“എന്റെ കൂടെ ജീവിക്കണമെന്നുണ്ടെങ്കിൽ ഇപ്പോൾ ഇറങ്ങി വാ… നിന്നെ പൊന്നുപോലെ നോക്കിക്കോളാൻ എനിക്ക് പറ്റും.”
അർജുൻ ആ വീടിന്റെ മുറ്റത്തുനിന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. സിറ്റൗട്ടിൽ തരിച്ചുനിന്ന നിലാവരി അവനരികിലേക്ക് ഓടാൻ തുടങ്ങിയതും, അച്ഛൻ രഘു അവളുടെ കൈകളിൽ ശക്തമായി പിടിച്ചു.
“മോളേ… നീ എന്തിനാ ഈ കാണിക്കുന്നത്? നിന്നെ വളർത്തിയ അച്ഛനെയും അമ്മയെയും കുറിച്ച് നിനക്ക് ഒരു ചിന്തയുമില്ലേ?” രഘുവിന്റെ ശബ്ദം ഇടറിയിരുന്നു.
“അച്ഛാ, ഞാൻ എത്രവട്ടം പറഞ്ഞതാ ഞങ്ങളുടെ വിവാഹം നടത്തിത്തരാൻ. അച്ഛൻ സമ്മതിക്കാഞ്ഞിട്ടല്ലേ? എനിക്കവനെയില്ലാതെ പറ്റില്ല. എനിക്ക് അർജുന്റെ കൂടെ പോയാൽ മതി!” അവൾ കൈ വിടുവിക്കാൻ ശ്രമിച്ചു.
“അതിന് അവന് എന്ത് ജോലിയുണ്ട്? നിന്നെ എങ്ങനെ അവൻ നോക്കും? പഠിക്കേണ്ട പ്രായത്തിൽ ഇങ്ങനെ ഇറങ്ങിപ്പോയാൽ നിന്റെ ജീവിതം എന്താകുമെന്ന് നീ ചിന്തിച്ചിട്ടുണ്ടോ?”
മുറ്റത്തുനിന്ന് അർജുൻ വീണ്ടും ആക്രോശിച്ചു, “നിലാവരീ… നീ ഇറങ്ങി വാ!”
“എന്നെ വിടച്ഛാ, എനിക്ക് പോകണം!”
“ഇല്ല, ഞങ്ങളെ നാട്ടുകാരുടെ മുന്നിൽ നാണം കെടുത്തിയിട്ട് നിന്നെ ഞാൻ വിടില്ല.” രഘു പിടിമുറുക്കി.
ഈ ബഹളം കേട്ട് വീടിനുള്ളിൽ നിന്ന് നിലാവരിയുടെ അമ്മ സുമിത്ര പുറത്തേക്ക് വന്നു. അവർ ശാന്തയായിരുന്നു, പക്ഷേ ആ കണ്ണുകളിൽ വലിയൊരു തളർച്ചയുണ്ടായിരുന്നു. “ഏട്ടാ… അവളുടെ കയ്യിൽ നിന്ന് വിട്ടേക്ക്. പോകണമെന്നാണ് അവൾക്ക് താല്പര്യമെങ്കിൽ പോകട്ടെ. ചിലതിനെയൊക്കെ എത്ര നന്നായി വളർത്തിയിട്ടും കാര്യമില്ല. സ്വന്തം ജീവിതം നശിപ്പിക്കാൻ തുനിഞ്ഞിറങ്ങിയവളെ തടഞ്ഞിട്ട് എന്ത് കിട്ടാനാണ്? അച്ഛനെക്കാളും അമ്മയെക്കാളും വലുതാണ് ഇന്നലെ കണ്ടവൻ എന്ന് അവൾക്ക് തോന്നുന്നുണ്ടെങ്കിൽ പോകട്ടെ…”
രഘുവിന്റെ കണ്ണുകൾ നിറഞ്ഞു. തന്റെ ആദ്യത്തെ കണ്മണിയാണ്, നെഞ്ചിലിട്ട് വളർത്തിയ പൊന്നുമോളാണ്. ജോലിയും കൂലിയും ഇല്ലാത്ത ഒരുത്തന്റെ കൂടെയാണ് അവൾ പോകാൻ നിൽക്കുന്നത്. അർജുന്റെ പശ്ചാത്തലം രഘു രഹസ്യമായി അന്വേഷിച്ചതായിരുന്നു. വഞ്ചകരുടെ കുടുംബമാണ് അവന്റെത്. അവന്റെ ജ്യേഷ്ഠൻ ഒരു പെണ്ണിനെ വിവാഹം കഴിച്ച് കുഞ്ഞുണ്ടായപ്പോൾ അവളെ ഉപേക്ഷിച്ചു മറ്റൊരുവളുടെ കൂടെ പോയവനാണ്. അവന്റെ അതേ രക്തമാണ് അർജുന്റെ ഉള്ളിലും.
