23/04/2026

സ്പന്ദനം : ഭാഗം 26

രചന : ഗായത്രി സുരേന്ദ്രൻ

അവൾ വീണ്ടും സ്കൂളിൽ പോയിതുടങ്ങി.രാവിലെയും വൈകിട്ടും വിശ്വനാഥ് അവളെ സ്കൂളിൽ എത്തിക്കുന്നത് അവൾ പലവട്ടം എതിർത്തിട്ടും അവനതു കാര്യമാക്കാറില്ല.അവളുടെ കൂർത്ത നോട്ടങ്ങൾക്കു അവനിൽ നിന്നും മറുപടി ഒരു നേർത്ത പുഞ്ചിരിയോ ഗൗവരവമാർന്ന നോട്ടമോ മാത്രം ആയിരുന്നു.അതൊക്കെ കാണുമ്പോൾ ഇടക്കു മനസ്സൊന്നു പതറുമെങ്കിലും അവന്റെ മനസ്സിന്നും മറ്റൊരുവളിൽ തടഞ്ഞു നിൽക്കയാണ് എന്ന ബോധം അവളുടെഉള്ളിൽമുന്നറിയിപ്പുനൽകിക്കൊണ്ടിരിക്കും…..

മുൻപ് ഒരു വട്ടം ആഗ്രഹിച്ചു വേദനിച്ചതാണ്….
ഇനിയും അതു വയ്യ……അവളുറച്ചു തീരുമാനിച്ചു….അവളുടെ ദിനചര്യകളിൽ അവന്റെ കടന്നു കയറ്റം കുറച്ചധികം അവളെ അലോസരപ്പെടുത്തി തുടങ്ങി.ആറു മണിക്ക് എഴുന്നേൽക്കണം. കുറേയേറെ വെള്ളം കുടിച്ചിരിക്കണം. അൽപം മെഡിറ്റേഷൻ. കുറച്ചു വ്യായാമവും നടത്തവും.അത് നിർബന്ധം ആയിട്ട് ചെയ്യിക്കും. എത്ര പിറുപിറുത്താലും വഴക്കു പറഞ്ഞാലും ആൾ കൂസലാക്കുകയില്ല….പഴയ കർശനക്കാരനായ മനുഷ്യനിൽ നിന്ന് ഇത്രയധികം ആൾ മാറിപ്പോയതിൽ അവൾക്ക് ഒട്ടധികം സംശയമാണ്.

തന്നോടുള്ള പ്രണയം നിമിത്തം അല്ലെന്നു നിശ്ചയം.
എങ്കിലും…….ഒരുവേള ഇതെല്ലാം തന്റെ ജീവിതത്തിലുടനീളം ആഗ്രഹിച്ചു പോകുമോ എന്ന പേടി ഉള്ളിൽ നിന്നും വേവുകയാണ്…..രാവിലത്തെ കാട്ടിക്കൂട്ടുന്ന ക്ക് ശേഷം ഒരു വിധം രക്ഷപ്പെട്ടു അടുക്കളയിൽ എത്തുമെങ്കിലും അപ്പോഴേക്കും പ്രാതലെല്ലാം കാലായിട്ടുണ്ടാകും.എങ്കിലും വെറുതേ ഇരുന്നു മേലനങ്ങാതെ കഴിക്കാൻ മനസ്സ് വരില്ല.
അതുകൊണ്ട് അമ്മ വേണ്ടായെന്ന് ഒത്തിരി പറയുമെങ്കിലും എന്തെങ്കിലും തന്നാലാവുന്നതൊക്കെ ചെയ്തു തീർത്തു വയ്ക്കും.

