15/04/2026

എടാ മോനെ അവൻ വെറും പെൺകോന്തരായിപ്പോയി നീയും അങ്ങനെ ആകല്ലേടാ.. ” സുമയ്ക്ക് ആകെ ഭയം തോന്നി…

സ്റ്റോറി 2 (dec )

മരുമകൾ

” സ്വർണം ഒക്കെ എടുത്തോ…. നല്ല ഭംഗി ഉണ്ടട്ടോ… രണ്ട് മാല ആണ് ഉള്ളതല്ലേ…അതും ഇപ്പോഴത്തെ മോഡൽ… അതിനു മാച്ച് ആയ വളകളും കമ്മലും…. സ്ഥിരം ഇടനായി നേരിയ വള ആണല്ലേ എടുത്തത്…….പക്ഷെ നല്ല കട്ടി ഉണ്ട്…..ഇതെല്ലാം കൂടി എത്ര പവൻ ഉണ്ട്… ”

“50 പവൻ തികച്ചു ഉണ്ട്… കുറച്ചു കഷ്ടപ്പെട്ടാലും മകൾ നല്ല നിലക്ക് പോകണം എന്നാണല്ലോ അച്ഛനും അമ്മയ്ക്കും… ഇപ്പോൾ  ഇവിടെ ഉള്ള സ്വർണം മുഴുവൻ എടുത്തും പിന്നെ വലിയ ഒരു തുക കടം എടുത്തും ഈ കല്യാണം ഭംഗിയായി നടത്തണം.. ആകെ രണ്ടു പെൺകുട്ടികൾ ആണ്..മൂത്തവളുടെ കാര്യം ഭംഗിയായി കഴിഞ്ഞാൽ ഇളയവളുടെ കാര്യത്തിൽ സമാധാനം ഉണ്ടല്ലോ..”

” ചെക്കൻ ഗവണ്മെന്റ് എഞ്ചിനീയർ അല്ലേ… അപ്പോൾ ഈ 50 പാവൻ കൂടുതൽ ഒന്നും അല്ല.. സത്യത്തിൽ മോളുടെ സൗന്ദര്യത്തിൽ വീണു പോയത് ആണല്ലേ… ”

ആ സ്ത്രീ ചോദിച്ചപ്പോൾ അവരുടെ സംസാരം കേട്ടകൊണ്ടിരുന്ന കല്യാണ പെണ്ണായാ  ആര്യ നാണം കൊണ്ട് ചിരിച്ചു പോയി.. ആര്യയുടെ അമ്മയും പുഞ്ചിരിച്ചു

ആര്യയുടെ വിവാഹമാണ്.. വരൻ   സഞ്ജയ്… ആള് ഗവൺമെന്റ് പിഡബ്ല്യുഡി എൻജിനീയർ ആണ്…

സഞ്ജയ്ന്റെ അച്ഛൻ ദിവാകരൻ
അമ്മ സുമ
അനിയൻ സഞ്ജീവ്… സഞ്ജയ് നേക്കാൾ ഒരു വയസ്സ് ഇളയതാണ് അനിയൻ.. അനിയൻ ഒരു ഐടി പ്രൊഫഷണൽ ആണ്.

  ആര്യയുടെ അച്ഛൻ സുമേഷ്
അമ്മ ചിന്നു.
ഒരനിയത്തി ആതിര. ആതിര പ്ലസ്ടുവിന് പഠിക്കുന്നു…

തങ്ങൾക്ക് ചേർന്നതിനേക്കാൾ വലിയൊരു ബന്ധം തന്റെ മകൾക്ക് വന്നപ്പോൾ സുമേഷും ചിന്നു വളരെയധികം സന്തോഷിച്ചു അതുകൊണ്ട് കടമെല്ലാം വാങ്ങി മകളെ നല്ല നിലയിൽ കെട്ടിക്കാൻ തന്നെയാണ് അയാൾ തീരുമാനിച്ചിരിക്കുന്നത്… തന്റെ മകൾ സന്തോഷത്തോടെ ജീവിക്കണം എന്നാണല്ലോ ഓരോ അച്ഛനമ്മമാരുടെയും ആഗ്രഹം….

വിവാഹത്തിന് ഇനി ഒരു ആഴ്ച മാത്രമേയുള്ളൂ……

ദിവസവും സഞ്ജയ് ആര്യയെ ഫോൺ ചെയ്യും…. സഞ്ജയ് അധികം സംസാരിക്കുന്ന ടൈപ്പ് അല്ല.. പൊതുവേ ഗൗരവക്കാരനാണ്… അമ്മയോട് വളരെയധികം സ്നേഹമുള്ള മകനാണ്…

” സഞ്ജയേട്ടാ… ഇന്ന് സ്വർണ്ണം എടുത്തട്ടോ..”

” മ്മ്…. ” ഒരു മൂളൽ മാത്രമായിരുന്നു അവന്റെ മറുപടി… സ്വർണ്ണത്തെക്കുറിച്ച് ഒന്നും വലിയ അറിവില്ലാത്തതുകൊണ്ട് അവൻ ആ കാര്യത്തിൽ അത്ര താല്പര്യം പ്രകടിപ്പിച്ചില്ല…

പിന്നെ എപ്പോഴും ഉള്ളതുപോലെയുള്ള സംസാരങ്ങൾക്ക് ശേഷം അവർ ഫോൺ വെച്ചു..

കുറച്ചുനേരം കഴിഞ്ഞപ്പോൾ ആര്യയുടെ ഫോൺ വീണ്ടും ശബ്ദിക്കുന്നു.. നോക്കുമ്പോൾ സഞ്ജയ് തന്നെയാണ്..

” എന്താ സഞ്ജയേട്ടാ… ” ഇങ്ങനെയൊരു രണ്ടാമതൊരു വിളി പതിവില്ലാത്തതുകൊണ്ട് അവൾ സംശയത്തോടെ ചോദിച്ചു.

” താൻ സ്വർണം എടുത്ത് കാര്യം എന്റെ അമ്മയോട് പറഞ്ഞിരുന്നില്ലല്ലേ…. ”

” അത്…. അങ്ങനെ പറയുന്ന ചടങ്ങ് ഉണ്ടെന്ന് അറിയില്ലായിരുന്നു.. ”

” ചടങ്ങ് ഒന്നുമില്ല പക്ഷേ എന്റെ അമ്മയ്ക്ക് തന്റെ മകന്റെ ഭാര്യ അണിയാൻ പോകുന്ന സ്വർണത്തെക്കുറിച്ചൊക്കെ കുറെ ആഗ്രഹങ്ങൾ ഉണ്ടായിരുന്നു.. അമ്മ അത് ഇപ്പോഴാണ് പറഞ്ഞത്., ”

” അയ്യോ സഞ്ജയേട്ടാ നേരത്തെ അറിഞ്ഞില്ലല്ലോ അല്ലെങ്കിൽ   സ്വർണം എടുക്കാൻ പോകുമ്പോൾ  അമ്മയെയും വിളിച്ചേനെ…”

” അത് സാരമില്ല നാളെ അമ്മ അവിടെ വരുന്നുണ്ട്…. ഇന്നലെ സ്വർണ്ണം വാങ്ങിച്ചത് നാളെ മാറ്റി വാങ്ങുമ്പോൾ വലിയ പ്രശ്നമൊന്നും ഉണ്ടാകില്ല… ”

സഞ്ജയുടെ വാക്കുകൾ ആര്യയിൽ ഞെട്ടൽ ഉണ്ടാക്കി…

” മാറ്റി വാങ്ങാനോ…. മാറ്റി വാങ്ങുമ്പോൾ പൈസ വീണ്ടും വേണ്ടിവരില്ലേ അച്ഛനെ കൊണ്ട് അത് നടക്കും എന്ന് തോന്നുന്നില്ല.. ”

” അതൊന്നും ആര്യ നോക്കണ്ട നാളെ മാറ്റി വാങ്ങാൻ ഉള്ള കാര്യം നോക്കാം അച്ഛന്റെ കയ്യിൽ നിന്ന് ഇനി പൈസ ആകില്ല.. അപ്പോൾ ശരി നാളെ ഞാനും അമ്മയും കൂടി വരാം.. ” അതും പറഞ്ഞ് അവൻ ഫോൺ വെച്ചു..

