രചന : ഗായത്രി സുരേന്ദ്രൻ
ആളുടെ മുഖത്തേയ്ക്കു നോക്കി. ഇവിടെ നിൽക്കുന്ന ഓരോ നിമിഷത്തിലും ആൾ വലിയ അസ്വസ്ഥത അനുഭവിക്കും പോലെ….എത്രയും പെട്ടെന്ന് അമ്മയെ കൊണ്ടുപോകാനുള്ള പരിശ്രമത്തിലാണ്….അമ്മ യാത്രാനുമതിക്കായി കണ്ണുകൾ തന്നിലേയ്ക്ക് തിരിച്ചു…നനുത്ത പുഞ്ചിരിയോടെ യാത്രാനുവാദം നൽകി….
അദ്ദേഹം തന്റെ മുഖത്തു നോക്കുവാൻ പോലും അശക്തനാണെന്ന പോലെ അമ്മയ്ക്കൊപ്പം മുറിവിട്ടിറങ്ങി…..അവർ പോയിക്കഴിഞ്ഞും അവൾക്ക് ഒറ്റയ്ക്കു ഇരിക്കുവാൻ പ്രയാസം തോന്നിയില്ല…ഇന്നലെ വരെ കൂടെ ഉണ്ടായിരുന്ന അനാഥത്വം തെല്ലൊന്നു മാഞ്ഞതു പോലെ…..
നേർത്ത തണുപ്പ് മനസ്സിനെ പൊതിയുന്ന പോലെ……ഒരു ചെറു പുഞ്ചിരിയോടെ അവൾ പുറത്തു ബാൽക്കണിയിലൂടെ കാണുന്ന ആകാശത്തെ നക്ഷത്രങ്ങളെ കണ്ണിമയ്ക്കാതെ നോക്കിക്കൊണ്ടിരുന്നു…….
****** ******* ******
ഏറെ വൈകിയാണ് എഴുന്നേറ്റത്….വെയിലിന്റെ ഇഴകൾ ബാൽക്കണിയിൽ നിന്ന് അകത്തേയ്ക്ക് എത്തിനോക്കുകയാണ്…ഏതൊക്കെയോ പക്ഷികളുടെ ശബ്ദം ഉയരുന്നു….
അവൾ അതിനായ് കാതോർത്തു കൊണ്ട് ബാൽക്കണിയിലേക്ക് ഇറങ്ങി….ചിലപ്പോൾ ആ പക്ഷികൾ തീറ്റ തേടി പോകുന്നതിനും മുൻപ് കൂട്ടിലുള്ള കുഞ്ഞുകിളികളോട് യാത്ര ചോദിക്കുക ആയിരിക്കുമോ???അതോ വൈകും വരേയ്ക്കും ഇണയെ പിരിഞ്ഞു ഇരിക്കുന്നതിന്റെ പരിഭവം പറയുകയോ???
ഏതൊക്കെയോ ചിന്തകളിലൂടെ മനസ്സ് പാറിപ്പറന്നു കൊണ്ട് ഇരുന്നു….അവൾക്കവിടം ഒത്തിരിയിഷ്ടമായി… അവൾക്കു ആദ്യം തോന്നിയ അപരിചിതത്വം പതിയെ മാറിത്തുടങ്ങി….പ്രാതൽ കഴിക്കുമ്പോൾ തന്നെ മനംപിരട്ടൽ ഉണ്ടായിത്തുടങ്ങി….ഏറെ ഇഷ്ടമായിരുന്നു ദോശയും മുളക് ചട്നിയും. പാറു ചൂട് ചൂടായി ഉണ്ടാക്കി നൽകുന്നത് അടുക്കളത്തിണ്ണയിൽ ഇരുന്നു തന്നെകഴിച്ചുതീർക്കുമായിരുന്നു…അതിനോടാണിപ്പോൾ വൈമുഖ്യം….
അതിന്റെ ഗന്ധം ആണ് ഏറ്റവും അരോചകമായി തോന്നിയത്…
അവൾക്കു അവളോടു തന്നെ കൗതുകം തോന്നി…
അവൾക്കപ്പോഴും അതൊന്നും ഉൾക്കൊള്ളുവാൻ സാധിച്ചിരുന്നില്ല….
അൽപം കാപ്പി കുടിച്ചു….
എഴുന്നേറ്റു….
