23/04/2026

സ്പന്ദനം : ഭാഗം 4

രചന : ഗായത്രി സുരേന്ദ്രൻ

“താൻ പേടിക്കണ്ട….. ഈയൊരു പരീക്ഷണത്തിൽ ഇതിൽ താൻ വിജയിച്ചിരിക്കുന്നു…. ദൈവം തന്നോടു കൂടിയുണ്ടെന്ന് വെള്ളത്തിൻറെ ഏറ്റവും വലിയൊരു തെളിവാണിത്…..ടെസ്റ്റ് റിസൾട്ട് പോസിറ്റീവ് ആണ്….യെസ് യു ആർ പ്രെഗ്നന്റ്…. തൻറെ നന്മയുടെ കണികകൾ കൊണ്ട് താൻ ഒരു പുതുജീവന്ജന്മംനൽകാൻപോകുന്നു….!!!!!!!!!!!!!!”അറിയാതെ കൈകൾ ഉദരത്തിലേക്ക് ചലിച്ചു. പതിയെ ഒന്നു തലോടിയപ്പോൾ അവളിൽ മാതൃത്വം വിടരുന്നതായി തോന്നി…..ഒരു ജീവൻ പുതിയ തുടിപ്പ് ഒരു കണിക തൻറെ ഉദരത്തിൽ പിറവി എടുത്തിരിക്കുന്നു തൻറെ ഉള്ളറകളിലെ സുരക്ഷിതത്വം നുകർന്നുകൊണ്ട്അതുവളരുന്നു……

ആ തുടിപ്പ് അമ്മയെന്ന് തൻറെ ഉള്ളിലിരുന്ന് പതിയെ മന്ത്രിക്കുന്നതായ് തോന്നി…..അവളുടെ കണ്ണുകളിൽ എന്തിനെന്നറിയാതെ നീർത്തുള്ളികൾ ഉരുണ്ടു കൂടി….ഒരു മുന്നറിയിപ്പുമില്ലാതെ അവ താഴേക്ക് പതിക്കാനായി വെമ്പൽ കൊണ്ടു…..കണ്ണുനീർ തുള്ളികളെ കൈത്തലത്താൽ പതിയെ ഒപ്പി അവൾ പതിയെ ശുഭാപ്തിവിശ്വാസം വീണ്ടെടുത്തു. ഒരു പുഞ്ചിരി പടർത്തി കൊണ്ട് അവൾ സ്വയമേവ ആശ്വസിച്ചു.”അതുകൊണ്ട് താനിനി മുമ്പത്തെക്കാൾ കെയർഫുൾ ആയിരിക്കണം…..ഒന്നല്ല രണ്ടു ജീവനുകൾ ആണ് ഇപ്പോൾ താൻ.
ട്രീറ്റ്മെൻറ് ഇനിയും തുടരേണ്ടിവരും കുറച്ച് അയൺ ടാബ്‌ലറ്റുകളും പ്രോട്ടീൻ ഫുഡും വേണ്ടിവരും.

ട്രീറ്റ്മെൻറ് ഇന്നുമുതൽ തുടങ്ങുകയാണ്.
തനിക്ക് വേണമെങ്കിൽ ഇവിടെ തന്നെ സ്റ്റേ ചെയ്യാം….അല്ലെങ്കിൽ വേറെ ഏതെങ്കിലും ഒരു വീട്…. പക്ഷേ അധികം ദൂരത്ത് ആകരുത്.
എപ്പോൾ വേണമെങ്കിലും ഇങ്ങോട്ടേക്ക് വരാൻ എളുപ്പമാക്കുന്ന തരത്തിലുള്ള സ്ഥലം ആകണം അതായത് അടുത്ത് എവിടെയെങ്കിലും.””ശരി ഡോക്ടർ…. ഇവിടെത്തന്നെ നിന്നോളാം….ഇപ്പോൾ ഈ അവസ്ഥയിൽ പോകാൻ പറ്റിയ ഒരു ഇടമില്ല. സഹായത്തിനും….”വാക്കുകൾ പകുതിക്കു വെച്ച് നിലച്ചു പോകുന്നു…
അപമാനഭാരത്താൽ ആണോ അപകർഷതയാലാണോ തലകുനിച്ചു പോകുന്നത് എന്നറിയില്ല…..എത്ര പെട്ടെന്നാണ് സ്ഥിതിഗതികൾ മാറിമറിയുന്നത്…….

