രചന – ആർദ്ര അമ്മു
ആരോ തട്ടി വിളിക്കുമ്പോഴാണ് ചിന്തകളിൽ നിന്ന് പുറത്ത് വരുന്നത്. തിരിഞ്ഞു നോക്കുമ്പോൾ ചിരിയോടെ മുന്നിൽ നിൽക്കുന്ന ശ്രീ. ഇതെന്താലോചിച്ച് നിൽക്കുവാ ശീതൾ ഞാനെത്ര നേരായി വിളിക്കുന്നു. ഏയ് ഞാൻ വെറുതെ പഴയ കാര്യങ്ങൾ ഓരോന്നാലോചിച്ച്………….. അവളുടെ കണ്ണുകളിലെ നീർത്തിളക്കം കണ്ട് അഭി അവളെ ചേർത്ത് പിടിച്ചു മോളെ നീ കഴിഞ്ഞതൊന്നും ആലോചിച്ച് ഇനി അങ്ങോട്ടുള്ള സമാധാനവും സന്തോഷവും കളയരുത് അറിയാം നിനക്ക് നിന്റെ ലൈഫ് തന്നെയാണ് നഷ്ടമായത് പക്ഷെ അതോർത്തു നീ ഇനിയും വിഷമിക്കരുത് ഒരാളെയും ദൈവം എല്ലാ കാലത്തും കഷ്ട്ടപെടുത്തില്ല നീ അനുഭവിച്ച വിഷമങ്ങളും യാദനകളും ചെറുതല്ല എന്ന് ഞങ്ങൾക്കെല്ലാവർക്കും അറിയാം. ഈ സമൂഹത്തിൽ ഒരു സ്ത്രീ ഒറ്റപ്പെടുമ്പോൾ അനുഭവിക്കാനിടയുള്ള എല്ലാ കഷ്ടതകളും അതീജീവിച്ച് വയറ്റിൽ വളരുന്ന കുഞ്ഞിന് വേണ്ടി ജീവിച്ചവളാണ് നീ.
നിനക്ക് വേണമായിരുന്നെങ്കിൽ കുഞ്ഞിനെ ആരുമറിയാതെ നശിപ്പിക്കാമായിരുന്നു എന്നിട്ട് സുഖമായി മറ്റൊരു നല്ല ജീവിതം തിരഞ്ഞെടുക്കമായിരുന്നു പക്ഷെ നീ അതൊന്നും ചെയ്യാതെ ഈ കുരുന്നു ജീവന് ജന്മം നൽകി. നീ തലയുയർത്തി തന്നെ നിൽക്കണം സ്വന്തം കുഞ്ഞിനെ നീ ആരുടേയും മുന്നിൽ അഭിമാനം അടിയറവു വെക്കാതെ വളർത്തിയില്ലേ മറ്റുള്ളവർക്ക് മുന്നിൽ നീ തെറ്റാണെങ്കിൽ ഒരു സ്ത്രീ എന്ന നിലയ്ക്ക് ഒരമ്മയെന്ന നിലയ്ക്ക് നീ ഏറ്റവും വലിയ ശരിയാണ്. ജീവിതത്തിൽ ഒറ്റപെട്ടു പോവുന്ന പെൺകുട്ടികൾക്ക് നീ ഒരു മാതൃകയാണ് ഇനിയും പഴയതൊന്നുമോർത്ത് വേദനിക്കാതെ ജീവിച്ചു കാണിക്കണം നിന്റെ കൂടെ ഈ തറവാട്ടിലെ എല്ലാവരുമുണ്ട്. അതുകൊണ്ട് വിഷാദം കലർന്ന മുഖവുമായി ഇരിക്കരുത് സന്തോഷത്തോടെ ജീവിക്കണം.
