24/04/2026

പ്രിയേ.. പ്രാണനെ: ഭാഗം 59

രചന : ജിഫ്ന നിസാർ ❣️

അറിഞ്ഞുകൊണ്ടാർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല.
അച്ഛനും അമ്മയും തമ്മിൽ ഒരുമിച്ച് നിന്നപ്പോഴും അകന്ന് മാറിയപ്പോഴും വല്ലാണ്ട് വേദനിച്ചു…എന്നിട്ടു പോലും ക്ഷമിച്ചിട്ടുള്ളൂ… അവരോട്.താൻ കാരണം അവരുടെ ജീവിതത്തിൽ ഒരു കോട്ടവും വരരുതെന്ന് കരുതി മാറി നടന്നിട്ടെയുള്ളൂ.തനിക്കുള്ളിലുള്ള എരിയുന്ന വേദനകളെ പോലും ആരുമറിയാൻ ശ്രമിച്ചിട്ടില്ല.ആരെയും അറിയിക്കാനും ശ്രമിച്ചിട്ടില്ല.ആൺകുട്ടികൾ കരയാറില്ല എന്ന് ആരോ പറഞ്ഞു പഠിപ്പിച്ച നിയമത്തെ പേടിച്ചാണോ അതോ കരയുന്നത് ഭീരുക്കളാണെന്ന് സ്വയം തോന്നിയിട്ടോ,കണ്ണീരൊലിപ്പിച്ചു നടന്നിട്ടുമില്ല..

പക്ഷേ എല്ലാവർക്കും ആദിയെ വേദനിപ്പിക്കാനായിരുന്നു, തോൽപ്പിക്കാനായിരുന്നു കൂടുതലിഷ്ടം.ജന്മം തന്ന അച്ഛനും അമ്മയുമടക്കം തന്നെയൊന്നു മനസ്സിലാക്കിയിട്ടില്ല.അരികിലൊരാൾ ഉള്ള് തൊടാനുണ്ടായിരുന്നുവെങ്കിൽ… അടഞ്ഞു പോകുന്ന ദുഃഖങ്ങളുണ്ടായിരുന്നു തനിക്കും.ഇന്നിപ്പോൾ എല്ലാവർക്കും മുന്നിൽ ഏറ്റവും വലിയൊരു തോൽവിയായി മാറിയിരിക്കുന്നു..
ഒരിക്കൽപോലുംമനസ്സിൽആഗ്രഹിച്ചിട്ടില്ലാത്തൊരുവൾക്ക് താനൊരു ഭർത്താവായിരിക്കുന്നു.
വിദൂര സ്വപ്നങ്ങളിൽ പോലും ഉണ്ടായിട്ടില്ലാത്ത ഒരു പെൺകുട്ടിയെ… താനിന്ന് നിയമത്തിന്റെ പിന്തുണയോടെസ്വന്തമാക്കിയിരിക്കുന്നു.അവൾക്കൊരു താലി താൻ അണിയിച്ചിട്ടില്ല..അവളുടെ നെറുകിൽ താൻ സിന്ദൂരമണിയിച്ചിട്ടില്ല.

എങ്കിലും..താനിന്നവൾക്ക് പാതിയാണ്..
അവളുടെ ഭർത്താവാണ്..അസഹ്യമായ ഹൃദയവേദനയോടെ ആദി എഴുന്നേറ്റിരുന്നു.
കഴിഞ്ഞുപോയ കുറച്ചു മണിക്കൂറുകൾകൊണ്ട് തന്റെ ജീവിതത്തിൽ എന്തെല്ലാം മാറ്റങ്ങളാണ് വന്നു ചേർന്നിട്ടുള്ളത്.ഇത്രയും അധപ്പതിച്ചൊരു മുഖത്തോടെ മറ്റുള്ളവർ നോക്കിക്കാണാൻ മാത്രം ഒരു കാഴ്ചവസ്തുവിനെ പോലെ നിന്നു കൊടുക്കേണ്ടിവന്ന തന്റെ ഗതികേടവനെ വീണ്ടും വീണ്ടും വേദനിക്കുന്നുണ്ടായിരുന്നു.ഇത്രയും പരീക്ഷിക്കപ്പെടുവാൻ എന്ത് പാപമായിരിക്കാം താൻ ചെയ്തിട്ടുള്ളത്..?