അർജുന്റെ കോലം കണ്ടാൽ തന്നെ അറപ്പ് തോന്നും. കാതും മൂക്കും കുത്തി, ജടപിടിച്ച മുടിയും കീറിയ വസ്ത്രങ്ങളുമായി ഒരുതരം വിചിത്രമായ രൂപം. ഇതൊക്കെ ‘ന്യൂജനറേഷൻ ഫാഷൻ’ ആണെന്നാണ് അവളുടെ വാദം.
“എന്നെ വിടച്ഛാ…” അവൾ വീണ്ടും പറഞ്ഞു.
രഘു അവളുടെ കൈവിട്ടു. നിലാവരി വേഗത്തിൽ അർജുന്റെ അടുത്തേക്ക് നടന്നു.
“എന്നാലും സുമിത്രേ… ഇവന്റെ ഈ രൂപം കണ്ടിട്ട് ഇവനെ എങ്ങനെയാണവൾ സ്നേഹിച്ചത്?” രഘു വേദനയോടെ ചോദിച്ചു.
അർജുൻ നിലാവരിയുടെ കൈ പിടിച്ചു ചേർത്തുനിർത്തി പരിഹാസത്തോടെ ചിരിച്ചു. “എന്റെ കോലത്തിന് എന്താടാ കുഴപ്പം? നിന്നെപ്പോലെയുള്ള കുറെ ഊച്ചാളികൾക്ക് ന്യൂജനറേഷൻ പിള്ളേരെ കാണാൻ പറ്റില്ല. തന്തൈബ് അടിച്ചു ജീവിച്ചോണം… അപ്ഡേറ്റ് ആവടോ മനുഷ്യാ! നീ ചോദിച്ചില്ലേ എങ്ങനെ ജീവിക്കുമെന്ന്? നിന്റെ മകളെ വിറ്റിട്ടാണെങ്കിലും ഞാൻ ജീവിക്കും… കേട്ടോടാ…” തുടര്‍ന്ന് അസഭ്യവര്‍ഷം ചൊരിഞ്ഞുകൊണ്ട് അവന്‍ അവളെ വലിച്ചു.
“വാ മുത്തേ… നിന്റെ തന്ത പറയുന്നത് നീ കേൾക്കണ്ട. ഞാൻ നോക്കിക്കോളാം നിന്നെ.”
പെട്ടെന്ന് നിലാവരി അവന്റെ കൈകളിൽ നിന്ന് തന്റെ കൈ ബലമായി വലിച്ചെടുത്തു. അവൾ ദേഷ്യത്തോടെ അവനെ നോക്കി. “നീ എന്റെ അച്ഛനെ എന്തൊക്കെയാടാ പറഞ്ഞത്? അദ്ദേഹം എന്റെ അച്ഛനാണ്. ഒരു മകളോട് പറയാൻ പറ്റുന്ന കാര്യമാണോ നീ പറഞ്ഞത്?”
“പിന്നെ, അയാൾ എന്നെ ചൊറിയുമ്പോൾ ഞാൻ മിണ്ടാതിരിക്കണോ?” അവൻ പുച്ഛിച്ചു.
“എന്റെ പ്രിയപ്പെട്ടവരെയെല്ലാം ഉപേക്ഷിച്ചിട്ട് നിന്റെ കൂടെ വരാൻ ഇറങ്ങിയവളാണ് ഞാൻ. പക്ഷേ നിന്റെ വായിൽ നിന്ന് വന്ന വാക്കുകൾ… എന്നെ വിറ്റിട്ടാണെങ്കിലും നീ ജീവിക്കുമെന്ന്! അങ്ങനെ പറഞ്ഞ നിന്നെ വിശ്വസിച്ച് ഞാൻ എങ്ങനെ വരും?”
“എടീ… അതൊരു പഞ്ചിന് പറഞ്ഞതാ…” അവൻ നാവു കുഴച്ചു.
“എനിക്ക് വരണ്ട. എന്നെ മറന്നേക്ക്!” നിലാവരി തിരിഞ്ഞു നടന്നു.
