17/04/2026

മിഴി : ഭാഗം 10

രചന : ഗായത്രി സുരേന്ദ്രൻ

ഒരു നിമിഷം അവർക്കിടയിൽ നിശബ്ദത തളം കെട്ടി നിന്നു….ആർക്കുമൊന്നും പറയാനില്ലെന്ന മട്ടിൽ….
കേട്ടതെല്ലാം വെറും പാഴ്മൊഴിയെന്ന പോലെ…. സ്വന്തം കാതുകളെ മിഴി ആദ്യമായി അവിശ്വസിച്ചു….അവൾ കരഞ്ഞില്ല…. കണ്ണുനീരു പോലും അവളിൽ നിന്നു പൊടിഞ്ഞില്ല…പകരം ശില കണക്കു നിന്നു…. ഭയപ്പാടോടെ എന്തെന്തനർത്ഥങ്ങളാണു സംഭവിക്കുന്നെന്ന മട്ടിൽ പത്മിനിയമ്മ മിഴിയെ നോക്കി…അവളിലെ ഭാവമെന്തെന്നവർക്കു മനസിലാക്കിയെടുക്കാൻ കഴിഞ്ഞില്ല….മാധവ് ഒരു കുറ്റവാളിയെന്നപോൽ ശിരസ്സു കുനിഞ്ഞു നിൽക്കയാണ്….

പറഞ്ഞതെല്ലാം ഇഷ്ടമില്ലാത്ത വാക്കുകളായിരുന്നിട്ടു കൂടി അതിനെ ന്യായീകരിക്കേണ്ടി വരും എന്നവന് അറിയാമായിരുന്നു….”മാധവ്!നീയീപ്പറയണതെന്താണ്? അതേപ്പറ്റി നിനക്കു വല്ല ബോധ്യവും ഉണ്ടോ?നീ സ്വബോധത്തിലല്ലെന്നു ഞാൻ കരുതുന്നു….”പത്മിനിയമ്മയുടെ വാക്കുകളായിരുന്നു നിശബ്ദതയെ ഭേദിച്ചത്….അവരുടെ വാക്കുകൾ കാഠിന്യമേറിയതായ്ത്തീർന്നിരുന്നു…..മാധവ് വീണ്ടും നിശബ്ദനായി നിലകൊണ്ടു….അവന്റെ നിസ്സംഗത അവരെ കൂടുതൽ ക്രുദ്ധയാക്കി….”ഞാൻ നിന്നോടാണു ചോദിച്ചത്….നിനക്കതിനു മറുപടി പറയാനുള്ള ബാദ്ധ്യതയുണ്ട്…അഥവാ അങ്ങനെ നിനക്കൊന്നും പറയാൻ വയ്യാ എങ്കിൽ നീയീപ്പറഞ്ഞതെല്ലാം തെറ്റാണെന്നു നിനക്കു ബോധ്യമുള്ളതുകൊണ്ടാണ്….

അങ്ങനെയെങ്കിൽ ഈ പറഞ്ഞതൊന്നും ഞാൻ മുഖവിലയ്ക്കെടുക്കാൻ പോകുന്നില്ലാ….”
അവരുടെ ശക്തമായ വാക്കുകളിൽ നിറഞ്ഞുനിന്നത് ഇന്നേവരെ ചിന്തിച്ചുപോന്ന കാര്യങ്ങളെ ആകെപ്പാടെ തകർത്തതിലുള്ള അമർഷമായിരുന്നു…ഇനിയും ഒന്നും പറയാതിരുന്നാൽ കാര്യങ്ങൾ തന്റെ പിടിവിട്ടു പോകും എന്നവനു മനസിലായി…..അമ്മേ ഞാൻ പറഞ്ഞതൊക്കെയും വ്യക്തമായ ധാരണയോടു കൂടിയാണ്…ഇന്നലെ രാത്രി ഉണ്ണിയാണ് ഈ കാര്യം എന്നോടു സൂചിപ്പിച്ചത്…അവനീക്കാര്യം എല്ലാവരോടും സംസാരിച്ചതാണ്… അവന്റെ വീട്ടുകാർക്കൊക്കെയും പൂർണ്ണസമ്മതമാണ്…

