രചന – ഊർമ്മിള മിഥിലാത്മജ
എന്തുവാ ഉണ്ണിയേട്ടാ എത്ര ദിവസമായി ഞാനൊന്ന് കാണാൻ വേണ്ടി കയറിയിറങ്ങുന്നു…പഴയപോലെ സ്നേഹം കാണിക്കുന്നില്ല എന്നത് പോട്ടെ ഒന്നു അന്വേഷിക്കുക പോലും ചെയ്യുന്നില്ല.ഓ…. പഴയപോലെ ന്റെ കൂടെ പാട്ടും പാടിനടന്ന ഉണ്ണിയേട്ടനല്ലലോ പട്ടാളക്കാരനല്ലേ? ഇപ്പൊ നമ്മളെയൊന്നും കണ്ടാൽ കണ്ണിൽ പിടിക്കില്ലായിരിക്കും. അതോ വേറെ ആരെങ്കിലും മനസ്സിൽ കേറിപ്പറ്റിയോ…..അല്ലേ പറയാൻ പറ്റില്ല ആണുങ്ങളുടെ മനസ്സാണ് അമ്മമ്മ എപ്പോഴും പറയാറുണ്ട് ആണുങ്ങളുടെ മനസ്സ് കുരങ്ങന്മാരെപോലെ ആണെന്ന് ഒന്നിൽനിന്നും മറ്റൊന്നിലേക്ക് ചാടിക്കൊണ്ടേയിരിക്കുമാത്രേ….
ദേ മനുഷ്യ എന്നെ എങ്ങാനും ഒറ്റക്കാക്കി വേറെ വല്ല പെണ്ണിന്റെയും പുറകെ പോയാൽ ഉണ്ടല്ലോ കാല് ഞാൻ തല്ലിയൊടിക്കും…
പറഞ്ഞു കഴിഞ്ഞോ ?? ഇനി എന്നെ കുറച്ചു സമാധാനത്തോടെ ഇരിക്കാൻ വിടുവോ??തലക്ക് സ്വൈര്യം കൊടുക്കാതെ കലപില പരിഭവം പറഞ്ഞു സംസാരിച്ചുകൊണ്ടിരിക്കുന്ന ലക്ഷ്മിയേ നോക്കിയാണവൻ ചോദ്യമെറിഞ്ഞത്??
നിനക്കെന്തുവാ കൊച്ചേ വേണ്ടത്. എന്നും ഇങ്ങനെ എന്നെ കാണാനായിട്ട് കയറിയിറങ്ങാൻ ഞാൻ പറഞ്ഞോ നിന്നോട്? രാവിലെയും വൈകിട്ടും കയറിവന്നോളും മനുഷ്യനെ മെനക്കെടുത്താൻ ആയിട്ട്.. ഒന്ന് സ്വസ്ഥമായിരിക്കാമെന്ന് കരുതുമ്പോളാ അവളുടെ ഒരു പൊന്നാരം.പോത്തുപോലെ വളർന്നല്ലോ ഇനിയും വിവരമുധിച്ചില്ലേ??? ഒരന്യപുരുഷന്റെ മുറിയിലേക്ക് ഈ അസമയത്ത് എന്തുഭാവിച്ച നീ കയറി വരുന്നത്. പ്രേമം ആണ് പോലും അല്ലേലും ഈ കുട്ടിക്കളി മാറാത്തതിനെ ഒക്കെ പ്രേമിച്ചാൽ ഇങ്ങനെയാ …
അവന്റെ വാക്കുകൾ കേട്ട അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.
ഉണ്ണിയേട്ടൻ എനിക്കന്യനാണോ??? നമ്മൾ ഒന്നാണെന്നു പറഞ്ഞു പഠിപ്പിച്ചത് ഉണ്ണിയേട്ടൻ തന്നെയല്ലേ ?ഇഷ്ട്ടമാണെന്നും ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് നീയാണെന്നും പറഞ്ഞെന്നെ ആഗ്രഹിപ്പിച്ചതും ഉണ്ണിയേട്ടനല്ലേ എന്നിട്ടിപ്പോൾ ഒറ്റദിവസം കൊണ്ട് തള്ളിപ്പറയുമ്പോൾ ഞാൻ എന്താ മനസ്സിലാക്കേണ്ടത്?