“എടീ… നീ ഇതിന് അനുഭവിക്കും!” അർജുൻ മുറ്റത്ത് നിന്ന് അലറി. രഘു അവനെ പിടിച്ചു തള്ളി പുറത്താക്കി.
മുറിയിലെത്തിയ നിലാവരി തകർന്നുപോയി. ഇൻസ്റ്റഗ്രാമിലൂടെയാണ് അവനെ പരിചയപ്പെട്ടത്. അവന്റെ റീൽസിലെ ചിരിയും രൂപവും കണ്ടാണ് ഇഷ്ടം തോന്നിയത്. അവൻ തന്നോട് എത്ര ബഹുമാനത്തോടെയാണ് സംസാരിച്ചിരുന്നത്! പക്ഷേ ഇന്ന് കണ്ടത് മറ്റൊരു അർജുനെയാണ്. പഠനത്തിൽ ശ്രദ്ധിക്കാമെന്നും ഇനി അവനെ കാണില്ലെന്നും അവൾ ഉറപ്പിച്ചു.
അർജുന്റെ വോയിസ് മെസ്സേജ് വന്നത് അപ്പോഴാണ്. അവൾ പ്ലേ ചെയ്തു.
“നോക്കിക്കോടി… നിന്നെ ഞാൻ വെറുതെ വിടില്ല. നാട്ടുകാരുടെ മുന്നിൽ എന്നെ അപമാനിച്ച നിനക്ക് ഞാൻ ശിക്ഷ തരും. നീ നാളെ കോളേജിൽ പോകാൻ ഇറങ്ങുമല്ലോ, അപ്പോൾ കാണാം. നിന്റെ കുറച്ച് ഫോട്ടോസ് എന്റെ ഫോണിലുണ്ട്. അതൊക്കെ ഇനി സോഷ്യൽ മീഡിയയിൽ വൈറലാകും. നിനക്ക് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത വിധം നിന്നെ ഞാൻ നാറ്റിക്കും.”
നിലാവരി ഭയന്നു വിറച്ചു. സ്നേഹിച്ചവൻ തന്നെ ഇത്രയും വലിയൊരു ചതിക്ക് മുതിരുമെന്ന് അവൾ കരുതിയില്ല. അച്ഛന്റെയും അമ്മയുടെയും മുന്നിൽ താൻ നാണം കെട്ടു. ഈ ജീവിതം അവസാനിപ്പിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന് അവൾക്ക് തോന്നി.
അന്ന് രാത്രി വീട്ടുകാരോടൊപ്പം ഇരുന്നു ഭക്ഷണം കഴിച്ചെങ്കിലും ആരും മിണ്ടിയില്ല. എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പായപ്പോൾ നിലാവരി വീടിന് പുറത്തിറങ്ങി. അടുത്തുള്ള റെയിൽവേ ട്രാക്കായിരുന്നു അവളുടെ ലക്ഷ്യം. തന്റെ ഫോട്ടോകൾ മോശമായി പ്രചരിപ്പിക്കപ്പെടുമെന്ന ഭയം അവളെ മരണത്തിലേക്ക് നയിച്ചു.
ട്രാക്കിന് അരികിലിരുന്ന് അവൾ ട്രെയിൻ വരാൻ കാത്തിരുന്നു. “നാളെ മുതൽ ഞാനില്ല. എന്റെ വീട്ടുകാർ ഇതറിയുമ്പോൾ തകരില്ലേ?” അവൾ ഓർത്തു. ഇരുട്ടിനെ ഭയപ്പെട്ടിരുന്നവൾ ഇന്ന് മരണത്തെ കാത്ത് ഇരിക്കുന്നു.
“മരിക്കാൻ വന്നതാണോ?”
പെട്ടെന്നൊരു ശബ്ദം കേട്ട് അവൾ ഞെട്ടി എഴുന്നേറ്റു. നിലാവെളിച്ചത്തിൽ അമ്പതു വയസ്സോളം പ്രായമുള്ള ഒരു മനുഷ്യൻ നിൽക്കുന്നു.
“പേടിക്കണ്ട മോളേ, ഞാനും ഈ ജീവിതം അവസാനിപ്പിക്കാൻ വന്നതാ.” അയാൾ അവൾക്കരികിൽ ഇരുന്നു. “ഇരുപത് മിനിറ്റ് കൂടിയുണ്ട് ട്രെയിൻ വരാൻ. ഇരിക്ക്.”
നിലാവരി പേടിയോടെ കുറച്ചകലെ ഇരുന്നു.
