23/04/2026

സ്പന്ദനം : ഭാഗം 23

രചന : ഗായത്രി സുരേന്ദ്രൻ

നിറഞ്ഞ മനസ്സോടെ തിരികെ വരുമ്പോൾ എന്റെ പിറകിൽ എന്നോടൊപ്പം ഉണ്ടായിരുന്നു….എന്നെ അവൾ കൈകൾ കൊണ്ടു മുറുകെ പിടിച്ചു വച്ചിട്ടുണ്ടായിരുന്നു. ഇനിയൊന്നിനും വിട്ടു കൊടുക്കില്ലെന്ന പോലെ….നിയന്ത്രണം വിട്ടു വന്ന ഒരു ചരക്കുലോറി അത് എന്നിൽ നിന്നും അവളെ പറിച്ചെടുത്തു എന്നെ വിഢിയാക്കി…..
അവളുടെ ഹൃദയം നിലച്ച നിമിഷം ഞാനടുത്തുണ്ടായിരുന്നു….അവളുടെ രക്തത്തുള്ളികൾ എന്റെ ചോരയിൽ ലയിച്ചു മണ്ണിൽ ഇഴുകിച്ചേർന്നിരുന്നു….

അവളോടൊപ്പം ചേരാൻ പക്ഷേ എന്നെ അനുവദിച്ചില്ല….ഞാൻ നിസ്സഹായതയുടെ അവസാനത്തെ പടിയിൽ തളർന്നു പോയിരുന്നു…..എന്റെ പ്രണയത്തെ ജീവിതത്തെ എല്ലാം ആ ഒരു നിമിഷം വിധി കാൽക്കീഴിലിട്ടു ചതച്ചരച്ചു എന്നെ നിലയില്ലാക്കയത്തിലേക്കു തള്ളിയിട്ടു…………….”അവസാന വാചകം പറഞ്ഞു നിർത്തുമ്പോഴേയ്ക്ക് അവന്റെ മുഖം വളരെ അധികം കനത്തിരുന്നു….കഴുത്തിലെ ഞരമ്പുകൾ എന്തിനോടോ ഉള്ള ദേഷ്യത്തിൽ വലിഞ്ഞു മുറുകി….സ്പന്ദന കേട്ടതൊന്നും തന്നെ വിശ്വസിക്കാൻ കഴിയാതെ തരിച്ചിരുന്നു…
അവന്റെ വാക്കുകൾ ഓരോന്നും അവളുടെ കർണ്ണപടത്തിൽ പലവട്ടം പലയാവർത്തി അലയടിച്ചു കൊണ്ടിരുന്നു….

അവനിൽ നിന്ന് ഒരു നിമിഷത്തേയ്ക്ക് പോലും അവളുടെ കണ്ണുകൾക്കു പിന്തിരിയാൻ കഴിഞ്ഞില്ല.
കുറച്ചധികം സമയം മൗനം നിറഞ്ഞു കിടന്നു അവിടം.
“ഞാനെന്തൊക്കെയോ പറഞ്ഞു കാട് കയറി….
എനിക്കിറങ്ങാൻ സമയമായി.ഒഴിവുള്ളപ്പോൾ വരാം….അമ്മയ്ക്കു വരണം എന്ന് ആഗ്രഹം ഉണ്ട് കഴിയുമെങ്കിൽ ഒരു ദിവസം അമ്മയെ കൊണ്ടു വിടാം….എനിക്ക് ഒരു കാര്യം ഒരുവട്ടം കൂടി ഓർമ്മിപ്പിക്കാൻ ഉണ്ട് സ്പന്ദന….
അവളില്ലായ്മ എനിക്ക് അനുഭവപ്പെടുന്നില്ല. ഓർമ്മകൾ മരിക്കാത്തിടത്തോളം പ്രണയവും മരിക്കില്ല….കൂട്ട് അവൾ മാത്രമാണ്…
ഈ ജന്മം……”