അമ്മയും മകനും ഒരുമിച്ചാണ് ഭക്ഷണം കഴിക്കാൻ ഇരിക്കാറ്. അതിനൊപ്പം ഇരിക്കാൻ ഒരിക്കലും മനസ്സ് വരില്ല.തന്നെ കണ്ടാൽ പിടിച്ചു ഇരുത്തും എന്ന് അറിയാവുന്നതു കൊണ്ട് ആ സമയത്ത് കുളിയും തേവാരവും നടത്താനായി മുങ്ങും.അതും കഴിഞ്ഞു ഒറ്റയ്ക്കു അടുക്കള വശത്തു നിന്നു തന്നെ ഇരുന്നു ഭക്ഷണം കഴിക്കും.ദേഹം അവിടെ ഇരുന്നു കഴിക്കുന്നെന്നേ ഉള്ളൂ…ദേഹി തന്റെ കൊച്ചു വീട്ടിൽ അച്ഛനും പാറുവിനും ഒപ്പം വാതോരാതെ സംസാരിച്ചു കൊണ്ട് എന്തൊക്കെയോ കൊത്തിപ്പെറുക്കി കഴിക്കുകയാണെന്ന് തോന്നും.

ഏകദേശം കാര്യങ്ങളെല്ലാം കഴിയുമ്പോഴേക്ക് വരാന്തയിൽ നിന്ന് ആളുടെ ഉച്ചത്തിലുള്ള വിളി കേൾക്കാം. സ്കൂളിലേക്ക് ഇറങ്ങാനുള്ള വിളിയാണ്….എത്ര തവണ താൻ മടുപ്പ് കാണിച്ചിട്ടും അനിഷ്ടംകാണിച്ചിട്ടുംവിളിച്ചുകൊണ്ടേയിരിക്കും…..സഹികെട്ട് ഓടിപ്പിടഞ്ഞു പോയി കാറിൽ കയറും.
യാത്രയിലുടനീളം കുറേയേറെ ഉപദേശങ്ങൾ പതിവാണ്.ആരോഗ്യം, ഭക്ഷണം, അധ്യാപനം…..
കാർ റോഡിലേക്ക് കയറിയാൽ ഗ്ലാസിനു പുറത്തേ വഴിക്കാഴ്ചകളിലേക്ക് മനസ്സിനെ പിടിച്ചു വച്ചു ഉപദേശം ചെവിക്കൊള്ളാതെ ആണ് അൽപമെങ്കിലും പ്രതികാരം ചെയ്യുന്നത്.

സ്കൂൾ പഴയതു പോലെ തന്നെ എന്നും ബഹളമയമാണ്…കുട്ടികളുടെ കുറുമ്പുകൾ അതിരിവിടുമ്പോൾ ശാസിക്കുമെങ്കിലും ഉള്ളം ആ കുറുമ്പുകളിൽ സന്തോഷം കണ്ടെത്തും…വൈകീട്ട് ഓഫീസിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് ഒറ്റയ്ക്കു പോകാൻ ആൾ സമ്മതിക്കാറില്ല.വരും വരെ കാത്തു നിൽക്കണം എന്നാണ് ഉത്തരവ്ഒരുതവണ അതു ഗൗനിക്കാതെ തനിയെ പോയതിനു പറയാത്ത വഴക്കില്ലായിരുന്നു.പഠിക്കുന്ന കാലം തൊട്ടുള്ള തന്റെ അനുസരണക്കേടുകളുടെ ഓർമ്മപ്പെടുത്തലായിരുന്നു അന്ന്.