എന്നോടും അവനഭിപ്രായം ചോദിച്ചു… ഞാൻ ആലോചിച്ചിട്ടു ഏറ്റവും നല്ല ബന്ധമാണിത്…
മിഴിക്കു ശ്രീയെ നന്നായി ചേരും…””അപ്പോൾ നിന്റെ മാത്രം താൽപ്പര്യം മതിയാകുമോ ഈ വിവാഹത്തിന്?
വിവാഹിതയാകാൻ പോകുന്ന ഇവൾക്കും അഭിപ്രായങ്ങളുണ്ടാവില്ലേ?അതു നീയ്യ് ചോദിച്ചുവോ??!””അമ്മേ അതിനു ഞാനിതു ഒറ്റയ്ക്കു ഉറപ്പിച്ചിട്ടു വന്നതല്ലല്ലോ… അവൻ പറഞ്ഞതു നിങ്ങളോടു വന്നു പറഞ്ഞൂന്നേ ഉള്ളൂ…
പിന്നെ എന്നോടു ചോദിച്ചപ്പോ എനിക്ക് ഇഷ്ടക്കേടൊന്നും ഇല്ലാന്നു മാത്രേ പറഞ്ഞിട്ടുള്ളൂ…
ഇനി നിങ്ങളുടെ രണ്ടാളുടേം തീരുമാനം അവരിന്നു വരുമ്പോ പറഞ്ഞോളൂ…എനിക്ക് അവരിങ്ങനെ ഒരാലോചനയുമായി വരുന്നൂന്നു പറയുമ്പോ വരണ്ടാന്നു പറയാനാമോ?….

അത്രയേ ഞാൻ പറഞ്ഞുള്ളൂ….””ശരി തന്നെ അപ്പോൾ ആരാധ്യ??അവളും നീയുമായുള്ള വിവാഹം നിന്റെ മാത്രം തീരുമാനം ആയിരിക്കും അല്ലേ??
അതുപിന്നെ നിന്റെ മാത്രം കാര്യമായതിനാൽ എന്റെ അഭിപ്രായങ്ങൾക്കു വിലയുണ്ടാവുകയില്ലല്ലോ!!….”
അങ്ങനെയല്ലാ അമ്മേ… എല്ലാം പറയാനുള്ള സമയം ആവാഞ്ഞതു കൊണ്ടാണ് ഞാൻ പറയാതിരുന്നത്…
ഇനിയിപ്പോ മിഴിയുടെ വിവാഹം നടക്കുകയാണെങ്കിൽ ഞാൻ എന്ത് എന്ന ചോദ്യം ഉയരും…അതിനുള്ള ഉത്തരമാണിത്….”ഇനിയും അവിടെ നിന്നാൽ മനസ്സിലടക്കിപ്പിടിച്ച വ്യഥയൊക്കെയും വെളിവാക്കപ്പെടുമെന്നവനു തോന്നി…

ഒരുപക്ഷെ പൊട്ടിക്കരഞ്ഞുകൊണ്ടാണ് പോകാനും സാദ്ധ്യതയുണ്ട്…അതിനൊരിട വരുത്താതെ അവൻ പുറത്തേക്കു നടന്നു…..മിഴി ഒന്നും പറയാതെ അകത്തേയ്ക്കു നടന്നു….അവളെ ഒന്നാശ്വസിപ്പിക്കാൻ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നു പത്മിനിയമ്മ…. അല്ലെങ്കിലും എന്തു പറഞ്ഞാ എരിയുന്ന മനസ്സിനെ തണുപ്പിക്കും….അവർക്കു നിശ്ചയമില്ലായിരുന്നു…..മിഴി പതിയേ ചെമ്പകച്ചോടിനരികെ നിന്നു…നിലത്തേക്കവൾ തളർന്നു വീണുപോയി…ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ…തന്റെ പ്രണയത്തിന്റെ മരണം….
അതവൾക്കു താങ്ങാൻ കൂടെ കഴിയാത്ത ഒന്നായിരുന്നു….വെറും മണ്ണിൽ എല്ലാ പ്രതീക്ഷകളുമറ്റവളെപ്പോലെയവൾ കിടന്നു….
എങ്കിലും എവിടെയോ ഒരു കനൽത്തരി അവൾക്കുള്ളിൽ ജന്മം കൊള്ളുന്നുണ്ടായിരുന്നു….

