24/04/2026

അഗ്നിമിത്ര : ഭാഗം 9

രചന :റിസ്വാന

“അയ്ശരി, ഇങ്ങളും പ്പം പുതിയണ്ണിനെ കാണാൻ വന്നതാ.. ഇത്ത വന്നപ്പോ നമ്മളെയൊന്നും ആർക്കും കാണണ്ട” കുഞ്ഞിപ്പാത്തു കൊഞ്ചി..”ആ.. കുഞ്ഞി പാത്തൂ.. ഇജ് ഇവടെ ണ്ടായീനൊ..”ഞാൻ ഇവിടെ ഇല്ലാണ്ടെ പിന്നെ എവ്ട്ക്ക് പോകാനാ””ന്നാ.. അന്റെ ഇത്താനെ വിളി ഞാനൊന്ന് കാണട്ടെ മണവാട്ടിനെ”
“ഞാൻ ഇപ്പൊ വിളിച്ചോണ്ട് വരാം””ആമി മോളേ.. ഒരു ഗ്ലാസ് ചായയും ഇട്ടോണ്ട് ഇങ്ങട് വാ… ദാ അന്നെ കാണാൻ ഒരാൾ വന്ന്ക്ക്ണു””ആഹാ.. മരുമകൾ വന്നപ്പോയേക്ക് പേരും മതവുമൊക്കെ മാറ്റിയോ അയിശുമ്മാ..”

“ന്റെ കിട്ടുണ്ണ്യായരേ.. ഞാൻ ഓളെ പേരും മതൊന്നും മാറ്റീട്ടില്ല, പിന്നെ ഓളെ പേര് ഇന്ക്ക് വിളിക്കാൻ കിട്ടൂല.. അതോണ്ട് ഇന്ക് വിളിക്കാൻ സുഖള്ള പേരിട്ടതാ ഞാൻ.. അല്ലാതെ മറ്റൊന്നും മാറ്റീല്യ..””ദാ.. ചായ””ആ.. ഇതാല്ലെ മണവാട്ടി കുട്ടി, അല്ല തമ്പുരാട്ടി കുട്ടി..””ഉം.. ഇതാ ന്റെ ഇത്താത്ത.. ന്തേ.. ഇങ്ങൾക്ക് പിടിച്ചിലെ””ഉം.. പിന്നെന്താ ബോധിച്ചു.. ശ്ശി ബോധിച്ചു.. എല്ലാരും നല്ല മൊഞ്ച്ണ്ട് പറഞ്ഞപ്പൊ ഇത്രയും ഭംഗി കരുതീല, കുഞ്ഞിപ്പാത്തോ.. ഇത്ത അന്നെക്കാളും മൊഞ്ചത്തി ആണല്ലോ..”അയ്ക്കോട്ടെ.. ഇന്റെ പുന്നാര ഇത്ത ആണ്..”

“ആ.. കിട്ടുണ്ണ്യായരേ.. ഇങ്ങള് ഒരു ഉപകാരം ചെയ്ത് തരോ..””എന്താ അയിശുമ്മാ.. ഇങ്ങള് പറി.. എന്നെ കൊണ്ട് ആകുന്ന വിധം ഞാൻ സഹായിക്കാം..””കാര്യം എന്താണെന്ന് വെച്ചാൽ ന്റെ മോൾക്ക് ഒന്ന് അമ്പലത്തിൽ പോകണം എന്ന് പറഞ്ഞീനു.. അപ്പൊ ഇങ്ങളൊന്ന് ഓളെ കൊണ്ടോവോ..””ഇത്രയൊള്ളൂ.. അതിനെന്താ ഞാൻ കൊണ്ടാവാലോ..””ന്നാ.. പിന്നെ കിട്ടുണ്ണ്യായരേ ഇങ്ങള് നാളെ രാവിലെ സമയം ആകുമ്പോ വരി..”എങ്കിൽ.. അങ്ങനെ ആവട്ടെ ഞാൻ നാളെ പുലർച്ചെവരാം.. ട്ടൊ.. മോളെ”ശരി” അഗ്നിമിത്ര പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.”അല്ലാ.. മോളെ പേരെന്താണ്.. അത് ഞാൻ ചോയ്ക്കാൻ വിട്ടല്ലൊ..””അഗ്നിമിത്ര””മോളെ പോലെ പേരും സുന്ദരമാന്ന് ട്ടൊ”പിറ്റേന്ന് കിട്ടുണ്ണി നായരുടെ കൂടെ അവൾ അമ്പലത്തിൽ പോയി.. തൊഴുത് വന്നു.. അങ്ങനെ ദിവസവും അവൾ അമ്പലത്തിൽ പോയി തന്റെ വിശ്വാസങ്ങളും കൈ പിടിച്ച് പോന്നു..