അതോടെ അതും മതിയായി……അർഹിച്ചതിലും ആഗ്രഹിച്ചതിലും പരിചരണവും താങ്ങും തണലും ലഭിച്ചിട്ടും മനസ്സ് ഇന്നും തിരയൊടുങ്ങാത്ത സമുദ്രം കണക്കു പ്രക്ഷുബ്ധമാണ്…..ആഗ്രഹിച്ചത് ഒന്നും തന്നെ ആയിരുന്നില്ല ജീവിതം. ഇവിടെ ഈ ചെറിയ കാലയളവിലെ സന്തോഷവും ജീവിതവും ഒരുനാൾ അസ്തമിക്കുക തന്നെ ചെയ്യും.തന്റെ ഉള്ളിന്നുള്ളിൽ മൊട്ടിട്ട ജീവനെ അറുത്തെടുത്തു നൽകും വരേയ്ക്കും മാത്രമുള്ള ഔദാര്യം…!എന്തിനാണ് ജീവിതം എന്ന് അറിയാതെ ഓരോ രാവും അവൾ ഉരുകിയൊലിച്ചു…ഇടയ്ക്കെപ്പൊഴോ വിശ്വനാഥിന്റെ സംസാരങ്ങളിൽ സാമീപ്യത്തിൽ പരിചരണത്തിൽ ഒക്കെയും മനസ്സിടറവേ അവൾ നൂറിരട്ടി സ്വന്തം നോവു തിന്നു….

വിലക്കപ്പെട്ട കനി പോലെയാകുന്നു അയാളുടെ പ്രണയം…..തനിക്ക് അർഹതപ്പെടാത്ത ഒന്ന്…..
അവളുടെ ഉള്ളിൽ എന്നും സംശയം നിറഞ്ഞു നൂറായിരം ചോദ്യങ്ങൾ അവശേഷിച്ചത് അവന്റെ പെരുമാറ്റത്തിന്റെ പൊരുളറിയാനായിരുന്നു….
പ്രണയം കവിഞ്ഞൊഴുകുന്ന കണ്ണുകളല്ല പകരം മറ്റൊരു ഭാവമാണ് ആ കണ്ണുകളിൽ തനിക്കായ് വിടരുന്നത്.അത് ഏതു വിധത്തിൽ വേണമെങ്കിലും മനസ്സ് കൊണ്ടു കാണാനാകും….ചിലപ്പോൾ അത് വാത്സല്യമാകുന്നു ചിലപ്പോൾ കരുതൽ ചിലപ്പോൾ പ്രണയം, കാർക്കശ്യം, വേദന, വൈകാരികത…..

എല്ലാം ഒരു കണ്ണിൽ ഒരേ ഭാവത്തിൽ മാറിമറിയുന്നു…..ചിലപ്പോൾ അച്ഛനെപ്പോലെ ഏട്ടനെപ്പോലെ സുഹൃത്തിനെപ്പോലെ…..
ചിലപ്പോഴെങ്കിലും അതിൽ ഒരു കമിതാവിന്റെ ചേഷ്ടകൾ കടന്നു വന്നിരുന്നുവോ????അവൾക്കതു അജ്ഞാതമായിരുന്നു….കാലം ആർക്കുവേണ്ടിയും കാത്തിരുന്നില്ല അത് വീണ്ടും അതിൻറെതായ പ്രയാണത്തിന് ഭംഗം വരുത്തിയിരുന്നില്ല.ഇടയ്ക്കെപ്പൊഴോ പഴയ ഓർമ്മകളുടെ മുറിവുകൾ മായ്ക്കാനെന്നോണം അവൾ ആ കുഞ്ഞിനോട് സംസാരിച്ചു തുടങ്ങി.
തന്റെതെന്ന് ഇനി പറയാനുള്ളത് ഇതു മാത്രമാണെന്നു തോന്നി…..

പക്ഷേ അതിനു മേൽ പോലും ഒരു അവകാശമില്ലാത്ത ഹതഭാഗ്യയായിപ്പോയി താൻ.
ഇടയ്ക്കൊക്കെ അവളെന്തൊക്കെയോ കുത്തിക്കുറിക്കും ആ കുഞ്ഞിനെ വായിച്ചു കേൾപ്പിച്ചു കൊടുക്കും.ചിരിക്കും,കൊഞ്ചിക്കും….അവളറിയാതെ തന്നെ അവളുടെ മനസ്സ് ഒരമ്മയാവാൻ പ്രാപ്തയായി തുടങ്ങിയിരുന്നു.ഹൃദയം ആ കുഞ്ഞിന്റെ സ്പർശങ്ങൾക്കായ് മിടിച്ചു തുടങ്ങിയിരുന്നു….ഒത്തിരി വട്ടം വഴക്ക് കൂടി വഴക്ക് കൂടി അവസാനം അവൾ അവന്റെ വാക്കുകൾക്ക് മുന്നിൽ തോൽവി സമ്മതിച്ചിരുന്നു.
എപ്പോഴും അനിഷ്ടം കാണിക്കയില്ല പകരം ചെറിയ സൗഹൃദം മതിയെന്നു തോന്നി.