അവസാനം ഉരുവിട്ട വരികൾ അത്രമാത്രം ദൃഢമായിരുന്നു. അത്രയേറെ മൂർച്ചയുള്ളതും ആയിരുന്നു. അതിനു പിറകിൽ ഒരു മുന്നറിയിപ്പ് ഉള്ളതായി അവൾക്കു തോന്നി….അയാളുടെ ജീവിതത്തിന്റെ വാതിലുകൾ ഇനിയൊരാൾക്കായ് തുറക്കില്ലെന്ന മുന്നറിയിപ്പ്…..അവൾക്കും അത് ശരിയാണെന്ന് തോന്നി. എങ്കിലും എന്തിനോ വേണ്ടി ഉള്ളം നീറുകയാണ് ഇപ്പോഴും…..അവൻ പോയിക്കഴിഞ്ഞും അവൾ ആകാശത്തിന്റെ മേലാപ്പിൽ കണ്ണോടിച്ചു അവിടെ തന്നെ ഇരുന്നു….മനസ്സു കലങ്ങി മറിയുകയാണ്.പലതിനും ഉത്തരം ലഭിച്ചപ്പോൾ വീണ്ടുമെന്തൊക്കെയോ മനസ്സിൽ ചോദ്യചിഹ്നമായി അവശേഷിക്കുന്നു….

സ്റ്റെല്ല ഏറ്റവും ഭാഗ്യം ചെയ്ത കുട്ടി ആണ്. അവളീ ലോകത്തു നിന്നും പോയിട്ടും ഇന്നും അവളുടെ ഓർമ്മകളിൽ, അവളില്ലായ്മയിൽ, നീറി നീറി ജീവിക്കുന്ന ഒരു മനുഷ്യൻ….ഇത്രയധികം സ്നേഹിച്ചിരുന്ന ഒരുവനെ തനിച്ചു വിട്ടു നീയെന്തിനു പോയീ…സ്പന്ദന അവൾ പോലും അറിയാതെ വിതുമ്പിപ്പോയി….”ന്റെ കുഞ്ഞിന്റെ അച്ഛൻ പാവാണ് ട്ടോ….പാവം….ആ ആളെ ന്റെ കുട്ടി വളർന്നു വലുതായിട്ടു നോക്കണം…
ഇങ്ങടു പുറത്തു വന്നാൽപ്പിന്നെ അമ്മ ഇല്ലാച്ചാലും അച്ഛനെ ബുദ്ധിമുട്ടിക്കല്ലേ…..പാവാണ്….”
ഉദരത്തിൽ വിരലുകൾ ചേർത്ത് സാരിത്തലപ്പിൽ അവൾ തേങ്ങലുകളൊതുക്കി….

❤️❤️❤️❤️❤️❤️❤️❤️❤️❤️
ദിവസങ്ങൾ കടന്നു പോകുന്നത് അനുസരിച്ചു സ്പന്ദനയുടെ വയ്യായ്കകളും കൂടി വന്നു…
ഒരാഴ്ചക്കാലത്തിന് ഇടയ്ക്കൊക്കെ വിശ്വനാഥ് തിരക്കുകൾക്കിടയിൽ വന്നു പോയി.ഏറിയാൽ അഞ്ചോ പത്തോ മിനുറ്റുകൾ മാത്രം….
അതിനകം യാത്രയാകും….അവൾക്കും അത് സ്വീകാര്യമായിരുന്നു…ഏകാന്തതയെ കുറേക്കൂടി ഇഷ്ടപ്പെട്ടു.പാർവ്വതിയുടെ ഓപ്പറേഷൻ അവസാനം തീരുമാനിച്ചു. അവളുടെ നില കൂടെക്കൂടെ വഷളായിക്കൊണ്ടിരുന്നത് സ്പന്ദനയെ വല്ലാത്ത മനോവ്യഥയിൽ ആഴ്ത്തി…..ഇതേ അവസ്ഥയിലൂടെ കടന്നു പോയ അമ്മയെ അവൾ ഓർത്തു. അതേ പോലെ തന്നെ ഈ വ്യാധി പാർവ്വതിയുടെയും ജീവനെ കാർന്നു തുടങ്ങി ഒരു വ്യത്യാസവുമില്ല….

