രചന : ഗായത്രി സുരേന്ദ്രൻ
ഒരു നിമിഷം മിഴിക്കു പെട്ടന്നു സംഭവിച്ചന്തെന്നു മനസ്സിലായില്ല…… അൽപനേരം അവളതേപടി നിന്നു…… പതിയെ കണ്ണുകളിൽ നീർക്കണങ്ങളുരുണ്ടു കൂടി…..അവളുടെ കവിൾത്തടങ്ങളെ ചുംബിച്ചു തഴുകിക്കൊണ്ടവ ധാരധാരയായി ഒഴുകി…..ഒരു നിമിഷം ഭൂമി പിളർന്നു താഴോട്ടു പോയിരുന്നെങ്കിൽ എന്നവളാശിച്ചു… തന്റെ സ്വപ്നങ്ങളെ തച്ചുടച്ചുകൊണ്ട് കാതുകളിൽ പതിച്ച ആ വാക്കുകളെ വിശ്വസിക്കാൻ അവളൾക്കപ്പോഴും കഴിഞ്ഞില്ല…. ഏറെ നേരമൊരു ശിലപോലെ അവൾ നിന്നു….
പിന്നീടെന്തോ ധൈര്യമുൾക്കൊണ്ടെന്നപോലെ അവൾ താഴേക്കു നടന്നു…..പടികളിറങ്ങി മുറ്റത്തേക്കു നടന്ന അവൾ തൊടിയിൽ ചെമ്പകകൊമ്പിൽ കെട്ടിയിരുന്ന ഊഞ്ഞാലിൽ ചെന്നിരുന്നു…..
ത്രിസന്ധ്യയ്ക്കു തൊടീലേക്കിറങ്ങണ്ടാ കുട്ട്യേന്നു പറഞ്ഞ അമ്മായിക്കുള്ള മറുപടി കേവലമൊരു ചെറു മന്ദസ്മിതത്തിലവളൊതുക്കി മുന്നോട്ടു നടന്നു….
അവൾക്കേറെ പ്രിയപ്പെട്ട ഇടമായിരുന്നു ചെമ്പകമരം പൂവിട്ടു നിൽക്കുന്ന തെക്കേത്തൊടി…. അവിടെ കുറച്ചപ്പുറം മാറി മൈലാഞ്ചിപ്പടർപ്പുകൾക്കു കീഴിൽ അവയുടെ തണലിലും തണുപ്പിലും ചേർന്നവളുടെ അച്ഛനമ്മമാരും നിത്യനിദ്ര പുൽകി അടുത്തുണ്ടായിരുന്നു……
ആ പരിസരത്തു സമയം ചിലവിടുമ്പോഴവൾക്കു മാത്രം അനുഭവിച്ചറിയാൻ കഴിഞ്ഞൊരു താങ്ങും സാന്ത്വനവും ലഭിച്ചിരുന്നു…..പതിയെ മൈലാഞ്ചിപ്പടർപ്പുകൾക്കരികെ നിന്നു കൊണ്ട് അവ തലോടി അവൾ വീണ്ടും ഊഞ്ഞാലിനടുത്തേക്കു നടന്നു….. ചെമ്പകപ്പൂക്കൾ നിലത്തു ഒട്ടധികം വീണു കിടക്കുന്നു….. ഇരുകൈനിറയെ പെറുക്കിയെടുത്ത് നാസികയോടടുപ്പിച്ച് മിഴിയവയുടെ ഗന്ധം നുകർന്നു……സാധാരണ സങ്കടം സഹിക്കവയ്യാതായാൽ പൊട്ടിക്കരഞ്ഞുപോവാറാണ് പതിവ് എന്നാലിന്ന് ആകെയൊരു മരവിപ്പാണ്……
കരഞ്ഞു കരഞ്ഞു കണ്ണുകൾ കരച്ചിലിനെ കൂട്ടുപിടിച്ചു മടുത്തു മാറ്റിനിർത്തിയതായിരിക്കും……
