17/04/2026

വാതിൽ തുറക്കുന്ന ശബ്ദം ആ പെണ്ണുടലിനെ വിറകൊള്ളിച്ചു…

രചന – ഭാഗ്യലക്ഷ്മി

വാതിൽ തുറക്കുന്ന ശബ്ദം ആ പെണ്ണുടലിനെ വിറകൊള്ളിച്ചു… ഉൾഭയത്താൽ പിന്നിലേക്ക് രണ്ടടി നീങ്ങിയതും ഭിത്തിയിൽ തട്ടി നിന്നവൾ..!! ചെന്നിയിലൂടെ ഒഴുകുന്ന വിയർപ്പു തുള്ളികളെ പരിഭ്രാന്തിയാൽ തുടച്ചു ദേഹമാകെപൊതിഞ്ഞിരിക്കുന്ന ചുവന്ന പട്ടിനോടവൾക്ക് അമർഷം തോന്നി… ഉള്ളിലെ നിലവിളികൾ തൊണ്ടക്കുഴിയിലെവിടെയോ കുടുങ്ങി പോയതും നിസ്സഹായതയോടെ നിലത്തേക്കൂർന്നിരുന്നു…. കാൽ മുട്ടിൽ മുഖം ചേർത്തവൾ തേങ്ങി കരയവേ വെള്ള ഷർട്ടും സ്വർണ്ണക്കരയുള്ള മുണ്ടും ധരിച്ച് ഒരു പുഞ്ചിരിയോടവൻ അകത്തേക്ക് കയറിയിരുന്നു… നുണക്കുഴിയെ മറച്ചു കൊണ്ട് താടിരോമങ്ങൾ അവൻ്റെ മുഖത്ത് സ്ഥാനം പിടിച്ചിരുന്നു.. കറുപ്പ് ഫ്രെയിമുള്ള കണ്ണടയും നെറ്റിയിലെ നേർത്ത ചന്ദനക്കുറിയും അവൻ്റെ മുഖത്തെ കൂടുതൽ മനോഹരമാക്കി… സൂക്ഷ്മമായി നോക്കിയാൽ സമൃദ്ധമായി വളർന്നിരിക്കുന്ന അവൻ്റെ മുടിയിഴകളിൽ അവിടിവിടെയായി നര സ്ഥാനം പിടിച്ച് തുടങ്ങിയത് ദൃശ്യമാവും.. രാവിൻ്റെ നിശബ്ദതയെ ഭേദിച്ചു കൊണ്ട് അടക്കിപ്പിടിച്ചുള്ള അവളുടെ തേങ്ങലുകൾ അവൻ്റെ കാതിൽ അലയടിച്ചു…

അവൻ ചുവടുകൾ മുൻപിലേക്ക് വെയ്ക്കും തോറും ആ തേങ്ങലുകളുടെ ആക്കം കൂടിയതല്ലാതെ തെല്ലും കുറഞ്ഞില്ല… ആ കാലടികൾ തന്നിലേക്കടുത്തതും അവൾ കാതുകൾ കൊട്ടിയടച്ചു… മാനം നന്നേ കറുത്തു… നിലാവും നക്ഷത്ര ടുത്തേക്കവൻ എത്തിയതും ഒറ്റ ശ്വാസത്തിലവൾ പറഞ്ഞൊപ്പിച്ചു… ശേഷം ഒരു ഭ്രാന്തിയെ പോലെ മുടിയിഴകളിൽ വിരൽ കോർത്തു ശക്തമായി വലിച്ചു… “പേടിയാ…. പേടിയാ എനിക്കെല്ലാവരെയും…. ഇറങ്ങി പോ… എനിക്ക് പേടിയാ..” ഇടർച്ചയോടെ പറഞ്ഞു കൊണ്ട് മുഖം പൊത്തി കരയുന്നവളെ കാൺകെ എന്തെന്നില്ലാത്ത സങ്കടമവനെ പൊതിഞ്ഞു…. മറ്റൊന്നിനുമല്ല…. ഒന്ന് നെഞ്ചോട് ചേർക്കണം… നിനക്ക് ഞാനുണ്ടെന്ന് പറയണം… അവൻ്റെ ഉള്ളം വിങ്ങിയതും അവൾ അലറിക്കരഞ്ഞിരുന്നു…. മുൻപോട്ട് വെച്ച പാദങ്ങൾ പിൻവലിക്കുമ്പോൾ ഭയത്തോടെ തന്നെ നോക്കുന്നവളുടെ മുഖം അവൻ്റെ മനസ്സിൽ തറഞ്ഞു…. അവൻ പിൻ തിരിഞ്ഞ് നടന്നതും ആ പെണ്ണിൻ്റെ മുഖത്ത് ആശ്വാസം പടർന്നു… നോക്കുകുത്തികൾ പോലെ ബെഡ് ഷീറ്റിന് മീതെ കിടന്ന മുല്ലപ്പൂക്കൾ അവൾക്ക് കൂട്ടെന്ന പോലെ തൻ്റെ സുഗന്ധം പരത്തിക്കൊണ്ടിരുന്നു….