അതേസമയം തന്നെയാണ് ആദിക്ക് പ്രിയയെ കുറിച്ചും ഓർമ്മ വന്നത്.തന്നെപ്പോലെ അവൾക്കും ഇതൊരു കെണിയായിരുന്നുവെന്ന് അറിയാതെയല്ല..
പക്ഷേ എന്തോ അതുൾക്കൊള്ളാൻ പാകത്തിന് തന്റെ മനസ്സിപ്പോഴും ഒരുങ്ങിയിട്ടില്ല.താനൊരുപ്പാട് ആഗ്രഹിക്കുന്ന തന്റെ സ്വപ്നങ്ങൾ..അവനുള്ളം വിലപിച്ചു.നഷ്ടപ്പെടുകയാണ്..!ഈ നിമിഷം മുതൽ ആദിത് മഹാ ദേവിന് മനസ്സിന്റെ സമാധാനമടക്കം കൈപ്പിടിയിൽ നിന്ന് നഷ്ടപ്പെടുകയാണ്.മനം മടുപ്പിക്കുന്ന അനുഭവങ്ങളിൽ നിന്ന് അല്പം ഒരാശ്വാസം പകർന്നു തന്നത് മുത്തച്ഛനും സഞ്ജുവാണ്.ഇന്നിപ്പോൾ തന്റെ സന്തോഷവും സമാധാനവും മുഴുവനും നഷ്ടപ്പെടുത്തിക്കൊണ്ട് അവർക്കുവേണ്ടി അവരുടെ വാക്കുകൾ അനുസരിക്കേണ്ടി വന്നതും ആ നന്ദി മനസ്സിൽ ഉണ്ടായതുകൊണ്ടാണ്.പക്ഷേ ഒരുമിച്ച് ഒരു ജീവിതം തുടങ്ങേണ്ടതും പാതിയായവളെ പ്രാണനെ പോലെ സ്നേഹിക്കേണ്ടതും തന്റെ ഉത്തരവാദിത്തമാണ്.. കടമയാണ്.

അതിൽ നിന്നെങ്ങനെ ഒളിച്ചോടാനാവുംഅതിനേക്കാൾ ദുഷ്ടരമാണ് മനസ്സുകൊണ്ട് ഒരിക്കലും ആഗ്രഹിച്ചിട്ടില്ലാത്ത ഒരാളോടൊപ്പം സ്വപ്നം കണ്ടിട്ട് പോലുമില്ലാത്ത ഒരു ജീവിതം മുഴുവനും ജീവിച്ചു തീർക്കുക എന്നുള്ളത്.തനിക്ക് മുന്നിൽ ഇനി കടമ്പകൾ അനവധിയാണ്.പക്ഷേ അതിനെല്ലാമപ്പുറം ആദ്യം കണ്ടുപിടിക്കേണ്ടൊരു വസ്തുതയുണ്ട്, ഇതുപോലൊരു ദുരവസ്ഥയിലേക്ക് തന്നെ തള്ളി വിടാൻകാരണക്കാരനായവൻആയിരുന്നുവെന്നുള്ളത്.ആ ഓർമ്മയിൽ തന്നെ ആദിയുടെ മുഷ്ടികൾ ചുരുണ്ടു.ദേഷ്യകൊണ്ടവന്റെ ചെന്നിയിലെ ഞരമ്പുകൾ പിടച്ചു.കണ്ടുപിടിക്കും…കണ്ടുപിടിച്ചേ മതിയാവു… ഇതിനുള്ളത് പലിശ സഹിതം കൊടുത്തു തീർക്കാതെ ആദിത് മഹാദേവ് മനസമാധാനത്തോടെ ശ്വാസമെടുക്കുന്നതെങ്ങനെ…വല്ലാത്തൊരു അരിശത്തോടെ ആദി മുഖം പൊതിഞ്ഞു പിടിച്ചു..

❣️❣️

ഉമ്മറത്തു നിന്നും ഉയർന്നു കേൾക്കുന്ന സംസാരങ്ങളത്രയും ഇന്ന് നടന്നതിനെ കുറിച്ചുള്ള അവലോകനമാണെന്ന് പ്രിയക്ക് മനസ്സിലാവുന്നുണ്ട്.
പ്രത്യക്ഷത്തിൽ അവളെയാരും കുറ്റപ്പെടുത്തുന്നില്ലെങ്കിൽ കൂടിയും ആദിയുടെ അവസ്ഥയെക്കുറിച്ചോർത്ത് അവരെല്ലാം വേദനിക്കുന്നുണ്ടെന്നവൾക്ക് മനസ്സിലായി.തന്നെക്കാൾ ഏറെ അവനാണ് ഇതിൽഅപമാനിക്കപ്പെടുകയെന്നത് അവൾക്ക് ഉറപ്പുണ്ടായിരുന്നു.ജീവിതത്തിൽ ആദ്യമായി അവന് ഏറ്റ അപമാനം,അതും അത്രയും പ്രിയപ്പെട്ടവരുടെ മുന്നിൽ വെച്ചുകൊണ്ട്…അവനെ അത് വരെയും വാഴ്ത്തി പാടിയവരുടെ മുന്നിൽ.. അവരിൽ പലരും തന്നെ..