*******************

അഗ്നിമിത്ര ഇറങ്ങി പോയതിൽ പിന്നെ അവളുടെ മുത്തശ്ശി കിടപ്പിലായി.. മോഹന പ്രതാപ വർമക്ക് വിഷാദം ബാധിച്ചു.. ഒരു ഭാഗം തളർന്ന് കിടപ്പിലായി, സംസാരശേഷി നഷ്ടപ്പെട്ടു.. പിന്നെ കാര്യങ്ങളെല്ലാം നോക്കി നടത്തിയത് മൂത്ത മകൻ ഗുണശേഖര വർമയുടെ മേൽ നോട്ടത്തിലായിരുന്നു..പെട്ടന്നുണ്ടായ അധികാര മാറ്റത്തിലും, പരിചയമില്ലായ്മ കൊണ്ടും പ്രായത്തിന്റെ അവക്ജ്ഞതയിലും കാര്യങ്ങളുടെ നടത്തിപ്പ് ശരിയായ വിധത്തിൽ പോകാത്തത് കൊണ്ട്, കാര്യങ്ങൾ ആകെ തകിടം മറിഞ്ഞു.. കോവിലകത്തിന്റെ അവസ്ഥ വളരെ പരിതാപകരമായി..

കോവിലകത്തിന്റെ ‘മഹാ ലക്ഷ്മി’ ആയിരുന്ന അഗ്നിമിത്ര പോയതിൽ പിന്നെ കോവിലകം ക്ഷയിക്കാൻ തുടങ്ങി എന്നുള്ള വാർത്ത, കോവിലകത്ത് ഒളിഞ്ഞും തെളിഞ്ഞും അലയടിച്ച് കൊണ്ടിരുന്നു..പിന്നീട് ഉമർ ശ്രീപുരത്ത് പോയതേ ഇല്ല.. മറ്റു പലയിടങ്ങളിലും പോയി കച്ചവടം നടത്തി പോന്നു..വസന്തങ്ങൾ മാറി വന്നു, ഇലകൾ പൊഴിഞ്ഞു, തളിരുകൾ വന്നു, പൂക്കളും കായകളും വന്നു മാസങ്ങൾ കടന്ന് പോയി, അഗ്നിമിത്ര ഗർഭിണിയായി..

ദിവസങ്ങൾക്കുള്ളിൽ ഈ വിവരം കോവിലകത്തും അറിഞ്ഞു.. ഇതറിഞ്ഞ മുത്തശ്ശിയും അമ്മയും അവളെ കാണണം എന്നാഗ്രഹം പ്രകടിപ്പിച്ചു.. എന്നാൽ കോവിലകത്തിന് മാനക്കേടുണ്ടാക്കി അന്യ മതക്കാരന്റെ കൂടെ ഇറങ്ങി പോയ ഒരുത്തിയെ കോവിലകത്ത് കാലു കുത്താൻ സമ്മതിക്കില്ല എന്നവർ തീർത്തും പറഞ്ഞു..താൻ പോന്നതിൽ പിന്നെ അഛന്റെയും മുത്തശ്ശിയുടെയും അവസ്ഥ അറിഞ്ഞതിൽ പിന്നെ അവരെ കാണണം എന്നൊരാഗ്രഹം അവളിൽ മുളപൊട്ടിയിരുന്നു.. തന്റെ അമ്മയുടെയും മുത്തശ്ശിയുടെയും ആഗ്രഹം അവളും അറിഞ്ഞു.. ഉമറിനോടും വീട്ടുകാരോടും ഇതേ പറ്റി പറഞ്ഞു..

ഈ അവസ്ഥയിൽ ഒരു പക്ഷേ അവിടെ പോയാൽ, അവരുടെ അമർഷം തീരാൻ എന്ത് ചെയ്യും എന്നറിയാത്തത് കൊണ്ടും, ചിലപ്പോൾ അത് വയറ്റിലുള്ള കുഞ്ഞിനെ തന്നെ നഷ്ടമാകാൻ കാരണമാകും എന്നുള്ളത് കൊണ്ടും, രണ്ട് മാസം കൂടി കഴിഞ്ഞ് പ്രസവത്തിന് ശേഷം കുഞ്ഞിനേം കൊണ്ട് ചെല്ലാമെന്നും, ഒരു പക്ഷേ ഒരു കുഞ്ഞു മുഖം കാണുമ്പോൾ അവരുടെ അമർഷം കെട്ടടങ്ങിക്കോളും, എന്നുമുള്ള അയിശുമ്മയുടെ വാക്കുകളെ അവർ ചെവികൊണ്ടു..ഉമറിന്റെ ഉമ്മ അവളെ സ്വന്തം മകളെ പോലെ നോക്കി.. ദിവസങ്ങൾ കഴിഞ്ഞ് പോയി.. പ്രസവ ദിവസം അടുത്ത് കൊണ്ടിരുന്നു.. അഗ്നിമിത്രക്കും ഉമറിനും അയിശുമ്മാക്കും കുഞ്ഞിപ്പാത്തുവിനും ശരിയായി നിദ്ര പുൽകാത്ത ദിവസങ്ങളായി അവ കടന്ന് പോയി..

