രചന : റിസ്വാന
ഉദിച്ച് വരാൻ മടിച്ച് നിൽക്കുന്ന സൂര്യനെ കാക്കാതെ, അഗ്നിമിത്രയുടെ നിലവിളിയുടെ ആകർഷണത്താൽ കോവിലകം ഉണർന്നു.ചുറ്റും ആളുകൾ കൂടിപ്പോൾ, പ്രണയിനികളുടെ അഘാതമായ മൗനപ്രണയ നിമിഷങ്ങൾക്ക് ഒരേ ഒരു സാക്ഷിയായ, വെള്ളി മൂർഖൻ ചിതൽ പുറ്റിനുള്ളിലേക്ക് തന്നെ തിരിച്ച് പോയി.അതോടെ തടിച്ച് കൂടിയ ആളുകളും പിരിഞ്ഞ് പോയി എങ്കിലും, രണ്ട് പേരും ഈ സമയത്ത് കൃത്യമായി എങ്ങനെ അവിടെ എത്തിപ്പെട്ടു എന്നതിന് ഉത്തരം ലഭിക്കാതെ ചിലർ പലതും പറഞ്ഞ് തുടങ്ങി.
പ്രഭാത ഭക്ഷണം കഴിഞ്ഞ് സഭ വീണ്ടും കൂടി, മത്സരത്തിന്റെ വിജയിയായ ഉമറിന് കൈനിറയെ പാരിതോഷികം കൈമാറി, ‘തന്റെ ചെറിയൊരു സന്തോഷത്തിന് ഇത് സ്വീകരിക്കണമെന്ന’ അഭ്യർത്ഥനയോടെ അവൻ അഗ്നിമിത്രക്ക് ഒരു പട്ട്പുടവ സമ്മാനിച്ചു. ചുവപ്പും മാതളത്തിന്റെ നിറവും ചേർന്ന മനോഹരമായ പട്ട് ചേല, അഗ്നിമിത്ര സന്തോഷപൂർവ്വം സ്വീകരിച്ചു.തന്റെ മകളുടെ ജീവൻ, അഭായപ്പെട്ട സമയത്ത് ധൈര്യം കൈവിടാതെ അവളെ സംരക്ഷിച്ചതിന്, മോഹന പ്രതാപ വർമയുടെ വക പാരിതോഷികം തന്റെ കൈയ്യിൽ കിടന്ന വൈര മോതിരവും കഴുത്തിൽ കിടന്ന വൈര്യ കല്ലുകൾ പതിപ്പിച്ച മാലയും ആയിരുന്നു.സന്തോഷ പൂർവ്വം അത് നിരസിച്ചെങ്കിലും, തമ്പുരാൻ അതിന് സമ്മതിച്ചില്ല. തന്റെ ജീവൻ വേണ്ടി കാവൽ നിന്ന പ്രണയ നായകന് അഗ്നിമിത്രയും ഒരു പ്രത്യേക സമ്മാനമൊരുക്കിയിരുന്നു. അവൾ വരച്ച ഉമറിന്റെ ചിത്രമായിരുന്നു അത്.
ഈ ദേശത്ത് വരുമ്പോൾ ഇനിയും കോവിലകത്ത് വരണം എന്ന അഛന്റെയും മകളുടെയും സ്വീകരണത്തിന്, ദൈവ വിധിയുണ്ടെങ്കിൽ വീണ്ടും കാണാം എന്നുറപ്പ് നൽകി ഉമർ അവിടന്ന് തിരിച്ചു.iപിന്നീടുള്ള അഗ്നിമിത്രയിലെ മാറ്റങ്ങൾ, അവളുടെ ഉറ്റ ചങ്ങാതിയും അഛൻ പെങ്ങളുടെ മകളും ജ്യേഷ്ഠൻ മഹേഷിന് വേണ്ടി വേളിയുറപ്പിച്ച നിരഞ്ജനക്ക് മനസ്സിലാകാവുന്നതായിരന്നു. അവൾ അഗ്നിമിത്രയെ വേണ്ടാത്ത ചിന്തകളിൽ നിന്നും മാറ്റി നിർത്താൻ പരമാവധി ശ്രമിച്ചു.എന്നാൽ അവളുടെ മനസ്സ് മാറിയിലെന്ന് മാത്രമല്ല ഉമറിനെ കാണാനും സ്വന്തമാക്കുവാനും വേണ്ടി തുടിച്ച് കൊണ്ടേയിരുന്നു.
