രചന : റിസ്വാന.എൻ
പൂർത്തീകരിക്കാത്ത ഏതോ ചിത്രം, വരക്കാൻ തുടങ്ങുകയാണ്. ആ ചിത്രത്തിൽ നോക്കി എന്തൊക്കെയോ പറയുന്നുണ്ട്, വ്യക്തമായി കേൾക്കുന്നില്ല, അവൻ അവളുടെ അടുത്തേക്ക് ഒന്ന് കൂടി നീങ്ങി നിന്നു.”പൗരുഷം തുളുമ്പുന്ന മേനിഴയകുള്ള ഗന്ധർവാ.., അങ്ങ് ആരാണ്, ഏത് ദേശക്കാരനാണ്, താങ്കളുടെ സംസാരവൈഭവത്തിൽ നിന്നറിയാം താങ്കൾ അന്യദേശക്കാരനാണെന്ന്.
ഇന്ന് വരെ, ഒരു പുരുഷ ശരീരത്തിനും എന്നെ ആകർഷിക്കാൻ കഴിഞ്ഞിട്ടില്ല.. എന്നാൽ താങ്കളെ കണ്ട നിമിഷം മുതൽ ഞാൻ, താങ്കളിൽ ആകൃഷ്ടനായിരിക്കുന്നു.
കാളകൂറ്റന്റെ ഉറപ്പുള്ള നെഞ്ചിൻ കൂടും പ്രസന്നതയുള്ള മുഖവും ഇരു നിറമാണെങ്കിലും, പുഞ്ചിരിക്കുമ്പോൾ ആയിരം ചന്ദ്രന്മാർ ഉദിക്കുന്ന ശോഭയും ഉള്ള ശരീരം ആരാണ് കൊതിക്കാത്തത്.. ഇരു നിറമുള്ളവനാണെങ്കിലും കനിവുള്ള ഹൃദയത്തിന്റെ സൂക്ഷിപ്പുകാരനാകും..”ഇതെന്താ സംഭവം, ചിത്രം നോക്കി കവിത രചിച്ചിരിക്കുകയാണോ എന്നൊരു ചോദ്യവും മനസ്സിൽ കരുതി അവൻ ഒന്നു കൂടെ, പണിപ്പെട്ട് തൂണും ചാരി ചരിഞ്ഞ് നോക്കി.. അവന്റെ കൈ തട്ടി ഒരു പാത്രം തെറിച്ചു, അതിലുണ്ടായിരുന്ന ചുവന്ന ചായം, ബാക്കി ചിത്രം പൂർത്തീകരിക്കുവാൻ ഇരുന്ന അവളുടെ നെറ്റിയിലേക്ക് തെറിച്ചു,
സീമന്തരേഖയിൽ സിന്ദൂരം ചാർത്തിയ പോലെയായി, അവൾ എന്തെങ്കിലും പറയുന്നതിന് മുന്നേ അവൻ, അവളുടെ വായ പൊത്തി “ക്ഷമിക്കണം തമ്പുരാട്ടി, ഞാൻ അറിയാതെ ഇവിടെ കയറി പോയതാണ്.. ബഹളം വെച്ച് ആളെ കൂട്ടരുത്” ഇത്രയും പറഞ്ഞൊപ്പിച്ചു.ബലിഷ്ഠമായ അവന്റെ കരങ്ങൾ, അവളുടെ കൈകൾ പോലെ മൃദുലമായിരുന്നില്ല, കാരിരുമ്പിന്റെ ശക്തിയുള്ള അവന്റെ കൈകൾ തട്ടി മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ, ആ മുഖം കണ്ട് ഒരു നിമിഷം അവൾ സ്തംഭിച്ചു നിന്നു.അവൾ ശാന്തമായത് കണ്ട് അവൻ മെല്ലെ കൈകൾ എടുത്തു. അപ്പോഴും അവൾ അവനെ തന്നെ നോക്കി നിന്നു. ഒരിക്കൽ കൂടി ക്ഷമാപണം നടത്തി കൊണ്ട് പോകാനൊരുങ്ങിയപ്പോൾ അവന്റെ കരങ്ങൾ പിടിച്ച് കൊണ്ട് അവൾപറഞ്ഞു:”ഒരു നിമിഷം നിന്നാലും”
