രചന – റോസാതോമസ്
നാളെയാണ് അയാൾ വരുന്ന ദിവസം. ചെറുതായി തൂളി തുടങ്ങിയമഴത്തുള്ളികൾ കയ്യിലാക്കി ചിന്തയിൽ ആഴ്ന്ന് നീലിമ നിന്നു…പണ്ടും ഇങ്ങനെ മഴത്തുള്ളികൾ കയ്യിൽ ഇട്ട് അടിക്കാൻ ഒരുപാട് ഇഷ്ടമായിരുന്നു. വൈകുന്നേരങ്ങളിൽ ഒരു ചെറിയ തണുപ്പുണ്ട്.. കൂടെ ചെറിയ ചാറ്റൽ മഴയും കൂടെയുണ്ടെങ്കിൽ നല്ല രസമാണ്. ഇപ്പോൾ ആ രസങ്ങൾ ഒക്കെ വെറും ഒരു യാന്ത്രികമായ ശീലങ്ങൾ മാത്രം. വീണ്ടും ചിന്തകളിൽ അയാൾ നിറഞ്ഞു. ജിതേഷ് കുര്യൻ…. രണ്ടു മാസങ്ങൾക്ക് മുമ്പ് പെണ്ണു കാണാൻ വന്നപ്പോൾ ആണ് അയാളെ ആദ്യമായി കാണുന്നത്. പെട്ടെന്നു വന്ന ഒരു വിവാഹാലോചന ആയിരുന്നു അത്. ആൾ ദുബായിൽ എൻജിനീയർ..ഒറ്റമകൻ.. വർഷങ്ങളായിട്ട് ദുബായിൽ സെറ്റിൽ ആയ ഫാമിലി.
താൻ എംബിഎ ചെയ്തുകൊണ്ടിരിക്കുകയാണ്. ലാസ്റ്റ് സെമസ്റ്റർ ആണ്. പഠിച്ച് ഒരു ജോലി വാങ്ങി സ്വന്തം കാലിൽ നിൽക്കണം എന്നത്കുഞ്ഞുനാൾ മുതലുള്ള ആഗ്രഹമായിരുന്നു. എന്റെ ആസ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും തകർത്തുകൊണ്ട് ആണ് പപ്പാ ഈ വിവാഹാലോചന കൊണ്ടു വന്നത്.പപ്പയോട് കാല് പിടിച്ച് ഞാൻ ചോദിച്ചു ഇതൊന്നു മാറ്റിവയ്ക്കാൻ… കേട്ട ഭാവം പോലും നടിച്ചില്ല. അല്ലെങ്കിലും എല്ലാ കാര്യങ്ങളും പപ്പാ തീരുമാനിക്കും. മമ്മിയും ഞങ്ങളും അനുസരിക്കണം… പപ്പയെ പേടി ആണ് ഞങ്ങൾക്ക്. അനുസരിച്ച് മാത്രമേ ശീലമുള്ളൂ. ഒരു ദീർഘനിശ്വാസത്തോടെ അവളോർത്തു.പപ്പയ്ക്ക് ബിസിനസ് ആണ്. മമ്മി വീട്ടമ്മയും. ഒരു അനിയത്തി ഉണ്ട് നിയ. അവൾ പ്ലസ് വണ്ണിൽ.പഠിക്കുന്നു.
മോളെ ആ ട്രെ ഇങ്ങെടുത്തേ.. കിച്ചനിൽ നിന്നുകൊണ്ട് മമ്മി വിളിച്ചു.. മമ്മി ഭയങ്കര തിരക്കിലാണ്.. ഞാൻ അങ്ങോട്ട് ചെന്നു.