ഇതെങ്ങനെയായിരിക്കും സഹിക്കാൻ കഴിയുക..?
തന്നെയോർത്ത് വേദനിച്ചതിനേക്കാൾ ഒരായിരമിരട്ടി പ്രിയയപ്പോൾ ആദിക്ക് വേണ്ടി വേദനിക്കുന്നുണ്ടായിരുന്നു.താനിതിനൊന്നും അർഹയല്ലെന്നറിയാം.അതുകൊണ്ടുതന്നെ ഉപേക്ഷിച്ചു പോകാനും യാതൊരു മടിയുമില്ല.ഈ ചൂടുന്നാറുന്നത് വരെയും ഇവിടെ നിന്നിട്ട്, ഇവരെ മുത്തശ്ശനെയും കൊച്ചുമകനെയും അവരുടെ ജീവിതത്തിലേക്ക് വിട്ടുകൊടുത്തിട്ട് കൃഷ്ണപ്രിയ പടിയിറങ്ങി കൊടുക്കും.തനിക്കുവേണ്ടി ഇത്രയൊക്കെ സഹിച്ചവരോട് അത്രയെങ്കിലും കരുണ കാണിക്കണമെന്ന് അവളുടെ മനസ്സിൽ തോന്നുന്നുണ്ടായിരുന്നു.കണ്ണുകൾ അടഞ്ഞു പോകുന്നത്ര ക്ഷീണം തോന്നുന്നുണ്ടായിരുന്നു അവൾക്ക്.

എവിടെയെങ്കിലും നീണ്ടു നിവർന്ന് കിടന്നുറങ്ങാൻ അവൾക്കുള്ളം വല്ലാതെ കൊതിച്ചു.ഉറക്കത്തിൽ മാത്രം തേടിവരുന്ന സ്വസ്ഥത അവളെയപ്പോൾ പ്രലോഭിപ്പിക്കുന്നുണ്ടായിരുന്നുപരമാവധി.”മോളെ…. പ്രിയേ..”തലയിൽ തട്ടി പതിയെ ആരോവിളിക്കുന്നത് കേട്ടതാണ് കേട്ടപ്പോഴാണ് പ്രിയ ചാടി എഴുന്നേറ്റത്.
ഉറക്കത്തെ കുറിച്ചോർത്തു ഉറങ്ങിപ്പോയിരുന്നു..
ചാടി എഴുന്നേൽക്കുമ്പോൾ പ്രിയ ചമ്മലോടെ നളിനിയെ നോക്കി.അവളെ നോക്കി അവർ ചിരിക്കുന്നുണ്ടായിരുന്നു. ഉറങ്ങിപ്പോയോ…? ”
നേർത്തൊരു ചിരിയോടെ നളിനി ചോദിച്ചു.ചമ്മലോടെയാണ് പ്രിയ അതെയെന്ന് തലയാട്ടി കാണിച്ചത്.

ക്ഷീണമുണ്ടാവുംരാവിലെമുതലുള്ളഅലച്ചിലല്ലേ.സാരമില്ല ലക്ഷ്മി വന്നിട്ട് നന്നായിട്ടൊന്ന് കുളിച്ചിട്ട് കിടന്നോളൂ..അപ്പൊ മാറിക്കോളും. കേട്ടോ “നളിനി അലിവോടെ അവളോട് പറഞ്ഞു .അതിനൊന്നും തലയാട്ടിയതല്ലാതെ പ്രിയ ഒന്നും സംസാരിച്ചിരുന്നില്ല.” മോളിരിക്ക്. ഞാൻ പോയിട്ട് കുറച്ച് ചായ എടുത്തിട്ട് വരാം.അവർക്ക് ചായവേണമെന്ന്… ”
അത് പറഞ്ഞിട്ട് നളിനി അടുക്കളയിലേക്ക് തിരിഞ്ഞിറങ്ങി പോയെങ്കിലും പ്രിയക്ക് പിന്നെ അവിടെ ഇരിക്കാൻ തോന്നിയില്ല.മാധവൻ മാഷും ബാലൻ മാഷും എന്തൊക്കെയോ വീണ്ടും പറഞ്ഞിരിപ്പുണ്ട്.

അപ്പു പഠിക്കാനുണ്ടെന്ന് പറഞ്ഞിട്ട് ലക്ഷ്മി പോയ ഉടനെ തന്നെ അവരുടെ വീട്ടിലേക്ക് പോയി.
സഞ്ജുവിനെയും വന്നപ്പോൾ കണ്ടതാണ് ..ഇത്രയും വലിയൊരു വീട്ടിൽ ആദിയും മാഷും മാത്രമാണെന്ന് താമസിക്കുന്നതെന്ന് ഒറ്റനോട്ടത്തിൽ ആരും പറയുകയില്ല.അത്രയും അടുക്കും ചിട്ടയോടും കൂടിയാണ് ഓരോ കാര്യങ്ങളും ഇവിടെ ശരിയാക്കി വെച്ചിരിക്കുന്നത്.ഇതിനോടകം തന്നെ അവൾക്കത് മനസ്സിലായതുമാണ്.പിന്നെ അവിടെ ഇരിക്കാൻ തോന്നാഞ്ഞത് കൊണ്ട് തന്നെ പ്രിയ നളിനിക്ക് പുറകെ അടുക്കളയിലേക്ക് ചെന്നു.” ആഹാ മോൾ എന്റെ കൂടെയിങ്ങ് വന്നോ… “ഒരു പാത്രത്തിൽ വെള്ളം പിടിച്ചു കൊണ്ട് ചായയ്ക്കായി സ്റ്റൗവിലേക്ക് വയ്ക്കുന്നതിനിടെ പ്രിയയെ കണ്ടതും നളിനി ചിരിയോടെ ചോദിച്ചു.

