രചന : ഗായത്രി സുരേന്ദ്രൻ
അവളുടെ മൗനം അവനെ ചിന്താക്കുഴപ്പത്തിലാക്കി. ഏറെനേരംഅവളൊരേഇരിപ്പുംതുടർന്നു.”എനിക്ക്……എനിക്കൊന്നു മുഖം കഴുകണം….”ദീർഘമായ അനിശ്ചിതത്വത്തിനൊടുവിൽ അവൾ അതായിരുന്നു ആവശ്യപ്പെട്ടത്…..അവനത് സമ്മതിക്കാതെ മറ്റു വഴികൾ ഇല്ലാത്തിനാൽ മൗനാനുവാദം നൽകി.
വേച്ചു വേച്ചു അവൾ ബാത്ത്റൂമിലേക്കു കയറി. വാതിൽ കുറ്റിയിട്ടു.നിർവികാരതയോടെ അത്രയും നേരം നോക്കിയിരുന്ന. അവന് മനസ്സിൽ എന്തോ അപായസൂചന മുഴങ്ങിയതായി തോന്നി….രണ്ടു നിമിഷം ആലോചിച്ചതിനു ശേഷം ദ്രുതഗതിയിൽ അവൻ അടച്ച വാതിലിനടുത്തേക്കു കുതിച്ചു………
വാതിലിൽ ശക്തമായി മുട്ടുന്നതിനു പകരം അവൻ ആഞ്ഞു തള്ളി….തുറന്ന വാതിലിലൂടെ അകത്തേക്ക് കടന്നപ്പോൾ പരിഭ്രമിച്ചു നിൽക്കുന്ന സ്പന്ദനയെ ആണ് കണ്ടത്…പൈപ്പ് തുറന്നു വെള്ളം ഒഴുകന്നുണ്ട്… താൻ നോക്കിയ മാത്രയിൽ അവൾ കൈകളിൽ എന്തോ ഒളിപ്പിച്ചു വയ്ക്കാൻ ശ്രമിക്കുന്നത് മനസിലായി.അവൾക്കടുത്തേക്കു ചെന്നു ബലമായി ആ കൈകൾ പിടിച്ചു നോക്കി….
വലതു കൈയ്യിൽ ബ്ലേഡ്…….ഇടതു കൈത്തണ്ടയിൽ തെളിഞ്ഞ് കാണുന്ന പച്ച ഞരമ്പിനോടു ചേർന്ന് ചെറിയ ഒരു പോറൽ……
ചെറിയ മുറിവേ ഉള്ളൂ….ബ്ലേഡ് കൊണ്ട് വരയുമ്പോഴേയ്ക്ക് അപ്രതീക്ഷിതമായി താൻ അകത്തു കയറിയതാവണം…..
അതാണ് വാതിലിൽ മുട്ടുന്നതിനു പകരം ഒന്നും അറിയിക്കാതെ പെട്ടെന്ന് അകത്തേക്ക് കടന്നത്….
അവനു ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല…
കണ്ണുകൾ അവളെ ശാസനയോടെ ചുഴിഞ്ഞു. ഒരു നിമിഷം വൈകി ഇരുന്നെങ്കിൽ…..അവളെ എങ്ങനെ രക്ഷിക്കുമായിരുന്നു???രണ്ടു ജീവനുകൾ അവളുടെ ബുദ്ധിയില്ലായ്മയിൽ കെട്ടു പോയേനെ.അവന്റെ കൈകൾ ദേഷ്യം കൊണ്ടു വിറച്ചു. അവൾ തലതാഴ്ത്തി പതർച്ചയോടെ മൗനം കൈവരിച്ചതു കണ്ടപ്പോൾ സഹിച്ചില്ല. അവനിൽ നിന്നും കൈ നിവർത്തി ശക്തിയായൊരു പ്രഹരം അവളുടെ ഇടതു കവിൾത്തടത്തിൽ പതിഞ്ഞു…
ഒരുവേള ആ പ്രഹരത്തിന്റെ കാഠിന്യത്താൽ അവൾ വേച്ചു വീഴാനൊരുങ്ങി. വാഷ്ബേസിന്റെ പിടിയിൽ പിടിച്ചു അവൾ വീഴാതെ നിന്നു….
