25/04/2026

നിയതി :ഭാഗം 54

രചന : കണ്ണൻ്റെ മാത്രം

ജോയും നിധിയും അമന്റെ റൂമിൽ എത്തുമ്പോൾ അവൻ നല്ല മയക്കത്തിൽ ആയിരുന്നു…
മക്കളെ കാണണം എന്നും പറഞ്ഞ് കാത്തിരുന്നതാ…  മയങ്ങിപ്പോയി… നല്ല വേദന ഉണ്ട് മോളെ ഇപ്പോഴും… മരുന്നിന്റെ എഫക്ട് മാറുമ്പോൾ എന്റെ കുഞ്ഞിന്റെ ബുദ്ധിമുട്ട് സഹിക്കാൻ പറ്റില്ല… ശോഭ കരച്ചിലോടെ പറഞ്ഞു…നിധിക്ക് അവരുടെ കോലം കണ്ടപ്പോൾ സഹതാപം തോന്നി… പൊന്നിലും പട്ടിലും പൊതിഞ്ഞ് നടന്നിരുന്നവർ ഇപ്പൊ ഒരു കോട്ടൺ സാരി ഉടുത്ത് അഴിഞ്ഞുലഞ്ഞ മുടിയിൽ വിളറി വെളുത്ത് ആകെ വല്ലാത്ത ഒരു രൂപം… അവളുടെ കണ്ണുകൾ അമനിൽ എത്തിയപ്പോൾ അവളുടെ കണ്ണിൽ നിറഞ്ഞു നിന്ന അനുകമ്പ മാറി അവിടെ പുച്ഛം നിറഞ്ഞു.. ആരുടെ ഉപദേശപ്രകാരം ആണെങ്കിലും ഒരുപാട് പേരുടെ ജീവിതം നശിപ്പിച്ചവൻ ആണ്… അനുകമ്പയോ സഹാനുഭൂതിയോ അവൻ അർഹിക്കുന്നില്ല… അവൾ ചിന്തിച്ചു… ബ്രഹ്മദത്തന്റെ ശബ്ദമാണ് അവളെ ചിന്തകളിൽ നിന്നും പുറത്ത് കൊണ്ടുവന്നത്…

ആ നിങ്ങൾ എത്തിയോ… ഞാൻ അവനെ വിളിക്കാം… റൂമിലേക്ക് കയറി വന്ന ബ്രഹ്മദത്തൻ അതും പറഞ്ഞുകൊണ്ട് അമനെ പതിയെ തട്ടിവിളിച്ചു…വളരെ ബുദ്ധിമുട്ടിയാണ് അവൻ കണ്ണുകൾ തുറന്നത്.. മരുന്നിന്റെ സെടേഷനിൽ ആയിരുന്നു അവൻ.. അവന്റെ മുഖം വേദനയാൽ ചുരുങ്ങി.. വേദനയുമായി ഒന്ന് സെറ്റ് ആയതും അവൻ ചുറ്റും നോക്കി.. അപ്പോഴാണ് അവിടെ നിൽക്കുന്ന നിധിയേയും ജോയേയും അവൻ കണ്ടത്.. അവരെ നോക്കി ചിരിക്കാൻ ശ്രമിച്ചു അവൻ…എന്തിനാ താൻ കാണണം എന്ന് പറഞ്ഞത്… നിധി വളച്ചു കെട്ടില്ലാതെ ചോദിച്ചു… അവളുടെ താൽപ്പര്യമില്ലായ്മ അവളുടെ മുഖത്തുനിന്നും വായിച്ചെടുക്കാം.. ജോ ഒന്നും മിണ്ടാതെ അവനെ വീക്ഷിച്ചതേ ഉള്ളൂ..