****** ***** ****** ****** *******

ആരാധ്യ ഇത്രയും ദിവസങ്ങളിൽ നിശബ്ദയായിരുന്നു….തനിക്ക് കാര്യമായ സന്ദർഭങ്ങൾ അവിടെ ഉണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം….മാധവിന്റെ നീക്കങ്ങളിൽ അവൾക്കു ചെറിയ വിശ്വാസക്കുറവുണ്ടായെങ്കിലും ഇന്നു താഴെ നടന്ന സംഭാഷണങ്ങൾ കേട്ടതോടെ അവളുടെ സംശയങ്ങളെല്ലാമകന്നിരുന്നു…..
പ്രത്യുഷിനോടുള്ള വാക്കിന്റെ പുറത്ത് അവൻ ഈ വിവാഹത്തിന് സമ്മതമല്ലെങ്കിലും സമ്മതിക്കും…
അവളൊന്നു മന്ദഹസിച്ചു…..

********** ******** ******** ******

ശ്രീനാഥും അമ്മയും അച്ഛനും കൂടി പെണ്ണുകാണാൻ വേണ്ടി വന്നതും സംസാരിച്ചതും സമന്വയത്തോടെ സംസാരിച്ചതുമെല്ലാം മിഴി ഒരു കൂത്തുപാവയെപ്പോലെ കണ്ടു നിന്നു….ആരുടേയും മനസ്സു വിഷമിപ്പിക്കാനുള്ള ത്രാണി അവൾക്കുണ്ടായിരുന്നില്ല…..അമ്മായി അവരോടു നയത്തിൽ പിന്നീടു കാര്യങ്ങൾ പറയാമെന്നു പറഞ്ഞ് അവളെ ആശ്വസിപ്പിച്ചു…..അവൾക്കുള്ളിൽ അവളോടു തന്നെ പുച്ഛം തോന്നി….
അവരോടു പിന്നെ നയത്തിൽ എന്താണു പറയേണ്ടത്???!!!കണ്ണേട്ടനെയാണ് അവൾക്കിഷ്ടമെന്നോ???ആരാധ്യയുമായുള്ള വിവാഹത്തിനു ഒരുക്കം കൂട്ടുന്ന കണ്ണേട്ടനെ കാത്തിരിക്കുകയാണ് അവളെന്നോ???!!!അവൾ യാതൊന്നും ഉരിയാടിയില്ല…..

അവളുടെ ഭ്രാന്തമായ മൗനം മാധവിനെ ധർമ്മസങ്കടത്തിലാക്കി…..ഒരു വശത്ത് ഉറ്റ സുഹൃത്ത് മറു വശത്ത് സ്നേഹിച്ച ജീവന്റെ പാതി….മറ്റൊരു ഭാഗത്തു സുഹൃത്തിനു നൽകിയ വാഗ്ദാനത്തിന്റെ പുറത്ത് ആരാധ്യയെ സംരക്ഷിക്കേണ്ട കടമയും……എല്ലാ ഭാരങ്ങൾക്കും ദുഃഖങ്ങൾക്കുമൊടുവിൽ താൻ വൈകാതെ തകർന്നു പോകുമെന്നവനു തോന്നി…..എങ്കിലും ശ്രീനാഥിനു മുന്നിലും മിഴിക്കു മുന്നിലും അവൻ മൂടുപടം എടുത്തണിഞ്ഞു……ഉള്ളു നീറുന്നുണ്ടായിരുന്നെങ്കിലും തന്റെ മാത്രം അലംഭാവത്തിന്റെ ഫലമായാണ് മിഴിയെ വിട്ടുപോയതെന്നോർത്ത് അവനു ശ്രീനാഥിനോടു സത്യങ്ങൾ തുറന്നു പറയാനുള്ള ത്രാണി ഉണ്ടായിരുന്നില്ല….ചടങ്ങുകൾ ഒക്കേയും കഴിഞ്ഞു… എപ്പോഴും കാണുന്നതായതിനാൽ പരസ്പരം സംസാരിക്കാനെന്തിരിക്കുന്നു എന്നു പറഞ്ഞുകൊണ്ട് പത്മിനിയമ്മ ശ്രദ്ധാപൂർവ്വം ആ പ്രതിബന്ധത്തെ നീക്കി….

