രചന :കണ്ണൻ്റെമാത്രം
മമ്മാ.. പപ്പാ….അവരെയും വിളിച്ച് ഓടി വരുന്ന ചിട്ടുവിനെയും കുഞ്ഞിയേയും കണ്ടതും നിധിയുടെയും ജോയുടെയും കണ്ണുകൾ ഒന്ന് നിറഞ്ഞു.. അത്രയും മക്കളെ മിസ്സ് ചെയ്തിരുന്നു അവർ രണ്ടാളും… മക്കളുടെ സന്തോഷത്തിൽ നിന്ന് അവരും ഇവരെ രണ്ടാളെയും അത്രയും മിസ്സ് ചെയ്തിരുന്നു എന്ന് മനസിലാവും…മമ്മാ.. പപ്പാ.. ഞങ്ങൾ നിങ്ങളെ ഒരുപാട് മിസ്സ് ചെയ്തു… ഇനി ഇതുപോലെ നിങ്ങൾ ഇല്ലാതെ ഞങ്ങൾ എങ്ങോട്ടും പോകില്ല..ചിട്ടു നിധിയേയും കുഞ്ഞി ജോയേയും കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു… നിധിയും ജോയും മക്കളെ ഇറുക്കേപ്പുണർന്നു… അപ്പോഴേക്കും ഉപ്പയും ഉമ്മയും സാഹിയും ആലിയും നിച്ചുവും ഐഷുവും സയുവും എല്ലാം അവരുടെ അടുത്തേക്ക് എത്തിയിരുന്നു…. പിന്നെ അങ്ങോട്ട് ഇത്രയും നാള് കാണാതെ ഇരുന്നതിന്റെ സങ്കടം പറച്ചിൽ ആയിരുന്നു കൂട്ടത്തിൽ എല്ലാവരും ജോയെ പരിചയപ്പെടുകയും ചെയ്തു.. ഫോണിലൂടെ അവർ പരിചയപ്പെട്ടിട്ടുണ്ടെങ്കിലും നേരിട്ട് ആദ്യമായിട്ട് കാണുകയായിരുന്നില്ലേ… ഐഷുവും സയുവും വന്നപ്പോ തൊട്ട് നിധിയുടെ കൈയിൽ തൂങ്ങിയാണ് നടപ്പ്.. അവരും അവരുടെ നിധിയമ്മയെ അത്രയും മിസ്സ് ചെയ്തിരുന്നു…
ഇക്ക എന്തേ സുറുമി വരാഞ്ഞത്.. നിങ്ങളുടെ കൂടെ ഉണ്ടാവും എന്നാണല്ലോ പറഞ്ഞത് എന്നോട്… ആലി ചോദിച്ചു..കൂടെ വരാൻ നിന്നതാ ആലി.. ആ സമയത്താ ആൾക്ക് ഓഫീസിൽ നിന്ന് കാൾ വന്നത്.. എന്തോ അത്യാവശ്യം.. നമ്മൾ അവിടെ എത്തുമ്പോഴേക്കും തിരികെ എത്തും എന്ന് പറഞ്ഞിട്ടാ പോയത്…. നിധി പറഞ്ഞു..മ്മ്… എത്തിയതെന്നെ.. ഇനി രാത്രി പ്രതീക്ഷിച്ചാൽ മതി അങ്ങേരെ… എനിക്ക് അറിഞ്ഞൂടെ നിന്റെ ഇക്കയെ… ആലി ഒരു തലയാട്ടലോടെ പറഞ്ഞു..
ഇച്ചുവിന്റെ ജോലിയോടുള്ള ആത്മാർത്ഥത അറിയുന്നതുകൊണ്ട് ആരും അത് എതിർത്തില്ല…. ജോ പോയി കാർ എടുത്തിട്ട് വന്നു.. മറ്റൊരു കാറും കൊണ്ട് ജോയുടെ ഡ്രൈവറും ഉണ്ടായിരുന്നു… എല്ലാവരും ജോയുടെ കൂടെ കയറിയപ്പോൾ ലഗേജ് മുഴുവൻ മറ്റേ കാറിൽ കയറ്റിവിട്ടു…
ആൽബി ജോ വന്നില്ലല്ലോ ഈ നേരമായിട്ടും.. ഇനി വരില്ലേ…. ഗ്രേസിയമ്മ ജോയെ ആ നേരമായിട്ടും കാണാതെ വന്നതും ആൽബിയോട് ചോദിച്ചു….