ചെമ്പകപ്പൂക്കളുടെ സുഗന്ധം അവളുടെ മനസ്സിന്റെ ഭാരം ഇല്ലാതാക്കി….. ഇരുട്ടു വീണു തുടങ്ങിയിരുന്നു…. എങ്കിലും പൗർണ്ണമിച്ചന്ദ്രൻ വാനിൽ തിളങ്ങിനിന്നു….. വെള്ളിവെളിച്ചത്തിൽ തൊടി മുങ്ങിക്കുളിച്ചു….പതിയെ അവളൂഞ്ഞാലിലിരുന്നു…. ചെമ്പകപ്പൂക്കളെ ഒരു കൈയ്യിൽ ഭദ്രമാക്കി പതിയെ മറുകൈ കൊണ്ട് ഊഞ്ഞാലു കെട്ടിയ കയറിൽ മുറുകെപ്പിടിച്ചു…. തല കൈയ്യോടു ചേർത്തു ചാരി അവൾ കണ്ണുകളടച്ചിരുന്നു…….എന്തിനെന്നറിയാതെ ഇരു മിഴികളിൽ നിന്നും ഓരോ കണ്ണീർത്തുള്ളികൾ അവളുടെ മടിയിലേക്കിറ്റു വീണു……ഇരുന്നു മയങ്ങിപ്പോയിരിക്കാം ഊഞ്ഞാൽ പതിയെ ഇളകുന്നത് അറിഞ്ഞാണ് മിഴി ഞെട്ടിയുണർന്നത്….
ആരാണെന്നു ചുറ്റും പരിഭ്രമപ്പെട്ടു നോക്കിയപ്പോൾ ആദ്യം സ്വന്തം കണ്ണുകളെപ്പോലും വിശ്വസിക്കാനായില്ലാ…..കണ്ണേട്ടൻ……!!!!!!!!!
മുഖം നിറയെ പുഞ്ചിരിയാൽ കുസൃതിക്കണ്ണുകളിൽ പ്രണയവുമായിതാ മുന്നിൽ നിൽക്കുന്നൂ……
വാത്സല്യത്തോടെ തന്നെത്തന്നെ കൗതുകപൂർവ്വം വീക്ഷിക്കുന്നു…. നിലാവെളിച്ചത്തിൽ ആ കുറ്റിത്താടിക്കും കുഞ്ഞുകണ്ണുകൾക്കും പ്രത്യേക ഭംഗിയുള്ളതു പോലെ തോന്നുന്നു……
പഴയ സൗമ്യഭാവം വീണ്ടെടുത്തതു പോലെ…. ആ നോട്ടത്തിനു മുൻപിൽ പിടിച്ചു നിൽകാകാനാവുന്നില്ലാ …..മിഴി അൽപസമയം സ്വയം മറന്നു നിന്നുപോയി… അവൾ തന്നെത്തന്നെ കണ്ണിമയ്ക്കാതെ നോക്കിനിൽക്കുന്നതു കണ്ട് മാധവ് മിഴിക്കു നേരേ വിരൽ ഞൊടിച്ചു…..
“അതേയ്, എങ്ങട്ടു നോക്കി നിൽക്കുവാ….. ഞാൻ വന്നതു നീയ്യ് കാണുന്നുണ്ടോ അതോ ഉറക്കപ്പിച്ചിലു നോക്കിക്കോണ്ടിരിക്കുവാണോ……???…”
പെട്ടന്നവൾ ചെറുതൊരു ചമ്മലോടെ അവന്റെ മുഖത്തുനിന്നും ദൃഷ്ടി പിൻവലിച്ചു…… നേരിയ ചുവപ്പവളുടെ കവിളുകളിൽ തെളിഞ്ഞു….. വിടരാൻ വെമ്പുന്ന പനിനീർമൊട്ടു പോലെയവൾ മുഖം താഴ്ത്തി…..പതിയെ അവളുടെ വലത്തെ കൈവെള്ളയിൽ അവളൊന്നുനുള്ളിനോക്കി………
അതു കണ്ടിട്ടെന്നോണം അവൻ പുഞ്ചിരിച്ചു….
