#കൽഹാര
ഒരു കൊച്ചുകുഞ്ഞിന്റെ ഭാവത്തോടെ താൻ കാണുന്ന കാഴ്ചകൾ എല്ലാം അവൾ മായയെ വിളിച്ചു കാണിച്ചുകൊണ്ടിരുന്നു…
“നോക്ക് മായേച്ചി… കുറെ സ്കൂൾകുട്ടികൾ നടന്നു പോകുന്നു… എന്ത് ഭംഗിയാ ആ പൂക്കൾ കാണാൻ… ദാ അവിടെ എത്ര കച്ചവടക്കാരാ…”
ഇരുപത്തിരണ്ടു വർഷങ്ങൾ ഇരുട്ടിൽ തള്ളിനീക്കി ദിവസങ്ങൾക്ക് മുൻപ് കാഴ്ച ലഭിച്ച ഒരു പെൺകുട്ടിയുടെ മനസ്സ് അറിയാവുന്നത് കൊണ്ട് അവളുടെ ആയ മായേച്ചി എല്ലാത്തിനും തലയാട്ടിക്കൊണ്ടിരുന്നു…
“എന്ത് ഭംഗി ആണല്ലേ മായേച്ചി ഈ ലോകത്തെ ഓരോ കാഴ്ചകൾക്കും… ഇതൊന്നും ഇത്ര കാലം കാണാൻ എനിക്ക് കഴിഞ്ഞില്ലല്ലോ…”
“അതിനിപ്പോ എന്താ മോളെ… ഇനി എന്നും മോൾക്ക് ഇതെല്ലാം കാണാമല്ലോ… അതിനല്ലേ കുഞ്ഞിന് ദൈവം കാഴ്ച നൽകിയത്… ഇനി മായേച്ചിക്ക് പോകാം… എന്റെ മോൾക്ക് ഇനി എല്ലാം തനിയെ ചെയാമല്ലോ…”
“മായേച്ചി എവിടെ പോകുന്നു… മായേച്ചി എനിക്ക് വെറും ആയ മാത്രമല്ല… എന്റെ കൂട്ടുകാരി കൂടിയാണ്… പലപ്പോഴും അമ്മയില്ലാത്ത എനിക്ക് ഒരു പോറ്റമ്മയും…
മായേച്ചിയെ ഞാൻ എവിടേക്കും വിടില്ല… ഇവിടെ എന്റെ കൂടെ വേണം… എന്നും…”
അവൾ മായയെ കെട്ടിപ്പിടിച്ചു… പെട്ടെന്ന് സിഗ്നലിൽ കാർ നിർത്തി… അവൾ പുറത്തെ കാഴ്ചകൾ നോക്കിയിരുന്നു… അപ്പോഴാണ്
അവരുടെ കാറിന്റെ സൈഡിൽ ഒരു ബൈക്ക് കൊണ്ടുവന്നു നിർത്തിയത്… രണ്ട് പയ്യന്മാർ… അവൾ അവരെ നോക്കി… അപ്പോൾ അവൾ കണ്ടു… പിന്നിൽ ഇരിക്കുന്ന താടി വെച്ച പയ്യൻ അവളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കുന്നു… അവൾ തെല്ലുനേരം അയാളെ നോക്കി… പെട്ടെന്ന് അവൾ തന്റെ കണ്ണുകൾ പിൻവലിച്ചു… കാർ മുന്നോട്ടെടുത്തു… അവൾ തിരിഞ്ഞു നോക്കി… അവരെ കാണാനില്ല… അവർ മറ്റേതോ വഴി തിരിഞ്ഞുപോയിരിക്കുന്നു… അവൾക്ക് എന്തോ വല്ലാത്ത ഭയം തോന്നി… പക്ഷേ മറ്റാരോടും അവൾക്ക് അത് പറയാൻ തോന്നിയില്ല… വെറും തോന്നൽ ആയി അവൾ അത് തള്ളിക്കളഞ്ഞു…