പിന്നീട് ആണ് ഓർത്തത് മരുന്നു കഴിക്കും മുമ്പ് വല്ലതും കഴിച്ചേ മതിയാകൂ…
അതു കരുതി മാത്രം ഇഷ്ടം തോന്നാഞ്ഞിട്ടും അൽപം പഴങ്ങൾ കഴിച്ചു…
പഴയ കുറച്ചു പുസ്തകങ്ങൾ എടുത്തിട്ടുണ്ട് ബാൽക്കണിയിൽ ചെന്നിരുന്നു അതൂ വായിക്കുകയോ അല്ലെങ്കിൽ വല്ലതും കുത്തിക്കുറിക്കുകയോ ആകാമെന്ന് തോന്നി….
അതിനും മുമ്പ് മനസ്സ് പാറുവിന്റെ അടുത്തേയ്ക്ക് പോയിരുന്നു.
അവസാനം അങ്ങോട്ടേക്ക് തന്നെ പോകാൻ തീരുമാനിച്ചു….
അവൾ ഐസിയുവിലേക്ക് മാറിയിരുന്നു…
അതിനകത്തു കയറാൻ അനുവാദമില്ല. ഒത്തിരി അപേക്ഷിച്ച് ഒടുക്കം പരിമിതമായ സമയത്തിനകം കണ്ടു മടങ്ങുവാൻ അനുവാദം മേടിച്ചു….
അവൾ മയങ്ങുകയാണെന്ന് തോന്നി…
ഒരു പുൽക്കൊടി പോലെ ആ പച്ചവിരിയിട്ട കിടക്കയിൽ തളർന്നു മയങ്ങുന്നതു കണ്ടു നെഞ്ചു വിങ്ങിപ്പോയി…
അവളുടെ മുടിയിഴകൾ എണ്ണമയം നഷ്ടപ്പെട്ടു മുഖത്തേയ്ക്കു പാറിയിരിക്കുന്നു….
സ്പന്ദന പാർവ്വതിയുടെ അടുത്തേയ്ക്ക് ഇരുന്നു. അവളുടെ മുഖത്തു വീണു കിടന്ന മുടിയിഴകളെ കൈവിരലുകളാൽ പതീയെ ഒതുക്കി വച്ചു പാർവ്വതിയുടെ മുഖം തുടച്ചു കൊടുത്തു……
ഇരു കവിളിലും നെറ്റിയിലും കണ്ണുകളിലും വാത്സല്യപൂർവ്വം ചുംബിച്ചു…..
അവളാകെ മാറിപ്പോയിരിക്കുന്നു. പഴയ പാർവ്വതിയുടെ നിഴൽ പോലെയിരിക്കുന്നു…
ശോഭയാർന്ന കണ്ണുകളിൽ നിഴൽ വീണു ഇരുണ്ടു കിടക്കുന്ന കൺതടങ്ങൾ…
മിനുത്ത കവിളിൽ നിന്നും വരണ്ട് ഒട്ടിയ കവിൾത്തടങ്ങളിലേയ്ക്കുള്ള പരിണാമം….
അവളുടെ നനുത്ത അധരങ്ങളിന്ന് വരണ്ടു വിണ്ടു കീറിയ നിലം പോലെ കഠിനമായതായ് തോന്നി….
അവളുടെ കൈത്തലങ്ങൾ കവിളിനോടു ചേർത്തു നിശബ്ദമായി കരഞ്ഞു…
എന്തോ ഓർത്ത് അവൾ കണ്ണുനീർത്തുള്ളികൾ നീക്കി പാർവ്വതിയുടെ കാതോരം അധരങ്ങൾ കൊണ്ടു ചെന്നു….
“പാറൂട്ടി വേഗം വായോ…..
ന്റെ വയറ്റിൽ ഇപ്പഴ് ഒരു കുഞ്ഞുവാവയുണ്ട്ല്ലോ….
ന്റേതല്ലാട്ടൊ എന്നാലും…..
നിനക്കു കാണാൻ നല്ല കൗതുകം ആയിരിക്കും….
ന്നെ നീയ്യ് വഴക്കൊന്നും പറയരുത്ട്ടോ….
ഇതൊരു നല്ല കാര്യം ല്ലേ…
കുഞ്ഞുങ്ങളില്ലാത്തോർക്ക് ഒരു കുഞ്ഞിനെ കിട്ടാ ന്നു വച്ചാ……
കുഞ്ഞോള് പുറത്തുണ്ടേ….
പക്ഷേങ്കില് ന്റെ മനസ്സ് നിന്റടുക്കലു വച്ചിട്ടാണ് ട്ടോ പോവ്വണത്…..”