കൈ നിറയെ പാരിതോഷികങ്ങളുമായി മലബാറിൽ തിരിച്ചെത്തിയെങ്കിലും എന്തോ നഷ്ടപ്പെട്ടവനെ പോലെ ഉമർ പലതും തേടി കൊണ്ടിരുന്നു. മൂന്നു മാസം കൂടുമ്പോൾ മാത്രം നടത്തിയിരുന്ന ശ്രീപുരം യാത്ര, അഗ്നിമിത്രയെ കാണാൻ വേണ്ടിമാത്രം ഒരോ മാസവും മുടങ്ങാതെ നടത്തി കൊണ്ടിരുന്നു.
അങ്ങിനെ അവരുടെ പ്രണയം പൂത്ത് തളിർത്തു. കോവിലകത്തെ തമ്പുരാട്ടി കുട്ടിയുടെയും കച്ചവടക്കാരൻ ഉമറിന്റെയും പ്രണയം രണ്ട് ദേശങ്ങളിലും, പാണന്മാർ പാടി നടക്കുന്ന പാട്ട് പോലെ പരന്ന് ഒഴുകി കൊണ്ടിരുന്നുഉടനെ വിവരങ്ങൾ കോവിലകത്തെ തമ്പ്രാക്കന്മാരുടെ ചെവിയിലുമെത്തി. അഗ്നിമിത്ര വീട്ടു തടങ്കലിലായി, ഉമറിനെ ഈ ദേശത്ത് ഇനി കച്ചവടം ചെയ്യാൻ പോയിട്ട് കാലു കുത്താൻ പോലും സമ്മതിക്കില്ല എന്ന പ്രഖ്യാപനം ഉയർന്നു.
ഉമറിന്റെ സുഹൃത്തുക്കൾ വഴിയും, കോവിലകത്തെ പണിക്കാരും അഗ്നിമിത്രയുടെ ദാസിമാരും വഴി അവർ വിവരങ്ങൾ അറിഞ്ഞു.ഉമർ വന്ന് വിളിച്ചാൽ എപ്പോൾ വേണമെങ്കിലും എവിടേക്ക് വേണമെങ്കിലും ഇറങ്ങിവരാൻ തയ്യാറാണെന്നും, അങ്ങിനൊരു വിളിക്കായി കാത്തിരിക്കുകയാണെന്നും, അഗ്നിമിത്രയുടെ ദാസിമാർ വഴി അവൻ അറിഞ്ഞു.പിന്നീടുള്ള നിമഷങ്ങൾ ഒരോന്നും, എങ്ങനെ കോവിലകത്ത് നിന്ന് പുറത്ത് കടക്കാം എന്ന ചിന്തയായിരുന്നു രണ്ട് പേർക്കും.അവരുടെ സമാംഗമത്തിന് ദൈവത്തിന്റെ സമ്മതം കിട്ടിയെന്ന പോലെ, അവരുടെ പ്രാർത്ഥനക്കും കാത്തിരിപ്പിനും ഒടുവിൽ ദുർഗാ കോവിലിൽ പൂജയുടെ നാളുകൾ എത്തി.