” മോളെ അവർ ഫാമിലി മാത്രമാണ് വരുന്നത് കേട്ടോ… എല്ലാം പറഞ്ഞു വച്ചതല്ലേ . ഇനി കണ്ട് ഇഷ്ടപ്പെട്ടാൽ മതി. ” ഓഹോ അപ്പൊ എല്ലാം പറഞ്ഞു ഉറപ്പിച്ചു അല്ലേ…എന്നിട്ട് ഞാൻ മാത്രം ഒന്നും അറിഞ്ഞില്ല “അങ്ങനെയല്ല മോളേ. നമ്മുടെ പപ്പയുടെ ഉറ്റസുഹൃത്ത് ആണ് ജിതന്റെ പപ്പാ.മാത്രമല്ല അവർ നല്ല ഫാമിലി ആയിട്ട് ദുബായിൽ സെറ്റിൽ ആയ കുടുംബം ആണ്. അതും വർഷങ്ങളായിട്ട്.. പിന്നെ ജിതേഷ് മോനേ ജിത്തു എന്നാണു വീട്ടിൽ വിളിക്കുന്നത് കേട്ടോ.അതാണ് ഞാൻ പറഞ്ഞത് എന്നോട് മാത്രം ആരും ഒന്നും പറഞ്ഞില്ല.. ഞാൻ മാത്രം ഒന്നും അറിഞ്ഞില്ല..ചേച്ചിയോട് മാത്രമല്ല എന്നോട് ആരും പറഞ്ഞില്ല.. നിയ കുട്ടിയുടെ പരാതി..
” എന്താ അവിടെ… പപ്പയുടെ ഘനഗംഭീര ശബ്ദം അവിടെ മുഴങ്ങിക്കേട്ടു. അമ്മമ്മ ധൃതിയിൽ അങ്ങോട്ട് പോയി. തിരിച്ചു വന്നിട്ട് വേഗം റെഡിയായി നിൽക്കാൻ എന്നോട് പറഞ്ഞു.രാവിലെ ഒരു പത്തു മണിയോടുകൂടി അവർ വന്നു. ജിതേഷും മാതാപിതാക്കളും മാത്രം. ചായ കൊടുക്കാൻ നേരം വല്ലാത്ത വിറയൽ അനുഭവപ്പെട്ടു.ആദ്യമായിട്ടാണ് ഇങ്ങനെയൊക്കെ.. അവർ ചോദിച്ചതിന് ഒക്കെ എന്തൊക്കെയോ മറുപടി പറഞ്ഞു തിരിച്ചുവന്നു. നിയ കൂടെ ഉള്ളതാണ് ഏക ആശ്വാസം.അവളാണെങ്കിൽ വന്നവരെയെല്ലാം നന്നായി സ്കാൻ ചെയ്യുന്നുണ്ട്.. എന്നിട്ട് എന്റെ അടുത്തുവന്ന് ഓരോന്ന് പറയും.
ചെക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആയിക്കോട്ടെ എന്നു പറഞ്ഞപ്പോൾ ഞങ്ങൾ പുറത്തേക്കിറങ്ങി.പേര് വിദ്യാഭ്യാസം കോളേജ് ജോലി ആദ്യ കാര്യങ്ങളെല്ലാം സംസാരിച്ചു…നല്ല സംസാരം ഇടപെടീൽ… കാണാനും കുഴപ്പം ഇല്ല.
എനിക്ക് ജോലിക്ക് പോകണം എന്ന ആഗ്രഹം മാത്രമാണ് അധികമായി ഞാൻ പറഞ്ഞത്.അതിനെന്താ ജോലിയൊക്കെ എല്ലാ പെൺകുട്ടികളുടേയും ആഗ്രഹം അല്ലേ നമുക്ക് മാരേജ് കഴിഞ്ഞു ദുബായിൽ തനിക്ക് പറ്റിയ ജോലി ശരിയാക്കാം അതു പോരേ?മതി എന്നു പറഞ്ഞപ്പോൾ ആ കണ്ണുകളിൽ ഉണ്ടായ തിളക്കം.. എന്റെ മനസ്സിലെ സംഘർഷങ്ങൾ കുറച്ചു.. എന്തായാലും എല്ലാം പറഞ്ഞു ഉറപ്പിച്ചതാണ്.. ഇനി പറഞ്ഞിട്ട് കാര്യമില്ല.. മനസ്സുകൊണ്ട് അംഗീകരിക്കാൻ ഞാൻ ശ്രമിച്ചു.
