രചന : ആയിഷ അക്ബർ
അവൻ എന്തെങ്കിലും ജോലി തിരക്കിലാണോ…..
ആദിക്കുള്ള പാലെടുത് അവളവനെ കുടിപ്പിക്കുമ്പോഴാണ് അതേ മേശ മേൽ വന്നിരുന്നു മുത്തശ്ശിയത് ചോദിച്ചത്….ഇല്ലാ….. ഡോക്ടർക്ക് പനിയാണ്…. അത് കൊണ്ടാ പോകാതിരുന്നത്….അവൾ ഭാവ ഭേതങ്ങളൊന്നുമില്ലാതെ അതും പറഞ്ഞു കൊണ്ട് ആദിക്ക് പാല് കൊടുക്കുമ്പോൾ ഒരു നിമിഷം മുത്തശ്ശിയും കേട്ട് വന്ന രേവതിയും ഗായത്രിയും അവളെ നോക്കിയങ്ങനെ നിന്നു…..അവളൊന്നു തലയുയർത്തിയപ്പോഴാണ് തന്നെ നോക്കി നിൽക്കുന്നവരുടെ നോട്ടത്തിനർത്ഥം അവൾ വായിച്ചെടുത്തത്…..
ഞാൻ….. ചോദിച്ചപ്പോ അങ്ങനെയാ പറഞ്ഞത്….അത് പറഞ്ഞപോപ്പഴേക്കും അവളുടെ മുഖം ദയനീയമായിരുന്നു….അതിനു ഞങ്ങളൊന്നും പറഞ്ഞില്ലല്ലോ…..മുത്തശ്ശി അത് പറഞ്ഞു അല്പം ശബ്ദത്തിൽ ചിരിച്ച പ്പോൾ വേദ പതിയെ തല താഴ്ത്തി…….ഗായത്രിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു…..ആന്റി…. ഞാനെന്തിനാ ഇവിടേക്ക് വന്നത്….അവനെന്നെ കണ്ട ഭാവം പോലുമില്ല…….അതും പോട്ടെ….. അവളോടെല്ലാം പറയാൻ മാത്രം അവളവന്റെ ആരാ…..അടുക്കളയിലേക്ക് നടന്ന രേവതിയുടെ പിറകെ പോയി ഗായത്രിയത് പറയുമ്പോൾ വാക്കുകളിൽ വല്ലാത്ത ദേഷ്യത്തിന്റെ കലർപ്പുണ്ടായിരുന്നു…..
രേവതി പതിയെ അവൾക്ക് നേരെയൊന്ന് തിരിഞ്ഞു…..അത് മോള് സ്വയം ചോദിക്കേണ്ട ചോദ്യമാണ്…..രേവതി ശാന്തമായി അത് പറയുമ്പോൾ മ്പോൾ മനസ്സിലാകാത്ത വണ്ണം അവളവരെ നോക്കി….ആരോടും പറയാത്ത കാര്യങ്ങൾ അവളോട് പറയാനും ആ കുഞ്ഞിന് അവളെയെന്ന് വെച്ചാൽ ജീവനാകാനും എന്ത് പ്രത്യേകതയാണ് നിന്നെക്കാൾ അവൾക്കുള്ളതെന്ന് നീ സ്വയം തിരിച്ചറിയണം….ആ പ്രത്യേകത കൊണ്ട് മാത്രമേ ശിവയുടെ ഉള്ളിൽ കടന്ന് കൂടാൻ പറ്റു……രേവതി അവളുടെ തോളിൽ കൈ വെച്ച് അങ്ങേയറ്റം ശാന്തമായി അതും പറഞ്ഞവിടെ നിന്ന് നടക്കുമ്പോൾ ഗായത്രിക്ക് ശ്വാസം വിലങ്ങിയത് പോലെ തോന്നിയിരുന്നു….