അവൾ ഒന്നും മിണ്ടാതെ ചിരിയോടെ അവരുടെ അരികിലേക്ക് ചെന്നു.”ദാ ഇവിടെ ഇരുന്നോ…”
പ്രിയക്കിരിക്കാൻ ഒരു സ്റ്റൂൾ നിരക്കിയിട്ട് കൊടുത്ത് നളിനി പറഞ്ഞു. നീ വിഷമിക്കൊന്നും വേണ്ട കുട്ടി. മാഷും ആദിയും നല്ല ആൾക്കാരാണ്. നിനക്കിവിടെ ഒരു കുറവും ഉണ്ടാവില്ല.. “അവളുടെ മുഖത്തെ വിഷമം കണ്ടിട്ടായിരുന്നു നളിനി അങ്ങനെ പറഞ്ഞത്.
എന്തുകൊണ്ടോ…അത്രയും നേരം അവൾ അനുഭവിച്ച സംഘർഷങ്ങൾ കൊണ്ടായിരിക്കാം പെട്ടെന്ന് പ്രിയയുടെ കണ്ണുകൾ നിറഞ്ഞു.”അയ്യേ.. എന്തിനായിപ്പോ കരയുന്നത്.. ഏഹ്..”
പാത്രങ്ങളിൽ ബേക്കറി എടുക്കുകയായിരുന്ന നളിനി പിന്നിൽ നിന്നും അടക്കിപ്പിടിച്ച പ്രിയയുടെ തേങ്ങൽ കേട്ടാണ് തിരിഞ്ഞു നോക്കിയത്.അതിനുത്തരമൊന്നും പറയാനാവാത്ത വിധം ഒരു കരച്ചിൽ പ്രിയ ചുറ്റിവരിഞ്ഞിരുന്നു.

“ഒന്നും വേണ്ട മോളെ.നീ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഇവിടെ മാഷിനെപോലെതന്നെഞങ്ങൾക്കെല്ലാവർക്കും അറിയാം. “നളിനി അവളുടെ മുഖം പിടിച്ചുയർത്തി കൊണ്ട് പറഞ്ഞു.എന്നിട്ടും എന്തേ നിങ്ങളുടെ ആദി മുറിയടച്ചിരിക്കുന്നതെന്ന്ചോദിക്കണമെന്നുണ്ടായിരുന്നു പ്രിയക്ക്.ഇത്രയും നേരമായതിനുശേഷവും അവന്റെയാ ഇരിപ്പു തന്നെയാണ് അവളെ ഏറെ വേദനിപ്പിച്ചത്.അവന്റെ വീടാണ്..എല്ലാ സ്വാതന്ത്ര്യത്തോടെയും കൂടിയും അവനാണ് ഇവിടെ ഇറങ്ങി നടക്കേണ്ടത്.പക്ഷേ തനിക്ക് മുന്നിൽ വരാനുള്ള ദേഷ്യവും വെറുപ്പും കൊണ്ടായിരിക്കാം അവന്റെയാ ഇരിപ്പെന്നുള്ള ഓർമ്മ അവളെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്.

” പെട്ടെന്ന് ഇങ്ങനെയൊക്കെ ഉണ്ടാകുമ്പോൾ ആരായാലും തകർന്നു തളർന്നും പോവില്ലേ മോളെ. ആദി ഒറ്റയ്ക്ക് വളർന്നവനല്ലേ.. അവന് ദേഷ്യവും വാശിയും കൂടുതലാണെന്ന് മാഷ് എപ്പോഴും പറയാറുണ്ട്. മോളാതൊന്നും ഓർത്തിട്ട് സങ്കടപ്പെടേണ്ട കേട്ടോ..അവന് മനസ്സിലാവും എല്ലാം..”അവളുടെ മനസ്സിലെ വേദന അറിഞ്ഞതുപോലെയായിരുന്നു നളിനി പറഞ്ഞത്.” ഓരോരുത്തർക്കുംഇന്നയാളവണം ഇണയെന്നും തുണയെന്നും ദൈവം മുൻപേ തന്നെ തീരുമാനിച്ചിട്ടുള്ളത് കൊണ്ടായിരിക്കും…അതിലേക്ക് നമ്മുക്ക് എത്തിപ്പെടാനുള്ള ഓരോ കാരണങ്ങളും മൂപ്പര് തന്നെ മുന്നിലേക്കിട്ട് തരും. ചിലർക്കത് നല്ലതാണെങ്കിൽ ചിലർക്ക് അത് വളരെ മോശമായിരിക്കും.. “ബേക്കറികൾ പാത്രത്തിലേക്ക് എടുത്തു വയ്ക്കുന്നതിനിടയിൽ തന്നെയാണ് നളിനി പ്രിയയെ ആശ്വസിപ്പിക്കുന്നത്.