അറിയില്ല… എന്നോട് ഒന്നും പറഞ്ഞില്ല… ആൽബി അലസമായി പറഞ്ഞു.. അവന് അവരുടെ നിധിയോടുള്ള പെരുമാറ്റം കണ്ടിട്ട് ദേഷ്യം തോന്നിത്തുടങ്ങിയിരുന്നു… ഓഹ്.. അവന്റെ ഭാര്യ വേണമെങ്കിൽ സമ്മതിച്ചിട്ടുണ്ടാവില്ല വരാൻ.. അതാവും വരാത്തത്.. അവർ പുച്ഛത്തോടെ പറഞ്ഞു…ദേ ഗ്രേസിയമ്മേ ചുമ്മാ ആവശ്യമില്ലാത്ത ഒന്നും പറയല്ലേ… നിങ്ങൾ ചേട്ടത്തിയോട് പെരുമാറിയത് വച്ച് അവർ ഇങ്ങനെ ഒന്നും അല്ല നിൽക്കണ്ടീരുന്നത്… അവർക്ക് വേണമെങ്കിൽ നമ്മൾ ആയിട്ട് ബന്ധം വെക്കുന്നതിൽ നിന്ന് വരെ ജോയെ തടയാമായിരുന്നു.. ചേട്ടത്തി അങ്ങനെ ഒരു കാര്യം ആവശ്യപ്പെട്ടിരുന്നെങ്കിൽ ജോ അത് ചെയ്യുമായിരുന്നു.. കാരണം അത്രയും ദ്രോഹം നമ്മുടെ ഫാമിലി അവരോട് ചെയ്യ്തിട്ടുണ്ട്.. അത് ജോക്കും അറിയാം…. എന്നിട്ടും അങ്ങനെ ഒരു കാര്യം അവർ ജോയോട് ആവശ്യപ്പെട്ടില്ല.. അത് അവരുടെ മാന്യത… ഞാനാണ് അവരുടെ സ്ഥാനത്തെങ്കിൽ ജോയെ ഇങ്ങോട്ട് അടുപ്പിച്ചേനില്ല… ആൽബി ദേഷ്യത്തോടെ അത്രയും പറഞ്ഞ് റൂമിൽ നിന്ന് പുറത്തേക്ക് പോയി…
ഓഹ്… സകലരെയും മയക്കി വച്ചിട്ടുണ്ട് ആ പെണ്ണ്.. കള്ളുകുടിച്ച് ബോധമില്ലാതെ നടക്കുമ്പോൾ വരെ എന്നോട് ഒന്നും എതിർത്ത് പറയാത്തവനായിരുന്നു.. ഇപ്പൊ കണ്ടില്ലേ അവളെ ഒന്ന് പറഞ്ഞപ്പോ അവന് പൊള്ളിയത്… അവർ പിറുപിറുത്തു… ചിലർ ഇങ്ങനെയാണ്.. എത്രയൊക്കെ അനുഭവങ്ങൾ ഉണ്ടായാലും അവരുടെ ചിന്തകൾക്ക് മാറ്റം വരില്ല.രണ്ടുദിവസങ്ങൾ പെട്ടന്ന് കടന്നുപോയി… അടുത്തടുത്ത വീടുകളിലായി നിധിയും ജോയും ഇച്ചുവിന്റെ വീട്ടുകാരും താമസം തുടങ്ങി… അതിന്റെ തിരക്കുകളിൽ ആയിരുന്നു എല്ലാവരും… മീരയെയും ശിവിനെയും നിധി എല്ലാവർക്കും പരിചയപ്പെടുത്തികൊടുത്തു.. ശിവിന്റെ സഹായത്തോടെ ചിട്ടുവും കുഞ്ഞിയും പഠിക്കുന്നിടത്തുതന്നെ സയുവിനും ഐഷുവിനും അഡ്മിഷൻ എടുത്തു.. അപ്പുവും ആയി അവർ കമ്പനി ആയി.. അഞ്ചുപേരും ഇനി ഒരുമിച്ചു ഒരുസ്ഥലത്തായിരിക്കും പഠിക്കാൻ പോകുന്നത് എന്നുള്ള സന്തോഷത്തിൽ ആണ് പിള്ളേരുപട.. പല ക്ലാസ്സുകളിൽ ആണെങ്കിലും ഒരു സ്കൂളിൽ തന്നെ അല്ലേ… അതിന്റെ ആഘോഷത്തിൽ ആണ് അവർ..
