രചന – അയിഷ അക്ബർ
സീതേ… ഒന്നിങ്ങു വന്നേ… പൂമുഖത്തു നിന്നു മാധവൻ നീട്ടി വിളിച്ചു…. കൈകളിലെ വെള്ളം സാരി തലപ്പു കൊണ്ട് തുടച്ചവർ വന്നു….. അയ്യോ…. ഇതാരൊക്കെയാ വന്നിരിക്കുന്നെ…. കയറു കയറു…. വല്യമ്മേ…… വിളിക്കുന്നതോടൊപ്പം മഹേഷ് അവരെ ചേർത്ത് പിടിച്ചു… അവരും അവനെ കെട്ടിപ്പിടിക്കുന്നതിനിടയിലാണ് മഹേഷിന്റെ കൂടെ വന്ന പെൺകുട്ടിയിലേക്കവരുടെ കണ്ണുകൾ പതിഞ്ഞത്… അവൾ അവരുടെ മുഖത്തു നോക്കി ചിരിക്കുന്നുണ്ടായിരുന്നു… വല്യമ്മേ…. ഇതാണ് നിഷ… ഇത് ഞങ്ങളുടെ മോള് വേദ…. അവളുടെ കൈകളിലിരുന്ന കുഞ്ഞിനെ വാങ്ങി അവൻ രണ്ട് പേരെയും പരിചയപ്പെടുത്തി….. വിദേശത്തായിരുന്ന അവൻ ഒരു പെങ്കൊച്ചിന്റെ കൂടെ കല്യാണം കഴിക്കാതെ പൊറുക്കുകയാണത്രെയെന്നും പറഞ്ഞു തന്റെ അനിയത്തി സുഭദ്ര കരഞ്ഞതവർ പെട്ടെന്നോർത്തു……
അവരുടെ കുഞ്ഞിനെ സീത കൈനീട്ടി വാങ്ങി…. അവൾ പുഞ്ചിരിച്ചു കൊണ്ട് സീതയിലേക്ക് ചാഞ്ഞു….. നീയെന്താടാ ഒരു മുന്നറിയിപ്പുയുമില്ലാതെ നാട്ടിലോട്ടു…… അകത്തേക്ക് കയറുന്നതിനിടയിൽ സീത ചോദിച്ചു…. ഒന്നുല്ല വല്യമ്മേ…. അമ്മക്ക് മോളേ കാണാൻ തിടുക്കായീന്ന് പറഞ്ഞപ്പോ ഇങ് പോന്നു…. മോളെന്താ ഒന്നും മിണ്ടാത്തെ….. ഇവിടൊക്കെ ഇഷ്ടായോ.. അവളോടൊന്നും മിണ്ടിയില്ലല്ലോ എന്നോർത്തപ്പോഴാണ് സീതയത് ചോദിച്ചത് .. ഹാ…. ഇഷ്ടമായി….. വല്യമ്മയെ കുറിച് മഹേഷേപ്പോഴും പറയാറുണ്ട്…. മഹേഷിന്റെ ബെസ്റ്റ് ഫ്രണ്ട് ആണെന്ന്… അവളത് പറയുമ്പോൾ സീത പൊട്ടിച്ചിരിച്ചിരുന്നു…. അങ്ങനൊക്കെ പറഞ്ഞു പിടിപ്പിച്ചോടാ നീ… എന്ന് പറഞ്ഞു മഹേഷിന്റെ കയ്യിലൊരു നുള്ള് കൊടുക്കുമ്പോൾ അവനും പുഞ്ചിരിച്ചിരുന്നു…… സിദ്ധു….. സിദ്ദുവിനെ കണ്ടതും അവന്റെ മുഖം വല്ലാണ്ട് പ്രകാശിച്ചിരുന്നു……
ഡാ……. സിദ്ധു ഓടി വന്നവനെ കെട്ടിപ്പിടിച്ചു… എത്ര വർഷമായെടാ കണ്ടിട്ട്….. കാണാതത്തിലുള്ളൊരു സങ്കടം മഹേഷിന്റെ മുഖത്ത് നിറഞ്ഞിരുന്നു…. ഇതെന്റെ ഭാര്യയും കുഞ്ഞും….. അവൻ അവരെ ചേർത്ത് പിടിച്ചത് പറയുമ്പോൾ സിദ്ധു കുഞ്ഞിന്റെ കവിളിൽ തലോടി അവളയൊന്ന് ചിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൾ മുഖം കൂർപ്പിച്ചു തോളിലേക്ക് ചാഞ്ഞു…. നിന്റെ ഭാര്യയേ വിളിക്കെടാ…. ഞങ്ങൾ കാണട്ടെ….. അവൻ പതിയെ അവളെ വിളിക്കു എന്ന പോൽ സീതയുടെ മുഖത്തേക്ക് നോക്കി…. എന്നാലവർ കാണാത്ത മട്ടിൽ പുറം തിരിഞ്ഞു നിന്ന് കുഞ്ഞിനെ കളിപ്പിച്ചു കൊണ്ടിരുന്നു…..
