ പലതും പറയുന്നത് ജോണിയോട് ആയിരിക്കും……. പതിവുപോലെ റോഹൻ പറഞ്ഞു തുടങ്ങി…. “പപ്പാ… ഇന്ന് സ്കൂളിൽ വച്ചില്ലേ…. ഇവളെ ഒരു കൊച്ച് തള്ളിയിട്ടു….എന്നിറ്റ്….ജനി ഭയങ്കര കരച്ചിലായിരുന്നു……” “പപ്പേടെ മുത്തിനെ തള്ളിയിട്ടോടാ….?” അവൻ ജനിയേ തലോടിക്കൊണ്ട് ചോദിച്ചു…… അവളും അതേന്ന അർത്ഥത്തിൽ സങ്കടത്തോടെ തലയാട്ടി……റോഹൻ ബാക്കികൂടി പറഞ്ഞു….. എന്നോടിവള് ഉച്ചയ്ക്കാ വന്ന് പറഞ്ഞത്…..ഞാൻ പോയി ടീച്ചറിനോട് പറഞ്ഞു….. എന്നോട് ആ കൊച്ചിന് അടി കൊടുക്കാമെന്നു ടീച്ചർ പറഞ്ഞു……

പക്ഷെ ആ ടീച്ചറ് അടിയൊന്നും കൊടുത്തില്ല… അല്ലേടി….? റോഹൻ ജനിയെ നോക്കി….. ബാക്കി പറഞ്ഞത് ജനിയാണ്….. “പിന്നെ ബസ്സില് കേറാൻ വന്നപ്പൊ ആ കൊച്ചിനെ റോഹച്ചാച്ചൻ വയക്ക് പരഞ്ഞു…. എന്നെ തെല്ലിയിട്ടാ…അടി തരൂന്നും പരഞ്ഞു… മക്കൾ ക്കൊപ്പം വീണ്ടും ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കെ നേഹ ജോണിക്ക്‌ ചായയുമായി വന്നു….. “ഇന്നാ… ഇത് ജിനുവാന്റിക്ക് കൊണ്ടോയി കൊടുത്താട്ടെ രണ്ടാളും….”എന്നും പറഞ്ഞു കൊണ്ടൊരു മിൽക്കീബാർ റോഹനെ ഏല്പിച്ചു….അവരതും കൊണ്ട് ജിനുവിന്റെ അടുത്തേയ്ക്കോടി……. “അപ്പൊ എനിക്കൊന്നുമില്ലേ ഇച്ചായാ…?” ചായ ടേബിളിൽ വച്ചിട്ട് തിരിഞ്ഞു പരിഭവത്തോടെ അവനെ നോക്കിക്കൊണ്ട് കയ്യുംകെട്ടി അവൾ നിന്നു… ജോണി അപ്പോഴാണ് ഹെൽമെറ്റ് ഊരിയത്…. ” നിനക്കീ ഞാൻ പോരെ…? ഏഹ്…? ” ഹെൽമെറ്റ്‌ കട്ടിലിന്റെ കീഴിൽ വെച്ചിട്ട് ഒരു കള്ളച്ചിരിയോടെ അവളുടെ അടുത്തേക്ക് അവൻ വന്നു…..