എങ്കിലും എവിടെയൊക്കെയോ അവൾക്കു പ്രതീക്ഷ തോന്നി ദൈവം കൈവിടില്ല എന്ന ആഗ്രഹം….
ഓപ്പറേഷൻ തീരുമാനിച്ചതിൽ പിന്നെ വിശ്വനാഥ് വന്നപ്പോൾ അവൾ കാര്യം അവതരിപ്പിച്ചു.
അവൾ പറയാതെ തന്നെ ഓപ്പറേഷൻ നടത്തുന്ന ദിവസം നേരത്തെ കൂട്ടായി വന്നു നിൽക്കാം എന്ന് അവൻ പറഞ്ഞു….അവൾക്കത് വലിയ ആശ്വാസം ആയിരുന്നു. എന്തെങ്കിലും അത്യാവശ്യം വന്നാൽ വിളിക്കാൻ മറ്റൊരു ആശ്രയം ഉണ്ടായിരുന്നില്ല.
ഓപ്പറേഷനു മുന്നേ പാറുവിനെ ഒരു നോക്കു ദൂരെ മാറി കാണാനേ അവൾക്കായുള്ളൂ…വേദന തോന്നി എങ്കിലും ഇതു കഴിഞ്ഞു പാറുവിനൊപ്പം പഴയതു പടി ഒന്നിച്ചു നിൽക്കാമല്ലോ എന്ന് അവൾ ആശ്വസിച്ചു….മിനുട്ടുകൾ സെക്കന്റുകൾ വളരെ പതുക്കെയാണ് ഇഴയുന്നതെന്ന് ഓരോ വട്ടവും ഓപ്പറേഷൻ തീയേറ്ററിനു മുന്നിൽ ഇരുന്നു അവൾ ആവലാതിപ്പെട്ടു കൊണ്ടിരുന്നു.

അവൾക്കു വിശ്വനാഥ് ആവുന്നതും ധൈര്യം പകർന്നു നൽകി.സമയാസമയങ്ങളിൽ ഭക്ഷണം മുടക്കരുത് എന്ന് കർശനമായി നിർദേശിച്ചു ഭക്ഷണം നൽകി.
എല്ലാം ഒരു സ്വപ്നത്തിൽ എന്ന പോലെ അനുസരിക്കുക ആയിരുന്നു അവൾ. ചിന്തകൾ മുഴുവൻ പാർവ്വതിയെ കുറിച്ച് ആയിരുന്നു……
ഓപ്പറേഷൻ തീയറ്ററിനു മുന്നിൽ നിർത്തിയിട്ട ചെയറുകളിൽ ഒന്നിൽ അവൾ തളർന്നിരുന്നു…
ക്ഷീണം അവളെ നന്നേ ബാധിച്ചിരുന്നു.
ഗർഭാവസ്ഥയിലെ എല്ലാ പ്രയാസങ്ങളും അവളെയും തളർത്തിയിരുന്നു….കാലുകൾക്ക് അൽപം കടച്ചിൽ അനുഭവപ്പെട്ടു കൺപോളകളിൽ ഭാരവും.
വിശ്വനാഥ് അടുത്തുണ്ടെന്ന ധൈര്യം ഉണ്ടായിരുന്നു.
പതിയെ ഇരുന്നു…തലവേദന തുടങ്ങിയിട്ടുണ്ട്. കണ്ണുകൾ പതിയെ അടഞ്ഞു പോയി വീണ്ടും ആയാസപ്പെട്ടു വലിച്ചു തുറന്നു.
പിന്നേയും പരാജയപ്പെട്ടു…

എപ്പോഴോ മയക്കം അവളെ കീഴ്പ്പെടുത്തിയിരുന്നു.
അവൾ മയങ്ങുന്നത് കണ്ടപ്പോൾ അവൻ സമാധാനിച്ചു. വെറുതേ നടന്നു ആധി കയറിയാൽ ഒന്നല്ല രണ്ടു ജീവനാണ് കേട്….അൽപം കൂടി സമയം കഴിഞ്ഞു ഓപ്പറേഷൻ തീയറ്ററിന്റെ വാതിൽ തുറക്കപ്പെട്ടു.വിശ്വനാഥ് സ്പന്ദനയെ ഉണർത്താൻ തുനിഞ്ഞു. പിന്നീട് വേണ്ടെന്നു വച്ചു.ആകാംഷയോടെ അവൻ പുറത്തേയ്ക്കു വരുന്ന ഡോക്ടറുടെ സമീപത്തേയ്ക്ക് കുതിച്ചു.”സർ, പാർവ്വതി???”
ഡോക്ടറുടെ മുഖം മാസ്ക് ധരിച്ചതു കൊണ്ടു വ്യക്തമായിരുന്നില്ല എങ്കിലും കണ്ണുകളിലെ വല്ലായ്മയും പൊടിയുന്ന വിയർപ്പുകണികളും ഒരു അപായ സൂചന അവനു കാട്ടിക്കൊടുത്തു.