ജഗൻ കണ്ണട ഊരി ടേബിളിന് മീതെ വെച്ച് മെല്ലെ സോഫയിലേക്ക് കിടന്നു… കരങ്ങൾ രണ്ടും ശിരസ്സിന് മീതെ പിണച്ചു വെച്ചു മിഴികൾ ഒന്നു ഇറുക്കിയടച്ചു… പ്രതീക്ഷിച്ച പ്രതികരണം തന്നെയായിരുന്നുവെങ്കിലും അവൻ്റെ നെഞ്ചൊന്നു പിടഞ്ഞു… അവളുടെ മിഴിനീർ കാൺകെ…!! മാനസികവും ശാരീരികവുമായി അവൾ അനുഭവിച്ച വേദന തൻ്റെ ഊഹത്തിനുമപ്പുറം ആകുമെന്നവൻ അല്ലലോടെ ഓർത്തു… “മോനേ…. അവൾ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ല.. പാവമാ എൻ്റെ കുട്ടി… ഇരുളിൻ്റെ മറവിൽ ഏതോ ഒരുത്തൻ എൻ്റെ മോളെ….” പറഞ്ഞു പൂർത്തിയാക്കും മുൻപയാൾ വിതുമ്പിയതവൻ ഓർത്തു…. അന്നാ പിതാവിൻ്റെ ഇരു കരങ്ങളും കവർന്നു കൊണ്ട് അച്ഛൻ്റെ മകൾക്ക് ഞാനുണ്ടാകും എന്ന് വാക്കു കൊടുത്തത് ജഗൻ്റെ ഓർമ്മകളിലൂടെ മിന്നി മാഞ്ഞു… ഒപ്പം തന്നെ അവളുടെ കണ്ണുകൾ നിറയാൻ താനിനിയും അനുവദിക്കില്ലെന്ന് സ്വന്തം മനസാക്ഷിക്കും അവൻ വാക്ക് കൊടുത്തിരുന്നു…. അതു കൊണ്ട് തന്നെയാണല്ലോ പണത്തിൻ്റെ സ്വാധീനത്തിൽ കേസിൽ നിന്നും ഊരിപ്പോയ, അവളുടെ ജീവിതം നശിപ്പിച്ചവൻ്റെ ശവം നാലാം നാൾ ആറ്റിൽ പൊങ്ങിയതും.. പക്ഷേ അവളുടെ ജീവിതത്തിൽ കറുപ്പു നിഴൽ വീഴ്ത്തിയ ഓർമ്മകൾ അവളിൽ നിന്നും അടർത്തി മാറ്റുക അത്ര എളുപ്പമല്ലെന്ന് ജഗന് മനസ്സിലായി…

ഓർമ്മകളുടെ ഉൾക്കാട്ടിൽ മനസ്സലയവേ അവൻ മെല്ലെ മയക്കത്തിലേക്ക് വഴുതി വീണു… നേരം പുലർന്നതും മുറ്റമടിക്കുന്നൊരു ശബ്ദം…. ഒപ്പം തന്നെ പക്ഷികളുടെ കലപില ശബ്ദങ്ങളും കാതിൽ മുഴങ്ങി… അവൻ മെല്ലെ കൈകൾ കുടഞ്ഞു കൊണ്ട് എഴുന്നേറ്റു… “ഉറക്കം ശരിയായില്ല…!!” സോഫയിൽ നോക്കിക്കൊണ്ട് പിറു പിറുത്തു.. ശേഷമവൻ കണ്ണട കരങ്ങളിൽ എടുത്തു…. ജനൽ പാളി മെല്ലെ തുറന്നതും പുറത്ത് നിന്നുമൊരു തെന്നൽ തഴുകി തലോടി പോയി… പുലരിയുടെ വരവറിയിച്ച സൂര്യ കിരണങ്ങൾ അകത്തേക്ക് പതിച്ചപ്പോൾ അവൻ്റെ മിഴികൾ നീണ്ടത് മുറ്റമടിക്കുന്നവളിലേക്ക് ആയിരുന്നു.. ഈ പുലരി എത്ര മനോഹരമാണ്…???? അതിലും മനോഹരമാണ് അവൾ…. ആ ചുവന്ന കല്ല് മൂക്കൂത്തി അവൾക്കായ് സൃഷ്ടിച്ച പോലെ…!! അനുസരണയില്ലാതെ മുഖത്തേക്ക് പാറി വീഴുന്ന മുടിയിഴകൾ അവൾ വകഞ്ഞു മാറ്റുന്നുണ്ട്… ഇടയ്ക്കിടെ നടു നിവർത്തുന്നുണ്ട്… നേരം പോയതറിഞ്ഞില്ല… ഇളകുന്ന കരിയിലക്കൂട്ടങ്ങളുടെ ശബ്ദം നിലച്ചതും അവൻ ജനലരികിൽ നിന്നുമകന്നു മാറി…. അരികിലായൊരു അനക്കം…. പിൻതിരിഞ്ഞ് നോക്കും മുമ്പവൾ തനിക്കായ് പകർന്ന കട്ടൻ കാപ്പി ടേബിളിൽ വെച്ചിട്ട് നടന്നകന്നിരുന്നു..

അവൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞിരുന്നു.. പണ്ടും അവൾക്കായ് തൻ്റെ അധരങ്ങളിൽ താനൊളിപ്പിച്ച അതേ കുസൃതി ചിരി.. വാക്കുകളാൽ മൊഴിഞ്ഞിട്ടില്ലെങ്കിലും മിഴികളിൽ പലപ്പോഴും താൻ തൻ്റെ പ്രണയം പ്രകടമാക്കിയിട്ടുണ്ട്… മാഷേ എന്നുള്ള ആ ദാവണിക്കാരിയുടെ വിളിയിൽ സ്വയം മറന്നിട്ടുണ്ട്… പ്രണയത്തെ പറ്റി ചിന്തിക്കുമ്പോൾ മനസ്സിൽ തെളിയുന്ന ഒരേ ഒരു മുഖം അവളുടേത് മാത്രമാണ്… അന്നും… ഇന്നും… മനസ്സിൽ സൂക്ഷിച്ച ഇഷ്ടം അവളോട് തുറന്ന് പറയണമെന്ന് കരുതിയപ്പോഴാണ് വിധിയെല്ലാം മാറ്റി മറിച്ചത്…!! ജീവിതത്തിലേക്ക് തിരിച്ച് വന്നവളുടെ കഴുത്തിൽ താലി കെട്ടുമ്പോൾ പഴയതെല്ലാം മറന്ന് അവൾക്ക് തൻ്റെയൊപ്പം സന്തോഷത്തോടെ ജീവിക്കാൻ കഴിയണമേ എന്നൊരൊറ്റ പ്രാർത്ഥനയെ ഉണ്ടായിരുന്നുള്ളൂ… എന്നാൽ അവളുടെ മനസ്സിനേറ്റ മുറിവ് അത്ര പെട്ടെന്ന് മായിക്കാനാവുന്നവയല്ലെന്ന് അവൻ ചിന്തിച്ചു… അവളെ അന്വേഷിച്ചു ചെന്നതും വരാന്തയിലെ തൂണിലേക്കവൾ തല ചായ്ച്ച് ഇരിക്കുന്നതവൻ കണ്ടു.. അലസമായി ചുറ്റിയ ഒരു നരച്ച സാരിയാണ് വേഷം.. കാറ്റിനോടൊപ്പം എണ്ണമയമില്ലാത്ത ആ മുടിയിഴകൾ പാറിപ്പറക്കുന്നുണ്ട്.. ഈറനണിഞ്ഞ മിഴികൾ വിദൂരതയിലേക്ക് നട്ടിരിക്കുന്നതിനിടെ അവൻ്റെ കരസ്പർശം ചുമലിലേറ്റതും പെണ്ണൊന്നു ഞെട്ടിപ്പിടഞ്ഞു..

