17/04/2026

നിന്നോരം : ഭാഗം 14

രചന – ആതിര

ICU എന്നെഴുതിയ റൂമിനു മുന്നിൽ തളർന്നിരിക്കുയാണ് ചാരൂ… അടുത്ത് തന്നെ യദുവും.. തർന്നിരിക്കുന്ന അവളുടെ അവസ്ഥ കണ്ട് യദുവിന്റെ മനസ്സ് നീറുകയാണ്..അകത്തവളുടെ ആകെയുള്ള ഒരു കൂടപ്പിറപ്പാണ് മരണത്തോട് മല്ലിട്ട് കിടക്കുന്നത്.. ജീവിത്തിലേയ്ക്കോ മരണത്തിലേയ്ക്കോ എന്ന് ഉറപ്പില്ലാതെ.. “ആരാണ് യദുവും ചാരുവും..??” റൂമിൽ നിന്നിറങ്ങി വന്നൊരു നേഴ്സ് ചോദിച്ചു.. രണ്ടുപേരും എഴുനേറ്റ് അവരുടെ അടുത്തേയ്ക്ക് ചെന്നു.. അവരെ രണ്ടുപേരെയും അകത്തേക്ക് കയറ്റി പ്രേത്യേക ഗൗണും മാസ്കും ധരിപ്പിച്ചു വരുണിനെ കാണാൻ അനുവദിച്ചു. “പേഷ്യന്റിനെ അധികം സംസാരിപ്പിക്കരുത്.. ഇതിപ്പോ നിങ്ങളെ കാണാൻ അത്രയും വാശി പിടിച്ചിട്ടാ.. ഇപ്പോഴും ബ്രീത് സ്റ്റേബിൾ അല്ല..” താക്കീതെന്നപോലെ പറഞ്ഞിട്ടാണ് നേഴ്സ് അവരെ അകത്തേയ്ക്ക് കയറ്റി വിട്ടത്.. വയറുകൾക്ക് നടുവിൽ ദേഹത്തും കൈകാലുകളിലും തലയിലും വലിയ കെട്ടുമായി തീർത്തും അനങ്ങാൻ വയ്യാത്തവസ്ഥയിലാണ് വരുൺ.. കൺപോളകൾ മാത്രം അനങ്ങുന്നുണ്ട്..

അവന്റെ അവസ്ഥ കണ്ട് ചരുവിൻ സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.. അവൻ കണ്ണുകൾ കൊണ്ട് രണ്ടുപേരെയും മാടി വിളിച്ചു.. അവന്റെ മുഖത്ത് നിന്നും ഓക്സിജൻ മാസ്ക് നേഴ്സിനെ കൊണ്ട് മാറ്റിച്ചു..അധിക നേരം സംസാരിക്കരുതെന്ന് പറഞ്ഞാണവർ അത് അൽപ നേരത്തേയ്ക്ക് മാറ്റിയത് തന്നെ.. യദുവും ചാരുവും അവനടുത്തേയ്ക്ക് നടന്നു.. അവന്റെ കണ്ണുകൾ ചാരുവിന്റെ മുഖത്തോടി നടന്നു.. പിന്നെയത് യദുവിൽ വിശ്രമം കൊണ്ടു.. “ചാരൂ…!!” വരുൺ സംസാരിക്കാൻ വളരെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.. വാക്കുകൾ ചിലമ്പിപോകുന്നു.. ചാരു അവന്റെ കയ്യിൽ കൊരുത്ത് പിടിച്ചു.. “ന്റെ മോളെ തനിച്ചാക്കി എന്നെയും ദൈവം അങ്ങ് വിളിക്കുവെന്നാ തോന്നുന്നേ..ഏട്ടന്റെ മോൾ ഒരിക്കലും വിഷമിക്കരുത്.. തളർന്ന് പോകരുത്..എന്തും അതിജീവിക്കണം..എന്റെ അനുഗ്രഹം എന്നും ന്റെ മോൾടെ കൂടെയുണ്ടാകും..” അവന്റെ വാക്കുകൾ ചാരൂന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു..