അല്ലെങ്കിൽ തന്നെ അയാൾ എന്ത് തെറ്റാണു തന്നോടു ചെയ്തത്???അയാളുടെ കുഞ്ഞിനെ ഉദരത്തിൽ വഹിക്കുന്നതിനുള്ള പ്രതിഫലം നൽകി. ആരോരുമില്ലാതെ ഇരുട്ടിൽ ആയപ്പോൾ കൈപിടിച്ചുയർത്തി…തണലേകി….ഒരു അമ്മയെ കുറഞ്ഞ കാലയളവിലേക്കാണെങ്കിലും കൂട്ടായി സമ്മാനിച്ചു.കുഞ്ഞിനൊപ്പം തന്റെ ആരോഗ്യവും പരിപാലിച്ചു.രണ്ടാമതു ജോലി ചെയ്യാൻ പ്രേരിപ്പിച്ചു.
സ്വന്തം കാലിൽ നിൽക്കാൻ പഠിപ്പിച്ചു.
സുരക്ഷിതയാക്കി……ഇത്രയധികം കാരുണ്യം ചൊരിഞ്ഞിട്ടും എന്തിൻറെ പേരിലാണ് അനിഷ്ടം കാട്ടേണ്ടത്??

ഒരുമിച്ചു ജീവിക്കണം എന്ന ആശ ഒന്നും ഇല്ല. പക്ഷേ എന്തോ ഒരു വേദന ഉണ്ട്.പക്ഷേ ഇന്നുവരെ താൻ കടന്നു വന്ന കനൻ വഴികളെ വച്ചു നോക്കുമ്പോൾ അതൊക്കെനിസ്സാരമാണ്…..എങ്കിൽ പിന്നെ സൗഹൃദം ആണ് ഏറ്റവും നല്ലത് എന്ന് തോന്നി.പതിയെ പതിയെ സംസാരിച്ചു തുടങ്ങി.
അവന്റെ വാക്കുകൾക്കു വില കൽപ്പിച്ചു തുടങ്ങി.
വൈകീട്ടു ഭക്ഷണത്തിനു ശേഷം ആകാശത്തെ നോക്കിയിരുന്ന നേരങ്ങളിൽ പരസ്പരം കാണുമ്പോൾ ചെറിയ മന്ദസ്മിതം തിരിച്ചു നൽകിത്തുടങ്ങി.ഒരു ദിവസം സായം സന്ധ്യയിലെ ഇടവേളകളിൽ അവൻ അവൾക്കൊപ്പം ചേർന്നു അൽപം എന്തൊക്കെയോ അവനെപ്പറ്റിയും ആ വീടിനെപ്പറ്റിയും പറഞ്ഞു ഇരുന്നു….