ഇച്ചായാ… റെഡിയായിക്കൊണ്ടിരിക്കുന്ന ജോയെ വിളിച്ചുകൊണ്ട് നിധി റൂമിനുള്ളിലേക്ക് വന്നു…
ഇറങ്ങാറായോ നീ… ഓഫീസിൽ പോകാനുള്ള വേഷത്തിൽ അവളെ കണ്ടപ്പോൾ ജോ ചോദിച്ചു…
ഉവ്വ്… ഞാൻ പറഞ്ഞില്ലേ ഇന്നൊരു സൈറ്റ് വിസിറ്റ് ഉണ്ട്… ഇച്ചായൻ മക്കളെ വിട്ടിട്ടല്ലേ ഓഫീസിലേക്ക് ഇറങ്ങു… നിധി ചോദിച്ചു..മക്കൾ പോയിട്ടേ പോകുന്നുള്ളൂ ഞാൻ… പിന്നെ ഓഫീസിലേക്ക് പോകുന്നില്ല ഇന്ന്.. പപ്പ… പപ്പയെ ഡിസ്ചാർജ് ചെയ്യുന്ന ദിവസമല്ലേ… അങ്ങോട്ട് പോകണം…. ജോ പറഞ്ഞു…മ്മ്… നിധി വെറുതേ ഒന്ന് മൂളിയതേ ഉള്ളൂ…നിധി… നിനക്ക് ദേഷ്യമുണ്ടോ എന്നോട്… ഞാൻ അവരോട്….
ഒരിക്കലുമില്ല ഇച്ചായാ… എന്തൊക്കെയായാലും അവർ ഇച്ചായന്റെ മാതാപിതാക്കൾ ആണ്… അവരോട് ഇച്ചായന് ചില ഉത്തരവാദിത്വങ്ങൾ ഉണ്ട്… അതിച്ചായൻ പൂർത്തിയാക്കുന്നതിൽ നിന്ന് ഒരിക്കലും ഞാൻ ഇച്ചായനെ തടുക്കില്ല… പക്ഷേ ഒരിക്കലും അവരോടൊക്കെ ക്ഷമിക്കണം എന്നൊരു വാക്ക് ഇച്ചായൻ എന്നോട് പറയരുത്… നിധി ജോയെ പറഞ്ഞു മുഴുവനാക്കാൻ സമ്മതിക്കാതെ ഉറപ്പോടെ പറഞ്ഞു…അങ്ങനെ ഒരു കാര്യം ഞാൻ ഒരിക്കലും നിന്നോട് ആവശ്യപ്പെടില്ല മോളെ… എന്നോടുള്ള സ്വാർത്ഥതയുടെ പേരിൽ എന്റെ അമ്മ എന്ന് പറയുന്ന സ്ത്രീ ചെയ്തുകൂട്ടിയത് മുഴുവൻ അനുഭവിച്ചത് നീയാണ്… അതുകൊണ്ട് നിന്റെ തീരുമാനം എന്താണോ അതിൽ ഞാൻ നിന്നെ സപ്പോർട്ട് ചെയ്യും…. ജോ ഉറപ്പോടെ പറഞ്ഞു..
നിധി ഒരു ചിരിയോടെ അവനെ പുണർന്നു.. അവൾക്കുള്ളിൽ സന്തോഷം നിറഞ്ഞു.. അവൻ തന്നെ അത്രയും മനസിലാക്കുന്നുണ്ടല്ലോ എന്നാലോചിച്ചിട്ട്.. ഒരുനിമിഷം അവൾക്ക് അവനിൽ തന്റെ രാമേട്ടനെ കണ്ടതുപോലെ തോന്നി… ഇതുപോലെ വന്ദുവിന്റെ എന്തു തീരുമാനത്തിലും സപ്പോർട്ടുമായി കൂടെ ഉണ്ടാകുന്ന രാമേട്ടൻ.. അച്ഛന്റെയും അമ്മയുടെയും ഓർമയിൽ അവളുടെ കണ്ണുകൾ ഒന്ന് നിറഞ്ഞു… എത്രയൊക്കെ കാലം കഴിഞ്ഞാലും എന്തൊക്കെ ജീവിതാനുഭവങ്ങളിൽ കൂടെ കടന്നുപോയാലും സ്വന്തം അച്ഛനമ്മമാരുടെ വിയോഗം അവരെ സ്നേഹിച്ചിരുന്ന ഒരു മക്കൾക്കും മറക്കാൻ പറ്റാത്തതാണ്…മോനേ… വിൻസെന്റ് തന്റെ അടുത്തിരിക്കുന്ന ജോയെ വിളിച്ചു… മെയിൽ ചെക്ക് ചെയ്തുകൊണ്ടിരുന്ന ജോ എന്താ എന്ന രീതിയിൽ അയാളെ നോക്കി…