അവളുടെ പ്രത്യേകത മനസ്സിലാക്കി അത് പോലെ ശ്രമിച്ചാൽ മാത്രമേ അവന്റെ മനസ്സിൽ കയറി കൂടാൻ പറ്റു എന്നതിനർത്ഥം അവളവന്റെ മനസ്സിൽ കയറിയിട്ടുണ്ട് എന്നത് കൂടിയല്ലേ….അതേ…. അത് തന്നെയാണ്….ആന്റിയുടെ സംസാരത്തിലും ഭാവത്തിലും അങ്ങനെ യൊന്നു തന്നെയാണ് കാണുന്നത്…..മുമ്പ് തന്നോട് കാണിച്ചിരുന്ന ആ അടുപ്പവും വല്ലാതെ കുറഞ്ഞത് പോലെയുണ്ട്……
അവൾക്ക് വല്ലാത്തൊരു വിങ്ങൽ മനസ്സിൽ കടന്ന് കൂടി… ഇപ്പൊ എന്തായി…..
ഞാൻ അപ്പൊഴേ നിന്നോട് പറഞ്ഞതല്ലേ…..
അരുണിമ അവൾക്കരികിൽ വന്നത് കൂടി പറയുമ്പോൾ ഗായത്രിയുടെ ദേഷ്യം ഇരട്ടിച്ചതേയുള്ളൂ …..അവളെ ഇവിടെ നിന്ന് പടിയിറക്കാൻ എന്തെങ്കിലുമൊന്ന് നമ്മൾ മെനഞ്ഞേ തീരു……
അരുണിമ അവൾക്ക് ആശ്വാസത്തിനെന്ന വണ്ണം അത് പറയുമ്പോൾ രണ്ട് പേരും അങ്ങേയറ്റം കണക്ക് കൂട്ടലുകളിലായിരുന്നു……
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
വേദ ആദിക്ക് പാല് കൊടുത്ത് കൊണ്ടിരിക്കുമ്പോഴാണ് ശിവയങ്ങോട്ട് വരുന്നത്…..നീ എങ്ങോട്ടാ എഴുന്നേൽക്കുന്നത്… അവിടെയിരുന്നോ…..ആ ടേബിളിലേക്ക് അവൻ കൂടി വന്നിരുന്നത് കണ്ട് അവൾ എഴുന്നേൽക്കുമ്പോഴാണ് മുത്തശിയത് പറഞ്ഞത്….
അവൾ പതിയെ അവിടെയിരുന്നു…..ശിവ അവളെ ശ്രദ്ധിക്കുന്നില്ലെന്ന വണ്ണം അങ്ങനെയിരുന്നു ……നിനക്ക്പനിയാണെന്ന്വേദപറഞ്ഞു……ശെരിയാണോടാ…..മുത്തശ്ശി അവനെ കളിയാക്കി കൊണ്ടാണ് അത് ചോദിച്ചതെന്ന് ആ ഈണത്തിൽ നിന്നും മനസ്സിലായത് കൊണ്ട് തന്നെ അവനാകെ ചൂളി പോയിരുന്നു….എന്താ പറയേണ്ടതെന്നറിയാതെ അവനങ്ങനെ ഇരുന്ന് പരുങ്ങി…..
വേദക്കും മുഖമുയർത്താൻ കഴിഞ്ഞില്ല….ആ….. ഇപ്പൊ ചെറിയൊരു പനിയുണ്ട്…..ശിവ പരുങ്ങലോടെ മുഖത്ത് നോക്കാതെ അത് പറഞ്ഞൊപ്പിക്കുമ്പോൾ മുത്തശ്ശി തല കുലുക്കി കൊണ്ടൊന്നു ചിരിച്ചതും അവൻ പെട്ടെന്ന് അവിടെ നിന്ന് എഴുന്നേറ്റ് പോയിരുന്നു…….വേദക്കും മുത്തശിയെ നോക്കാൻ കഴിഞ്ഞിരുന്നില്ല….അവൾ തല കുനിച്ചു തന്നെ യിരുന്നു…….അവൻ മുകളിലുള്ളത് കൊണ്ട് തന്നെ അന്നവൾ അധികം ആ കോണിപ്പടികൾ കയറിയില്ല……എന്തോ അവൻ കൂടെ വേണമെന്ന തോന്നലാണെങ്കിലും അവനെ കാണുമ്പോൾ ആ ചാര മിഴികളെ നേരിടാൻ കഴിയുന്നില്ല തനിക്ക്…..