“അത്……ഞാൻ അന്നേ ആ കുട്ടിയുടെ ബൈസ്റ്റാന്ററിനോട് പറഞ്ഞിരുന്നു. പാരമ്പര്യമായി വന്ന ഒരു ജനിത തകരാറു കൂടി ആണ് ഈ രോഗം…അതു വരേയ്ക്കും ഒരു ലക്ഷണങ്ങളും കാണിച്ചിരുന്നില്ല എങ്കിലും രോഗാവസ്ഥ അതിന്റെ മൂർദ്ധന്യത്തിൽ ആയിരുന്നു..പഴയപടി മാറാൻ വളരെ ചെറിയ ഒരു ശതമാനം മാത്രമാണ് പ്രതീക്ഷ. എന്നിട്ടും ആ കുട്ടി ഓപ്പറേഷൻ നടത്തുവാൻ തയ്യാറായി.
പാർവ്വതിയുടെ കണ്ടീഷൻ വളരെ മോശമായിരുന്നു.
ഞങ്ങളൊക്കെ യുഗം ആവതു ശ്രമിച്ചു.പക്ഷേ…..
ഞങ്ങൾക്കും മീതെ ഒരു ശക്തി ഉണ്ടല്ലോ അതിനപ്പുറം ഒന്നും ചെയ്യാൻ കഴിയില്ല. ഓപ്പറേഷൻ കഴിഞ്ഞതായിരുന്നു. അൽപം സമയത്തിനകം രക്തപ്രവാഹം സാധാരണ നിലയിൽ വരേണ്ടതായിരുന്നു…

പക്ഷേ….ബ്രെയിൻ ഡെത്ത്…..ഒന്നും ചെയ്യാൻ കഴിഞ്ഞില്ല….ഐ ആം എക്സ്ട്രീമിലി സോറി. ഷീ ഇസ് നോ മോർ…..സ്പന്ദനയെ അറിയിക്കുക. നമ്മുടെ കൈയ്യിൽ നിന്നില്ല ഇത്. എനിക്കും മനപ്രയാസം തോന്നുന്നു.”അവന് എന്തു ചെയ്യണം എന്ന് അറിയാത്ത അവസ്ഥയായിരുന്നു.
ആരും ആയിരുന്നില്ല എങ്കിൽത്തന്നെയും ഒരു മരണം കേട്ടതിൽ വല്ലാത്ത വേദനയുണ്ട്.മാറിയിരുന്ന ചെയറുകളിൽ ഒന്നിൽ തളർന്നു മയങ്ങുന്ന സ്പന്ദനയെ കണ്ടപ്പോൾ എന്തെന്നില്ലാത്ത വേദന തോന്നി.പാർവ്വതിക്ക് വേണ്ടിയാണ് അവർ ഈ കുഞ്ഞിനെ പോലും ചുമന്നത്.അവൾക്കു വേണ്ടിയാണ് സ്വന്തം ജീവിതം പോലും നോക്കാതെ ഇത്ര വലിയൊരു ത്യാഗം ഈ പ്രായത്തിൽതന്നെ ചെയ്യുവാൻ തീരുമാനിച്ചത്.

ആ അവളോട് എങ്ങനെ അവളുടെ കൂടെപ്പിറപ്പിന്റെ വിയോഗം അറിയിക്കുമെന്ന് അറിയാതെ അവൻ കുഴങ്ങി….സ്പന്ദനയുടെ മുഖം അപ്പോഴേക്കും അവൻറെ മനസ്സിൽ മുറിവുകൾ കോറി ഇട്ടിരുന്നു.
പെട്ടെന്ന് അവതരിപ്പിച്ചാൽ ഒരുപക്ഷേ അവൾ പരിസരം മറന്ന് പ്രതികരിക്കുമോ എന്നു പോലും അവൻ ഭയന്നു.എന്തുതന്നെ സംഭവിച്ചാലും അത് അവൾക്ക് മാത്രമല്ല അവളുടെ ഉള്ളിലുള്ള ജീവനെ കൂടി ഹാനികരമായി ബാധിക്കും.എന്തായാലും പതിയെ മുറിയിലേക്ക് കൊണ്ടുപോയി സംയമനത്തോടെ കാര്യങ്ങൾ പറയണം എന്ന് തീരുമാനിച്ചു.