ആര്യക്ക് ശരിക്കും എന്തോ പോലെയായി അവൾ അമ്മയോട് അച്ഛനോടും കാര്യം പറഞ്ഞു… അവർക്കും എന്തോ പോലെ ആയെങ്കിലും മകളുടെ സന്തോഷമുള്ള ജീവിതം ആഗ്രഹിച്ച സഞ്ജയിന്റെ വീട്ടുകാർ എന്തുപറയുന്നു അതുപോലെ ചെയ്യാൻ പറഞ്ഞു..

ആതിരക്ക് ആണെങ്കിൽ അവരുടെ ഈ പ്രവർത്തി ഒട്ടും ഇഷ്ടമായില്ല ഈ കല്യാണം തന്നെ വേണ്ട എന്ന് ആ കുട്ടി പറഞ്ഞു.. പക്ഷേ ആതിരയുടെ സംസാരം കേട്ട് അച്ഛനും അമ്മയും  അവളെ പിണങ്ങുകയാണ് ചെയ്തത്..

പിറ്റേദിവസം രാവിലെ തന്നെ സുമയും സഞ്ജയും അവിടെയെത്തി…

അവർ വാങ്ങിയ ആഭരണത്തെ അടിമുടി അധിക്ഷേപിക്കുകയാണ് സുമ ചെയ്തത്.

” ആകെ നിസാരം 50 പവനേയുള്ളൂ  അതാണെങ്കിലോ മര്യാദക്ക് കാണാൻ കൂടിയില്ല… ആകെ രണ്ടു  മാലയും ആറു വളയും.. ഇത് മാത്രം ഇട്ട് മണ്ഡപത്തിൽ ഇറങ്ങിയാൽ ഞങ്ങൾക്കാണ് നാണക്കേട്… സത്യത്തിൽ ഞങ്ങൾക്ക് ഈ ബന്ധത്തിന്റെ ആവശ്യമൊന്നുമില്ല ഇതിലും നല്ല ബന്ധം കിട്ടും പക്ഷേ ഇവന് ആര്യയെ വളരെയധികം ഇഷ്ടമായി.. എന്തൊക്കെ പറഞ്ഞാലും ആര്യ നല്ല സുന്ദരിയാണല്ലോ അത് കൊണ്ടാണ് ഞാനും അങ്ങ് സമ്മതിച്ചത്…..”

” സുമ ചേച്ചി ഇപ്പോഴത്തെ കുട്ടികൾക്ക് അധികം സ്വർണം ഒന്നും ഇഷ്ടമല്ലല്ലോ… അതാ എല്ലാം ഒതുക്കപ്പണി ആയിട്ടുള്ളത് എടുത്തത്… ചേച്ചിക്ക് എങ്ങനെയാണ് ഇഷ്ടം…അതുപോലെ മാറ്റിയെടുത്തോ… ” ആര്യയുടെ അമ്മ പറഞ്ഞപ്പോഴേക്കും സുമയ്ക്ക് സന്തോഷമായി…

താൻ ചെക്കന്റെ അമ്മയാണ്…. അപ്പോൾ തന്റെ വാക്കിന് വിലയുണ്ട്….അത് അവർ സമ്മതിക്കുകയും ചെയ്തു..

സ്വർണ്ണം മാറ്റി വാങ്ങിച്ചപ്പോൾ കുറച്ചു നഷ്ടം വന്നെങ്കിലും സുമയുടെ വാശി തന്നെ വിജയിച്ചു.. ആര്യക്ക് ഒട്ടും അംഗീകരിക്കാൻ പറ്റാത്ത പുകഴ്ചയുള്ള കുറേ ആവരണങ്ങളാണ് വാങ്ങിച്ചത്.. സത്യത്തിൽ ആ പാവത്തിന് സങ്കടം വരുന്നുണ്ട് പക്ഷേ ഒന്നും ചെയ്യാൻ പറ്റിയില്ല..

” സഞ്ജീവേട്ടാ… സ്ഥിരം ഇടാനുള്ള വള ചെറുതു മതിയായിരുന്നു.. ”

ബാക്കിയുള്ള ആഭരണങ്ങൾ എല്ലാം വലുത് തിരഞ്ഞെടുത്തെങ്കിലും സ്ഥിരമായി ഇടാനുള്ള വളയെങ്കിലും ചെറുത് വേണമെന്നു അവൾക്ക് ആഗ്രഹമുണ്ടായിരുന്നു.. സഞ്ജീവിനോട് പറയുകയും ചെയ്തു..

” അമ്മ അത്രയും സന്തോഷത്തോടെ എടുക്കുമ്പോൾ നീ എന്തിനാ വേണ്ടെന്ന് പറയുന്നത്…. ആ വളക്ക് ഒരു കുഴപ്പവുമില്ല നീ അത് ഇട്ടാൽ മതി…. ” കുറച്ചു ദേഷ്യത്തോടെയുള്ള അവന്റെ സംസാരത്തിൽ പാവം പേടിച്ചു പോവുകയാണ് ചെയ്തത്..

അമ്മയുടെ വാക്കിനപ്പുറം സഞ്ജയ്ക്ക് ഒന്നുമില്ലെന്ന് ആ നിമിഷം ആര്യക്ക് മനസ്സിലാക്കി.. അടക്കവും ഒതുക്കവും ഉള്ള നല്ല കുട്ടി ആയിപ്പോയതിനാൽ മാത്രം അവൾക്ക് പ്രതികരിക്കാൻ പറ്റിയില്ല…..അതുതന്നെയായിരുന്നു അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ കുറവ്…

വീട്ടിൽ വന്നപ്പോൾ ഈ സ്വർണം എല്ലാം കണ്ട് ആതിര ഒച്ചയെടുത്തെങ്കിലും അച്ഛനും അമ്മയും ഒന്നും മിണ്ടിയില്ല.. അവർ… സുമക്ക് സപ്പോർട്ട് ചെയ്യുകയാണ് ചെയ്തത്..

വിവാഹമെല്ലാം ഭംഗിയായി കഴിഞ്ഞു… നാല് ദിവസം ആര്യയുടെ വീട്ടിലായിരുന്നു.. സഞ്ജയ് അവരുടെ അച്ഛനും അമ്മയോടും അനിയത്തിയോടും വളരെ മാന്യമായി തന്നെയാണ് പെരുമാറുന്നത്..

അവന്റെ ആ പെരുമാറ്റത്തിൽ എല്ലാവർക്കും സന്തോഷം തോന്നി… ആ ഒരു പെരുമാറ്റം കൊണ്ടുതന്നെ സ്വർണത്തെ കുറിച്ചുള്ള അവളുടെ  സങ്കടം അങ്ങ് മാറി.. തന്റെ അച്ഛനെയും അമ്മയെയും അനിയത്തിയും ചേർത്തുപിടിക്കുന്നുണ്ടല്ലോ അതുതന്നെ അവൾക്ക് വലിയ കാര്യമായി തോന്നി…

പക്ഷേ ദിവസങ്ങൾ പോകുന്തോറും   ആ തോന്നലുകളും ഒക്കെ മാറാൻ അധികം സമയം വേണ്ടി വന്നില്ല… സുമയുടെ മുൻപിൽ സഞ്ജയ്  അവളുടെ വീട്ടുകാരോട്   അധികം സ്നേഹത്തോടെ പെരുമാറാൻ നിന്നില്ല എന്നാൽ സുമ ഇല്ലാത്ത സമയങ്ങളിൽ നന്നായി പെരുമാറുകയും ചെയ്തു…

അതിനു ഒരു കാരണം ഉണ്ട്…
വിവാഹശേഷം ആദ്യമായി ആര്യയുടെ വീട്ടുകാർ സഞ്ജയിന്റെ വീട്ടിൽ വന്നപ്പോൾ അവൻ വളരെയധികം സ്നേഹത്തോടെ അവരെ ചേർത്തുപിടിച്ചിരുന്നു… പക്ഷേ അത് സുമയ്ക്ക് ഇഷ്ടമായില്ല.. അവർ പോയതിനുശേഷം ഭാര്യ വീട്ടുകാരെ ഇങ്ങനെ ചേർത്തുപിടിക്കാൻ നാണമില്ലേ എന്നും പറഞ്ഞ്… അവർ മകനെ ഒരുപാട് വഴക്കു പറഞ്ഞു… അതുമാത്രമല്ല നീ അവരെ അങ്ങനെ ചേർത്ത് പിടിക്കുന്നത് എനിക്ക് ഇഷ്ടമല്ലെന്ന് വെട്ടിത്തുറന്ന് പറയാനും അവർ മറന്നില്ല.. ആര്യ ഒരു ഞെട്ടലോടെയാണ് അത് കേട്ടത്… അവൾക്ക് അത് സഹിക്കാൻ പറ്റുന്നതിനപ്പുറം ആയിരുന്നു.. അതുകൊണ്ട് അതേക്കുറിച്ച് സഞ്ജയ്നോട് സംസാരിക്കാൻ തന്നെ അവൾ തീരുമാനിച്ചു..