” മോശം കാര്യങ്ങളുടെയും നല്ല കാര്യങ്ങളുമൊക്കെ ആണെങ്കിൽ കൂടിയും നമ്മളിലേക്ക് എത്തിപ്പെട്ടവർ നമ്മളുടെ യഥാർത്ഥ ഇണകളാണെന്ന് മനസ്സിലാവുന്നിടത്താണ് നമ്മുടെ വിജയം. ഇപ്പോഴുള്ള ഈ സങ്കടമൊക്കെ മാറും എനിക്ക് ഉറപ്പുണ്ട് മോൾക്ക് ആദിയെയും ആദിക്ക് തന്നെയും അംഗീകരിക്കാനും സ്നേഹിക്കാനും കഴിയുമെന്ന്.. “കുഞ്ഞൊരു ചിരിയോടെയാണ് നളിനി പറയുന്നത്.” അല്ലങ്കിൽ തന്നെ നിന്റെ മാധവൻ മാഷിനും ബാലൻ മാഷിനും കൃഷ്ണപ്രിയ എന്നു പറയുമ്പോൾ നൂറു നാവാണ്.എത്രയോ പ്രാവശ്യം ഞാനത് അനുഭവത്തിലൂടെ മനസ്സിലാക്കിയതുമാണ്. അങ്ങനെയുള്ള മാഷിന്റെ കൊച്ചുമോളായിട്ട് നിന്നെ കിട്ടിയതിൽ ഇപ്പോൾ സന്തോഷിച്ചിട്ടുണ്ടാവും മാഷ്.അത് മാത്രം ഓർത്താൽ മതി മോൾക്കീ സങ്കടമെല്ലാം മാറാൻ.. ”

ഓരോ വാക്കുകളും പ്രിയയുടെ ചുട്ടുപൊള്ളുന്ന ഹൃദയത്തിലേക്ക് തണുപ്പ് പോലെയാണ് കടന്നു ചെല്ലുന്നത് അതുകൊണ്ടുതന്നെ അവളുടെ കണ്ണീർ തോർന്നു തുടങ്ങിയിരുന്നു.ആ മാഷിന്റെ കൊച്ചുമോളായിരിക്കാൻ താനും ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് എന്ന് അവൾ ഓർത്തു.ഈ അമ്മ പറഞ്ഞതുപോലെ ദൈവമായിട്ട് അതിനൊരു അവസരം തരികയായിരുന്നോ?പക്ഷേ അതിങ്ങനെ വേണ്ടായിരുന്നു..ഇങ്ങനെയുള്ളത് പ്രിയ ഒട്ടും ആഗ്രഹിച്ചിട്ടില്ല.തനിക്ക് വേണ്ടി ഒരാൾ വേദനിക്കുന്നുണ്ട് ആ അകത്തുകിടന്ന് കൊണ്ട് തന്നിലേക്ക് ചേർക്കപ്പെട്ടതിനെ കുറിച്ച് ഓർത്തായിരിക്കാം അവന്റെ വേദന മുഴുവനും..
ആ ദേഷ്യവും വാശിയും എല്ലാം ന്യായമാണ്.
തിളക്കുന്ന ചായയുടെ തിരക്കിലേക്ക് നളിനി നീങ്ങിയപ്പോഴും ആദിയെ കുറിച്ചോർത്ത് വീണ്ടും വീണ്ടും പ്രിയയുടെ കണ്ണുകൾ നീറുന്നുണ്ടായിരുന്നു.

ആദിയെ കണ്ടത് മുതലുള്ള കാര്യങ്ങളെല്ലാം അവളുടെ മനസ്സിലേക്ക് ഒന്നുകൂടിയെത്തി അന്നു മുതൽ അവന് തന്നെ കാണുന്നതും തന്നോട് സംസാരിക്കുന്നതുപോലും ദേഷ്യമാണ്.ഇന്നത്തോടെ അത്അതിന്റെഏറ്റവുംതീവ്രമായഅവസ്ഥയിലെത്തിയിരിക്കുന്നു. മോളിത് എടുത്തിട്ട് വരു.. “നളിനി പറഞ്ഞത് കേട്ടാണ് പ്രിയ മുഖമുയർത്തി നോക്കിയത്.
ചായ ക്ലാസ് എല്ലാം ഒരു ട്രയിലേക്ക് അടുക്കി വെച്ചിരിക്കുന്നു.കൂനികൂടിയിരിക്കുന്ന അവളെ അവിടെയിട്ട് പോകാൻ തോന്നാത്തത് കൊണ്ട് തന്നെ മനപ്പൂർവമാണ് ആ ബേക്കറി പാത്രങ്ങളെടുക്കാൻ അവർ അവളോട് ആവശ്യപ്പെട്ടത്.