“ശരി……അതിനു താൻ ഒരു വിഷമവും വിചാരിക്കേണ്ട ഇവിടെ എല്ലാവിധ സൗകര്യങ്ങളും ഉണ്ടാകും……ഇപ്പോൾതന്നെ മുകളിലത്തെ ബ്ലോക്കിലെ ഒരു റൂം ഏർപ്പാടാക്കാം…അവിടെ ആകുമ്പോൾ ഇപ്പോൾ കുറച്ചുകൂടി ശ്രദ്ധ കിട്ടും….
പിന്നെ ഒരു കാര്യം മറന്നുപോകരുത് , റെയർ ബ്ലഡ് ഗ്രൂപ്പാണ്…അതുകൊണ്ട് പറ്റുന്ന ഭക്ഷണം കഴിച്ചു പുഷ്ടിപ്പെടുത്താൻ നോക്കുക.രക്തക്കുറവ് ഉണ്ടായാൽ അഥവാ ബ്ലീഡിങോ മറ്റോ നടന്നാൽ കാര്യങ്ങൾ കൈവിട്ടുപോകും….ഒരു പക്ഷേ തൻറെ ജീവൻ പോലും……””ഇല്ല ഡോക്ടർ ജീവൻ കൊടുത്തും ഞാനെൻറെ ഉദരത്തിൽ വളരുന്ന ഈ ജീവന് ജന്മം നൽകിയിരിക്കും….. ഈ വളരുന്നത് ഒരു പ്രതീക്ഷയാണ്…..

ആ പ്രതീക്ഷയെ ഞാൻ ഏതുവിധേനെയും സംരക്ഷിക്കും….ഒന്നുകൊണ്ടും വ്യഥ വേണ്ട…. എന്നെക്കാൾ പ്രാധാന്യം ഇന്ന് ഈ കുഞ്ഞു ജീവനാണ്…..”മനസ്സിൽ ആഴ്ന്നിറങ്ങിയ ആത്മവിശ്വാസത്തിൻറെ ഊർജ്ജത്തിൽ അവൾക്കു വാക്കുകൾ വന്നുപെട്ടു…..അതു പറയുമ്പോൾ അവളുടെ കണ്ണുകൾ തിളങ്ങുന്നു…ഒരു അമ്മ മനസ്സ് അതിൻറെ ആഴങ്ങളിൽ ഒളിഞ്ഞു കിടക്കുന്നുണ്ട് എന്ന് ആർക്കും മനസ്സിലാക്കാവുന്ന ഭാവത്തിൽ……
ഒക്കെ താൻ ഇനി റെസ്റ്റ് എടുത്തോളൂ സ്റ്റെല്ല സിസ്റ്റർ എപ്പോഴും കൂടെയുണ്ടാകും……. അപ്പുറത്ത് തന്നെയാണ് നഴ്സസ് റൂം. എന്താവശ്യമുണ്ടെങ്കിലും ഒന്നും വിളിച്ചാൽ മതി ഓടിയെത്തി കൊള്ളും….. ആവശ്യമുള്ളതെല്ലാം സമയത്ത് ഇവിടെ എത്തും….
താൻ ഒന്നു കൊണ്ടും പേടിക്കണ്ട…..ഇപ്പോൾ ആവശ്യം വിശ്രമമാണ്…. മനസ്സിനു പൂർണമായും സന്തോഷം നൽകുന്ന കാര്യങ്ങളിലേക്ക് മാത്രം ശ്രദ്ധ പതിപ്പിച്ച് ഇരുന്നാൽ മതി……”