പക്ഷേ, വീണ്ടും അത് ആവർത്തിക്കാൻ തുടങ്ങി… പലയിടത്തും വെച്ച് അവൾ ആ താടിക്കാരനെ വീണ്ടും കണ്ടു… അയാൾ തന്നെ പിന്തുടരുന്നത് പോലെ അവൾക്ക് തോന്നി… അവൾ മായയോട് എല്ലാം പറഞ്ഞു…
“എന്റെ നക്ഷത്ര മോളെ… മോൾക്ക് വെറുതെ തോന്നിയത് ആയിരിക്കും… അല്ലാതെ മോളെ ആര് പിന്തുടരാൻ ആണ്…? ”
“എനിക്ക്… എനിക്കറിയില്ല മായേച്ചി… പക്ഷേ എനിക്ക് ഉറപ്പാണ്… അയാൾ എന്റെ പിന്നാലെ തന്നെ ഉണ്ട്… എനിക്ക് വല്ലാതെ പേടി തോന്നുന്നു…”
“മോള് പേടിക്കാതെ ഇരിക്ക്… ഞാൻ അച്ഛനോട് പറയാം…”
“അയ്യോ വേണ്ട… അച്ഛനോട് പറയണ്ട… അച്ഛൻ എന്തെങ്കിലും അതിക്രമം ചെയ്യും… ചേച്ചിക്ക് അറിയാലോ… അച്ഛന് എന്നെ ജീവൻ ആണ്… ”
“പിന്നെ നമ്മളിപ്പോ എന്താ ചെയ്യുക…? ”
“എനിക്കറിയില്ല ചേച്ചി… ചിലപ്പോൾ എനിക്ക് തോന്നിയത് ആവും… എനിക്ക് അറിഞ്ഞൂടാ…”
അവളിൽ നിന്നും ഒരു തേങ്ങൽ ഉയർന്നു… മായ അവളെ ചേർത്തുപിടിച്ചു…
“മോള് വിഷമിക്കാതിരിക്കൂ.. നമുക്ക് നോക്കാം.. ഞാൻ ഇല്ലേ കൂടെ…മോള് ചെന്ന് കിടക്കു… നാളെ ഷോപ്പിംഗിന് പോണം എന്നല്ലേ പറഞ്ഞത്…”
“ഉം…”
രണ്ടാളും കിടന്നു… രാവിലെ എഴുന്നേറ്റ് ജോലികൾ ഒക്കെ കഴിഞ്ഞ് ഷോപ്പിംഗിന് ഇറങ്ങി… മാളിൽ നിന്ന് സാധനങ്ങൾ ഒക്കെ വാങ്ങി രണ്ടാളും ഇറങ്ങാൻ തുടങ്ങുക ആയിരുന്നു… അവൾ ലിഫ്റ്റിൽ കയറി…
പക്ഷേ, മായ കയറുന്നതിന് മുൻപ് ലിഫ്റ്റിന്റെ വാതിൽ അടഞ്ഞു… അവൾ ഞെട്ടി നോക്കി…
അയാൾ…ആ താടിക്കാരൻ അടുത്ത് നിൽക്കുന്നു… അവൾക്ക് ഭയം തോന്നി… അവളുടെ നെഞ്ചിടിപ്പു കൂടി… അയാൾ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു… പെട്ടന്ന് കറന്റ് പോയി… ലിഫ്റ്റ് നിന്നു… അയാൾ അവളുടെ അടുത്തേക്ക് വന്നു… അവൾ ആലില പോലെ വിറച്ചു… എന്ത് ചെയ്യണം എന്ന് ആലോചിച്ച സമയം കൊണ്ട് അയാൾ അവളെ വട്ടം പിടിച്ചു… അവൾ അയാളെ തട്ടിമാറ്റാൻ തുടങ്ങി… പക്ഷേ അയാൾ ബലമായി അവളുടെ കൈകളെ പിടിച്ചു വെച്ച് അവളുടെ കണ്ണുകളിൽ ചുംബിച്ചു…