ടിപ്പിക്കൽ അമ്മായമ്മ സ്വഭാവമാണ് സുമ ആര്യയുടെ അടുത്ത് എടുക്കുന്നത്.. ഓരോ കുഞ്ഞി കാര്യത്തിനും തെറ്റ് കണ്ടുപിടിച്ചു അത് ഭർത്താവിന്റെയും മക്കളുടെയും മുൻപിൽ വെച്ച് വലിയ കാര്യമാക്കി പറയും.. ഇതെല്ലാം കേട്ട് സഞ്ജയ് ഒരു അക്ഷരം മിണ്ടില്ല.. അവളെ ചീത്ത വിളിക്കുകയും ചെയ്യില്ല…. അവളെ സപ്പോർട്ട് ചെയ്യുകയും ചെയ്യില്ല…

സത്യത്തിൽ ആ വീട്ടിലെ എല്ലാ കൺട്രോളും സുമയുടെ കീഴിലാണ്…. ഭർത്താവും മക്കളെല്ലാം അവരുടെ അടിമ പോലെയാണ്.. അത് ഈ കുറഞ്ഞ ദിവസം കൊണ്ട് ആര്യ മനസ്സിലാക്കി…

ആര്യ തന്റെ അമ്മയോട് കാര്യം പറഞ്ഞപ്പോൾ സുമ പറഞ്ഞതുപോലെ കേൾക്കാൻ തന്നെയാണ് അവരും അവളോട് പറഞ്ഞത്.. വെറുതെ പ്രശ്നമുണ്ടാക്കിയാൽ അവർ തിരികെ വീട്ടിൽ കൊണ്ടുവന്ന് വിട്ടാൽ  എല്ലാവരും ആത്മഹത്യ  ചെയ്യാൻ അല്ലാതെ വേറെ വഴിയില്ലെന്നാണ് അവളുടെ അമ്മ അവളോട് പറഞ്ഞത്.. അതുകൊണ്ട് അവൾ സുമയിൽ നിന്ന് നേരിടുന്ന ഓരോ ടോർച്ചറുകളും  സഞ്ജയോട് അവൾ പറയാറില്ല.. പക്ഷേ ഇന്ന് തന്റെ അച്ഛനും അമ്മയും വന്നപ്പോൾ ഉള്ള സുമയുടെ പെരുമാറ്റവും അവൾക്ക് ഒട്ടും സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല അതുകൊണ്ട് അവനോട് സംസാരിക്കാൻ തന്നെ തീരുമാനിച്ചു….

” ഏട്ടാ, എന്തിനാ അമ്മ എന്റെ വീട്ടുകാരോട് അങ്ങനെ പെരുമാറുന്നത്… അവർ ഒന്നിനും ഇല്ലല്ലോ… അവർ വന്നപ്പോൾ അമ്മ അവരെ അപമാനിക്കുന്നത് പോലെ പെരുമാറി അത് സഹിക്കാം.. എട്ടനോടും അങ്ങനെ പെരുമാറാൻ പറയുന്നത് എന്തിനാ.. ഏട്ടൻ ഇനി അമ്മ പറയുന്നതുപോലെ കേട്ട് പ്രവർത്തിക്കരുതട്ടോ… ” അവൾ വളരെയധികം ശാന്തമായാണ് അവനോട് പറഞ്ഞത്…

” എനിക്ക് എന്റെ അമ്മ പറഞ്ഞത് കേൾക്കാനേ പറ്റൂ നിനക്ക് പറ്റില്ലെങ്കിൽ ഇവിടുന്ന് പോകാൻ നോക്കിക്കോ.. ” അവന്റെ ആ ഒരൊറ്റ ഡയലോഗിൽ ആര്യ പേടിച്ചുപോയി… തനിക്ക് സപ്പോർട്ട് ആയി ഈ കുടുംബത്തിൽ തന്റെ ഭർത്താവ് പോലും കൂടെയില്ലെന്ന് അവൾക്ക് മനസ്സിലായി… ഇനിയെല്ലാം സഹിക്കാം അല്ലാതെ ഒന്നും ചെയ്യാനില്ല.. അച്ഛന്റെ അവസ്ഥ ഓർക്കുമ്പോൾ വീട്ടിലേക്ക് ചെല്ലാനും പറ്റില്ല.. തന്റെ വിഷമമെല്ലാം ഉള്ളിലൊതുക്കി അവൾ അവിടെ ജീവിച്ചു…

ജീവിതം എപ്പോഴും ഒരേ അവസ്ഥയിലല്ല അതിൽ മാറ്റം സംഭവിക്കും… അതുപോലെ ഒരു മാറ്റം ആര്യയുടെ ജീവിതത്തിലും വരികയാണ്…. ആ മാറ്റം കൊണ്ടുവരുന്നത് വേറാരുമല്ല സഞ്ജയന്റെ അനിയൻ സഞ്ജീവിന്റെ ഭാവി വധു….

സഞ്ജീവ് തന്റെ കൂടെ ജോലി ചെയ്യുന്ന പെൺകുട്ടിയുമായി പ്രണയത്തിലായി.. ആ കാര്യം വീട്ടിൽ പറഞ്ഞപ്പോൾ സുമ ഒച്ചയെടുത്തെങ്കിലും പെൺകുട്ടി ഒരു കോടീശ്വരി ആണെന്നറിഞ്ഞതോടെ ആ മുറിമുറുപ്പ് ഒക്കെ കാറ്റിൽ പറന്നു പോയി . പണക്കാരിയായ ഒരു സുന്ദരിയായ മരുമകൾ സുമക്ക് അതിൽ കൂടുതൽ എന്തുവേണം…

ശ്വേതാ എന്നാണ് സഞ്ജീവ് വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയുടെ പേര്… ശ്വേതയുടെ വീട്ടുകാർക്ക് സഞ്ജീവിന്റെ ആലോചനയിൽ താല്പര്യമില്ല കാരണം അവരുടെ കണ്ണിൽ ഇവർ ഒരു സാധാരണക്കാർ മാത്രമാണ്… പക്ഷേ മകളുടെ ഇഷ്ടത്തിന് അവർ വിവാഹത്തിന് സമ്മതിച്ചു…

ആൺകുട്ടിയുടെ വീട്ടുകാർക്ക് ആണ് മുൻഗണന എന്നൊരു ഭാവം സുമക്ക് ഇപ്പോഴുമുണ്ട്…

ഒരു ദിവസം ശ്വേതയുടെ വീട്ടിൽ വിവാഹക്കാര്യം എല്ലാം സംസാരിക്കാൻ  സഞ്ജീവും കുടുംബവും അവിടെ എത്തിയിരിക്കുകയാണ്.. എല്ലാ പരിപാടിക്കും  ആര്യയെ നെറ്റി പട്ടം  കെട്ടിച്ചു കൊണ്ടുപോകുന്ന ആനയെ പോലെ സ്വർണം എല്ലാം ഇടിച്ച് സുമ കൊണ്ടുപോകും.. ഞാനെന്റെ മരുമകളെ പൊന്നുപോലെയാണ് നോക്കുന്നത് എന്ന് ആളുകളെ കാണിക്കാൻ വേണ്ടി മാത്രം…

” ശ്വേതാ സ്വർണം എടുക്കാൻ പോകുമ്പോൾ അമ്മയും വരാം… എന്റെ മകന്റെ ഭാര്യ എന്തൊക്കെ തരത്തിലുള്ള സ്വർണം ഇടണം എന്നുള്ളത് എന്റെ ഒരു സ്വപ്നമാണ്.. ”

” ആന്റി എന്തിനാ എന്റെ വിവാഹത്തിന്റെ സ്വർണത്തെക്കുറിച്ച് സ്വപ്നം കാണുന്നത്… എന്റെ വിവാഹമാണ്….. ഞാൻ തരത്തിലുള്ള വസ്ത്രം ധരിക്കണം സ്വർണം ധരിക്കണം എന്നൊക്കെ ഞാനാണ് തീരുമാനിക്കുന്നത് .. ”

” മോളെ എന്റെ വീട്ടിൽ അങ്ങനെയല്ല…ആര്യയുടെ എല്ലാ സ്വർണവും എന്റെ ഇഷ്ടത്തിനാണ് എടുത്തത്…” ശ്വേതാ പറഞ്ഞത് ഇഷ്ടപ്പെടാതെ സുമ പറഞ്ഞു..