ജഗൻ ഒരു നിറപുഞ്ചിരിയോടെ അവളെ നോക്കിയതും ആ പെണ്ണിൻ്റെ ശിരസ്സ് താണു… അറിയാതെ രണ്ടടി പിന്നിലേക്ക് വെച്ചു… “ഇതെന്തൊരു കോലമാ..?? പോയി കുളിച്ചു നല്ലൊരു സാരിയൊക്കെ ഉടുത്തു വാ എൻ്റെ പെണ്ണേ…” ഗൗരവം നിറഞ്ഞ സ്വരത്തോടെ അവൻ പറഞ്ഞിട്ടും ഭാവ വ്യത്യാസമില്ലാതെ നിൽക്കുവാണ് പെണ്ണപ്പോഴും…. “ദേ… പറഞ്ഞത് കേട്ടില്ലെങ്കിൽ ഞാൻ പൊക്കിയെടുത്തോണ്ട് പോയി കുളിപ്പിക്കും… പറഞ്ഞേക്കാം…” കുളക്കടവിലേക്ക് മിഴികൾ നീട്ടിക്കൊണ്ടവൻ പറഞ്ഞതും അവൾ ഞെട്ടലോടെ മുഖമുയർത്തി… “ചെല്ല്.. പോയി കുളിച്ചൊന്ന് ഐശ്വര്യത്തോടെ വാ പെണ്ണേ…” പിടയ്ക്കുന്ന ആ നേത്ര ഗോളങ്ങൾ കാൺകെ അവൻ്റെ സ്വരം ശാന്തമായതും അവൾ മൗനത്തെ കൂട്ടുപിടിച്ച് അകത്തേക്ക് നടന്നിരുന്നു… കുളിച്ചു കയറി ഈറൻ മുടിയിഴകൾ തോർത്തുന്നവളെ ഇടുപ്പിലൂടെയവൻ തന്നിലേക്ക് ചേർത്ത് പിടിയ്ക്കുമ്പോൾ അവൾ കരച്ചിലിൻ്റെ വക്കിൽ എത്തിയിരുന്നു… പിടച്ചിലോടെ അതിലേറെ യാചനയോടെ അവൾ നോക്കുമ്പോൾ കലങ്ങിയ ആ നേത്രങ്ങളിൽ നോക്കി ചെറു ചിരിയോടെ മിഴികളൊന്ന് ചിമ്മിയവൻ.. സിന്ദൂരച്ചെപ്പെടുത്ത് ഒരു നുള്ള് കുങ്കുമം മെല്ലെ ആ നെറുകയിൽ ചാർത്തി ജഗൻ നടന്നകലവേ അവൾ അമ്പരപ്പോടെ ഏറെ നേരം അവൻ പോയ വഴിയേ നോക്കി നിന്നു പോയി…!! “ഇന്ന് വരാൻ കുറച്ച് വൈകും….” ജോലിക്ക് പോകാൻ തുടങ്ങിയതും ജഗൻ പറഞ്ഞതിന് ഒരു മൂളൽ മാത്രമായിരുന്നു അവളുടെ മറുപടി…

സമയം സന്ധ്യയോടടുത്തു… ചെന്നിയിലൂടെ ഒഴുകുന്ന വിയർപ്പു തുള്ളികൾ അവൾ സാരിത്തലപ്പാൽ ഒപ്പി…. എവിടെപ്പോയി കിടക്കുന്നു..? നേരമിത്രെയും ആയെന്ന് ഓർക്കുന്നുണ്ടാവുമോ….? ഒരുവൾ ഇവിടെകാത്തിരിക്കുന്നെന്ന് അറിയാതെയെങ്കിലും ചിന്തിക്കുന്നുണ്ടാവുമോ…? അല്ലെങ്കിൽ തന്നെഎനിക്കെന്തവകാശം…???!! അകറ്റി നിർത്തിയിട്ടേയുള്ളൂ…. വിവാഹം കഴിഞ്ഞ നാൾ മുതൽ… ആരോ ചെയ്ത തെറ്റിൻ്റെ ശിക്ഷ ആ മനുഷ്യന് നൽകണമായിരുന്നോ….? വേദനയോടെ ചിന്തിക്കുമ്പോഴും അവളുടെ മിഴികൾ നീണ്ടത് വാതിൽപ്പടിയിലേക്കായിരുന്നു… എത്ര പെട്ടെന്നാണ് കാർമേഘങ്ങൾ വിണ്ണിൽ സ്ഥാനമുറപ്പിച്ചത്… ആദ്യമൊരു ചാറ്റൽ മഴ…. പിന്നീടവ ആരോടോ ഉള്ള വാശിയെന്ന പോലെ ആർത്തു പെയ്തു… തൻ്റെ മിഴികൾ ഒരിക്കൽ പെയ്തതുപോലെ… ഇപ്പോഴവ കരയാൻ വിസ്സമ്മതിക്കുന്നു… മിഴിനീർ വറ്റിയവ വരണ്ടതു കൊണ്ടോ അതോ മനസ്സിനേറ്റ വ്രണങ്ങൾ മാഞ്ഞു തുടങ്ങിയതു കൊണ്ടോ…? ചോദ്യങ്ങൾ ഉത്തരം കാക്കാതെ ഉള്ളിലെവിടെയോ കുടുങ്ങിക്കിടന്നു… രാവേറെ വൈകി അവൻ വന്നതും അവൾ വെപ്രാളത്തോടെ അവൻ്റെ ചാരേക്ക് നടന്നു….