അതുവരെ പിടിച്ചു നിർത്തിയ കണ്ണീർ തുള്ളികൾ അതോടെ അണ പൊട്ടി ഒഴുകാൻ തുടങ്ങി….
അവ അവന്റെ കാഠിന്യമേറിയ കരസ്പർശം ഏറ്റ ഇടതു കവിൾത്തടങ്ങളിൽ പതിച്ചപ്പോൾ അവൾ വേദന കൊണ്ട് പുളഞ്ഞു.അവിടം ചുട്ടു നീറി….
അടിച്ച ഇടത്തു നിന്നു പുറത്തേക്കു ചൂടു വരുന്നത് പോലെ തോന്നി.മുറിഞ്ഞുവോ എന്ന് അവൾ സംശയിച്ചു. ഉപ്പുരസം കലർന്നതുള്ളികൾ വീണപ്പോൾ അത്രമാത്രം നീറ്റലാണ്….പൊതുവേ ഉള്ള ക്ഷീണത്തോടും ഈ അവസരത്തിലെ വ്യഥയാലും തളർന്നതാണ് ഈ പ്രഹരം കൂടി അവൾക്ക് ഏറ്റുവാങ്ങാൻ കഴിഞ്ഞില്ല….കവിൾ മാത്രമല്ല തല പുകയുന്നതായ് തോന്നി. കൈകാലുകൾ കുഴഞ്ഞു കണ്ണിൽ ഇരുൾ പടർന്നു.നിലത്തേക്കൂർന്നു വീഴും മുന്നേ രണ്ടു കരങ്ങൾ താങ്ങിയത് ബോധം മറയും മുന്നേ അവളറിഞ്ഞു…..
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
കണ്ണുകളിൽ പ്രകാശത്തിന്റെസൂചിമുനകൾ തുളച്ചുകയറിയപ്പോഴാണ് ഇത്രനേരവും മയക്കത്തിൽ ആയിരുന്നു എന്ന് ആലോചിച്ചത്.കഴിഞ്ഞ ഓരോന്നിനെയും ഓർത്തു വരുമ്പോഴേക്കും അവളുടെ ഹൃദയം നോവോടെ തേങ്ങി….പാറുവിനു വേണ്ടിയാണ് ഈ അവസ്ഥയിൽ ഇവിടെ ഇങ്ങനെ….സ്വന്തം ജീവിതം പോലും ഓർത്തില്ല അവളായിരുന്നു ജീവിതം….എന്നിട്ടിപ്പോൾ എന്നെ പെരുവഴിയിൽ തിരിച്ചിട്ടു അവളെന്തിനാ കടന്നുപോയത്..”ദുഷ്ട……സ്വന്തം കാര്യം മാത്രമേ ചിന്തയുള്ളൂ….എന്നെ ഇവിടെ ഇട്ടിട്ടു ….ഞാൻ അവളുടെ അനിയത്തി അല്ലേ?? എന്നെക്കുറിച്ച് ആലോചിച്ചു കൂടായിരുന്നോ…..ഈ ജന്മം ഞാനവളോടു ക്ഷമിക്കില്ല…”
തലമുടി പിച്ചിപ്പറിച്ചുകൊണ്ട് അവൾ എന്തൊക്കെയോ അവ്യക്തമായ ഭാഷയിൽ പിറുപിറുത്തു തുടങ്ങി….
കുറെ നേരം ജനവാതിലിലൂടെ കടന്നുവരുന്ന സൂര്യവെളിച്ചത്തെ നോക്കിക്കൊണ്ടിരുന്നു. കാൽമുട്ടുകൾ മടക്കി അതിനോട് തല ചേർത്ത് വച്ച് അവൾ ഇരുന്നു….ഇനിയിപ്പോൾ ആരാണ് ഈ ലോകത്ത് തനിക്ക് സ്വന്തമെന്നു പറയാൻ??? എങ്ങോട്ടാണ് താനിനി പോകേണ്ടത്??? ആരും കാത്തിരിക്കാൻ ഇല്ലാത്ത ആ വീട്ടിലേക്കോ???
അതൊരു വീടാണോ???അവിടെ ആരുണ്ട്????