അവൻ താഴേക്ക് ഇറങ്ങി വരുന്ന സമയങ്ങളിലൊക്കെയും ആ കണ്ണുകൾ തന്നിലേക്ക് പാറി വീഴുമ്പോൾ ഉള്ളിൽ നിന്നൊരു വിറയലാണ്….ഇത് വരെ യില്ലാത്തൊരു അനുഭൂതി……..ആദി ഉറങ്ങിയ സമയത്ത് താനവനെ കിടത്താൻ ചെന്നപ്പോൾ അവൻ കട്ടിലിൽ അങ്ങനെയിരിക്കുകയാണ്….ഇടയ്ക്കിടെ ചുമക്കുന്നുണ്ട്…പൊതുവെ ചുവന്ന ആ മുഖം ഒന്ന് കൂടി ചുവന്നത് പോലെ…..പാവം…. വയ്യാനിട്ട് തന്നെയാവും…..വയ്യായ്കയെ കുറിച് ചോദിക്കണമെന്നുണ്ടെങ്കിലും എന്തോ ഒരു ഉൾ ഭയം…..അവൻ തന്നിൽ നിന്ന് കൂടുതലേതെങ്കിലും പ്രതീക്ഷിക്കുമോയെന്ന ഭയം……അവൾ പതിയെ പുറത്തേക്ക് നിന്നു…..
ആദി ഉണർന്നാൽ താഴേക്ക് കേട്ടില്ലെങ്കിലോ. … വയ്യാത്ത അവനെടുക്കേണ്ടേ എന്ന് വിചാരിച്ചു അവൾ താഴേക്ക് പോയില്ല….പകരം….. ആ വരാന്തയിലങ്ങനെ ഇരുന്നു…..മുറിയിൽ നിന്ന് ഇടക്കിടെ തന്നിലേക്ക് നീളുന്ന ആ മിഴികൾ അവൾക്കെന്തോ വല്ലാത്തൊരു അനുഭൂതി നൽകിയിരുന്നു……ഒരു നോട്ടത്തിന് ഇത്രയേറെ മനസ്സിനെ സന്തോഷിപ്പിക്കാൻ കഴിയുമെന്ന് താനറിഞ്ഞത് അവനെ കണ്ടതിനു ശേഷമാണ് …….ഇതാണോ അനുരാഗം…..താനവന് ഭ്രാന്തിയായ ഒരു അനുരാഗിയായി മാറുകയാണോ….
അതും സ്വയം എന്തെന്ന് ചിന്തിക്കാൻ പോലും കഴിയാത്ത വിധം…….അവൾ പുറത്തേക്ക് മിഴികൾ നട്ടങ്ങനെ ഇരുന്നു…..ആദി ഉറക്കിൽ നിന്നെഴുന്നേറ്റപ്പോൾ അവൾ മുറിയിൽ ചെന്ന് അവനെ എടുത്തു….കട്ടിലിൽ കിടന്നിരുന്ന ശിവ അപ്പോൾ ഉറങ്ങുകയാണ്……..അവൾ ശബ്ദമുണ്ടാക്കാതെ ആദിയെ എടുത്ത് അമർത്തി ചുംബിച്ചു കൊണ്ട് താഴേക്ക് നടന്നു…അവന്റെ കുഞ്ഞി കവിളുകൾ തനിക്കെത്ര ചുംബിച്ചാലും കൊതി തീരില്ല…..ഒരു സമയത്ത് താനത് അത്രയേറെ ആഗ്രഹിച്ചത് കൊണ്ടാവാം ഒരു പക്ഷെ….പക്ഷെ അവനിൽ പതിവ് ചിരിയില്ല….എന്തോ ദേഹമെല്ലാം ചെറിയൊരു ചൂടുണ്ട്…..ചിരിയും കളിയുമെല്ലാം കുറഞ്ഞിട്ടുണ്ട്…..ശിവാ……?ആദിയെ എടുത്ത് പാല് കൊടുക്കുമ്പോഴാണ് പതിഞ്ഞ ശബ്‍ദത്തിൽ ചോദ്യ ഭാവത്തിൽ രേവതിയത് ചോദിച്ചത്….