ദേ ഈ കുഞ്ഞിന്റെ മുഖത്തോട്ടൊന്നു നോക്കിയേ ഇവളെക്കാൾ വലിയ എന്ത് സന്തോഷമാ നിനക്കിനി കിട്ടാനുള്ളത്??? അതുകൊണ്ടെന്റെ മോള് ഇങ്ങനെ ഇരിക്കരുത് കേട്ടല്ലോ. ഒരേട്ടന്റെ കരുതലോടെ സ്നേഹത്തോടെ ശാസനയോടെയുള്ള അവന്റെ വാക്കുകൾ അവളിൽ ഒരേ സമയം ആത്മവിശ്വാസവും സന്തോഷവുമേകി. കണ്ണുകൾ തുടച്ചവൾ മനസ്സ് നിറഞ്ഞു പുഞ്ചിരിച്ചപ്പോൾ അഭി സ്നേഹത്തോടെ വാത്സല്യത്തോടെ അവളെ ചേർത്ത് നിർത്തി. അത് കണ്ട് കുശുമ്പ് മൂത്ത് ആമിയും ശ്രീയും അവനോട് ചേർന്ന് നിന്നു. തന്റെ മൂന്നു അനിയത്തിമാരെയും നിറഞ്ഞ പുഞ്ചിരിയോടെ മാറോടണച്ചവൻ നിന്നു. എല്ലാം കണ്ടു നിന്ന തറവാട്ടിലെ അംഗങ്ങളുടെ കണ്ണുകൾ സന്തോഷത്താൽ ഈറനണിഞ്ഞു. ഒന്നും മനസ്സിലായില്ലെങ്കിലും ശ്രീയുടെ കയ്യിലിരുന്ന പൊന്നുമോൾ സന്തോഷത്തോടെ കയ്യടിച്ചു.
പൊന്നു മോളുടെ കളിയും ചിരിയും ശ്രീലകത്ത് തറവാടിനെ വീണ്ടും സന്തോഷത്തിലാഴ്ത്തി. എല്ലാവരും നടുമുറ്റത്തിരുന്ന് സംസാരിക്കുമ്പോഴാണ് മുത്തശ്ശി അങ്ങോട്ട് വരുന്നത്. ശിവ ശിവ എന്താ ഈ കാണുന്നെ ത്രിസന്ധ്യക്ക് വിളക്ക് വെക്കാനുള്ളതിന് എല്ലാവരും ഇവിടെ കളിച്ചു ചിരിച്ചിരിക്കുന്നോ?????? ശ്രീക്കുട്ടി…. ആമി….. സന്ധ്യക്ക് വിളക്ക് വെക്കാതെ ഇവിടെ ഇരിക്കുന്നോ തല്ല് വാങ്ങും രണ്ടുപേരും ചെല്ല് ചെല്ല് പോയി ദേഹശുദ്ധി വരുത്തി നാമം ജപിക്കാൻ നോക്ക്. മുത്തശ്ശിയുടെ ശാസന കേട്ടതും രണ്ടുപേരും തലചൊറിഞ്ഞവരെ നോക്കി. അത് മുത്തശ്ശി ഇന്നിത്രയും നേരമായില്ലേ ഇനി നാളെ ചൊല്ലാം. ആമി മടിയോടെ പറഞ്ഞു നിർത്തി. അസത്തെ ദേ വലുതായി എന്നൊന്നും ഞാൻ നോക്കില്ല പുളി വടി വെട്ടി ഞാൻ തല്ലും കുറച്ചു ദിവസം കഴിഞ്ഞാൽ ഒരു കുടുംബം തന്നെ നോക്കി നടത്തേണ്ട പെൺകുട്ടികളാ ഈ മടി കാണിക്കണത്. ചെന്ന് വിളക്ക് വെക്കുന്നോ അതോ ഞാൻ വടി എടുക്കണോ????? ഓഹ് ഈ മുത്തശ്ശി…………. ഈർഷ്യയോടെ രണ്ടു പേരും അകത്തേക്ക് നടന്നു. എല്ലാവരും അവരുടെ പോക്ക് നോക്കി ചിരിച്ചു.
മോളെ നീയും ചെന്ന് ദേഹശുദ്ധി വരുത്തി വന്നോളൂ വിളക്ക് വെച്ച് നാമം ജപിച്ചു കഴിയുമ്പോൾ മനസ്സിലെ എല്ലാ ദുഃഖങ്ങളും മാറും. മുത്തശ്ശി ശീതളിന്റെ തലയിൽ തഴുകി പറഞ്ഞു. അതേ മോളെ മോള് ചെന്ന് ഫ്രഷായി വന്നോളൂ. ഇവിടുത്തെ തണുത്ത വെള്ളത്തിൽ കുഞ്ഞിനെ കുളിപ്പിച്ചാൽ ശരിയാവില്ല നീർദോഷം വരും അതുകൊണ്ട് വെള്ളം ചൂടാക്കാൻ വെച്ചിട്ടുണ്ട് ഞങ്ങൾ തന്നെ കുഞ്ഞിനെ കുളിപ്പിച്ചോളാം. അതും പറഞ്ഞു ജാനകി പൊന്നുവിനെ ശീതളിന്റെ കയ്യിൽ നിന്ന് വാങ്ങി. ശീതൾ എല്ലാവരെയും നോക്കി പുഞ്ചിരിച്ച് അവർക്കായി ഒരുക്കിയ മുറിയിലേക്ക് പോയി. തണുത്ത വെള്ളം ശരീരത്തിൽ വീണപ്പോൾ തന്നെ എന്തെന്നില്ലാത്ത കുളിർമ മനസ്സിലും ശരീരത്തിലും വന്ന് നിറയുന്നതവളറിഞ്ഞു. ഇട്ട വേഷം മാറി ഒരു ചുരിദാർ എടുത്തിട്ട് പുറത്തേക്കിറങ്ങി.