മിഴി ആകെ ക്ഷീണിതയായിരുന്നു….അവളുടെ കണ്ണുകളിലെ പ്രത്യാശയുടെ തിളക്കം കെട്ടുപോയിരുന്നു….അതിനുപകരം എന്തൊക്കെയോ അവൾക്കുള്ളിൽ പുകഞ്ഞു നീറുകയായിരുന്നു
എന്തൊക്കെയോ പുകച്ചിലുകൾ അവളുടെ മുഖഭാവത്തെയാകെ മാറ്റിയിരുന്നു…എങ്കിലും അവൾ ആരോടും മറുത്തൊന്നും ഉരിയാടിയില്ല…..ഉള്ളിലെരിയുന്ന ആഗ്നിപർവ്വതം കണക്കു പുറമേ മൗനിയായി നിന്നു….

******* ******* ******* ******

തലയ്ക്കു നല്ല ഭാരം അനുഭവപ്പെടുന്നു…. അവൾ മുറിയിലേക്കു നടന്നു….അവൾ മുറിയിലേക്കു കടന്നു സാക്ഷതിടാനൊരുങ്ങി… പെട്ടന്നൊരു കൈയ്യടി ശബ്ദം പിന്നിൽ നിന്നും മുഴങ്ങി….അവൾ തിരിഞ്ഞു നോക്കി….ആരാധ്യ……അവൾ കസേരയിൽ ചാരിയിരിക്കയാണ്….മുഖം മുഴുവനായും പുച്ഛവും പരിഹാസവും കലർന്നിരുന്നെന്നു വ്യക്തം…..
അവളതിനെ ഗൗനിച്ചില്ല…..എന്തെന്ന ഭാവത്തിലൊന്നു നോക്കുക മാത്രം ചെയ്തു……
“ഏയ് മിഴീ…. നീയെന്നെ ഇങ്ങനെ നോക്കയൊന്നും വേണ്ടാ…എനിയ്ക്കറിയാമായിരുന്നു ഒക്കേയും കഴിഞ്ഞു ഫൈനലി യു വിൽ റീച്ച് ഹിയർ…
ഐ ആം ഈഗേർലി വെയ്റ്റിങ് ടു ടോക് ടു യൂ ബേബി….ഞാൻ അന്നു പറഞ്ഞില്ലേ…

ഞാനെപ്പോ പോകും എന്തിനു വന്നു എന്നൊക്കെ എന്നൊക്കെ നിന്നോടു പറയും എന്ന്….നൗ ഇറ്റ് ഈസ് ദി ടൈം റ്റു റിവീൽ ദി സീക്രറ്റ്…..
മാധവിന്റെ വാക്കുകളിൽ നിന്നു തന്നെ നീ ഏറെക്കുറെ മനസിലാക്കിയിരിക്കുമല്ലോ….
ഐ വാണ്ട് റ്റു മാരീ ഹിം….അതിനാണ് ഞാൻ ഇവിടെ വന്നത്….മാധവ് അത് അനുസരിക്കും…. ഞാൻ പറയുന്ന ദിവസം അവനെനിക്കു താലി ചാർത്തും….ബികോസ് ഹീ ഈസ് ഇന്നസെന്റ്….
അവന് അവന്റെ അടുത്ത സുഹൃത്ത് പ്രത്യുഷിനോടു ചെയ്തുകൊടുക്കേണ്ട ഉപകാരം…..അതാണ് ഈ വിവാഹം..

