രചന : റിസ്വാന
തന്റെ പ്രണയിതൻ ഇൗ ലോകം വിട്ട് പോയതറിഞ്, പ്രണയത്തെ വരിക്കാനായി കൂടെ പോയവൾ.. പ്രണയമെന്ന സാഗരത്തിൽ വർണിച്ചാലും മതിവരാത്ത അഗാധ പ്രണയത്തിൻ ഉടമ..പ്രണയിക്കുക ആണെങ്കിൽ അവരെ പോലെ പ്രണയിക്കണം.. അവരെ കാണാൻ എങ്ങനെ ആയിരുന്നു ആവോ.. ഉമ്മാമ്മ പറയുന്നത് പോലെ ആണെങ്കിൽ ഞാൻ അവരുടെ പോലെ തന്നെ ആണ്.. ശരിക്കും ഞാൻ അവരെ പോലെ ആണോ.. എന്നിലും അത്പോലെ ഒരു പ്രണയ ശക്തി ഉണ്ടാകുമോ..
അവരെ കുറിച് അറിയാൻ ഇപ്പൊ എന്താ ഒരു മാർഗം., അവരുടെ ഒരു ഫോട്ടോയും കാണണമല്ലോ.. എന്ത് ചെയ്യും..? എന്നെല്ലാം മനസ്സിൽ ആലോചിച്ചു നിൽക്കുമ്പോൾ ആണ്, ഉമ്മമ്മാനെ കൂട്ട് പിടിക്കുന്ന കാര്യം ആലോചിച്ചത്
തോടിയിലൂടെ നടന്ന ക്ഷീണം അകറ്റാൻ വേണ്ടി കിടന്ന ഉമ്മമ്മയെ പറ്റിപ്പിടിച്ച് കിടന്ന് തന്റെ ആഗമനം അറിയിച്ചു… “എന്തെ… പതിവില്ലാതെ ഒരു കെട്ടിപ്പിടുത്തം””ഒന്നുല്ല.. വെറുതെ..””എന്നാലും പറയ്..”
“കാര്യം കാണാൻ സോപ്പിടലും മറ്റും എനിക്കില്ല എന്നറിയാലോ.. ഉള്ള കാര്യം ഉള്ളത് പോലെ ചോദിക്കും.. പറയാൻ പറ്റുമെങ്കിൽ പറയണം.. പറ്റുമോ..”ഇയ് ഇന്റെ കുട്ടിയല്ലേ.. നീ ചോദിച്ചാൽ ഞാൻ എന്തേലും പറഞ്ഞ് തരാതിരിക്കുമോ..”
“എങ്കിൽ ഞാൻ ചോദിക്കാണേ..””ഇയ് ധൈര്യായിട്ട് ചോയ്ക്ക്..””എനിക്ക് സുഹ്റമ്മായിയെ കുറിച്ച് അറിയണം.. പിന്നെ ഒരു ഫോട്ടോയും കാണണം..”ഒന്നും ഒളിക്കാതെ, എടുത്തടിച്ച പോലെയുള്ള അവളുടെ ചോദ്യത്തിൽ നബീസുമ്മ ആദ്യമൊന്ന് പതറി.. പിന്നെ തന്റെ ഓമന പുത്രിയെ കുറിച്ച് വാചാലയായി..
മൂത്ത മകളെ കുറിച്ച് പറയുമ്പോൾ ഉമ്മാമ്മയുടെ വാർദ്ധക്യം എങ്ങോ പോയ് മറഞ്ഞു.. അതിനിടയിൽ തന്റെ സാധങ്ങൾ വച്ചിട്ടുള്ള അലമാര തുറന്ന്, തേക്ക് കൊണ്ടുണ്ടാക്കിയ ഒരു സാമാന്യം വലിപ്പമുള്ള ഒരു പെട്ടിയെടുത്തു, അതിൽ നിറയെ ഉമ്മമ്മയുടെ ആഭരണങ്ങളാണ്, അതിന്റെ ഒരു സൈഡിൽ ആയി ഒരു ചുവന്ന പട്ടിൽ പൊതിഞ്ഞ എന്തോ ഒന്ന്, ഉമ്മമ്മ എടുക്കുന്നത് കണ്ടു, അതുമായി അടുത്തേക്ക് വന്നപ്പോ ചന്ദനത്തിന്റെ ഗന്ധം അനുഭവപ്പെട്ടു,
ഉമ്മമ്മ അവളുടെ അടുത്തിരുന്ന് ആ പട്ടിന്റെ കെട്ട് അഴിക്കാൻ തുടങ്ങി, അത് അഴിക്കുംതോറും ചന്ദനത്തിന്റെ ഗന്ധവും ശക്തിയേറി വന്നു.. ചന്ദനത്തിന്റെ കാതലിൽ തീർത്ത ഒരു ചെറിയ പെട്ടി ആണത്..