വരാന്തയിൽ നോക്കിയപ്പോൾ ശ്രീയും ആമിയും കൂടി വിളക്ക് തെളിയിക്കുന്ന തിരക്കിലാണ്. അവൾ അത് കണ്ട് കുഞ്ഞിനെ നോക്കി പിന്നാമ്പുറത്തേക്ക് നടന്നു. അവിടെ കണ്ട കാഴ്ച അവളുടെ മനസ്സ് നിറച്ചു. അറിയാതെ ചുണ്ടിൽ ഒരു ചിരി വിടർന്നു. പിന്നാമ്പുറത്ത് ഒരു പാളയുടെ മുകളിൽ പൊന്നു മോളെ നിർത്തി ഇളം ചൂട് വെള്ളത്തിൽ കുളിപ്പിക്കാൻ ശ്രമിക്കുവാണ് മൂന്നമ്മമാരും കൂടി. പൊന്നു മോൾ ദേഹത്ത് വീഴുന്ന വെള്ളം ചിരിയോടെ തട്ടി തെറിപ്പിച്ചും പാളയിൽ വീഴുന്ന വെള്ളത്തിൽ തുള്ളി കളിച്ചും കുസൃതി കാണിക്കുന്നു. കുഞ്ഞിനെ കുളിപ്പിച്ച് കഴിഞ്ഞപ്പോഴേക്കും മൂന്നു പേരും നനഞ്ഞു കുളിച്ചു. എല്ലാം കഴിഞ്ഞ് ജാനകി കുഞ്ഞിനെ തോർത്ത് കൊണ്ട് തുടച്ച് മറ്റൊരു ഉണങ്ങിയ തോർത്ത് കൊണ്ട് മുണ്ടുടുപ്പിച്ചു. അമ്മമ്മേട ചക്കരകുട്ടി കുളിച്ചു സുന്ദരിയായല്ലോ. പാർവതി അവളെ കൊഞ്ചിച്ചു വാരിയെടുത്തവളുടെ ഉണ്ട കവിളിൽ ചുംബിച്ചു. കുഞ്ഞുമായി അകത്തേക്ക് കയറാൻ ഭാവിച്ചപ്പോഴാണ് അവിടെ നിൽക്കുന്ന ശീതളിനെ കാണുന്നത്.
ആഹ് മോളിവിടെ നിൽപ്പുണ്ടായിരുന്നോ????? ഉവ്വ് ഞാൻ വന്നപ്പോൾ നിങ്ങളെല്ലാവരും കുഞ്ഞിനെ കുളിപ്പിക്കുന്ന തിരക്കിലായിരുന്നു. ഇതുവരെ ഞാനല്ലാതെ വേറൊരാൾ കുളിപ്പിക്കാൻ ഇവൾ സമ്മതിക്കില്ലായിരുന്നു. ഒരു പ്രാവശ്യം എനിക്ക് പനി പിടിച്ചു കിടന്നപ്പോൾ അമ്മ ഒന്ന് കുളിപ്പിക്കാൻ നോക്കിയതിനു ഇവളുണ്ടാക്കിയ ബഹളം കാരണം വയ്യാത്ത ഞാൻ തന്നെ ഇവളെ കുളിപ്പിക്കാൻ ചെല്ലേണ്ടി വന്നു. പക്ഷെ ഇന്ന് ഒരു ബഹളവും കൂടാതെ ഇവൾ നിൽക്കുന്നത് കണ്ട് സന്തോഷം കൊണ്ട് നിന്നുപോയതാ. മറുപടിയായി മനസ്സ് നിറഞ്ഞ ചിരിയായിരുന്നു അവരുടെ മറുപടി. ഇന്നാ മോളെ കുഞ്ഞിനെ കൊണ്ടുപോയി ഉടുപ്പ് ഇടീച്ചു വാ. അവർ പൊന്നുവിനെ ശീതളിന്റെ കയ്യിലേൽപ്പിച്ചു. അമ്മമ്മേട മോള് ചെന്ന് ഉടുപ്പൊക്കെ ഇട്ട് സുന്ദരികുട്ടിയായി വാ എന്നിട്ട് അമ്പോറ്റിയെ പ്രാർത്ഥിക്കണ്ടേ നമുക്ക്??????? അവളെ കൊഞ്ചിച്ചു കൊണ്ടവർ ചോദിച്ചു. പാത്തിച്ചണം………….. ചിരിയോടെ പൊന്നു തലയാട്ടി. ആഹ് നല്ല കുട്ടി. ഹൈ……….. അവർ പറയുന്നത് കേട്ട് സന്തോഷത്തോടെ അവൾ കുഞ്ഞികൈകൾ തമ്മിലടിച്ചു.