പിന്നീടെന്നും അതൊരു പതിവായി…രണ്ടു മിനിറ്റിൽ തീരുന്ന സംഭാഷണങ്ങളിൽ അവൾ നല്ലൊരു കേൾവിക്കാരി ആയതിൽപ്പിന്നെ അവന്റെ സംസാരത്തിന്റെ ദൈർഘ്യവും കൂടിത്തുടങ്ങി.
കുറേയധികം കഥകൾ പറഞ്ഞു തന്നു. ആളുടെ കുട്ടിക്കാലവും കോളേജും പഠനവും പ്രണയവും അങ്ങനെ എന്തൊക്കെയോ……ഇടയ്ക്കൊക്കെ അമ്മയും കഥപറച്ചിലിനു കൂടെ കൂടും…ആളുടെ കുസൃതിത്തരങ്ങളും അടിപിടിയും ഒക്കെ ആണ് അമ്മയ്ക്ക് പറയാനുണ്ടാകുക..അതൊക്കെ കേട്ടു വിശ്വാസം വരില്ല ഈ മനുഷ്യനാണ് എന്ന് പറയുന്ന കഥകളിൽഉള്ളതെന്ന്…പക്വതയുടെപുറംചട്ടയണിഞ്ഞ് നിൽക്കുന്ന ഈ മനുഷ്യന്റെ ഉള്ളിൽ മുൻകോപിയും കുറുമ്പു നിറഞ്ഞ ചിരിയോടെയും ഉള്ള ഒരു ഊർജ്ജസ്വലനായ യുവാവ് നിദ്രപൂകിയിരിപ്പുണ്ടെന്ന് അവൾക്ക് തോന്നി…

ആ പഴയ ആളെ ഏതുവിധേനയും പുറത്തു കൊണ്ടു വരണമെന്ന് അവൾ ആഗ്രഹിച്ചു.ഒരോ കാര്യങ്ങളിലും ഒരു സുഹൃത്തിനെപ്പോലെ കാണാൻ ആയിരുന്നു ആദ്യം ശ്രമിച്ചത്. അത് ഏറെക്കുറെ വിജയിച്ചു.
ആൾമനസ്സുതുറന്നുസംസാരിച്ചുതുടങ്ങി…ഇടയ്ക്കെപ്പോഴോ ചെറിയ ചില കളിയാക്കലുകളിലൂടെ അവൾ അവന്റെ ദേഷ്യത്തെ പുറത്തെത്തിക്കാൻ ശ്രമിച്ചു…അവന്റെ ചുണ്ടുകളിൽ അതിനു മറുപടി ആയി വിരിഞ്ഞത് നേർത്ത പുഞ്ചിരി ആയിരുന്നു.കാലം ഓടിക്കൊണ്ടിരുന്നതിനാൽ അവളുടെ ആ ഗർഭകാലവും പൂർണ്ണതയിലേക്ക് എത്തിക്കൊണ്ടിരുന്നു…..

മാസാമാസമുള്ള സ്കാനിംഗിൽ ഒരിക്കൽ ആണ് അറിയുന്നത് ഉള്ളിൽ തൊട്ടു വിരിയാൻ തുടങ്ങുന്നത് ഒന്നല്ല രണ്ടു പൂമൊട്ടുകൾ ആണെന്ന്…..സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു.
രണ്ടു കുഞ്ഞു ജീവനുകൾ തുടിക്കുകയാണ് തന്നോടൊപ്പം…തന്റെ ചൂടു പറ്റി…തന്റെ ഹൃദയമിടിപ്പിനൊപ്പം….രണ്ടു പിഞ്ചിളം ചുണ്ടുകളിൽ പാൽ ചുരത്താനുള്ള അവകാശം….രണ്ടു കുഞ്ഞു സ്വരങ്ങളാൽ അമ്മേയെന്നു കേൾക്കാൻ കഴിയുന്നതിന്റെ ആനന്ദം….അവളിൽ പ്രതീക്ഷയുടെ പൂമൊട്ടുകൾ പൊട്ടിവിടർന്നു മനസ്സാകെ സൗരഭ്യം നിറച്ചു.