“വിട്.. വിട്.. എന്നെ വിട്… ”
അയാൾ അവളെ വിട്ടു…
“കൽഹാരാ… എന്തിനായിരുന്നു…
എനിക്കിനിയും നിന്നെ സ്നേഹിച്ചു മതിയായില്ല… തിരിച്ചു വന്നൂടെ നിനക്ക്…”
പെട്ടെന്ന് കറന്റ് വന്നു… ലിഫ്റ്റ് തുറന്നു… അയാൾ ഇറങ്ങിപ്പോയി.. അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകാൻ തുടങ്ങി… പെട്ടന്ന് മായ ഓടി വന്നു…
“മോളെ.. നക്ഷത്രേ… മോളെ…”
“ചേച്ചി…”
അവൾ മായയുടെ ദേഹത്ത് വീണ് പൊട്ടിക്കരഞ്ഞു…
“ചേച്ചി.. അയാൾ.. അയാളെന്നെ ഉപദ്രവിച്ചു…”
നിറഞ്ഞുവന്ന കണ്ണുകൾ തുടച്ച് മായ മെല്ലെ അവളെ താങ്ങിപ്പിടിച്ച് കാറിലേക്ക് കൊണ്ടുപോയി… വീട്ടിലെത്തിയ മായ ആദ്യം ചെന്നത് നക്ഷത്രയുടെ അച്ഛൻ വിശ്വനാഥന്റെ അടുത്തേക്കായിരുന്നു… ഇതുവരെ നടന്ന സംഭവങ്ങൾ ഓരോന്നായി അവൾ അദ്ദേഹത്തോടു പറഞ്ഞു… ഇനി വേണ്ടതെല്ലാം അദ്ദേഹം ചെയ്യുമെന്ന് അവൾക്ക് ഉറപ്പായിരുന്നു…
പിന്നീട് കുറച്ചു ദിവസത്തേക്ക് അയാൾ അവളുടെ മുൻപിൽ വന്നില്ല… അച്ഛൻ വേണ്ടത് ചെയ്തിട്ടുണ്ട് എന്ന് അവൾക്ക് മനസിലായി… അങ്ങനെ വീണ്ടും അവളിൽ പഴയ കളിയും ചിരിയും തിരിച്ചു വന്നു…
ഒരു ദിവസം അവൾ കടയിൽ നിന്നും സാധനങ്ങൾ വാങ്ങിയിട്ട് ഇറങ്ങുകയായിരുന്നു… പെട്ടെന്ന് ഒരു വാൻ അവളുടെ മുന്നിൽ വന്നു നിന്നു… അതിൽ നിന്നും രണ്ടുപേർ ഇറങ്ങി ബലമായി അവളെ അതിലേക്ക് പിടിച്ചു കയറ്റി… അതിൽ ഒരാളെ അവൾ തിരിച്ചറിഞ്ഞു… ആ താടിക്കാരന്റെ കൂട്ടുകാരൻ… അവൾ പേടിച്ചു കരയാൻ തുടങ്ങി… ആ വാൻ ചെന്ന് നിന്നത് പഴയ ഒരു വീടിന്റെ മുൻപിൽ ആയിരുന്നു… അവർ അവളെ വലിച്ചിഴച്ച് അകത്തേക്ക് കൊണ്ടുപോയി… അകത്തുകയറി അവർ വാതിൽ അടച്ചു… അവൾ ചുറ്റും നോക്കി…
ഹാളിലെ ഭിത്തിയിൽ നിറയെ ഒരാണും പെണ്ണും ഒരുമിച്ചു നിൽക്കുന്ന ചിത്രങ്ങൾ… പല വേഷങ്ങളിൽ… പല സ്ഥലങ്ങളിൽ… അതിലെ ആണിനെ അവൾ തിരിച്ചറിഞ്ഞു… പക്ഷേ ആ പെണ്ണിനെ അവൾക്ക് മനസിലായില്ല…
“ഇത് ആരാണെന്നു നിനക്ക് മനസ്സിലായോ…???”