അമ്പോറ്റി ന്നേം അമ്മേനേം കാത്തോണേ എല്ലാക്കും നല്ലത് വത്തണേ…………. നാമം ജപിച്ചു കഴിഞ്ഞ് കണ്ണടച്ച് കൈകൂപ്പി പൊന്നു പറയുന്നത് കേട്ടെല്ലാവരും ചിരിച്ചു. ആഹാ മാമന്റെ മോള് അമ്പോറ്റിയെ പ്രാർത്ഥിക്കുവാണോ?????? അഭി കുഞ്ഞിനെ എടുത്തു പൊക്കി വയറ്റിൽ ഇക്കിളി ആക്കി. അവൾ കുടുകുടെ പൊട്ടിച്ചിരിക്കാൻ തുടങ്ങി. മാമനോ???????? ശ്രീ നെറ്റിചുളിച്ചവനെ നോക്കി. ആ മാമൻ എന്റെ പെങ്ങളുടെ മകൾ എന്നെ മാമാന്നല്ലേ വിളിക്കേണ്ടത്???? അല്ലെ??????? അവൻ എല്ലാരോടുമായി ചോദിച്ചു. ശീതളത് കേട്ട് നിറകണ്ണുകളോടെ അവനെ നോക്കി സന്തോഷത്തോടെ പുഞ്ചിരിച്ചു. അവൻ അവളെ നോക്കി കണ്ണ് ചിമ്മി കാട്ടി. പൊന്നു മോളെ നോക്കിയേ ഇതാ നിന്റെ മാമൻ പത്തി മാമൻ വിളിച്ചേ?????? ആമി അവളെ കളിപ്പിച്ചൊണ്ട് പറഞ്ഞു. ഡീ ഡീ ഡീ……. വേണ്ട നിനക്കൊക്കെയോ എന്നെ വിലയില്ല എന്റെ പൊന്നു എങ്കിലും എനിക്ക് ഇത്തിരി വില തരട്ടെടി. അഭി അവളെ നോക്കി പറഞ്ഞു.
മാമന്റെ പൊന്നുമോൾ വിളിച്ചേ മാമാന്ന് വിളിച്ചേ……… അഭി അവളുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു പറഞ്ഞു. എല്ലാവരും കുഞ്ഞിനെ ആകാംഷയോടെ നോക്കി. പത്തി മാമാ………………. പൊന്നു കുസൃതി ചിരി ചിരിച്ചുകൊണ്ട് വിളിച്ചു. അഭി ദയനീയമായി എല്ലാവരെയും നോക്കി. അത് കണ്ടെല്ലാവരും അവനെ അതേ രീതിയിൽ നോക്കി പതിയെ അതൊരു പൊട്ടിച്ചിരിക്ക് തിരി കൊളുത്തി. എല്ലാവരും അവനെ നോക്കി കളിയാക്കി ചിരിച്ചു. തളരരുത് രാമൻകുട്ടി തളരരുത്. ശ്രീ അവന്റെ പുറത്ത് തട്ടി. നീയെവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണല്ലോ നിന്റെ വിധി. മുത്തശ്ശൻ കൂടി അവനെ ട്രോളിയതോടെ സമ്പൂർണ്ണമായി. എല്ലാവരും കൂടി അവനെ കളിയാക്കി. എടി നന്ദി വേണമെടി നന്ദി ഈ മുതുകത്ത് നിന്നെ ഇരുത്തി എത്ര തവണ ആന കളിച്ചതാടി……. എന്നിട്ട് ഇപ്പൊ നിനക്ക് ഞാൻ പത്തി മാമൻ ആണല്ലേ????????? ഹും ദേ ഇരിക്കുന്നു നിന്റെ ആമി ചെറിയമ്മ ഇനി ഞാനില്ല നിന്റെ കൂടെ കളിക്കാൻ. അവൻ പിണക്കത്തോടെ കുഞ്ഞിനെ ആമിയുടെ കയ്യിലേൽപ്പിച്ചു തിരിഞ്ഞു നിന്നു.