“എന്താ ഏട്ടാ എങ്ങനെയൊക്കെ പറയുന്നേ.. ഒന്നൂല്ല,,ചാരൂനെ ഒറ്റക്കാക്കി ഇവിടെ പോവൂന്ന്.. അങ്ങനെയൊന്നും വരുണേട്ടന് സംഭവിക്കില്ല.. നോക്കിക്കോ എല്ലാം ഭേദാവും… ഒന്നുവില്ലേട്ടാ..” “യദൂ..!!!” യദു വരുണിനടുത്തേക്ക് ചെന്നു.. “ഈ അവസ്ഥയിൽ എനിക്കിവളെ ഏൽപ്പിക്കാൻ നീയല്ലാതെ വേറെ ആരും ഇല്ല..നിന്നെയെനിക്ക് വിശ്വാസവാ..ന്റെ ചാരൂനെ നിന്നെ ഏൽപ്പിക്കുവാ.. കൈവിട്ട് കളയല്ലേ.. വേറെ ആരും ഇല്ല എന്റെ കുഞ്ഞിന്.. നോക്കിക്കോണേടാ..” വരുൺ ചാരുവിന്റെ കൈയ്യ് യദുവിന്റെ കയ്യിലേക്ക് ചേർത്ത വെച്ചുകൊണ്ട് പറഞ്ഞു.. “എന്താടാ..ഇപ്പൊ അതിനെ പറ്റിയൊക്കെ ചിന്തിക്കുന്നേ.. നീ ഒകെ ആയി വരില്ലേ.. പിന്നെന്താ..” “യദു.. നീ വാക്ക് താ..ഇല്ലേൽ എനിക്ക് സമാധാനത്തോടെ കണ്ണടയ്ക്കാൻ പറ്റില്ല..”

“ഇങ്ങനെയുള്ള വർത്താനം നിർത്തുന്നുണ്ടോ വരുണേ..ചാരൂന്റെ അവസ്ഥ എനിക്ക് നന്നായി അറിയാം..ഞാൻ കാണും ചാരൂന്റെ കൂടെ.. ആരു പറഞ്ഞാലും ഉപേക്ഷിക്കില്ല.. ജീവിതാവസാനം വരെ നോക്കിക്കോളാം.. നമ്മൾ കാണും എന്നും ഇവൾക്കൊപ്പം..” യദുവിന്റെ വാക്കുകൾ തീർത്ത സന്തോഷം വരുണിന്റെ മുഖത്ത് വിരിഞ്ഞു.. ആ വേദനയ്ക്കിടയിലും അവൻ നേർമയായി പുഞ്ചിരിച്ചു. എന്നാൽ ഉടൻ തന്നെ ശ്വാസം ആഞ്ഞ് വലിക്കാൻ തുടങ്ങി..അവര് രണ്ടാളും പേടിച്ചു പോയിരുന്നു..അത് കണ്ട യദു നഴ്സിനെ വിളിച്ചു ഹാർട്ട്‌ റേറ്റ് മെഷീന്റെ മോണിറ്ററിൽ അവന്റെ ഹാർട്ട്‌റേറ്റ് ഉയർച്ച താഴ്ചകൾ ഇല്ലാതെ വെറുമൊരു നീണ്ട വരമാത്രമായി മാറുന്നത് കണ്ട് നേഴ്സ് ഉടൻ തന്നെ ഓക്സിജൻ മാസ്ക് വീണ്ടും അവനെ ധരിപ്പിച്ച് ഡോക്ടറെ വിളിച്ചു.. ഉടൻ തന്നെ അങ്ങോട്ടെത്തിയ ഡോക്ടർ യദുവിനോടും ചാരുവിനോടും പുറത്തേയ്ക്ക്‌ പോകുവാൻ പറഞ്ഞു..