അയാളുടെ സുഹൃത്ത് അവളോട് ചോദിച്ചു…
ഇല്ലെന്നവൾ തലയാട്ടി…
“ഇത് ആരവ്… ഞങ്ങളുടെ ചങ്ങാതി… ചങ്ങാതി എന്ന് പറഞ്ഞാൽ ഒരു പക്ഷേ കുറഞ്ഞു പോകും… ഞങ്ങളുടെ ജീവൻ തന്നെയാണവൻ… പിന്നെ അവന്റ കൂടെ ഉള്ള പെൺകുട്ടി… അവളെ നീ അറിയില്ലായിരിക്കും.. പക്ഷേ, അവൾ നിന്റെ ഉള്ളിൽ തന്നെ ഉണ്ട്…
‘കൽഹാര’… നീയിപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന നിന്റെ കണ്ണുകളുടെ ഉടമ… ”
അയാൾ പറഞ്ഞുനിർത്തിയപ്പോൾ അവൾ അയാളെ ഞെട്ടി നോക്കി…
“അതേ… നീയിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് അവളുടെ കണ്ണുകളിലൂടെ ആണ്…”
ഒന്നും മനസ്സിലാകാതെ നിൽക്കുന്ന അവളുടെ കൈപിടിച്ച് വലിച്ചുകൊണ്ട് അയാൾ അടുത്ത മുറിയിലേക്ക് പോയി…
അവിടെ അയാൾ കിടക്കുന്നുണ്ടായിരുന്നു..
‘ആരവ് ‘… ശരീരത്തിൽ നിറയെ കെട്ടുകളും മുറിവുകളുമായ്…
“നിന്റെ അച്ഛന്റെ സമ്മാനമാണ്… അയാളെ ഞാൻ തെറ്റുപറയില്ല… തന്റെ മകളേ ഉപദ്രവിക്കാൻ ശ്രമിക്കുന്ന ഒരുവനോട് ഏതൊരു അച്ഛനും ചെയുന്നതെ നിന്റെ അച്ഛനും ചെയ്തുള്ളു… പക്ഷേ ഇതിന്റെ ഒക്കെ കാരണങ്ങൾ നീ അറിയണം എന്ന് ഞങ്ങൾക്ക് തോന്നി… അതിന് വേണ്ടിയാണ് നിന്നെ ഇങ്ങോട്ട് കൊണ്ടുവന്നത്… ഇതിന്റ പ്രത്യാഖാതം എന്ത് തന്നെ ആയാലും നേരിടാൻ ഞങ്ങൾ തയ്യാറാണ്… പക്ഷേ അതിന് മുൻപ് നീ എല്ലാം അറിയണം… ”
അയാൾ ഒരു ഡയറി എടുത്ത് അവളുടെ കൈയിൽ കൊടുത്തു…
“ആരവിന്റെ ആണ്… ഇത് വായിച്ചാൽ നിനക്ക് മനസ്സിലാകും… ആരവും കൽഹാരയും എന്താണെന്ന്…”
ഇത്രയും പറഞ്ഞുകൊണ്ട് അയാൾ വാതിൽ തുറന്നുകൊടുത്തു… ആ ഡയറി മാറോടു ചേർത്ത് പിടിച്ചുകൊണ്ട് ആകുന്നത്ര വേഗത്തിൽ അവൾ അവിടെ നിന്നും ഇറങ്ങി ഓടി…
വീട്ടിൽ എത്തിയിട്ടും അവൾക്ക് ഞെട്ടൽ മാറിയിരുന്നില്ല… കുറെ നേരം അവൾ വെറുതെ കിടന്നു… രാത്രി ആയപ്പോൾ അവൾ മെല്ലെ ആ ഡയറി തുറന്നു വായിക്കാൻ തുടങ്ങി…
ജൂൺ 16
കോളേജിലെ ആദ്യത്തെ ദിവസം… കൊള്ളാം.. തരക്കേടില്ലാത്ത കോളേജ്… പറ്റിയ കുറച്ച് കമ്പനിക്കാരെ കിട്ടിയിട്ടുണ്ട്…