ഉറങ്ങുകയാണ്…..അവളും പതിയെ മറുപടി നൽകി….ആ മറുപടി നൽകിയ ധൈര്യത്തിലെന്ന പോൽ അവർ ആദിയെ കൊഞ്ചിക്കാൻ തുടങ്ങി…എന്നാൽ അവൻ ചിരിക്കുന്നത് പോലുമില്ലായിരുന്നു….അവനെ ചെറിയൊരു ചൂടുണ്ട്….. പനി വരുന്നെന്നാ തോന്നുന്നത്…അതാണ് ഉഷാറില്ലാത്തത്….അവളത് പറയുമ്പോൾ ആ വാക്കുകളിൽ വല്ലാത്തൊരു വിങ്ങൽ തളം കെട്ടി നിന്നിരുന്നു…കാരണം തന്റെ കുഞ്ഞിന് ആദ്യമായി അസുഗം വന്ന അമ്മയുടെ എല്ലാ വേവും ചൂടും അവൾക്കുമുണ്ടായിരുന്നു…..
അപ്പോഴേക്കും മുത്തശിയും അങ്ങോട്ട് കടന്ന് വന്നിരുന്നു……കുഞ്ഞിന് വയ്യെന്ന് പറയുമ്പോൾ വേദയുടെ കണ്ണിലുള്ള ആ ഭാവം കാൻകെ മുത്തശ്ശിക്കും രേവതിക്കും ഒരു പോലെ അത്ഭുതം തോന്നിയിരുന്നു….സ്വന്തം കുഞ്ഞിനെ പോലെ എങ്ങനെയാണ് അവൾക്കത്രയേറെ ആത്മാർത്ഥമായി അവനെ സ്നേഹിക്കാൻകഴിയുന്നതെന്നോർത്ത്……
അപ്പോഴേക്കും ചുമയുടെ അകമ്പടിയോടെ ശിവയും അങ്ങോട്ട് വന്നിരുന്നു….ശിവാ….. കുഞ്ഞിനും പനിക്കുന്നുണ്ട്…..ആണോ…. മ്മ്…..അവനു മരുന്ന് കൊടുക്കാം…..മുത്തശ്ശി പറഞ്ഞതിന് ശിവ മറുപടി പറയുമ്പോൾ വാക്കുകളിൽ അവന്റെ അവസ്ഥ തെളിഞ്ഞു കാണുന്നുണ്ടായിരുന്നു….
എങ്കി വേദ പോകുന്നതിനു മുൻപ് മരുന്നേതെന്ന് വെച്ചാൽ എടുത്ത് കൊടുക്ക്….അവൾക്ക് പോകാൻ നേരമായി……പെട്ടെന്ന് മുത്തശ്ശിയത് പറഞ്ഞതും ശിവ മിഴികളുയർത്തി അവളിലേക്കൊന്ന് നോക്കി…..അവളും വല്ലാത്തൊരു ഭാവത്തോടെ അവനെതന്നെനോക്കിനിൽക്കുകയാണ്…..പോകേണ്ടെന്ന് എങ്ങനെ പറയുമെന്ന് അവനും പോകാതിരിക്കാൻ അവനൊന്ന് പറഞ്ഞിരുന്നെങ്കിലെന്ന് അവളും അത്ര മേൽ ആഗ്രഹിച്ചിരുന്നു….കാരണം അവന്റെ ആ അവസ്ഥയിൽ അവൻ കുഞ്ഞിനെ എങ്ങനെ നോക്കുമെന്ന ആശങ്ക അവളുടെ ഉള്ളിൽ കിടന്നു നീറുകയായിരുന്നു….