മറുപടിയായി നന്ദി സൂചകമായി ഒന്നു പുഞ്ചിരിച്ചു….. ഡോക്ടർ പോയതിനു ശേഷം പതിയെ ബെഡിലേക്ക് വെള്ളം കുടിച്ചു…. ഫാൻ ഓൺ ചെയ്തു. തണുപ്പ് മനസ്സിലേക്കും വ്യാപിക്കുന്നു …..റൂമിനോട് ചേർന്ന് ബാൽക്കണി ഉണ്ട്. ഏറ്റവും മികച്ച സൗകര്യങ്ങൾ തന്നെയാണ് ഒരുക്കിയിരിക്കുന്നത്….. ഒന്നിനും ഒരു കുറവുമില്ല…തളർച്ചയും ക്ഷീണവും ഒക്കെ ഒന്നു മാറിയപ്പോൾ ബാൽക്കണിയിലേക്ക് നടന്നു. ഒരു കോണിലായി ഇട്ടിരുന്ന ചാരുകസേരയിലേക്ക് ചാഞ്ഞു…..താഴെ ഹോസ്പിറ്റൽ മതിലിനപ്പുറത്ത് ഒരു റോഡുണ്ട് അത് ചെന്നെത്തുന്നത് ഒരു റെസിഡൻസ് അസോസിയേഷനിൽ ആണെന്ന് തോന്നുന്നു…. കവാടത്തിൽ തന്നെ വലിയ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്….

അതിനൊപ്പം അടുത്തുതന്നെ ആയി ചെറിയ ചെറിയ വർണ്ണപ്പെട്ടികൾ സ്ഥാപിച്ചതു പോലെ നിറയെ വീടുകളും….. കുറെയൊക്കെ ബാൽക്കണിയിൽ ഇരുന്ന് കാണാനാകും. ചില വീടുകളുടെ മുറ്റത്ത് ഒരു ഭാഗത്തായി പാത്രങ്ങൾ വച്ചിരിക്കുന്നു…. ചിലയിടങ്ങളിൽ ആകട്ടെ വസ്ത്രങ്ങൾ തോരാനായി ഇട്ടിരിക്കുന്നു….. വീടുകൾക്ക് നടുവിലുള്ള റോഡിലൂടെ ചില ചെറിയ കുട്ടികൾ സൈക്കിളിൽ റോന്തു ചുറ്റുന്നു…. കാണാനായി ഒരുപാട് കാഴ്ചകൾ ഉണ്ട് ആശുപത്രി മുറ്റത്തെ തെങ്ങോലകളിൽ പേരറിയാത്ത ഏതൊക്കെയോ പക്ഷികളുടെ കൂട് കാണുന്നുണ്ട്….
കണ്ണിനു മുൻപിൽ തെളിഞ്ഞ ദൃശ്യങ്ങൾ ഒന്നൊന്നായി ഒന്നായികലങ്ങുവാൻതുടങ്ങിയിരുന്നു……കസേരയിലേക്ക് തളർന്നിരുന്ന അപ്പോഴേക്കും ആകെ മനസ്സ് പൊടിഞ്ഞു പോയിരുന്നു. എത്ര പെട്ടെന്നാണ് ഓരോരുത്തരുടെയും ജീവിതനൗക ഓരോരോ തീരങ്ങളിലേക്ക് ചലിക്കുന്നത്…. ചിലത് തിരകളിൽ പെട്ടു ആടിയുലഞ്ഞു തീരത്തെത്താൻ ആകാതെ പാതിവഴിയിൽ തകർന്നടിയും ചിലത് ലക്ഷ്യം തെറ്റി നിനക്കാതെ ഏതെങ്കിലും ചതുപ്പിലേക്ക് ചെന്നെത്തും…..മിഴികൾ പതിയെമയക്കത്തിന ആലസ്യത്തിലേക്ക് വഴുതുമ്പോഴേയ്ക്കും മനസ്സ് വീണ്ടും ഭൂത കാലത്തിൻറെ ദുഃഖച്ഛവികളിലേക്ക് ആഗ്രഹിക്കാതെ യാത്ര തുടർന്നിരുന്നു……

