രചന : കണ്ണൻ്റെമാത്രം
അതെന്താ നീ അങ്ങനെ ചോദിച്ചത്… അഭി ജിത്തുവിനെ ഗൗരവത്തോടെ നോക്കികൊണ്ട് ചോദിച്ചു…അത്.. അതുപിന്നെ.. ഇവരല്ലേ അവളുടെ കൂടെ പോകാം എന്ന് പറഞ്ഞത്.. എന്നിട്ട് അവളെ ഒറ്റക്ക് വിട്ടോ എന്നറിയാനായി ചോദിച്ചതാ… ജിത്തു ആദ്യം ഒന്ന് വിക്കിയെങ്കിലും പറഞ്ഞൊപ്പിച്ചു…അതിന് ആരാ പറഞ്ഞത് ആമി ഒറ്റക്കാണ് എന്ന്… ആദി ഉണ്ടായിരുന്നു അവളുടെ കൂടെ… അഭി ആകെ വിയർക്കുന്ന ജിത്തുവിന്റെ മുഖത്തേക്ക് സംശയത്തോടെ നോക്കികൊണ്ട് പറഞ്ഞു…
ഏഹ്.. ആദിയോ… ഇപ്പൊ ജിത്തു ശരിക്കും ഞെട്ടി…നിങ്ങളോട് ആരാ പറഞ്ഞത് എന്റെ ഭാര്യയെ അവളുടെ കൂടെ വിടാൻ.. നിങ്ങളുടെ ഭാര്യ അല്ലേ പോകാം എന്ന് തീരുമാനിച്ചതൊക്കെ.. പിന്നെ എന്തിനാ എന്റെ ആദിയെ വിട്ടത്… ആദിയാണ് ആമിയുടെ കൂടെ എന്നറിഞ്ഞ ടെൻഷനിൽ ജിത്തുവിന് തന്നെ അറിയില്ലായിരുന്നു എന്തൊക്കെയാ വിളിച്ചു പറയുന്നത് എന്ന്…അവിടെ ഉള്ള എല്ലാവരും ജിത്തുവിനെസംശയത്തോടെനോക്കി…ആദിയായാലും പിയ ആയാലും എന്താ.. രണ്ടുപേരും അവളുടെ ഏട്ടത്തിമാർ അല്ലേ… സാവിത്രിയമ്മ അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു…
അതൊക്കെ തന്നെ… പക്ഷേ ഇന്ന് ഇവര്…ഇന്ന് ശ്രീയും ആമിയും കൂടി പുറത്ത് പോകുന്ന കാര്യം നീ ആരോടാ പറഞ്ഞത്…. ജിത്തുവിനെ പറഞ്ഞു മുഴുവനാക്കാൻ സമ്മതിക്കാതെ അഭി ശാന്തമായി ചോദിച്ചു…ഞ… ഞാനോ.. ആ…രോട് പറയാൻ.. ചുമ്മാ അതുമിതും വിളിച്ചു പറയല്ലേ നിങ്ങൾ… ജിത്തു വിക്കലോടെ അഭിയുടെ നേരെ ദേഷ്യപ്പെട്ടു…ജിത്തു… അവരെ കാണാതായതിൽ നിനക്ക് പങ്കുണ്ട്.. അതു ഞങ്ങൾക്ക് മനസിലായ കാര്യം ആണ്.. നീ ഇപ്പൊ സത്യം പറഞ്ഞാൽ അവരെ അത്രയും വേഗം രക്ഷിക്കാം…. അഭി ശാന്തമായി പറഞ്ഞു….അഭി പറയുന്നത് കേട്ടപ്പോൾ ജിത്തുവിന് ആകെ പരവേശം തോന്നിയെങ്കിലും അവൻ ഒന്നും മിണ്ടാതെ നിന്നതേ ഉള്ളൂ…
ചീ.. പറയെടാ.. നാ ********…. എന്റെ ആമി എവിടെ… വിച്ചുവിന്റെ മുഷ്ടി ജിത്തുവിന്റെ കവിളിൽ ആഞ്ഞു പതിച്ചു… ജിത്തുവിന്റെ മുഖം ഒരുവശത്തേക്ക് ചരിഞ്ഞുപോയി.. അവന് മുഖം മുഴുവൻ മരവിച്ച പോലെ തോന്നി… അവന്റെ ചുണ്ടിന്റെ സൈഡിലൂടെ ചോര ചാലിട്ടിറങ്ങി…ഏയ്യ് വിച്ചു… വരട്ടെ… അഭി അവനെപിടിച്ചുവച്ചുകൊണ്ട് പറഞ്ഞു.. പിന്നെ ജിത്തുവിന് നേരെതിരിഞ്ഞുകൊണ്ട് ചോദിച്ചു…സത്യം പറയുന്നതാവും ജിത്തു നിനക്ക് നല്ലത്… അല്ലെങ്കിൽഇവിടെഉള്ളഓരോരുത്തരുടെയും കൈകൾ നിന്റെ മുകളിൽ വീഴും.. സത്യം പറഞ്ഞോ…. അഭിയുടെ ശബ്ദത്തിൽ വല്ലാത്ത ഒരു ശാന്തത ആയിരുന്നു…. ആ ശാന്തതയാണ് ഇപ്പൊ ജിത്തുവിനെ ഭയപ്പെടുത്തുന്നത്….അത്… അത്… ഇന്ന് ആമിയും ഇവരും കൂടി പുറത്ത് പോകുന്നത് ഞാനാ അയാളോട് പറഞ്ഞത്… ജിത്തു തലയുയർത്താതെ ആരുടേയും മുഖത്ത് നോക്കാതെ പറഞ്ഞു..ആരോട്…. അഭി ചോദിച്ചു…