” ആര്യക്ക് വിവരവും വിദ്യാഭ്യാസവും ഇല്ലാത്തതുകൊണ്ട് സുമ പറഞ്ഞത് ആര്യ അങ്ങ് സമ്മതിച്ചു പക്ഷേ ശ്വേത അത് സമ്മതിക്കുമെന്ന് തോന്നുന്നില്ല അവൾക്ക് അവളുടെ വെഡിങ്നെ കുറിച്ച് കുറെ അധികം ആഗ്രഹമുണ്ട്…” സുമയുടെ സംസാരം ഒട്ടും പിടിക്കാതെ ശ്വേതയുടെ അമ്മ ഉടനടി മറുപടി പറഞ്ഞു….

സുമയ്ക്ക് മുഖത്തടിയേറ്റത് പോലെയായി.. സഞ്ജയ്നും അച്ഛനും ബുദ്ധിമുട്ടായെങ്കിലും സഞ്ജീവ് അത് കേൾക്കാത്തത് പോലെ നിന്നു. അവൻ അവന്റെ അമ്മയെ പോലെയാണ് സ്വന്തം കാര്യം സിന്ദാബാദ്…

” ആന്റി ഞാൻ ബി എ   ബിഎഡ് ആണ്.. ” ആര്യ പെട്ടെന്ന് പറഞ്ഞു… അവൾ വിദ്യാഭ്യാസമുള്ളവൾ ആണല്ലോ

” ആര്യ…മോൾക്ക് ഇത്രയും വിദ്യാഭ്യാസം ഉണ്ടായിരുന്നോ എന്നിട്ടെന്താ സഞ്ജയ് ആ കുട്ടിയെ ജോലിക്ക് വിടാഞ്ഞത്.. ” പെട്ടെന്നുതന്നെ ശ്വേതയുടെ അച്ഛൻ സഞ്ജയോട് ചോദിച്ചു…

തന്റെ അമ്മ കാരണമാണ് ജോലിക്ക് വിടാത്തത് എന്ന് അവനെ പറയാൻ പറ്റില്ലല്ലോ അതുകൊണ്ട് അവൻ ചോദ്യത്തിന്റെ ഉത്തരം ഒരു പുഞ്ചിരിയിൽ ഒതുക്കി..

ഈ സംസാരം എല്ലാം കേട്ട് ആര്യയ്ക്ക് വളരെയധികം സന്തോഷം തോന്നി… തന്റെ അമ്മായിയമ്മക്ക് ഭർത്താവിനും തിരിച്ചടികൾ കിട്ടിത്തുടങ്ങി..

“ദൈവം ഉണ്ടെന്നു പറയുന്നത് വെറുതെയല്ല.. “അവൾ മനസ്സിൽ പറഞ്ഞു..

വീട്ടിലെത്തിയ സുമ  ശ്വേതയ്ക്ക് അഹങ്കാരം കൂടുതലാണ് കുറച്ചു ഒതുങ്ങണമെന്ന് സഞ്ജീവിനോട് പറഞ്ഞു…

” അമ്മ വേണ്ടാത്ത കാര്യമൊന്നും പറഞ്ഞ് എന്റെ വിവാഹമുടക്കാൻ നിൽക്കരുത്.. പിന്നെ ആര്യയോട് കാണിക്കുന്ന സ്വഭാവം ശ്വേതയോട് കാണിക്കാൻ നിൽക്കണ്ട.. ആര്യ പാവമാണ് നിങ്ങളെല്ലാവരും തട്ടി കളിച്ചാൽ പോലും മിണ്ടാതെ നിൽക്കും പക്ഷേ ശ്വേത അങ്ങനെയൊന്നുമല്ല.. ” സഞ്ജീവ് പറയുന്നത് കേട്ട് സുമ മുഖം വീർപ്പിച്ച് എഴുന്നേറ്റുപോയി എന്നാൽ സഞ്ജയ് ചിന്തയോടെ ഇരുന്നു..

അമ്മയോടുള്ള സ്നേഹം കൂടുതൽ കൊണ്ട് താൻ ഭാര്യയെ തഴയുന്നുണ്ടോ എന്ന് അവന് സംശയമായി..

അങ്ങനെ വിവാഹമെല്ലാം ഭംഗിയായി കഴിഞ്ഞു…. ശ്വേതക്ക്   ആ വിട്ടിൽ തന്റെ ഭർത്താവിനോട് ഒഴിച്ച് ബാക്കി ആരോടും പ്രത്യേകിച്ച് സ്നേഹവുമില്ല എന്നാൽ ദേഷ്യവും ഇല്ല…

സുമ ഭരിക്കാൻ ചെന്നാലും ശ്വേത അതെല്ലാം വെട്ടി വീഴ്ത്തും.. സുമയുടെ ഒരു ഭരണവും അവളുടെ അടുത്ത് നടക്കാറില്ല..

ഒരു ദിവസം സുമയുടെ സ്വന്തത്തിലുള്ള ഒരു കല്യാണമാണ്.. ആര്യ യെ എപ്പോഴും ഉള്ളതുപോലെ കുറെ ആഭരണങ്ങളെല്ലാം ഇടിച്ച് കെട്ട് കാഴ്ച വസ്തുവാക്കി ഒരുക്കി നിർത്തി..

ശ്വേത യാണെങ്കിൽ സിമ്പിൾ ആയിട്ട് ഒരുങ്ങിയിറങ്ങി ആകെ ഒരു മൊട്ടുകമ്മൽ മാത്രമേ അവളുടെ കാതിൽ ഉണ്ടായിരുന്നുള്ളൂ..

” മോളെ.. എന്തായിത് മോളുടെ സ്വർണം ഒക്കെ എവിടെ… അതെല്ലാം എടുത്തിട്…. ഇങ്ങനെ പിച്ചക്കാരിയെ പോലെ നടക്കേണ്ടത് എന്താവശ്യം.. ”  സുമ ശ്വേതയെ കണ്ട് പറഞ്ഞു..

” പിന്നെ ഈ ആര്യയെ പോലെ നെറ്റിപ്പട്ടം കെട്ടിയ ആനയെ പോലെ ഞാൻ ഒരുങ്ങി ഇറങ്ങണോ.. എന്നാലും ആര്യ…തനിക്ക് ഗോൾഡിന്റെ കാര്യത്തിൽ ഒരു സെലക്ഷനുമില്ല എന്ത് ബോർ ആഭരണങ്ങളാണ്.. ഈ ആഭരണങ്ങൾ ഇട്ടാൽ തന്റെ ഉള്ള ഭംഗിയും പോകും.. വെറുതെ വീട്ടിൽ നിൽക്കുമ്പോൾ പോലും താനെന്തു സുന്ദരി ആടോ.. പക്ഷേ എവിടെയെങ്കിലും പോകാൻ ഒരുങ്ങി ഇറങ്ങിയാൽ തന്റെ അത്രയും ബോർ ലോകത്ത് ആരുമില്ല .. ”

” എന്റെ ആഭരണങ്ങളെല്ലാം അമ്മയുടെ സെലക്ഷനാണ്.. ”

” ആര്യ… നീയല്ലാതെ ഓൾഡ് ജനറേഷനെ ഒക്കെ സ്വർണ്ണം എടുക്കുന്നിടത്ത് കൊണ്ടുപോകുമോ..” ശ്വേതാ സുമയെ കളിയാക്കി പറഞ്ഞു…

ഇതുകേട്ട് ആര്യയുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു എന്നാൽ സുമക്കും സഞ്ജയിക്കും അത് ഒട്ടും ഇഷ്ടമായില്ല.

” ശ്വേതാ അമ്മയെക്കുറിച്ച് മര്യാദയോടെ സംസാരിക്കണം..” സഞ്ജയ് അനിഷ്ടത്തോടെ പറഞ്ഞു…

” സൗകര്യമില്ല…. എനിക്ക് ഇങ്ങനെയേ പറ്റൂ.. ” അതും പറഞ്ഞ് ശ്വേതാ പുറത്തേക്ക് ഇറങ്ങിപ്പോയി..