******************* ************** ***********

പതിവിലും വൈകിയിരുന്നു അതിനാൽ അൽപം കിതച്ചു കൊണ്ട് തന്നെയാണ് ബസ്റ്റോപ്പിൽ എത്തിയത്. ബസ്സിൽ കയറിപ്പറ്റി സ്റ്റോപ്പിൽ ഇറങ്ങുമ്പോഴേക്കും തളർന്നുപോയി…പതിവുപോലെ പാലൈസും മേടിച്ചു കൊണ്ട് പാറുവിനോടൊപ്പം വയൽ വയൽ വരമ്പിലൂടെ നടന്നു…. രണ്ടുപേരും കൂടെ അതും നുണഞ്ഞുകൊണ്ട് കഥകൾ പറഞ്ഞു പതിയെ പതിയെ നടന്നു എത്തുമ്പോഴേക്കും നേരം കുറച്ചു വൈകും എങ്കിലും അതും ഒരു രസമാണ്. മഴക്കാലത്ത് വയലിലൂടെ ഉള്ള യാത്ര നടക്കില്ല വെള്ളവും ചളിയും പുല്ലുമെല്ലാം കയറി വഴിയൊക്കെ നാശമായിട്ടുണ്ടാവും …. നടന്നു പോകുകയാണെങ്കിൽ കാലൊക്കെ ചളിയിൽ ആഴ്ന്നുപോകും…

വെയിലു വന്നു കഴിഞ്ഞാൽ ശരിയാകും മഴക്കാലത്ത് മഴക്കാലത്ത് റോഡിലൂടെ തന്നെ പോകണം അതത്ര പ്രിയമില്ല.വീടിനടുത്തേയ്ക്ക് എത്തിയപ്പോഴേക്കും ഇലഞ്ഞി മരച്ചുവട് ആയപ്പോൾ പാറുവിനെ മറികടന്ന് ഒരു കുസൃതിച്ചിരിയോടെ ഓടി പെട്ടെന്ന് ബാഗ് തിണ്ണയിലേക്ക് വച്ചു ധൃതിയിൽ അയയിൽ നിന്നും തോർത്തെടുത്തു കുളിമുറിയിലേക്കു കയറി….
ഇതിനാണ് മത്സരം. അല്ലെങ്കിൽ അവൾ കുളിയും തേവാരവും കഴിഞ്ഞു വരും വരേയ്ക്കും മുഷിഞ്ഞു ഇരിക്കണം. പക്ഷേ പാവം എനിക്ക് അവിടെയും തോറ്റു തരും…..നല്ലോണം കുളിച്ചു കഴിയുമ്പോഴേക്കും ഒരു ഉണർവ്വ് ഒക്കെ വരും. പാറു കുളിക്കുന്ന സമയത്തിന് അടുക്കളയിൽ കയറി ചായ ഇട്ടു വയ്ക്കുംഅപ്പോഴേക്കും ആളിക്കത്തും അവളുടെ വക എന്തെങ്കിലും സ്പെഷ്യൽ ആയിട്ടുള്ള പലഹാരങ്ങളും ഉണ്ടാകും.

അവൽ നനച്ചതോ പഴംപൊരിയോ കാരോലപ്പമോ ശർക്കരയും തേങ്ങയും പഴവും ചേർത്ത അടയോ കൊഴുക്കട്ട ശർക്കരക്കട്ടിയിൽ ഇട്ടതോ പാലിൽ റവ കുറുക്കി നെയ്യൊഴിച്ചെടുത്ത കേസരിയോ അങ്ങനെ എന്തെങ്കിലും ഒരു മധുരം ചായക്ക് വേണമെന്ന് തന്റെ നിർബന്ധമാണ്….അച്ഛനുവേണ്ടി അവൾ സന്ധ്യയ്ക്ക് ചക്കപ്പുഴുക്കോ കപ്പയും ചെറുപയറും പുഴുക്കോ ഉപ്പുമാവോ ഓട്ടടയോ ഉണ്ടാക്കും…. മടി പിടിക്കും എങ്കിലും അവളോടൊപ്പം കൂടാൻ ഒരു രസമാണ്.
ചായ കുടിച്ചു വേഗം തന്നെ വയലിലേക്ക് ഓടും അച്ഛൻ രാവിലെ തന്നെ നന്ദയേയും നന്ദിനിയേയും പുല്ലു മേയാൻ കെട്ടിയിട്ടുണ്ടാകും…