മുൻമത്രി ധർമപാലന്റെ അടുത്ത്…എന്തിന്… എന്താ അയാൾക്കും നിനക്കും ഇടയിൽ ഉള്ള കരാറ്…ധർമപാലന്റെ പേര് കേട്ട് ഒന്ന് ഞെട്ടിയെങ്കിലും അഭി ചോദിച്ചു..അത്…. അയാൾക്ക് ഇവരോട് എന്തോ ദേഷ്യം ഉണ്ടല്ലോ.. അപ്പൊ ഇവരുടെ ഡീറ്റെയിൽസ് പറഞ്ഞു കൊടുക്കാൻ ആവശ്യപ്പെട്ടിരുന്നു…. ജിത്തു ആരുടേയും മുഖത്ത് നോക്കാതെ പറഞ്ഞു..എന്താ അതിനുള്ള പ്രതിഫലം…. അഭി അവന്റെ മുന്നിലേക്ക് നിന്നുകൊണ്ട് ചോദിച്ചു…അ.. അത്.. പ.. പണം… ജിത്തു വിക്കലോടെ പറഞ്ഞു…
ഇന്ന് നിനക്ക് അറിയില്ലായിരുന്നോ ശ്രീ മാത്രം അല്ല ആമിയും കൂടിയാണ് പുറത്തുപോകുന്നത് എന്ന്…
അവൻ തലയുയർത്താതെ തന്നെ അറിയാം എന്ന രീതിയിൽ തലയാട്ടി… അടുത്തനിമിഷം അവൻ പിന്നിലേറ്റ ചവിട്ടിൽ മുഖമടച്ചു വീണിരുന്നു… അപ്പോൾ അങ്ങോട്ട് വന്ന കാറിന്റെ മുന്നിലേക്ക് ആണ് അവൻ വീണത്.. അതിൽ നിന്ന് ആദിയുടെ അച്ഛനും അമ്മയും ഇറങ്ങി…നായേ… എന്നെ നീ നോക്കേണ്ട… പക്ഷേ അവൾ നിന്റെ സ്വന്തം പെങ്ങൾ അല്ലായിരുന്നോ.. നിന്റെ ചോര.. ആ അവളെക്കാൾ വലുതായിരുന്നോ നിനക്ക് പണം… ദേഷ്യം കൊണ്ട് വിറച്ച് പിയ ജിത്തുവിന്റെ മുന്നിൽ ചെന്ന് നിന്ന് ചോദിച്ചു…അവിടെ നിൽക്കുന്ന എല്ലാവരും പിയ ജിത്തുവിനെ ചവിട്ടിയതും അവളുടെ ദേഷ്യത്തോടെ ഉള്ള അലർച്ചയും കേട്ട് ഞെട്ടി നിൽപ്പായിരുന്നു..
ആദിയുടെ അച്ഛനും അമ്മയും ആകെ സ്തംപിച്ചു നിന്നു മുന്നിൽ നടക്കുന്ന കാര്യങ്ങൾ കണ്ടിട്ട്.. അടുത്തനിമിഷം ബോധം വന്നതുപോലെ ജിത്തുവിനെ വേഗം നിലത്തുനിന്ന് ഉയർത്തി… അവന് ഉയർന്നു നിൽക്കാൻ പറ്റുന്നുണ്ടായില്ല…എന്താ.. എന്തിനാ ജിത്തുവിനെ ഇങ്ങനെ ഉപദ്രവിക്കുന്നത്.. ആദിയുടെ അച്ഛൻ അല്പം ദേഷ്യത്തോടെ അവരോട് ചോദിച്ചു…
അവൻ ചെയ്ത കാര്യത്തിന് അവനെ തല്ലുകയല്ല.. കൊല്ലുകയാണ് വേണ്ടത്… ഇന്നത്തോടെ എന്റെ രണ്ടാമത്തെ മകൻ മരിച്ചു.. അഭി ഞാൻ മരിച്ചാൽ എന്റെ വായ്ക്കരിടാൻ വരെഇവനെസമ്മതിക്കരുത്.. ഇവന്റെ കൈ എന്റെ മൃതദേഹത്തിൽ പതിഞ്ഞാൽ എനിക്ക് മോക്ഷം പോലും കിട്ടില്ല… സാവിത്രിയമ്മ കരച്ചിലോടെ എന്നാൽ അത്യന്തം വെറുപ്പോടെ പറഞ്ഞു…
ഇതിനും മാത്രം എന്തുണ്ടായി സാവിത്രിയമ്മേ… ആദിയുടെ അച്ഛൻ ചോദിച്ചു…മഹി അവിടെ സംഭവിച്ചതുമുഴുവൻ അവരോട് പറഞ്ഞു… അടുത്തനിമിഷം ആദിയുടെ അച്ഛന്റെ കൈ അവന്റെ ചെകിടത്തു പതിച്ചു…ചെറ്റേ… നിന്നെ സ്നേഹിച്ചു എന്ന കുറ്റത്തിന് എന്റെ മോളെ തന്നെ നീ കുരുതികൊടുക്കാൻ നോക്കിയോ….