അവർ സന്തോഷത്തോടെ യാത്ര പറഞ്ഞു ഇറങ്ങി വീണ്ടും എല്ലാം ഒന്നുകൂടി പറഞ്ഞുറപ്പിച്ചതിനുശേഷം.ചേച്ചി ചെക്കൻ കാണാൻ സൂപ്പർ ആണ് കേട്ടോ.. ചേച്ചി കുട്ടിക്ക് നന്നായി ചേരും.. നിയ തുടങ്ങിയിട്ടുണ്ട്.. അവളെ ഞാൻ പഠിക്കാൻ ഒന്നും പറഞ്ഞു ഓടിച്ചുവിട്ടു.. ഈ ചേച്ചി കുട്ടി മനോരാജ്യം കണ്ടുതുടങ്ങി.. എന്നുപറഞ്ഞ് അവൾ ഓടിപ്പോയി… അങ്ങനെ അന്നത്തെ ദിവസം കടന്നു പോയി.പിറ്റേന്ന് രാവിലെ തന്നെ ഫോണിൽ ഒരു മെസ്സേജ്.. ഫ്ലൈറ്റ് ഇറങ്ങി ഫ്ലാറ്റിലെത്തി എന്നു തുടങ്ങിയ ഒരു മെസ്സേജ്.. ആളെ പിടികിട്ടി അപ്പോൾ തന്നെ കോൾ വന്നു. രാത്രിയിൽ അങ്ങോട്ടേക്ക് ഉള്ള യാത്ര.. പിന്നെ അവിടത്തെ ജോലി.. താമസം അങ്ങനെ കുഞ്ഞ് കുഞ്ഞ് കാര്യങ്ങളൊക്കെ പറഞ്ഞു സുഖമുള്ള ഒരു കുഞ്ഞു വിളി.
ഞാൻ ചെന്ന് മമ്മിയോട് പറഞ്ഞു.. പെണ്ണുകാണാൻ വന്നത് അല്ലേ ഉള്ളൂ.. സാധാരണ ഉറപ്പിച്ചതിനുശേഷം ഒക്കെ അല്ലേ വിളിച്ചു തുടങ്ങുന്നത്… അതായിരുന്നു എന്റെ സംശയം..എന്റെ പൊട്ടി ചേച്ചി എല്ലാം പറഞ്ഞുറപ്പിച്ചു അല്ലേ അവർ പോയത്…ഇനി രണ്ടു രണ്ടുമാസം കഴിഞ്ഞ അവർ വരുമ്പോൾ പേരിന് ഒരു ഉറപ്പിക്കൽ ഉം പിന്നെ പെട്ടെന്ന് തന്നെ കല്യാണവും. അപ്പോൾ ഈ രണ്ടു മാസം വിളിച്ച് സംസാരിച്ചു പരിചയപ്പെടാം എന്ന് വിചാരിച്ചു കാണും ചേട്ടൻ.. ഓഹോ ഇപ്പോഴേ ചേട്ടൻ ഒക്കെ ആയോ എന്റെ കണ്ണു മിഴിഞ്ഞു.
ഞാൻ ഒന്നും പറഞ്ഞില്ല മമ്മിയും… ഞങ്ങൾ അങ്ങനെയാണ് രണ്ടുപേരും…അധികം സംസാരിക്കില്ല…അവൾ പറഞ്ഞത് ശരിയാണ്.. നേരത്തെ സംസാരിക്കുന്നത് നല്ലതാണ് .. സ്വഭാവം ഒക്കെ മനസ്സിലാക്കാമല്ലോ എന്ന് ഞാൻ വിചാരിച്ചു.. പക്ഷേ ആ വിളി എന്റെ ജീവിതത്തെ തന്നെ മാറ്റി മറിക്കുന്ന ആണെന്ന് ഞാൻ അറിഞ്ഞില്ല.അതൊരു തുടക്കമായിരുന്നു. പിന്നീട് സമയം കിട്ടുമ്പോൾ ഒക്കെ വിളിക്കാൻ തുടങ്ങി. പതിയെ പതിയെ വിളികളുടെ എണ്ണം കൂടി കൂടി വന്നു.. ദൈർഘ്യവും.. വിളിച്ചിട്ട് അപ്പോൾ തന്നെ എടുത്തില്ലെങ്കിൽ ദേഷ്യം.. ഏതുസമയവും സംസാരിച്ചു കൊണ്ടിരിക്കണം.