തനിക്ക് എന്നോട് ദേഷ്യമാണെന്ന് എനിക്കറിയാം.. ഞാൻ ചെയ്യ്തത് മുഴുവൻ തെറ്റുകൾ ആണെന്നും അറിയാം.. പക്ഷേ ഞാൻ ഒന്നിനും ക്ഷമ ചോദിക്കില്ല.. എന്നെ സംബന്ധിച്ച് ഞാൻ ചെയ്യ്തത് മുഴുവൻ എന്റെ ശരികൾ ആയിരുന്നു.. ഞാനും കൂടി കഷ്ടപെട്ടാണ് ഞങ്ങളുടെ ബിസിനസ്‌ ഇത്രയും ഉയരത്തിൽ എത്തിയത്.. അപ്പൊ അതിനൊക്കെ മറ്റൊരു അവകാശി ഉണ്ടെന്ന് അറിയുമ്പോൾ എങ്ങനെയും അയാളെ കൂടെ കൂട്ടണം എന്നല്ലേ ആരായാലും കരുതുകയുള്ളൂ… അതേ ഞാനും കരുതിയുള്ളൂ.. തന്നെ കല്യാണം കഴിക്കുന്നതിലൂടെ ആ സ്വത്തുക്കൾ മുഴുവൻ ഞങ്ങളിൽ തന്നെ ഒതുങ്ങുമല്ലോ എന്ന്.. അതിനാണ് അന്ന് അങ്ങനെ ഒക്കെ പെരുമാറിയത്… അമൻ പറഞ്ഞത് കേട്ടപ്പോൾ ബ്രഹ്മനും ശോഭനയും ആകെ ഞെട്ടി.. അവർക്ക് അറിയില്ലായിരുന്നു ഈ സ്വത്തുക്കൾ മുഴുവൻ നിധിയുടെ പേരിൽ ആണെന്ന്..

മോനേ.. എന്താ നീ പറഞ്ഞതിന്റെ അർത്ഥം… ബ്രഹ്മൻ ചോദിച്ചു..സത്യമാണ് അച്ഛാ.. നമ്മുടെ സ്വത്തുക്കളിൽ 75% അവകാശം നിധിയുടെ അമ്മയുടെ പേരിൽ വലിയ മുത്തശ്ശൻ എഴുതി വച്ചിട്ടുണ്ട്.. ഇപ്പൊ അതിനെല്ലാം അവകാശി നിധിയാണ്… അതാണ് അന്ന് നിധിയുടെ അച്ഛയെ കാണാൻ ഞാൻ അച്ഛനെയും കൂട്ടിപ്പോയത്…
പക്ഷേ അന്ന് നീ പറഞ്ഞത്…..എന്നോട് മുത്തശ്ശൻ പറഞ്ഞിരുന്നു ഇപ്പൊ നിങ്ങളോട് ഒന്നും പറയണ്ട എന്ന്… മുത്തശ്ശന് സ്വത്തുക്കൾ പങ്കുവച്ചു പോകുന്നതുകൊണ്ട് കുഴപ്പമില്ല എന്നാണ് ഞാൻ കരുതിയത്.. അതാ അന്ന് നിധിയുടെ അച്ഛനെയും അമ്മയെയും കാണാൻ പോകുന്ന കാര്യം അയാളോട് ഇപ്പൊ പറയണ്ട എന്ന് ഞാൻ അച്ഛനോട് പറഞ്ഞത്… ബ്രഹ്മനെ പറഞ്ഞു മുഴുവനാക്കാൻ സമ്മതിക്കാതെ അമൻ പറഞ്ഞു…

തന്റെ ഭാഗത്ത്‌ നിന്ന് ഒരു ക്ഷമ പറച്ചിൽ ഞാൻ ആഗ്രഹിക്കുന്നില്ല… ഇനി അങ്ങനെ ഒന്ന് ഉണ്ടായാലും എന്നോട് തെറ്റുചെയ്തവരോട് ഞാൻ ക്ഷമിക്കും എന്ന് ആരും കരുതരുത്… നിങ്ങളെ ഇപ്പോൾ സഹായിക്കുന്നുണ്ടെങ്കിൽ അതൊരു മാനുഷിക പരിഗണന മാത്രം ആണ്…. അതെന്തെങ്കിലും ആകട്ടെ…  എനിക്ക് അറിയേണ്ടത് ഇപ്പൊ ഇങ്ങനെ ഒരു കുമ്പസാരം നടത്തിയതിന്റെ ആവശ്യം ആണ്…എന്തെങ്കിലും ഒരു കാര്യം ഇല്ലാതെ ഇപ്പൊ ഇങ്ങനെ ഒരു തുറന്ന് പറച്ചിലിന്റെ ആവശ്യം ഇല്ലല്ലോ… നിധി നിർവികരതയോടെ ചോദിച്ചു….
അത്…. ഞാൻ പറയാൻ പോകുന്നത് താൻ വിശ്വസിക്കുമോ എന്ന് എനിക്കറിയില്ല… മുത്തശ്ശൻ ആണ് തന്റെ അമ്മയെയും അച്ഛനെയും ഇല്ലാതെയാക്കിയത്… തന്റെയും ജോഷ്വയുടെയും മരണവും അയാൾ പ്ലാൻ ചെയ്തിരുന്നു…