“എവിടെയായിരുന്നു….??!!” പരിഭ്രമത്തോടെ അവൾ ചോദ്യമുന്നയിക്കുമ്പോൾ ഇതുവരെ കാണാത്തൊരു അമ്പരപ്പ് ജഗൻ്റെ മിഴികളിൽ പ്രകടമായിരുന്നു…. അവ പതിയെ ഒരു നനുത്ത പുഞ്ചിരിക്ക് വഴി മാറി.. “നീ എനിക്കായ് കാത്തിരുന്നോ…?” പഴകിയൊരു തോർത്തെടുത്ത് തലയിൽ അമർത്തി തുടച്ചു കൊണ്ടവൻ ചോദിച്ചതും അവൾ സ്വയമറിയാതെ ശിരസ്സനക്കിയിരുന്നു… പതിവില്ലാതെയവൾ തനിക്കൊപ്പം അത്താഴം കഴിക്കാൻ ഇരിക്കുന്നതവൻ അമ്പരപ്പോടെ നോക്കിയിരുന്നു… തന്നിൽ പതിഞ്ഞിരിക്കുന്ന ആ മിഴികളെ നേരിടാനാവാതവൾ മിഴികൾ താഴ്ത്തി… വായയിലേക്ക് വെച്ച ഭക്ഷണത്തിൽ മിഴിനീരിൻ്റെ ഉപ്പുരസം പടർന്നതവൾ അറിഞ്ഞു… മെല്ലെ അവൻ അവളുടെ ചുമലിലേക്ക് കരങ്ങൾ ചേർത്തതും ആ പെണ്ണൊന്നു ഞെട്ടി… അവളുടെ ഉടലു വിറയ്ക്കുന്നതവൻ അറിഞ്ഞു.. ആദ്യരാത്രിയിൽ അവളിലുണ്ടായ ഭയം തൻ്റെ മനസ്സിലേക്ക് കടന്നു വന്നതും സ്വയം നിയന്ത്രിച്ചു കൊണ്ട് ജഗൻ കരങ്ങൾ പിൻവലിച്ചു..

അവളുടെ താടിത്തുമ്പിൽ പിടിച്ച് ആ മുഖമുയർത്തി.. പ്രഭാതത്തിൽ മഞ്ഞിൻ കണങ്ങൾ ഏറ്റ് ചുവന്നു തുടുത്ത് മനോഹരിയായി നിൽക്കുന്ന ഒരു പനിനീർ പൂവിനെയാണവന് അവളുടെ മുഖം കാൺകെ ഓർമ്മ വന്നത്… “മാളൂട്ടിയേ..!!!” അവൻ മൃദുവായി അവളുടെ കാതിലേക്ക് വിളിച്ചു… ആ നിശ്വാസം തന്നിൽ പതിഞ്ഞതും അവൾ മിഴികൾ ഇറുക്കിയടച്ചു… “എന്തിനാ കരയുന്നെ.. ങും..??” ശാന്തതയോടെയുള്ള അവൻ്റെ സ്വരം അവളുടെ കാതിൽ മുഴങ്ങി… അതിനു മറുപടിയായി ഒരേങ്ങലടിയാണ് അവളിൽ നിന്നുയർന്നത്… “എ… എന്തിനാ എന്നെ വിവാഹം കഴിച്ചെ..??? കഴിയില്ല എനിക്ക് നല്ലൊരു ഭാര്യയാവാൻ….!!” ഇടറി ഇടറി പറയുന്ന പെണ്ണിൻ്റെ പരിഭവം നിറഞ്ഞ മുഖത്തേക്കവൻ ഉറ്റു നോക്കി… “എന്തുകൊണ്ട് കഴിയില്ല…?? നിൻ്റെ ഭാഗത്ത് ഒരു തെറ്റുമില്ല മാളൂ… ഏതോ ഒരുത്തൻ ചെയ്ത തെറ്റിന് നീ എന്തിനാ ഇങ്ങനെ സ്വയം ശിക്ഷ ഏറ്റു വാങ്ങുന്നെ…??” ക്ഷണനേരം പോലും പാഴാക്കാതവൻ മറുചോദ്യമുന്നയിച്ചതും അവൾ വേദനയോടെ മിഴികൾ താഴ്ത്തി… അവൾ അവൻ്റെ മുഖത്ത് നോക്കാതെ ധൃതിയിൽ എഴുന്നേല്ക്കാൻ തുടങ്ങിയതും അവൻ അവളുടെ വലം കൈയ്യിൽ പിടുത്തമിട്ടിരുന്നു… അല്പം ബലമായി തന്നെ… അവൾ കൈവലിച്ചു കൊണ്ട് കുതറാൻ ശ്രമിച്ചതും അവൻ പിന്നിൽ നിന്നുമവളെ ഇറുകെ പുണർന്നിരുന്നു…