“മോൾ എന്തിനാ മരിക്കുന്നത്? പ്രേമനൈരാശ്യമാണോ?” അയാൾ ചോദിച്ചു. അവൾ മിണ്ടിയില്ല.
“നിങ്ങളെപ്പോലെയുള്ള കുട്ടികൾ അച്ഛനെയും അമ്മയെയും മറന്നുപോകും. പ്രണയത്തിന്റെ പേരിൽ എടുത്തുചാടും. വയറ്റിൽ കുരുത്ത നാൾ മുതൽ എന്ത് പ്രതീക്ഷയോടെയാണ് അവർ നിങ്ങളെ വളർത്തുന്നത്? നിങ്ങൾ ജനിക്കുന്നത് മുതലാണ് അവർ നിങ്ങളിലേക്ക് ഒതുങ്ങുന്നത്. സ്വന്തം കാര്യങ്ങൾ പോലും മാറ്റിവെച്ച് മക്കൾക്ക് വേണ്ടി അവർ ജീവിക്കും.”
നിലാവരി അയാൾ പറയുന്നത് ശ്രദ്ധയോടെ കേട്ടു.
“എനിക്കും അമ്പിളിക്കും മകൾ നവനീത ഉണ്ടായിരുന്നു. അവളായിരുന്നു ഞങ്ങളുടെ ലോകം. ഞാൻ അധ്വാനിച്ച പണമൊക്കെ അവൾക്ക് വേണ്ടിയാണ് ചിലവാക്കിയത്. രണ്ട് കൊല്ലം മുമ്പ് കാമുകൻ ഉപേക്ഷിച്ചെന്ന് പറഞ്ഞ് അവൾ മുറിയിൽ തൂങ്ങിമരിച്ചു. ഞങ്ങളെക്കുറിച്ച് അവൾ ഒരു നിമിഷം പോലും ചിന്തിച്ചില്ല. അവളുടെ മരണത്തോടെ അമ്പിളി മാനസികരോഗിയായി. കഴിഞ്ഞ ആഴ്ച നവനീത മരിച്ച അതേ മുറിയിൽ അമ്പിളിയും തൂങ്ങിമരിച്ചു. എന്റെ കടമകളൊക്കെ ഞാൻ തീർത്തു. ഇനി എനിക്കും പോകണം അവരുടെ അടുത്തേക്ക്…”
അയാളുടെ കരച്ചിൽ കണ്ട് നിലാവരിയുടെ ഉള്ളം പിടഞ്ഞു. താൻ മരിച്ചാൽ തന്റെ അച്ഛനും അമ്മയ്ക്കും ഇതേ അവസ്ഥയാകില്ലേ?
“ഇത്രയും വർഷം വളർത്തിയവരെക്കാൾ വലുതാണോ നാലുമാസത്തെ പരിചയമുള്ള കാമുകൻ?” അയാൾ ചോദിച്ചു. “എന്റെ മകളുടെ മരണത്തിന് കാരണമായവൻ ഇപ്പോഴും സുഖമായി ജീവിക്കുന്നു. ഇൻസ്റ്റാഗ്രാമിലൊക്കെ വലിയ മോട്ടിവേഷൻ വീഡിയോ ഇടുന്നവനാ അവൻ. ദേ, ഈ മുഖം നോക്കിക്കോ…”
അയാൾ ഫോൺ കാണിച്ചു. ഫോട്ടോ കണ്ട നിലാവരി ഞെട്ടിപ്പോയി. അത് അർജുൻ ആയിരുന്നു!
പെട്ടെന്ന് ട്രെയിനിന്റെ ശബ്ദം കേട്ടു. അയാൾ ട്രാക്കിലേക്ക് ചാടാൻ ഒരുങ്ങി. നിലാവരി കുതിച്ചെഴുന്നേറ്റ് അയാളെ പിന്നിലേക്ക് വലിച്ചു വീഴ്ത്തി. ട്രെയിൻ പാഞ്ഞുപോയി.
“നീ എന്തിനാ ഇത് ചെയ്തത്?” അയാൾ ദേഷ്യപ്പെട്ടു.
“അങ്കിളിന് ഒരു മകൾ ഉണ്ടായിരുന്നു എന്ന് പറഞ്ഞില്ലേ, ആ മകളാണെന്ന് കരുതിയാൽ മതി. എനിക്ക് മരിക്കണ്ട അങ്കിൾ… എന്റെ അച്ഛനും ഇതുപോലെ തകരുന്നത് എനിക്ക് കാണണ്ട.” അവൾ പൊട്ടിക്കരഞ്ഞു.