എന്താ… നിധി ഞെട്ടലോടെ ചോദിച്ചു.. ജോയും അമന്റെ സംസാരത്തിൽ ഞെട്ടിനിൽപ്പായിരുന്നു… നിധിയുടെ അച്ഛന്റെയും അമ്മയുടെയും മരണത്തിൽ ഇനി അമനും ബന്ധമുണ്ടോ എന്ന് അവർ സംശയിച്ചു…സത്യമാണ് ഞാൻ പറഞ്ഞത്… എനിക്ക് ഈ ആക്‌സിഡന്റ് പറ്റുന്നതിന്റെ രണ്ടു ദിവസം മുൻപ് അയാൾ മനുവിനോട് സംസാരിക്കുന്നത് കേട്ടതാണ് ഞാൻ… ഞാൻ ഇതിനെക്കുറിച്ച് അയാളോട് ചോദിക്കേം ചെയ്യ്തു… അതിന്റെ പകരം വീട്ടിയതാവും അയാൾ ഈ ആക്‌സിഡന്റ് വഴി…. അമൻ ഉറപ്പോടെ പറഞ്ഞു….

നീ അയാളോട് അതിനെക്കുറിച്ച് ചോദിച്ചെങ്കിൽ ഉറപ്പിച്ചോ മോനേ നിന്റെ ഈ ആക്സിഡന്റിന് പിന്നിൽ അയാൾ തന്നെയാണ്.. സ്വന്തം മകളെയും കുടുംബത്തെയും ഇല്ലാതെയാക്കിയവന് ഇതല്ല ഇതിനപ്പുറം കഴിയും… ചാരു നേരത്തേ ഇത് പറഞ്ഞപ്പോഴും എനിക്ക് പൂർണമായി വിശ്വാസമുണ്ടായില്ല.. പക്ഷേ ഇപ്പൊ ഉറപ്പായി… നീ ജീവനോടെ ഉണ്ടെന്ന് അറിഞ്ഞകാരണം ആകും അയാൾ മുങ്ങിയത്.. നീ പറഞ്ഞ് സത്യങ്ങൾ എല്ലാവരും അറിയും എന്ന് അയാൾക്കറിയാം.. ദുഷ്ടജന്മം… ബ്രഹ്മൻ ദേഷ്യത്തോടെയും വെറുപ്പോടെയും പറഞ്ഞു..ഇത് പറയാൻ ആണോ എന്നെ കാണണം എന്ന് പറഞ്ഞത്…. നിധി അവർ പറഞ്ഞതിൽ ഒന്നും താൽപ്പര്യമില്ലാത്ത പോലെ ചോദിച്ചു….എടോ തനിക്ക് ഞാൻ പറഞ്ഞതൊന്നും വിശ്വാസമായില്ല എന്ന് എനിക്കറിയാം… പക്ഷേ ഇതെല്ലാം സത്യമാണ്… താനും ജോഷ്വയും ശ്രദ്ധിക്കണം… എവിടെയെങ്കിലും പതുങ്ങിയിരുന്ന് അയാൾ നിങ്ങളുടെ അവസാനം പ്ലാൻ ചെയ്യുന്നുണ്ടാവും…. അമൻ താൻ പറഞ്ഞതൊന്നും അവർ വിശ്വസിച്ചില്ല എന്ന് കരുതി ഒന്നുകൂടി ഉറപ്പിച്ചു പറഞ്ഞു…