തന്നെ ചേർത്ത് പിടിക്കാനും ശാസിക്കാനും നന്മ പറഞ്ഞുതന്നു വഴികാട്ടാനും തളരുമ്പോൾ താങ്ങാനും സ്വന്തം നിഴൽ മാത്രം അല്ലാതെ ആരും തന്നെ ഈ ഭൂമിയിലില്ല…….അതുകൊണ്ടല്ലേ അതുകൊണ്ടല്ലേ താൻ കൂടെ അവർക്കൊപ്പം പോകാം എന്ന് കരുതിയത്….ഇപ്പൊ അച്ഛനും അമ്മയും പാറുവും ഒക്കെ ഒരുമിച്ചായി അവർ എല്ലാവരും തന്നെ മാത്രം ഒറ്റക്കാക്കി പോയില്ലേ???അറിഞ്ഞു കൊണ്ട് ചെയ്തതാണോ??തന്നെ ഇഷ്ടം ഇല്ലാഞ്ഞിട്ട് കൂട്ടാതെ പോയതാണോ???ഓർമ്മകളുടെ ചുഴി ഒരുവട്ടം അവളെ സ്ഥലകാലബോധം ഇല്ലാത്തവർക്കും എങ്കിൽ അടുത്ത വട്ടം പഴയ പടി അവളെ ബോധപൂർവ്വം ചിന്തിപ്പിക്കുന്നു….
അവളൊരു കൊച്ചുകുട്ടിയെപ്പോലെ വിതുമ്പി…..
അവൾ എഴുന്നേറ്റു ബാൽക്കണിയിലേക്ക് പോകാനൊരുങ്ങി….ഇവിടെ ഈ മുറി….അത് പേടിപ്പെടുത്തുന്നു….ബാൽക്കണിയിലേക്കുള്ള വാതിൽ തുറക്കാൻ ആഞ്ഞപ്പോഴേക്കും കൈത്തണ്ടയിൽ ഒരു പിടി വീണു….”ബ്ലേഡ്കൊണ്ട് കൈ മുറിക്കാൻ പറ്റാത്തതിനാൽ, ഇനി ബാൽക്കണിയിൽ നിന്നും താഴേക്ക് ചാടി ചാവാൻ ആണോ ഉദ്ദേശം????ആദ്യത്തെ ശ്രമം പരാജയപ്പെട്ടു പോയല്ലോ….. ഞാന് തടഞ്ഞു പോയില്ലേ? അല്ലേ???”കണ്ണുകളിൽ ശാസനയോടെ വിശ്വനാഥ് അവളുടെ വഴിക്ക് കുറുകെ നിന്ന് തടസ്സം സൃഷ്ടിച്ചു.
അവളുടെ തല താഴ്ന്നു പോയി….ഉള്ളിൽ ഒരായിരം വേദനകൾ തുളഞ്ഞു കയറി…..”നീ എന്തിനാണ് എപ്പോഴും എന്നെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത് സ്പന്ദനാ….പറഞ്ഞാൽ മനസ്സിലാവില്ലേ….
ആത്മഹത്യ ഒന്നിനും ഒരു പരിഹാരം അല്ല. ഞാൻ തന്നോട് ഇതൊക്കെ മുന്നേ പറഞ്ഞതല്ലേ….ഒരു നിമിഷംഞാൻ വൈകിയിരുന്നെങ്കിൽ നീയത് ചെയ്തിട്ടുണ്ടാവുമായിരുന്നില്ലേ?? ആർക്കുരക്ഷിക്കാൻ ആവും പിന്നെ???നിനക്ക് തോന്നുന്നുണ്ടോ ആത്മഹത്യ ഒരു ചാപല്യത്തിന്റെ പുറത്തു ചെയ്യേണ്ടത് ആണെന്ന്???നൂറു വട്ടം ഞാനും ഉപദേശിച്ചത് അല്ലേ?
നീ മാത്രമല്ല നിന്റെ ജീവനോടു ചേർന്ന് വളരുന്ന മറ്റൊരു ജീവൻ കൂടെയുണ്ട്. അതിൻറെ തുടിപ്പ് നിലനിർത്തുന്നത് നിന്നിലൂടെയാണ്….ഇനിയും നീ എന്തിനാണിങ്ങനെ എന്നെ പരീക്ഷിക്കുന്നത്????”
അവന്റെ ശബ്ദം കനത്തിരുന്നു….എന്തെല്ലാമോ വേദനകൾ ഒന്നായി ദേഷ്യം പ്രാപിച്ചു അവളിലേക്ക് ഒഴുകി….അവളുടെ താഴ്ന്ന മുഖവും കാർമേഘം മൂടിയ വാനം കണക്കു ഇരുണ്ടു വന്നു.