ആനന്ദത്തിന്റെ ലഹരി ഒന്നടങ്ങിയപ്പോഴാണ് മനസ് ഉണർന്നു പ്രവർത്തിച്ചത്…ഈ രണ്ടു ജീവനുകൾക്ക് അവകാശി താനല്ലല്ലോ…വിലകൊടുത്തു വാങ്ങിയ ഒരു വാടക വീട് മാത്രമാണ് താൻ എന്ന യാഥാർത്ഥ്യം അവളിൽ കൈപ്പുനീർ പടർത്തി…എങ്ങനെ തനിക്കു വിട്ടുകൊടുക്കാൻ ആകും??!!!ഇന്നിപ്പോൾ രണ്ടു തുടിപ്പുകൾ ഉണ്ടെന്നറിയവേ….മാതൃത്വം അതിന്റെ ഉച്ചസ്ഥായിയിൽ തന്നിൽ മിടിക്കുന്നു.ഉദരത്തിൽ നിന്നും ലഭിക്കുന്ന ഓരോ സ്പന്ദനവും തന്നെ ജീവിക്കാൻ ഒരു ആശ നൽകുന്നവയാണ്….ആ സ്പന്ദനങ്ങളിൽ ഞാനൊരു മനോഹരസ്വപ്നം നെയ്തെടുക്കയാണ്….

ഒരിക്കലുംവിട്ടുപോകാനാകാത്തമയാമരീചിക…….അവൾക്കുള്ളിൽ മനസ്സും മനസ്സാക്ഷിയും തമ്മിൽ യുദ്ധം തന്നെ നടന്നു.അവസാനം അവൾക്ക് അവനോട് എന്തെങ്കിലും ചോദിക്കാതെ വയ്യ എന്ന് തോന്നി….അവസാനമായ് എന്നിലെ ഞാൻ മരിച്ചു വീഴും മുന്നേ ആത്മാർത്ഥമായി ഞാനൊന്നാർത്തലച്ചു പെയ്യട്ടെ….ജീവിതത്തിനും മരണത്തിനും ഇടയ്ക്ക് എങ്ങോട്ടാണ് വിധിയുടെ ദിശയെന്ന് ഇന്നു കൊണ്ടു തീർപ്പു വരുത്തണം.ഉറച്ച കാലടികളോടെ അവൾ അവന്റെ മുറിയിലേക്ക് നടന്നു.മുറിയിൽ ഒരു ഭാഗത്ത് ജനാലയ്ക്കരികിൽ എന്തൊക്കെയോ ചില ചെടികൾ നട്ടു പടർത്തുകയാണ്…

അതിന്റെ ഇലയും തണ്ടും എല്ലാം പരിശോധിച്ചു കേടൊന്നും ഇല്ലെന്ന് നോക്കുകയാണെന്ന് തോന്നി.
“സർ…”എങ്ങനെ തുടങ്ങണമെന്ന് അവൾക്കൊരു രൂപവുമില്ലായിരുന്നു….”എന്താടോ.. എന്തേലും പ്രശ്നം ഉണ്ടോ??”””അത്….. എനിക്കൊരു കാര്യം പറയാൻ ഉണ്ടായിരുന്നു…””താനെന്തിനാ ഇങ്ങനെ വളച്ചു കെട്ടുന്നേ എന്താച്ചാൽ പറയ്…പിന്നെ ഞാൻ ഇവിടെ കൊണ്ട് വച്ച പിച്ചിപ്പൂക്കൾ നല്ല രസം ഇല്ലേ??
ഇന്നു കോളേജിൽ നിന്നും വരും വഴി കണ്ടപ്പോ തൈ മേടിച്ചതാ…ഇവിടെ ഇരുന്നാൽ നല്ല സുഗന്ധം ആയിരിക്കും പുലർകാലത്ത് മൊട്ടുകൾ വിരിയുമ്പോ….”

