രചന : അഞ്ചു തങ്കച്ചൻ
സീത ഗുപ്തന്റെ വരവിനായി കാത്തിരുന്നു.അയാൾ എത്തിയപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു.ഗുപ്തൻ വന്ന് കുളിയൊക്കെ കഴിഞ്ഞ്, ഭക്ഷണം കഴിച്ചു.
ഭക്ഷണശേഷം കുറച്ച് സമയം എന്തെങ്കിലും വായിച്ചിരിക്കുന്ന പതിവുണ്ട് ഗുപ്തന്.അയാൾ വായിച്ചു കൊണ്ടിരുന്നപ്പോഴാണ് സീത അകത്തേക്ക് കയറി വന്നത്.ആഹാ… സീതയോ, വരൂ… അയാൾ ബുക്ക് മടക്കി വച്ചിട്ട് എഴുന്നേറ്റു.ഏട്ടാ… ഒരു കാര്യം പറയാൻ…എന്താ സീതേ…ഏട്ടാ നമ്മുടെ ഹോസ്പിറ്റലിലെ നിള ഡോക്ടറെ കുറിച്ച് ഏട്ടന്റെ അഭിപ്രായം എന്താ?
നല്ല ഒരു ഡോക്ടറാണ്. എന്താ ചോദിച്ചത്??അല്ലേട്ടാ… നമുക്ക് നിളയെ ഇങ്ങോട്ട് കൊണ്ടുവന്നൂടെ, ഏട്ടന്റെ പെണ്ണായിട്ട്..ആഹാ… ഇങ്ങനൊരു ചിന്ത ഉള്ളതു കൊണ്ടായിരിക്കും ന്റെ അനിയത്തി കുറച്ച് ദിവസമായിട്ട് ആശുപത്രിയിൽ വന്ന് കറങ്ങുന്നത് അല്ലേ?? അയാൾ ചിരിയോടെ ചോദിച്ചു.അല്ലേട്ടാ… ആ കുട്ടി ഏട്ടന് ചേരും അതാ…ഞാൻ ഇടക്കൊന്നു സൂചിപ്പിച്ചപ്പോൾ ആ കുട്ടിക്ക് താല്പര്യം ഉള്ളത് പോലെയാ എനിക്ക് തോന്നിയത്.സീതേ…… സ്നേഹത്തിന്റെ പേരിൽ ഇനിയൊരളെക്കൂടെ വേദനിപ്പിക്കാൻ പാടില്ല.
എനിക്ക് കാർത്തുവിനെ അല്ലാതെ വേറൊരാളെ സ്നേഹിക്കാൻ കഴിയില്ല കുട്ടി.എന്തുകൊണ്ടാണ് ഗൗതമിനെ നഷ്ടപ്പെടും എന്ന് തോന്നിയപ്പോൾ സീതയുടെ മനസ്സ് തകർന്നത്?? നീയവനെ ഒരുപാട് സ്നേഹിച്ചിരുന്നു ,അവനില്ലാതെ നിനക്ക് ജീവിക്കാൻ കഴിയുമായിരുന്നില്ല, അതുകൊണ്ടല്ലേ?
ഉവ്വ്….ഞാനും കാർത്തുവിനെ ഒരുപാട് സ്നേഹിച്ച് പോയി. ആ സ്നേഹത്തിന് ഇപ്പോഴും ഒരു കുറവും ഇല്ല. ഈ ലോകത്തിൽ അവൾ ഇല്ലായിരിക്കാം. പക്ഷെ എന്റെ മനസ്സിൽ അവളുണ്ട്.ഏട്ടാ… ജീവനോടെ ഇല്ലാത്ത ഒരാളെ ഇനിയും സ്നേഹിച്ചിട്ട് കാര്യമുണ്ടോ?? ചില കാര്യങ്ങളിൽ എനിക്ക് മാറാൻ കഴിയില്ല കുട്ടീ…നിളക്ക് ഇനിയും വെറുതെ മോഹങ്ങൾ കൊടുക്കരുത്.സ്നേഹം നൽകുന്ന മുറിവിൽ നിന്നും രക്ഷപ്പെടാൻ എല്ലാവർക്കും കഴിഞ്ഞെന്നു വരില്ല.ഏട്ടാ…. ഞാൻ അങ്ങനൊന്നും വിചാരിച്ചില്ല.സാരമില്ല. സീത പൊയ്ക്കോളൂ… ആവശ്യമില്ലാത്ത കാര്യങ്ങൾ ഒന്നും ആലോചിക്കേണ്ട സമയമല്ലിത്. സന്തോഷമായിരിക്കാൻ ശ്രമിക്കണം.വയറ്റിൽ ഒരാൾ കൂടെ ഉണ്ടെന്ന് ഓർമ്മ വേണംചെല്ല് പോയി കിടന്നുറങ്ങ്…ശരി ഏട്ടാ…
അവൾ പുറത്തേക്കു വരാൻ കാത്തിരിക്കുകയായിരുന്നു ഗൗതം.എന്തായി കാര്യങ്ങൾ?ഞാൻ ചമ്മിപ്പോയി…. അവൾ ചിരിച്ചു.