പക്ഷെ അവൻ പറയാതെ താനെങ്ങനെ നിൽക്കും…….അവൾ ദയനീയമായി അങ്ങനെ നിന്നു… കണ്ണുകളിൽ ഒത്തിരി ചോദ്യങ്ങൾ നിറച്ചു കൊണ്ട്….അവന്റെ കണ്ണുകളിലും അതിനുള്ള ഉത്തരം തനിക്ക് കാണാമെങ്കിലും വാക്കാൽ പറയാതെ എങ്ങനെ……അവളൊരു നിമിഷം ആദിയേ കൂട്ടി പ്പിടിച്ചങ്ങനെ നിന്നു…..വേദാ….. മോൾക്ക്… ഇവിടെ നിൽക്കാൻ പറ്റുമോ….
പെട്ടെന്നത് ചോദിച്ചത് രേവതിയായിരുന്നു….ആ ചോദ്യം അത്ര മേൽ രണ്ട് പേർക്കും അത്യാവശ്യമായിരുന്നത് കൊണ്ട് തന്നെ രണ്ട് പേരും ഒരു പോലെ രേവതിയിലേക്ക് നോക്കി….അല്ലാ… അവനും വയ്യ… കുഞ്ഞിനും വയ്യാ…..
അത് കൊണ്ടാണ് ഞാൻ ചോദിച്ചത്……
വയ്യാത്ത അവൻ എങ്ങനെ കുഞ്ഞിനെ ന്നോക്കും….അവന് അവന്റെ കുഞ്ഞിന്റെ കാര്യമാണ് വലുതെങ്കിൽ എനിക്കും അത് പോലെ എന്റെ കുഞ്ഞ് തന്നെയാണ് വലുത്…….
രേവതി വേദയോടാണ് അത് പറഞ്ഞതെങ്കിലും നോട്ടം ശിവായിലേക്കായിരുന്നു….എന്തോ ആ വാക്കുകൾ വല്ലാതെ ഇടറി യിരുന്നു…..ശിവ ഒന്നും മിണ്ടിയില്ലെങ്കിലും അവന്റെ മനസ്സിലത് നന്നായി പതിച്ചിരുന്നു ….തന്നെ അത്ര മേൽ അമ്മ മനസ്സിലാക്കുന്നു എന്നത് തന്നെയാണ് അവന്റെ ഹൃദയം അവനെ ഓർമിപ്പിച്ചത്……മോൾക്ക്….. മോൾക്ക് ബുദ്ധിമുട്ടുണ്ടോ…..ഒന്നും പറയാതെ നിൽക്കുന്ന അവളോട് വീണ്ടും രേവതി അത് ചോദിക്കുമ്പോൾ അവൾ പതിയെ ഇല്ലെന്ന് തലയാട്ടി…..എല്ലാവരുടെ മുഖവും ഒന്ന് തെളിഞ്ഞു….ശിവയുടെ ചുണ്ടിലും പതിഞ്ഞൊരു പുഞ്ചിരി വിരിഞ്ഞു…….വേദക്കും ആ ചോദ്യം നൽകിയആശ്വാസചെറുതായിരുന്നില്ല…..എനിക്ക്…. അവരോടൊന്നു വിളിച്ചു പറയണം…..ശിവാ…. ആ ഫോണോന്ന് കൊടുത്തേ……
അവൾ രേവതിയോട് അത് പറഞ്ഞതും രേവതി ശിവയോട് അല്പം ഗൗരവത്തിൽ തന്നെ അത് പറഞ്ഞിരുന്നു…..വർഷങ്ങൾക്ക് ശേഷം അവരുടെ സംസാരം അവിടെ തുടങ്ങുമ്പോൾ മുത്തശ്ശിയുടെ മുഖത്തും ഒരു മന്ദഹാസം വിരിഞ്ഞിരുന്നു……
അവൻ പതിയെ പോക്കറ്റിൽ നിന്നും ഫോണെടുത്തു അവൾക്ക് നേരെ നീട്ടി…..അവൾ അഞ്ചുവിനെ വിളിച്ചു പറയാൻ അല്പം മാറി നിൽക്കുമ്പോൾ അവൾ പിറകിലേക്കൊന്ന് തിരിഞ് നോക്കി…ഒരു പുഞ്ചിരിയോടെ അവന്റെ മിഴികൾ അവളെ പിന്തുടരുന്നുണ്ടായിരുന്നപ്പോഴും…….
(തുടരും)

by