അവളുടെ കൈപിടിയിൽ നിന്നും മോചനം നേടി അവൻ കാര്യമന്വേഷിച്ചു. അവൾ വരച്ച് കൊണ്ടിരുന്ന ചിത്രം ചൂണ്ടി കാണിച്ച് കൊണ്ട് പറഞ്ഞു:”താങ്കളെ മനസ്സിൽ ഉൾക്കൊണ്ട് വരക്കാൻ ശ്രമിച്ചതാണ്”
അപ്പോഴാണ് അവനും ആ ചിത്രത്തിലേക്ക് ശ്രദ്ധിച്ചത്, അതെ തന്റെ രൂപം, ഈ രൂപത്തിൽ നോക്കിയാണോ, ഇവൾ ഇത്രയും നേരം കവിത രചിക്കും പോലെ പ്രണയാർദ്ധമായി സംസാരിച്ച് കൊണ്ടിരുന്നത്, ഇത്രയും സുന്ദരിയായ തമ്പുരാട്ടിയെ ആകർഷിക്കാൻ മാത്രം സൗന്ദര്യത്തിന്റെ എന്ത് അംശമാണ് എന്നിലുള്ളത്, അവന്റെ ചിന്തകൾ ശരവേഗത്തിൽ പാഞ്ഞ്കൊണ്ടിരുന്നു.നെറ്റിയിൽ നിന്നുതിർന്നു വീഴുന്ന ചുവന്ന ചായത്തിൽ തൊട്ടു കൊണ്ടവൾ പറഞ്ഞു: “ഞാൻ മനസ്സിൽ ഇത് വരെ ഒരു പുരുഷനെ മാത്രമേ പ്രാണനാക്കാൻ ആഗ്രഹിച്ചിട്ടൊള്ളൂ, അവന്റെ കരങ്ങൾ കൊണ്ട് തന്നെ എന്റെ സീമന്തരേഖ ചുവന്നിരിക്കുന്നു. ഈ നിമിഷം മുതൽ ഞാൻ അങ്ങയുടേതാണ്”
“ക്ഷമിക്കണം തമ്പുരാട്ടി, അത് ഞാൻ അറിയാതെ..”ദയവ് ചെയ്ത് എന്നെ സ്വീകരിക്കാൻ ആവില്ല എന്ന് മാത്രം പറയരുത്.. അപേക്ഷയാണ്”
തമ്പുരാട്ടി കരുതുന്ന പോലെയല്ല ഞാൻ.. ഇത്രയും സൗന്ദര്യമുള്ള സ്ത്രീയെ കണ്ടപ്പോൾ ഞാൻ ആഗ്രഹിച്ചു എന്നുള്ളത് ശരി തന്നെയാണ്, പക്ഷേ..”
“ഒരു പക്ഷേയുമില്ല, താങ്കൾ പറയാൻ വന്നത് താങ്കൾ ഈ നാട്ടുകാരൻ അല്ല എന്നല്ലെ അതെനിക്കറിയാം.. അല്ലെങ്കിലും നമുക്ക് ഒന്നായി ജീവിക്കാൻ ഈ ദേശത്ത് പറ്റില്ല..”അങ്ങനെയല്ല.. ഞാൻ.. ഞാൻ ഒരു..””വേണ്ട ഒന്നും പറയരുത്, ദാ മത്സരം തുടങ്ങാൻ സമയമായി, ഞാൻ പോകുന്നു, ഇനി കുറച്ച് ദിവസമേയുള്ളു മത്സരം അവസാനിക്കാൻ അതുവരെ എന്നും ഇതേ സമയം ഇതേ സ്ഥലത്ത് വച്ച് നമുക്ക് കണ്ടു മുട്ടാം, കൂടുതൽ പരിചയപ്പെടാം”ഇത്രയും പറഞ്ഞ് അവൾ പോയി..