അവരോട് രണ്ടുപേരോട് കിന്നാരം പറയാൻ വേണ്ടിയാണ് തിരക്ക്. വയലിൻ വക്കിൽ പോയിരുന്നു ഒരു ഭാഗത്തേക്ക് കാൽ നീട്ടി അവരെ നോക്കി കാറ്റുകൊണ്ട് അങ്ങനെ ഇരിക്കും. വയലിൻ അരികിലെ പുളിമാവിൽ മാങ്ങ ഉണ്ടെങ്കിൽ ഒരെണ്ണം പൊട്ടിച്ചെടുക്കും….അതല്ലെങ്കിൽ തെങ്ങിൻ തടത്തിന്റെ അപ്പുറത്തെ കുഞ്ഞു ചാമ്പയ്ക്ക…. എൽ.പി സ്കൂളിന്റെ അതിരിലുള്ള നുള്ളിയ്ക്കാ… എന്തെങ്കിലും ഒന്നും കഴിക്കാൻ കിട്ടാതിരിക്കില്ല.
നെല്ലു വിളഞ്ഞ സമയമാണെങ്കിൽ പാകമായ നെന്മണികൾ നോക്കിയെടുത്ത് വായിലിട്ടു ചവയ്ക്കാം ഓരോ നെന്മണിയും സൂക്ഷിച്ചു അതിന്റെ കൂർത്ത ഭാഗം കൊണ്ടു വായ മുറിയാതെ പല്ലും നാവും കൊണ്ട് ശ്രദ്ധയോടെ വേർതിരിച്ചെടുത്തു പുറംതോട് കളഞ്ഞു നെന്മണി കഴിക്കാൻ പ്രത്യേക വിരുതു വേണം……

ഇന്നെന്തോ ചിന്ത മുഴുവൻ മറ്റൊരിടത്തേക്കു പോയി… പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ ഒരാളെ ആലോചിക്കാൻ തുടങ്ങുന്നത് എന്തുകൊണ്ടാണ്???…ഇന്നലെ വരെ ഈ സമയം കോളേജിലേക്ക് പോകുന്നതിനുള്ള മടിയും അസ്വസ്ഥതയും ആയിരുന്നുവെങ്കിൽ ഇന്ന് അവിടെ കൗതുകകരമായ എന്തോ ഒന്ന് കണ്ടുപിടിച്ചു.,.. അതിനെപ്പറ്റി കൂടുതൽ എന്തൊക്കെയോ അറിയുവാനുള്ള ആകാംക്ഷ….ഇഷ്ടം ഉണ്ടോ ഇല്ല ദേഷ്യമോ ഒന്നുമില്ല അല്ല പകരം മറ്റെന്തോ ഒരു ഭാവം മനസ്സിൽ വിടരുന്നു….വയൽവരമ്പിൽ ഇങ്ങനെ ഇരിക്കാൻ തോന്നുന്നു…..എന്തെന്നറിയാത്ത ഒരു അസ്വസ്ഥതയെ അവളന്ന് ഒരുപാട് സ്നേഹിച്ചു….. അയാളുടെ ജീവിതത്തിലേയ്ക്ക് എത്തിനോക്കാനുള്ള അകാരണമായ വ്യഗ്രത….