ആ പെട്ടി തുറക്കുമ്പോൾ ഇരഞ്ഞി പൂവിന്റെ ഗന്ധം ചുറ്റിലും അലയടിച്ചു.. ചന്ദനത്തിന്റെയും ഇരഞ്ഞിയുടേയും ഗന്ധം, നിറങ്ങൾ മങ്ങി തുടങ്ങിയ ജീവിതം ജീവിച്ച് തീർക്കാൻ പ്രയാസപ്പെടുന്ന ആ വൃദ്ധയുടെ മുറിയിൽ അലയടിച്ചു കൊണ്ട് പൊൻവസന്തങ്ങൾ തീർത്തുകൊണ്ടിരുന്നു,ഇരഞ്ഞി പൂവിന്റെ ഗന്ധമുള്ള ഒരു അത്തറിൻ കുപ്പിയും വെള്ളികൊലുസും ജിമിക്കി കമ്മലും കാൽതളയും അങ്ങനെ പലതരത്തിലുള്ള പഴക്കം ചെന്ന കുറച്ച് ആഭരങ്ങളും അതിലുണ്ടായിരുന്നു..
നിറംമങ്ങി, കേട്പാടുകൾ വന്ന്തുടങ്ങിയ ഫ്രെയിം ചെയ്ത കുറച്ച് ഫോട്ടോകൾ ഫസീലക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു..,”ഇത് അവസാനമായി എടുത്ത അവളുടെ ഫോട്ടോ കൾ ആണ്.. അന്ന് നിന്റെ ഇൗ പ്രായം പോലും ഇല്ല അവൾക്ക്, നോക്ക് എങ്ങനെ ഉണ്ട് എന്ന്..”വളരെ അതിശയത്തോടെ അവൾ ആ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകൾ വാങ്ങിച്ചുനോക്കി.. ഉപ്പയും മൂത്താപ്പായും ആപ്പയും അമ്മായിയും എല്ലാവരും ഒന്നിച്ച് നിൽക്കുന്ന ഫോട്ടോ, അതിൽ തന്റെ മുഖസാദൃശ്യം തോന്നിക്കുന്ന പോലെ ഒരു രൂപം കണ്ടൂ, ബാക്കിയുള്ള ഫോട്ടോകളും മാറി മാറി നോക്കി, ആ രൂപം ഒറ്റക്ക് നിൽക്കുന്ന ഒരു ഫോട്ടോ കിട്ടി,
അതേ.. തന്റെ അതേ മുഖം.. ഒരു മറുകിന്റെ വ്യത്യാസം മാത്രം.. എന്നാലും ഇതെങ്ങനെ എന്റെ അതേ മുഖം.. പാവാടയും കുപ്പായവും അണിഞ്ഞ് നല്ല ചേലിൽ പുള്ളി തട്ടവും കുത്തി, തന്റെ അതേ മുഖവുമായി പുഞ്ചിരിച്ച് നിൽക്കുന്ന ഒരു പെൺകുട്ടി..എല്ലാ ഫോട്ടോയും മാറി മാറി അതിശയത്തോടെ നോക്കുന്ന ഫസീലയെ കണ്ട് ഉമ്മമ്മ പറഞ്ഞു.. “അത് നീയല്ല.. ന്റെ കുട്ടിയാണ് സുഹറ.. ഇത് പോലെ ഒന്നും അല്ല നേരിൽ കാണാൻ ഇതിലും മൊഞ്ച് ആയിരുന്നു.. അത് കൊണ്ട് തന്നെ ആണല്ലോ അവളെ കാണുന്നവരെല്ലാം കല്യാണം ആലോചിച്ചത്.. പക്ഷേങ്കിൽ അതിനെല്ലാം മുന്നേ മറ്റൊരാൾ അവളുടെ ഖൽബിൽ ഇടം പിടിച്ചിരുന്നു..”