താൻ പറയുന്നത് കേൾക്കാൻ നിൽക്കാതെ പോയപ്പോൾ അവന് നിരാശയായി, തമ്പുരാട്ടിയുടെ ഈ ആഗ്രഹം എങ്ങനെയെങ്കിലും വിഫലമാക്കണമെന്ന ചിന്തയുമായി, അവൻ അവിടന്ന് പോയി..മത്സരത്തിനായി ഒരുക്കിയിരിക്കുന്ന സ്ഥലത്തെത്തി.. ചായം വീണ ചേല മാറ്റി പച്ച പട്ടുചേലയുടുത്ത് വന്ന ‘അഗ്നിമിത്ര’ക്ക് നേരത്തേതിലും തെളിച്ചമേറിയ പോലെ അവന് തോന്നി,അവളുടെ വിജ്ഞാനത്തിന് മുന്നിൽ, പാണ്ഡിത്യമുള്ള മഹാന്മാർ തോൽവി സമ്മതിച്ച് പോകുന്നത് സ്ഥിരം കാഴ്ചയായി.
മഹാ പണ്ഡിതന്മാരുടെ തിക്കും തിരക്കും ഒഴിഞ്ഞപ്പോൾ മത്സരത്തിന് ആളുകൾ ഇല്ലാതായി.. തന്നെ പരിചയപ്പെടുത്തി തമ്പുരാട്ടിയെ ആവിശ്യമില്ലാത്ത ചിന്തകളിൽ നിന്നും മാറ്റിയെടുക്കണം എന്ന ഉദ്ദേശത്തോടെ, കച്ചവടത്തിന് പോയപ്പോൾ പലയിടങ്ങളിൽ നിന്നുമായി തനിക്ക് ലഭിച്ച അറിവിന്റെ ഭാണ്ഡവുമായി അവനും മത്സരത്തിൽ പങ്കെടുക്കാൻ തൽപരനായി മുന്നോട്ട് വന്നു..അവനെ കണ്ടതും അഗ്നിമിത്രയുടെ കണ്ണുകൾ വിടർന്നു ദീപം പോലെ പ്രകാശിക്കാൻ തുടങ്ങി, കവിളുകൾ നാണം കൊണ്ട് ചുവന്ന് തുടുത്തു.. മുഖം സന്തോഷത്താൽ പ്രകാശ പൂരിതമായി..
ഇതൊന്നും തന്നെ ബാധിക്കുന്നതല്ല, താൻ കച്ചവടത്തിന് വന്നതാണ്, ഈ മത്സരം കണ്ടപ്പോൾ അതിന്റെ ചെറിയൊരു ഭാഗമാവണമെന്ന് തോന്നി മത്സരിക്കാൻ ഇറങ്ങിയതാണ് എന്ന്, സ്വയം മനസ്സിനെ നിയന്ത്രിച്ച് കൊണ്ട് അവൻ പരിചയപ്പെടുത്തി തുടങ്ങി..’ഇവിടത്തെ മര്യാദകളും മറ്റും എനിക്കറിയില്ല, വല്ല തെറ്റും പറ്റിയാൽ ക്ഷമിക്കണം, മധ്യകേരളത്തിന്റെ ഭാഗമായ മലബാറിൽ നിന്നുമാണ് ഞാൻ വരുന്നത്, അവിടയാണ് എന്റെ ദേശം.. എന്റെ പേര് ‘ഉമർ ഫാറൂഖ്’ ഇവിടെ കച്ചവടാവിശ്യാർത്ഥം വന്നതാണ്..