അത്രയും വളരെ പതിയെ ആദ്രമായി പാറുവിന്റെ കാതിൽ മൊഴിഞ്ഞു.
ഒരുവട്ടം കൂടി അവളുടെ നെറ്റിയിൽ ചുംബിച്ചു. കണ്ണുനീർ തുള്ളികൾ മാറ്റി തിരിച്ചു ഇറങ്ങി….
റൂമിലേക്ക് വളരെ പതുക്കെയാണ് കാലുകൾ ചലിച്ചത്…
ഇപ്പോൾ ഇടയ്ക്കിടെ വല്ലാത്ത ഒരു മന്ദത മനസ്സിനെ വന്നു മൂടും എപ്പോൾ മനസ്സും ശരീരവും ഒരുപോലെ ചലനരഹിതമാകും…..
റൂമിൽ എത്തിയപ്പോൾ വാതിൽ തുറന്നു കിടപ്പുണ്ടായിരുന്നു…
നഴ്സ് ബിപി ചെക്ക് ചെയ്യാൻ വന്നിട്ടുണ്ടാകാം കാണാതെ വന്നപ്പോൾ തിരിച്ചു പോയിട്ടുണ്ടാകും എന്നാണ് കരുതിയത്…
പക്ഷേ റൂമിലേയ്ക്ക് കയറിയപ്പോൾ ആണ് അവിടെ നിലയുറക്കാത്തതു പോലെ തലങ്ങും വിലങ്ങും നടക്കുന്ന ആളെ കണ്ടത്….
ആളുടെ പരിഭ്രമം കാണുമ്പോൾ എങ്ങുനിന്നോ ഒരു ചിരി ചുണ്ടുകളിൽ പാറി വീണുപോകും…
അവൾ ഒന്നു ചുമച്ചു….
അതുകേട്ടാകണം ആളൊന്ന് തിരിഞ്ഞു നോക്കി….
“അത്……
ഞാൻ…….
സ്പന്ദനയെ ചെന്നു കാണാൻ അമ്മ പറഞ്ഞു വിട്ടതാണ്….
വന്നപ്പോൾ താനിവിടെ ഇല്ലായിരുന്നു… അതാണ്…
ക്ഷമിക്കണം താൻ ഇല്ലാതെ തന്റെ മുറിയിൽ കയറിയതിനു….”
എന്തൊക്കെയോ എങ്ങനെയൊക്കെയോ പറഞ്ഞു വരുത്തിയത് പോലെ ആണ് അവൾക്ക് തോന്നിയത്….
എന്തോ ഒരു അയിത്തം ബാധിക്കുമോ എന്നു ഭയപ്പെട്ടു അകന്നു സംസാരിക്കും പോലെ….
ഒന്നുമില്ലെങ്കിലും ഒരു വർഷമെങ്കിൽ ഒരു വർഷം തന്നെ പഠിപ്പിച്ച മനുഷ്യനല്ലേ….
പ്രണയം അതു തന്റേതായിരുന്നു ആൾക്കു പ്രണയം എന്നതിന്റെ നിർവ്വചനം മറ്റൊരുവളായിരുന്നു…
ശരിതന്നെ….
എന്നു കരുതി അപരിചിരോടു പോലും ആരെങ്കിലും ഇങ്ങനെ പെരുമാറുമോ???
അത്രയ്ക്കും നികൃഷ്ട ജീവിയാണോ താൻ….
അയാളുടെ കുഞ്ഞ് തന്റെ ഉദരത്തിൽ ആയിപ്പോയി എന്ന വേവലാതി ആയിരിക്കും……
എടുത്തു മാറ്റി മറ്റെവിടേയ്ക്കെങ്കിലും കൊണ്ടു വയ്ക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ അതും ചെയ്തേനെ ഈ മനുഷ്യൻ….
അവൾക്കു എന്തെന്നില്ലാത്ത ദേഷ്യമാണ് മനസ്സിൽ നിറഞ്ഞത്….
“ക്ഷമാപണം എന്തിനാണ്??
സർ വിലകൊടുത്തു വാങ്ങിയ മുറി.
അവിടെ സർ വിലകൊടുത്തു വാടകയ്ക്ക് എടുത്ത ഞാൻ, എന്തു പറയാനാണ്???”
ആ മറുചോദ്യം ആളൊട്ടും പ്രതീക്ഷിച്ചിരുന്നില്ല എന്നു തോന്നി….
കാതടപ്പിക്കുന്ന ശബ്ദത്തിൽ വാതിൽ വലിച്ചടച്ചു ഇറങ്ങിപ്പോയി….