നന്ദയുടെ മണികിലുക്കം കേട്ടപ്പോൾ മാത്രമാണ് ഇരുൾ പരന്നത് ശ്രദ്ധയിൽപ്പെട്ടത്…. പതിവില്ലാത്ത വിധം നേരം ഇരുട്ടി. ഉള്ളിൽ ഒരു ആന്തൽ തോന്നാതിരുന്നില്ല.വയൽവരമ്പിലൂടെ വേണം നടക്കാൻ സന്ധ്യ കഴിഞ്ഞാൽ തണുപ്പ് തേടി പാമ്പുകളോ ഇഴജന്തുക്കള് വയലിലേക്കോ അമ്പലക്കുളത്തിനരികിലേക്കോ എത്താൻ സാധ്യതയില്ലാത്തതല്ല. ചില സമയത്ത് വയലിൻ അരികിലെ തെങ്ങിൻതോപ്പിൽ പൊന്തക്കാടുകളിൽ കുറുക്കന്മാർ കറങ്ങി നടക്കാറുണ്ട്.ഓരോന്നാലോചിച്ച് സ്വല്പം ധൃതിയിൽ തന്നെ പൈക്കളെ തെളിച്ചു നടന്നു. വയലോരം കഴിഞ്ഞു കനാൾ വക്കിലേക്ക് എത്തിയപ്പോഴേക്കും കയർ വിട്ടു നടത്തി… ഇനി അവ താനേ വേഗത്തിൽ പൊയ്ക്കൊള്ളും. അവൾക്ക് ഒരു ആശ്വാസം തോന്നി മിണ്ടാപ്രാണികളുടെ കാര്യമായിരുന്നു പേടി.
പറമ്പിന് ഇരുവശത്തും വേലിക്കു കൂട്ടായി നട്ട ചെമ്പരത്തി കാടുകളിലെ ചുവന്ന പൂക്കളെ നോക്കി നടക്കവേ പിന്നിൽ ആരോ കാലടികൾ വയ്ക്കുന്നതായി കരിയിലകളുടെ ഞെരുക്കത്തിൽ എന്ന് മനസ്സിലായി….

സ്വല്പം ദൂരെനിന്നാണു കാലടികൾ എന്ന് ശബ്ദംകൊണ്ട് തിരിച്ചറിഞ്ഞതും പെട്ടെന്ന് നടത്തത്തിന് വേഗത കൂട്ടാൻ തുടങ്ങി. പേടി ഉണ്ടായിട്ടല്ല എന്നാലും….. “അതേയ് കുട്ടീ…..”
വേഗംകൂട്ടി തുടങ്ങിയതും പിന്നിൽനിന്നും വിളികേട്ടു എന്തായാലും പിടിച്ചുകൊണ്ടുപോകാൻ വന്നവർ ആരെങ്കിലും ആണെങ്കിൽ ഇത്ര ഭവ്യതയോടെ വിളിക്കേണ്ട കാര്യം ഇല്ലല്ലോ…. പരിചിതമായൊരു ശബ്ദമാണല്ലോ എന്ന ചിന്തയോടെയാണ് പിന്നിലേയ്ക്കു തിരിഞ്ഞത്…പ്രതീക്ഷിക്കാത്ത ആരെയോ കണ്ട ആശ്ചര്യത്തിൽ അവളുടെ കണ്ണുകൾ വികസിച്ചു. സാർ…..പതിവു ഗൗരവഭാവം വിടാതെ തന്നെ…. എങ്കിലും കോളേജിലേക്കു വരുന്ന വേഷത്തിനു പകരം കുർത്തയും മുണ്ടും ആണെന്നു മാത്രം.
അധിക നിമിഷം ആ അങ്കലാപ്പ് തുടരേണ്ടി വന്നില്ല. മറു തലയ്ക്കൽ ആൾ സംസാരിച്ചു തുടങ്ങി….

“എടോ ഈ ശ്രീ ഭഗവതീക്ഷേത്രത്തിലേയ്ക്കുള്ള റോഡല്ലേ അത്? ബോർഡ് കണ്ടു മെയിൻ റോഡിൽ നിന്നും തിരിച്ചതാണ്, പക്ഷേ ഈ കനാൽ വക്കു വരെയേ ഉള്ളല്ലോ, ക്ഷേത്രത്തിലേയ്ക്കിനി നടപ്പാതയാണോ???”ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തിയതിലപ്പുറം അത്ഭുതമോ പരിചയഭാവമോ തെല്ലും കാണാനില്ല.കുറച്ചെങ്കിലും നീരസം തോന്നിയെങ്കിലും പുറമേ കാട്ടിയില്ല.”അത്….. റോഡ് അവസാനിക്കുന്നതു എവിടെയാണെങ്കിലും ക്ഷേത്രത്തിലേയ്ക്കു തിരിയുന്ന ചെറിയ റോഡ് ഇവിടുന്നു തിരിച്ചു നേരെ പോയാൽ ആദ്യം കാണുന്ന വലതു വശത്തെതാണ്. ഇത് എൽപി സ്കൂളിലേക്ക് മാത്രമുള്ളതിനാലാണ് ഇവിടം വരെ….
ഒരു മിനിറ്റു കഷ്ടി…. അതിലൂടെ പോയാൽ മതി….. ”