തളർന്നു ഉറങ്ങുകയായിരുന്ന അവളെ അവൻ പതിയെ തട്ടി വിളിച്ചു.ഒരുവേള അവൻ അവൻ പെട്ടെന്ന് ഉണർത്തിയതിൽ സ്ഥലകാലബോധം ലഭിക്കാതെ അവൾ പരിഭ്രമിച്ചു ചുറ്റും നോക്കി…
ഒരു നിമിഷം വേണ്ടി വന്നു അവൾക്ക്..”ഞാൻ….
അറിയാതെ ഒന്നു കണ്ണടഞ്ഞു പോയി എന്താണെന്നറിയില്ല വല്ലാത്ത ക്ഷീണം ആണ്….
പാറു…..അവളെ…. അവളെ റൂമിലേക്ക് മാറ്റിയോ???എന്താ എന്നെ വിളിക്കാഞ്ഞേ? ഒത്തിരി നേരമായോ ഞാൻ മയങ്ങീട്ട്?”വെപ്രാളത്തോടെ കാര്യങ്ങൾ തിരക്കുന്ന അവളെ കണ്ടത് അത് അവൻ എന്തു പറയണം എന്നറിയാതെ കുഴങ്ങി…”അത്… ഡോക്ടർ തന്നോട് റൂമിലേക്ക് പോകാൻ പറഞ്ഞു അതാണ് വിളിച്ചത്, ഇവിടെ ഇങ്ങനെ ഇരിക്കാൻ അനുവദിക്കില്ലെന്ന്….

ഒന്നാമത് താൻ ക്യാരിയിങ് അല്ലേ???പാർവതിയുടെ കാര്യം ഡോക്ടർ വിളിച്ചു പറഞ്ഞോളാം എന്നും പറഞ്ഞിട്ടുണ്ട് അപ്പോൾ വന്നു കാണാനേ അനുവദിക്കൂ…..ഇപ്പോ എൻറെ കൂടെ വരൂ….”
അതെങ്ങനെയാ ശരിയാകുക??എന്റെ…. എന്റെ ചേച്ചി അല്ലേ??? ഞാനല്ലേ അടുത്ത് വേണ്ടത്??
അവൾക്ക് ബോധം തെളിഞ്ഞാൽ ആദ്യം തന്നെ എന്നെ ആകും അന്വേഷിക്കുക. അപ്പോൾ ഞാൻ ഇവിടെ ഇല്ല എന്ന് പറഞ്ഞാൽ എങ്ങനാ…..
ഞാൻ ഇവിടുന്ന് എങ്ങോട്ടും ഇല്ല എനിക്കൊരു പ്രയാസവുമില്ല ക്ഷീണവും ഇല്ല.
സർ വേണമെങ്കിൽ പോയി റെസ്റ്റ് എടുത്തോളൂ ഞാനിവിടെ ഇരുന്നോളാം…..”

“നോക്ക് സ്പന്ദന, ഇത് ഞാനായിട്ട് പറഞ്ഞതല്ല.
ഇവിടെ ഡോക്ടർ പറഞ്ഞത് അനുസരിക്കാതെ നമുക്കുമുന്നിൽ മറ്റു മാർഗ്ഗമില്ല താൻ ഇപ്പോ എൻറെ കൂടെ വാ…..ഞാൻ തന്നെ കൊണ്ടുപോയി പാർവതിയെ കാണിക്കാം പോരെ…..?”ഏതു വിധേനയും അവളെ നിർബന്ധിച്ചു റൂമിലേക്ക് ഒപ്പം കൂട്ടി.മനസില്ലാമനസ്സോടെ ആയിരുന്നു അവൾ അയാൾക്കൊപ്പം അയാളെ അനുഗമിച്ചത്.റൂമിൽ എത്തിയ ശേഷം വിശ്വനാഥ് അവൾക്കായി ഭക്ഷണം മേടിച്ചു കൊണ്ടുവന്നു നിർബന്ധിച്ചു കഴിപ്പിച്ചു.
കഴിക്കാൻ ഉള്ള ഗുളികകൾ ഓരോന്നായി എടുത്തു നൽകി.വല്ലാത്ത അക്ഷമയോടെ ആയിരുന്നു അവൾ ഓരോന്നും അവരുടെ നിർബന്ധത്തിനു വഴങ്ങി ചെയ്തുകൊണ്ടിരുന്നത്…..ഇപ്പോൾ പോകാം ഇപ്പോൾ പോകാമെന്ന് പറഞ്ഞു പിടിച്ചു നിർത്തുകയായിരുന്നു അവൻ.