ആഹ്.. “പ്രിയ പരവേശത്തോടെ ചാടി എഴുന്നേറ്റു കൊണ്ട് ആ പാത്രങ്ങളും കയ്യിലെടുത്ത് നളിനിക്ക് പിറകെ നടന്നു.”ആഹാ..എന്റെ മോളെ ഇന്ന് തന്നെ നീ അടുക്കളയിൽ കയറ്റിയോ നളിനി..?”
നളിനി പിന്നിൽ നടന്നു ചെന്നവളെ കണ്ടിട്ട് മാഷാ ചോദിച്ചത് കാര്യമായിട്ടാണോ കളിയായിട്ടാണോ എന്നറിയാത്ത ഒരു അങ്കലാപ്പ് ഉണ്ടായിരുന്നു പ്രിയയുടെ മുഖം നിറയെ.ഞാനൊരു ജോലിയും ചെയ്യിച്ചിട്ടില്ല മാഷേ നിങ്ങളുടെ കൊച്ചുമോളെ.. ”
തനിക്ക് പുറകിൽ പതിഞ്ഞു നിൽക്കുന്ന പ്രിയക്ക് നേരെ തലതിരിച്ചു നോക്കിക്കൊണ്ട് നളിനി ചിരിയോടെ പറഞ്ഞു.

അവർക്കു മുന്നിലെ ടീപോയിലേക്ക് കയ്യിലുള്ള പാത്രങ്ങൾ വെച്ചുകൊണ്ട് പ്രിയ ഒതുങ്ങി നിന്നു.
“മോളിവിടെയിരിക്ക്..”ആ കൂട്ടത്തിൽ നിന്നും അകത്തേക്ക് ഓടിയോളിക്കാൻ കൊതിച്ചവളെ മാഷ് അരികിലേക്ക് പിടിച്ചെരുത്തി. ആദിയെ ഒന്നുകൂടെ വിളിച്ചു നോക്കിയാലോ മാഷേ.അവന് ചായ കൊടുക്കണ്ടേ. ഇന്നേരം വരെയും ഒന്നും കഴിച്ചിട്ടില്ല അവനും . “നളിനി മാധവൻ മാഷിനോട് ചോദിച്ചു.
അത് കേട്ടതോട് കൂടി പ്രിയയുടെ ശ്വാസംമുട്ടൽ ഒന്നുകൂടി കൂടി.എഴുന്നേറ്റ് പോവാനും അവരുടെയിടയിൽ അവിടെ ഇരിക്കാനും കഴിയാത്ത ഒരു വിയർപ്പു മുട്ടൽ അവളെ വലയം ചെയ്തിരുന്നു.
ഇപ്പൊ വിളിക്കേണ്ട. കുറച്ച് നേരം കൂടി കിടന്നോട്ടെ അവൻ.ഞാൻ വിളിച്ചോളാം.. ”
അവൻ ഇറങ്ങിവരില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണോ മാധവൻ മാഷ് അങ്ങനെ പറഞ്ഞത് എന്നൊരു സന്ദേഹം പ്രിയക്കുണ്ടായിരുന്നു.

“ചായ കുടിക്ക് മോളെ..”ബാലൻമാഷാണ് പറയുന്നത്..അപ്പോഴെല്ലാം സഹിക്കാൻ കഴിയാത്ത ഒരു വേദനയാണ് പ്രിയക്ക് തോന്നുന്നത്.ഇവരുടെ ഈ സ്നേഹത്തിന് പോലും അർഹതയില്ലന്നുള്ള ഒരു തോന്നൽ.തനിക്കു മുന്നിലേക്ക് നീട്ടിയ ചായ ഗ്ലാസ്‌ കൈനീട്ടി വാങ്ങുകയല്ലാതെ അവൾക്കു മുന്നിൽ വേറെ വഴികളില്ലായിരുന്നു.കാരണം അത്രമാത്രം സ്നേഹത്തോടെയാണ് അവരുടെ നോട്ടങ്ങളും വാക്കുകളും.അറിഞ്ഞുകൊണ്ട് അതൊന്നും നിരസിക്കാനുള്ള മനക്കട്ടി പ്രിയക്കുമില്ലായിരുന്നു.
വീണ്ടും വീണ്ടും അവരെന്തൊക്കെയോ സംസാരങ്ങളിലേക്ക് കടന്നതും പ്രിയ അവിടെ അസ്വസ്ഥതയോടെയിരുന്നു തന്നെയാണ് ആ ചായ കുടിച്ചു കൊണ്ടിരുന്നത്.അവൾക്ക് എടുക്കാൻ പാകത്തിന് നളിനി ആ ബേക്കറി പാത്രങ്ങൾ മുന്നിലേക്ക് നീട്ടിവെച്ചു കൊടുത്തുവെങ്കിലും അതിലേക്ക് ഒന്നും പ്രിയയുടെ നോട്ടമെത്തിയില്ല.