ക്രൗര്യവും പതിയെ പതിയെ മുഖത്തു ഇടം പിടിച്ചു തുടങ്ങിയിരുന്നു….
അവളുടെ മൗനം അവനെ എന്തോ വീണ്ടും ചൂടുപിടിപ്പിച്ചു….”എന്താ……ഇനിയും എന്താ….
ഒന്നു സമാധാനം തന്നൂടേ….”നിങ്ങൾ മിണ്ടരുത്….”അവളുടെ ഉയർന്നു പൊങ്ങിയ സ്വരം അവന്റെ വാക്കുകൾക്ക് മുകളിൽ പൊടുന്നനെ തടസ്സം സൃഷ്ടിച്ചു.ആ ശബ്ദം അത്രയേറെ കടുത്തതും ധ്വനി മുഴങ്ങുന്നതും ആയിരുന്നു.”നിങ്ങൾ….നിങ്ങളല്ലേ സ്വാർത്ഥൻ…നിങ്ങളിപ്പോ രക്ഷിക്കാൻ ശ്രമിക്കുന്നത് ആരെയാ???എന്റെ ഉദരത്തിൽ വളരുന്ന നിങ്ങളുടെ കുഞ്ഞിനെ!അല്ലാതെ എന്റെ ജീവനെ കരുതിയല്ല….അതെനിക്ക് നല്ലവണ്ണം അറിയാം….
സമയത്തിന് ആഹാരം കഴിക്കണം, ആരോഗ്യം ശ്രദ്ധിക്കണം , മനസ്സ് വേദനിക്കരുത്, എല്ലാം ആർക്കുവേണ്ടിയാണ്, നിങ്ങളുടെ കുഞ്ഞിന്….
എങ്ങനെ ഇങ്ങനെ പെരുമാറാൻ കഴിയും???ഒരു കാലത്ത് ഏറ്റവുമധികം വേദന അനുഭവിച്ചത് നിങ്ങളോടെനിക്കു തോന്നിയ പ്രണയത്തെ ഓർത്തായിരുന്നു…കണ്ണീരു തോരാതെ ഇരുന്നിട്ടുണ്ട്, ഹൃദയം നൊന്തു നീറിയിട്ടുണ്ട്…പലവുരു ഞാൻ എന്നെത്തന്നെ ശപിച്ചിരിക്കുന്നു…..ആ മുറിവുണങ്ങും മുൻപേ വീണ്ടും നിങ്ങളെന്റെ മുന്നിൽ എത്തിപ്പെട്ടു…ദൈവം എത്ര ക്രൂരനാണ് എന്റെ ജീവനിൽ!!!…ഞാൻ ഒരു മനുഷ്യജീവി അല്ലേ എൻറെ വേദനകൾ എന്റെ ആധികൾ ഒക്കെ ഞാൻ ഇത്രകാലം മറച്ചുവെച്ചു. മുന്നോട്ട് എന്താണെന്ന് എനിക്ക് ഒരു എത്തും പിടിയും ഇല്ല ….ഇവിടുന്നു ഇറങ്ങിയാൽ, ഈ മുറിയിൽ നിന്നിറങ്ങിയാൽ തിരിച്ചുപോകാൻ എന്നെ കാത്തിരിക്കാൻ ആരും ഇല്ല.
എനിക്ക് വയ്യ മടുത്തു……ഇനിയും ഒന്നും താങ്ങാൻ എനിക്ക് വയ്യ….ഇനി നിങ്ങളുടെ പണം,എന്റെ വീട് പണയത്തിൽ ആണെങ്കിലും രണ്ടു ലക്ഷം രൂപ അടച്ചാൽ അത് തിരിച്ചെടുക്കാം….അത് വിറ്റ് നിങ്ങൾ എനിക്ക് തന്ന തുകയും നഷ്ടപരിഹാരം ആയി എന്താണെന്ന് വച്ചാൽ അതും എടുക്കാം….
പാറു സുഖമില്ലാതെ കിടന്നപ്പോൾ ഞാൻ അങ്ങനെ ചെയ്യാത്തത് ഞാനും അവൾ തിരിച്ചു പോയാൽ ഞങ്ങൾക്കു ഒരു കൂര ഇല്ലാതാക്കരുത് എന്നു കരുതിയാണ്…അച്ഛൻറെ അമ്മയുടെ ഓർമകളാണ് ആ വീടു നിറയെ. ആ മണ്ണ് കൈവിട്ടു പോകരുത്….