ഒരു തുള്ളി പോലും കണ്ണു നിറഞ്ഞില്ല. ഒരു തരിമ്പു പോലും സങ്കടവും തോന്നിയില്ല….
അങ്ങനേ ഇരുന്നു….
ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോൾ വാതിലിൽ മുട്ടുന്നത് കേട്ടു…
ഡോർ ചാരിയിട്ടേയുള്ളൂ എന്നിട്ടും വാതിലിൽ മുട്ടുന്നതു തുടർന്നതു കൊണ്ടാണ് എഴുന്നേറ്റു പോയി നോക്കിയത്.
സാർ തന്നെ ആയിരുന്നു അത്. തന്റെ മുഖത്തേയ്ക്കു പോലും ആൾ നോക്കുന്നില്ല…
പണ്ടൊക്കെ ക്ലാസു കഴിഞ്ഞു കോളേജ് വരാന്തയിലൂടെ കടന്നു പോകുമ്പോൾ കണ്ടിട്ടും കാണിക്കുന്ന അതേ അവഗണന….
വാതിൽ മലർക്കെ തുറന്നിട്ടു തിരിച്ചു കിടക്കയിൽ പോയി ഇരുന്നു. അകത്തേക്കു കയറാൻ ക്ഷണിച്ചൊന്നും ഇല്ല. വേണമെങ്കിൽ കയറട്ടെ….
കുറച്ചു കഴിഞ്ഞു ആൾ അകത്തേക്ക് കടന്നു ഇരിപ്പുണ്ടായിരുന്ന ടേബിളിൽ കുറേയധികം കവറുകൾ വച്ചു…
അപ്പോഴും വല്ലാത്ത ഈർഷ്യ ആണ് തോന്നിയത്….
“എനിക്ക് ആവശ്യത്തിലധികം ഭക്ഷണം ഇവിടെ കിട്ടുന്നുണ്ട്.
സർ ഇനിയും ഓരോന്നും വാങ്ങിച്ചു കൂട്ടേണ്ടതില്ല….”
പിറുപിറുക്കും പോലെ പതിയെ ആണ് പറഞ്ഞത്….
“നിനക്കു എന്തു വേണം എന്നു നോക്കിയല്ല ഞാൻ ഇതു മേടിച്ചത്….
എന്റെ കുഞ്ഞിനു വളരാൻ വേണ്ടുന്നത് ഒക്കെയും ഞാൻ വാങ്ങും…
ഞാൻ വിലകൊടുത്തു മേടിച്ചതല്ലേ എല്ലാം…
പിന്നെ എന്തിനു ചോദ്യം ചെയ്യാൻ നിൽക്കുന്നു??!!!”
പതിയെ പറഞ്ഞുവെങ്കിലും അതു ആൾ കേട്ടു. അതിനു മറുപടി കിട്ടിയത് വളരെ വ്യക്തമായിട്ടായിരുന്നു….
താൻ പറഞ്ഞ വാക്കുകൾ തന്നെ ആണ് സാർ തിരിച്ചു പ്രയോഗിച്ചിരിക്കുന്നത്. എങ്കിൽ പോലും അതു കേട്ടപ്പോൾ എവിടുന്നോ ഒരു പിടച്ചിൽ ഉയർന്നു നെഞ്ചിൽ തങ്ങി….
“അമ്മയുടെ നിർബന്ധം സഹിക്കാൻ വയ്യ അതുകൊണ്ട് വന്നതാണ്……
അല്ലെങ്കിലും വിലകൊടുത്തു മേടിച്ച വസ്തുക്കൾ ഭദ്രമായി ഇരിപ്പുണ്ടോയെന്ന് ഉടമസ്ഥർ വന്നു നോക്കണമല്ലോ….”
നീണ്ട ഒരു നിശബ്ദത ആയിരുന്നു പിന്നീടങ്ങോട്ട്…
മുഖം ഉയർത്തി ആളെ നോക്കിയതേയില്ല…
എന്തൊക്കെയോ ഉള്ളിൽ നിന്നും തികട്ടി വരുന്നുണ്ടായിരുന്നു അവൾക്ക്….
“ഞാൻ ഡോക്ടറെ കാണാൻ പോകുന്നു….”
അൽപസമയം കഴിഞ്ഞപ്പോൾ അതും വിശ്വനാഥ് പറഞ്ഞു തിരികെ നടന്നു….