അവര് ചായ കുടിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ തന്നെയാണ് ലക്ഷ്മിയും അജുവും തിരികെ വന്നത്.
അത്യാവശ്യം വേണ്ടതെല്ലാം വാങ്ങിച്ചിട്ടുണ്ട് പ്രിയേ.ബാക്കിയുള്ളത് നമുക്ക് പിന്നെ പോയി എടുക്കാം കേട്ടോ.. “കയ്യിലൊരു വലിയ കവറുമായി കടന്നു വന്നിട്ട് ലക്ഷ്മി ചിരിയോടെ പ്രിയയോട് പറഞ്ഞു. അതങ്ങോട്ട് കൊടുക്ക് മോളെ.. അവളൊന്നും പോയി കുളിച്ചിട്ടു വരട്ടെ.അപ്പോൾ തന്നെ ഈ ഒരു പതുങ്ങിയ ഭാവം അങ്ങ് പോയി കിട്ടും. എന്നിട്ട് ആ പഴയ ചുണക്കുട്ടി ആയിട്ട് തിരികെ വാ.. നമുക്കിവിടെ ഒരുപാട് ജോലിയുള്ളതാ.. ചിരിയോടെ മാഷ് പറയുന്നത് കേട്ട് പ്രിയ അദ്ദേഹത്തെ നോക്കി തലയാട്ടി.

ലക്ഷ്മി കവറുകൾ അവളെ ഏൽപ്പിച്ചു.അവരെയെല്ലാം ഒന്ന് നോക്കി ആ കവറും വാങ്ങി തിരിഞ്ഞു നടന്നെങ്കിലും എവിടെപ്പോയി കുളിക്കും എന്ന ഏതു മുറിയിലേക്ക് പോകും എന്ന് അറിയാത്ത ഒരു വെപ്രാളം പ്രിയയുടെ ഉള്ളിൽ ഉണ്ടായിരുന്നു.പക്ഷേ അവൾക്ക് പിന്നിൽ തന്നെ ലക്ഷ്മിയും വന്നിരുന്നു.ലക്ഷ്മി കാണിച്ചുകൊടുത്ത മുറിയിലേക്ക് കയറി ആ കവറിൽ നിന്നും ഒരു കൂട്ടം ഡ്രസ്സ് എടുത്തിട്ടാണ് പ്രിയ കുളിക്കാൻ കയറിയത്.
നന്നായെന്ന് കുളിച്ചതോടെ അവൾക്ക് പകുതി ആശ്വാസം കിട്ടിയിരുന്നു” വെള്ളം മാറിയതല്ലേ തല നന്നായിട്ട് തുടക്ക് ട്ടോ. അല്ലെങ്കിൽ നാളെ പനിപിടിച്ചു കിടക്കേണ്ടിവരും. ഇവിടത്തെ വെള്ളത്തിന് അല്ലെങ്കിലും നല്ല തണുപ്പാണ്.. “അഴിച്ചു മാറ്റിയ വസ്ത്രങ്ങൾ അവളിൽ നിന്നും വാങ്ങുന്നതിനിടയിൽ ലക്ഷ്മി പറഞ്ഞു.

നേർത്തെരു ചിരിയോടെ പ്രിയ തലയാട്ടി.ലക്ഷ്മി മുറിയിൽ നിന്നിറങ്ങിയതും അവളാ മുറിയിൽ കണ്ണാടിക്ക് മുന്നിൽ പോയി നിന്നു.കുളിച്ചു വന്നെങ്കിലും..ക്ഷീണം മാറിയെങ്കിലും കരഞ്ഞു തീർത്ത കണ്ണുകളും മുഖവും.. കണ്ണാടിയിൽ കാണുന്ന ആ പ്രതിബിംബത്തിൽ നിന്നും തെളിച്ചയോടെ കാണുന്നുണ്ടായിരുന്നു.തന്റെ പ്രതിച്ഛായ പ്രിയ തുറിച്ചു നോക്കി.കഴുത്തിലൊരു താലിയില്ലാതെ… പാതിയായവൻ നെറുകയിൽ സിന്ദൂരം ചുവപ്പിക്കാതെ.. മനസ്സ് കൊണ്ട് പോലും ആഗ്രഹിക്കാതെ താനിന്നൊരു ഭാര്യയായിരിക്കുന്നു..
തന്നെ കണ്മുന്നിൽ കാണുന്നത് തന്നെ ഇഷ്ടമില്ലാത്തൊരുവന്റെ ഭാര്യ..നട്ടെല്ലിൽ കൂടിയൊരു മിന്നൽ പുളഞ്ഞു.ആ ഓർമ വീണ്ടുമവളെ തളർത്തി..