മ്മ്… ഇനിയെന്തെങ്കിലും ഉണ്ടോ പറയാൻ… നിധി ചോദിച്ചു..താൻ ഇത്രയൊക്കെ പറഞ്ഞിട്ടും അവളുടെ മുഖത്ത് കാണുന്ന നിസ്സംഗത അവനെ ചൊടിപ്പിച്ചു… പക്ഷേ ആവശ്യം തന്റേത് ആയതുകൊണ്ട് മാത്രം അവൻ ദേഷ്യം കടിച്ചുപ്പിടിച്ചു… പിന്നെ പറഞ്ഞു..
നമ്മുടെ ബിസിനസ്‌.. എന്റെ ഈ ഒരവസ്ഥയിൽ എനിക്ക് ഒന്നും ശ്രദ്ധിക്കാൻ കഴിഞ്ഞു എന്ന് വരില്ല… അയാനെക്കൊണ്ടോ ഇവരെക്കൊണ്ടോ ഒറ്റക്ക് അത് മുന്നോട്ട് കൊണ്ടുപോകാൻ പറ്റില്ല… തന്റെ അവസ്ഥ അവന്റെ ഉള്ള് പൊള്ളിക്കുന്നുണ്ടെങ്കിലും അവന്റെയും കൂടി വിയർപ്പായ ആ ബിസിനസ്‌ തകരുന്നത് അവന് കാണാൻ കഴിയില്ല..

എനിക്ക് അവകാശപ്പെട്ട ഒന്നും നശിച്ചുപോകുന്നത് എനിക്ക് ഇഷ്ടമല്ല.. അതുകൊണ്ട് അതിനെക്കുറിച്ച് ആലോചിച്ച് താൻ ടെൻഷൻ ആവണ്ട… ഞാനും ഇച്ചായനും കൂടി ശ്രദ്ധിച്ചോളാം അത്… ഇനിയൊന്നും ഇല്ലല്ലോ പറയാൻ.. ഇത്തിരി തിരക്കുണ്ട്… അതും പറഞ്ഞ് അവൾ പുറത്തേക്ക് പോയി.. എല്ലാവരെയും ഒന്ന് നോക്കികൊണ്ട്‌ ജോയും….എന്തൊരു അഹങ്കാരിയാ ആ പെണ്ണ്… എന്റെ മോൻ ഇത്രേം കാര്യമായിട്ട് പറഞ്ഞിട്ട് പോലും എന്തെങ്കിലും വില കൊടുക്കുന്നുണ്ടോ എന്ന് നോക്കിയേ…. ശോഭന അമർഷത്തോടെ പറഞ്ഞു..നീ ഒന്ന് മിണ്ടാതെ നിൽക്ക് ശോഭേ… ഇവൻ പറഞ്ഞതൊക്കെ സത്യമാണെങ്കിൽ അവളുടെ ഔദാര്യത്തിൽ ആവും നമ്മുടെ ഇനിയുള്ള ജീവിതം… 75% എന്ന് പറഞ്ഞാൽ ഒട്ടുമുക്കാൽ എല്ലാത്തിനും അവൾ തന്നെ അല്ലേ കൂടുതൽ അവകാശി… എന്നാലും മുത്തശ്ശൻ ഇങ്ങനെ ഒരു ചതി നമ്മളോട് ചെയ്തില്ലേ.. നീയോ അച്ഛനോ ഒരു വാക്ക് പോലും മിണ്ടിയില്ല… അന്ന് നിന്റെ കൂടെ റാമിനെ കാണാൻ വരുമ്പോഴും എന്തോ കുറച്ചു സ്വത്ത്‌ എന്നല്ലേ നീ പറഞ്ഞത്… ഇത്രേം അധികം അവളുടെ പേരിൽ ഉണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ…