അയാളുടെ കാലടികളുടെ സ്വരം കാതുകളിൽ നിന്നും അകന്നു നേർത്തു പോയ മാത്രയിൽ സ്പന്ദന മുളചീന്തും പോലെ പൊട്ടിക്കരഞ്ഞു പോയി…..
കൈപ്പത്തിയിൽ മുഖം ഒളിപ്പിച്ചു ഏറെ നേരം വിമ്മിക്കരഞ്ഞപ്പോൾ അവൾക്ക് ഒട്ടൊരു ആശ്വാസം തോന്നി…..
അവളുടെ നയനങ്ങൾ അപമാനഭാരത്താൽ കത്തിയിരുന്നു……
“വിലകൊടുത്തു വാങ്ങിയത്……”
ഇടർച്ചയോടെ പലവുരു അവളാ വാചകം ഉരുവിട്ടു കൊണ്ടിരുന്നു……
ഇനിയും എത്രനാൾ അടിമത്വം പേറി ജീവിക്കണം എന്നുള്ളത് ആലോചിക്കുവാൻ വയ്യ.
പാറുവെങ്കിലും കൂടെ ഉണ്ടായിരുന്നെങ്കിൽ….
ഒരുപക്ഷേ പാറുവിനു ഒന്നും സംഭവിച്ചില്ലെങ്കിൽ അയാളെ ഈ ജന്മം ഒരു വട്ടം കൂടി കാണുക തന്നെ ഇല്ലായിരുന്നു…
ഏതൊക്കെയോ വഴികളിലൂടെ ആണ് ജീവിതം കടന്നു പോയ്ക്കൊണ്ടിരിക്കുന്നത്….
അവൾക്കു തലയ്ക്കു ഭാരം അനുഭവപ്പെട്ടു. രാത്രി ഉറക്കം അത്ര സുഗമമല്ല…
ഇടയ്ക്കിടെ ഞെട്ടിയുണരും. പിന്നീട് ഉറക്കം മിഴികളെ അടയ്ക്കും വരെ ഇരുട്ടിൽ കണ്ണും നട്ട്…….
കുറച്ചു മയങ്ങിപ്പോയി. വാതിൽക്കൽ അവ്യക്തമായി മയക്കത്തിനിടയിലും മുട്ടു കേട്ടു. ചാരിയതല്ലേയുള്ളൂ ചെന്നു തുറക്കുവാൻ വയ്യ. അവളുടെ കണ്ണുകൾ താനേ അടഞ്ഞു….
കണ്ണുകളിൽ ജലകണികകൾ ശക്തിയായി പതിച്ചത് അറിഞ്ഞാണ് അവൾ പിടഞ്ഞ് എഴുന്നേറ്റത്…
മുൻപിൽ പരിഭ്രമത്തോടു കൂടി വിശ്വനാഥ് നിൽക്കുന്നു…
നറു കയ്യിൽ വെള്ളം നിറച്ച ജഗ്ഗ് ഉണ്ട്…
“സ്പന്ദനാ തനിക്കു വല്ല പ്രയാസങ്ങളും ഉണ്ടോ???
എന്നോടുള്ള ദേഷ്യത്തിന്റെ പുറത്തു കുഞ്ഞിന്റെ ജീവൻ അപകടത്തിലാക്കരുത്.
എന്തെങ്കിലും ഉണ്ടെങ്കിൽ തുറന്നു പറയണം. വെറുതേ വാശി വച്ചു ഇരിക്കാതെ….”
അയാളത് ചോദിക്കുമ്പോൾ തന്നെ മനസ്സിലായിരുന്നു ആ ശബ്ദത്തിൽ നിലനിന്നിരുന്ന ഉത്കണ്ഠ…
സ്വന്തം കുഞ്ഞിന്റെ കാര്യത്തിലുള്ള വേവലാതി…,
ഇല്ലെന്ന് അവൾ തലയാട്ടി…. അപ്പോഴും അവളുടെ ശിരസ്സ് കുനിഞ്ഞിരുന്നു.
ഒരു ദീർഘനിശ്വാസത്തോടെ വിശ്വനാഥ് അടുത്തു കണ്ട മരക്കസേരയിലേക്ക് ഇരുന്നു.
അയാളുടെ മുഖം ആകുലതകൾ ഒക്കെയും അകന്നു ശാന്തത കൈവരിച്ചിരുന്നു…..
“അമ്മ…… അമ്മയ്ക്കു തന്റെ കാര്യത്തിൽ വല്ലാത്ത വേവലാതിയാണ്….