അയാൾ അവന്റെ കോളറിൽ പിടിച്ച് അലറി…ഇല്ല.. ഡാഡി.. ആദിക്ക് ഒന്നും പറ്റില്ല…. ആമിക്കും ഒന്നും പറ്റില്ല.. ഞാ.. ഞാൻ വിളിക്കാം… അയാളെ… ജിത്തു വേഗം ഫോൺ എടുത്ത് ധർമപാലന്റെ നമ്പറിലേക്ക് വിളിക്കാൻ ശ്രമിച്ചെങ്കിലും അയാൾ കാൾ എടുക്കുന്നുണ്ടായില്ല…
അവൻ പിന്നെയും പിന്നെയും ശ്രമിച്ചുകൊണ്ടിരുന്നു.. പക്ഷേ അവന് കാൾ കിട്ടുന്നുണ്ടായില്ല… അവന് ദേഷ്യവും സങ്കടവും ഒരുപോലെ വന്നു… അവൻ കൈയിൽ ഉള്ള ഫോൺ വലിച്ചെറിഞ്ഞു….
നന്ദൻ… ഇനിയെന്ത് ചെയ്യും…. പിയ ടെൻഷനോടെ ചോദിച്ചു…മോനേ എന്റെ മക്കള്.. സാവിത്രിയമ്മ അഭിയോട് കരഞ്ഞുകൊണ്ട് ചോദിച്ചു…ഒന്നും.. ഒന്നും ഉണ്ടാവില്ലാ അമ്മേ.. കരയല്ലേ… ഞാ.. ഞാൻ… അവന് എങ്ങനെ അവരെ ആശ്വസിപ്പിക്കണം എന്ന് അറിയില്ലായിരുന്നു.. പെട്ടന്നാണ് രുദ്രൻ കൊടുത്ത ci സാറിന്റെ നമ്പറിന്റെ കാര്യം അവന് ഓർമ വന്നത്… അവൻ വേഗം ഫോൺ എടുത്ത് അതിലേക്ക് വിളിക്കാൻ പോയപ്പോൾ ആണ് ഒരു കാർ അവിടെ വന്നു നിന്നത്.. എല്ലാവരുടെയും ശ്രദ്ധ അതിലേക്ക് ആയി…
കാറിന്റെ ഡോർ തുറന്ന് ആദ്യം ഇറങ്ങിയത് അവിനാശ് ആയിരുന്നു… പിന്നീട് അവൻ ബാക്കിലെ ഡോർ തുറന്നു.. ആദ്യം ആമിയാണ് ഇറങ്ങിയത്.. പിന്നെ അവൾ ആദിയെ പിടിച്ചിറക്കി… തലയിലും കൈയിമ്മലും എല്ലാം വച്ചുകെട്ടുകൾ ആയിട്ടാണ് ആദി ഇറങ്ങിയത്….അയ്യോ മോളെ…. ആദിയുടെ അച്ഛനും അമ്മയും ആദിയുടെ അടുത്തേക്ക് ഓടി പോയി അവളെ പിടിച്ചു.. സാവിത്രിയമ്മയും അങ്ങോട്ട് പോയി ആദ്യം ആദിയെ ഒന്ന് തഴുകി പിന്നെ ആമിയെ ഇറുക്കികെട്ടിപ്പിടിച്ചു കണ്ണീർ വാർത്തു… അപ്പോഴേക്കും ബാക്കി ഉള്ളവരും അവരുടെ ചുറ്റും കൂടി…നിങ്ങൾ ഇങ്ങനെ അവരെ അവിടെ തന്നെ നിർത്താതെ ഉള്ളിലേക്ക് ഇരുത്ത്… ഇയാൾക്ക് നല്ല റസ്റ്റ് വേണം… അവി അഭിയെ നോക്കികൊണ്ട് ആദിയെ കാട്ടി പറഞ്ഞു…
ആ സമയത്താണ് ജിത്തു ആദിയുടെ അടുത്തേക്ക് ചെന്നത്… അവളുടെ കൈയിൽ പിടിക്കുന്നതിന് മുൻപായി തന്നെ ആദിയുടെ അച്ഛൻ അവനെ തള്ളിമാറ്റിയിരുന്നു…തൊട്ടുപോകരുത് എന്റെ മോളെ… അയാൾ ആക്രോശിച്ചു…..ഡാഡി… ജിത്തു…. ആദി ഒന്നും മനസിലാകാതെ പറഞ്ഞു…