അപ്രതീക്ഷിതമായ അവൻ്റെ പ്രവർത്തിയാൽ അവളുടെ ശ്വാസഗതി താൻ പോലുമറിയാതെ ഒന്നുയർന്നു താണു… “ഇഷ്ടമാ മാളൂട്ടി എനിക്ക് നിന്നെ.. ഈ ജഗൻ്റെ പ്രാണനാ നീ…!! വയ്യ നീയിങ്ങനെ നീറി നീറി ജീവിക്കുന്നത് കാണാൻ… ഞാൻ എന്നും ഒരാളെ മാത്രമേ പ്രണയിച്ചിട്ടുള്ളൂ… അത് നിന്നെയാ.. ഓർമ്മ വെച്ച നാൾ മുതൽ കയറിക്കൂടിയതാ എൻ്റെയുള്ളിൽ നീ… എനിക്ക് വേണം നിന്നെ…” നനുത്ത ചുംബനങ്ങൾക്കൊപ്പം കാതിൽ പതിഞ്ഞ വാക്കുകൾ….!! അവൾ പൊള്ളിപ്പിടഞ്ഞു പോയി…. ഞെട്ടലോടെ പിൻതിരിഞ്ഞു നോക്കുമ്പോൾ കണ്ടു ആ മിഴികളിൽ അലയടിക്കുന്ന പ്രണയത്തിൻ്റെ സാഗരത്തെ..!! അത്ഭുതം കൂറിയവൾ ശില പോലവനെ നോക്കി നിന്നു… ഏറെ നേരം… വികാരമേതുമില്ലാതെ…!! നിമിഷങ്ങൾ കൊഴിയവേ മാളുവിന് തൻ്റെ ശരീരം തളരുന്നതു പോലെ തോന്നി… നിലത്തേക്കൂർന്നു പോകാൻ തുടങ്ങിയവളെ ജഗൻ ഒന്നും കൂടി തന്നിലേക്കമർത്തി പിടിച്ചു… എന്നാലവൾ അടർന്നു മാറിക്കൊണ്ട് മുഖം പൊത്തി വിങ്ങിപ്പൊട്ടി.. “എന്തിനാ ഈ കിടന്ന് മോങ്ങുന്നത് മാളുവേ..??” ദയനീയമായ അവൻ്റെ നോട്ടം അവളിലേക്ക് നീണ്ടു…

“ൻ്റെ… മാളൂട്ടിയേ…” അവൻ മൃദുവായി അവളുടെ കാതോരം മൊഴിഞ്ഞു… അവളിൽ നിന്നും പ്രതികരണം ഒന്നും ഉണ്ടാകാഞ്ഞതിനാൽ ജഗൻ്റെ മുഖം ചുളിഞ്ഞു… അവൻ മുഷ്ടി ചുരുട്ടി കൊണ്ട് സ്വല്പം ദേഷ്യത്തോടെ നടന്നകന്നു… സമയം കടന്നു പോയതും ജഗൻ മെല്ലെ സോഫയിലേക്ക് തല ചായ്ച്ച് കിടന്നു… നിദ്രയെ പുൽകാനായില്ലെങ്കിലും ആരോടോ ഉള്ള വാശിയെന്ന പോലെ വെറുതെ മിഴികൾ പൂട്ടി… ജഗനെ കടന്നു പോകുമ്പോൾ അറിയാതെ പോലും തൻ്റെ നോട്ടം അവനിലേക്ക് നീളാതിരിക്കാൻ ശ്രദ്ധിച്ചവൾ മുറിയിലേക്ക് കയറി… ആ പാദസര കിലുക്കം ജഗൻ്റെ ഉള്ളത്തെ പൊള്ളിച്ചു കൊണ്ട് കാതുകൾക്കന്യമായി… നേരം പുലർന്നു തുടങ്ങി… മാളു ചെന്നു നോക്കിയപ്പോൾ ജഗൻ സോഫയിൽ ഉണ്ടായിരുന്നില്ല… ഉള്ളിലെവിടെയോ ഒരു കുഞ്ഞു നോവ് പടർന്നു തുടങ്ങിയതവളറിഞ്ഞു… പതിവിലും വിപരീതമായവൻ ഒന്നും മിണ്ടാതെ ജോലിക്കായി പോകുന്നത് മാളു നിസ്സംഗതയോടെ നോക്കി നിന്നു… അവൻ കൺമുന്നിൽ നിന്നും മറയുന്നതു വരെ അവളുടെ നോട്ടം അവനിൽ തന്നെ ആയിരുന്നു… വാതിലടച്ചവൾ അല്പ നേരം കാൽമുട്ടിൽ മുഖം ചേർത്തിരുന്നു…

”കഴിയുന്നില്ല ജഗേട്ടാ ഈ മാളുവിന് ഒക്കെ മറക്കാൻ… കഴിയുന്നില്ല… എനിക്ക്.. ആ പഴയ മാളുവാകാൻ… ഞാൻ വേദനിപ്പിക്കുവാ എൻ്റെ ജഗേട്ടനെ… എന്നെ സ്നേഹിക്കുന്നവരെ ഒക്കെ ഞാൻ വേദനിപ്പിക്കുവാ… മതിയായി മാളുവിന് ഈ ജീവിതം…” അവൾ സ്വയം പഴിച്ചു കൊണ്ട് എഴുന്നേറ്റു… “” എൻ്റെ പ്രിയ്യപ്പെട്ട ജഗേട്ടന്, ഇഷ്ടമാ ഈ മാളൂന് ഒരുപാട്… ൻ്റെ..ൻ്റെ ജഗേട്ടനെ… പക്ഷേ കഴിയുന്നില്ല ജഗേട്ടാ… എനിക്ക്… എൻ്റെ ജീവിതം നശിപ്പിച്ചവൻ സുഖമായി ഈ ലോകത്ത് കഴിയുമ്പോൾ.. പറ്റണില്ല ഈ മാളുവിന്.. എന്നോട്ട് ക്ഷമിക്കണേ ജഗേട്ടാ… ന്നെ.. എന്നെ.. വെറുക്കല്ലേ… ഇനിയും ഒരു ജന്മമുണ്ടെങ്കിൽ ൻ്റെ ജഗേട്ടൻ്റെ പെണ്ണായി ജനിക്കാം ഞാൻ…”” ഹൃദയ വേദനയോടെ ആ വെള്ള പേപ്പറിലെ അവസാന വരിയും എഴുതിയവൾ വിറയാർന്ന വിരലുകളോടെ പേന താഴെ വെച്ചു… ശേഷം കയ്യിൽ കരുതിയിരുന്ന ബ്ലേഡു കൊണ്ട് ഞരമ്പ് മുറിക്കുമ്പോൾ ശരീരത്തേക്കാൾ നോവ് പടർത്തുന്നൊരു ഹൃദയം അവളിലുണ്ടായിരുന്നു….