ഇന്നു രാവിലെ തന്നെ എഴുന്നേൽപ്പിച്ചു വിട്ടതാണ്…
കാര്യങ്ങൾ അന്വേഷിക്കാൻ…
അതുകൊണ്ടാണ്……………..”
“സർ സമയം കളഞ്ഞു വരണം എന്നില്ല. കൈപ്പറ്റിയ പണത്തിനോടുള്ള നന്ദി ഞാൻ മറക്കില്ല.
എന്റെ ജീവൻ നഷ്ടമായാൽ പോലും എനിക്കു പ്രയാസം ഇല്ല.
സാറിന്റെ കുഞ്ഞിനെ ഞാൻ സുരക്ഷിതമായി ഏൽപ്പിച്ചിരിയ്ക്കും.
എന്നെ വിശ്വസിക്കൂ..
അതോർത്തു വേവലാതിപ്പെടേണ്ട….”
“താൻ വെറുതേ എഴുതാപ്പുറം വായിക്കാൻ മെനക്കെടേണ്ട….
ഇവിടെ ആരും സഹായത്തിന് ഇല്ലാത്തത് ആണ്…
ഈ മട്ടിലുള്ള സംസാരം അതെന്നെ ഭ്രാന്തു പിടിപ്പിക്കും…
എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കണം നമ്പർ ഞാൻ ഇവിടെ വയ്ക്കാം….
ഇത് എന്റെ കൂടെ ഉത്തരവാദിത്വം ആണല്ലോ….”
ഒരു കടലാസു കഷ്ണത്തിൽ എന്തോ കുറിച്ചു അയാൾ മേശമേൽ വച്ചു. ധൃതിയിൽ പുറത്തേക്കിറങ്ങി….
അവൾ പതിയെ കിടക്കയിൽ നിന്നും എഴുന്നേറ്റു. മുറിയടച്ചു. ബാൽക്കണിയിലേക്ക് നീങ്ങി….
ഒത്തിരി വേദന വരുമ്പോഴൊക്കെ ഇലഞ്ഞിമരത്തിൻ ചുവട്ടിൽ ആയിരുന്നു പണ്ട് അഭയം തേടാറ്…
ഇന്നതില്ല….
ഇലഞ്ഞി മരം ഇപ്പോഴും അവിടെ ഉണ്ടായിരിക്കും. പക്ഷേ ഞാൻ…..
ഏന്തിനാണയാളിങ്ങനെ വേദനിപ്പിക്കുവാൻ ശ്രമിക്കുന്നത്??
എന്തിനാണ് വീണ്ടും വീണ്ടും ഈ വിധം മനസ്സിൽ മുറിവുകൾ കോറിയിടുന്നത്???
അവളുടെ കൈവിരലുകൾ ബാൽക്കണിയിലെ പിടിയിൽ മുറുകി….ഒരുപക്ഷേ തനിക്കു വെറുതേ തോന്നുന്നതാകുമോ?ഒരിയ്ക്കൽ ആഗ്രഹിച്ചതെന്തോ ലഭിക്കാതെ പോയതിന്റെ വാശി ആണോ തനിക്കയളോട്..ഇപ്പോഴൊരു പ്രണയം മനസ്സിലില്ല ഉറപ്പ്…പക്ഷേ നഷ്ടപ്രണയത്തിന്റെ മുള്ളുകൾ കുത്തി നോവിക്കുന്നിടത്തോളം തനിക്കയാളോട് സൗമ്യമായ് പെരുമാറാൻ കഴിയില്ല….അവൾ നിലത്തേയ്ക്ക് തളർന്നിരുന്നു. വെയിലിന്റെ ആധിക്യം അവളെഒന്നുകൂടിദുർബലയാക്കി….എവിടെയൊക്കെയോ തോൽപ്പിച്ചു കളഞ്ഞതല്ലേ തന്നെ…തോൽവിയുടെ കയ്പ്പു നീരുള്ളിൽ നിറയുവോളം ഞാൻ നിങ്ങളെ അകറ്റി നിർത്തും വിശ്വനാഥ്……”
തളർച്ച മിഴികളിൽ നിറയുവോളം അവൾ അവ്യക്തമായെങ്കിലും ആ വാക്കുകൾ ഉരുവിട്ടു കൊണ്ടിരുന്നു…….
………..തുടരും……………
(NB: ജീവിച്ചിരിക്കുന്നവരായോ മരിച്ചവരുമായോ ഈ കഥയ്ക്ക് യാതൊരു ബന്ധവുമില്ല. കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രമാണ്.)

by