18/04/2026

നീയറിയാതെ : ഭാഗം 17

രചന – അയിഷ അക്ബർ

സ്നേഹിക്കപ്പെടാൻ മറ്റൊരാൾ കാരണമാവുന്നതിൽ വിഷമമില്ല…. എന്നാൽ അവളെ മനസ്സിൽ വിചാരിച്ചു തനിക്ക് കിട്ടുന്ന സ്നേഹം അത്രമേൽ അസ്സഹനീയമാണെന്നവളോർത്തു….. അവൾ മറുപടി പറഞ്ഞില്ലെങ്കിലും ആ ഹൃദയം സീതക്ക് മനസ്സിലാവുന്നുണ്ടായിരുന്നു സിദ്ധു വീട്ടിലേക്ക് കയറി ചെല്ലുമ്പോഴും അവിടമാകെ ഒരു ശൂന്യത അവനറിഞ്ഞു….. എവിടെയോ അവളുടെ ചിരികളും സംസാരവും അവന് മാത്രമായി കേൾക്കാൻ കഴിയുന്നുണ്ടായിരുന്നു…. അത്ര മേൽ അകറ്റിയിട്ടും അവളെയെന്റെ ഹൃദയത്തോട് ചേർത്ത് വെക്കുന്നത് മാധുവാണെന്നവന്റെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു…… അവളോട് ഹൃദയത്തിൽ നിറഞ്ഞിരുന്ന വെറുപ്പ് മാധുവിന്റെ കണ്ണുകൾ തുടച്ചു നീക്കിയിരിക്കുന്നു…. അവളോട് ഇഷ്ടം തോന്നിയിട്ടുണ്ട് എന്നുള്ളത് സത്യമാണ്….

എന്നാൽ അത് മാധുവിന്റെ ഓർമ്മകളെക്കാൾ മുകളിലല്ലാ….. മാധുവിനെക്കാൾ തന്റെ ഹൃദയം അന്നയേ ഓർക്കുമ്പോൾ മാത്രമേ അവളെ തനിക്ക് ഭാര്യയാക്കാൻ കഴിയു……. മാധുവിനെ ഓർത്തു കൊണ്ടൊരിക്കലും അവളിലെ സ്ത്രീയെ കബളിപ്പിക്കാൻ ഒരുക്കമായിരുന്നില്ലവന്റെ ഹൃദയം….. കട്ടിലിൽ കയറി കിടക്കുമ്പോഴും താഴെ പായയിൽ ചുരുണ്ടു കൂടി കിടക്കുന്ന ആ പെണ്ണിന്റെ ചിത്രം അവന്റെ ഉറക്കം കളഞ്ഞിരുന്നു.. അവളെ കുറിച്ചുള്ള ചിന്ത തീവ്രമാവുന്നതവനറിഞ്ഞിരുന്നു….. രാവിലെ എഴുന്നേറ്റപ്പോഴേ മുറ്റമടിക്കുന്ന ശബ്ദം അവൻ കേട്ടിരുന്നു… ആരെന്നറിയാൻ എത്തി നോക്കിയപ്പോൾ ബിന്ദു ചേച്ചിയായിരുന്നു…. ബിന്ദു ചേച്ചി രണ്ട് ദിവസം വരില്ലായെന്നമ്മ പറഞ്ഞത് കള്ളമാണെന്നവന്നപ്പോൾ തന്നെ തോന്നിയിരുന്നു…. സിദ്ദുവും അന്നയും ഒന്നിക്കാൻ വേണ്ടി പൂജയും വഴിപാടുമായി നടക്കുന്ന അവരെ ഓർത്തപ്പോൾ എന്തോ ഒരു നോവവനിൽ പടർന്നിരുന്നു…..