അയ്യോ മാമൻ പിണങ്ങിയല്ലോ ഇനി എന്ത് ചെയ്യും????? ശ്രീ അവളെ നോക്കി ചോദിച്ചു. അത് കേട്ടവൾ താടിയിൽ വിരൽ കുത്തി ആലോചിച്ചു. അഭി ഇടം കണ്ണിട്ടവളുടെ കാട്ടിക്കൂട്ടലുകൾ നോക്കി ചിരിച്ചു. പിണക്ക് മാത്താൻ എന്റേൽ ഒരു സൂത്രം ഇണ്ടല്ലോ?????? എന്ത് സൂത്രം???? പൊന്നു ശ്രീയുടെ ചെവിയിൽ എന്തോ രഹസ്യമായി പറഞ്ഞു. മതി മതി അത് മതി. ശ്രീ അവളോട് പറഞ്ഞു. അത് കേട്ട് പൊന്നു അഭിയുടെ നേരെ നോക്കി. അവൾ നോക്കുന്നത് കണ്ടതും അഭി പുറത്തേക്ക് നോക്കി. മാമാ………………. അവൾ കൊഞ്ചി കൊണ്ട് വിളിച്ചു. അത് കേട്ടവൻ തിരിഞ്ഞു നോക്കി. കുസൃതി ചിരിയോടെ അവൾ അഭിക്ക് നേരെ കൈ നീട്ടി. അഭി അവളെ വാരിയെടുത്തു. ഹൈ മാമന്റെ പിണക്ക് മാറി……. ഉമ്മാ………………… കൈകൊട്ടി ചിരിച്ചവൾ അഭിയുടെ കവിളിൽ അമർത്തി ഉമ്മ വെച്ചു. എല്ലാവരും ചിരിയോടെ നോക്കി നിന്നു. എത്ര വേഗമാണ് പൊന്നു എല്ലാവരുമായി അടുത്തതെന്ന് ശീതൾ അത്ഭുതത്തോടെ ഓർത്തു. അഭിയേട്ടാ ഇനി മതി കുഞ്ഞിനെ ഇങ്ങ് താ ഞാനെടുക്കട്ടെ……… ശ്രീ അവന് നേരെ കൈ നീട്ടി. ഇല്ലില്ല ഇനി ഞാനെടുക്കട്ടെ എനിക്ക് താ ജിത്തുവേട്ടാ……….. ആമിയും കുഞ്ഞിനായി കൈ നീട്ടി.
ഇങ്ങോട്ട് താടാ കുഞ്ഞിനെ ഒന്നെടുക്കാൻ കുറെ നേരായി ഞാൻ നിൽക്കുന്നു. മുത്തശ്ശൻ ആമിയുടെയും ശ്രീയുടെയും കൈ തട്ടി മാറ്റി കുഞ്ഞിനെ എടുത്തു. ഇത് പറ്റില്ല കള്ളകളി കള്ളകളി ഞങ്ങളാ ആദ്യം കുഞ്ഞിനെ ചോദിച്ചത്. രണ്ടുപേരും വിടാൻ തയ്യാറായില്ല. ഒരു കള്ളക്കളിയുമില്ല ഞാനെന്റെ കുഞ്ഞിനെ ഒന്നെടുക്കുന്നതിന് നിനക്കൊക്കെ എന്താ പോയിനെടി എല്ലാം പോയി അടുക്കളയിൽ സഹായിക്കാൻ നോക്ക്. കള്ള കിളവൻ ഇനി വാ ഞങ്ങളുടെ അടുത്തേക്ക് കാല് തടകി താ കുഴമ്പിട്ടു താ എന്നൊക്കെ പറഞ്ഞു ഇതിനുള്ള മറുപടി അപ്പൊ തരാം വാടി നമുക്ക് പോവാം ഹും…… ശ്രീ ആമിയേം കൂട്ടി ചവിട്ടി തുള്ളി അകത്തേക്ക് പോയി. ഇങ്ങനെ രണ്ടു കാന്താരികൾ….. അയാൾ അവരുടെ പോക്ക് നോക്കി ചിരിയോടെ പറഞ്ഞു.