പുറത്തേയ്‌ക്കിറങ്ങിയ ചാരുവിനെ യദു ആകും വിധം സമാധാനിപ്പിച്ചു.. അൽപ നേരത്തിന് ശേഷം ഡോക്ടർ പുറത്തേയ്ക്ക് വന്നു.. “വീ ആർ റിയലി സോറി..” ഡോക്ടറിന്റെ വാക്കുകൾ കേട്ട യദു വിറങ്ങലിച്ചു നിന്നു.. എന്നാൽ ചാരുവിന്റെ ഉച്ചത്തിലുള്ള നിലവിളിയാണ് അവനെ ബോധത്തിലേക്ക് കൊണ്ടുവന്നത്.. വരുണിനെ കാണണമെന്ന് പറഞ്ഞ് വാശി പിടിക്കുന്നവളെ തടയാൻ നന്നേ യദു പാടുപെട്ടു..തളർന്നവന്റെ കയ്യിലേയ്ക്ക് വീണ ചാരുവിനെ അടുത്തുള്ള മുറിയിലേക്ക് കിടത്തി ഡ്രിപ് ഇട്ടു.. ‌ “ചാരൂ വിഷമിക്കരുത്..എന്ത് പറഞ്ഞാലും ഒന്നിനും പകരമാവില്ല.. എന്ത് പറഞ്ഞാലും എല്ലാം നീ വരുണിന് വേണ്ടി സഹിക്കണം.. നിനക്ക് ഞാനുണ്ടാകും.. ഇതെന്റെ വാക്കാണ്..ഈ അവസ്ഥയിൽ നീ ഇങ്ങനെ വിഷമിക്കരുത്..” ഭിത്തിയിൽ ഫ്രെയിം ചെയ്ത് വെച്ചിരിക്കുന്ന വരുണിന്റെ ഫോട്ടോയിൽ നോക്കി നിർവികാരതയോടെ ഇരിക്കുന്നവളെ നോക്കി യദു പറഞ്ഞു..

അവൻ അവളുടെ അടുത്തേക്ക് ചേർന്നിരുന്നതും ചായനൊരു തോള് കിട്ടിയപോലെ ചാരു അവന്റെ തോളിലേയ്ക്ക് ചാഞ്ഞു.. “നീ ഇങ്ങനെ ഫുഡ്‌ കഴിക്കാതെ ഇരിക്കാതെ എഴുനേറ്റ് വന്നേ.. ആരോഗ്യം ശ്രദ്ധിക്കേണ്ട കാര്യം മറന്ന് പോകരുത്..വരുൺ നമ്മുടെ കൂടെ ഇല്ലാതായിട്ട് ഇപ്പോൾ മാസം കുറെ ആയില്ലേ.. അവന്റെ സാമിപ്യം മാത്രേ ഇല്ലാത്തുള്ളൂ..എന്നും നിന്റെ കൂടെ അവന് കാണും.. പിന്നെ ഞാനില്ലേ നിനക്ക്.. എനിക്കങ്ങനെ നിന്നെ കയ്യൊഴിയാൻ പറ്റുവോ..യദു ഒരിക്കലും ചാരുവിനെ കൈവിടില്ല..” “ഞാൻ യദുവേട്ടനും ഒരു ബാധ്യതയാണ്.വീട്ടിൽ ഇതെങ്ങാനും അറിഞ്ഞാൽ..വേണ്ട ഞാൻ എവിടെ എങ്ങനേലും കഴിഞ്ഞോളം..എന്നെ ഓർത്ത് വിഷമിക്കണ്ട.. എല്ലാം ഞാൻ മറന്നോളാം..” “അതൊന്നു ഓർത്ത് നീ തല പുകയ്ക്കണ്ട.. ഇങ്ങനെയൊക്കെ സംഭവിച്ചു പോയി..നീ ഇപ്പോൾ ഒറ്റക്കല്ല.. നിന്റെ വയറ്റിൽ ഒരാൾ കൂടി ഉണ്ടെന്ന് ഓർക്കണം.. മാസം തികഞ്ഞ് നിൽക്കുവാ..