കുളക്കടവിൽ പോയി മുങ്ങികുളിച് വന്നപ്പോഴേക്കും ബിന്ദു ചേച്ചി ചൂടുള്ള ഇഡലിയും സാമ്പാറും മേശ മേൽ നിരത്തിയിരുന്നു….. അച്ഛനെവിടെ ബിന്ദു ചേച്ചി… അച്ഛൻ പാടത്തേക്ക് പോയി മോനെ…. ആശുപത്രിയിൽ കൊണ്ട് പോവാൻ ഭക്ഷണം തയ്യാറാക്കി വെക്കാൻ പറഞ്ഞിരുന്നു… നീ പോകുമ്പോൾ അതെടുക്കണേ…. അപ്പോഴാണ് മേശ മേൽ പൊതിഞ്ഞു വെച്ച ഭക്ഷണത്തിലേക്കവന്റെ കണ്ണുകൾ നീണ്ടു പോയത്…. നീ ആശുപത്രിയിലെക്കല്ലേ സിദ്ധു…. നിൽക്ക്‌ ഞാനും വരുന്നു….. ആശുപത്രിയിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് കൂടെ പോരാൻ ആമി വന്നത്…. അവളെയും കൂട്ടി പെട്ടെന്ന് തന്നെ അവൻ പുറപ്പെട്ടിരുന്നു….. അന്നാ…. ഇപ്പൊ എങ്ങനുണ്ട് മോളേ…. അവളുടെ മുടിയിഴകളിൽ തലോടിയാണ് ആമിയത് ചോദിച്ചത്….. കുറവുണ്ട് ചേച്ചി….. അവള് പതിയെ പുഞ്ചിരിച്ചു…… എന്താ മോളേ ശെരിക്കും സംഭവിച്ചത്…. ഞാൻ കോളേജിലേക്ക് പോകാൻ ബസ്സ് കാത്തു നിൽക്കുമ്പോഴാണ് റോങ്ങ്‌ സൈഡിൽ കൂടി ഒരു വണ്ടി വന്നെന്നെ ഇടിച്ചിട്ടത്….. ഇടിച്ച ഉടനെ അവൾ ഒരു ചെളികുണ്ടിലേക്ക് തെറിച്ചു വീനിരുന്നു…. അത് കൊണ്ടിത്രയേ പറ്റിയുള്ളൂ…. സീത ഇടക്ക് കയറിയത് പറയുമ്പോൾ അവരുടെ മുഖത്ത് ആശ്വാസം നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു…..

ആ വണ്ടിയെതെന്ന് കിട്ടിയോടാ സിദ്ധു… ആമി സിദ്ദുവിലേക്ക് തിരിഞ്ഞു… ഇല്ലാ…. ഇടിച്ചിട്ട് നിർത്താതെ പോയിരുന്നു… തിരയുന്നുണ്ട്….. എങ്കിലും ഇത്രയല്ലേ പറ്റിയുള്ളൂ…. ദൈവത്തോട് നന്ദി പറയാ ഞാൻ… ആമിയത് പറയുമ്പോൾ അന്നയവളെ സ്നേഹത്തോടെ നോക്കി…. വീട്ടിൽ നിന്നും കൊണ്ട് വന്ന ഭക്ഷണം അവളെ കഴിപ്പിച്ചു സീത തിരിച്ചു പോരാനൊരുങ്ങി…. അപ്പച്ചി എങ്ങോട്ടാ പോവുന്നത്….. ഇത്തിരി സംശയത്തോടെയാണ് ആമിയത് ചോദിച്ചത്…. ഞാനിനി രാത്രിയെ വരൂ മോളേ…. അമ്മാവനൊറ്റക്കല്ലേ…. പകല് മുഴുവൻ സിദ്ധു ഇവിടെ ഉണ്ടാവും…. അയ്യോ… സിദ്ധു ഒറ്റക്കെങ്ങനെ എല്ലാം ചെയ്യും….ഒരു കാര്യം ചെയ്യ്.. സിദ്ധു നീ പൊയ്ക്കോ… പകൽ ഞാൻ നിൽക്കാം… രാത്രി അപ്പച്ചി വരുമല്ലോ…. സീത ആകെ ആശയകുഴപ്പത്തിലായി…. അവർ തമ്മിൽ അടുക്കാൻ വേണ്ടിയാണ് അവരെ തനിച്ചാക്കുന്നതെന്ന് പറയാൻ കഴിയാതെ സീത കുഴഞ്ഞു….

ഞാൻ പോകുന്നില്ല….. നീ അമ്മയോടൊപ്പം പൊയ്ക്കോ….. പെട്ടെന്നാണ് സിദ്ദുവത് പറഞ്ഞത്…. കേട്ടത് വിശ്വസിക്കാനാവാത്ത പോൽ ആമിയും സീതയും മുഖത്തോട് മുഖം നോക്കി…. അവരതിശയത്തോടെ നോക്കുന്നത് കണ്ട് അവൻ മിഴികൾ താഴെക്കൂന്നി നിന്നിരുന്നു…. ഇതെല്ലാം അന്നയ്ക്ക് വേണ്ടി യാണോ മാധുവിന് വേണ്ടിയാണോ എന്നറിയാതെ ഉരുകുന്ന അവസ്ഥയിലായിരുന്നു അന്നയുടെ മനസ്സപ്പോഴും…. എങ്കി അവനൊരു സഹായത്തിനു ഞാൻ കൂടിനിൽക്കാം അപ്പച്ചി…. അപ്പച്ചി പൊയ്ക്കോളൂ.. ആമി പറയുതൊന്നും സീത കേൾക്കുന്നുണ്ടായിരുന്നില്ല…. അപ്പോഴും സിദ്ധുവിന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നു…. അവന്റെ വാക്കുകളിൽ അവരുടെ മനസ്സ് കുളിർന്നിരുന്നു…..