ഓർമ വെച്ച നാൾ മുതൽ അവൾ ഈ പൂജയിൽ തന്റെ പങ്കാളിത്തത്തിന്ന് മുടക്കം വരുത്തിയിട്ടില്ല. പത്ത് ദിവസത്തെ പ്രധാനപ്പെട്ട വിശേഷ പൂജയാണ്. ആ ദിവസങ്ങളിൽ കോവിലകത്തുള്ളവരെല്ലാം അവിടെ തന്നെ തങ്ങാറാണ് പതിവ്.ഈ പത്ത് ദിവസങ്ങളിൽ ഒരു ദിവസം കോവിലകത്ത് നിന്ന് ഇറങ്ങാം എന്ന് തീരുമാനിച്ചു. ആദ്യ രണ്ട് ദിവസവും പൂജക്ക് പോയിട്ട് ബാക്കിയുള്ള ദിവസങ്ങളിൽ, പുറത്താണെന്ന് പറഞ്ഞ് കോവിലകത്ത് തന്നെ നിന്ന്, അവസാന ദിവസത്തിന്റെ തലേന്നുള്ള മൂന്ന് ദിവസങ്ങളിൽ ഏതിലെങ്കിലും ഉമറിന്റെ കൂടെ ഇറങ്ങാൻ തീരുമാനിച്ചു. പൂജയുടെ തിരക്കിൽ തന്റെ മേലുള്ള നോട്ടം കുറയുമെന്നും അവൾ ഊഹിച്ചു.അങ്ങനെ ദുർഗാ പൂജയുടെ തലേ ദിവസം, ഉമർ ശ്രീപുരത്ത് എത്തിയ വിവരം ദാസിമാർ വഴി അറിഞ്ഞു. എങ്കിലും അതിന്റെ സന്തോഷം പുറത്ത് കാണിക്കാതെ അവൾ പൂജയ്ക്കൊരുങ്ങി.
ആദ്യ മൂന്ന് ദിവസങ്ങളിലും അവൾ പൂജക്ക് പോയി, മനമുരുകി പ്രാർത്ഥിച്ചു. ഉമറിനൊപ്പം ജീവിക്കാൻ ദുർഗാദേവിയുടെ അനുഗ്രഹം വാങ്ങി. ദേവിയുടെ അനുഗ്രഹം കൊണ്ടെന്ന പോലെ അവൾ പൂജയുടെ മൂന്നാം ദിവസം പുറത്തായി. ദേവിയോട് നന്ദി പറഞ്ഞ് അവളും അരുന്ധതിയും മഹേഷും ചെറിയമ്മയും വീട്ടിലെത്തി.രണ്ട് ദിവസം അവളെ നിരീക്ഷിച്ച്, സംശയമൊന്നും തോന്നാത്തതു കൊണ്ട് പണിക്കാരികളെയും ദാസിമാരെയും അവളെ നോക്കാൻ ഏൽപ്പിച്ച് അവർ പൂജാ സ്ഥലത്തേക്ക് മടങ്ങി.പിറ്റേ ദിവസം സന്ധ്യാസമയം, ഉമർ ആരും കാണാതെ കോവിലകത്ത് കയറി, അഗ്നിമിത്രയുടെ അടുത്തെത്തി. കുറേനാളുകൾക്ക് ശേഷം തന്റെ പ്രാണനെ ദർശിച്ച സന്തോഷത്തിൽ, രണ്ട് പേരും മതിമറന്നങ്ങനെ ഒന്നും ഉരിയാടാനില്ലാതെ, കണ്ണിൽ നോക്കി നിന്നു.
അവരുടെ പ്രണയ നിമിഷങ്ങളെ തകർത്തു കൊണ്ട്, ഗുണശേഖര വർമയും പത്നി സരസ്വതിയും കോവിലകത്ത് എത്തി. അവരുടെ ശബ്ദം കേട്ട് ഉമറും അഗ്നിമിത്രയും പരിഭ്രാന്തരായി, ആരും കാണാതെ ഉമറിനെ പത്തായ പുരയിൽ ഒളിപ്പിച് കൊണ്ട് അവൾ അവരുടെ അടുത്തേക്ക് പോയി.