ആ പുഞ്ചിരി മിഴിയുടെ ഹൃദയത്തിലേക്കു പതിഞ്ഞതു പോലെയവൾക്കനുഭവപ്പെട്ടു…..”എന്തേ പെണ്ണേ…. നുള്ളിനോക്കണത്??!!!
കാണണതു സത്യാണോന്നു വിശ്വാസം വരണില്ലേ നിനക്ക്? !നീയ്യിങ്ങനെ മിഴിച്ചു നോക്കല്ലേ നിന്റെ കുഞ്ഞേട്ടൻ തന്ന്യാണിത്…..”അവനൊന്നുകൂടെ പുഞ്ചിരിതൂകി…. മിഴിയുടെ കണ്ണുകൾ വിടർന്നു…. വ്യഥയും വേദനയുമെല്ലാമെങ്ങോ മറഞ്ഞ് പകരം പാലൊളി കണക്കു പുഞ്ചിരി കവിളിൽ നിറഞ്ഞു…. അവളുടെ മിഴികളിലും പ്രണയം വീണ്ടും വസന്തം തീർത്തു തുടങ്ങി….”കുഞ്ഞേട്ടാ………”
അവളാർദ്രമായി വിളിച്ചു…..”എന്തോ എന്റെ കുഞ്ഞോളേ…..””നിക്കു വിശ്വാസം വരണില്ലാ ഇത്രേം നേരം ഇത്രേം ദിവസം ന്നെ ഇട്ടു വട്ടു കളിപ്പിച്ചതാർന്നോ…..എന്നോടൊന്നു മിണ്ടാൻ പോലും ഈയ്യിടെ വരെ നിന്നീല്ലാലോ… മുഖം തരാതെ മാറി നടന്നതെന്തിനേ???….. എന്നെ വഴക്കു പറഞ്ഞതെന്തിനേ??……
ദേഷ്യാർന്നില്ലേ ഇത്രേം നാളും……. കാരണം പോലും അറിയാതെ ഞാനെത്ര നൊന്തെന്നോ…. എത്ര രാവും പകലും എന്റെ കണ്ണീരു മൂടിയെന്നോ…… ഇപ്പളും നിക്ക് വിശ്വാസംല്ല്യാ…. എന്നെ പിന്നേം കളിപ്പിക്കാണോ….. സ്നേഹം നടിക്കയാണോ…..ഈ പൊട്ടിപ്പെണ്ണിനെ ഇനിയും പറ്റിക്കല്ലേഏട്ടാ….താങ്ങാൻപറ്റണില്ലെനിക്ക്……ഈ സ്നേഹം ഞാനെത്ര കൊതിച്ചതാർന്നറിയ്യോ…. ഇനിം വേദനിപ്പിക്കല്ലേ…..”മിഴി വിതുമ്പിക്കരഞ്ഞു…. അവളിലടക്കി വച്ചിരുന്ന ദുഃഖഭാരമെല്ലാം തന്നെ കവിളുകളിലൂടെ പെയ്തിറങ്ങി………..
“അയ്യേ ന്റെ പെണ്ണു കരയാണോ….. നിന്നെപ്പിന്നേം കരയിപ്പിക്കാനല്ലാട്ടോ ഞാനിങ്ങടു വന്നത്…..മിഴീ, നിന്നോടു ഞാൻ നേർത്തേ എന്തോ…. ദേഷ്യം വന്നപ്പോ….. പറഞ്ഞത്…..