“ഇനിയെന്തിനാ വൈകിക്കുന്നത് ഡോക്ടർ ഇതുവരെ വിളിച്ചില്ലല്ലോ പോയോ എന്നു നോക്കട്ടെ ഞാൻ….
സർ, പ്ലീസ് എന്നെ വിടൂ…..”എന്തൊക്കെയോ പറഞ്ഞു കൊണ്ട് തിരിച്ചു പോകാൻ ശ്രമിക്കുന്ന അവളെ അവൻ ബലമായി പിടിച്ചു ഒരിടത്ത് ഇരുത്തി.അവളുടെ രണ്ടു കൈകളും കൂട്ടിപ്പിടിച്ചു അവൾക്ക് അഭിമുഖമായി ഇരുന്നു.എന്താണ് നടക്കുന്നതെന്ന് അറിയാതെ അവളാകെ ചിന്താകുഴപ്പത്തിലായിരുന്നു…”നോക്ക് സ്പന്ദ,
നമുക്ക് പല കാര്യങ്ങളും അംഗീകരിക്കാൻ പറ്റിയെന്നു വരില്ല എങ്കിലും ജീവിതമല്ലേ ചിലതൊക്കെ ഇങ്ങനെയാണ്….ഞാൻ വളരെ ചെറുപ്പം ആയിരിക്കുമ്പോഴാണ് എൻറെ അച്ഛൻ ഞങ്ങളെ വിട്ടു പോയത്. അച്ഛനെ കണ്ട ഓർമ്മ ഉണ്ടായിരുന്നില്ല.
അമ്മ വളരെ ചെറുപ്പമായിരുന്നു.

എന്നിട്ടും അവർ തളർന്നില്ല. വെല്ലുവിളികളെ അതിജീവിച്ച്, കുത്തുവാക്കുകൾക്ക് മുന്നിൽ തല കുനിക്കാതെ, എന്നെ വളർത്തി. ഇന്ന് ഈ നിലയിൽ ഞാൻ നിൽക്കുന്നത് അമ്മയുടെ ധൈര്യത്തിന് ഫലമായി മാത്രമാണ്…..അതുപോലെ ജീവിതത്തിലെ ചില സന്ദർഭങ്ങളിൽ തനിയേ ധൈര്യവാന്മാരായി മാറേണ്ടതുണ്ട്…..ഒരിക്കലും ഒന്നിനും തളർന്നു പോകരുത്… തോറ്റു പോകുകയും അരുത്.തനിക്ക് അറിയാമല്ലോ തന്റെ അമ്മയുടെ അസുഖം.പാരമ്പര്യം ആയിരുന്നില്ലേ….പാർവ്വതി….
അവൾക്കും അതേ നില ആയിരുന്നു. അമ്മ വിട്ടുപോയിട്ടും നിങ്ങളുടെ അച്ഛൻ നിങ്ങളെ രണ്ടാളെയും ഒരു അല്ലല്ലുമില്ലാതെ വളർത്തിയില്ലേ??
അച്ഛൻ അന്ന് ജീവിതം അവസാനിപ്പിക്കാൻ തുനിഞ്ഞിരുന്നു എങ്കിലോ???