അവൻ അടുത്തെത്തിയെന്ന് തോന്നിയതും അവൾ തലതിരിച്ചു….. ജോണിയുടെ കൈകൾ അവളുടെ ഇരുതോളിലും സ്ഥാനം പിടിച്ചു…… “എന്താടീ എന്നെ വേണ്ടേ…?” “വേണ്ടെന്ന് ഞാൻ പറഞ്ഞില്ലല്ലോ….” “എങ്കിലേ…. ആ കയ്യൊന്നഴിച്ചു ഇച്ചായനെ അങ്ങ് കെട്ടിപിടിച്ചാട്ടെ….” “ങ്‌ഹേ….” അവളവന്റെ മുഖത്തേയ്ക്ക് ഒന്നു സൂക്ഷിച്ചു നോക്കി…. “ഇച്ചായൻ വീശിയിട്ടുള്ള വരവാണോ…?” “അങ്ങനെ ചോദിച്ചാൽ……” “അതേന്നാ ഉത്തരമെന്ന് എനിക്കറിയാം….. എവിടുന്നായിരുന്നു…? ബാറീന്നോ അതോ ബിവറേജസ്സീന്നോ…?” “നിന്റെ അപ്പന്റെ വീട്ടീന്ന്…..” “എങ്കിൽ പിന്നെ അവിടങ്ങു കിടന്നാൽ പോരായിരുന്നോ….” അവളും വിട്ടുകൊടുത്തില്ല…. “ഓഹോ…..പക്ഷെ നീയിവിടല്ലേ..പിന്നെങ്ങനെ എനിക്കവിടെ കിടന്നാൽ ഉറക്കം വരും….?” “പോന്ന വഴിക്ക് കുറച്ചു ഉറക്കഗുളിക കൂടി വാങ്ങിച്ചോണ്ട് പോണായിരുന്നു….! “ഇപ്പൊ ഇങ്ങനൊക്കെ ആയിപ്പോയില്ലേ… ഇനി നാളെയാവാം….” ജോണിയുടെ മുഖത്തെ ചിരിയപ്പോഴും മാഞ്ഞിരുന്നില്ല……

അവളുടെ മുഖത്തെ പരിഭവം കാണുംതോറും അവന്റെ ചിരിയ്ക്കുള്ളിൽ കുസൃതിയും നിറഞ്ഞു നിന്നു…… “എന്തായാലും നീ വന്നേ…”എന്നു പറഞ്ഞുകൊണ്ട് നേഹയെ ജോണി തന്റെ നെഞ്ചിലേക്ക് ചേർത്തു കൊണ്ട് പുണർന്നു…….. മുഖത്തണിഞ്ഞ പരിഭവത്തിന്റെ മൂടുപടം പതിയെ അഴിഞ്ഞു വീഴുന്നത് അവനറിഞ്ഞു….. മൗനത്തിലൂടെ മാത്രം അവർ പരസ്പരം മിണ്ടാതെ മിണ്ടിക്കൊണ്ടിരുന്നു……. “പപ്പാ….” റോഹന്റെ ശബ്ദം കാതിൽ വന്നു മുട്ടിയതും രണ്ടുപേരും രണ്ടു ദിക്കിലേക്ക് അകന്നു മാറി….. അപ്പോഴേക്കും അവൻ ഇരുവരുടെയും അടുത്തോടി എത്തി….. “ആ ഫോണൊന്നു തരാൻ ജിനുവാന്റി പറഞ്ഞു…..” “എന്തിനാടാ… അവൾടെ ഫോൺ നശിപ്പിച്ചോ….?” “അവന്റെ കയ്യിലേക്ക് തന്റെ ഫോൺ ജോണി കൊടുത്തുവിട്ടു….ഫോൺ കിട്ടേണ്ട താമസം…. അതും കൊണ്ടവൻ ഓടി…… “വാന്നെ…” അവൻ നേഹയെ നോക്കിയൊരു കണ്ണൊന്നിറുക്കി വിളിച്ചെങ്കിലും അവൾ മൈൻഡ് ചെയ്യാതെ പോകാൻ തുടങ്ങവെ ജോണിയുടെ കൈകൾ അവളെത്തേടി എത്തി…..

