11/05/2026

1

“പറയുംബൊ എല്ലാരും ഉണ്ട് പക്ഷേ ..” പറഞ്ഞു വന്നത് പെട്ടെന്ന് നിർത്തി അവൾ വരാന്തയിലേക്ക് നോക്കി. ആരോ ഒരാൾ നടന്നു വരുന്നത് ഞാനും കണ്ടു.

“അമ്മയുടെ അനിയത്തിയുടെ ഭർത്താവാണ്. ഞാൻ അങ്ങോട്ട് പോട്ടെ കെട്ടോ” അതും പറഞ്ഞ് എന്റെ മറുപടിക്ക് വേണ്ടി പോലും കാത്തു നിൽക്കാതെ അയാളുടെ അടുത്തേക്ക് വേഗം നടക്കുകയായിരുന്നു അവൾ. വാർഡിലേക്ക് അയാളുടെ കൂടെ കേറി പോകുന്നതും നോക്കി ഞാനും കുറച്ച് നേരം നിന്നു.
അച്ഛന്റെ അമ്മയെയും കൊണ്ട് മൂന്ന് ദിവസത്തോളം ആയി ഞാനും ഈ ഗവൺമെന്റ് ഹോസ്പിറ്റലിൽ നിൽക്കുന്നു. ഞാനും അനിയനും പിന്നെ അച്ഛന്റെ ഒരു പെങ്ങൾ ഉള്ളത് അവരും മാറി മാറി നിൽക്കുകയാണ് പതിവ്. പകൽ ജോലിക്ക് പോകാൻ ഉള്ളത് കൊണ്ട് തന്നെ മിക്കപ്പൊഴും രാത്രിയിൽ കൂട്ടിരിക്കാൻ ഞാനാണ്. വന്നതിന്റെ അടുത്ത ദിവസം ആണ് നീതുവിനെ കാണുന്നത്.

“ഏട്ടാ ഈ മരുന്ന് ഒന്ന് വാങ്ങിച്ചു തരാമോ?” എനിക്ക് നേരെ ഒരു കടലാസ് നീട്ടിപ്പിടിച്ച് അവൾ ചോദിച്ചു. രാത്രി എട്ട് മണി ആയിട്ടുണ്ടായിരുന്നു.

“ഇവിടെ ഇല്ല പുറത്ത് നിന്നും വാങ്ങിക്കണം അതോണ്ടാ” അവൾ സമയം നോക്കികൊണ്ട് എന്നെ നോക്കി.

“ഇപ്പൊ കൊണ്ടു വരാം” ശീട്ട് കൈയ്യിലേക്ക് വാങ്ങികൊണ്ട് ഞാൻ പറഞ്ഞു.

“നിക്ക് ഞാൻ പൈസ എടുക്കട്ടെ” അവൾ പേഴ്സിലേക്ക് കൈ ഇടുംബൊഴേക്കും ഞാൻ നടന്നു കഴിഞ്ഞിരുന്നു. റോഡിന് മറുവശത്താണ് മെഡിക്കൽ സ്റ്റോറുകൾ ഉള്ളത്. സെക്യൂരിറ്റിക്കാരനെ പാസ് കാണിച്ച് ഞാൻ വേഗം മരുന്നുമായി തിരികെ എത്തി.

“അമ്മയ്ക്ക് എന്താണ് പറ്റിയെ?” മരുന്ന് അവളുടെ കൈയ്യിലേക്ക് കൊടുക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു.

“പനി വന്നതാ ഇപ്പൊ നോക്കുംബൊ ഭയങ്കര തൊണ്ടവേദനയൊക്കെയാ. അതാ അഡ്മിറ്റാക്കിയെ. ശെരിക്കും മാറാതെ വീട്ടിൽ പോയാൽ ശെരിയാകില്ല. അമ്മയ്ക്ക് പ്രതിരോദശേഷി കുറവാ ഇപ്പൊ തന്നെ ഈ മാസം ഇത് രണ്ടാമത്തെ വരവാ” അവൾ ചിരിച്ചു കൊണ്ടാണ് പറഞ്ഞത്. “മരുന്നിന് എത്ര പൈസ ആയി?” അവൾ പേഴ്‌സിലേക്ക് കൈയ്യിട്ടുകൊണ്ട് ചോദിച്ചു.

“അത് നമുക്ക് പിന്നീട് പറയാം” മരുന്ന് അവളുടെ കൈയ്യിലേക്ക് വെച്ച് കൊണ്ട് ഞാൻ വേഗം തിരികെ നടന്നു. അല്ലെങ്കിലും ആ രണ്ട് ഗുളികയ്ക്ക് ആകെ വന്ന പൈസ ഇരുപത്തിഅഞ്ചാണ്.ആ പൈസ വാങ്ങിക്കാൻ എന്റെ അഭിമാനം സമ്മതിച്ചില്ല.