ആമി….. ഇവിടെ കുര്യനങ്കിളും പാർവതി ആന്റിയുമുണ്ട്… സീത ഇറങ്ങി കഴിഞ്ഞ് അവർക്ക് മൂന്ന് പേർക്കുമിടയിൽ ഒരു നിശബ്ദത പരന്നപ്പോഴാണ് സിദ്ദുവത് പറഞ്ഞത് ആര്…. അവള് വിശ്വാസം വരാത്ത പോൽ ചോദിച്ചു… മിത്ര പ്രസവിച്ചിട്ടുണ്ട്… അവളോടൊപ്പമാണ്… എങ്കി വാ സിദ്ധു…. എനിക്കവരെ കാണണം… റൂം നമ്പർ 109… നീ പൊയ്ക്കോ…. ഞാൻ വരുന്നില്ല…. അന്നയുടെ മുഖത്ത് നോക്കിയാണവന്നത് പറഞ്ഞത്…. എന്നാൽ അവള് കണ്ണുകളെ അവനിൽ നിന്നും പറിച്ചെടുത്തു ദൂരേക്ക്‌ നോക്കി….. ആമി മുറിയിൽ നിന്നും ഇറങ്ങിയപ്പോളവൻ അവളുടെ ബെഡിനരികിലേക്ക് കസേര നീക്കിയിട്ടു…. വേദന…… കുറവുണ്ടോ….. കുറെ നേരമായി അടക്കി പിടിച്ചിരുന്ന ആ വാക്കുകളെ അവനവൾക്ക് മുമ്പിൽ തുറന്നു….. മ്മ്….. അവളതൊരു മൂളലിലൊതുക്കിയെങ്കിലും അവന്റെ സാമീപ്യം അവളിൽ നൽകുന്ന സന്തോഷം അവളറിയുന്നുണ്ടായിരുന്നു…..

എന്നാൽ അവളിലെ സന്തോഷം പതിയെ ആശങ്കക്ക് വഴിമാറിയിരുന്നു….. മാധുവിന്റെ മിഴികളെ ഓർത്തല്ല മറിച് അന്നയോടുള്ള സ്നേഹമാനിതെന്ന് ഉറക്കെ സിദ്ധു ഒന്ന് പറഞ്ഞിരുന്നെങ്കിൽ എന്നവൾ ഒത്തിരി ആഗ്രഹിച്ചു….. എന്നാൽ ഒരിക്കലും നടക്കാത്തൊരു സുന്ദര സ്വപ്നം മാത്രമാണതെന്നവൾക്കറിയാമായിരുന്നു……കുറച്ചു സമയത്തിന് ശേഷം ആമി മുറിയിലേക്ക് കയറി വന്നു…. അവളുടെ മുഖത്ത് വല്ലാത്തൊരു നോവ് പടർന്നിരുന്നു….. അവൾ വന്ന പാടേ അന്നയെ തന്നെ നോക്കി നിന്നു…. മാധുവിന്റെ കണ്ണുകളെ കുറിച് അവളെല്ലാം അറിഞ്ഞിരിക്കുന്നുവെന്ന് അവർക്ക് മനസ്സിലായിരുന്നു… അന്നയെ കുറച്ചു നേരം നോക്കി നിന്ന് മിഴികൾ നിറച്ചു കൊണ്ട് ആമി പുറത്തേക്ക് പോയി…. മാധുവും ആമിയും അത്ര മേൽ അടുത്ത സുഹൃത്തുക്കളായിരുന്നു…