“ഓ അതെയോ വഴി നിശ്ചയമില്ലായിരുന്നു…. ഇരുട്ടിത്തുടങ്ങിയല്ലോ ഞാൻ പോകയാണ്….”
“ഓഹ്….. പിന്നെ ദാ അതാണ് സാർ എന്റെ വീട്…..”ചെമ്പരത്തിവേലികൾക്കപ്പുറത്തേയ്ക്കു കൈ വിരൽ ചൂണ്ടി വീടു കാട്ടിക്കൊടുത്തു.
വലിയ താൽപര്യം കാണിക്കാതെ കൈചൂണ്ടിയ ഭാഗത്തേയ്ക്കു ഒരു വട്ടം മിഴികളയച്ച് തലയൊന്നു കുലുക്കി അയാൾ തിരിച്ചു നടന്നു……മനസ്സിൽ പൊടിഞ്ഞ ഈർഷ്യയിൽ മുഖം വെട്ടിച്ചു കെറുവിച്ചു കൊണ്ട് അവളും തിരിച്ചു വീട്ടിലേയ്ക്കു തിരിഞ്ഞു…..പൈക്കളെല്ലാം നേരത്തോടു നേരം ആലയിലെത്തിയിരുന്നു. ഉമ്മറത്തു വിളക്കും വച്ചിരുന്നു.നേരമിത്രയൊക്കെയായോ…..!!നീയീ ത്രിസന്ധ്യ വരേയ്ക്കും വയലിൽ എന്തെടുക്കാർന്നൂ കുഞ്ഞോളേ…. എത്രവട്ടം ചൊല്ലീണ്ട് ഇരുളും മുന്നേ പോന്നേക്കാൻ… ഇഴജന്തുക്കൾ ഇറങ്ങണ നേരാന്നറീല്ലേ ഇനീം???….”

കുഞ്ഞു പിള്ളാരു മാതിരി മുഖം കൂർപ്പിച്ചു താടിക്കു കയ്യും കൊടുത്ത് തിണ്ണയിൽ തൂണും ചാരി കെറുവിച്ചിരുന്നു……”ഉംം…… ചൊടിച്ചിരിയ്ക്കാൻ പറഞ്ഞതല്ല.വല്ലതും കടിച്ചു വിഷം തീണ്ടാതെ നൊക്കണം അതിനാണ്…… പാറു കപ്പപ്പുഴുക്കെടുക്കണുണ്ട് ഞാനും വരണൂ…പിണക്കം മാറ്റാണെങ്കീ അതു കഴിച്ചാൽ അമ്പലത്തീന്നു കൊണ്ടുവന്ന തണ്ണീരാമൃതു തരാം…. ല്ലേങ്കീ അതും ഞാനെന്റെ പാറൂനു കൊടുക്കൂട്ടോ….”പിണക്കം പിന്നേയുമാവാം പക്ഷേ നെയ്യും തേനും ശർക്കരയും കദളിപ്പഴവും ചേർത്ത തണ്ണീരാമൃതു പിന്നെക്കിട്ടില്ലാ…. വായിലിട്ടാലലിഞ്ഞു തീരും… തറവാടു വക ശാക്തേയഭഗവതീടെ പ്രസാദാണ്….
പിന്നൊന്നും നോക്കിയില്ല പല്ലു മൂഴുവൻ കാട്ടിച്ചിരിച്ചുകൊണ്ട് അടുക്കളയിലേക്കോടി…….

…….തുടരും……………

(അടുത്ത ഭാഗം നാളെ#Part_5
(NB: ജീവിച്ചിരിക്കുന്നവരായോ മരിച്ചവരുമായോ ഈ കഥയ്ക്ക് യാതൊരു ബന്ധവുമില്ല. കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രമാണ്.)