വിളിക്കെടാ സിദ്ധു…. അവൻ വീണ്ടും ദയനീയ ഭാവത്തിൽ സീതയെ നോക്കുമ്പോഴും അവരുടെ ഭാവത്തിന് യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല…. എന്താടാ നിന്റെ പെണ്ണിനെ ആർക്കും കാണിച് കൊടുക്കില്ലേ…. അത്രക്ക് സുന്ദരിയാണോ…. എന്തോ വലിയ തമാശ പറഞ്ഞ പോൽ മഹേഷ് ചിരിക്കുമ്പോഴും സിദ്ധുവിന്റെ അവസ്ഥ കഷ്ടത്തിലായിരുന്നു…. അന്നാ……. അന്നാ……. രണ്ടും കല്പിച്ചവൻ വിളിക്കുമ്പോഴു മുഖത് അനിഷ്ടം പ്രകടമായിരുന്നു … വിവാഹ ശേഷം ആദ്യമായാണവനവളെ വിളിക്കുന്നതെന്ന് സീത ഓർത്തു..അവരുടെ പൊരുത്തക്കേടുകൾ പലതും അവർ കണ്ടിരുന്നെങ്കിലും കാണാത്ത പോൽ നടിക്കുകയായിരുന്നു…… അവന്റെ ശബ്ദം അവളിലേക്ക് പതിച്ചതും അടുക്കള പുറത്തായിരുന്ന അവൾ അവിടേക്ക് വന്നു…. അവളുടെ കണ്ണുകൾ വിടർന്നിരുന്നു….
സന്തോഷമോ അത്ഭുതമോ എന്നറിയാത്ത ഭാവം അവളെ കീഴ്പ്പെടുത്തിയിരുന്നു…. പെട്ടെന്നവരെ കണ്ടതും വാതിൽ പടിയിൽ അവൾ നിന്നു… അപരിചിതമായ മുഖങ്ങളായിരുന്നെങ്കിലും അവൾ അവർക്കായൊരു പുഞ്ചിരി നൽകി…. വെറുതെയല്ലേടാ നീയാവളെ വിളിക്കാഞ്ഞത്…. നല്ല സുന്ദരിയാണല്ലോ…. സിദ്ധുവിനോട് ചേർന്ന് അടക്കി പിടിച് മഹേഷത് പറയുമ്പോൾ സിദ്ധു അവനെ തറപ്പിച്ചോന്ന് നോക്കി….. അന്നക്ക് ഞങ്ങളെ മനസ്സിലായിട്ടുണ്ടാവില്ല….ഞാൻ സുഭദ്ര കുഞ്ഞമ്മേടെ മോനാ.. മഹേഷ്…. അവൾക്ക് മനസ്സിലായെന്ന പോലവൾ തല ചലിപ്പിച്ചു.. അമ്മയോടൊപ്പം അമ്മയുടെ തറവാട്ടിൽ പോയപ്പോൾ കണ്ടിട്ടുണ്ട് സുഭദ്ര കുഞ്ഞമ്മയെ…. കല്യാണത്തിനും വന്നിരുന്നു…. ഈ മഹേഷിനെ കുറിച് പറഞ്ഞതും അവളോർത്തു…..