നിന്നെ വിഷമിപ്പിക്കാർ വേണ്ടിയായിരുന്നില്ലാ…. പക്ഷേ ജോലിത്തിരക്കിന്റെ സമ്മർദ്ദം മൂലം ഞാനാകെ മുഷിഞ്ഞിരിക്കുവായിരുന്നു…. അപ്പോ നീയ്യ് വന്ന് ഒരോന്ന്…. ഒഴിവാക്കി ഒറ്റയ്ക്കിരിക്കാൻ നോക്കീപ്പോ…. നിനക്കു വാശി….. അറിഞ്ഞേ പോവൂന്ന്……ഒട്ടും ദേഷ്യമടക്കാൻ പറ്റാഞ്ഞു നിന്നോടങ്ങനെ പറഞ്ഞതാ…. എന്നാലെങ്കിലും നീയ്യ് മിണ്ടാണ്ടിരിക്കുംന്ന് കരുതി….. പക്ഷേ നിനക്കിത്രക്കു നോവുംന്ന് വിചാരിച്ചു പറഞ്ഞതല്ലാ…..”
അവനതു പറയുമ്പോൾ കുറ്റബോധത്താൽ അവന്റെ ശിരസ്സു കുനിഞ്ഞു…… അവന്റെ ആ ഏറ്റു പറച്ചിൽ മിഴിയെ നൊമ്പരപ്പെടുത്തുകയാണുണ്ടായത് …..അയ്യേ ദെന്താദ്….. ഏട്ടൻ എന്റെ മുന്നിൽ എന്തിനാ ഇങ്ങനൊക്കെ പറേണേ…. ഏട്ടനെന്നോടെന്തും പറയാലോ…..ഇതിപ്പോ എപ്പോഴും ഞാൻ കേൾക്കണതല്ലേ ഏട്ടന്റെ വഴക്ക് … എനിക്കൊരു കുഴപ്പോം ഇല്ല്യാ…. എന്റെ ഏട്ടനിങ്ങനെ ന്റെ മുന്നിലു നിക്കണത് യ്ക്ക് സഹിക്കാൻ കഴീണില്ലാ….ഇങ്ങനൊന്നും പറയല്ലേ…. ഏട്ടാ….””മിഴീ….. നിനക്കു ഇപ്പഴും ദുഃഖം ഉണ്ടോ…. എന്നോടു ദേഷ്യം ഉണ്ടോ….???”
“ഇല്ല ഏട്ടാ…. അല്ലേലും എനിക്കൊരിക്കലും ഏട്ടനോടു ദേഷ്യം തോന്നീട്ടില്ലാട്ടോ….”
അവളുടെ മുഖം തെളിഞ്ഞു….. അതിന്റെ തിളക്കത്താൽ മാധവും തണുത്തു….അവനവളുടെ മുഖം കൈക്കുമ്പിളിൽ കോരിയെടുത്തു….. പതിയെ നെറ്റിയിൽ ചുബിച്ചു….മിഴി കണ്ണുകളടച്ചു നിന്നു…. നിലാവു പോലെയവർക്കു ചുറ്റും പ്രണയവും പരന്നു…….ചെമ്പകപ്പൂവുകളിൽ നിന്നു പൂക്കളുതിർന്നു .മൈലാഞ്ചിപ്പടർപ്പുകളിലൂടെയൊരു തെന്നലവരെ ആശീർവധിച്ചു കടന്നു പോയി……
മാധവ് മിഴിയെ ഊഞ്ഞാലിലിരുത്തി…… പണ്ടെന്നോ കുട്ടിക്കാലത്തു ഒരുമിച്ചു ചിരിച്ച നല്ല നിമിഷങ്ങളുടെ നിർവൃതിയെന്ന പോലെ അവനൊരിക്കൽ കൂടി പതിയേ പതിയേ അവളെ ഊയലാട്ടി……