ഇതിന് മുമ്പും ഞാൻ ഇവിടെ വന്നിട്ടുണ്ട്, അന്നും പറഞ്ഞ് കേട്ടിരുന്നു ഇവിടെ നടത്തുന്ന മത്സരത്തെ പറ്റി, ഇത് അവസാനപ്പിക്കുവാൻ പോകുവാണെന്ന് അറിഞ്ഞ്, വെറുതെ ഒരു ആശ തീർക്കാൻ വേണ്ടി മത്സരിക്കാൻ വന്നതാണ്, അല്ലാതെ ഞാൻ പാണ്ഡിത്യത്തിന് ഉടമയൊന്നുമല്ല”ഇത്രയും പറഞ്ഞ് കൊണ്ട് അഗ്നിമിത്രയുടെ മുഖത്തേക്ക് നോക്കി.. താൻ ഒരു അന്യദേശക്കാരനും അന്യമതസ്ഥനും ആണെന്നറിഞ്ഞിട്ടും, പ്രണയാർദ്ധമായ മുഖം മാത്രമേ അവന് ദർശിക്കാൻ ആയൊള്ളു..അങ്ങനെ മത്സരം തുടങ്ങി, രണ്ട് പേരും ശക്തമായി പോരാടി, മത്സരാവസാന ദിവസം വരെ രണ്ട് പേരും അടിപതറാതെ പിടിച്ച് നിന്നു. ഇതിനോടകം തന്നെ ഉമറിന്റെ മനസ്സിനെ കീഴടക്കാൻ അഗ്നിമിത്രക്കായി.
അവസാന ദിവസത്തെ മത്സരത്തിന് ശേഷം, നൃത്ത സംഗീത വിരുന്ന് ആരംഭിക്കാനിരുന്നപ്പോൾ, അഗ്നിമിത്ര മറ്റൊരു മത്സരം വച്ച് ഉമറിനെ വെല്ല് വിളിച്ചു. ‘സംഗീത മത്സരം’.എല്ലാവരും ഉമറിന്റെ പ്രതികരണത്തിനായി ഉറ്റ് നോക്കി, പുഞ്ചിരി തൂകി സമ്മതമറിയിച്ച് ഉമർ വെല്ല് വിളി സ്വീകരിച്ചു.
പിന്നെ എല്ലാം പെട്ടന്നായിരുന്നു, സംഗീത വാദ്യ താളമേള ഉപകരണങ്ങൾ വന്നതും, ഭാഗവതന്മാർ എത്തിയതും, സംഗീതത്തിലെ മഹാ പ്രതിപകളും, സാധാരണക്കാരും എല്ലാവരും സംഗീത മത്സരത്തിന് സാക്ഷിയാകാൻ വന്നെത്തി.
അന്ന് അറിയപ്പെട്ടിരുന്ന, സംഗീത വിദ്വാൻ ഗജരാജ ഭാഗവതരുടെയും, പ്രശസ്ത നർത്തകി അനാമിക അന്തർജനത്തിന്റെയും ശിഷ്യയായിരുന്നു അഗ്നിമിത്ര, മൃദഘത്തിന്റെ ചടുല താളത്തിനൊത്ത് ആലപിച്ച് കൊണ്ട് ആ സംഗീത മത്സര വിരുന്നിന് തുടക്കം കുറിച്ചു.കച്ചവടാവിശ്യാർത്ഥം പല ദിക്കുകളിലും സഞ്ചരിച്ച് പലതും സ്വായത്യമാക്കിയ കൂട്ടത്തിൽ, ഗസലിന്റെ ഉസ്താദ് ഹാഷിം ഖുറൈശിയുടെ ഈണവും, സൂഫി വര്യൻ അബ്ദുൽ നവാബ് അലി ഖാന്റെ സൂഫി സംഗീതത്തിന്റെ ഈരടികളും, ഗജരാജ കൈമളിന്റെ അത്രക്ക് ഇല്ലെങ്കിലും സംസ്കൃത സംഗീതവും, തന്റെ സ്വന്തം മലബാറിൽ നിന്നും പാടി പതിഞ്ഞ മാപ്പിള പാട്ടിന്റെ വരികളും ഉൾപ്പെടുത്തി കൊണ്ട് തമ്പുരാട്ടിയുമായി ഉമർ മത്സരത്തിനൊരുങ്ങി.