രാവിലെ മാളുവിനോടൊന്നും സംസാരിക്കാഞ്ഞതിനാൽ അസ്വസ്ഥമായ മനസ്സോടെ ജഗൻ പാതി വഴി മാത്രം പോയി ധൃതിയിൽ തിരികെ വീട്ടിലേക്ക് മടങ്ങുമ്പോൾ എന്തിനെന്നറിയാതെ ഹൃദയം മിടിക്കുന്നുണ്ടായിരുന്നു… വല്ലാത്തൊരു പരവേശം…!! ഓർമ്മയിൽ നിസ്സംഗതയോടെ തന്നെ നോക്കുന്ന തൻ്റെ പെണ്ണിൻ്റെ മുഖം മാത്രം…!!! “ൻ്റെ…മാളൂട്ടിയേ എവിടാ നീ.. നിന്നോട് പിണങ്ങാൻ പറ്റണില്ല പെണ്ണേ എനിക്ക്… ” അവൻ നാലു പാടും നോക്കിക്കൊണ്ട് അവളെ വിളിച്ചു.. എന്നാൽ തറയിൽ പടർന്ന രക്തത്തിലേക്ക് മിഴികൾ പതിഞ്ഞതും ഒന്ന് ശബ്ദിക്കാൻ പോലുമാവാതവൻ തറഞ്ഞു നിന്നു പോയി.. നിമിഷാർദ്ധത്തിനുള്ളിൽ ഈറനണിഞ്ഞ നേത്ര ഗോളങ്ങൾ പതിഞ്ഞത് ബോധമറ്റ് നിലത്ത് കിടക്കുന്ന തൻ്റെ പ്രാണനിൽ ആയിരുന്നു.. തൻ്റെ ഹൃദയം ഒരു നിമിഷത്തേക്ക് നിലച്ചത് പോലെ തോന്നിയവന്…!! “എൻ്റെ മാളുവേ….” ഹൃദയം നുറുങ്ങുന്ന വേദനയോടെയുള്ള ആ വിളിയിൽ പക്ഷികൾ വിറകൊണ്ട് നാല് പാടും പറന്നു..

ഓടിയടുത്തവളെ ആ കൈകളിൽ കോരിയെടുക്കുമ്പോൾ സമീപത്തായി കിടന്ന ആ കത്ത് അവൻ്റെ മിഴിനീരിൽ കുതിർന്നിരുന്നു.. “ഇല്ല മാളുവേ.. ശിക്ഷിച്ചു ഞാൻ…!! അവനെ ശിക്ഷിച്ചു ഞാൻ… നിയമത്തിൻ്റെ കോടതിയിൽ നിന്നവൻ നിഷ്പ്രയാസം ഊരിപ്പോയപ്പോൾ എൻ്റെ കോടതിയിൽ ഞാനവനുള്ള ശിക്ഷ വിധിച്ചു… എൻ്റെ പെണ്ണിനെ വേദനിപ്പിച്ചവനെ അതിലും വേദന നൽകി ഞാൻ ഈ ലോകത്തു നിന്നു പറഞ്ഞയച്ചതല്ലേ..?? പിന്നെ.. പിന്നെ എന്തിനാ മാളുവേ നീയിത് ചെയ്തത്….??” അവൻ അലമുറയിട്ടു കൊണ്ടിരുന്നു.. വേദന…!! ഹൃദയം നുറുങ്ങുന്ന വേദന..!!! “വിട്ടു കൊടുക്കില്ല നിന്നെ ഞാൻ…!! ഒരു മരണത്തിനും… എൻ്റെ ഹൃദയം കവർന്നെടുത്തിട്ട് പോവാണോ നീയ്…??!!!” ഭ്രാന്തനെ പോലവൻ സർവ്വവും മറന്ന് പുലമ്പി… അവളെ കോരിയെടുത്ത് ആശുപത്രിയിലേക്ക് പായുമ്പോൾ തനിക്കായ് തുടിച്ചിരുന്ന ആ ഹൃദയം നിലച്ചിട്ടില്ലെന്നുള്ളത് അവൻ അറിഞ്ഞിരുന്നു…

പ്രയാസപ്പെട്ട് മിഴികൾ തുറക്കും തോറും കാഴ്ച മങ്ങുന്ന പോലെ… എഴുന്നേൽക്കാൻ ശ്രമിച്ചതും വേദനയാൽ മുഖമൊന്നു ചുളിഞ്ഞു…പൊടുന്നനെ ഇരു കരങ്ങൾ തന്നെ താങ്ങിയതും ആ സ്പർശനത്തിലാവോളം തന്നോടുള്ള സ്നേഹവും കരുതലുമവളറിഞ്ഞു… കുറ്റബോധത്താൽ അവനെ അഭിമുഖീകരിക്കാൻ ആവാതവൾ മിഴികൾ താഴ്ത്തി… എങ്കിലും തന്നിൽ മാത്രം പതിഞ്ഞിരിക്കുന്ന രൂക്ഷമായ ആ നോട്ടത്തെ അവൾ അറിയുന്നുണ്ടായിരുന്നു…. “” ശിക്ഷിച്ചു ഞാൻ… അവനെ ശിക്ഷിച്ചു ഞാൻ…”” തന്നെ ചേർത്തു പിടിച്ച് അവൻ അലമുറയിട്ട് പറഞ്ഞ വാക്കുകൾ മനസ്സിൽ നിറഞ്ഞതും അമർത്തിയടച്ച മിഴികളിൽ നിന്നും മിഴിനീർ പൊടിഞ്ഞു…. “ജ… ജഗേട്ടാ…” വാക്കുകൾ പാതി വഴിയിൽ മുറിഞ്ഞു.. ഒരു തേങ്ങലോടെ ആ കൈയ്യിലേക്ക് കൈ ചേർക്കാനവൾ തുടങ്ങിയതും മുഖമടച്ചൊരു അടിയായിരുന്നു ജഗൻ്റെ മറുപടി… കവിൾ പൊത്തിപ്പിടിച്ചവൾ നിറമിഴികളോടവനെ നോക്കി… കുറ്റബോധത്താൽ ഉള്ളം നീറിയതും മിഴികൾ താണു…