വെറുതെ മനസ്സ് വിഷമിപ്പിക്കരുത് ചാരു…ഏന്തിനും ഞാൻ കൂടിയില്ലേ..” അവളുടെ വീർത്തുന്തിയ വയറിലേക്ക് ശ്രദ്ധ കൊടുത്തവൻ പറഞ്ഞു.. ഒരു കൈ നടുവിന് കൊടുത്ത് മറുകൈ കൊണ്ട് ചാരു അവളുടെ വയറിൽ തഴുകികൊണ്ടേയിരുന്നു.. യദു പതിയെ ബാൽക്കണിയിലേയ്ക്ക് നടന്നു.. ഓരോ ചിന്തകൾ മനസ്സിലൂടെ കടന്ന് പോയി.. ബാൽക്കണിയിൽ നിന്നും വെറുതെ താഴേക്ക് നോക്കി നിന്നു..ചീറി പായുന്ന വണ്ടികൾ.. ആർക്കും ഒന്നിനും സമയം തികയുന്നില്ല.. ഇപ്പോൾ ബാംഗ്ലൂർ നഗരവുമായി പൊരുത്തപ്പെട്ടിരിക്കുന്നു.. ജീവിതത്തിലെ മറക്കാനാവാത്ത ഓർമ്മകൾ തന്നെ നഗരം.. ഒരുപക്ഷേ അന്നാ ദിവസം വെറുമോര് ദു:സ്വപനം മാത്രമായിരുന്നെങ്കിൽ ഇന്ന് ഇങ്ങനെയൊന്നും ഉണ്ടാകുമായിരുന്നില്ല..വരുൺ ഒരിക്കലും ഞങ്ങളെ വിട്ട് പോകില്ലായിരുന്നു..ചാരൂന് ഇങ്ങനാനൊരു അവസ്ഥാ വരുമായിരുന്നില്ല… അടുത്തുള്ള ഫ്ലാറ്റിലൊക്കെ ഇപ്പോൾ ഞാനും ചാരുവും ഒന്നിച്ചാണെന്ന് അറിയാം..

ആദ്യമൊക്കെ ചില മുറുമുറുപ്പുകൾ ഉണ്ടായിരുന്നു.. നമ്മൾ കാര്യമാക്കാതിരുന്നപ്പോൾ അതൊക്കെ നിന്നു..ഇപ്പോൾ ആകെയൊരാശ്വാസം ജാനകിയാന്റിയും വാസുദേവനങ്കിളും മാത്രമാണ്..(അപ്പുറത്തെ ഫ്ലാറ്റിലെ… നേരത്തെ പറഞ്ഞിട്ടുണ്ട്..)ഞങ്ങളെ കൂടാതെ എല്ലാം അറിയാവുന്നത് അവർക്ക് മാത്രമാണ്.. ചിന്തകളാൽ ചുറ്റിവറിഞ്ഞ് ശ്വാസമുട്ടുന്നു..യദു ഫോൺ ഗാലറി ഓപ്പൺ ചെയ്തു… “ക്ഷമിക്കണം നിന്നെ മോഹിപ്പിച്ചതിന്.. ഇനിയും നീ വിഷമിക്കും.. യദുവിന്റെ ഹൃദയത്തോട് ചേർത്ത് വെച്ചതാണ് ഭാഗി നിന്നെ..പക്ഷേ ചാരു.. അവളെയിനി വേണ്ടന്ന് വെയ്ക്കാൻ പറ്റാതായിപ്പോയി..ഭാഗി,,നാളെ നീയും എന്നെ വെറുക്കും..” കണ്ണിൽ നിറഞ്ഞുതുളുമ്പിയ നീർമുത്തുകൾ ഫോണിലെ അവളുടെ ചിത്രത്തിലേക്ക് ചിതറിത്തെറിച്ചു… (തുടരും…)