💞💞

വേണ്ട മാഷേ.. ഞാൻ.. ഞാനാ മുറിയില് ”
മാഷിന്റെ നോട്ടം കണ്ടതും പ്രിയ പറയാൻ വന്നത് പാതിയിൽ നിർത്തി.ആദി.. നിന്നോടാ ഞാൻ പറയുന്നത്.. വാതിൽ തുറക്ക്..”മാഷിന്റെ ശബ്ദത്തിനു പതിവില്ലാതെ മൂർച്ച.പ്രിയക്കിറങ്ങി എങ്ങോട്ടെങ്കിലും ഓടാനാണ് തോന്നുന്നത്.
നളിനിയും ലക്ഷ്മിയും അവർക്കുള്ള ഭക്ഷണം കൂടി കൊണ്ടുവന്നിട്ടുണ്ടായിരുന്നു.മാഷിനൊപ്പം പ്രിയയെ കൂടി പിടിച്ചിരുത്തി ഭക്ഷണം കഴിപ്പിച്ചതിനുശേഷമാണ് അവരെല്ലാം പോവാനിറങ്ങിയത്.അപ്പോഴും ആദി കഴിക്കാൻ ഇറങ്ങി വന്നിരുന്നില്ല.അതുകൊണ്ടുതന്നെ പ്രിയയുടെ കുറ്റബോധം വളർന്നു വലുതായി കൊണ്ടിരുന്നു..കഷ്ടപ്പെട്ട് അവൾ വാരിക്കഴിച്ചത് മുന്നിൽ നിന്ന് സ്നേഹത്തോടെ പറയുന്നവർക്ക് വേണ്ടിട്ടായിരുന്നു.ആദിക്കുള്ളതാണെന്ന് തോന്നുന്നു ടെബിളിൽ ഒരു പാത്രത്തിൽ അടച്ചു വച്ചിട്ടുണ്ട്.
“മോൾക്ക് കിടക്കണ്ടേ… “അവരെല്ലാം ഇറങ്ങിപ്പോയതും മാഷിന്റെ ആ ചോദ്യം കേട്ട് അവൾ ഒന്ന് പകച്ചു.

അപ്പോഴാണ് അതിനെക്കുറിച്ച് അവൾ ഓർത്തത് തന്നെ. ഞാൻ ആ മുറിയില് … “താനിക്ക് കുളിക്കാൻ വേണ്ടിയിട്ട് കയറാൻ ലക്ഷ്മി കാണിച്ചുതന്ന മുറിയുടെ നേരെ ചൂണ്ടി പ്രിയ പതിയെ പറഞ്ഞു.നാലോ അഞ്ചോമുറികൾ ആ വലിയ അപ്പോഴും ഒഴിഞ്ഞു കിടക്കുന്നുണ്ടായിരുന്നത് അവളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.” ആ മുറിയിലോ… ആ മുറിയിലല്ല..അതല്ല നിന്റെ മുറി “മുറുക്കമുള്ള മാഷിന്റെ ശബ്ദത്തിൽ അവൾക്ക് പിന്നെയെന്നും പറയാൻ വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല.

” കല്യാണം കഴിഞ്ഞ ഭാര്യ ഉറങ്ങേണ്ടത് ഭർത്താവിന്റെ മുറിയിലാണ്… അവനറികിലാണ് ”
ഭാര്യ… ഭർത്താവ്..അവളെ ഒന്നടങ്കം വിറപ്പിച്ചു കളയാൻ ശക്തിയുള്ള രണ്ടു വാക്കുകൾ”എനിക്കറിയാം മോളെ..നിങ്ങൾക്ക് പൊരുത്തപ്പെട്ട് പോകാൻ സമയ വേണ്ടി വന്നേക്കുമെന്ന്.പക്ഷേ അതിന് ഇങ്ങനെ ഇന്നുമുതൽ തന്നെ അകലം കാണിച്ചു മാറിനിന്ന് കഴിഞ്ഞാൽ ഒരിക്കലുംനിങ്ങൾക്ക്അടുക്കാൻകഴിയുകയില്ല.പരസ്പരം സ്നേഹിക്കാനും.. “പരിഭ്രമത്തോടെ വിളറി വെളുത്ത മുഖത്തോട് നിൽക്കുന്ന പ്രിയയുടെ മുഖം കണ്ടിട്ടാണ് മാഷ് ഗൗരവം മാറ്റി ചിരിയോടെ അവളോട് അത് പറഞ്ഞത്.

അവനെപ്പോലെ തന്നെ നീയും ഒരു തെറ്റും ചെയ്തിട്ടില്ല.അവന് ദേഷ്യം കാണിക്കാമെങ്കിൽ അതേ ദേഷ്യം നീയും കാണിക്കേണ്ടതല്ലേ..ദേഷ്യവും വാശിയും കൊണ്ടൊന്നുമല്ല പ്രതിസന്ധികളെ മറികടക്കാൻ ശ്രമിക്കേണ്ടത്. അത് ആദ്യം മനസ്സിലാക്കണം. എന്തൊക്കെയാണെങ്കിലും ഇന്നവൻ നിന്റെ ഭർത്താവാണ്, നീ അവന്റെ ഭാര്യയും. നിയമത്തിനു മുന്നിലല്ല അത് തെളിയിക്കേണ്ടത് അവൻ നിന്റെ മുന്നിലും നീ അവന്റെ മുന്നിലുമാണ്.. “മുറുകിയ സ്വരത്തിൽ മാഷ് പറഞ്ഞു നിർത്തിയതും അവർക്ക് മുന്നിലാ വാതിൽ തുറന്നതും ഒരുമിച്ചാണ്..

…തുടരും….

ഇനി ഇവിടെന്തും സംഭവിക്കാം..അതോണ്ട് ഞാൻ പോണ്..ആദി ഇന്നെ ബാക്കി വെച്ച.. നാളെ വരാം..സ്നേഹത്തോടെ jiff🥰🥰