സോ അവനിഷ്ടമാണെങ്കിലും ഇല്ലെങ്കിലും ഹീ വിൽ കംപെൽഡ് റ്റു മാരീ മീ….”മിഴി സ്തബ്ദയായി നിന്നു കേൾക്കയായിരുന്നു…..അവൾക്ക് ഒന്നും മനസിലായില്ല….എങ്കിലും ആരാധ്യയുടെ ചതിക്കുഴിയിലാണു കണ്ണേട്ടൻ ഉള്ളതെന്ന് ആ വാക്കുകളിലൂടെഅവൾക്കുബോധ്യമായിരുന്നു………ആരാധ്യ ഒന്നു മന്ദഹസിച്ചു പതിയേ പതിയേ അതൊരു ചിരിയായി അതിന്റെ തീവ്രത കൂടിക്കൂടി വന്നു….മിഴിക്ക് അതൊരു അട്ടഹാസം പോലെ തോന്നിച്ചു….നീയെന്താണു പറഞ്ഞു വരുന്നത്?
കണ്ണേട്ടൻ? പ്രത്യുഷ്?എന്തു കടപ്പാടാണു കണ്ണേട്ടനുള്ളത്???

നീ എന്റെ കണ്ണേട്ടനെ ചതിക്കുകയാണോ??”
ആരാധ്യ ദയാപൂർവ്വം അവളെ നോക്കി….പതിയെ അത് പുച്ഛത്തിലേക്കു വഴി മാറി….മിഴി നിന്നോടെല്ലാം പറഞ്ഞെങ്കിലേ എനിക്കു തൃപ്തിയാകയുള്ളൂ…. കാരണം മാധവ് നിന്നെ സ്നേഹിക്കുന്നുണ്ട് നീയും…അതുകൊണ്ട് ഞങ്ങളുടെ വിവാഹം നിന്റെ കൺമുന്നിൽ വച്ചു നടക്കണം….
ആരെങ്കിലും ആഗ്രഹിക്കുന്നതെന്തോ അതിനെ തട്ടിപ്പറിച്ചെടുക്കാൻ, അപ്പോൾ നിസ്സഹായതയോടെ നിൽക്കുന്നവരുടെ വേദന കാണാൻ ഒരു പ്രത്യേക അനുഭൂതിയാണ്, സുഖമാണ്…..എനിക്കതു വേണം….. നിന്റെ വേദനകളെ കണ്ടുകൊണ്ട് എനിക്കാസ്വദിക്കണം…

കാരണം എന്റേതാകണമെന്നു ഞാനാഗ്രഹിച്ച മാധവ് നിന്നെ സ്നേഹിക്കുന്നു….. നിന്നെ എന്നന്നേക്കുമായി നശിപ്പിണമെന്നാണു ഞാൻ ആഗ്രഹിച്ചത് പക്ഷേ അങ്ങനെ നീ പോയാലെനിക്കെന്താണു സന്തോഷം???!!നിന്റെ വേദനകളിലാണെന്റെ ആഹ്ലാദം…നിനക്കറിയാമോ ഞാനും മാധവും ഒരുമിച്ചു പഠിച്ച ആദ്യവർഷങ്ങളിലൊന്നും എനിക്കവനോടു അടുക്കാൻ സാധിച്ചിരുന്നില്ല….കാരണം അവൻ അതിരുവിട്ട സൗഹൃദങ്ങളെ ഇഷ്ടപ്പെട്ടിരുന്നില്ല… പെണ്ണിൽ മയങ്ങിയിരുന്നില്ല…എന്നാൽ എല്ലാവരും ആരാധിക്കുന്ന ആ കഥാപാത്രത്തെ സ്വന്തമാക്കണമെന്ന് ഞാൻ തീരുമാനിച്ചു…..