നിലാവരി എല്ലാം അയാളോട് പറഞ്ഞു. താൻ ചതിക്കാൻ ശ്രമിക്കുന്നതും ഇതേ അർജുൻ ആണെന്ന് അയാൾ തിരിച്ചറിഞ്ഞു. “അവൻ അന്ന് എന്റെ മകളുടെ കാലുപിടിച്ചു കരഞ്ഞതാണ് ഇനിയാരെയും ചതിക്കില്ലെന്ന്. അതുകൊണ്ടാണ് ഞാൻ അവനെ അന്ന് പോലീസിൽ ഏൽപ്പിക്കാതിരുന്നത്. പക്ഷേ അവൻ വീണ്ടും ഇരപിടിക്കാൻ ഇറങ്ങിയിരിക്കുന്നു.”
“മോൾ ആ വോയിസ് മെസ്സേജ് പോലീസിൽ ഏൽപ്പിക്കണം. ഭയപ്പെടരുത്.” അയാൾ അവളെ ആശ്വസിപ്പിച്ചു.
രാത്രിയിൽ തന്നെ നിലാവരി വീട്ടിലേക്ക് തിരിച്ചു നടന്നു. വഴിയിൽ തിരക്കി ഇറങ്ങിയ അച്ഛനെയും അമ്മയെയും അവൾ കണ്ടു. സുമിത്ര അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു. രഘുവിന്റെ മുഖത്ത് മകളെ തിരിച്ചു കിട്ടിയ ആശ്വാസമായിരുന്നു.
പിറ്റേന്ന് രാവിലെ നിലാവരി അച്ഛനോട് എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു. ആ വോയിസ് മെസ്സേജും കേൾപ്പിച്ചു. രഘു മകളെയും കൊണ്ട് സ്റ്റേഷനിലേക്ക് പുറപ്പെട്ടു.
സ്റ്റേഷൻ മുറ്റത്ത് എത്തിയപ്പോൾ പോലീസ് വാഹനത്തിൽ നിന്ന് ഒരാളെ പിടിച്ചിറക്കുന്നത് കണ്ടു. അത് തലേദിവസം രാത്രി കണ്ട ആ മനുഷ്യനായിരുന്നു!
“അച്ഛാ, ഇത് അയാളാണ്!” നിലാവരി പറഞ്ഞു.
അവിടെ നിന്ന പോലീസുകാർ പറയുന്നത് അവൾ കേട്ടു, “ഇൻസ്റ്റാഗ്രാമിൽ ഫേമസായ അർജുൻ എന്നൊരുത്തനെ ഇയാൾ ഇന്ന് പുലർച്ചെ തീർത്തു. ഇയാളുടെ മകളുടെ ആത്മഹത്യയ്ക്ക് കാരണക്കാരനാണത്രേ അവൻ.”
അകത്തേക്ക് പോകുന്നതിനിടെ ആ മനുഷ്യൻ നിലാവരിയെ നോക്കി പുഞ്ചിരിച്ചു. അയാളുടെ മുഖത്ത് വലിയൊരു ആത്മസംതൃപ്തി ഉണ്ടായിരുന്നു. ഇനിയൊരു പെൺകുട്ടിയും അവൻ കാരണം കരയരുത് എന്ന ചിന്തയാകാം അദ്ദേഹത്തെ ആ പ്രവർത്തിയിലേക്ക് നയിച്ചത്.
നിലാവരി മൗനമായി അച്ഛന്റെ കൂടെ വീട്ടിലേക്ക് തിരിച്ചു. അച്ഛൻ അവളെ തോളോട് ചേർത്തുപിടിച്ചു. “സാരമില്ല മോളേ… നിന്നെ ഞങ്ങൾക്ക് തിരിച്ചു കിട്ടിയല്ലോ.”
യഥാർത്ഥ പ്രണയം ഒരിക്കലും ആത്മാഭിമാനത്തെ ചോദ്യം ചെയ്യില്ലെന്നും ചതിക്കുഴികളെ സ്നേഹമായി തെറ്റിദ്ധരിക്കരുതെന്നും അവൾ തിരിച്ചറിഞ്ഞു. തന്റെ ജീവനേക്കാൾ വിലപ്പെട്ടത് തന്നെ വളർത്തിയവരുടെ കണ്ണീരാണെന്ന് ഉറപ്പിച്ചുകൊണ്ട് അവൾ പുതിയൊരു ജീവിതത്തിലേക്ക് ചുവടുവെച്ചു.
ശുഭം.

by