” സഞ്ജീവേ…. അവൾ എന്തുവേണമെങ്കിലും എന്നെ പറഞ്ഞോട്ടെ പക്ഷേ എന്റെ അമ്മയെ പറയരുത്.. ”

” ഒന്നു പോയേ  ഏട്ടാ…. ഏട്ടന് സ്വന്തം ഭാര്യയെക്കാൾ വലുത് അമ്മയായിരിക്കും പക്ഷേ എനിക്ക് അങ്ങനെയല്ല എനിക്ക് എന്റെ ഭാര്യയാണ് വലുത്… അമ്മയൊക്കെ എത്രനാൾ നമ്മുടെ കൂടെയുണ്ടാകും പക്ഷേ ജീവിതകാലം മുഴുവൻ നമ്മുടെ കൂടെ വേണ്ടത് നമ്മുടെ ഭാര്യ  ആണ്… ” സഞ്ജീവ് പറഞ്ഞുകൊണ്ട് ശ്വേതയുടെ പുറകെ പോയി…

” എടാ മോനെ അവൻ വെറും പെൺകോന്തരായിപ്പോയി നീയും അങ്ങനെ ആകല്ലേടാ.. ” സുമയ്ക്ക് ആകെ ഭയം തോന്നി…

സഞ്ജയ് ഒന്നും മിണ്ടാതെ പുറത്തേക്ക് പോവാൻ നേരം…

” ആര്യ ഇത്രയും സ്വർണം ഒന്നും ഇടണ്ട കുറച്ചു മാത്രം ഇട്ടിട്ടു വാ.. ”

സഞ്ജയന്‍റെ വാക്കുകൾ കേട്ടതോടെ ആര്യവേഗം മുറിയിലേക്ക് ഓടിപ്പോയി.. കുറച്ചു മാത്രം ആഭരണം ഇട്ട് അവൾ തിരികെ വന്നു.. കുറച്ച് ആഭരണത്തിൽ തന്റെ ഭാര്യയുടെ സൗന്ദര്യം കൂടിയത് പോലെയാണ് അവന് തോന്നിയത്…

എന്നാൽ ഇതെല്ലാം കണ്ട് സുമക്ക് ദേഷ്യമാണ് തോന്നിയത്… സുമക്ക് സത്യത്തിൽ ശ്വേതയെക്കാൾ ദേഷ്യം ആര്യയോടാണ് ഉണ്ടായത്.. ശ്വേതാ കാശുള്ള വീട്ടിലെ പെൺകുട്ടിയാണ് അവൾ എന്തും പറഞ്ഞോട്ടെ…. അവൾ പറഞ്ഞത് കേട്ട് ഒന്നും മിണ്ടാതെ തന്നെ കളിയാക്കിയതുപോലെ നിൽക്കുന്ന ആര്യയോടാണ് സുമക്ക് ദേഷ്യം തോന്നിയത്…. ആര്യയെ പാഠം പഠിപ്പിക്കണമെന്ന് സുമ വിചാരിച്ചു..

ദിവസങ്ങൾ പോയിക്കൊണ്ടിരുന്നു..

ശ്വേതയുടെയും സഞ്ജീവിന്റെയും ജീവിതം കണ്ട് തന്റെ അമ്മ തന്റെ ഭാര്യയോട് കുറെ അനീതി ചെയ്തിട്ടുണ്ടെന്ന് സഞ്ജയ്ക്ക് മനസ്സിലായി തുടങ്ങി… അവരുടെ അടുത്ത് വേറൊരു നിയമം തങ്ങളുടെ അടുത്ത് വേറെ നിയമം…

അവർ ഇഷ്ടമുള്ളപ്പോഴൊക്കെ പുറത്തുപോകുന്നു സിനിമ കാണുന്നു അവർക്ക് ഇഷ്ടമുള്ളത് എന്തും ചെയ്യുന്നു. അതെന്തെങ്കിലും തടയാൻ വന്നാൽ ശ്വേത പ്രതികരിക്കുകയും സഞ്ജീവ് അവളുടെ കൂടെ നിൽക്കുകയും ചെയ്യുന്നു..

എന്നാൽ താനും ആര്യ
യും എവിടെയെങ്കിലും പോകാൻ വരുന്ന നേരം സുമ മുടക്ക് പറയുകയും…. ആര്യയെ എന്തുപറഞ്ഞാലും താൻ പ്രശ്നം വേണ്ട എന്ന് വിചാരിച്ച് മിണ്ടാതിരിക്കുകയും ആണല്ലോ ചെയ്യുന്നത്..

അവന് എവിടെയോ തന്റെ അമ്മ ആര്യയോട് അനീതി ചെയ്യുന്നതുപോലെ തോന്നി….

ആര്യയുടെ അനിയത്തി ആതിര പ്ലസ്ടുവിന് ഉയർന്ന മാർക്ക് വാങ്ങി വിജയിച്ചു… അതിൽ സഞ്ജയിക്കും സന്തോഷം തോന്നി..

” ആര്യ…. ” സഞ്ജയ് വിളിക്കുന്നത് കേട്ട് ആര്യ അടുക്കളയിൽ നിന്ന് വന്നു.. തന്റെ മകൻ ഭാര്യയെ എന്തിനാണ് വിളിക്കുന്നത് എന്നറിയാനായി സുമയും അവളുടെ പുറകെ വന്നു..

” എന്താ സഞ്ജയേട്ടാ…… ”

” എടോ താൻ ഒന്ന് റെഡിയാവോ നമുക്ക് പുറത്തു പോകണം.. ”

” എടാ മോനെ… എനിക്ക് ഇന്ന് പുറത്ത് വരാൻ നേരമില്ലടാ.. ” സുമ വേഗം പറഞ്ഞു. കാരണം അവർ എവിടെ പോകുമ്പോഴും സുമയും കൂടെ പോകും.

” അതിന് അമ്മ വരണ്ട ഞാനും അവളും കൂടെ പൊയ്ക്കോളാം… ”

തന്റെ മകന്റെ വാക്കുകളിൽ സുമ ആകെ ഞെട്ടി…

ആര്യയും  തന്റെ ഭർത്താവിന്റെ മാറ്റം കണ്ട് വിശ്വസിക്കാൻ വയ്യാതെ   ഞെട്ടി നിൽക്കുകയാണ്….

” ഓഹോ ഞാനും….നിന്റെ അനിയനെപ്പോലെ നിനക്കും ഭാരമായി തുടങ്ങി അല്ലേ.. ” സുമ തന്റെ കള്ള കരച്ചിൽ പുറത്തെടുത്തു.. അതിൽ സഞ്ജയ് ശരിക്കും വീണു.

” അമ്മ അതല്ല… ആതിരയ്ക്ക് ഒരു മൊബൈൽ വാങ്ങാൻ പോവുകയാണ്… ഇത്രയും നല്ല മാർക്ക് വാങ്ങുമ്പോൾ സമ്മാനം എന്തെങ്കിലും കൊടുക്കണം അല്ലോ.. ”

” മൊബൈലോ എത്ര രൂപയുടെ മൊബൈല്.. ”

” ഐഫോൺ വാങ്ങാം എന്നാണ് പ്ലാൻ.. ”

” നിനക്ക് വേറെ പണിയില്ലേടാ വല്ല പതിനായിരം രൂപയുടെ ഫോൺ വാങ്ങി കൊടുക്കേണ്ട നേരം അവൻ പൈസ കളയാൻ നിൽക്കുന്നു.. ”

” അമ്മ ഞാൻ ചേട്ടനല്ലേ….അപ്പോൾ നല്ല മൊബൈൽ വാങ്ങി കൊടുക്കണ്ടേ.. അല്ലെങ്കിൽ ഏട്ടൻ വാങ്ങി തന്ന മൊബൈൽ എന്നും പറഞ്ഞ് ആതിര മറ്റുള്ളവരെ കാണിക്കുമ്പോൾ എനിക്കാണ് നാണക്കേട്… ”

” ഓഹോ… അവളുടെ തലയണമന്ത്രം നിന്നിൽ ഫലിക്കുന്നുണ്ട്..”

” എന്താ അമ്മ അവളെന്നോട് ഒന്നും പറഞ്ഞിട്ട് കൂടിയില്ല.. ഇത് ഞാൻ എന്റെ ഇഷ്ടത്തിന് ചെയ്യുന്നതാ.. ”

” ഓ എന്തെങ്കിലും ആവ് ഞാൻ ഒന്നും പറയാനില്ല..”