എല്ലാം പറയാം.. നീ നടക്ക്.. നമുക്ക് ആ കസേരയിലേക്ക് ഇരിക്കാം… അതും പറഞ്ഞ് അയാൾ അവളെ ഇറയത്തു കിടക്കുന്ന കസേരയിലേക്ക് കൊണ്ടുപോയി ഇരുത്തി… ആമിയും ഉള്ളിലേക്ക് കയറി.. വിച്ചുവിന്റെ കൈകൾ ആമിയുടെ കൈകളെ കൂട്ടിപിടിച്ചിരുന്നു അപ്പോൾ…
എന്താ ഡാഡി… എന്തിനാ ജിത്തുവിനെ ഇങ്ങനെ… ആദി ചോദിച്ചു….നിന്റെ ഇന്നത്തെ ഈ അവസ്ഥക്ക് കാരണം ഇവനാണ്… ആദിയുടെ അച്ഛൻ ജിത്തുവിനെ വെറുപ്പോടെ നോക്കികൊണ്ട് പറഞ്ഞു…എന്തൊക്കെയാ ഡാഡി ഈ പറയുന്നത്.. ഇത് ഒരു ആക്സിഡന്റ് ആയതാണ്.. ഒരു നിയത്രണം വിട്ട കാറ് ഇടിക്കാൻ വന്നതാണ്.. ദാ ഈ സാറ് വലിച്ചുമാറ്റിയതുകൊണ്ട് ഇത്രയേ പറ്റിയുള്ളൂ… ആ വലിച്ചുമാറ്റിയതിൽ വീണപ്പോൾ പറ്റിയതാണ് ഇതൊക്കെ… അതിൽ എങ്ങനെ ആണ് ജിത്തു കാരണം ആകുന്നത്… ആദി ഒന്നും മനസിലാകാതെ ചോദിച്ചു… ആമിക്കും ഒന്നും മനസിലായില്ല.. അവളും എല്ലാവരുടെയും മുഖത്തേക്ക് മാറി മാറി നോക്കി.. എല്ലാവരുടെയും മുഖത്ത് ജിത്തുവിനോടുള്ള വെറുപ്പും ദേഷ്യവും നിറഞ്ഞു നിന്നു..
അത് ആക്സിഡന്റ് ഒന്നും അല്ല കൊലപാതക ശ്രമം ആയിരുന്നു… അതിന് കാരണം ഇവനും.. അയാൾ ജിത്തുവിനെ വെറുപ്പോടെ നോക്കികൊണ്ട് പറഞ്ഞു…അയാൾ പറഞ്ഞത് കേട്ടതും ആമിയും ആദിയും ഒരുപോലെ ഞെട്ടി..കൊലപാതകശ്രമമോ.. ഡാഡി എന്തൊക്കെയാ ഈ പറയുന്നത്… എനിക്ക് ഒന്നും മനസിലാവുന്നില്ല.. ഒന്ന് തെളിച്ചു പറയ്… ആദി അക്ഷമയോടെ ചോദിച്ചു…അതോടെ അയാൾ മഹി പറഞ്ഞതുമുഴുവൻ അവരോട് പറഞ്ഞു.. എല്ലാം കേട്ടതും ആദിയുടെയും ആമിയുടെയും മുഖത്ത് ജിത്തുവിനോടുള്ള വെറുപ്പ് നിറഞ്ഞു….
ആദി.. ഞാൻ…. ജിത്തു എന്തോ പറയാനായി ശ്രമിച്ചു…മിണ്ടരുത്.. ഒരക്ഷരം മിണ്ടരുത്…. നീ ഇത്രേം അധപതിച്ചു പോകുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല…. കാണണ്ട എനിക്ക് നിന്നെ… ഇന്നത്തോടെ നീയും ഞാനും തമ്മിൽ ഉള്ള എല്ലാ ബന്ധവും അവസാനിച്ചു… ആദി ജിത്തുവിനെ നോക്കി അലറി.. അവളുടെ രണ്ട് കണ്ണുകളിൽ നിന്നും കണ്ണീർ ധാര ധാരയായി ഒഴുകി…ആദി.. ഞാൻ….വേണ്ട.. ഒന്നും പറയണ്ട.. പൊക്കൊ.. എങ്ങോട്ടെങ്കിലും പൊക്കൊ.. എനിക്ക് വേണ്ട ഇങ്ങനെ ഒരുവനെ ഭർത്താവായിട്ട്… കുറച്ച് കാശ് കിട്ടിയപ്പോൾ സ്വന്തം പെങ്ങളെ കുറിച്ച് ചിന്തിക്കാത്തവൻ നാളെ ഒരുകാലത്തു കാശിനു വേണ്ടി എന്നെ വിൽക്കാനും മടിക്കില്ല…ആദി അത്യന്തം വെറുപ്പോടെ പറഞ്ഞു….