പൂജാവിശ്യാർത്ഥം കർപ്പൂരവും ഒരു പറ നെല്ലും എടുക്കാൻ വന്നതായിരുന്നു അവർ. പണിക്കാരെ കൊണ്ട് നെല്ലെടുപ്പിച്ച് അവർ തിരിച്ച് പോയപ്പോഴാണ് അവൾക്ക് ആശ്വാസമായത്.അവർ പോയതിന് ശേഷം അവൾ ഉമറിനെ തിരിച്ച് വിളിച്ച്, നാളെ ഇതേ നേരം കോവിലകത്ത് നിന്ന് ഇറങ്ങാമെന്നും, കുളത്തിനടുത്തുള്ള സർപ്പകാവിന്റെ അരികിലുള്ള വഴിയറ്റത്ത് കാത്ത് നിൽക്കണമെന്നും പറഞ്ഞു. ഉമർ പോകാൻ നിന്നപ്പോൾ അവൾക്ക് കൊണ്ട് പോകാനുള്ള കുറച്ച് സാധനങ്ങളും കൊടുത്തയച്ച്, നാളെ മലബാറിലേക്ക് തിരിക്കാൻ ഒരുങ്ങിയിരുന്നോളാനും പറഞ്ഞു.
അവളുടെ സാധനങ്ങളുമായി അവൻ അവിടന്ന് ആരും കാണാതെ വേഗം താൻ ഒളിച്ച് താമസിക്കുന്നിടത്തേക്ക് പോയി. അവൾ പറഞ്ഞ കാര്യങ്ങളെല്ലാം അവൻ തന്റെ കൂട്ടുകാരോട് പറഞ്ഞു. നാളെ കൊണ്ട് പോകുവാൻ വേണ്ടുന്നതെല്ലാം ഒരുക്കി വെച്ചു.അന്നത്തെ രാത്രിയിൽ രണ്ട് പേർക്കും ഉറക്കമില്ലാത്തതായിരുന്നു. പലതും ചിന്തിച്ച് രണ്ട് പേരും ആ രാത്രിയെ തള്ളി നീക്കി, നേരം ഒന്ന് പെട്ടന്ന് പുലർന്ന് സന്ധ്യ മയങ്ങിയിരുന്നുവെങ്കിൽ എന്നാശിച്ചു.ചിന്തിച്ച് ചിന്തിച്ച് രാത്രിയുടെ ഏതോ അകാല യാമത്തിൽ ഉറങ്ങിപ്പോയ അവരുടെ പ്രതീക്ഷകൾക്ക് തിരി തെളിച്ച് കൊണ്ട്, സൂര്യൻ കിഴക്കുദിച്ച് വന്നു.
സന്ധ്യയാകുന്നത് വരേയുള്ള ഒരോ നിമിഷവും അവർക്ക് ഒരോ യുഗങ്ങൾ പോലെ തോന്നിച്ചു.അവരുടെ പ്രാർത്ഥന പോലെ സന്ധ്യ മയങ്ങി, ഉമർ മഗ്രിബ് നിസ്കാരം കഴിഞ്ഞ് ആരും കാണാതെ, അവൾ പറഞ്ഞ വഴിവക്കിൽ കാത്തിരുന്നു. ത്രിസന്ധ്യാ നേരത്തെ വിളക്ക് വെക്കലും പ്രാർത്ഥനയും കഴിഞ്ഞ് കോവിലകത്തുള്ള പണിക്കാരും മറ്റും വിശ്രമിക്കുന്ന നേരം അവൾ മെല്ലെ, കോവിലകം വിട്ടിറങ്ങി.അവളുടെ പാദങ്ങൾ കോവിലകത്തിന് പുറത്ത് കുത്തിയതും എവിടെ നിന്നോ പാഞ്ഞ് വരുന്ന പോലെ, വലിയൊരു ഇടിയോട് കൂടി ശക്തമായ ഒരു മിന്നൽ പിണർപ്പ് ഭൂമിയിലേക്ക് വന്ന് പതിച്ചു, സർപ്പ കാവിനടുത്തെത്തിയപ്പോൾ അവൾ നാഗ ദേവതമാരോട് ഒരു നിമിഷം കൈകൂപ്പി പ്രാർത്ഥിച്ചു.
തുടരും

by