ഇതെന്താ ഇത്രമാത്രം സംസാരിക്കാൻ എന്ന് നിയ പോലും ചോദിച്ചു തുടങ്ങി. ഇപ്പോഴത്തെ പിള്ളേരല്ലേ അങ്ങനെയൊക്കെ ആയിരിക്കുമെന്ന കാരണവന്മാർ പറയുന്നത് പോലെ സ്റ്റൈലിൽ പറഞ്ഞിട്ട് അവൾ പോയി. ചിലപ്പോൾ ഭയങ്കര സ്നേഹം ആയിരിക്കും ചിലപ്പോൾ നേർവിപരീതം.. എന്തായാലും ഒരുമിച്ച് ജീവിക്കേണ്ടത് അല്ലേ ഇപ്പോഴേ എതിർ ഒക്കെ ആയാൽ എന്ത് വിചാരിക്കും.. അതുകൊണ്ട് ഞാൻ മൗനം പാലിച്ചു. കോളേജിൽ പോകുന്ന നേരം. കുറെ നേരം സംസാരിക്കും.. തിരിച്ചുവരുമ്പോൾ കുറെ മിസ്കോൾ ഫോണിൽ കാണും.. അതെന്തിനാ ഞാൻ ഇല്ലാത്തപ്പോൾ വിളിക്കുന്നത് കോളേജിൽ നിന്നും വന്നിട്ട് വിളിച്ചാൽ പോരെ എന്ന് ചോദിക്കുമ്പോൾ ദേഷ്യം ആകും. നിന്നെ വല്ലാണ്ട് മിസ്സ് ആകുമ്പോൾ ആണെന്ന് ഉദ്ദേശത്തോടെ മറുപടി പറയും.. എനിക്ക് മടുത്തു തുടങ്ങി.. പക്ഷേ വിളിച്ചു ഇത്രയേറെ സംസാരിച്ചു പോയില്ലേ… ഇനി എങ്ങനെ വേണ്ടെന്നു വയ്ക്കും? ഭക്ഷണം കഴിക്കാൻ പോവുമ്പോഴും ബാത്റൂമിൽ പോകുമ്പോഴും എന്നു വേണ്ട എല്ലാ കാര്യങ്ങളും ചോദിച്ചിട്ട് ചെയ്യാൻ പറ്റൂ..സമയം മാറി വരുന്ന കോളുകൾ എനിക്കൊരു തലവേദനയായി മാറി. പിന്നീട് അത് രാത്രിയിൽ നേരം വെളുക്കുന്ന വരെയും തുടർന്നു. ഉറങ്ങാൻ പോലും സമ്മതിക്കില്ല എന്ന് വെച്ചാൽ.അവസാനം വീട്ടിൽ പറയാമെന്ന് വച്ചു. മമ്മി വേണം പപ്പയെ അറിയിക്കാൻ.. മമ്മി പറയാം എന്നേറ്റു..ജിത്തു മോൻ സ്നേഹംകൊണ്ട് വിളിക്കുന്നതായിരിക്കും എന്നായിരുന്നു മറുപടി. പപ്പയുടെ ഉറ്റ സുഹൃത്തിന്റെ മകനല്ലേ പപ്പാ സമ്മതിക്കുമോ… ഇനി എന്ത് ചെയ്യും…..തുടരും…

by