ലീവിന് വന്നാൽ എന്റെ പുറകിൽ നിന്ന് മാറാതെ നടക്കണ ഉണ്ണിയേട്ടൻ ഇപ്രാവശ്യം വന്നിട്ട് എന്നെയൊന്നു തിരിഞ്ഞുനോക്കുകയോ എന്നോടൊന്നു മിണ്ടുകയോ പോലും ചെയ്യാതെ നിന്നത് കണ്ടപ്പോൾ കാര്യം എന്താണെന്നറിയാതെ ചോദിക്കാൻ വന്നതാണോ ഞാൻ ചെയ്ത തെറ്റ് ?? ഇത്രപെട്ടന്ന് ഞാൻ അന്യയായിപ്പോയോ???
ഈ ലോകത്ത് ആരും ആർക്കും സ്വന്തമല്ല ലക്ഷ്മി താനത് ആദ്യം മനസ്സിലാക്കാൻ നോക്ക്… സ്വന്തമെന്നും ബന്ധമെന്നും പറഞ്ഞു ചേർത്തുനിർത്തുന്നതൊക്കെ കൊഴിഞ്ഞുപോവാൻ ഒരു നിമിഷം മതി.. മറക്കാനും കൂടിയുള്ളതാണ് മനസ്സ്… ഇനി താൻ എന്നെ അന്വേഷിച്ചു ഇങ്ങോട്ട് കയറി വരണം എന്നില്ല… നേരം വൈകി വീട്ടിൽ പോകാൻ നോക്ക്.. അതും പറഞ്ഞവൻ വാതിലിനു നേരെ കൈചൂണ്ടികാണിച്ചു…
അങ്ങനങ്ങു പറഞ്ഞൊഴിയാൻ നോക്കാതെ ഉണ്ണിയേട്ടാ… എന്റെ മനസ്സിൽ പ്രണയം ജനിപ്പിച്ചു എന്നോട് സ്നേഹം ആണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചിട്ടിപ്പോൾ എത്ര ലാഖവത്തോടെയാണ് മറക്കാൻ പറയുന്നത്… ഇതായിരുന്നോ നിങ്ങൾക്കെന്നോടുണ്ടായിരുന്ന പ്രണയം…
ഇതിനായിരുന്നോ നിങ്ങളെന്നെ സ്നേഹിച്ചത് എത്രപെട്ടന്ന് ഉണ്ണിയേട്ടൻ പറഞ്ഞു കഴിഞ്ഞു.. മറക്കാൻ വേണ്ടിയും കൂടിയാണത്രേ മനസ്സുള്ളത്.. മറക്കാൻ വേണ്ടിയാണെങ്കിൽ എന്തിനാ എന്നെ സ്നേഹിച്ചത്…പ്രണയം ചാലിച്ചു നിങ്ങളെഴുതിവിട്ട ഓരോ കാത്തുകളും വെറുമൊരു കടലാസ് തുണ്ടായിട്ടല്ല ഞാൻ വായിച്ചിരുന്നത്. നിങ്ങളുടെ ഹൃദയമാണവയൊക്കെയെന്നു ഞാൻ തെറ്റ് ധരിച്ചു…
എന്തേ ഇത്ര പെട്ടന്ന് വേണ്ടന്ന് തോന്നാൻ.. നിങ്ങടെ പഠിപ്പിനും ഉദ്യോഗത്തിനും ഞാൻ പോരാന്ന് തോന്നിയോ അതോ എന്നേക്കാൾ തൊലിവെളുത്ത വേറെ ആരെയെങ്കിലും കണ്ടുവച്ചിട്ടുണ്ടോ???അവളുടെ കവിളിൽഅവന്റെ കൈപ്പതിഞ്ഞു കഴിഞ്ഞിരുന്നു അപ്പോളേക്കും…