“ആ.. കഥ പറഞ്ഞ് തരി ഉമ്മമ്മ.. പ്ലീസ്..”
നിനക്കൊക്കെ അത് കഥയാകും.. പക്ഷേങ്കിൽ എനിക്കത് ജീവിതമാണ്.. ന്റെയും ന്റെ കുട്ടിന്റെയും ജീവിതം..മൂത്ത കുട്ടി ആയത് കൊണ്ടും ഉപ്പാപ്പയുടെ കിലുക്കാം പെട്ടി ആയത് കൊണ്ടും, ഉപ്പാപ്പ പോകുന്നിടത്തെല്ലാം അവളേയും കൊണ്ട് പോകുമായിരുന്നു..അങ്ങനെ ഒരുദിവസം അവളുടെ ഉപ്പയുടെ കൂടെ നേർച്ചക്ക് പോയപ്പോൾ, കണ്ട് മുട്ടിയ പൂചകണ്ണുള്ള ഒരുപയ്യൻ അവളെത്തന്നെ നോക്കിനിന്നതും ചിരിച്ചതും എല്ലാം അവൾ ഒരു അൽഭുത്തോടെ വിവരിക്കുന്നത് കേട്ടപ്പോഴേ എന്റെ ഉളളിൽ തീയായിരുന്നു..
എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ അവളുടെ ഖൽബിൽ കയറിക്കൂടിയ മുഹബ്ബത്ത്.., അവളുടെ വളർച്ചയിൽ ആ മുഹബ്ബത്തും വളരുന്നത് ഞാനറിഞ്ഞു.. എന്നിൽ നിന്നും ഒന്നും അവൾ ഒളിച്ച് വച്ചിരുന്നില്ല.. കൗമാരപ്രായം എത്തിയപ്പോഴേക്കും അവളുടെ ഖൽബിൽ ആ മുഖം പതിഞ്ഞിരുന്നു..
ദാ.. നമ്മുടെ ആ ഇരഞ്ഞി മരച്ചുവട്ടിൽ ഇരിക്കാൻ അവൾക്ക് ഏറെ ഇഷ്ടമായിരുന്നു.. പാമ്പിൻ ശല്യം ഉണ്ടാകുമെന്ന് പറഞ്ഞ്, എല്ലാവരും അത് മുറിക്കാൻ പറഞ്ഞപ്പോയും ഞാൻ സമ്മതിക്കാത്തത് അവൾക് ഏറെ ഇഷ്ടമുള്ള സ്ഥലം അതായത് കൊണ്ടാണ്..
പഠിക്കാൻ പോകുമ്പോ കാണുന്നതും സംസാരിക്കുന്നതും എല്ലാം, ആ ഇരഞ്ഞിയുടെ ചുവട്ടിൽ വെച്ച് എന്നോട് പറയുമായിരുന്നു..
എനിക്കറിയാം, അവൾക്ക് ഇവിടെ വിട്ട് പോകാൻ ഇഷ്ടമില്ല, അവൾ എന്നും ഇവിടെ വരാറുണ്ട്.. ഇരഞ്ഞി പൂത്ത മണം വന്നാൽ അവളുടെ സാനിദ്ധ്യം എനിക്ക് അനുഭവപ്പെടാറുണ്ട്.. ഇരഞ്ഞിപൂവ് കൊണ്ട് മാലയുണ്ടാക്കിമുടിയിൽചൂടാൻഅവൾക്കിഷ്ടമായിരുന്നു.. ഇരഞ്ഞിപ്പൂ മാലയായിരുന്നു അവൾ നിത്യവും അവന് കൊടുത്തിരുന്ന സമ്മാനം.. അവനും അത് ഇഷ്ടമായിരുന്നു..ഇരഞ്ഞിയുടെ ഗന്ധം ആസ്വദിക്കുമ്പോൾ അവരുടെ മുഹബ്ബത്താണ് മനസ്സിലേക്ക് ഓടി വരുക”
“സുഹ്റമ്മായിന്റെ ആ മുഹബ്ബത്തിന്റെ പേര് എന്തായിരുന്നു ഉമ്മമ്മ..?””അഫ്സൽ.., അതായിരുന്നു അവന്റെ പേര്.. പേര് പോലെ തന്നെ കാണാനും സുന്ദരനാണ്..””പിന്നെന്താ അവരെ തമ്മിൽ കെട്ടിക്കാഞ്ഞത്??”അതിന് വിധി സമ്മതിച്ചില്ല.., ഒരിക്കൽ അവർ തമ്മിൽ സംസാരിക്കുന്നത് നിന്റെ ഉപ്പ കണ്ട് ഉപ്പപ്പയോട് പറഞ്ഞു.. അന്ന് ന്റെ കുട്ടി ഒരുപാട് തല്ല് കൊണ്ടു..