ജിത്തു എല്ലാവരെയും ഒന്ന് നോക്കി.. എല്ലാവരുടെയും മുഖത്ത് അവനോടുള്ള വെറുപ്പ് മാത്രമേ കാണാൻ കഴിഞ്ഞുള്ളു അവന്… അവൻ തലയും കുമ്പിട്ട് തിരിഞ്ഞു നടക്കാൻ പോയി…
ഒന്നുനിന്നേ… അഭി അവനെ വിളിച്ചിട്ട് അവന്റെ മുന്നിലേക്ക് പോയി..അടുത്തനിമിഷം അഭിയുടെ മുഷ്ടി അവന്റെ കവിളിൽ ആഞ്ഞു പതിച്ചു…
ഇതെങ്കിലും നിനക്ക് തന്നില്ലെങ്കിൽ ഞാൻ ഭർത്താവും ആങ്ങളയും ഒക്കെ ആണെന്ന് പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ… ഇനിയൊരിക്കലും തമ്മിൽ കാണാൻ ഇടവരാതെ ഇരിക്കട്ടെ.. അഭി അവന്റെ കണ്ണിൽ നോക്കി പറഞ്ഞിട്ട് ഉള്ളിലേക്ക് പോയി… ജിത്തു ഒന്നും മിണ്ടാതെ കുറച്ചുനേരം അവിടെ തന്നെ നിന്നു.. പിന്നെ പതിയെ പുറത്തേക്ക് നടന്നു… അപ്പോൾ അവന്റെ ഉള്ളിൽ താൻ ഇത്രയും നാളും ചെയ്തതും പറഞ്ഞതും ഒക്കെ ആലോചിച്ചിട്ട് കുറ്റബോധം ആയിരുന്നു… ഒരിക്കലും തിരുത്താൻ കഴിയാത്ത തെറ്റുകൾ ചെയ്തിട്ട് പശ്ചാത്തപിച്ചിട്ട് എന്ത് കാര്യം…
അവി… നീ എങ്ങനെ അവിടെ കറക്റ്റ് സമയത്തെത്തി… ബാക്കി എല്ലാവരും ഉള്ളിലേക്ക് പോയപ്പോൾ അഭി അവിനാശിനോട് ചോദിച്ചു.. അഭിയും വിച്ചുവും പിയയും അവിയും കൂടി പുറത്ത് തന്നെ നിൽപ്പായിരുന്നു..ഡാഡി ഫോണിലൂടെ സംസാരിക്കുന്നത് കേട്ടപ്പോൾ ആണ് ഞാൻ എല്ലാം അറിഞ്ഞത്.. അപ്പോഴേക്കും സമയം വൈകിയിരുന്നു.. നിങ്ങളെ അറിയിക്കാനുള്ള സമയം ഉണ്ടായിരുന്നില്ല. അതാ ഞാൻ വേഗം ഡാഡി പറഞ്ഞുകേട്ട സ്പോട്ടിൽ എത്തിയത്.. ഞാൻ അവിടെ എത്തി നോക്കുമ്പോൾ കാണുന്നത് അയാൾക്കെതിരെ വരുന്ന കാർ ആണ്… അയാളെ അതിന്റെ മുന്നിൽ നിന്ന് വലിച്ചുമാറ്റുമ്പോഴും എനിക്കറിയില്ലായിരുന്നു എങ്ങനെ ഞാൻ ഓടി അവിടെ എത്തി എന്ന്…
അവി.. ഇനിയെന്താണ് ഞങ്ങൾ ചെയ്യേണ്ടത്… തന്റെ ഉറപ്പിന്റെ പുറത്താണ് അന്ന് തന്റെ ഡാഡിയെ എല്ലാത്തിൽ നിന്നും ഒഴുവാക്കി വിട്ടത്.. പക്ഷേ ഇതിപ്പോ ഇങ്ങനെ പിന്നാലെ നടന്ന് ഉപദ്രവിക്കുക എന്നൊക്കെ പറഞ്ഞാൽ… ഇന്ന് തന്നെ താൻ അവിടെ എത്താൻ അല്പം വൈകിയിരുന്നെങ്കിൽ എന്തായേനെ… പിയ ഗൗരവത്തോടെ ചോദിച്ചു…
നിങ്ങൾക്ക് എന്തും ചെയ്യാം പിയ.. ഞാൻ ഇനി ഒന്നിനും തടസ്സം പറയുന്നില്ല.. ഡാഡിക്കെതിരെ എന്ത് ആക്ഷൻ വേണമെങ്കിലും എടുക്കാം.. അയാൾക്ക് വേണ്ടി ഇനിയും ഒരു അപേക്ഷയുമായി ഞാൻ വരില്ല നിങ്ങളുടെ മുന്നിൽ…അവി പറഞ്ഞു…മ്മ്.. അതിന് പിയ ആലോചനയോടെ ഒന്നുമൂളി…. പിന്നെ അവരും ഉള്ളിലേക്ക് പോയി…
…………….