തുലാം മാസത്തിലെ മഴ ചാറുന്ന ഒരു രാത്രിയിൽ, സന്ധ്യ കഴിഞ്ഞ് തുടങ്ങിയിരിക്കുന്നു, രാത്രിയുടെ കൂരിരുട്ടിലേക്ക് കടക്കാൻ വെമ്പുന്ന ഇരുൾ മേഘങ്ങൾ തിങ്ങിനിറഞ്ഞ സമയം, മിത്രക്ക് പ്രസവ വേദന തുടങ്ങിയിരിക്കുന്നു,ഇനിയെന്ത് ചെയ്യണമെന്നറിയാതെ പരിഭ്രാന്തനായി നിന്ന ഉമറിനെ വയറ്റാട്ടി, വെള്ളോത്തി നാണിതള്ളയെ വിളിച്ച് കൊണ്ട് വരാൻ അയിശുമ്മ ആവിശ്യപ്പെട്ടു.ഉമർ റാന്തൽ വിളക്കുമെടുത്ത് കാളവണ്ടിയിൽ കയറി വെള്ളോത്തിയുടെ കൂര ലക്ഷ്യമാക്കി കാളകളെ വേഗത്തിൽ പായിച്ചു,

ഉമർ ചെന്നപ്പോൾ അത്തായം കഴിഞ്ഞ് കിടക്കാൻ മുതിരുന്ന വെളോത്തിയെ ആണ് കണ്ടത്.. അവൻ ചെന്ന് ആവിശ്യം പറഞ്ഞ ഉടനെ അവർ തന്റെ ഭാണ്ഡവുമെടുത്ത് ഉമറിന്റെ കൂടെ പുറപ്പെട്ടു.പോകുന്ന വഴിയിൽ അവർ പല കഥകളും പറഞ്ഞെങ്കിലും അതൊന്നും ആസ്വദിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഉമർ, അത് കൊണ്ട് തന്നെ അവന്റെ പ്രതികരണം ഇല്ലാത്ത കാരണം അവർ അവനോടായി പറഞ്ഞു: “ഉമറുട്ടിയെ.. നീ ഇങ്ങനെ വെപ്രവാളപ്പെടുവൊന്നും വേണ്ട, സമാധാനത്തോടെ പോയാൽ മതി. നിനക്ക് നിന്റെ ഉപ്പാന്റെ കൂട്ട് തന്നെ ആണ്.. അന്ന് നിന്റെ ഉമ്മാക്ക്, നീ വയറ്റിലായിരുന്നപ്പോൾ പ്രസവവേദന വന്ന നേരത്ത്, നിന്റെ ഉപ്പ എന്നെ തിരക്കി വന്ന ഒരു വരവുണ്ട്.. അത് ഓർക്കുമ്പോൾ എനിക്കിപ്പയും ചിരി വരും..,

പ്രസവവേദന വന്ന് തുടങ്ങുന്നേ ഉണ്ടായിരുന്നൊള്ളു അയിശുമ്മാക്ക്, അന്നവൾക്ക് പതിനാറോ പതിനേഴോ എങ്ങാണ്ടാണ് പ്രായം.. അവളുടെ വിറയലും വേദനയും കണ്ട് പേടിച്ചരണ്ട്‌ ഒരു ഓട്ടമായിരുന്നു ഇങ്ങട്ട്.. ഞാൻ പതിയെ നടക്കുന്നത് കണ്ട് ദേഷ്യം പിടിച്ചു നിന്റെ ഉപ്പാക്ക്.. എന്നിട്ട് എന്നേം പൊക്കിയെടുത്ത് ഒരു ഓട്ടമായിരുന്നു..”അങ്ങനെ ഓരോ കഥകൾ പറഞ്ഞ് അവർ ഉമറിന്റെ വീട്ടിലെത്തി..

തുടരും