അത് ഞാൻ പറഞ്ഞതല്ലേ, ഏട്ടന്റെ മനസ്സ് മാറ്റാൻ ആർക്കും പറ്റില്ല.എന്നെങ്കിലും മാറും ഗൗതം. മനുഷ്യനല്ലേ കാലങ്ങൾ കഴിയുമ്പോൾ ചിലതൊക്കെ മറവിക്ക് വിട്ട് കൊടുക്കും.ഇല്ല സീതേ…. സ്നേഹത്തിന്റെ കാര്യത്തിൽ ഏട്ടൻ മാറില്ല. നിനക്കറിയോ,ഒരിക്കൽഞങ്ങടെകുട്ടിക്കാലത്ത്,അമ്മക്ക് പനിയും ശർദ്ദിലും, കൂടെ പിടിപെട്ടു. അച്ഛൻ അന്ന് ഇവിടില്ല ജോലി കഴിഞ്ഞ് ആഴ്ചയിൽ ഒരിക്കലേ വീട്ടിൽ വരൂ…കനത്ത മഴ ഉള്ള ഒരു ദിവസമാണ്.അമ്മക്ക് ചുട്ടുപൊള്ളുന്ന പനി എന്തൊക്കെയോ പിച്ചും പേയും പറഞ്ഞ് അമ്മ കിടക്കുകയാണ്.
അന്ന് അമ്മയുടെ അരികിൽ നിന്നും മാറാതെ, ഉറങ്ങാതെ അമ്മക്ക് കൂട്ടിരുന്ന്, അമ്മ ശർദ്ദിക്കുന്നത് കോരിക്കളഞ്ഞ് അമ്മയെ നോക്കിയത് ഏട്ടനാണ്.
അച്ഛനെ വിളിക്കാൻ അന്ന് ഫോൺ സൗകര്യമൊന്നുമില്ല. ഒന്നാമത് ഒറ്റപ്പെട്ടു നിൽക്കുന്ന ഒരു വീടായിരുന്നു ഞങ്ങളുടെ.അതുകൊണ്ട് ആരും അടുത്തെങ്ങും ഇല്ല.മഴ കാരണം പുറത്തേക്ക് ഇറങ്ങാൻ കഴിയാത്ത ആ ദിവസങ്ങളിൽ എന്നെയും അമ്മയെയും ഏട്ടൻ ചേർത്തുപിടിച്ചു.
എന്തൊക്കെയോ പൊടികൈകൾ ചെയ്ത് അമ്മയുടെ രോഗം മാറ്റി.അമ്മയുടെ അസുഖം മാറിയപ്പോൾ അമ്മ ആദ്യം പറഞ്ഞത്, മരണത്തിന്റെ മുൻപിൽ നിന്നാണ് എന്റെ മകൻ എന്നെ രക്ഷിച്ചത് എന്നാണ്.
ഏട്ടൻ സ്നേഹിക്കുന്നവർക്ക് വേണ്ടി എന്തും ചെയ്യും വേണമെങ്കിൽ ജീവൻ വരെ കൊടുക്കും.അതുകൊണ്ട് വിവാഹക്കാര്യം പറഞ്ഞ് ഇനി ഏട്ടന്റെ മുൻപിൽ ചെല്ലണ്ട സീതേ…നമ്മൾ തോറ്റു പോകും.