ആര് പറഞ്ഞു മ്യാവൂ ഞാനാ നിങ്ങടെ കാത്തു എന്നോടൊപ്പം കൂടാൻ ആർക്കാണാർക്കാണിഷ്ടം ആർക്കാണാർക്കാണിഷ്ടം മച്ചിന് മോളിൽ കേറാം കിട്ടുനുമ്മ കൊടുക്കാം, തുള്ളി ചാടി നടക്കാം നല്ലത് മാത്രം ചെയ്യാം അമ്മ പറഞ്ഞാൽ കേൾക്കാം കുറുമ്പ് കാട്ടാൻ നോക്കാം കുസൃതി കാട്ടി രസിക്കാം ആര് പറഞ്ഞു മ്യാവൂ ഞാനാ നിങ്ങടെ കാത്തു എന്നോടൊപ്പം കൂടാൻ ആർക്കാണാർക്കാണിഷ്ടം ആർക്കാണാർക്കാണിഷ്ടം ആര് പറഞ്ഞു മ്യാവൂ ഞാനാ നിങ്ങടെ കാത്തു നിന്നോടൊപ്പം കൂടാൻ ഞങ്ങൾക്കെല്ലാം ഇഷ്ടം ഞങ്ങൾക്കെല്ലാം ഇഷ്ടം ഞങ്ങൾക്കെല്ലാം ഇഷ്ടം അത്താഴം കഴിഞ്ഞ സമയത്ത് വരാന്തയിൽ നിന്ന് കേൾക്കുന്ന കച്ചേരി കേട്ടെല്ലാവരും പുറത്തേക്ക് നോക്കി. പൊന്നുവിനെ മടിയിലിരുത്തി പാട്ട് പാടുന്ന അഭിയെ കണ്ടെല്ലാവരും താടിക്ക് കയ്യും കൊടുത്ത് നോക്കി നിന്നുപോയി. എന്റെ മോനിത്തിരി എങ്കിലും ബോധം ഉണ്ടെന്ന് ഞാൻ കരുതി ഇതിപ്പോ ആ ഇരിക്കുന്ന കുഞ്ഞിനേക്കാൾ കഷ്ടമാണല്ലോ അവന്റെ കാര്യം????? സരസ്വതി നെടുവീർപ്പിട്ടു.
എനിക്കാകെ ഉള്ള ഒരാൺ തരി തന്നെ ഇങ്ങനെ മണ്ട പോയ തെങ്ങ് പോലെ ഒരെണ്ണമായി പോയല്ലോ??????? ശിവാനന്ദൻ അവനെ നോക്കി ആത്മഗതിച്ചു. അമ്മേ എങ്ങനുണ്ടെന്റെ പാട്ട് ദേ കണ്ടോ പൊന്നു മോൾക്കിഷ്ടപ്പെട്ടു അല്ലെടി കാന്താരി. മോളെ മാമന്റെ കാത്തുനെ നിനക്കിഷ്ടപെട്ടില്ലേ?????? അവൻ പൊന്നുവിനെ കവിളിൽ പതിയെ പിടിച്ചു വലിച്ചു. അവൾ പൊട്ടിച്ചിരിച്ചു കൊണ്ടവന്റെ മടിയിൽ നിന്ന് തുള്ളിച്ചാടി. ആമിയുടെ കല്യാണം കഴിഞ്ഞു എത്രയും വേഗം നിന്റെ നടത്താനായിരുന്നു എന്റെ ആഗ്രഹം പക്ഷെ ഇതിപ്പോ ബോധോം വെളിവുമില്ലാത്ത നിന്നെ പിടിച്ചു കെട്ടിച്ചിട്ട് എന്തിനാ???? എന്റെ മോന്റെ കുട്ടിക്കളി ഒക്കെ ഒന്ന് മാറട്ടെ അത് കഴിഞ്ഞു കല്യാണം നോക്കാം അല്ലെ ശിവേട്ടാ?????? ഞാനും അതിനെ പറ്റി ആലോചിച്ചു. ശിവാനന്ദൻ കൂടി സരസ്വതിയെ പിന്താങ്ങി.