അറിഞ്ഞിരുന്നെങ്കിൽ എന്താ ഒന്നും ചെയ്യാൻ ഇല്ലാ.. ഞാൻ അല്ലാ അച്ഛനായിരുന്നു അന്ന് ആദ്യം  അയാളുടെ നേരെ ശബ്ദം ഉയർത്തിയത്.. അയാൾ അച്ഛന് നേരെ തിരിഞ്ഞപ്പോൾ ആണ് ഞാൻ അയാളുടെ കോളറിൽ കേറിപ്പിടിച്ചതും വഴക്കിട്ടതും…
എടാ.. അതുപിന്നെ..നിങ്ങൾ ഇങ്ങനെ കഴിഞ്ഞ കാര്യങ്ങൾ പറഞ്ഞ് അങ്ങോട്ടും ഇങ്ങോട്ടും പഴി ചാരാതെ ഇനി എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന് ചിന്തിക്ക്… ശോഭ രണ്ടാളോടുമായി പറഞ്ഞു…

ഒന്നുമില്ല ചെയ്യാൻ… ഇനി അവളുടെ കരുണയിൽ ജീവിക്കുക തന്നെ.. അവളിപ്പോ ഒരു സാധാരണക്കാരി അല്ലാ.. ഒരു ജില്ലാ കളക്ടർ ആണ്.. പിന്നെ ആ ജോഷ്വായുടെ സപ്പോർട്ടും ഉണ്ട്.. അവളുടെ രോമത്തിൽ പോലും തൊടാൻ കഴിയില്ല നമുക്ക്.. ബ്രഹ്മൻ നിരാശയോടെ പറഞ്ഞു… അമനും അത് ശരി വക്കുന്നതുപോലെ മൗനമായിഇരുന്നതേഉള്ളൂ…………………….നിധി…. എന്താ നീ ഇത്ര ആലോചിക്കുന്നത്… എന്തോ ആലോചിച്ചുകൊണ്ട് നടക്കുന്ന നിധിയെ നോക്കി ജോ ചോദിച്ചു…മനുഷ്യർ എത്ര സ്വാർത്ഥന്മാർ ആണെന്ന് ചിന്തിക്കുകയായിരുന്നു ഞാൻ..എന്താ….

ഇന്നത്തെ അമന്റെ കുമ്പസാരം… ഇച്ചായന് തോന്നുന്നുണ്ടോ ഇങ്ങനെ ഒരു സിറ്റുവേഷൻ അല്ലായിരുന്നെങ്കിൽ അമൻ എന്തെങ്കിലും പറയും നമ്മളോട് എന്ന്… അയാൾ ഇപ്പോഴും അവരുടെ കൂടെ ഉണ്ടായിരുന്നു എന്നും അമന് ഇങ്ങനെ ഒരു ആക്‌സിഡന്റ് സംഭവിച്ചില്ലായിരുന്നെങ്കിൽ നമ്മളെ ഇല്ലാതെയാക്കാൻ അവൻ അയാൾക്കൊപ്പം നിൽക്കില്ലായിരുന്നോ…  ഇപ്പൊ അയാളോടുള്ള ദേഷ്യത്തിലും പിന്നെ ബിസിനസ്‌ അവന് നടത്തിക്കൊണ്ട് പോകാൻ പറ്റില്ല എന്നൊരു അവസ്ഥ ആയതുകൊണ്ടല്ലേ ഇങ്ങനെ ഒരു ഏറ്റുപറച്ചിൽ അവൻ നടത്തിയത്… സത്യത്തിൽ അവന്റെ കുമ്പസാരം കേട്ടപ്പോൾ എനിക്ക് പുച്ഛവും അവജ്ഞയും ആണ് തോന്നിയത്…