വാശിയായിരുന്നു അവനെന്നത് എനിക്ക്…
മറ്റുള്ളവരാഗ്രഹിക്കുന്നതു നേടാനുള്ള ത്വര…
പലവുരു അടുക്കാൻ ഇടപഴകാൻ ശ്രമിച്ചു പരാജയപ്പെട്ടു….അവസാന ശ്രമമെന്നോണം അവിടെ അവന്റെ ഏറ്റവുമടുത്ത സുഹൃത്തായ പ്രത്യുഷിന്റെ പ്രണയാഭ്യർത്ഥന ഞാൻ സ്വീകരിച്ചു…….അതും അവനോടടുക്കാൻ വേണ്ടി മാത്രം ഞാൻ പ്രത്യുഷിനെ ഒരു കരുവാക്കി….അതു വിജയിച്ചു…. അവൻ വഴി മാധവും ഞാനും തമ്മിൽ സൗഹൃദം സ്ഥാപിച്ചു…എനിക്കവനോടു സംസാരിക്കാൻ ഒപ്പം നടക്കാൻ ഒക്കെയും സാധ്യതകളായി….എന്നാലതു മാത്രം പോരായിരുന്നു എനിക്ക്… പഠനം കഴിഞ്ഞു പ്രത്യുഷിനെ ഞാൻ തന്ത്രപരമായി വിദേശത്തു ജോലിചെയ്യാൻ നിർബന്ധിച്ചു….

അവൻ അങ്ങനെ കാനഡയിലേക്കു പറിച്ചുനടപ്പെട്ടു….ഒരിക്കൽ ഞാനവനെ സന്ദർശിച്ചു…. വിദഗ്ധമായി അവന്റെ പാസ്പോർട്ട് മുതലായ രേഖകൾ ഞാൻ അവനറിയാതെ നശിപ്പിച്ചു….അങ്ങനെ അവനെ അവിടെകുടുക്കേണ്ടത്എന്റെആവശ്യമായിരുന്നു….ഞാൻ തിരിച്ചു നാട്ടിലെത്തി…. അവനെ വിളിച്ചു വീട്ടിൽ വിവാഹത്തിന് ഒരുക്കം കൂട്ടുന്നെന്നു പറഞ്ഞു മനസ്സിളക്കി എത്രയും പെട്ടന്നു വീടു വിടേണ്ട അവസ്ഥയാണെന്നു ധരിപ്പിച്ചു….അവനാ സമയം വരാൻ കഴിയില്ലെന്നെനിക്കുറപ്പായിരുന്നു… മതിയായ രേഖകൾ തയ്യാറാക്കാൻ സമയം വേണമായിരുന്നു…

അതിനുപായമായി ഞാൻ മാധവിന്റെ വീട്ടിലേക്കു മാറാമെന്നവനോടു പറഞ്ഞു…. അവൻ മാധവിനെക്കൊണ്ടുസമ്മതിപ്പിച്ചു….അവനിപ്പോഴെങ്ങും എത്തിച്ചേരാൻ കഴിയുകയില്ല… അതുകൊണ്ട് മാധവും ഞാനും തമ്മിൽ നിയമപരമായി വിവാഹം ചെയ്തു വച്ചു കഴിഞ്ഞാൽ എന്റെ വീട്ടുകാരിൽ നിന്നു രക്ഷപ്പെടാമെന്നും പ്രത്യുഷ് തിരിച്ചെത്തിക്കഴിഞ്ഞു ഞങ്ങൾ തമ്മിൽ വിവാഹം കഴിച്ചു മാധവുമായി വേർപെടാമെന്നും ഞാനവനു പോംവഴി ഉപദേശിച്ചു…അവനതു വിശ്വസിച്ചു അവൻ വഴി മാധവിനേയും സമ്മതിപ്പിച്ചു….അവൻ പറഞ്ഞാൽ മാധവ് എന്തും സമ്മതിക്കും അവർ തമ്മിൽ ഞാനറിയാത്ത എന്തോ ഒരു കടപ്പാടുണ്ട്…