ഒരു കൈയ്യിൽ ചെമ്പകപ്പൂവുകളും മറുകൈ പിടിച്ചു മാധവും……മിഴി ഒരു വേള ജീവിതത്തിന്റെ വസന്തത്തെ നേരിൽക്കണ്ടു….. അവളുടെ ഹൃദയം പൂത്തുലഞ്ഞു…..ദിനങ്ങളോരോന്നായ് മെല്ലെ മെല്ലെ ഓടിമറഞ്ഞുകോണ്ടിരൈന്നു……മാധവ് മിഴിയോടു കാണിച്ച ദേഷ്യവുമകൽച്ചയുമെല്ലാം മഞ്ഞുരുകും പോലെ തീർന്നിരിക്കുന്നു…….പഴയതു പോലെ മിഴിയുടെ ദിനങ്ങളിൽ സന്തോഷം നിറഞ്ഞുനിന്നു…. അവളൊരു പൂത്തുമ്പിയെപ്പോലെ പാറിപ്പറന്നു ആ വീടൊരു സ്വർഗ്ഗമാക്കി…അവളുടെ കൊഞ്ചലുകളും കളിചിരികളും മാധവിനേയും തുറന്നു ചിരിക്കാൻ പ്രാപ്തനാക്കി……മിഴിയും ശ്രീനാഥും ഒരുമിച്ചു ദിനവും കോളേജിലേക്കും സ്കൂളിലേക്കും പോയി വരാറു ശീലമാക്കി….. അവനും മിഴിയുടെ സാമീപ്യത്തെ കൂടുതൽ സ്നേഹിച്ചു……
മാധവിനു കൂടുതൽ കൂടുതൽ തിരക്കുകൾ വന്നുകൊണ്ടിരുന്നു….. പലദിവസങ്ങളിലും അവനാധി പിടിച്ചു നടക്കുന്നതും മിഴി കാണുകയുണ്ടായി…..അവളാൽ കഴിയും വിധം അവന്റെ മനസ്സു ശാന്തമാക്കാൻ അവളും പരിശ്രമിച്ചു…. കഴിവതും ചോദ്യങ്ങളുന്നയിച്ചു ബുദ്ധിമുട്ടിക്കാതെയിരുന്നു…….അവൾക്കവനെ അവളേക്കാൾ വിശ്വാസമായിരുന്നൂ….. സ്നേഹമായിരുന്നൂ…..പതിവു പോലെയന്നും പാട്ടുപാടിയും ഓടിയും പൂക്കൾ പറിച്ചുമൊക്കെ മിഴി കോളേജു വിട്ടു വയൽവരമ്പിലൂടെ വീട്ടിലേക്കു വരികയായിരുന്നു….ദൂരെ നിന്നേയവൾ വീടിനു മുന്നിലൊരു കാർ കിടക്കുന്നതു കണ്ടു….
പതിവില്ലാതെയാരാണാവോ വന്നിരിക്കുന്നത്????
ഇങ്ങനെ വരാൻ മാത്രം ആരെന്നവൾക്കു പിടികിട്ടിയില്ല….. അവൾ ആകാംക്ഷയോടെ വീട്ടിലേക്കുള്ള ഒതുക്കുകല്ലുകൾ ഓടിക്കയറി…..
കാറിലേക്കൊന്നു നോക്കി വരാന്തയിലേക്കു കയറി…. അകത്തു നിന്നും അമ്മായിയുടെ ശബ്ദം കേൾക്കുന്നുണ്ട്….. ആരോടോ സംസാരിക്കുകയാണ്…..ആരാണാവോ അവൾ കൗതുകത്തോടെ സ്വീകരണമുറിയിലേക്കെത്തിനോക്കി……അവിടെ അമ്മായിക്കടുത്ത് ഒരു പെൺകുട്ടിയിരിക്കുന്നു…. ചായയും പലഹാരവും കഴിക്കുന്നു…..