5 മാസങ്ങൾ പെട്ടന്ന് കടന്നുപോയി… പിയ ഇപ്പോൾ ഏഴ് മാസം ഗർഭിണി ആണ്… നാളെയാണ് പിയയുടെ പ്രസവത്തിനു കൂട്ടിക്കൊണ്ടുപോകൽ ചടങ്ങ്.. ഇന്ന് അഭിയുടെ എല്ലാവരുടെയും ചർച്ചവിഷയമായ ഒരു കേസിന്റെ വിധി പറച്ചിൽ ആണ്… എത്രയൊക്കെ കേസ് വാദിച്ചാലും ഓരോ കേസിന്റെയും വിധി പറയുന്ന ദിവസം അഭിക്ക് ഒരു ടെൻഷൻ ആണ്… അതെന്തിനാണെന്ന് അവന് തന്നെ അറിയില്ല… കാലത്ത് തന്നെ കോർട്ടിൽ പോകാനുള്ള തത്രപാടുകളിൽ ആണ് അവൻ… പിയ അവന്റെ കാട്ടിക്കൂട്ടലുകൾ കണ്ട് ബെഡിൽ ഇരിക്കുന്നുണ്ട്….ശ്രീ… ആമിയും വിച്ചുവും എപ്പോഴാ വരുന്നത്…റെഡി ആകുന്നതിന് ഇടയിൽ അഭി ചോദിച്ചു…
ഇന്ന് വൈകീട്ട് വരും എന്നാ പറഞ്ഞത്… ആമി രണ്ടാഴ്ച ലീവ് ആണെന്നാ പറഞ്ഞത്.. അതുകഴിഞ്ഞാൽ ഇവിടത്തെ ബ്രാഞ്ചിൽ ജോയിൻ ചെയ്താൽ മതിയാവും….നന്നായി.. എത്രയെന്നു വച്ചാ രണ്ടെണ്ണവും ഇങ്ങനെ രണ്ട് സ്ഥലത്തായി നിൽക്കുന്നത്.. വിച്ചുവിന്റെ ഓഫീസ് ഇവിടെയും അവളുടെ ജോലി അങ്ങ് കൊച്ചിയിലും.. ഈ ആഴ്ചയിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടി വയ്യാണ്ടായി എന്ന് വിച്ചു പറഞ്ഞേ ഉള്ളൂ.. അപ്പോഴേക്കും ട്രാൻസ്ഫർ ശരിയായി…അയ്യടാ.. അത് ചുമ്മാ റെഡി ആയതൊന്നുമല്ല ഞാൻ എന്റെ ഡൽഹി കണക്ഷൻ ഉപയോഗിച്ചിട്ടാ റെഡി ആക്കിയത്… പിയ കൂർത്ത മുഖത്തോടെ പറഞ്ഞു…
പിയയുടെ ശബ്ദത്തിലെ പരിഭവം കേട്ടപ്പോൾ അഭി കണ്ണാടിയിലൂടെ അവളെ ഒന്ന് നോക്കി.. അവളുടെ വീർത്ത മുഖം കണ്ടപ്പോൾ അവന് ചിരി വന്നു.. പ്രെഗ്നന്റ് ആയതിന് ശേഷം കുട്ടികളുടെ സ്വഭാവം ആണ് അവൾക്ക്.. ഒന്നുപറഞ്ഞു രണ്ടിനുപിണങ്ങും.. പിന്നെ അഭി പിന്നാലെ നടക്കണം ഒന്ന് ഇണക്കി എടുക്കാൻ.. അഭി ഇടക്ക് പണ്ടത്തെ പിയയേയും ഇപ്പോഴത്തെ പിയയേയും ഒന്ന് താരതമ്യപ്പെടുത്തി നോക്കും.. അവന് തന്നെ വിശ്വസിക്കാൻ പറ്റില്ല ഇപ്പോഴത്തെ പിയയുടെ സ്വഭാവം അത്രക്ക് മാറ്റം ആണ്.. പിയയെ അറിയുന്ന എല്ലാവർക്കും ഞെട്ടൽ ആണ് അവളുടെ ഇപ്പോഴത്തെ സ്വഭാവം.. അത്രക്ക് കുട്ടിക്കളി ആണ് ഇപ്പൊ… വാശിയും ദേഷ്യവും കുറുമ്പും പിണക്കവും ഒക്കെ ആയി.. ഒന്ന് പ്രെഗ്നന്റ് ആയാൽ ഇത്രയൊക്കെ മാറ്റം വരുമോ എന്നാണ് നവിയുടെ ഒക്കെ സംശയം…