അച്ഛാ……………………. ഇടിവെട്ടേറ്റത് പോലെ അഭി വിളിച്ചു. ഒരച്ഛനുമില്ല കാള പോലെ വലുതായില്ലേ നാണമില്ലല്ലോ?????? അവനെ നോക്കി പുച്ഛിച്ച് എല്ലാവരും അകത്തേക്ക് കയറി. നഷ്ടസ്വർഗ്ഗങ്ങളെ നിങ്ങളെനിക്കൊരു ദുഃഖസിംഹാസനം നൽകി…………… ആമിയുടെ അസ്ഥാനത്തുള്ള പാട്ട് കേട്ട് അഭി അവളെ നോക്കി പല്ല് കടിച്ചു. രംഗം പന്തിയല്ല എന്നുകണ്ട അവൾ അകത്തേക്ക് വലിഞ്ഞു. അഭിയേട്ടാ നേരത്തെ പാടിയ പാട്ടൊന്നുകൂടി പാടുവോ എനിക്കത് കേട്ട് മതിയായില്ല. ശ്രീ അവനോടായി പറഞ്ഞു. പക്ഷെ എനിക്കെല്ലാമായി തൃപ്തിയായി. അവൻ പൊന്നുവിനെയും എടുത്തു മുറ്റത്തേക്കിറങ്ങി. ഇതെല്ലാം ശീതൾ കൗതുകത്തോടെ നോക്കി നിന്നു. രാവിലെ പക്വതയോടെ കാര്യഗൗരവത്തോടെ ശീതളിനോട് ഓരോന്ന് പറഞ്ഞ അഭിയേട്ടൻ തന്നെയാണോ ഇതെന്നല്ലേ ഇപ്പൊ ശീതൾ ചിന്തിക്കുന്നത് ????? ശ്രീ അവളോട് ചോദിച്ചു. മ്മ്……. അവൾ തലയാട്ടി.
ഇതെല്ലാം ഒരു തരത്തിൽ അഭിനയമാണ് ഇന്ന് പാർവതി അപ്പ എത്രത്തോളം വേദനിക്കുന്നു എന്ന് ഏട്ടനറിയാം ഏട്ടന് മാത്രമല്ല ഈ വീട്ടിലെ ഓരോരുത്തർക്കും അറിയാം അതുകൊണ്ട് തന്നെയാ ഞങ്ങൾ ഇങ്ങനെ ഒക്കെ കാണിക്കുന്നത്. അപ്പയുടെ മനസ്സിൽ ഇന്ന് വിവേകിന്റെ ഓർമ്മകൾ വരാൻ പാടില്ല അതിനാണ് ചളി ഒക്കെ അടിച്ച് ഏട്ടൻ ഇങ്ങനെ നടക്കുന്നത്. ഏട്ടൻ മാത്രമല്ല എല്ലാവരും. ശ്രീ നെടുവീർപ്പിട്ടു കൊണ്ട് അകത്തേക്ക് പോയി. ശീതൾ അഭിയെ നോക്കി. അവൻ പൊന്നുവിന് അമ്പിളി അമ്മാവനെ ചൂണ്ടി കാണിച്ച് എന്തൊക്കെയോ പറഞ്ഞു കൊടുക്കുന്ന തിരക്കിലാണ്. അവനോടുള്ള സ്നേഹവും ബഹുമാനവും അവളുടെ മനസ്സിൽ ഒരു പടി കൂടി മുകളിലേക്കായി.
ബെഡിൽ ഷീറ്റ് വിരിക്കുമ്പോഴാണ് അഭിയുടെ വിളി കേൾക്കുന്നത്. ശീതൾ………….. അവൾ തിരിഞ്ഞു നോക്കി. എന്താ ഏട്ടാ??????? മോളുറങ്ങി കിടത്താൻ വന്നതാ. അവൾ നോക്കുമ്പോൾ പോന്നു കണ്ണടച്ച് വായിൽ വിരൽ വെച്ച് അഭിയുടെ തോളിൽ കിടക്കുകയാണ്. അവൾ ബെഡിനടുത്ത് നിന്ന് കുറച്ചു മാറി കൊടുത്തു. അഭി സൂക്ഷ്മതയോടെ കുഞ്ഞിനെ കിടത്തി. ചെറുതായി ഒന്ന് ചിണുങ്ങിയ അവളെ തട്ടിയുറക്കി. കുഞ്ഞുറങ്ങി എന്ന് പൂർണ്ണമായും ഉറപ്പ് വന്നതും അവൻ വാത്സല്യത്തോടെ കുഞ്ഞിന്റെ നെറ്റിയിൽ ചുംബിച്ചു ശീതളിന് നേരെ തിരിഞ്ഞു. ഒന്നും ആലോചിച്ചിരിക്കണ്ട സുഖമായി ഉറങ്ങിക്കോ. ചിരിയോടെ അവളുടെ കവിളിൽ തട്ടി പുറത്തേക്ക് പോയി. അവൾ അവനൊരു പുഞ്ചിരി സമ്മാനിച്ചു. അഭി പോയതും അവൾ ഡോർ ചാരി പൊന്നുവിന്റെ അടുത്ത് കിടന്നു. അവൾ ഉറങ്ങാൻ ശ്രമിച്ചു. എന്നാൽ കണ്ണുകൾ അടക്കുമ്പോഴെല്ലാം നിറ കണ്ണുകളോടെ തന്നെ നോക്കി നിസ്സഹായനായി നിൽക്കുന്ന ശരണിന്റെ മുഖം ഒർമ്മ വരും.