താൻ ഏറെ സ്നേഹിക്കുന്ന ആളാണ് തന്റെ ചേച്ചി. പക്ഷേ ചിലതൊക്കെ വിധി അങ്ങനെയാണ്…..
തൻറെ അമ്മയുടെ അതേ പോലെ അവളും……
ആരുടെയും കുറ്റമല്ല. അവളുടെ രോഗത്തിൻറെ അവസ്ഥ അതായിരുന്നു.ചികിത്സിച്ചു മാറ്റാൻ വളരെ കുറച്ചു മാത്രം പ്രതീക്ഷയുണ്ടായിരുന്ന ഒന്ന്.
താൻ…..താനിത് അംഗീകരിച്ചേ മതിയാകൂ സ്പന്ദേ…..”കേട്ടതൊന്നും അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. സ്തംഭിച്ചു നിൽക്കാനേ ആയുള്ളൂ….തലക്കകത്ത് അനുഭവപ്പെടുന്ന ശക്തമായ മൂളക്കത്തിന്റെ ഫലമായി തന്റെ ചെവികൾ രണ്ടും അവൾ അമർത്തിപ്പിടിച്ചു….ഒരു നിമിഷം….
രണ്ടു നിമിഷം……ആവുന്നത്ര ഉച്ചത്തിൽ അവൾ അലറി കരഞ്ഞു കൊണ്ട് അവളുടെ മുടിയിഴകളിൽ വലിച്ചു പറിച്ചു……..പാറൂ…..പാറൂ….
എന്ന ആർത്തനാദം വല്ലാത്തൊരു ശബ്ദത്തോടെ അവിടമാകെ അലയടിച്ചു…തന്നെ കൈകൾ രണ്ടും കൂട്ടിപ്പിടിച്ച് അവരുടെ കൈകൾ ബലമായി കുടഞ്ഞെറിഞ്ഞു കൊണ്ട് അവൾ വാതിൽക്കലേക്ക് ഓടി.

വാതിൽ തുറക്കുവാൻ ശ്രമിക്കുമ്പോഴേക്കും അവൾ വേച്ചു പോയിരുന്നു…അവളുടെ അടുത്തേക്ക് ഓടിയെത്തിയ അവനെ അവളെ തള്ളി മാറ്റി വാതിലിൽ ആഞ്ഞടിച്ചു കൊണ്ടിരുന്നു….ഒരു ഭ്രാന്തിയെപ്പോലെ മുടിയിഴകൾ പിച്ചിപ്പറിച്ച് തല വാതിലിൽ ശക്തിയായി ഇടിച്ചു കൊണ്ടിരുന്ന അവളെ അവൻ ബലമായി പിടിച്ചു പൊതിഞ്ഞു…..അവൾ ശക്തമായി പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും അവളുടെ കൈകൾ അത്രമേൽ ദുർബലമായിരുന്നു.അവന്റെ മേൽ കൈകൾ കൊണ്ട് ദുർബലമായി അടിച്ചു കരഞ്ഞു അൽപ നിമിഷത്തിനകം അവളാ നെഞ്ചിലേക്കു തളർന്നു വീണു….അവളുടെ കണ്ണീർക്കണങ്ങളാൽ അവൻറെ എൻറെ നെഞ്ചു നനഞ്ഞു….തളർച്ചയിലേക്കു നീങ്ങിയ അവളെ പൊതിഞ്ഞു പിടിച്ച കൈകൾ മുറുകിത്തന്നെ ഇരുന്നു….

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

സ്പന്ദനയെ തനിച്ചു വിടാൻ അവനു ഭയം തോന്നി.
അവളുടെ മനസ്സ് ഇപ്പോൾ സമുദ്രത്തിൽകൊടുങ്കാറ്റിൽ അകപ്പെട്ട പായ്ക്കപ്പൽ പോലെയാണ്. ഏതു നിമിഷവും എന്തും അവൾക്ക് തോന്നാം….
അവളെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ…
സ്വന്തമെന്നു പറയാൻ ഇനിയീ ഭൂമിയിൽ ആരാണവൾക്കുള്ളത്…..അവളെ അവൻ കിടക്കയിലേക്കു പതിയെ കിടത്തി….
തീരേ തളർന്നു അവശയായെങ്കിലും അവളിൽ നിന്നും നേർത്ത തേങ്ങലിൻ സ്വരങ്ങൾ പുറത്തേക്കു ചിതറി.
ആ രാത്രി മുഴുവൻ അവൾ അബോധാവസ്ഥയിൽ എന്ന പോലെ പിച്ചും പേയും പറഞ്ഞു കരഞ്ഞു.
ഉറക്കത്തിനിടയിൽ പാറൂവെന്നു വിളിച്ചു അവൾ കിടക്കയിൽ നിന്നും എഴുന്നേറ്റു ഓടാൻ ശ്രമിച്ചു.