അവരെല്ലാം പറഞ്ഞിട്ടുണ്ടാവും…. നിന്റെ മിഴികളിൽ നോക്കിയപ്പോളൊരുപക്ഷെ അവൾക്ക് മാധുവിനെ ഓർമ വന്നതായിരിക്കും….. സിദ്ധുവത് പറയുമ്പോൾ വാക്കുകൾ ഇടറിയിരുന്നു… എന്നെ കാണുമ്പോൾ നിങ്ങൾക്കും മാധുവിനെ ഓർമ വരുന്നുണ്ടോ….. അന്നയത് ചോദിക്കുമ്പോൾ അവളുടെ ശ്വാസം ഉയർന്നിരുന്നു.. അത്ര മേൽ തീവ്രമായിരുന്നാ ചോദ്യം… ഇല്ലാ…. നിന്നെ കാണുമ്പോൾ ഞാൻ നിന്നെ കുറിച് മാത്രമേ ഓർക്കുന്നുള്ളു…. എന്നവനൊന്ന് പറഞ്ഞിരുന്നെങ്കിൽ അതോടെ ഉരുകുന്ന ഒരു മഞ്ഞു മലയായിരുന്നു അവളുടെ മനസ്സിൽ…. എന്നാൽ അവൻ ഒന്നും മിണ്ടിയില്ല….. പറയാൻ കഴിയാത്ത വാക്കുകളെ അവൻ മിഴികളിൽ ഒളിപ്പിച്ചിരുന്നുവെങ്കിലും അതിനെ വായിച്ചെടുക്കാൻ അവൾക്ക് കഴിഞ്ഞിരുന്നില്ല…. അവളുടെ ഹൃദയത്തിൽ ഒരു സാഗരം അലയടിക്കുന്നുണ്ടായിരുന്നു……

അന്നയെ സ്നേഹിക്കുന്നു എന്ന് പറയാതിടത്തോളം എന്ത് ചെയ്‌താലും അത് മാധുവിനു വേണ്ടിയാണെന്നവൾക്കുറപ്പായിരുന്നു….. വെറുതെയല്ല നീയിവൾക്ക് കൂട്ടിരിക്കുന്നത്… മാധുവിന്റെ കണ്ണുകൾ ഇവളിലാണല്ലേ….. ആമി അവനെയൊന്ന് കളിയാക്കിയാണ് അത് ചോദിച്ചത്…. എന്നാൽ ഈ വാക്കുകൾ കൂരമ്പുകൾ കണക്കെ തറഞ്ഞു കയറിയത് അന്നയിലായിരുന്നു…. അവളുടെ മിഴികൾ നിറഞ്ഞു വന്നു…. ചുണ്ടുകൾ പിളരും പോലെ തോന്നിയെങ്കിലും അവള് കടിച്ചു പിടിച്ചു നിന്നു… നിന്നോടാര് പറഞ്ഞു മാധുവിന്റെ കണ്ണുകൾ ഉള്ളതു കൊണ്ടാണ് ഞാൻ കൂട്ടിരിക്കുന്നതെന്ന്….. കണ്ണുകളെ കുറിച്ചറിയുന്നതിനു മുന്പും അവൾക്ക് ഞാൻ കൂട്ടിരുന്നിട്ടുണ്ട്….

അവളെ സംരക്ഷിച്ചിട്ടുണ്ട്…. മാധുവിനെ ഓർക്കാൻ എനിക്ക് കണ്ണുകൾ വേണമെന്നില്ല… അവളുടെ ഓർമ്മകൾ എന്റെ ഹൃദയത്തിലാണ്…. അവൻ അത് പറഞ്ഞു കൊണ്ട് ദേഷ്യത്തിൽ എഴുന്നേറ്റു…. അവനിരുന്നിരുന്ന കസേര പിറകിലേക്ക് നീങ്ങി പോയിരുന്നു….. പറഞ്ഞത് വിഡ്ഢിത്തമായെന്ന് ഇതിനോടകം ആമിക്ക് മനസ്സിലായിരുന്നു ഞാൻ…. ഞാൻ അങ്ങനൊന്നും വിചാരിച്ചല്ല സിദ്ധു… ആമിയാവന്റെ കൈകളിൽ പിടിച്ചു…. ഞാൻ നിന്നെ ഇന്നാദ്യമായി കാണുകയല്ലല്ലോ….. എന്നോടീ വിശദീകരണത്തിന്റെ ആവശ്യമുണ്ടോ… ഞാൻ വെറുതെ പറഞ്ഞതല്ലേ….. ആമി അവന്റെ മുഖം കൈകളിലാക്കി അത് പറഞ്ഞപ്പോൾ കസേര നീക്കിയിട്ട് അവൻ അവിടെ തന്നെയിരുന്നു…. അന്നയുടെ മനസ്സപ്പോഴും ശൂന്യമായിരുന്നു….. (തുടരും )