ഉം… സീത തലയാട്ടി.എങ്കിലും സീതക്ക് വല്ലാത്ത സങ്കടം തോന്നി.ഏട്ടന്റെ മനസ്സ് മാറുമെന്നും ഏട്ടൻ മറ്റൊരു ജീവിതത്തേക്കുറിച്ച് ചിന്തിക്കുമെന്നും ഉള്ളിൽ എവിടെയോ ഒരു തോന്നൽ ഉണ്ടായിരുന്നു അതാണ് അസ്തമിച്ചത്.അവൾക്ക് വിഷമം ഉണ്ടെന്ന് ഗൗതമിന് മനസ്സിലായി.അത് മാറ്റാനായി അയാൾ പറഞ്ഞു
സീതേ…. ദാ… നിനക്കായി ഒരു കൂട്ടം ഞാൻ കൊണ്ടുവന്നിട്ടുണ്ട്.എന്താ ഗൗതം??ഓഫീസിൽ നവീൻ ഇന്ന് കൊണ്ടുവന്ന് തന്നതാ. നല്ല ഒന്നാന്തരം കാട്ട് തേനാണ്.ഇവിടങ്ങളിൽ കിട്ടുന്നത് വെറും ശർക്കര ചേർത്ത തേനല്ലേ, ഇതൊന്നു നോക്കിക്കേ..അയാൾ അവളുടെ കൈയിൽ അൽപ്പം തേനൊഴിച്ചു കൊടുത്തു.അയ്യോ… എന്ത് രുചിയാണ് ഗൗതം.. എനിക്ക് കുറച്ചൂടെ വേണം.ഈ സമയത്ത് ഒരുപാട് തേൻ കുടിക്കാൻ കൊള്ളാമോ??ഒരുപാടൊന്നും കഴിക്കുന്നില്ലല്ലോ. കുറച്ചൂടെ താ.. ഗൗതം
ഇനിയില്ലെടീ പെണ്ണേ…അവൾ മുഖം വീർപ്പിച്ചു…
ദേ… നമ്മുടെ കുഞ്ഞ് വയറ്റിൽ കിടന്ന് ബഹളം ഉണ്ടാക്കുന്നുണ്ട്. അവന് തേൻ ഇഷ്ട്ടമായെന്ന് തോന്നുന്നു.എനിക്കിനിയും വേണം..നാളെയട്ടെ…. നവീനോട് കുറച്ചൂടെ കൊണ്ടുവരാൻ പറയാം.
മതി.
***********
പിറ്റേന്ന് ഓഫിസിൽ പോയപ്പോൾ നവീനോട് ഗൗതം കാട്ട് തേനിന്റെ കാര്യം പറഞ്ഞു..എടാ… അത് ഉൾക്കാട്ടിൽ നിന്നും ആരോ കൊണ്ടുവന്ന് എന്റെ സുഹൃത്തിന് കൊണ്ടുകൊടുത്തതാണ്. അവൻ എനിക്ക് ഒരു കുപ്പി തന്നതാ.എടാ എനിക്ക് ഒരു കുപ്പി തേൻ വേണമായിരുന്നു. സീതക്ക് കുറച്ചൂടെ വേണമെന്ന് വലിയ കൊതിയാണ്.എങ്കിൽ നാളെ ലീവല്ലേ നമുക്ക് ഒന്ന് പോയി നോക്കാം. അവന് ആരോ കൊണ്ടുവന്നു കൊടുക്കുന്നതാണ് നമുക്ക് അവനേം കൂട്ടി പോയി വാങ്ങാം.ശരി.
****************
ഞായറാഴ്ച ഗൗതം നവീന്റെ വീട്ടിൽ എത്തി.
ആ നീ വന്നോ . ഞാൻ സുഹൃത്തിനെ വിളിച്ചു ചോദിച്ചു.അവൻ പറഞ്ഞത് കിട്ടുമെന്ന് ഉറപ്പൊന്നും പറയാൻ പറ്റില്ല എന്നാണ്.ചെമ്പൻ എന്നൊരാളാണ് അവന് തേൻ കൊണ്ട് വന്ന് കൊടുത്തത്. അവരങ്ങ് ഉൾക്കാട്ടിൽ എവിടെയോ ആണ് താമസം. അവിടെ വേണമെങ്കിൽ പോയി അന്വേഷിക്കാം എന്നാണ് അവൻ പറഞ്ഞത്.നമുക്ക് പോയി നോക്കാമെടാ… ഗൗതം പറഞ്ഞു.പിന്നെന്താ പോകാം. പക്ഷെ നടക്കണം.അതൊന്നും കുഴപ്പമില്ല.നവീനും ഗൗതമും കൂടെ നവീന്റെ സുഹൃത്തിനെ വീട്ടിൽ പോയി വിളിച്ചു.
അവർ മൂന്നാളും കൂടെ വനത്തിലേക്ക് യാത്ര തിരിച്ചു.