പിന്നെ ഒരു ഉണ്ടക്കണ്ണിയെ കണ്ടു.. അവളും കൊള്ളാം… ആ കണ്ണുകളിൽ എന്തോ ആകർഷണം ഉള്ളത് പോലെ…എന്തോ ആദ്യകാഴ്ചയിൽ തന്നെ ഉള്ളിലേക്ക് കയറി… ഈ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ഇതായിരിക്കും ല്ലേ…
ജൂൺ 17
നമ്മുടെ ഉണ്ടക്കണ്ണിയുടെ പേര് അറിഞ്ഞു കേട്ടോ… ‘കൽഹാര’… കൊള്ളാം ല്ലേ.. എന്തോ എനിക്കിഷ്ടായി… ഫോണിന്റെ റിങ്ടോൺ മാറ്റി ‘കസ്തൂരി മാൻമിഴി മലർശരമെയ്തു, കൽഹാരപുഷ്പങ്ങൾ പൂ മഴ പെയ്തു… ആക്കി… എന്ത് ചെയ്യാനാ… പ്രേമത്തിന് കണ്ണും മൂക്കും ഇല്ലല്ലോ…
അങ്ങനെ ആദ്യ കുറെ പേജുകൾ നിറയെ അവളെ കണ്ടതും സംസാരിച്ചതും ആയ വിശേഷങ്ങൾ… അവരുടെ സൗഹൃദം… അതിൽ നിന്നും അവരുടെ പ്രണയം… അവരുടെ നാളുകൾ…
സെപ്റ്റംബർ 22
ഇന്നെന്തോ വല്ലാത്ത സന്തോഷം തോന്നുന്നു… എന്റെ ഉണ്ടക്കണ്ണി ഇന്നെന്നോട് ഒരുപാട് സംസാരിച്ചു… പൊട്ടിപ്പെണ്ണ്… എന്തൊക്കെയാ പറഞ്ഞത് എന്നറിയോ…
“ടാ… എന്റെ ഏറ്റവും വല്യ ആഗ്രഹം എന്താണെന്ന് അറിയുമോ…? ”
“എന്താ… പറ…”
“നമ്മുടെ കോളേജിന്റെ പിന്നിൽ ഉള്ള ആ മല കണ്ടിട്ടില്ലേ… അതിന് മുകളിൽ കയറണം… നിന്റെ കൂടെ… അങ്ങ് മോളിൽ ചെന്നിട്ട് നിന്റെ കണ്ണുകളിലേക്ക് ഒരുപാട് നേരം നോക്കി നിൽക്കണം… നിന്റെ നെഞ്ചിൽ പറ്റിച്ചേർന്നു കിടക്കണം… നിന്റെ ചുണ്ടുകളിൽ ഓ മുത്തം നൽകണം…”
“എന്നാ വാ പൊന്നൂ.. ഇപ്പൊ തന്നെ പോകാം…”
“അയ്യടാ… ഇപ്പോഴല്ല… വിവാഹം കഴിഞ്ഞ്… അന്നെന്റെ കഴുത്തിൽ നീ ചാർത്തിയ താലിയും നെറ്റിയിൽ സിന്ദൂരവും വേണം… ആ സിന്ദൂരത്തിന്റെ ചോപ്പ് നിന്റെ വിരലുകളിലും വേണം…”
“എന്നും ഞാൻ ഉണ്ടാകും പൊന്നൂ… നിന്റെ നെറ്റിയിലെ സിന്ദൂരമായ്… നിന്റെ ചുണ്ടിലെ പുഞ്ചിരിയായ്… നിന്റെ കണ്ണിലെ പ്രകാശമായ്…”
“ലവ് യൂ…”
പിന്നീടവരുടെ ദിനങ്ങൾ മനോഹരമായിരുന്നു… ഇത്രയും ആത്മാർത്ഥതയോടെ പ്രണയിക്കുന്ന രണ്ടുപേർ ലോകത്ത് ഇനി ഉണ്ടാകുമോ എന്ന് നക്ഷത്രക്ക് സംശയം തോന്നി… ആരവ് ഇല്ലാതെ കൽഹാരയും കൽഹാരയില്ലാതെ ആരവും പൂർണരല്ലെന്ന് അവൾക്ക് മനസ്സിലായി…
ഡിസംബർ 26