ആണെടി ഞാൻ അങ്ങനെ പലരെയും കണ്ടുവച്ചിട്ടുണ്ടാവും അതിന് ??… അതിന് നിനക്കെന്താ വേണ്ടത്… അല്ലെങ്കിൽ തന്നെ നിന്നെമാത്രം സ്വപ്നം കണ്ടിരിക്കാൻ നീയെന്താ വല്ല അപ്സരസ്സും ആണോ ?? പറഞ്ഞത് പറഞ്ഞു ഇനി ഒരു വാക്ക് നിന്റെ വായിൽ നിന്നും വന്നാൽ ചവിട്ടി പുറത്തിടും ഞാൻ…
സൗന്ദര്യദാമവും അപ്സരസ്സുമൊന്നും ആയിരിക്കില്ല ഉണ്ണിയേട്ടാ പക്ഷെ നിങ്ങളെ മാത്രം സ്നേഹിക്കുന്ന ഒരു മനസ്സുണ്ടായിരുന്നു എനിക്ക്.. അതിനെ തൃപ്തിപ്പെടുത്താൻ എനിക്കൊരു ഉത്തരം വേണമായിരുന്നു.. കിട്ടി… എനിക്ക് തൃപ്തിയായ്.. ഉണ്ണിയേട്ടന്റെ സങ്കൽപ്പത്തിലെ പെണ്ണിന് എന്നേക്കാൾ സൗന്ദര്യം ഉണ്ടായിരുന്നെങ്കിൽ എന്തിന എന്നെ മോഹിപ്പിച്ചത് ഉണ്ണിയേട്ടാ.. എന്തിനാ എന്നെ ഇഷ്ട്ടമാണെന്ന് പറഞ്ഞത്…
പറഞ്ഞു തീരുമ്പോഴേക്കും അവൾ തളർന്നു നിലത്തേക്കിരുന്നു പോയിരുന്നു.. പൊട്ടിക്കരഞ്ഞുകഴിഞ്ഞിരുന്നു… അവളെ പിടിച്ചുയർത്താനാഞ്ഞ അവന്റെ കൈകളെ അവൾ തട്ടിയെറിഞ്ഞു അവളുടെ കണ്ണുകൾ ചോരചുവപ്പണിഞ്ഞിരുന്നു… അവ അഗ്നിതുപ്പിതുടങ്ങിയിരുന്നു…വലിഞ്ഞു പിടഞ്ഞെഴുന്നേറ്റവൾ കൊടുങ്കാറ്റിന്റെ വേദനയിൽ ആ മുറിയിൽ നിന്നിറങ്ങി പോയിരുന്നു…സിമന്റ് തേച്ച തറയിൽ അവളുടെ കണ്ണുനീർ തളംകെട്ടിക്കിടക്കുന്നതവൻ
വേദനയോടെ നോക്കി നിന്നു…
Sorry ലക്ഷ്മി… നിന്റെ ഉണ്ണിയേട്ടൻ എന്നോ മരിച്ചുപോയിരിക്കുന്നു.. ഇത് വേദ് ജനാർദ്ദനൻ ആണ്.. ദൈവത്തിന്റെ വികൃതിയിൽ ജീവിതത്തിന് മുന്നിൽ പകച്ചു നിൽക്കുന്നവൻ.. ഒരേ രൂപവും ഭാവവും ഉള്ള ഉറ്റ സുഹൃത്തിന്റെ മരണവാർത്ത അറിയിക്കാൻ മേലുദ്യോഗസ്ഥരിൽ നിന്നും അനുവാദം വാങ്ങി വന്നവൻ.ഉണ്ണിയെന്നോട് ക്ഷമിക്കട്ടെ അവന്റെ പ്രാണനെ തല്ലി നോവിപ്പിച്ചതിനു… അവന്റെ പെണ്ണിന്റെ മനസ്സ് വേദനിപ്പിച്ചതിന്.. അവൾക്ക് സൗന്ദര്യം ഇല്ലന്ന് പറഞ്ഞതിന്..