ഈ ഒരു കാര്യത്തോടെ  ആര്യയോടുള്ള അവരുടെ ദേഷ്യം വർദ്ധിച്ചു..  ആര്യക്കെതിരെ തിരിയാനുള്ള ഒരു അവസരത്തിനായി അവർ കാത്തിരുന്നു.

ഒരു ദിവസം രാവിലെ

” ആര്യ…. ഈ ഫയൽ വളരെ ഇംപോർട്ടന്റ് ആണ്… ഉച്ചയ്ക്കുശേഷം എന്റെ ഓഫീസിൽനിന്ന് ഡ്രൈവർ വരും.. അയാളുടെ അടുത്ത് മാത്രം കൊടുത്തു വിടണം.. അത്രയ്ക്കും ഇംപോർട്ടന്റ് ആണ് നീ ഇത് സൂക്ഷിച്ചു വയ്ക്കണം.. ”

” ശരി സഞ്ജയേട്ടാ… ” അതും പറഞ്ഞ് അവൾ ആ ഫയൽ വാങ്ങി അവളുടെ അലമാരയിൽ വെച്ചു..

ഇതുതന്നെയാണ് ആര്യയ്ക്ക്   എതിരെ തിരിയാനുള്ള അവസരം എന്ന് മനസ്സിലാക്കി  സുമയുടെ മുഖത്ത് ക്രൂരമായ ചിരി വിരിഞ്ഞു….

ആര്യ പുറത്ത് അലക്കാൻ പോകുന്ന നേരം സുമ ആരും അറിയാതെ ആ ഫയൽ എടുത്ത് വീടിന് പുറത്തുള്ള വിറക് പുരയിൽ കൊണ്ടുപോയി ഒളിപ്പിച്ചുവെച്ചു..

ഉച്ചയ്ക്ക് സഞ്ജയുടെ ഓഫീസിൽ നിന്നും ഡ്രൈവർ വന്നപ്പോൾ  ആര്യ ഫയൽ എടുക്കാനായി മുറിയിൽ കയറി  അലമാരയിൽ നോക്കിയപ്പോൾ ഫയൽ കാണാനില്ല.. അവൾ ശരിക്കും പേടിച്ചു അവൾ ആ മുറി മുഴുവൻ പരിശോധിച്ചു.. അത്രക്കും ഇംപോർട്ടന്റ് ആയ ഫയൽ ആണെന്ന് അവൾക്കറിയാം അതുകൊണ്ടാണ് അവൻ ഓഫീസിൽ പോലും കൊണ്ടുപോകാതെ വീട്ടിൽ തന്നെ വെച്ചത്..

ഡ്രൈവർ കാത്തിരുന്ന് അക്ഷമനായി.. സുമ ഒന്നുമറിയാത്തതുപോലെ നിന്നു…

അവസാനം ഗതികെട്ട് ഫയൽ കാണുന്നില്ല എന്നു സുമയോടും  ദിവാകരനോടും അവൾ പറഞ്ഞു..

സുമയാണെങ്കിൽ അവളെ ചീത്ത വിളിച്ചുകൊണ്ട് ഫയൽ നോക്കുന്നു എന്ന വ്യാജേനെ അവിടെ എല്ലാം നോക്കി.. കൂട്ടത്തിൽ സഞ്ജയിനെ വിളിച്ച് അവൾ ഫയൽ കൊണ്ടുപോയി കളഞ്ഞു എന്നും പറഞ്ഞു….. അവളുടെ ഉത്തരവാദിത്തമില്ലായ്മ പറഞ്ഞ് അവനെ കുറേ ഭ്രാന്ത് കയറ്റി…

ഓഫീസിൽ സഞ്ജയ്ന്റെ നിരുത്തരപരമായ പെരുമാറ്റം മൂലം അവനെ സസ്പെൻഡ് ചെയ്യാനുള്ള കാര്യങ്ങൾ മേലുദ്യോഗസ്ഥർ നീക്കാൻ തുടങ്ങി..

എല്ലാം കൂടി ദേഷ്യത്തോടെ സഞ്ജയ് വീട്ടിലേക്കു വന്നു.

വന്ന് ഉടനെ ഒരു ചോദ്യവും പറച്ചിലും ഇല്ലാതെ ആര്യയെ അവൻ അടിച്ചു… അതോടെ സുമയ്ക്ക് സന്തോഷമായി..

താൻ തെറ്റ് ചെയ്തിട്ടില്ല എന്ന് ആര്യ വിളിച്ചുപറഞ്ഞെങ്കിലും അവൻ അതൊന്നും ചെവി കേട്ടില്ല… അതിനിടയിൽ സുമയാണെങ്കിൽ കുറെ കുത്തിത്തിരിപ്പും ഉണ്ടാക്കുന്നുണ്ട്…

ആര്യയെ വീണ്ടും ഉപദ്രവിക്കാൻ പോയപ്പോൾ ദിവാകരൻ അവനെ തടഞ്ഞു.. സുമക്ക് അത് കണ്ട് ദേഷ്യം തോന്നിയെങ്കിലും ഒന്നും മിണ്ടിയില്ല..

” അച്ഛാ മാറി നിൽക്ക് ഇവളെ ഞാൻ ഇന്നു ശരിയാക്കും.. ഇവൾ കാരണം ഞാൻ സസ്പെൻഷൻ ആകാൻ പോവുകയാണ്… എല്ലാത്തിനും കാരണം ഇവൾ ഒരുത്തിയാണ്… ”

ആര്യയാണെങ്കിൽ പേടിച്ച് നിലത്ത് ചുരുണ്ടു കൂടി ഇരുന്ന് കരയുകയാണ്… അവന്റെ ജോലി പോകും എന്ന് കേട്ടപ്പോൾ അവളുടെ സങ്കടം കൂടി… സുമക്കും അതിൽ സങ്കടമുണ്ടെങ്കിലും തന്റെ മകന്റെ ജോലി പോയാലും കുഴപ്പമില്ല മരുമകൾ കരഞ്ഞാൽ മതി എന്ന ദുഷ്ടഭാവമായിരുന്നു അവരുടെ ഉള്ളിൽ…

സഞ്ജയ് ആണെങ്കിൽ അവിടെ മുഴുവൻ ഫയൽ നോക്കാൻ തുടങ്ങി പക്ഷേ അവനെ ഒരു സ്ഥലത്ത് നിന്നും കണ്ടുകിട്ടിയില്ല അവസാനം അവൻ എല്ലാം തകർന്നവനെ പോലെ അവിടെയിരുന്നു..

അപ്പോഴാണ് സഞ്ജീവും ശ്വേതയും വരുന്നത് …

കാര്യം അറിഞ്ഞ സഞ്ജീവും ആര്യയെ കുറ്റപ്പെടുത്താൻ മറന്നില്ല.. എന്നാൽ ശ്വേത മാത്രം ചിന്തയോടെ നിന്നു..

” ഓഹോ അമ്മ ആര്യക്കിട്ട് പണി വച്ചതാണല്ലേ.. ” ശ്വേതാ സുമയോട് വെട്ടി തുറന്നു ചോദിച്ചു…

അവളുടെ ആ ചോദ്യത്തിൽ സുമ ഞെട്ടിയെങ്കിലും ഇവളെന്താ പറയുന്നത് എന്ന് അറിയാത്ത ഭാവത്തിൽ അവർ നിന്നു..

” നീ എന്താണ് പെങ്കൊച്ചേ… ഈ പറയുന്നത് ഞാൻ എന്തു ചെയ്തു…” സുമ നിഷ്കളങ്ക ഭാവത്തോടെ ചോദിച്ചു.

” ചേട്ടാ ലൈറ്റ് ബ്ലൂ കളർ ഫയൽ ആയിരുന്നോ… ” അവൾ സഞ്ജയോട് ചോദിച്ചു..

” അതേ….ശ്വേത എവിടെയെങ്കിലും കണ്ടോ..” ഞെട്ടിപ്പിടിഞ്ഞ് എഴുന്നേറ്റ് കൊണ്ട് അവൻ ചോദിച്ചു..

ആര്യയും ഞെട്ടലോടെ അവരെ നോക്കി.. സുമയ്ക്ക് ആണെങ്കിൽ ആകെ പേടി തോന്നുന്നുണ്ടായിരുന്നു..