വീണ്ടും ശക്തി പ്രയോഗിച്ചു അവളെ തിരിച്ചു കിടത്തേണ്ടിവന്നു. ഈ രാത്രി അവളെ വിട്ടു പോകുന്നത് അപകടമാണെന്ന് അവൻ മനസ്സിലാക്കി.
ആ രാവു മുഴുവൻ അവൾക്കരികിൽ ഇരുന്നു. കൺപോളകൾ അടഞ്ഞു പോവുന്നതിന് അവന് ഭയം തോന്നി. ഒരുവേള തന്നെ ശ്രദ്ധ മാറിയാൽ അവളെന്തെങ്കിലും…..അവൾക്കുള്ളിൽ തുടിക്കുന്ന തന്റെ ജീവനു വേണ്ടി മാത്രം ആണോ ഇത്??
അവനു ഉത്തരം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
പക്ഷേ അവളെ ഇനിയൊരു ദുരന്തത്തിലേക്കു വിട്ടുകൂടാ എന്ന് മനസ്സിലിരുന്നാരോ പലവുരു ആവർത്തിക്കും പോലെ….ആ രാവു മുഴുവൻ അവൻ അവളിൽ നിന്നും ദൃഷ്ടി മാറ്റാതെ ഒരേയിരിപ്പിരുന്നു….

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

കണ്ണുകളിൽ വെളിച്ചം തട്ടിയപ്പോൾ അവൾ പിടഞ്ഞെഴുന്നേറ്റു.കിടക്കയുടെ ഏറ്റവും ഓരത്തോടു ചേർന്ന് അവളുടെ കാലുകൾക്ക് മീതെ കൈകൾ വച്ചു തളർന്നു മയങ്ങുന്ന വിശ്വനാഥിനെ കണ്ട് ഒരു നിമിഷം അവൾ പകച്ചുവെങ്കിലും ചിന്തകൾ ശരിയായി ഒഴുകിയപ്പോൾ ഇന്നലെ മനസ്സിനെ പിടിച്ചുലച്ചതൊക്കെ ഓർമ്മ വന്നു……വല്ലായ്മയോടെ അവൾ കാലുകൾ പിറകോട്ടേക്കു വലിച്ചതും അവൻ ഞെട്ടി എഴുന്നേറ്റു….അവളുടെ അവിടെ പ്രതികരണം എന്താവും എന്നതിനെക്കുറിച്ച് അവന് ആശങ്കയുണ്ടായിരുന്നു ഇന്നലത്തെപ്പോലെ ഇന്നും അവൾ നിയന്ത്രണം കൈവിട്ടു വല്ലതും……..
സ്പന്ദന, താൻ…..ഇപ്പോ ഒന്നും ചിന്തിക്കേണ്ട….
പ്ലീസ് അപേക്ഷയാണ്….”

അവളുടെ മൗനം അവനെ ചിന്താക്കുഴപ്പത്തിലാക്കി. ഏറെ നേരം അവളൊരേ ഇരിപ്പും തുടർന്നു.
“എനിക്ക്……എനിക്കൊന്നു മുഖം കഴുകണം….”
ദീർഘമായ അനിശ്ചിതത്വത്തിനൊടുവിൽ അവൾ അതായിരുന്നു ആവശ്യപ്പെട്ടത്…..അവനത് സമ്മതിക്കാതെ മറ്റു വഴികൾ ഇല്ലാത്തിനാൽ മൗനാനുവാദം നൽകി.വേച്ചു വേച്ചു അവൾ ബാത്ത്റൂമിലേക്കു കയറി. വാതിൽ കുറ്റിയിട്ടു.നിർവികാരതയോടെ അത്രയും നേരം നോക്കിയിരുന്ന. അവന് മനസ്സിൽ എന്തോ അപായസൂചന മുഴങ്ങിയതായി തോന്നി….രണ്ടു നിമിഷം ആലോചിച്ചതിനു ശേഷം ദ്രുതഗതിയിൽ അവൻ അടച്ച വാതിലിനടുത്തേക്കു കുതിച്ചു………

………തുടരും……..
(NB: ജീവിച്ചിരിക്കുന്നവരായോ മരിച്ചവരുമായോ ഈ കഥയ്ക്ക് യാതൊരു ബന്ധവുമില്ല. കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രമാണ്.)