അന്ന് വൈകുന്നേരവും, അവരുടെ സംസാരം, അവൾ ചോര പൊട്ടി ഒഴുകുന്ന ചുണ്ടുകളോടെ മുഹബ്ബത്തിലലിഞ്ഞ് പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞ് തന്നിരുന്നു..
അവളേക്കാൾ മൂത്തതിനാലാവണം, അവൻ പക്വതയോടെ ആയിരുന്നു സംസാരിച്ചിരുന്നത്.. ‘നടുത്തൊടി തറവാടിന്റെ പടിവാതിൽ കയറി വന്ന് ഒരു മഹർമാല ചാർത്തി അവളെ കൊണ്ട് പോകുന്ന ദിവസം വിദൂരമല്ല’ എന്നറിയിക്കാൻ വന്നതായിരുന്നു അവൻ..ഒരേ നാടുകാരായിട്ടും അവർ അതിരുകടന്നു കാണുകയോ സംസാരിക്കുകയോ ഒന്നും ചെയ്തിരുന്നില്ല.. മുഹബ്ബത്ത് വന്ന് പോകുന്നത് പിന്നെ ആരുടേയും കുറ്റമല്ലല്ലോ..
ഒരിക്കലെങ്കിലും ആരോടെങ്കിലും മുഹബ്ബത്ത് തോന്നാത്ത ആരും ഉണ്ടാകില്ല.. ഇപ്പൊ എല്ലായിടത്തും കാണുന്ന ഒളിച്ചോട്ടവും കൂടെ പോകലും ഒന്നുമല്ല മുഹബ്ബത്ത് എന്ന് പറഞ്ഞാൽ..
അതൊരുവട്ടം വന്ന് കൂടിയാൽ പിന്നെ നമ്മുടെ മരണം വരെ കൂടെ ഉണ്ടാകും.. നമ്മൾ ഇഷ്ടപ്പെടുന്ന ആൾ വേറെ ഒരാൾക്കു സ്വന്തം ആയാലും മരണപ്പെട്ടാലും ഒന്നും ആ മുഹബ്ബത്ത് പോയിപോകൂല.. പക്ഷേ ഇപ്പൊ കാണുന്ന മുഹബ്ബത്ത് ഒക്കെ വെറും പറച്ചിൽ മാത്രം ആണ്, നമുക്ക് ഇഷ്ടപെട്ട ഓരാൾ വിധിയുടെ സന്ദര്ഭം കൊണ്ട് മറ്റൊരാൾക്ക് ആയി പോയാൽ, അവരുടെ ഇഷ്ടം അവിടെ തീർന്നു.. പിന്നെ അവരെ കുറിച്ച് ഓർക്കാൻ പോലും സമയം ഉണ്ടാകില്ല അവർ അടുത്ത ഇഷ്ടം തേടി പോയിട്ടുണ്ടാകും..
എല്ലാവരും അങ്ങനെ ആണ് എന്നല്ലാട്ടോ.. ഇപ്പോയത്തേ ഭൂരിഭാഗവും അങ്ങനെ ആണ്..”
ഉമ്മമ്മ ഇങ്ങൾ വിഷയത്തിൽ നിന്ന് തെന്നിമാറല്ലി.. ഇത് പറയൂ.. പിന്നെ എന്തെ അവർക്ക് ഒരുമിക്കാൻ സാധിക്കാതെ പോയത്””ഉപ്പയുടെ തല്ല് കൊണ്ടെങ്കിലും അവരുടെ മുഹബ്ബത്തിന് ഒരു ഉലച്ചിലും സംഭവിച്ചില്ല.. അങ്ങനെ ഒരു വലിയ പെരുന്നാൾ ദിനത്തിൽ രാവിലെ തക്ബീർധ്വനികൾക്ക് പകരം ജനാസ നമസ്കാരത്തിന്റെ അറിയിപ്പ് കേട്ടു..