വാവേ.. ദേ അമ്മ പിന്നെയും പിണങ്ങി ട്ടോ… അഭി പിയയുടെ അടുത്ത് വന്നിരുന്ന് അവളുടെ വയറിൽ തൊട്ടുകൊണ്ട് പറഞ്ഞു…അത് അമ്മയുടെ കഷ്ടപ്പാട്നിന്റെഅച്ഛൻമനസിലാക്കാത്തതുകൊണ്ടല്ലേ.പിയയും തന്റെ വയറിൽ ഉഴിഞ്ഞുകൊണ്ട് പറഞ്ഞു…
അച്ഛൻ മനസിലാക്കുന്നുണ്ട് വാവേ.. നിന്റെ അമ്മ അവളുടെ ഡൽഹി കണക്ഷൻ സ്പെഷ്യലി രുദ്രേട്ടൻ വഴിയാണ് നിന്റെ അപ്പയുടെ മാറ്റം റെഡി ആക്കിയത് എന്ന്… അഭി ഒരു ചിരിയോടെ അവളുടെ വയറിൽ ഒന്ന് മുത്തികൊണ്ട് പറഞ്ഞു..ഹീ.. രുദ്രേട്ടൻ വിളിച്ചിരുന്നു ല്ലേ… അവൾ ഒരിളിഞ്ഞ ചിരിയോടെ ചോദിച്ചു…മ്മ്… അവളുടെ ഇളി കണ്ട് പൊട്ടിവന്ന ചിരി കടിച്ചു പിടിച്ചുകൊണ്ട് അഭി ഒന്ന് മൂളി..
നന്ദന്റെ ടെൻഷൻ കുറഞ്ഞോ… പിയ അവന്റെ മുഖത്തെ ചിരി കണ്ടപ്പോൾ ചോദിച്ചു….ടെൻഷൻ ഒന്നുമില്ലെടാ… വിധി അറിയാനുള്ള ഒരു ആകാംഷ അത്രയേ ഉള്ളൂ… എങ്കിൽ ഞാൻ പോട്ടെ… വിധി വന്നാൽ വിളിച്ചു പറയാം..അതെന്തിനാ.. ഇന്നത്തെ ചർച്ചവിഷയം മുഴുവൻ അതല്ലേ… പിയ പറഞ്ഞു…
ഓഹ് ശരി.. ഞാൻ ഇറങ്ങട്ടെ… അവൻ അവളുടെ നെറ്റിയിലും വീർത്തുന്തിയ വയറിലും ഒന്ന് മുത്തികൊണ്ട് പുറത്തേക്ക് പോയി… പിയയും പതിയെ എഴുന്നേറ്റ് ടിവിയുടെ മുന്നിലേക്ക് പോയി…
ഈ അഞ്ചു മാസങ്ങൾക്കിടയിൽ ഒരുപാട് കാര്യങ്ങൾ സംഭവിച്ചു.. ആമിയുടെയും വിച്ചുവിന്റെയും കല്യാണം പറഞ്ഞ ദിവസം തന്നെ കഴിഞ്ഞു.. ആമിക്ക് നാഷണലൈസ്ഡ് ബാങ്കിൽ po ആയി ജോലി കിട്ടി.. കൊച്ചിയിൽ.. എന്നും വന്നുപോകാൻ പറ്റിയ ദൂരം അല്ലാത്തതുകൊണ്ട് അവിടെ ഹോസ്റ്റലിൽ ആണ് നിൽപ്പ്.. ആഴ്ചയിൽ വിച്ചു അങ്ങോട്ടോ ആമി ഇങ്ങോട്ടോ വരും…ധർമപാലനെതിരെ പിയയുടെ കൈയിൽ ഉള്ള തെളിവുകൾ മുഴുവൻ അവളുടെ ചാനൽ വഴി ലോകത്തെ അറിയിച്ചു അവൾ.. കേസും വിചാരണയും ഒക്കെ ആയി ഇപ്പൊ 5 കൊല്ലത്തെ ജയിൽ ശിക്ഷയിൽ ആണ് അയാള്.. അയാളുടെ പ്രിയപ്പെട്ട മകൻ അയാളെ വെറുപ്പോടെ നോക്കിയതാണ് ജയിൽ ശിക്ഷയെക്കാളും അയാളെ ശിക്ഷിച്ചത്.. ഇന്നത്തെ വരെ അവി പിന്നെ അയാളെ കാണാൻ കൂട്ടാക്കിയിട്ടില്ല…
എല്ലാവരും പ്രതീക്ഷിച്ചപോലെ തന്നെ ആ കേസിലും അഭി തന്നെ ആണ് വിജയിച്ചത്… പ്രതികൾക്ക് തക്കതായശിക്ഷലഭിക്കുകയുംചെയ്യ്തു…പിറ്റേന്നത്തെ ന്യൂസ് പേപ്പറുകളിൽ മുഴുവൻ അഭിയുടെ ഫോട്ടോയുടെ ഒപ്പം അവനെ പ്രശംസിച്ചിട്ടുള്ള വാർത്തകൾ ആയിരുന്നു….