ഡിസ്ചാർജ് ആയി ബില്ലിന് വേണ്ടി വെയിറ്റ് ചെയ്യുകയാണ് അവർ… ആൽബി അത്യാവശ്യം സാധങ്ങൾ കാറിൽ കൊണ്ടുപോയി വെക്കട്ടെ എന്നും പറഞ്ഞു പോയതാണ്.. ഗ്രേസിയമ്മ അവിടെ റൂമിൽ ഉള്ള സാധങ്ങൾ അടുക്കിപ്പെറുക്കി വെക്കുന്നുണ്ടെങ്കിലും അവരുടെ ശ്രദ്ധ മുഴുവൻ ജോയുടെ മേലാണ്.. വന്നിട്ട് ഇത്ര നേരമായിട്ടും ഒരു നോട്ടം പോലും അവന്റെ ഭാഗത്തുനിന്ന് തനിക്ക് നേരെ ഉണ്ടായിട്ടില്ല എന്ന് അവർ നിരാശയോടെ ചിന്തിച്ചു.. എങ്കിലും നിധിയെ കൊണ്ടുവരാതെ അവൻ ഒറ്റക്ക് വന്നതിൽ അവർ സന്തുഷ്ടയായിരുന്നു…നിനക്ക് ഞങ്ങളുടെ കൂടെ തറവാട്ടിൽ നിന്നുകൂടെ.. ഇനിയുള്ള കാലം നിന്റെയും മക്കളുടെയും കൂടെ ജീവിക്കണം എന്ന് പപ്പ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്… ആൽബി പറഞ്ഞു നീ ഗസ്റ്റ് ഹൗസിലേക്ക് താമസം മാറിയെന്ന്.. വിൻസെന്റ് അല്പം സങ്കോചത്തോടെ പറഞ്ഞു…
പറ്റില്ല പപ്പാ… എനിക്ക് ഇനിയെങ്കിലും സമാധാനം ഉള്ളൊരു ലൈഫ് വേണം.. ഒരിക്കലും തറവാട്ടിൽ അങ്ങനെ ഒരു ജീവിതം എനിക്ക് കിട്ടില്ല എന്ന് ഇത്രയും നാളത്തെ എന്റെ ജീവിതം എന്നെ പഠിപ്പിച്ചു.. അതുകൊണ്ട് അങ്ങനെ ഒരാവശ്യം പപ്പ എന്നോട് ആവശ്യപ്പെടേണ്ട… ജോ അത്രയും പറഞ്ഞുകൊണ്ട് അവിടെ നിന്ന് എഴുന്നേറ്റ് പുറത്തേക്ക് പോയി…ജോ പറഞ്ഞതുമുഴുവൻ സത്യമായതുകൊണ്ട് വിൻസെന്റിനും അവനോട് ഒന്നും തിരികെ പറയാൻ ഉണ്ടായിരുന്നില്ല… ഇച്ചായാ… ജോ…ശൂശ്… എന്തോ പറഞ്ഞു വന്ന ഗ്രേസിയമ്മയെ വിൻസെന്റ് മുഴുവനാക്കാൻ സമ്മതിക്കാതെ തടുത്തിരുന്നു…
മിണ്ടരുത്.. നീ… ചിലപ്പോൾ ഞാൻ എന്താ എവിടെയാ എന്നുള്ളത് മുഴുവൻ മറന്നേക്കും… നീ ഒരാൾ.. നീ ഒറ്റയാൾ കാരണമാണ് എന്റെ മോൻ എന്നിൽ നിന്നും അകന്നത്… ഒരു അമ്മയുടെ കുറവറിയിക്കാതെ നീ അവനെ സ്നേഹിക്കുന്നത് കണ്ടപ്പോൾ നിന്നെ മിന്നുകെട്ടാനുള്ള എന്റെ തീരുമാനം ശരിയായിരുന്നു എന്ന് ഞാൻ കരുതിയിരുന്നു… പക്ഷേ ആ ഒരു തീരുമാനംകൊണ്ട് എന്റെ മോന്റെ ജീവിതം ഇങ്ങനെ ആയിത്തീരുമെന്ന് ഞാൻ കരുതിയില്ല… ഇപ്പൊ തോന്നുന്നു അന്ന് അങ്ങനെ ഒന്ന് ഞാൻ ചെയ്യേണ്ടിയിരുന്നില്ല എന്ന്…
ഇച്ചായാ….. ഗ്രേസിയമ്മ ഞെട്ടലോടെ വിളിച്ചു… ഒരിക്കലും വിൻസെന്റ് ഇങ്ങനെ ഒരു കാര്യം പറയുമെന്ന് അവർ കരുതിയിരുന്നില്ല… എല്ലാം അറിഞ്ഞപ്പോഴും മിണ്ടാതെ നടന്നിരുന്നു എന്നല്ലാതെ അവരെ തള്ളിപറഞ്ഞിരുന്നില്ല അയാൾ…. പക്ഷേ ഇപ്പോൾ…….
….. തുടരും….

by