അച്ചമ്മ കിടക്കുന്ന ബെഡും അവളുടെ അമ്മ കിടക്കുന്ന ബെഡിനും ഇടയ്ക്ക് നാല് ബെഡുകൾ വേറെയും ഉണ്ടെങ്കിലും എന്തോ ഇടയ്ക്കെങ്കിലും ഞങ്ങളുടെ കണ്ണുകൾ പരസ്പരം കൂട്ടിമുട്ടിയിരുന്നു. ഓരോ നോട്ടത്തിലും താഴ്ന്ന് പോകുന്ന മുഖം.

“ഞാൻ കൊണ്ടു പോകാം സജീഷേട്ടൻ ഇവിടെ നിന്നാമതി.” അച്ചമ്മയെ താങ്ങി കൊണ്ട് ബാത്റൂമിലേക്ക് നടക്കുന്നത് കണ്ടപ്പോൾ അവളാണ് ഓടി വന്നത്.

“നിനക്ക് ഒറ്റയ്ക്ക് താങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല” മെലിഞ്ഞ അവളുടെ ശരീരപ്രകൃതം നോക്കി ഞാൻ കളിയാക്കി.

“ഓ പിന്നെ” അതും പറഞ്ഞ് അച്ചമ്മയെയും കൊണ്ട് അവൾ ബാത്റൂമിലേക്ക് നടന്നു.
ഇടയ്ക്കെപ്പൊഴോ അവളുടെ അമ്മയും അച്ചമ്മയും പരിജയപ്പെടുകയും കിട്ടുന്ന അവസരങ്ങളിലെല്ലാം ഒന്നിച്ച് ഇരുന്ന് വിശേഷം പറയുകയും ആയിരുന്നു. കൂടെ അവളും ഉണ്ട്.
എന്നെ കണ്ടതോടെ ബെഡിലിരുന്ന അവൾ പതുക്കെ എണീറ്റു.

“ആ ഇത്തിരി ബഹുമാനം നല്ലതാ” ഞാൻ ചിരിച്ചുകൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി.

“അയ്യട” അവളുടെ മറുപടി പെട്ടെന്നായിരുന്നു. പറഞ്ഞത് അബദ്ധമായെന്ന് അവൾക്കും തോന്നിക്കാണണം. അവളുടെ അമ്മയുടെ നോട്ടത്തിൽ അതുണ്ടായിരുന്നു. ദിവസങ്ങൾ കഴിയവെ ഞങ്ങൾ കൂടുതൽ അടുത്തു. പിന്നീട് ഹോസ്പിറ്റലിൽ നിന്നും വീട്ടിലേക്ക് പോയതിനു ശേഷവും ഇടയ്ക്കെങ്കിലും ടൗണിൽ വെച്ച് കാണുമായിരുന്നു. മനപൂർവമോ അല്ലാതെയോ അതിനുള്ള സാഹചര്യങ്ങൾ ഞങ്ങൾ ഉണ്ടാക്കി എന്നു പറയുന്നതാവും നേര്.

“ഡോ ഒരു കാര്യം ചോദിച്ചോട്ടെ?” ഒരു ദിവസം ഞാനവളോട് ചോദിച്ചു.

” എന്തേ?” അവൾ ആകാംക്ഷയോടെ എൻറെ മുഖത്തേക്ക് നോക്കി.

“ഞാൻ ഒരു ആലോചനയുമായി വീട്ടിലേക്ക് വന്നാൽ നിനക്കിഷ്ടമാവുമോ?” ഈ ചോദ്യം അവൾ പ്രതീക്ഷിച്ചിരുന്നത് പോലെയാണ് അവളുടെ മുഖഭാവം.

“ഇഷ്ടല്ലെങ്കിൽ …?” അവളുടെ മുഖത്ത് ചിരി.

“ഞാൻ കാത്തിരിക്കും ”

“എത്രനാൾ?”

“അയ്യോ അധികമൊന്നും കാത്തു നിൽക്കില്ല കൂടി പോയാൽ നിന്റെ കല്യാണം നിശ്ചയിക്കുന്ന നാൾവരെ.” എന്റെ മറുപടി കേട്ട് അവൾ ചിരിച്ചു.

“എന്നാ എന്റെ കുട്ടി അങ്ങനെ കാത്തിരിക്കുവൊന്നും വേണ്ട, വീട്ടിൽ വന്ന് അമ്മയോട് ചോദിക്ക് എന്നിട്ട് നമുക്ക് കെട്ടാം” ചിരിച്ചുകൊണ്ടാണ് അവളത് പറഞ്ഞത്.

“അമ്മ സമ്മതിച്ചില്ലേലോ?” എന്റെ ചോദ്യം.

“അതിന് ഞാൻ അമ്മയോട് പറഞ്ഞാരുന്നു ഇയാൾടെ കാര്യം” അതും പറയുംബോൾ അറിയാതെ തന്നെ അവളുടെ മുഖം താഴ്ന്നു, ആ ചിരിയിൽ നിറഞ്ഞ കള്ളത്തരം!.

“ങ്ങേ….” അതിശയത്തോടെ എന്റെ കണ്ണുകൾ വിടർന്നു.
“ആ..” ഒരു ചെറു ചിരിയോടെ അവളും. !