പിയയുടെ ഏഴാം മാസ ചടങ്ങിന് എല്ലാവരും എത്തി ചേർന്നിരുന്നു… ആമിയും നിധിയും കാത്തുവും പിയയുടെ ഇടവും വലവും ഉണ്ടായി… നിധിയോടുള്ള പിയയുടെ അകൽച്ച എല്ലാം മാറി. ഇപ്പൊ ആമിയെ പോലെ തന്നെ പ്രിയപെട്ടവൾ ആണ് പിയക്ക് നിധിയും.. പക്ഷേ അഭിക്ക് ഇപ്പോഴും അവളോട് ചെറിയ ഒരു അകൽച്ച ഉണ്ട്… അവൾക്കതിൽ നല്ല വിഷമം ഉണ്ടെങ്കിലും തന്റെ കർമഫലം ആണെന്ന് അവൾക്കറിയാം…അല്ല.. നമ്മുടെ ഇണക്കുരുവികൾ എവിടെ.. വിച്ചു ചുറ്റും നോക്കികൊണ്ട് ചോദിച്ചു…
ഞങ്ങൾ ഇവിടെ ഉണ്ട്.. സോറി ഗയ്സ് ഇത്തിരി വൈകിപ്പോയി… അങ്ങോട്ട് വന്ന അവിയും ആദിയും പറഞ്ഞു.. അന്നത്തെ ആ സംഭവത്തിന് ശേഷം അവിയും ആദിയും തമ്മിൽ നല്ലൊരു സൗഹൃദം രൂപപ്പെട്ടിരുന്നു.. ജിത്തുവും ആയിട്ടുള്ള കേസും കാര്യങ്ങളും ഒക്കെ നടക്കുമ്പോൾ ആദിക്ക് ഒരു സപ്പോർട്ട് അവി ആയിരുന്നു.. ഇപ്പോഴും ജിത്തുവും ആയിട്ടുള്ള ഡിവോഴ്സ് കഴിഞ്ഞിട്ടില്ല.. പക്ഷേ രണ്ട് മാസത്തിൽ അതിന്റെ വിധി വരും… അവിയാണ് തന്റെ ഉള്ളിൽ തോന്നിയ ഇഷ്ടം ആദ്യം തുറന്ന് പറഞ്ഞത്… ആദി ആദ്യം ഒന്നും സമ്മതിച്ചില്ല.. ഈ അടുത്താണ് അവളും ഓക്കേ പറഞ്ഞത്.. പക്ഷേ അവൾ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.. പഴയ ബന്ധത്തിന്റെ എല്ലാ വിഴുപ്പും മനസ്സിൽ നിന്നും ജീവിതത്തിൽ നിന്നും കളഞ്ഞിട്ടേ അവന്റെ ജീവിതത്തിലേക്ക് കടക്കൂ എന്ന്…എല്ലാവരും എത്തിയില്ലേ… എങ്കിൽ ഒരു ഫാമിലി ഫോട്ടോ ആയാലോ.. പപ്പൻ ചോദിച്ചു…
ഒക്കെ… എല്ലാവരും അതോടെ ഫോട്ടോക്ക് പോസ് ചെയ്യ്തു… ഫോട്ടോഗ്രാഫർ ആ വലിയ ഫാമിലിയുടെ ഫോട്ടോ ഒരു ചിരിയോടെ ക്ലിക്ക് ചെയ്യ്തു.. എല്ലാവരുടെയും മുഖത്ത് നിറഞ്ഞ ചിരി ആയിരുന്നു. പിയയുടെയും അഭിയുടെയും കൈകൾ പിയയുടെ വയറിൽ തങ്ങളുടെ കുഞ്ഞിനെ തൊട്ടുകൊണ്ട് ഉണ്ടായിരുന്നു അപ്പോഴും…അവിടെ ടീപ്പോയിൽ ആയി അഭിയുടെ മുഖവും കേസ് ജയിച്ച തലകെട്ടും ഉള്ള പത്രത്തിന്റെ ഉൾപ്പേജുകളിൽ ഒന്നിൽ ട്രെയിൻ തട്ടിമരിച്ച ഏതോ അജ്ഞതന്റെ വാർത്ത ഉണ്ടായിരുന്നു… അതിലെ ഫോട്ടോക്ക് ജിത്തുവിന്റെ മുഖഛായ ആയിരുന്നു….
അവസാനിച്ചു………..
കുറിപ്പ് :-
അങ്ങനെ ശ്രീനന്ദനം അവസാനിച്ചു പിള്ളേരെ.. ഇനിയും വെറുതെ വലിച്ചു നീട്ടി ബോർ ആക്കുന്നില്ല….Thank you so much for your support… എല്ലാവരും നിറയെ കമന്റ്സ് തരണേ… അടുത്ത കഥയുമായി സന്ധിക്കുംവരെക്കും വണക്കം🙏🏻🙏🏻🙏🏻🙏🏻

by