കുറേ ദൂരം വണ്ടി ചെല്ലും. പിന്നെ കുറേ കയറ്റമാണ്. സുഹൃത്ത് പറഞ്ഞു.അവർ മൂന്നാളും കൂടെ പോകാൻ പറ്റുന്ന അത്രയും വണ്ടിക്ക് പോയി. പിന്നെ വണ്ടി ഒതുക്കി ഇട്ടിട്ട് അവർ കാടിനുള്ളിലേക്ക് നടന്നു.
കുറേ ദൂരം നടന്നപ്പോഴേക്കും അവർ ക്ഷീണിച്ചു തുടങ്ങി.എങ്കിലും കാട്ടിലൂടെ ഉള്ള നടത്തം അവർ ആസ്വദിച്ചു.അതുവരെ കാണാത്ത, പച്ചപ്പിന്റെ ആ ലോകം അവർക്ക് ഏറെ ഇഷ്ട്ടമായി.മടുക്കുമ്പോൾ ഇരുന്നും, ചിലപ്പോൾ പാറപ്പുറത്തു കിടന്നും ക്ഷീണമകറ്റി അവർ യാത്ര തുടർന്നു.നവീന്റെ സുഹൃത്ത് ഒരിക്കൽ ചെമ്പന്റെ കുടിലിൽ പോയിട്ടുണ്ട്. ആ ധൈര്യത്തിലാണ് അയാൾ പോരുവാൻ സമ്മതിച്ചത് തന്നെ.കുറേ കൂടി മുന്നോട്ട് നടന്നപ്പോൾ ചെറിയൊരു കുടിൽ ചൂണ്ടിക്കാട്ടി നവീന്റെ സുഹൃത്ത് പറഞ്ഞു. ദാ.. അതാണ് ചെമ്പന്റെ പുര.അവർ ചെല്ലുമ്പോൾ ചെമ്പൻ എന്തൊക്കെയോ അരക്കുകയാണ്.
ചെമ്പൻ അവരെ കണ്ട് എഴുന്നേറ്റു. നവീന്റെ സുഹൃത്തിനെ ചെമ്പന് അറിയാവുന്നതു കൊണ്ട് അയാൾ ചിരിച്ചു.ചെമ്പാ… ഇവർക്ക് ഇത്തിരി തേൻ വേണമെന്ന് പറഞ്ഞത് കൊണ്ട് ഞാൻ കൂട്ടികൊണ്ട് വന്നതാ…അയ്യോ… കിട്ടിയ തേനൊക്കെ ഞാൻ കൊടുത്തു.ഇത്രേം ദൂരം വന്നിട്ട് വെറും കൈയോടെ എങ്ങനെയാ നിങ്ങളെ വിടുന്നത്.ഒരു കാര്യം ചെയ്യാം കുറച്ച് തേൻ ഇവിടുത്തെ ആവശ്യത്തിന് എടുത്തത് ഉണ്ട് അത് തരാം.അയ്യോ അത് വേണ്ട. ഇനി തേനെടുക്കുമ്പോൾ തന്നാൽ മതി. ഗൗതം പറഞ്ഞു.സാരമില്ലെന്നേ.. എനിക്ക് ഇനിയും എടുക്കാമല്ലോ.അയാൾ അകത്ത് പോയി തേൻ എടുത്തു കൊണ്ടു വന്നു.
കൊച്ചിന്റെ ചികിത്സക്ക് കുറച്ച് പച്ചമരുന്നിന്റെ കൂട്ട് ഉണ്ടാക്കാൻ കുറച്ച് സാധനങ്ങൾ ഒക്കെ വാങ്ങണം. അതുകൊണ്ടാ കുറച്ചധികം തേൻ ശേഖരിച്ചു വിൽക്കുന്നത്.അപ്പോഴാണ് കുടിലിന്റെ സൈഡിൽ ഉള്ള മരത്തിന് കീഴെ മുള കൊണ്ടുണ്ടാക്കിയ കട്ടിലിൽ കിടക്കുന്ന പെൺകുട്ടിയെ ഗൗതം ശ്രദ്ദിച്ചത്.അയാൾ ഞെട്ടലോടെ ഒന്ന് കൂടെ നോക്കി. കാർത്തു…. കാർത്തുവല്ലേ അത്..അതെ… അത് കാർത്തു തന്നെയാണ്..അയാൾ ഒറ്റക്കുതിപ്പിന് അവളുടെ അടുത്ത് എത്തി.
***********
തുടരും.

by