നിന്റെ മുഖത്തുനോക്കിയത് പറയാൻ മാത്രം എനിക്ക് ധൈര്യമില്ല ലക്ഷ്മി ഒരുപക്ഷെ നീ തകർന്നു പോയേക്കാം.. എന്റെ ജീവിതം കൊടുത്തു മറ്റൊരാളുടെ ജീവൻ കൊണ്ടുവരാൻ ദൈവം ഒരു വരം തന്നിരുന്നെങ്കിൽ ഉറപ്പായും ഞാൻ നിനക്ക് നിന്റെ ഉണ്ണിയേട്ടനെ തിരികെ കൊണ്ട് തരുമായിരുന്നു… പക്ഷെ നിവർത്തിയില്ല പെണ്ണെ… ഞാനും നീയും മനുഷ്യരായിപ്പോയി.. ദൈവം ജീവിതം കൊണ്ടമ്മാനമാടുന്ന ഒരു ചെറിയകുട്ടിയും… അവന്റെ ഇച്ഛക്കനുസരിച്ചു നീങ്ങുകയല്ലാതെ നമുക്ക് മറ്റൊരു മാർഗമില്ല .. സത്യങ്ങൾ ഒക്കെ അറിയുമ്പോൾ നിനക്കെന്നോട് ക്ഷമിക്കാൻ സാധിക്കട്ടെ… അത് ഉൾക്കൊള്ളാൻ ദൈവം നിനക്ക് ശക്തിതരട്ടെ…
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
മോന് ബുദ്ധിമുട്ടായിലേ??? അറിയാം ന്റെ കുട്ടി വല്ലാണ്ട് ബുദ്ധിമുട്ടിക്കുന്നുണ്ടെന്നു പക്ഷെ ന്റെ കുട്ടിയുടെ സന്തോഷം തല്ലിക്കെടുത്തി അവൾ കാത്തിരിക്കുന്ന അവളുടെ ഉണ്ണിയേട്ടൻ ഇനി തിരിച്ചു വരില്ലെന്ന് പറയാനുള്ള ത്രാണി എനിക്കില്ല മോനെ എന്നോട് ക്ഷമിക്ക്…കണ്ണുകൾ കൈത്തലം കൊണ്ട്മൂടി കട്ടിലിൽ കിടക്കുകയായിരുന്നു വേദ് അവന്റെ കണ്ണുകൾ നിറഞ്ഞു തൂവിയിരുന്നു…അവൻ മെല്ലെ കയ്യുകൾ ഉയർത്തി അവരെ നോക്കി ചിരിക്കാൻ ശ്രമിച്ചു.. മെല്ലെ എഴുന്നേറ്റിരുന്നു…
ആ വീട്ടിൽ അവനാകെ ആശ്രയം എന്നുറപ്പിക്കാൻ പറ്റുന്ന രണ്ടേരണ്ടാളുകൾ അവന്റെ കട്ടിലിൽ ഇരുപ്പുറപ്പിച്ചിരുന്നു… ഒന്ന് ഉണ്ണിയുടെ അച്ഛനും മറ്റൊന്ന് അവന്റെ അമ്മാവനും..ഇല്ലച്ച…. നിങ്ങടെ ഈ സങ്കടത്തിനു മുൻപിൽ എന്റെ സങ്കടം ഒന്നുമല്ല എനിക്കറിയാം പക്ഷെ ഒന്നുമറിയാത്ത ഒരു പെൺകുട്ടിയെ ഇങ്ങനെ നോവിക്കേണ്ടി വരുന്നതിൽ എനിക്ക് സങ്കടം ഉണ്ട്…ഒരുപക്ഷെ എന്റെ ഈ പ്രവർത്തികൾ അവളിൽ എന്റെ ഉണ്ണിയെക്കുറിച്ച് വെറുപ്പ് ജനിപ്പിച്ചേക്കാം അവനെ ഒരു കൊള്ളരുതാത്തവൻ ആയി അവൾ സങ്കൽപ്പിച്ചേക്കാം… പക്ഷെ… അവളുടെ മുഖത്തുനോക്കി നീ കാത്തിരിക്കുന്ന ഉണ്ണി ഞാനല്ലാന്ന് പറയാൻ . അവനിനി വരില്ല എന്നുപറയാൻ എനിക്കാവില്ല …. കാരണം അവളുടെ കണ്ണുനിറയുമ്പോൾ ഉരുകിയിരുന്നത് എന്റെ ഉണ്ണിയുടെ ഹൃദയം ആണെന്ന് അറിയാവുന്നത് കൊണ്ടാണ് …