“ചാവാനാണോടീ നിന്നെ ഞാൻ എൻ്റെ പ്രാണൻ്റെ പാതിയാക്കിയത്…???” ഉള്ളിലെ ദു:ഖം മുഴുവൻ പുറത്തെടുത്ത് ചോദ്യമുന്നയിക്കുമ്പോൾ ജഗൻ പരിസരം മറന്നിരുന്നു…. “ഒരു… ഒരു നിമിഷം നീയോർത്തോ നിന്നെ എൻ്റെ കൈയ്യിലേൽപ്പിച്ച ആ പാവം മനുഷ്യനെ കുറിച്ച്…????” ചോദ്യങ്ങൾക്കൊന്നും മറുപടിയില്ലാതവൾ കുറ്റബോധത്താൽ നീറുന്ന ഹൃദയത്തോടവനെ നോക്കി… “എൻ്റെ.. എൻ്റെ കൂടെ ജീവിക്കുന്നത് ഇഷ്ടമല്ലേൽ നീ ചാവാനൊന്നും നിൽക്കണ്ട.. ഒഴിഞ്ഞ് തന്നേക്കാം ഞാൻ….!!!” അതും പറഞ്ഞവൻ മുഖം തിരിച്ചതും അവൾ വിങ്ങിപ്പൊട്ടി ആ നെഞ്ചോട് ചേർന്നു… “ക്ഷമിക്ക് ജഗേട്ടാ… ഞാൻ… എന്നോട് ക്ഷമിക്ക്… എൻ്റെ പൊട്ട ബുദ്ധിക്ക് അന്നേരം….അങ്ങനെ ചെയ്തു പോയി… മറ്റൊന്നും ഓർത്തില്ല ഞാൻ….” ആ വാക്കുകളിലെ വേദന തൻ്റെ ഹൃദയത്തിൽ നോവായി പടരുന്നതവനറിഞ്ഞു… “എന്തിനാ ൻ്റെ മാളൂട്ടിയേ… എന്നെ.. ന്നെ… നീയിങ്ങനെ വേദനിപ്പിക്കുന്നത്..??” തിരികെയവളെ പുണരുമ്പോൾ ആയിരമാവർത്തി അവൻ്റെ ഹൃദയം ആ ചോദ്യമുന്നയിക്കുന്നുണ്ടായിരുന്നു.

ജനലഴികളിൽ തങ്ങി നിൽക്കുന്ന മഴത്തുള്ളികളെ വിരലുകളാൽ തലോടാനൊരു മോഹം…!! “ന്താ മാളൂട്ടിയേ ഒന്നു മഴ നനയുന്നോ…??” കണ്ണട ഒന്നും കൂടെ ചേർത്തു വെച്ചു ജഗൻ ചോദിച്ചതും പെണ്ണൊന്നു കൺചിമ്മി… അവളുടെ കൂന്തലിൽ തിരുകി വെച്ച മുല്ലപ്പൂവിൻ്റെ ഗന്ധത്തെ കവർന്നെടുത്തു കൊണ്ട് ഒരു തെന്നൽ അവനെ അരുമയായി തലോടി.. “ഈ രാവെന്തൊരു സുന്ദരിയാണ് പെണ്ണേ..??? നിന്നേ പോലെ തന്നെ…” തൻ്റെ ചാരേക്കവൻ നടന്നടുത്തു കൊണ്ട് പ്രണയത്താൽ പറഞ്ഞ വാചകങ്ങൾ….!! അവൾ ഇമ ചിമ്മാതവനെ നോക്കി… താനും സ്വയം മറന്ന് പോവാണോ..?? അദ്ദേഹത്തിന് തന്നോടുള്ള പ്രണയത്തിൽ…????!!! ഉത്തരമില്ലാതെ ഉഴലുന്ന ചോദ്യവുമായി ഹൃദയമൊന്നുലഞ്ഞു… പക്ഷേ അപ്പോഴും ഉള്ളത്തെ നീറ്റിച്ചു കൊണ്ട് പഴയ ഓർമ്മകൾ മനസ്സിനെ വേട്ടയാടി… ഹൃദയത്തിലേറ്റ മുറിവിൽ നിന്നും രക്തം കിനിയുന്നു.. “നിനക്ക് ഒന്നും സംഭവിച്ചിട്ടില്ല മാളൂട്ടിയേ… ഒരു ദു:സ്വപ്നം പോലെ കഴിഞ്ഞതെല്ലാം മറന്നേക്ക്… മറക്ക് മാളൂ…!!” ശ്വാസം പോലും വിടാൻ മറന്നവൻ ഉറച്ച സ്വരത്തിൽ പറഞ്ഞു കൊണ്ടിരുന്നു.. തൻ്റെ ദുഃഖം തനിക്ക് മുൻപേയറിഞ്ഞവൻ…!! ഒരു ചെറു പുഞ്ചിരിയോടെ ആ നെഞ്ചിലേക്ക് പറ്റിച്ചേരുമ്പോൾ ഈ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കരങ്ങളിലാണ് താനെന്നവൾക്കാ നിമിഷം തോന്നി…

“അത്രയ്ക്ക് ജീവനാണോ ജഗേട്ടാ നിങ്ങൾക്കെന്നെ..??” ക്ഷണ നേരത്തെ മൗനത്തെ ഭേദിച്ചു കൊണ്ട് അവളുടെ സ്വരമുയർന്നു… ഇറുകെ പുണർന്നു കൊണ്ട് അവളുടെ നെറ്റിമേൽ ഒരു ചുംബനമായിരുന്നു അവൻ്റെ മറുപടി… ആ നിമിഷത്തിൽ തൻ്റെ ഹൃദയം ക്രമാതീതമായി മിടിക്കുന്നതവൾ അറിഞ്ഞു.. ഉള്ളിലുണ്ടായിരുന്ന ഭയമെല്ലാം എവിടെയോ ഓടിയൊളിച്ചതു പോലെ… “നിനക്ക് വേണ്ടി എന്തും ചെയ്യും ഈ ജഗൻ…!! ഈ ലോകത്ത് സ്നേഹിക്കാൻ എനിക്ക് നീ മാത്രമേയുള്ളൂ… നീ മാത്രം മതി ഈ ജഗന്…!!” ആ മറുപടി കേൾക്കെ അവൻ്റെ ഷർട്ടിൽ ഇറുകെ അള്ളിപ്പിടിച്ചവൾ…!! “ദേഷ്യം തോന്നിയിരുന്നോ എന്നോട്…?” അവൻ്റെ കരവലയങ്ങൾക്കിടയിൽ ഒതുങ്ങിക്കൂടവേ അവൾ ചോദിച്ച ചോദ്യത്തിന് കുസൃതിയോടെ മിഴികൾ ചിമ്മിക്കൊണ്ടായിരുന്നു അവൻ്റെ മറുപടി… തിളക്കമറ്റു പോയ അവളുടെ മിഴികളിൽ വീണ്ടും സന്തോഷത്തിൻ്റെ തിരയിളക്കം കണ്ടതും ജഗൻ്റെ മനസ്സ് നിറഞ്ഞു..