അതു കണ്ടെത്താൻ കിണഞ്ഞു ശ്രമിച്ചിട്ടും എനിക്കു കഴിഞ്ഞില്ല… അല്ലെങ്കിലും എനിക്കതിന്റെ ആവശ്യം ഇല്ലല്ലോ…..മാധവുംഞാനും തമ്മിലുള്ള വിവാഹം നടന്നുകഴിഞ്ഞാൽ ഞാൻ എന്റെ വീട്ടുകാരെ കണ്ട് അനുനയിപ്പിച്ചിരിക്കും….അവിടെ എന്നോടൊപ്പമെത്തിക്കഴിഞ്ഞാൽ പിന്നെ അവനൊരു രക്ഷ സാധ്യമല്ല…. അവനെന്നുമെന്റേതായി മാറും……”ആരാധ്യയുടെ കണ്ണുകളിൽ കുടിലതയുടെ കനലെരിഞ്ഞതായി മിഴിക്കു തോന്നി….അവൾ തുടർന്നു…..”നീയിപ്പോൾ ചിന്തിക്കുന്നുണ്ടാവും മിഴീ സത്യങ്ങളെല്ലാം ഞാനിപ്പോൾ നിന്നോടു വിളിച്ചു പറഞ്ഞത് എന്റെബുദ്ധിമോശമാണെന്ന്……എന്നാൽ നിനക്കു തെറ്റി…. മാധവിനോട് ഇനി നീയെന്തു പറഞ്ഞിട്ടും കാര്യമില്ല….

അവൻ വിശ്വസിക്കില്ല…. നിന്റെ വിവാഹം മുടക്കാൻ നീ പടുത്തെടുത്ത കെട്ടുകഥയായേ അവനിതിനെയെടുക്കൂ…കാരണം നീയും ആ ശ്രീനാഥുമായി വിവാഹം വിശ്ചയിക്കാൻ പോവുകയാണ്… നിന്റെ ഇഷ്ടക്കേടു പ്രകടിപ്പിക്കുകയെന്നേ ആരും കരുതൂ….
മാത്രമല്ല നിനക്കു ഞാൻ പറഞ്ഞതു തെളിയിക്കാൻ തെളിയിക്കാൻ നിന്റെ പക്കൽ എന്തു തെളിവാണുള്ളത്??!!!പ്രത്യുഷിന്റെ വാക്കിൽ അവനു വിശ്വാസമാണ്…. അവന്റെ കടമയുടെ പുറത്ത് മാധവ് എന്നെ എന്തു വിലകൊടുത്തും സംരക്ഷിച്ചിരിക്കും….ഒരുകണക്കിന് മാധവ് അവന്റെ അമ്മയോടു എന്നെ പ്രണയിക്കുന്നെന്നു കള്ളം പറഞ്ഞതു നന്നായി…. അവനിനി അതു മാത്രമേ വഴിയുള്ളൂ….

പിന്നെ മിഴി നിന്റെയീ നാവിൽ നിന്നും വെറുതേ പോലുമിതെങ്ങാൻ പുറത്തേക്കു വല്ലതും വീണാൽ നീ മാത്രമായിരിക്കില്ല, നിന്റെ….., അല്ല ഇനി എന്റേതാവുന്ന മാധവും പരിണിതഫലം അനുഭവിക്കേണ്ടി വരും…അതു വളരെ കയ്പ്പേറിയതായിരിക്കും…അറിയാമോ എനിക്കു നിന്നെയോ മാധവിനെയോ കൊല്ലാനും മടിയില്ല…. എനിക്കു കിട്ടിയില്ലെങ്കിൽ ആർക്കും വേണ്ടെന്നു ഞാനങ്ങു നിശ്ചയിക്കും….മുന്നിലുള്ള തടസ്സങ്ങളെയൊന്നാകെ തീർത്തുതന്നെയാണ് ആരാധ്യ പലതും നേടിയെടുത്തിട്ടുള്ളത്….ഇനിയും അങ്ങനെത്തന്നെയായിരിക്കും……….”

……….തുടരും…………….