ഹാ വിടടോ… അവർ എന്തെങ്കിലും കാട്ടട്ടെ… ഒരു കാര്യത്തിൽ എനിക്ക് സന്തോഷമുണ്ട്…എന്താ ഇച്ചായാ….നീ ഇന്ന് അമന്റെ സംസാരം ശ്രദ്ധിച്ചോ.. അവർ അത്രയും വെറുത്തിട്ടുണ്ട് വീരനെ… അവരിൽ ആരും തന്നെ ഇനിയൊരിക്കലും അയാളെ തിരഞ്ഞ് ഇറങ്ങില്ല.. അത്രക്കും ദേഷ്യമാണ് എല്ലാവർക്കും ഉള്ളിൽ…. അല്ല.. അന്വേഷിച്ചിറങ്ങിയിട്ടും കാര്യമൊന്നുമില്ല.. അയാളെ ഇനിയൊരിക്കലും പുറത്തൊരാളും കാണില്ല.. ലിബിയെ വിളിച്ചിരുന്നു ഞാൻ.. നല്ല അസ്സൽ ട്രീറ്റ്മെന്റ് ആണ് രണ്ടാൾക്കും ഇന്ന് മുതൽ കിട്ടുന്നത്… ഇങ്ങനെ ആണെങ്കിൽ athikam നീണ്ടുപോകില്ല രണ്ടിന്റെയും ജീവിതം എന്ന അവൻ പറഞ്ഞത്…  ജോ ആത്മസംതൃപ്തിയോടെ പറഞ്ഞു..

ആ സമയത്താണ് നിധിയുടെ ഫോൺ ബെല്ലടിച്ചത്…. അവൾ നോക്കിയപ്പോൾ മക്കൾ ആണ്.. വീഡിയോ കാൾ.. അവൾ ജോയേയും കൂട്ടി ഒതുങ്ങിയ ഒരിടത്തേക്ക് ഇരുന്നിട്ട് കാൾ എടുത്തു…
മമ്മാ…. കാൾ എടുത്തതും രണ്ടാളും ഒരേ ശബ്ദത്തിൽ വിളിച്ചു മക്കളെ… ഇതെവിടെയാ…. നിധി വാത്സല്യത്തോടെ ചോദിച്ചു….ഞങ്ങള് മമ്മയുടെ ഫേവറൈറ്റ് സ്വീറ്റ്സ് വാങ്ങാൻ വന്നതാ നാളെ വരുമ്പോ കൊണ്ടുവരാൻ… കുഞ്ഞി ഉത്സാഹത്തോടെ പറഞ്ഞു…

ആഹാ… മമ്മക്കേ ഉള്ളൂ സ്വീറ്റ്സ്.. എനിക്കില്ലേ… ഞാൻ പിണങ്ങി ട്ടോ… ജോ മുഖം വീർപ്പിച്ചുകൊണ്ട് പറഞ്ഞു..പപ്പക്ക് ഇലയട ഉണ്ടാക്കിത്തരാൻ ഉമ്മുമ്മയോട് പറയാം ഞാൻ… ചിട്ടു പറഞ്ഞു…
അമ്പടാ.. അവന്റെ മമ്മക്ക് സ്വീറ്റ്സ് എനിക്ക് ഇലയട.. നീ കൊള്ളാലോടാ കുറുമ്പാ.. നീ തിരികെ വായോട്ടാ .. ഞാൻ ശരിയാക്കി തരുന്നുണ്ട്….. ജോ കള്ളഗൗരവത്തോടെ പറഞ്ഞു…പപ്പക്ക് ഇലയടയാ ഏറ്റവും ഇഷ്ടമെന്ന് മമ്മ എപ്പോഴും പറയാറുണ്ടല്ലോ.. അതല്ലേ ഞാൻ അങ്ങനെ പറഞ്ഞേ… ചിട്ടു വിഷമത്തോടെ പറഞ്ഞു…

പപ്പ.. ചുമ്മാ പറഞ്ഞതല്ലേ മോനേ.. പപ്പക്ക് മോന്റെ മമ്മ ഉണ്ടാക്കുന്ന ഇലയട ആണ് ഏറ്റവും ഇഷ്ടം… അത് കഴിഞ്ഞിട്ടേ വേറെ എന്തും ഉള്ളൂ… ജോ ചിട്ടുവിനെ നോക്കി കണ്ണുചിമ്മിക്കൊണ്ട് പറഞ്ഞു.. അതോടെ കുഞ്ഞിന്റെ മുഖവും തെളിഞ്ഞു…
മക്കളുടെ പാക്കിങ് ഒക്കെ കഴിഞ്ഞോ… നിധി രണ്ടാളെയും നോക്കി ചോദിച്ചു..ഉവ്വ് മമ്മ.. ഞങ്ങൾക്ക് അവിടെ എത്തിയാൽ മതി.. പപ്പയെയും മമ്മയെയും അത്രയും മിസ്സ്‌ ചെയ്യുന്നുണ്ട്.. ചിട്ടു പറഞ്ഞു…അപ്പൊ ഞങ്ങളുടെ കൂടെ നിൽക്കാൻ നിനക്ക് ഇഷ്ടമില്ല അല്ലേ.. ഞാൻ എല്ലാവരോടും പറഞ്ഞുകൊടുക്കും ഇത് നോക്കിക്കോ.. നിച്ചു അവരെ നോക്കി കണ്ണുരുട്ടിക്കാട്ടിക്കൊണ്ട് പറഞ്ഞു…