“ഓഹ്..നന്നായിട്ടുണ്ട്….പക്ഷേ ഇത്…
കുറേയധികം എന്തൊക്കെയോ പൊടികൾ ഇട്ടായിരിക്കും വഴിയോരത്ത് നിറയെ പൂക്കൾ വിരിയിച്ചുനിർത്തിയാത്രക്കാരെആകർഷിക്കുന്നത്…നമ്മുടെ മണ്ണിൽ അവ വളർന്നാലും തൈച്ചെടി ആയിരുന്നപ്പോൾ ഇട്ട രാസവസ്തുക്കൾ ഇതിനെ അതിന്റെ യാഥാർത്ഥ്യത്തിൽ നിന്ന് മാറ്റും…പൂക്കൾ വിരിഞ്ഞു നിൽക്കും, പക്ഷേ കറുത്ത മണ്ണിൽ മഴയിൽ നനഞ്ഞ് ചാണകപ്പൊടി കലർന്ന മണ്ണിട്ട് വെയിലിന്റെ ഊഷ്മളതയേറ്റു വളർന്ന ചെടിയിൽ വിരിയുന്ന പൂക്കൾ എണ്ണത്തിൽ കുറവെങ്കിലും മനംമയക്കുന്ന സൗരഭ്യം പരത്തും…

വാടി വീണാൽ പോലും ആ മണ്ണിൽ സൗരഭ്യം തങ്ങി നിൽക്കും….വീട്ടിലുണ്ട് പാരിജാത മരത്തിൽ പടർത്തിയ മുല്ല വള്ളികളും ഒതുക്കു കല്ലിനടുത്തെ നന്ദ്യാർവട്ടപ്പൂക്കളോടു ചേർന്ന് പിച്ചകത്തൈകളും….”
“ആഹാ….ഇതറിഞ്ഞിരുന്നെങ്കിൽ ഇത് വാങ്ങേണ്ടായിരുന്നൂ…നമുക്ക് അവിടം വരെ പോയി കുറച്ചു പൂക്കളുടെ തൈകൾ കൊണ്ടു വരാമായിരുന്നു…””പക്ഷേ…….

മണ്ണിൽ നിന്നും വേരറ്റു പോരുന്ന തൈകൾ മറ്റൊരു മണ്ണിൽ തളിരിടുമോയെന്നെനിക്ക് അറിയില്ല…
അതിന്റെ ഇടം നഷ്ടപ്പെട്ടാൽ പുതിയ സാഹചര്യം പിടിക്കാതെ അതു ഇലകൾ കൊഴിച്ചു വാടും….”
ഏതോ ഓർമ്മയിൽ എങ്ങോട്ടോ മിഴികൾ നട്ടായിരുന്നു അവളാവാചകംപറഞ്ഞുപൂർത്തിയാക്കിയത്….”ആഹാ….അങ്ങനെയാണോ…..വേരറ്റ ചില ചെടികൾക്ക് വീണ്ടും വേരു കിളിർക്കും, മണ്ണിന്റെ സ്പന്ദനം പോലെ മഴ പെയ്താൽ….

ആ കുളിരുള്ളിൽ നിറയവേ വേവുന്ന നോവിന്റെ അഗ്നി കെടുത്തവേ ചില നഷ്ടങ്ങൾ മണ്ണിലലിഞ്ഞു ചേർന്നു മായും…പുതിയ പുലരി വിടരുമ്പോൾ നറുവെയിൽ നുകർന്നു അത് വേരുറപ്പിക്കും…
ഇളം മുകുളങ്ങൾ നാമ്പിടും മൊട്ടുകൾ പതിയെ വിടർന്നു പഴയതിലും സൗരഭ്യത്തോടെ പുലരിയെ വരവേൽക്കും……..”ഒരു ചെറു പുഞ്ചിരിയോടെ അവൾക്കു നേരെ പുഞ്ചിരി തൂകി അവനതു പറഞ്ഞു നിർത്തവേ അവന്റെ കണ്ണുകളിൽ അവൾക്കു ഇന്നേ വരെ പരിചിതമല്ലാത്ത സൗമ്യഭാവം നിറഞ്ഞിരുന്നു…….

……തുടരും……….

(NB: ജീവിച്ചിരിക്കുന്നവരായോ മരിച്ചവരുമായോ ഈ കഥയ്ക്ക് യാതൊരു ബന്ധവുമില്ല. കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രമാണ്.)