ഇന്ന് രാവിലെ ഞാൻ വൈകിയാണ് ഓഫീസിൽ പോയത്… ഞാൻ ഒരുങ്ങി ഇറങ്ങാൻ നേരത്ത് അമ്മ ഏട്ടന്റെ മുറിയിൽ നിന്ന് എന്തോ എടുത്ത് കുറച്ചു പേടിയോടെ പോകുന്നുണ്ടായിരുന്നു.. എന്തോ കള്ളത്തരം ഉണ്ടെന്ന് മനസ്സിലാക്കിയ ഞാൻ പതുങ്ങി പുറകെ ചെന്നു.. അപ്പോൾ അമ്മ പോയത് നേരെ വിറക് പുരയിലാണ്.. അമ്മയുടെ കയ്യിൽ ലൈറ്റ് ബ്ലൂ കളർ എന്തോ ഉണ്ടായിരുന്നു… അപ്പോഴേക്കും എനിക്ക് ഓഫീസിൽ നിന്ന് ഫോൺ വന്നു പിന്നെ ഒന്നും നോക്കാൻ നേരം കിട്ടിയില്ല..

ഇതെല്ലാം കേട്ട് കഴിഞ്ഞപ്പോൾ ഭൂമി പിളർന്ന് താഴെ പോയാൽ മതി എന്ന് സുമക്ക്  തോന്നി..

അവൻ അപ്പോൾ തന്നെ വിറകുപുരയിലേക്ക് ഓടി.. അവിടെയുള്ള സാധനങ്ങൾ എല്ലാം വലിച്ചു വാരിയിട്ടു നോക്കിയപ്പോൾ ഒരു സൈഡിലായി ഫയൽ ഇരിക്കുന്നു അവൻ വേഗം എടുത്തു തുറന്നു നോക്കി നേരെ വീടിനകത്തേക്ക് വന്നു…

സുമയാണെങ്കിൽ ആകെ പേടിച്ചു നിൽക്കുകയാണ്… അവൻ സുമയെ തറപ്പിച്ചു നോക്കിക്കൊണ്ട്  നേരെ ആര്യയുടെ മുഖത്തേക്ക് നോക്കി.. അവളിപ്പോഴും താഴെ ഇരിക്കുകയാണ്.. അവന് തന്നോട് തന്നെ ദേഷ്യം തോന്നി.. ആര്യയോട് അപ്പോൾ തന്നെ സോറി പറയണമെന്നുണ്ടെങ്കിലും തന്റെ ജോലിയുടെ കാര്യമായതുകൊണ്ട് അവനപ്പോൾ തന്നെ ഓഫീസിലേക്ക് പുറപ്പെട്ടു..

ഓഫീസിൽ എത്തി  കാര്യങ്ങളെല്ലാം സോൾവ് ചെയ്ത് അവൻ വൈകിട്ടോടെ വീട്ടിലേക്ക് എത്തി….

  സുമയ്ക്കാണെങ്കിൽ ആകെ പേടിയുണ്ട് എന്നാലും പക്ഷേ തന്റെ മകനല്ലേ താൻ പറഞ്ഞാൽ  കേൾക്കുമെന്ന് അഹങ്കാരം അവർക്കുണ്ട്..

അവൻ വന്ന ഉടനെ ഹാളിലെ സെറ്റിയിലിരുന്നു…

പെട്ടെന്ന് അവന്റെ മുൻപിലേക്ക് ഒരു ചായ ഗ്ലാസ്  നീണ്ടു വന്നു..

അവൻ തല ഉയർത്തി നോക്കിയപ്പോൾ അത് ആര്യയാണ്… അവൻ അടിച്ചതിന്റെ പാട് അവളുടെ മുഖത്ത് ഉണ്ട്… മുഖം എല്ലാം നീര് വെച്ചതുപോലെ ഇരിക്കുന്നു… കരഞ്ഞ് വീർത്ത പോലുള്ള കണ്ണ്… എന്നാൽ ഇപ്പോൾ ആ കണ്ണിൽ പ്രത്യേകിച്ച് ഭാവം ഒന്നുമില്ല… അവളിൽ ആകെ ഒരു മൂകത…

” ആര്യ……സോറി….” അവളുടെ ഭാവം കണ്ട് വേദനയോടെ അവൻ പറഞ്ഞു.. എന്നാൽ അവളിൽ നിന്ന് ഒരു മറുപടി മാത്രമല്ല ഒരു ഭാവമാറ്റം പോലും ഉണ്ടായിരുന്നില്ല…

” നീ എന്തിനാടാ അവളോട് സോറി പറയുന്നത്… അവൾ ഒറ്റ ഒരാൾ കാരണമാണ് ഇങ്ങനെയൊക്കെ ഉണ്ടായത്… അവളുടെ അഹങ്കാരം തീർക്കാനാണ് മോനെ അമ്മ ഇങ്ങനെ ചെയ്തത്.. അല്ലെങ്കിൽ… ”

” മതി അമ്മ എനിക്ക് ഇനി ഒന്നും കേൾക്കാൻ താല്പര്യം ഇല്ല… എനിക്ക് ഇതേക്കുറിച്ച് സംസാരിക്കാൻ താല്പര്യം ഇല്ല… ”

” മകൻ ചത്താലും വേണ്ടില്ല മരുമകൾ കരയണമെന്ന അമ്മയുടെ ഐഡിയ എട്ടുനിലയിൽ പൊട്ടിയല്ലോ.. ” ശ്വേത അവരെ കളിയാക്കി…

സുമ ഒന്നും മിണ്ടാതെ നിന്നു…

അന്നുമുതൽ സഞ്ജയ്ന്റെ ജീവിതത്തിൽ മാറ്റങ്ങൾ വന്നു തുടങ്ങി….

അമ്മയുടെ മേലുള്ള അവന്റെ വിശ്വാസം തകർക്കപ്പെട്ടു എന്നാലും അമ്മയാണ്…..അവരോട് എതിർക്കാൻ ഒന്നും നിന്നില്ല… അതുപോലെതന്നെ അവന്റെയും ആര്യയുടെയും കാര്യത്തിൽ അമ്മയുടെ വാക്ക് കേൾക്കാനും നിന്നില്ല…

സഞ്ജയ് അമ്മയുടെ സ്വഭാവം മനസ്സിലാക്കി വന്നപ്പോഴേക്കും ആര്യ അവനിൽ നിന്ന് മാനസികമായി അകന്നിരുന്നു… അവൾ ആ വീട്ടിൽ ഇപ്പോൾ ഒരക്ഷരം സംസാരിക്കാറില്ല.. രാവിലെ എഴുന്നേൽക്കും വീട്ടുപണിയെല്ലാം ചെയ്യും സഞ്ജയ്ക്കും വീട്ടുകാർക്കും വേണ്ടിയുള്ള കാര്യങ്ങളൊക്കെ ചെയ്യുമെങ്കിലും ആരോടും അവളിപ്പോൾ സംസാരിക്കാറില്ല ഏതുസമയം മൂകതയോടെ ഇരിക്കും…

സഞ്ജയ് അവളോട് കുറെ പ്രാവശ്യം സോറി പറഞ്ഞു… ഇപ്പോൾ അമ്മയുടെ വാക്ക് ധിക്കരിച്ച് അവളുമായി പുറത്തേക്ക് പോകാറുണ്ട്.. എവിടെപ്പോയാലും അവളിൽ മൗനം മാത്രമാണ്… ആ മൗനത്തിൽ അവൻ ആകെ തകരുകയാണ്… തന്റെ ജീവിതം കൈപ്പടിയിൽ നിന്ന് പോവുകയാണെന്ന് അവന് മനസ്സിലായി.. എങ്ങനെയും അത് തിരികെ പിടിക്കാനുള്ള തത്രപ്പാടിലാണ് അവൻ….

ഒരു ദിവസം വൈകുന്നേരം എല്ലാവരും വീട്ടിൽ ഉള്ള സമയം  അവൻ തന്റെ വീട്ടുകാരെ മുഴുവൻ വിളിച്ചു.. കാര്യമറിയാനായി എല്ലാവരും വന്നു….കൂടെ ആര്യയും ഉണ്ടായി…

” അച്ഛാ ഞാൻ ഈ വീട്ടിലെ മൂത്തമകനാണ്… അതുകൊണ്ട് ഈ വീട് മാറേണ്ടത് ഞാനാണ്… ഓഫീസിന്റെ അടുത്ത് ഞാനൊരു വീട് നോക്കി വച്ചിട്ടുണ്ട് വളരെ വലുതൊന്നുമല്ല  7സെന്റ് സ്ഥലത്തു ഒരു ചെറിയ വീട്… അധികം കടമില്ലാതെ എനിക്ക് ആ വീട് വാങ്ങാൻ സാധിച്ചു… ഇനി എത്രയും പെട്ടെന്ന് അവിടേക്ക് താമസം മാറാനാണ് എന്റെ തീരുമാനം..”