തുറന്നിട്ട ജാലകം വഴി വരുന്ന തൂവാനത്തിൻ്റെ കുളിർ ഇരുവരെയും പൊതിഞ്ഞു.. പൊടുന്നനെ ശക്തമായി ഒരിടി വെട്ടിയതും മാളു പേടിയോടെ ജഗനെ ഇറുകെ പിടിച്ചു… “പേടിക്കണ്ട മാളൂട്ടിയേ… ഞാനില്ലേ കൂടെ…” പ്രണയാർദ്രമായ സ്വരം കാതുകളിൽ മുഴങ്ങവേ ആ പെണ്ണിൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.. പുറത്ത് മഴത്തുള്ളികൾ ഭൂമിയെ ചുംബിച്ചു കൊണ്ടിരുന്നു… മാളു തൻ്റെ നെഞ്ചോട് പറ്റിച്ചേർന്നു കിടക്കുന്ന താലിയേയും അതിൻ്റെ ഉടമയേയും മാറി മാറി നോക്കി… “ങും… എന്തേ..??” ജഗൻ കുസൃതിച്ചിരിയോടെ ചോദിച്ചു… മാളു ആ നോട്ടം താങ്ങാനാവാതെ മിഴികൾ താഴ്ത്തിക്കൊണ്ട് താലിയിൽ അമർത്തി ചുംബിച്ചു.. “അതേയ്… ആ താലി കെട്ടിയവൻ ആറടി ഉയരത്തിൽ നിൻ്റെയടുത്ത് തന്നെ കിടക്കുന്നുണ്ടെടീ… തരാനുള്ളത് ഇങ്ങോട്ട് ഡയറക്റ്റ് ആയി തന്നോ…” അവൻ ചുണ്ട് ചെറുതായി കടിച്ചു കൊണ്ട് മീശ പിരിച്ചു.. മാളു തെല്ലൊരു പരിഭ്രമത്തോടെ നോക്കി.. അവൻ അവളുടെ മുഖത്തേക്ക് പാറിക്കിടന്ന മുടിയിഴകൾ ചെവിക്ക് പിറകിലേക്ക് ഒതുക്കി വെച്ച് അവളുടെ കവിളിലേക്ക് കവിൾ ചേർത്തു.. പുറത്ത് വാകപ്പൂക്കൾ ഞെട്ടറ്റു വീണു…

ചെമ്പകവും പാരിജാതവും ആടിയുലഞ്ഞു.. “നിൻ്റെ സാമീപ്യത്തിൽ ഉള്ളിൽ ഉടലെടുക്കുന്ന വികാരങ്ങളെ നിർവ്വചിക്കാനാവാത്ത വിധം ഹൃദയം ദുർബലമാകുന്നത് ഓരോ നിമിഷാർദ്ധത്തിലും ഞാനറിയുന്നുണ്ട് പെണ്ണേ…. പ്രണയത്തിൻ്റെ ആദ്യ സ്പർശനം… അത് എന്നിൽ പതിഞ്ഞിരുന്ന നിൻ്റെ നേത്ര ഗോളങ്ങളായിരുന്നു.. ശാസനയോടെ മിഴികളെ പിൻ വലിക്കാൻ ശ്രമിക്കുമ്പോഴും സദാ നിന്നിൽ തറഞ്ഞിരിക്കുന്ന അവയെ സാന്ത്വനിപ്പിക്കേണ്ടതെങ്ങനെയെന്ന് അറിയാതെ എൻ്റെ ഹൃദയം സദാ ഉഴലുകയായിരുന്നു.. മരണത്താൽ എന്നിൽ നിന്നും വേർപ്പെടുന്ന എൻ്റെ പ്രാണനുമപ്പുറമാണ് നീ…” കാതോരം പതിഞ്ഞ വാക്കുകൾ… അവൾ നിർവൃതിയോടെ മിഴികൾ പൂട്ടി… ”എന്തേ മാളൂട്ടിയേ…??? ഇഷ്ടമാണോ നിനക്കെന്നെ…???” അവൻ്റെ മുഖത്ത് ഇതുവരെയില്ലാത്തൊരു വശ്യതയവൾ കണ്ടു.. പ്രണയത്തിനുമപ്പുറം പേരറിയാത്തൊരു വികാരം തന്നെയും കാർന്നു തിന്നുന്നു…!!! മറുപടിയായവൾ അവൻ്റെ കവിളിൽ ചുണ്ടമർത്തുമ്പോൾ തിരികെ പ്രണയത്താൽ ചാലിച്ച ചുംബനങ്ങളാൽ മൂടുകയായിരുന്നു അവനവളെ… രാവിൻ്റെ നിശബ്ദതയെ ഭേദിച്ചു കൊണ്ട് എവിടെ നിന്നോ ഒരു പ്രണയഗാനം അവർക്ക് കൂട്ടെന്ന പോലെ ഒഴുകിയെത്തുമ്പോൾ ഞെട്ടറ്റു വീണ മുല്ലപ്പൂക്കൾക്കൊപ്പം മഴത്തുള്ളികളും നിർത്താതെ ഭൂമിയെ ചുംബിച്ചു കൊണ്ടിരുന്നു…. (അവസാനിച്ചു…)