അവളല്പം കള്ളദേഷ്യം കലർത്തി പറഞ്ഞു…. “ഒന്നു വിട്ടെ….. എന്നിട്ട് പോയി കുളിക്കാൻ നോക്ക്…… “ഇനി കുളിക്കാനോ…. ഞാനിനി കാലത്തെ കുളിക്കുന്നുള്ളു……”” “എങ്കിലേ…. എന്റടുക്കെ ഇനി കിന്നരിക്കാൻ വരണ്ട……എന്റെ കൂടെ കിടക്കുകേം വേണ്ട….” “ഒന്നുപോടീ…..ഓരോ ഉത്തരവും കൊണ്ട് വന്നേക്കുന്നു…. നമ്മടെയെടുത്തു ഇതൊന്നും ചിലവാകില്ല…..” “എന്റടുത്തും ചിലവാകില്ല….. വേറെ ആരുടെ അടുത്താന്ന് വച്ചാ പൊയ്ക്കോ…..ഞാൻ തടയാൻ വരില്ല….” “ലിന്റയിപ്പോ എന്നെത്തിരക്കി നടക്കുവാ…. നിനക്കല്ലേ ഞാൻ അധികപ്പറ്റ്……” “ഓ….അപ്പൊ അതാണല്ലേ കാര്യം…. എങ്കിൽപ്പിന്നെ അങ്ങോട്ട്‌ പെട്ടെന്ന് ചെല്ല്…. പണ്ട് കിട്ടിയതൊന്നും പോരായിരിക്കും…. ബാക്കികൂടി ചെന്ന് വാങ്ങിക്ക്….. ഞാൻ പിള്ളാരേം കൊണ്ട് എവിടേലും പൊയ്ക്കോളാം……” “പഴയതൊക്കെ നിന്നോടാര് പറഞ്ഞു…..?” “അപ്പം തിന്നാൽപ്പോരേ കുഴിയെണ്ണുന്നതെന്തിനാ “എന്നും പറഞ്ഞവൾ മുറിയിൽ നിന്നിറങ്ങിപ്പോയി…. പഴയതെല്ലാം വള്ളിപുള്ളി തെറ്റാതെ ആരോ അവളെ ധരിപ്പിച്ചിട്ടുണ്ട്…. അല്ലെങ്കിൽ ഇമ്മാതിരി താങ്ങില്ലാരുന്നല്ലോ എന്നോർത്ത് പോക്കെറ്റിൽ നിന്ന് ഒരു സിഗററ്റും എടുത്ത് കത്തിച്ച് ജോണിയവിടെ നിന്നു…..

അപ്പോളാണവൻ ഒരു കാൽപെരുമാറ്റം കേട്ടത്…..തിരിഞ്ഞു നോക്കിയപ്പോൾ നേഹയാണ്….. കയ്യിലെ എരിഞ്ഞുകൊണ്ടിരിക്കുന്ന സിഗരറ്റിലും അവളുടെ മുഖത്തും മാറിമാറി അവനൊന്നു നോക്കി….. അവളുടെ മുഖത്തൊരല്പം ദേഷ്യം പടർന്നുവെന്ന് അവന് തോന്നി……. “ഇച്ചായനോട് നേരത്തെ ഞാൻ പറഞ്ഞിട്ടുണ്ട്….. സിഗരറ്റും ബീഡിയുമൊക്കെ വലിച്ചെ തീരുമെങ്കിൽ ആയിക്കോ….അതൊക്കെ ങ്ങടെ ഇഷ്ടം…. ഒന്നും അറിയാത്ത കൊച്ചുകുഞ്ഞൊന്നുമല്ലല്ലോ….. പക്ഷെ ഇതൊന്നും വീടിനകത്തു വച്ചു ചെയ്യുന്നത് ഒട്ടും നല്ലതല്ല….. രണ്ടു കൊച്ചുകുഞ്ഞുങ്ങളുള്ള വീടാ…അവരുടെ ഉള്ളിലൊട്ടും കൂടാ ഈ പൊകയൊക്കെ .ചെന്ന് കേറുന്നത്….ഇച്ചായൻ എന്തു ന്യായം പറഞ്ഞാലും എനിയ്ക്കിത് ഇഷ്ടമല്ല……” അവൾ പറഞ്ഞതിൽ കാര്യമുണ്ടെന്ന് തോന്നിയതിനാൽ ആവാം ജോണിയൊന്നും മിണ്ടിയില്ല……. “ചായകുടിക്കണെന്ന് പറയാൻ വന്നതാ…..”കൂടുതലൊന്നും പറയാൻ നിൽക്കാതെ അവൾ പോയി……. അവൾ മുറിയിൽ നിന്നിറങ്ങി അല്പം നടന്നതും റോഹൻ റിങ് ചെയ്തുകൊണ്ടിരിക്കുന്ന ജോണിയുടെ ഫോണും കൊണ്ട് ഓടിവന്നു…… മറുതലയ്ക്കൽ ലിന്റയാണെന്ന് അറിയാതെ നേഹ അത് ചെവിയോട് ചേർത്തു……… (തുടരും…)