ഒരുപക്ഷെ ഔദ്യോഗികമായൊരു അറിയിക്കലിന് ശേഷം പോലും എന്നെ ഇങ്ങോട്ട് വരാൻ പ്രേരിപ്പിച്ചതും അതേ സ്നേഹം കൊണ്ട് തന്നെയാണ്… പട്ടാളക്യാമ്പിൽ ഒന്നിച്ചുകിടന്നു സ്വപ്നങ്ങൾ പറയുമ്പോൾ ആരുമില്ലാത്തവന്റെ മനസ്സിലേക്ക് സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്ന കുടുംബത്തിന്റെ കഥ പറഞ്ഞ എന്റെ ഉണ്ണിയുടെ കുടുംബത്തിനൊരാശ്രയം അത്രയേ കരുതിയിരുന്നുള്ളു…
പക്ഷെ രൂപം കൊണ്ടൊരേപോലെ ആയ എന്നെക്കണ്ടു ഉണ്ണിയുടമ്മ ഓടി വന്നെന്നെ കെട്ടിപ്പിടിക്കുമ്പോളും വയറു നിറയെ ആഹാരം വിളമ്പിതരുമ്പോളും എനിക്കറിയില്ലായിരുന്നു ഉണ്ണിപോയ വിവരം ഇവിടെ ആരെയും അറിയിച്ചിട്ടില്ല എന്ന്…
പിന്നീടച്ചൻ അവർക്കുമുൻപിൽ ഉണ്ണിയായി അഭിനയിക്കാൻ ആവശ്യപ്പെട്ടപ്പോളും മനസ്സിൽ എന്റെ ഉണ്ണിയുടെ മുഖം ആയിരുന്നു.. അല്ലെങ്കിൽ തന്നെ ആരുമില്ലാത്തവന് ഒത്തിരി സ്നേഹിക്കാൻ ആരെയൊക്കെയോ കിട്ടുമ്പോൾ വിട്ടുകളയുമോ ? അത്രയും ഞാനും ഉദ്ദേശിച്ചിരുന്നുള്ളു പക്ഷെ ലക്ഷ്മി എന്നെ തോൽപ്പിച്ചു കളയുന്നു.
മരണത്തിലേക്ക് പോകുന്നതിനു തൊട്ട് മൂൻപ് പോലും അവനെന്നോട് പറഞ്ഞത് എന്താണെന്നറിയാമോ ഞാൻ തിരിച്ചു വന്നിട്ട് നമുക്കൊരുമിച്ചൊരു യാത്രപോകണം എന്റെ നാട്ടിലേക്ക്…. ഒരേപോലെയുള്ള നമ്മളെ കാണിച്ചു ലച്ചുനെ ഞെട്ടിക്കണം.. അച്ഛനെയും അമ്മയെയും പേടിപ്പിക്കണം എന്നൊക്കെസ്വപ്നം കണ്ടിരുന്നതാണവൻ.. പക്ഷെ…
അവന്റെ പ്രിയപ്പെട്ടവർക്കുവേണ്ടി ഇത്രയെങ്കിലും ചെയ്യാൻ പറ്റുന്നുണ്ടല്ലോ എന്നത് സന്തോഷം തന്നെയാണ് പക്ഷെ ലക്ഷ്മിയുടെ മുൻപിൽ ഞാൻ തോറ്റുപോകുന്നു… ഉണ്ണിയുടെയും ലക്ഷ്മിയുടെയും പ്രണയത്തിനു മുന്നിൽ ഞാനൊന്നുമല്ലാതെ ആയിപ്പോകുന്നു… എത്രകാലം ഇങ്ങനെ പിടിച്ചു നിൽക്കാൻ ആകുമെന്നെനിക്കറിയില്ലച്ഛാ..