ദേ… നിച്ചുമാമ ചുമ്മാ ഇല്ലാത്തത് പറഞ്ഞാൽ ഉണ്ടല്ലോ… ചിട്ടു അവനെയും നോക്കി കണ്ണുരുട്ടി…
എന്റെ നിച്ചുക്ക നാണമില്ലേ ഇങ്ങനെ കുട്ടികളോട് തല്ലുപിടിക്കാൻ.. വയസ്സും പ്രായവുമൊക്കെ ഇത്രയും ആയില്ലേ… നിധി ഒരു അയ്യേ ഭാവത്തോടെ പറഞ്ഞു…ആർക്കാടി വയസ്സായത്.. എന്റെ പിന്നാലെ ഇപ്പോഴും പെൺകുട്ടികൾ ക്യു ആണ് അറിയോ… നിച്ചു അവളെ നോക്കി ചൊടിച്ചു…
അതേല്ലേ… ഞാൻ സാഹിയോട് പറഞ്ഞോളാം ട്ടോ…. നിധി കുസൃതി ചിരിയോടെ പറഞ്ഞു…
പൊന്നുമോളെ.. കുടുംബം കലക്കല്ലേടി… ഞാൻ ഒന്നും പറഞ്ഞിട്ടും ഇല്ലാ.. നീ ഒന്നും കേട്ടിട്ടും ഇല്ലാ…പോരെ… നിച്ചു ദയനീയമായി പറഞ്ഞു…

മ്മ്… അങ്ങനെ വഴിക്ക് വാ മോനേ നിച്ചു…
പോടീ… എവിടെ എന്റെ അളിയൻ…  എനിക്ക് അളിയനോട് സംസാരിച്ചാൽ മതി.. നീയും ആയിട്ട് ഒരു കച്ചവടവും ഇല്ലാ… അവൻ നിധിയെ നോക്കി കോക്രി കാട്ടിക്കൊണ്ട് പറഞ്ഞു.. അതിന് ഓൺ ദി സ്പോട് കുഞ്ഞിയുടെ കൈയിൽ നിന്ന് ഒന്ന് കിട്ടുകയും ചെയ്യ്തു…ഓഹ്… എന്തിനാടി കുട്ടിപിശാചേ എന്നെ തല്ലിയത്… നിച്ചു കുഞ്ഞിയെ നോക്കി കണ്ണുരുട്ടിക്കൊണ്ട് ചോദിച്ചു…
എന്തിനാ എന്റെ മമ്മയെ നോക്കി കൊഞ്ഞനം കുത്തിയത്….ഓഹ്… നിന്റെ ബോഡി ഗാർഡ്സിനെ കൊണ്ട് ഒരു രക്ഷയും ഇല്ലല്ലോ എന്റെ സുറുമി…. കുറച്ചുനേരംകൂടി പരസ്പരം തല്ലുപ്പിടിച്ചും കളിയാക്കിയും അവർ സംസാരിച്ചു.. ജോയും കൂടി കൂടിയതോടെ ഒന്നുകൂടി ഉഷാർ ആയി അവരുടെ സംസാരം… അമനോട് സംസാരിച്ചപ്പോൾ ഉള്ളിൽ നിറഞ്ഞ അസ്വസ്ഥത എല്ലാം മാറി അവിടെ സന്തോഷം നിറയുന്നത് നിധിയും ജോയും അറിഞ്ഞു…

തുടരും