എല്ലാവരും പോയി….ഇനി ആരും ബാക്കിയില്ല..
എനിക്കുമാത്രമായി എന്തിനാണ് മണ്ണ്????……
ഒരുവേള മരിക്കാൻ ഒരുങ്ങിയപ്പോൾ നിങ്ങളെക്കുറിച്ചോ കുഞ്ഞിനെ കുറിച്ചോ ഒന്നും ആലോചിച്ചില്ല…എനിക്ക് എങ്ങനെയെങ്കിലും രക്ഷപ്പെട്ടേ മതിയാകൂ ഈ ലോകത്ത് നിന്ന്….
എന്നെ അതിന് അനുവദിക്കണം പ്ലീസ്…. സമയം വൈകിയിട്ടില്ല…ഈ കുഞ്ഞു ജീവനെ ഇല്ലാതാക്കാൻ മനസ്സില്ലെനിക്ക്… എങ്കിലും എന്റെ ഉദരത്തിൽ വളർന്നാൽ അതും ഒരു ശാപം പേറുന്ന ജന്മമായാലോ??? ഭയമാണിപ്പോ എനിക്ക് എന്നെത്തന്നെ….പ്ലീസ് ഞാൻ നിങ്ങളുടെ കാലു പിടിക്കാം എന്നെ വിട്ടേയ്ക്ക്….”അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് അയാളുടെ ഷർട്ടിന്റെ കോളറിൽ പിടിച്ചുലച്ചു കരഞ്ഞു…
അവസാനം കൈകൾ കൂപ്പി കാൽക്കലേക്ക് തളർന്നു വീഴാനായവേ അവൻ അവളെ അതു തടഞ്ഞു കൊണ്ട് ഒരിടത്ത് ഇരുത്തി….ഒന്നും മിണ്ടാതെ മുറി വിട്ടു ഇറങ്ങി…..സ്ഥലകാലബോധം നഷ്ടപ്പെട്ടെന്ന പോലെ ഇനി ചിമ്മാതെ അവളിരുന്നു…രണ്ടുമിനിറ്റ് …. അതിനുള്ളിൽ അവൻ തിരിച്ചുവന്നു.
അവളെ കണ്ടപ്പോൾ നെഞ്ചിനുള്ളിൽ ഒരു ആന്തൽ ആയിരുന്നു….”സ്പന്ദന, എഴുന്നേൽക്ക് തന്റെ വീടു വരെ ഒന്ന് പോകണം.”അവധ് പറഞ്ഞത് കേട്ടഭാവം അവൾക്കുണ്ടായിരുന്നില്ല. അവൾ അപ്പോഴേക്കും മറ്റെതോ ലോകത്ത് ആയിരുന്നു…..രണ്ടാമതൊരു വട്ടം പറയാൻ അവൻ കാത്തുനിന്നില്ല. അവളെ ബലമായി പിടിച്ചെഴുന്നേൽപ്പിച്ചു. അവളുടെ കൈകളിൽ പിടിച്ചു പുറത്തേക്കു ഒപ്പം കൊണ്ടു വന്നു….
അവളുടെ മുഖത്ത് നിസ്സംഗത മാത്രം ആയിരുന്നു….
നേരെ പോയത് അവളുടെ വീട്ടിലേക്ക് ആയിരുന്നു. പാർവ്വതിയുടെ ദേഹം വഹിച്ച ആംബുലൻസിൽ….
ദേഹം വിട്ടുകിട്ടാനുള്ള ഫോർമാലിറ്റീസ് എല്ലാം വിശ്വനാഥ് മുന്നിൽ നിന്നു നടത്തി.സ്പന്ദനയുടെ ഒപ്പു മാത്രമേ ആവശ്യമായിവന്നുള്ളൂ……അധികം ആരും ഉണ്ടായിരുന്നില്ല ഒരു ചടങ്ങും ഇല്ലാതെ വേഗം തന്നെ എല്ലാം കഴിഞ്ഞു…വീട്ടിലെത്തിയ സ്പന്ദന ചടങ്ങുകൾക്ക് ഒന്നും വരാൻ കൂട്ടാക്കിയില്ല…
മുറിയിൽ തന്നെ ഇരുന്നു…അവളുടെ കണ്ണീരുണങ്ങി വറ്റിയ മുഖത്ത് യാതൊരു ഭാവഭേദവും ഉണ്ടായില്ല….