അറിയാം മോനെ നമുക്ക് നമ്മളാകുവാനെ സാധിക്കു.. രൂപത്തിനും വേഷത്തിനുമപ്പുറം ഓരോ മനുഷ്യനും അവനവന്റെ വ്യക്തിത്വമുണ്ട് ആഗ്രഹങ്ങൾ ഉണ്ട്.. സ്വഭാവങ്ങളുണ്ട്.. വസ്ത്രം മാറുന്ന ലാഘവതിൽ എടുത്തണിയാൻ പറ്റുന്ന ഒന്നല്ല അത് അറിയാം പക്ഷെ ഞങ്ങൾക്ക് നീ ഞങ്ങടെ ഉണ്ണി തന്നെയാണ്… അവൻ മരിച്ചിട്ടില്ല.. നിന്നിലൂടെയാണ് ഞങ്ങൾ ഉണ്ണിയെ കാണുന്നത്…മോനും അങ്ങനെ കാണണം ..ആരുമില്ലെന്ന് സങ്കടം പറഞ്ഞില്ലേ. ഞങ്ങളുടെ എല്ലാം എല്ലാമായി മോനിനി ഞങ്ങളോടൊപ്പം വേണം ഞങ്ങളുടെ ഉണ്ണിയായി…
മോൻ പറഞ്ഞതുപോലെ എത്രനാൾ ഈ കള്ളക്കളി കൊണ്ട് നടക്കാൻ പറ്റും എന്ന് ഞങ്ങൾക്കും ഒരൂഹവും ഇല്ല പക്ഷെ എല്ലാവരും എല്ലാം അറിയുന്ന ദിവസം വരെ നീ ഞങ്ങടെ ഉണ്ണിയായിട്ട് ഇവിടെ വേണം …മൂന്ന് ഹൃദയങ്ങൾ ഒരേപോലെ വേദനിച്ചു… അവരുടെ കണ്ണുകൾ സജലങ്ങളായി അവിടെ വേദനിക്കുന്ന ഹൃദയങ്ങളുടെ ഒരു സഖ്യം രൂപപ്പെട്ടു…
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
എന്തുപറ്റി മോനെ നീ ആഹാരം ഒന്നും കഴിക്കുന്നില്ലല്ലോ?? നിനക്കിഷ്ടമുള്ള ഭക്ഷണമല്ലേ ഇതൊക്കെ എന്തോ പറ്റിയിട്ടുണ്ട് ന്റെ കുട്ടിക്ക് അമ്പലത്തിൽ പോയെന്നു ചരട് ജപിച്ചു കെട്ടണം .പഴയ ഉത്സാഹം ഒന്നുമില്ല എപ്പോളും കിടപ്പുതന്നെ പഴയപോലെ അമ്മയോട് ഒന്ന് സംസാരിക്കുന്നുപോലും ഇല്ലല്ലോ നീ..
എന്താ പറ്റിയത് നിനക്ക്.. എന്തെങ്കിലും വിഷമം ഉണ്ടോ മോനെ?
ലച്ചൂട്ടിയും പറഞ്ഞു ഇപ്രാവശ്യം വന്നിട്ട് നീ അവളോടൊന്നും മിണ്ടുകപോലും ചെയ്തില്ല ന്ന് പാവം കുട്ടി വല്ലാത്ത സങ്കടം ആയിരുന്നു അതിന്…അല്ലെങ്കിൽ അവളുടെ പുറകെ നടന്നു വഴക്കുണ്ടാക്കിക്കൊണ്ടിരുന്ന കൊച്ചന ..ഇന്നലെ അവൾ വന്നിട്ട് അവളെ കരയിച്ചും വിട്ടു.എന്താ ഉണ്ണ്യേ നിനക്ക് പറ്റിയത് അമ്മയോട് പറ…രാവിലെ ആഹാരം കഴിക്കാൻ ഇരിക്കുകയായിരുന്നു വേദും ഉണ്ണീടെ അച്ഛനും അമ്മയുംകൂടി.