കാരിപാടത്ത് അബ്ദുൽ കരീമിന്റെ മകൻ അഫ്സൽ മരണപ്പെട്ടിരുന്നു..””അല്ലാഹ്.. അതല്ലേ സുഹ്റമ്മയിന്റെ മുഹബ്ബത്ത്””ഉം.. അവളുടെ മുഹബ്ബത്ത് മാത്രല്ല.. ജീവനും ജീവിതവും എല്ലാം അവനായിരുന്നു.. പെരുന്നാളിന് കുഞ്ഞിപെങ്ങൾക്ക് മൈലാഞ്ചി ഇല പറിക്കാൻ പോയ അവനെ പാമ്പ് കടിച്ചു.. പെരുന്നാൾ നിസ്കാരത്തിന് മൂത്താപ്പയുടെ വീട്ടിൽ പോകുമ്പോൾ അവനേയും കാണാം എന്നുള്ള സന്തോഷത്തിൽ ഇരുന്ന ന്റെ കുട്ടിക്ക് ഇൗ വാർത്ത ഞെട്ടലുണ്ടാക്കി.. അപ്പോ തന്നെ കുഴഞ്ഞ് വീണു, പിന്നെ ന്റെ കുട്ടി കണ്ണ് തുറന്നില്ല മൂന്നാം ദിവസം അവളും അവന്റെ കൂടെ പോയി…
ജീവിതത്തിൽ ഒരുമിക്കാൻ കഴിഞ്ഞില്ലെങ്കിലും മരണത്തിൽ ഒരുമിച്ചു.. അഫ്സലിന് ഖബർ കുത്തിയത്തിന്റെ അടുത്ത് തന്നെ ഉപ്പാപ്പയൂടെ നിർദേശ പ്രകാരം അവൾക്കും ഖബർ എടുത്തു.. മണിയറയിൽ ഒരുമിക്കാൻ സ്വപ്നം കണ്ടവർ മണ്ണറയിൽ ഒരുമിച്ചു..” പുന്നാര മോളുടെ ജീവിത-മരണ കഥ വിവരിച്ച സങ്കടത്താൽ നിറമിഴികൾ തുടക്കുന്ന ഉമ്മമ്മായെ കണ്ടപ്പോൾ ഫേസീലക്കും സഹിക്കാനായില്ല.. ഉമ്മാമ്മയെ കെട്ടിപിടിച്ച് അവളും കരഞ്ഞു..
“ആഹാ.. ഉമ്മമ്മയും കുട്ടിയും ഇവിടെ കെട്ടിപ്പിടിച് നാട്ട് കാര്യവും പറഞ്ഞ് ഇരിക്കുവാണോ.. ഇങ്ങളാരും കല്യാണത്തിന് ഇല്ലേ.. ഇനിയും വൈകിയാൽ ഒന്നിനും സമയം കിട്ടൂലട്ടോ.. വേഗം എഴുന്നേറ്റ് കുളിച്ച് വരി.. കല്യാണത്തിന് എല്ലാവരേയും കൂട്ടി, നേരത്തെ തന്നെ വരണേ എന്ന് ഷാഹിനാത്ത പ്രത്യേകം പറഞ്ഞതാണ്..” ഉമ്മയുടെ ശബ്ദം ഫസീലയേയും ഉമ്മമ്മയേയും യാഥാർത്ഥ്യത്തിലേക്ക് ആനയിച്ചു.. അവർ കണ്ണുകൾ തുടച്ച്, പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്ത രീതിയിൽ പെരുമാറി..
———————
ഉപ്പപ്പായുടെ പെങ്ങളുടെ(ആത്ത, ഉപ്പപ്പയും സഹോദരങ്ങളും ചെറുപ്പത്തിൽ അവരെ വിളിച്ചിരുന്ന പേര്, അവരുടെ കുട്ടികളും അങ്ങനെ തന്നെ വിളിക്കുന്നത്) പേരകുട്ടിയുടെ കുട്ടിന്റെ കല്യാണം ആണ്,
തുടരും

by