ഇനിയൊന്നും ഏൽക്കാത്ത വിധം അവൾ തളർന്നിരുന്നു.ആളിക്കത്തുനാന ചിത ഒരു നോക്കു കാണാൻ അവന് വന്നു വിളിച്ചെങ്കിലും അവൾ അനങ്ങിയില്ല….
അവളുടെ അവസാനത്തെ രക്തബന്ധവും മണ്ണിൽ ചേർന്ന നാൾ രാത്രി ആളൊഴിഞ്ഞു പോയ ആ വീട് മുറ്റത്തു നിന്നും നോക്കുമ്പോൾ ഒരു പ്രേതം ഗൃഹം പോലെ അവനു തോന്നിച്ചു…ആളുണ്ടെങ്കിലേ വീട് വീടാകുമെന്ന് എന്ന് തോന്നി….ഈ ഒഴിഞ്ഞ വീട്ടിൽ.. ഈ ഭൂമിയിൽ അവളെങ്ങനെ……എന്തോ ആലോചിച്ചുറപ്പിച്ച മട്ടിൽ അവന് അകത്തേക്കു കയറി…അവിടെ ഒരു മുറിയിൽ കട്ട പിടിച്ച ഇരുട്ടിൽ നിശ്ചലയായി ജീവച്ഛവം പോലെ ഇരിക്കുന്ന അവളെ തിരഞ്ഞു കണ്ടെത്തി.എങ്ങോട്ടോ നോക്കി ഇരിക്കുന്ന അതിന് രാവേത് പകലേതെന്ന് നിശ്ചയം ഇല്ല എന്ന് തോന്നി….എന്തിനോ ഹൃദയം നോവുന്നൂ…
അറിയില്ല….
പിന്നീടൊന്നും ചിന്തിച്ചില്ല ബലമായ് കൈ പിടിച്ചു അവിടെ നിന്നും ഇറക്കിക്കൊണ്ടു വന്നു…
അവളുടെ കൈ വിട്ടതേയില്ല. എപ്പോഴാണ് കുതറി മാറി അങ്ങോട്ടേക്കെങ്കിലും ഓടാനൊരുങ്ങുക എന്ന് അറിയില്ല.ആ വീടു സാക്ഷയിട്ടു പൂട്ടി…ഇരുൾ പരന്ന വഴിയിലൂടെ അവളുടെ കൈയ്യും പിടിച്ചു കാറിനരികിലേക്കു നടന്നു…ആജ്ഞയോടെ അതിനുള്ളിലിരുത്തിച്ചു…ഏതോ ഒരു സമ്മോഹനത്തിലെന്ന പോലെ ആയിരുന്നു അവൾ ഒപ്പം വന്നത്…അധികം ഒന്നും ചിന്തിക്കാൻ നിന്നില്ല. കട്ടപിടിച്ച ഇരുട്ടിനെ കീറിമുറിച്ചു കാർ വെളിച്ചം തൂകി. പാതകൾ കണ്ടെത്തി സഞ്ചരിച്ചു തുടങ്ങി……..
………തുടരും……………
(കുടുംബത്തിൽ ഒരു അപ്രതീക്ഷിത മരണം ഉണ്ടായി ഇന്ന്. കഥ ഇടാൻ കഴിയുന്ന അവസ്ഥ ഇല്ലായിരുന്നു. എങ്കിലും ഇനിയും കാത്തിരിപ്പിക്കാൻ വയ്യാഞ്ഞതു കൊണ്ടാണ് ധൃതിയിൽ എഴുതിയത്. അത് കൊണ്ട് തന്നെ ഈ പാർട്ട് എത്രത്തോളം ഭംഗി ആയെന്ന് സംശയം ഉണ്ട്. തെറ്റുകൾ ക്ഷമിക്കുക ഗായത്രി ❤️)
(NB: ജീവിച്ചിരിക്കുന്നവരായോ മരിച്ചവരുമായോ ഈ കഥയ്ക്ക് യാതൊരു ബന്ധവുമില്ല. കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രമാണ്.)

by