” ആരോട് ചോദിച്ചിട്ടാണ് നീ ഇതൊക്കെ ചെയ്തത്..” സുമ  ദേഷ്യത്തോടെ അലറി..

” അമ്മയെന്തിനാ ഒച്ച എടുക്കുന്നത് ഏട്ടൻ മൂത്തതല്ലേ എന്നായാലും മാറേണ്ടതാണ് അത് ഇത്തിരി നേരത്തെ ആയാൽ അത്രയും നല്ലത്.. ” സഞ്ജീവ് തന്റെ അഭിപ്രായം പറഞ്ഞു..

” ഓഹോ അപ്പോൾ നീ തീരുമാനിച്ചോ ഇത് നിന്റെ വീടാണെന്ന്… ഞാൻ സമ്മതിക്കില്ല എന്റെ രണ്ട് മക്കളും ഒരുമിച്ച് വേണം.. ”

” എന്റെ അച്ഛന്റെയും അമ്മയുടെയും അനുവാദം ചോദിച്ചിട്ടാണോ നീ അവരുടെ അടുത്തുനിന്ന് എന്നെ പറിച്ച് ഈ വീട്ടിലേക്ക് ആക്കിയത്.. ” ആദ്യമായി ദിവാകരൻ വാ തുറന്നു…

തന്റെ ഭർത്താവിന്റെ ചോദ്യത്തിൽ സുമ ആകെ പതറി..

” അവൻ മൂത്തവൻ ആണ് അവൻ വീട് മാറട്ടെ… രണ്ടുപേരും ഓരോ വീട്ടിൽ നിന്നാൽ ഭാവിയിൽ എന്നായാലും കലഹം ഉണ്ടാകും.. ” ദിവാകരൻ പറഞ്ഞു

” അങ്ങനെയാണെങ്കിൽ ഇളയവൻ മാറട്ടെ സഞ്ജയ് ഇവിടെ നിന്നാൽ മതി.. ”

” അതെന്താ അമ്മയ്ക്ക് ഞാൻ നിൽക്കുന്നത് ഇഷ്ടമല്ലേ.. ” സഞ്ജീവ് സുമയുടെ വർത്തമാനം കേട്ട് ചോദിച്ചു..

” നീയും നിന്റെ ഭാര്യയും നിന്നാൽ ഞാൻ പണിയെടുത്ത് ചാവും… എന്തൊക്കെ പറഞ്ഞാൽ ആര്യ നന്നായി വീട്ടു പണിയൊക്കെ എടുക്കും എനിക്ക് ഒരു സമാധാനവും സ്വസ്ഥതയും ഉണ്ട് നിന്റെ ഭാര്യ കുടിച്ച ഗ്ലാസ് പോലും കഴുകി വയ്ക്കില്ല.. ”

” അമ്മ എന്റെ ഭാര്യ വേലക്കാരി അല്ല… അവളെ ജോലിക്കാരി ആയിട്ടില്ല ഞാൻ ഇവിടെ കൊണ്ടുവന്നത്… ” സഞ്ജയന്‍റെ മറുപടിയിൽ സുമ ഞെട്ടിയെങ്കിലും ആര്യയുടെ കണ്ണുനിറഞ്ഞു ആദ്യമായിയാണ് തന്റെ ഭർത്താവ് തന്നെ സപ്പോർട്ട് ചെയ്ത് സംസാരിക്കുന്നത്…

” ചേട്ടാ നിങ്ങൾ വീട് മാറിക്കോ ഇവിടെ ജോലിക്ക് ഞാൻ വേലക്കാരിയെ വെച്ചോളാം… പിന്നെ കുറച്ചു പണി അമ്മയും എടുക്കട്ടെ വെറുതെ ഇരുന്നു തിന്നുകയല്ലേ.. പിന്നെ നിങ്ങൾ വെറുതെ ഇറങ്ങിപ്പോവുകയൊന്നും വേണ്ട ഈ വീടിലുള്ള നിങ്ങളുടെ ഷെയർ ഞാനും സഞ്ജീവും കൂടി തന്നോളാം.. ” ശ്വേതാ പറഞ്ഞപ്പോൾ ആ കാര്യം എല്ലാവർക്കും സ്വീകാര്യമായി പക്ഷേ സുമ മാത്രം മുഖം വീർപ്പിച്ചു നിന്നു…

” പിന്നെ അമ്മ ഒരു കാര്യം കൂടി… ആര്യ ഇനി വീട്ടിൽ വെറുതെ ഇരിക്കാൻ ഒന്നും പോകുന്നില്ല… ഞാൻ അവൾക്ക് ഒരു ജോലി ശരിയാക്കിയിട്ടുണ്ട്…. സ്കൂളിൽ ആണ്…. 25 ലക്ഷം ചോദിക്കുന്നുണ്ട്.. സ്ഥിരം ജോലിയാണ്.. ”

”  ഇവളുടെ തന്ത കൊണ്ടു വച്ചിട്ടുണ്ടോ 25 ലക്ഷം….നിനക്ക് വേറെ പണിയില്ലേടാ മോനെ.. ഇങ്ങനെ കടം വാങ്ങിച്ചു കൂട്ടാൻ… ”

” അമ്മ….. അത് ഇവളുടെ തന്തയുടെ തന്നെ കാശാണ്… അദ്ദേഹം കഷ്ടപ്പെട്ട് ഇവൾക്ക് ഉണ്ടാക്കിക്കൊടുത്ത 50 പവൻ ഞാൻ അങ്ങ് വിൽക്കും.. പിന്നെ ഇവൾക്ക് സ്ഥിരം ജോലി ആയാൽ ഇവൾക്ക് ഇഷ്ടമുള്ള ആഭരണം ഇഷ്ടമുള്ള പോലെ അവൾക്ക് വാങ്ങാലോ.. അതിന് ആരോടും ചോദിക്കേണ്ട ആവശ്യമില്ല.. പിന്നെ ഞാനും ഉണ്ടല്ലോ അത്യാവശ്യത്തിന് ആഭരണം ഞാൻ വാങ്ങി കൊടുത്തോളാം … ”

” ഓഹോ നീ തലയണ മന്ത്രത്തിൽ വീണല്ലേടാ  പെൺകോന്ത… ”

” എന്റെ ഭാര്യയും എന്റെ അമ്മയെപ്പോലെ തലേണമെന്ത്രം അറിയാവുന്നവൾ ആയിരുന്നെങ്കിൽ ഞാൻ ഇത്രയും ഇപ്പോൾ കഷ്ടപ്പെടേണ്ടി വരില്ലായിരുന്നു.. എന്ത് ചെയ്യാൻ എനിക്ക് ഭാഗ്യം ഇല്ലാതായിപ്പോയി.. അവളായി ഒന്നും പറഞ്ഞില്ല ഞാനായി എല്ലാം കാണേണ്ടി വന്നു.. അതുകൊണ്ട് ഞാനും എന്റെ അച്ഛനെപ്പോലെ പെൺകോന്തൻ ആവാൻ അങ്ങ് തീരുമാനിച്ചു… ” അതോടെ സുമയുടെ മുഖം കുത്തി വീർത്തു.. ബാക്കിയുള്ളവരുടെ ചുണ്ടിൽ പുഞ്ചിരി.. ആര്യ പോലും പുഞ്ചിരിച്ചു പോയി..

വൈകാതെ തന്നെ വീട് മാറ്റവും ജോലിക്ക് കയറ്റവും സഞ്ജയ് തന്റെ ജീവിതം വീണ്ടും തിരികെ പിടിച്ചു…

മൂന്നാമതൊരാളുടെ ശല്യം ഇല്ലാതെ ആ ഭാര്യയും ഭർത്താവും സന്തോഷത്തോടെ ആ ചെറിയ വീട്ടിൽ കഴിഞ്ഞു…

ആര്യ പോയതോടെ സുമ ശ്വേതയുടെ കുത്തുവാക്കും കേട്ട് ജോലിയും എടുത്ത് ആ വീട്ടിൽ ഒതുങ്ങിപ്പോയി.. ആര്യയുടെ വില അവർക്ക് മനസ്സിലാവാൻ തുടങ്ങി.

ശുഭം

സുബിഷ

അവസാനിച്ചു