നാളെ ഞങ്ങളുടെ ജീവിതത്തിൽ പ്രധാനപ്പെട്ട ഒരു ദിവസമാണ്… നാളെ പൊന്നു അവളുടെ വീട്ടിലേക്ക് എന്നെ കൂട്ടിക്കൊണ്ട് പോകും… അവളുടെ അച്ഛനും അമ്മയ്ക്കും എന്നെ പരിചയപ്പെടുത്തി കൊടുക്കാൻ… എല്ലാം നന്നായി വരുമെന്ന് വിശ്വസിക്കുന്നു…
അവൾ പേജ് മറിച്ചു… പക്ഷേ അടുത്ത പേജ് ശൂന്യമായിരുന്നു… പിന്നെ ഉള്ള പേജുകൾ എല്ലാം ശൂന്യം… അവിടെ ആ ഡയറി അവസാനിച്ചു… അപ്പോൾ അവൾ ഓർത്തു… ആരവിന്റെ സുഹൃത്തിന്റെ വാക്കുകൾ…
“ഒരുപാട് സ്നേഹിച്ചിരുന്നവരായിരുന്നു അവർ… ഏറ്റവും ഒടുവിൽ അവളുടെ വീട്ടിൽ അവനെ പരിചയപ്പെടുത്തി കൊടുക്കാൻ അവർ തീരുമാനിച്ചു… ആ യാത്രയിലാണ് അവരുടെ ബൈക്ക് ആക്‌സിഡന്റ് ആയതും ഞങ്ങൾക്ക് അവളെ നഷ്ടപെട്ടതും… ആ ഷോക്കിൽ നിന്ന് അവനെ പുറത്തു കൊണ്ടുവരാൻ ഒരുപാട് പ്രയാസപ്പെട്ടു…
അത്ര ഭ്രാന്തമായിരുന്നു അവന്റ അവസ്ഥ… അതിൽ നിന്നെല്ലാം പുറത്തുകടന്ന അവൻ ആദ്യം അന്വേഷിച്ചത് നിന്നെയാണ്…അവന്റ പൊന്നുവിന്റെ കണ്ണുകളെ ആണ്… ആ കണ്ണുകളോട് ഇന്നും അവന് പ്രണയമാണ്… അതാണ് അവനെ ഇങ്ങനെ നിന്റെ മുന്നിൽ കൊണ്ടെത്തിച്ചത്…”
ആ ഡയറിയുടെ അവസാനതാളിൽ ‘കൽഹാര ആരവ്’ എന്ന് എഴുതിയിരിക്കുന്നത് അവൾ കണ്ടു… ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന തന്റെ അമ്മയുടെ ചിത്രത്തിലേക്ക് അവൾ നോക്കി… അമ്മ തന്നെ നോക്കി പുഞ്ചിരിക്കുന്ന പോലെ… അവൾ ഒരു ദീർഘനിശ്വാസം ഉതിർത്തു…
ശേഷം കൽഹാരയുടെ പേര് വെട്ടി മാറ്റി ഇങ്ങനെ എഴുതി…
‘നക്ഷത്ര ആരവ് ‘…
(മാസങ്ങൾക്ക് ശേഷം…)
“പൊന്നൂ.. ഒന്ന് വേഗം കേറൂ… കുറച്ച്
കൂടിയേ ഒള്ളൂ…”
“ഞാൻ മടുത്തു…”
കിതച്ചുകൊണ്ട് അവൾ പറഞ്ഞു…
“ഇങ്ങനൊരു മടിച്ചി…”
ആരവ് മെല്ലെ ഇറങ്ങിവന്ന് അവളുടെ കൈയിൽ പിടിച്ചു…ശേഷം രണ്ടാളും ഒരുമിച്ച് ആ മല കയറി… മുകളിൽ ചെന്ന് രണ്ടാളും കണ്ണോട് കണ്ണ് നോക്കിനിന്നു… ശേഷം അവൻ അവളുടെ മുഖം കൈകളിൽ എടുത്ത് ആ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു… ആ നേരം അവളുടെ നെറ്റിയിലെ സിന്ദൂരച്ചുവപ്പ് അവന്റെ കൈകളിലും പടർന്നിരുന്നു…
#അമ്മൂട്ടൻ…❤️

by