ഓഹ് നിന്നോട് പറഞ്ഞാൽ നീയിപ്പോ അത് പരിഹരിച്ചു കൊടുക്കും… അവൻ കൊച്ച് കുട്ടിയൊന്നുമല്ലല്ലോ ലളിതെ … പ്രധാനപ്പെട്ട ഒരു ചുമതലയിൽ ഇരിക്കുന്ന ആളല്ലേ അതിന്റേതായ പ്രശ്നങ്ങൾ അവനുണ്ടാകും… നീ ഇനി അത് കുത്തിപ്പൊക്കാനും ചരട് കെട്ടാനും ഒന്നും നടക്കേണ്ട …. അവടൊരു ചരട് കെട്ടൽ.. നീ കഴിക്കാൻ നോക്ക് മോനെ.
എന്തുപറയണമെന്നറിയാതെ സങ്കടപ്പെട്ടിരിക്കുന്ന വേദിനെ കണ്ടപ്പോൾ വിഷയം മാറ്റിവിടാൻ ശ്രമിച്ചുകൊണ്ട് വിശ്വനാഥൻ പറഞ്ഞു…ഓഹ്.. നിങ്ങളൊരു അച്ഛനും മോനും… ന്റെ കുഞ്ഞിന്റെ മുഖം വാടിയാൽ എനിക്കറിയാം അവനെന്തോ സങ്കടം ഉണ്ട് അതെനിക്കറിയാം…നിങ്ങളൊന്നു മിണ്ടാതിരിക്ക് മനുഷ്യ…
ലളിത ദേഷ്യത്തോടെ മുഖം വീർപ്പിച്ചു പറഞ്ഞു ..
അതും പറഞ്ഞു ലളിത തിരിഞ്ഞു നോക്കുമ്പോൾ കണ്ടത് സങ്കടപ്പെട്ടുകൊണ്ട് വാതുക്കൽ നിൽക്കുന്ന ലക്ഷ്മിയെ ആണ് ….അവളുടെ കോലം കണ്ടവർക്ക് സങ്കടം തോന്നി… ഇന്നലെ വരെ കളിച്ചു ചിരിച്ചു നടന്ന പെണ്ണ് ഇന്നിതാ കരഞ്ഞുതളർന്ന മുഖവുമായി വാടിയ ചേമ്പിൻ തണ്ട് കണക്കെ നിൽക്കുന്നു..
ആരാ ഇത് അപ്പച്ചിടെ ലച്ചൂട്ടിയോ?? മോളെന്ത അവിടെ തന്നെ നിന്നുകളഞ്ഞത്….ലളിത വാത്സല്യത്തോടെ ചോദിച്ചു..അനുവാദമില്ലാത്തിടങ്ങളിൽ അതിക്രമിച്ചു കടക്കാൻ ശ്രമിക്കരുത് അപ്പച്ചി.. നാളെ നമ്മൾ മറ്റുള്ളവർക്ക് ഒരു ശല്യമാണെന്ന് പറയുമ്പോൾ കേട്ട് നിൽക്കാൻ കഴിഞ്ഞെന്നു വരില്ല..
ഇതാ പായസം ആണ് അമ്മ ഉണ്ടാക്കിയതാ.. എല്ലാപ്രാവശ്യവും അവിടെ വന്നു വഴക്കുണ്ടാക്കി പായസം വച്ചു കുടിക്കുന്ന ആളെ ഇപ്രാവശ്യം വന്നിട്ട് അങ്ങോട്ട് കാണാത്തത് കൊണ്ട് അമ്മ തന്നുവിട്ടതാ….നമ്മുടെ സ്നേഹം ഒക്കെ ഇപ്പൊ ആൾക്ക് ബുദ്ധിമുട്ട് ആണെന്ന് അമ്മയോട് പറഞ്ഞിട്ട് സമ്മതിക്കുന്നില്ല.. ഇഷ്ട്ടമാണെങ്കിൽ കൊടുത്തേക്ക്… അതും പറഞ്ഞു പാത്രം വാതുക്കൽ വച്ച ശേഷം അവൾ അവിടെ നിന്നിറങ്ങിയോടി..
തുടരും…

by