ത്രിസന്ധ്യയും കടന്ന്, അർദ്ധ രാത്രിയുടെ അകാല യാമങ്ങളിലൂടെ പോയിട്ടും രണ്ട് പേരും വിട്ട് കൊടുക്കുന്നില്ല, അവസാനം സംഗീതവും നൃത്തവുമായി ക്ഷീണിതയായ അഗ്നിമിത്ര തോൽവി സമ്മതിച്ച് പിന്മാറുമ്പോൾ നേരം പുലരുവാൻ ഇനിയും ഏതാനും നാഴികകൾ മാത്രം ബാക്കി.അന്ന് വരെ, ഇത്രയും ദീർഘമായ ഒരു സംഗീത പരിപാടിയിലും പങ്കെടുത്തിട്ടില്ലാത്ത വിദ്വാൻമാരും ഭാഗവതന്മാരും ഉമറിനെ ആവോളം പുകഴ്ത്തി, ആശംസിച്ചു.
താൻ പിന്മാറിയെങ്കിലും ഉമറിന്റെ വിജയത്തിൽ അഗ്നിമിത്ര അതിയായി സന്തോഷിച്ചു.അന്ന് കോവിലകത്ത് തങ്ങി, പിറ്റേന്ന് പാരിതോഷികങ്ങളുമായി മടങ്ങാം എന്ന മോഹനപ്രതാപ വർമയുടെ ശാഠ്യത്തിൽ, തളർച്ച കാരണം ഉമറും കൂട്ടരും സമ്മതിച്ചു.ഉമറിനും കൂട്ടാളികൾക്കും കോവിലകത്തിനകത്ത് അറയൊരുക്കി. അതിയായ ക്ഷീണവും നേരം വൈകിയതും കാരണം അവർ വേഗം ഉറങ്ങിപ്പോയി.
ഇതേ സമയം ഉമറുമായി അടുത്ത് ഇടപഴകിയ മത്സര നിമിഷങ്ങളെയും തലോലിച്ച് കിടക്കുകയായിരുന്നു അഗ്നിമിത്ര.പിറ്റേന്ന് അതിരാവിലെ എണീറ്റ്, നിർമാല്യം തൊഴാൻ അമ്പലത്തിൽ പോകാൻ വേണ്ടി, താമരയും ആമ്പലും നിറഞ്ഞ കുളത്തിൽ മുങ്ങി കുളിച്ച്, ഈറനും ഉടുത്ത് വന്ന അഗ്നിമിത്ര നേരെ ചെന്ന് പെട്ടത്, സുബ്ഹി നിസ്കാരം കഴിഞ്ഞ് വരുന്ന ഉമറിന്റെ മുന്നിലാണ്.മിഴികൾ കൊണ്ട് പ്രണയ കാവ്യം രചിക്കുന്ന നിമിഷങ്ങളായിരുന്നു പിന്നീട്. കുളത്തിനോട് ചേർന്നുള്ള വലിയ ഭീമാകാരമായ പുറ്റുള്ള സർപ്പ കാവിൽ നിന്നും വന്ന വെള്ളി മൂർഖന്റെ ചീറ്റൽ ശബ്ദമാണ് അവരുടെ പ്രണയ നിമിഷങ്ങളെ തകർത്തത്.നിലവിളിച്ച് കൊണ്ടിരുന്ന അഗ്നിമിത്രയെ വകഞ്ഞ് മാറ്റി തന്റെ പിന്നിലാക്കി മൂർഖന് നേരെ തിരിഞ്ഞ് നെഞ്ചും വരിച്ച് ഉമർ നിന്നു. ഉദിച്ച് വരാൻ മടിച്ച് നിൽക്കുന്ന സൂര്യനെ കാക്കാതെ, അഗ്നിമിത്രയുടെ നിലവിളിയുടെ ആകർഷണത്താൽ കോവിലകം ഉണർന്നു.
തുടരും

by