ഇന്നലെ വരെ ഒരു കാവലായി ഒരു വിളിക്കപ്പുറം അവനുണ്ടായിരുന്നു. എത്രയോ തവണ ജനാലയ്ക്കപ്പുറം നിന്ന് കാറിലിരുന്ന് നിഷ്കളങ്കമായി ഉറങ്ങുന്ന അവന്റെ മുഖം നോക്കി നിന്നിരിക്കുന്നു. പക്ഷെ ഇന്നവനില്ലാതെ പറ്റുന്നില്ല. തന്റെ ഉള്ളിൽ ഇത്രത്തോളം അവൻ സ്ഥാനം പിടിച്ചിരുന്നോ????? ഓരോ നിമിഷവും അവന്റെ ഓർമ്മകൾ അവളെ വേട്ടയാടി. ഒരിക്കൽ പോലും മറ്റൊരു കണ്ണ് കൊണ്ട് തന്നെ നോക്കിയിട്ടില്ല. കിരണിൽ നിന്ന് ഓടി രക്ഷപെട്ടു ശരണിന്റെ കാറിനു മുന്നിൽ ചെന്ന് നിന്ന ആ രാത്രി അവളുടെ മനസ്സിൽ തെളിഞ്ഞു. വേണമെങ്കിൽ അന്ന് അവന് തന്റെ അവസ്ഥയെ ചൂഷണം ചെയ്യാമായിരുന്നു. പക്ഷെ അവൻ അത് ചെയ്തില്ല പകരം ചേർത്ത് പിടിച്ചു കരുതലോടെ. അങ്കിൾ………………. പൊന്നുവിന്റെ വിളി കേട്ടവൾ ഞെട്ടി കുഞ്ഞിനെ നോക്കി.
കുഞ്ഞു കണ്ണുകളടച്ചു നല്ല ഉറക്കമാണ് എങ്കിലും ചുണ്ടിൽ ഒരു പുഞ്ചിരിയുണ്ട്. ചിലപ്പോൾ ശരണിനെ സ്വപ്നം കണ്ടു കാണും അവളോർത്തു. പൊന്നു മോൾക്ക് ശരണിനെ ഒരുപാട് ഇഷ്ട്ടമാണ്. എന്നും അവനെ കണ്ടില്ലെങ്കിൽ ചോദിക്കും. തിരിച്ചവനും അങ്ങനെ തന്നെയാണ്. ഇന്നിവിടെ ഇത്രയും പേരെ കണ്ടത് കൊണ്ടായിരിക്കും ചോദിക്കാതിരുന്നത്. തനിക്കവനെ ഇഷ്ടമാണോ???? അവൾ അവളോട് തന്നെ ചോദിച്ചു. അതേ താനവനെ സ്നേഹിക്കുന്നു. എന്നാൽ എന്തോ അത് തുറന്നു സമ്മതിക്കാൻ കഴിയുന്നില്ല എന്തോ ഒന്ന് അവനിൽ നിന്നകറ്റുന്നു. പക്ഷെ എന്താണത്???????? അതിനൊരുത്തരം കണ്ടെത്താൻ അവളെ കൊണ്ട് സാധിച്ചില്ല. ഉറക്കം വരാതെ കുഞ്ഞിനെ നോക്കി അവൾ കിടന്നു. വരാൻ പോവുന്ന നല്ല നാളുകളെ കുറിച്ചറിയാതെ അസ്വസ്ഥതമായ മനസ്സുമായി അവൾ കണ്ണുകളടച്ചു. തുടരും………..

by