എന്താ അവിടെ നിൽക്കുന്നെ…..ഇങ് വാ.. അവനേറെ സ്നേഹത്തോടെ വിളിച്ചു… അവൾ അവർക്കരികിലായി നിന്നു… അങ്ങ് ചേർന്ന് നിൽക്കേടോ…. എന്ന് പറഞ്ഞു സിദ്ദുവിനെ ഒന്നു തള്ളിയിരുന്നു മഹേഷ്…. അവൻ അവളിൽ ഇടിച്ചു നിൽക്കുമ്പോൾ അവന് ദേഷ്യം നിയന്ത്രിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല…. അവന്റെ വെറുപ്പവന്റെ മുഖത്ത് നിന്നും അവൾക്ക് വായിച്ചെടുക്കാൻ കഴിയുന്നുണ്ടായിരുന്നെങ്കിലും അവൾ നിസ്സഹായയായിരുന്നു… ഭക്ഷണം കഴിക്കാനിരിക്കുമ്പോഴും മഹേഷ് സിദ്ദുവിനരികിലായി അന്നയെ ഇരുത്തിയിരുന്നു…. അവനെഴുന്നേറ്റ് പോവാൻ തുടങ്ങിയെങ്കിലും മനസ്സിനെ സ്വയം നിയന്ത്രിച്ചവിടെയിരുന്നു…. ഓരോ നിമിഷവും അവർ സിദ്ധുവിന്റെ ഭാര്യ എന്നവളെ വിശേഷിപ്പിക്കുമ്പോഴും ഭാര്യയായി അവളെ ഉൾകൊള്ളാത്ത അവന്റേ മനസ്സിൽ അത് ബുദ്ധിമുട്ട് സൃഷ്ടിച്ചു…. അവർ പോയി കഴിഞ്ഞ് അന്ന മുറിയിലേക്ക് ചെല്ലുമ്പോൾ സിദ്ധു അവിടെയുണ്ടായിരുന്നു… അവന്റെ മുഖം ദേഷ്യം കൊണ്ട് വിറച്ചിരുന്നു….
വരുന്നവരുടെയും പോകുന്നവരുടെയും ഒക്കെ മുമ്പിൽ സിദ്ധുവിന്റെ ഭാര്യമായി വിലസുമ്പോൾ വല്ലാത്ത സന്തോഷമുണ്ടല്ലേ നിനക്ക്… അവൾ മിഴികളുയർത്തി അവനിലേക്ക് നോക്കി… അവന്റെ മുഖം ചുവന്നിരുന്നു…. ഞാനരുടെയും മുമ്പിൽ കെട്ടിയൊരുങ്ങിയിട്ടില്ല…. നിങ്ങളുടെ വീട്ടുകാരും ബന്ധുക്കളും പറഞ്ഞതനുസരിച്ചു…. അത്ര തന്നേയുള്ളു….. അവളുടെ വാക്കുകൾ കനമുണ്ടായിരുന്നെങ്കിലും തേങ്ങലുകൾ ശബ്ദത്തിൽ കലർന്നിരുന്നു…. അപ്പൊ എന്റെ കൂടെ കയറി കിടന്ന് കല്യാണം നടത്തിയതും അവര് പറഞ്ഞിട്ട് തന്നെയാകുമല്ലേ … അവളുടെ വാക്കുകളെ കീഴ്പ്പെടുത്താനുള്ള ശക്തി അവന്റെ ചോദ്യത്തിനുണ്ടെന്ന് അവനറിയാമായിരുന്നു…. അവൾ തല കുനിച്ചു… ഒന്നും പറയാൻ അവൾക്കുണ്ടായിരുന്നില്ല… അവൾ കണ്ണുനീര് മറച്പിടിച്ചവിടെ നിന്നു പോരുമ്പോൾ ആ രാത്രി എന്ത് സംഭവിച്ചുവെന്ന് കണ്ടെത്തണമെന്ന വാശി അവളിലുണ്ടായിരുന്നു….