അവളാ പെൺകുട്ടിയെ അടിമുടി നിരീക്ഷിച്ചു……. പീച്ച് കളർ കുർത്തയിൽ ഹാൻഡ് വർക്ക് ഒക്കെക്കൂടിയ മനോഹരമായ ഒരു വേഷം….. പല നീളത്തിൽ വെട്ടിയിട്ട മുടിയിഴകളുടെ അഗ്രഭാഗത്തു സ്വർണ്ണനിറവും കാപ്പിയും കലർന്ന ചായം പൂശിയിരിക്കുന്നു……
മുഖത്തും വേണ്ടത്ര ചായങ്ങളുണ്ട്…. കാണാനൊക്കെയും വ്യത്യസ്തതയാർന്ന ഭംഗിയൊക്കെയുണ്ട്….നഗരത്തിലെവിടെയൊ ജീവിച്ചു വളർന്നതാണെന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയാനാവുന്നു…. എങ്കിലും മാന്യമായ സംസാരം…..അവൾ പതിയെ അങ്ങോട്ടേക്കു കടന്നു ചെന്നു…. അമ്മായി അവളെ കണ്ടു അവളിലേക്കു ദൃഷ്ടി പതിപ്പിച്ചു…. അതുകണ്ടിട്ടാകണം ആ പെൺകുട്ടിയും അവളോടു ചിരിച്ചു…. മിഴി ആ പെൺകുട്ടിയെത്തന്നെ നോക്കിനിന്നു…. അവളും ഒരു പുഞ്ചിരി തിരികെ നൽകി…..മിഴി അമ്മായിയെ നോക്കി കണ്ണുകൾ കൊണ്ട് ആരാണിതെന്നു ആരാഞ്ഞു……ആ കുഞ്ഞോളു വന്നൂല്ലേ… ഞാൻ നിന്നേക്കുറിച്ചു പറയാർന്നു മോളോട്…..
ഇതാരെന്നോ…. ഇതു കുഞ്ഞേട്ടന്റെ കൂടെ ഡൽഹീലു പഠിച്ച കുട്ടിയാ…. കുഞ്ഞേട്ടന്റെ കൂട്ടുകാരിയാ….. “അമ്മായി ചെറുചിരിയോടെ അവളോടു പറഞ്ഞു….അവളാ പെൺകുട്ടിയെ നോക്കി ഒന്നുകൂടെ പുഞ്ചിരിച്ചു….. കുശലാന്വേഷണമെന്നോണം അവളോടു ചോദിച്ചു…..”ചേച്ചീടെ പേരെന്താ…???…”ആ പെൺകുട്ടി പതിയെ മിഴിയുടെ സമീപത്തേയ്ക്കു വന്നു….. മന്ദസ്മിതം തൂകിക്കൊണ്ടു പറഞ്ഞു….”ആരാധ്യ…….”
…: തുടരും……..
(ക്ഷമിക്കണം ദിവസവും കഥ പോസ്റ്റ് ചെയ്യാൻ ഇപ്പോൾ കഴിയാതെ വരുന്നു… രണ്ടാഴ്ചത്തോളം വലതുകൈക്കു ചെറിയ ഒരു ആക്സിഡന്റു പറ്റി വീട്ടിൽ മുഷിഞ്ഞിരുന്നതിന്റെ അവസാനത്തെ ദിവസങ്ങളിലാണ് കഥയെഴുതാൻ പ്രേരണ തോന്നിയത്… വീണ്ടും കോളേജിലേക്കു പോവാനുള്ള തിരക്കിനിടയിൽ സമയം ഇല്ലാത്തതുകൊണ്ടാണ് വൈകുന്നത്…. പ്രിയപ്പെട്ട വായനക്കാർ ദയവായി ക്ഷമിക്കണം…. ഇന്നു മുതൽ ഒരോ ദിവസം ഇടവിട്ടു അടുത്ത ഭാഗങ്ങൾ പൊസ്റ്റ് ചെയ്യുന്നതായിരിക്കും…..😊😊മിഴി എന്റെ ആദ്യ തുടർക്കഥയാണ്.. മിഴിയെ സ്വീകരിച്ചതിനു ഹൃദയം നിറഞ്ഞ നന്ദി പറയുന്നു….. നിങ്ങളുടെ പ്രോത്സാഹനമാകുന്നു തുടർന്നെഴുതാൻ എന്നെ പ്രേരിപ്പിക്കുന്നതും…. അഭിപ്രായങ്ങൾ തുറന്നു പറയുക…. കാരണമതെന്റെ രചനയുടെ കുറവുകളെ പരിഹരിക്കാനെന്നെ സഹായിക്കുമെന്നു ഞാൻ വിശ്വസിക്കുന്നു……..😊😊
ഒത്തിരി സ്നേഹത്തോടെ ഗായത്രി 😊😊😊

by