മുറി വിട്ട് പുറത്തേക്കിറങ്ങുമ്പോൾ കണ്ടിരുന്നു സാരി തലപ്പിനാൾ മിഴികളോപ്പുന്ന അമ്മയെ…. നിങ്ങൾ തമ്മിൽ പൊരുതൽക്കേടുകൾ ഉണ്ടെന്നമ്മക്കറിയാമായിരുന്നു…… എന്നാൽ ഉത്രത്തോളം….. വാക്കുകൾ മുഴുവനാക്കാൻ അവർക്ക് കഴിഞ്ഞില്ല…… അമ്മേ… അവരെ ആശ്വസിപ്പിക്കാൻ അവളുടെ വാക്കുകൾക്കാവില്ലെന്നറിഞ്ഞിട്ടും അവൾ വിളിച്ചു…. നിറഞ്ഞ മിഴികൾ തുടച്ചു കൊണ്ടവരവിടെ നിന്നും പോകുമ്പോൾ നിസ്സഹായായി നോക്കി നിന്നു….. അവരുടെ ദോഷം മാറാനും അവർക്കിടയിൽ സ്നേഹം വളരാനും പൂജയും വഴിപാടുമായി സീത കാത്തിരുന്നു… എന്നാൽ അവർ ദിവസം തോറും അകന്നു കൊണ്ടിരുന്നു…. അവരെ തമ്മിൽ ചേർക്കുന്ന ഒരു ദിവസത്തിനായി കാത്തിരുന്നു ആ ഹൃദയം ….. മോനെ സിദ്ധു… മോളിത് വരെ എത്തിയിട്ടില്ലെടാ…. പറയുമ്പോൾ സീതയുടെ ആദി വാക്കുകളിൽ വ്യക്തമായിരുന്നു…. എത്തിയിട്ടില്ലെങ്കിൽ വേണ്ട…. വരുമ്പോ വരട്ടെ… ഇനി വന്നില്ലെങ്കിൽ വരണ്ടാ…. എന്ന് പറഞ്ഞവൻ ഫോൺ കട്ട് ചെയ്യുമ്പോൾ സീത യുടെ മിഴികൾ നിറഞ്ഞിരുന്നു…..
കുറച് കഴിഞപ്പോഴാണ്ഒരു നമ്പറിൽ നിന്നും സിദ്ധുവിന്റെ ഫോണിലേക്ക് കാൾ വന്നത്….. സാറിന്റെ ഭാര്യക്ക് ചെറിയൊരു ആക്സിഡന്റ്… ഹൃദയത്തിലെന്തോ ഒന്ന് കൊളുത്തി വലിക്കുന്നത് പോലെ തോന്നിയവന്…. വണ്ടിയിലേക്ക് കയറുമ്പോഴും കാലുകൾക്ക് വേഗത കൂടുന്നതവനറിഞ്ഞിരുന്നു…. അമ്മയോടും അച്ഛനോടും മനപ്പൂർവം വിളിച്ചു പറഞ്ഞില്ല…. അവൻ ചെല്ലുമ്പോൾ അവളൊരു ചെറു മയക്കത്തിലായിരുന്നു…. എങ്ങനെയുണ്ട് ഡോക്ടർ… പേടിക്കാനൊന്നുമില്ലെടോ… നെറ്റിയിലും കാലിലും മുറിവുണ്ട്… കയ്ക്ക് ചെറിയൊരു ചതവും….. അവനവളെ ഒന്ന് നോക്കി… അവൾ പതിയെ മിഴികൾ തുറക്കുന്നുണ്ടായിരുന്നു.. അവനെ കണ്ടെങ്കിലും പ്രത്യേകിച്ചൊരു ഭാവ മാറ്റം അവളിൽ വന്നില്ല… രണ്ടുപേർക്കും ഒന്നും പറയാനില്ലാത്തത് കൊണ്ട് തന്നെ അവിടെ ഒരു നിശബ്ദത തളം കെട്ടി നിന്നു…. കഴിക്കാനെന്തെങ്കിലും വേണോ നിനക്ക്….. ചോദ്യം ഗൗരവത്തിൽ തന്നെയായിരുന്നെങ്കിലും അതിലെവിടെയോ ഒരു കരുതലിന്റെ നനവുണ്ടായിരുന്നു…..
വേണ്ട എന്ന അർത്ഥത്തിൽ തല കുലുക്കി സംസാരിക്കാൻ താല്പര്യമില്ലാത്ത വണ്ണം അവൾ മിഴികലടച്ചു കിടന്നു….. തങ്ങളുടെ ഇടയിലുള്ള അകൽച്ചയെ കുറിച് പൂർണ ബോധ്യമുള്ളത് കൊണ്ട് തന്നെ അച്ഛനെയും അമ്മയെയും വിളിച്ചു വിവരം പറയാൻ വേണ്ടി അവൻ ഫോണെടുത്തു മുറിക്ക് പുറത്തേക്ക് നടന്നു…. ഫോൺ കയ്യിൽ പിടിച് വിളിക്കാൻ തുടങ്ങുമ്പോഴാനവന്റെ കൈകളിൽ പിടുത്തം വീണത്….. സിദ്ധു….. ആ വിളിയിൽ നോവിന്റെ അംശംമുണ്ടായിരുന്നു… അവനാ മുഖത്തേക്ക് നോക്കിയപ്പോഴേക്കും ഹൃദയത്തിൽ പതിഞ്ഞ ആഴമേറിയ ആ മുറിവിൽ നിന്നും രക്തം കിനിഞ്ഞു കൊണ്ടിരുന്നു…. കുര്യനങ്കിൾ….. മാധുവിനു പ്രിയപ്പെട്ട പപ്പാ… എനിക്കും അത്ര മേൽ പ്രിയപ്പെട്ട ഒരു വ്യക്തി….. മോനെ സിദ്ധു… സുഗമായിരിക്കുന്നോ… കൂടെ ഉണ്ടായിരുന്ന പാർവതി ആന്റിയാണത് ചോദിച്ചത്…. അവൻ യാന്ദ്രികമായി തലയാട്ടുമ്പോഴും തന്റെ കണ്ണുകളിൽ പൊടിഞ്ഞ നീർതുള്ളികൾ അവരുടെ കണ്ണുകളിലും അവൻ കണ്ടെത്തിയിരുന്നു….
മാധു മരിച്ചതിനു ശേഷം യാത്ര പറഞ്ഞു വിദേശത്തേക്ക് തിരിച്ചു പോവുമ്പോഴും അവരുടെ നഷ്ടങ്ങൾ ബാക്കിയായിരുന്നെന്നവനോർത്തു …. എന്താ ഇവിടെ…. സ്വബോധത്തിലേക്ക് തിരിച്ചു വന്നപ്പോഴാണവന്നത് ചോദിച്ചത്…. മിത്ര മോള് നാട്ടിൽ ഉണ്ടായിരുന്നു.. അവൾ ഇന്ന് രാവിലെ പ്രസവിച്ചു ഇവിടെ വെച്ച്…ആൺകുട്ടിയാ … അതിനു വേണ്ടി നാട്ടിലേക്ക് വന്നതാ ഞങ്ങൾ……. അവൻ പുഞ്ചിരിച്ചു… സിദ്ധു ആരെ കൂട്ടി വന്നതാ… എന്ത് പറയണമെന്നറിയാതെ അവന് നിന്നു വിയർത്തു…. ഭാര്യയാണോ… പറയാനുള്ള അവന്റെ മുഖത്തെ പ്രയാസം കണ്ടിട്ട് തന്നെയാണ് പാർവതി അവനോടങ്ങോട്ട് ചോദിച്ചത്… മ്മ്….. മൂലളിലൊതുക്കുമ്പോഴും എങ്ങനെ അറിഞ്ഞുവെന്ന ചോദ്യം അവന്റെ ഹൃദയത്തിൽ ബാക്കിയായിരുന്നു…. മിത്ര മോൾ പറഞറിഞ്ഞിരുന്നു….
നല്ലത് വരട്ടെ രണ്ടുപേർക്കും…. അനുഗ്രഹിക്കുന്നതിനിടയിലും ആ നെഞ്ചിലെ നീറ്റൽ അവനറിഞ്ഞിരുന്നു… ഭാര്യ കിടക്കുകയാണോ… നമുക്കൊന്ന് കാണണ്ടേ.. അവൻ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയായിരുന്നെങ്കിലും അവർക്കവളെ കാണേണ്ടത് കൊണ്ട് തന്നെ അവൻ മുറിയുടെ വാതിൽ തുറന്നു…. അവളെ കണ്ട ഉടനെ അവരുടെ ഇരുവരുടെയും മുഖം മാറി…. അവരുടെ മിഴികൾ പെയ്തു തുടങ്ങിയിരുന്നു…. മോളേ മാധു…. വിളിക്കുന്നതോടൊപ്പം അവളുടെ മുഖംഅവർ കയ്കുമ്പിളിലാക്കിയിരുന്നു….. എന്തെന്നറിയാതെ അവൻ അവരെ തന്നെ നോക്കി നിന്നു… മറവിക്കയത്തിൽ പെട്ട ആ മുഖങ്ങളെ ഓർത്തെടുക്കാനുള്ള ശ്രമമായിരുന്നവളുടെ മിഴികളിലന്നേരം……. (തുടരും )

by